ഉംറ യാത്രയുടെ മറവിലെ സാമ്പത്തിക ചൂഷണങ്ങള്‍
ആത്മീയ ഉണര്‍വിന്റെ കാലമാണിത്. എല്ലാ മതവിശ്വാസികളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെപ്പിടിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നു. മനുഷ്യനും ദൈവത്തിനുമിടയിലെ ആരാധനാ കര്‍മങ്ങളില്‍ ഇടയാളരായി പുരോഹിതര്‍ അനിവാര്യമായ മതങ്ങളിലെല്ലാം ഈ ആത്മീയ വളര്‍ച്ച സാമ്പത്തിക വളര്‍ച്ച കൂടിയാണ്. ദൈവത്തിന് കാണിക്കയും നേര്‍ച്ചയും, പുരോഹിതന് കൈമടക്കും പൂജക്കെത്തുന്നവര്‍ നല്‍കുന്നു. അല്ലെങ്കില്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. പൗരോഹിത്യത്തിന് യാതൊരു പഴുതും കൊടുക്കാത്തതിനാല്‍ ആരാധനാനുഷ്ഠാനങ്ങളില്‍ ഇസ്‌ലാം കാണിക്കയും നേര്‍ച്ചയും നിശ്ചയിച്ചിട്ടില്ല. വിശ്വാസികള്‍ പുണ്യ തീര്‍ഥാടനത്തിനായി സന്ദര്‍ശിക്കുന്ന മക്കയിലെ മസ്ജിദുല്‍ഹറാമിലോ മദീനയിലെ പള്ളിയിലോ ഭണ്ഡാരപ്പെട്ടികളില്ല. ആ പള്ളികളുടെ മാതൃക പിന്തുടരുന്ന ലോകത്തിലെ ഒരു പള്ളിയിലും വിശ്വാസികള്‍ പണം നിക്ഷേപിക്കേണ്ടതില്ല. നേര്‍ച്ച കുറ്റികളുള്ള പള്ളികളെവിടെയെങ്കിലുമുണ്ടെങ്കില്‍ അതിന് ഇസ്‌ലാമിക ന്യായങ്ങളില്ലെന്ന് സാരം. വിശ്വാസികെള സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയാന്‍ ഇസ്‌ലാം ഇങ്ങനെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയിട്ടുണ്ടെങ്കിലും മറ്റു മതങ്ങളിലെന്ന പോലെ ആത്മീയതയുടെ പേരിലുള്ള സാമ്പത്തികതട്ടിപ്പ് മുസ്‌ലിം സമൂഹത്തിലും നടമാടുന്നുണ്ട്. നമസ്‌കാരം, നോമ്പ്, പ്രാര്‍ഥനകള്‍ തുടങ്ങിയ ആരാധനാനുഷ്ഠാനങ്ങളില്‍ ചൂഷണത്തിന് പഴുതില്ലാത്തതിനാല്‍ ഉംറക്ക് വേണ്ടിയുള്ള പുണ്യ യാത്രയിലാണ് ചൂഷകര്‍ അതിനിപ്പോള്‍ പഴുത് കണ്ടെത്തിയിരിക്കുന്നത്.
വര്‍ധിച്ചുവരുന്ന ആത്മീയബോധവും മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയും കാരണം ഒട്ടേറെ പേര്‍ ഉംറ നിര്‍വഹിക്കാനും പുണ്യ മക്കയും മദീനയും സന്ദര്‍ശിക്കാനും മുന്നോട്ടുവരുന്നുണ്ട്. ഈ ആത്മീയ ഉണര്‍വ് മുതലെടുത്ത്, അംഗീകാരമില്ലാത്ത കൂട്ടായ്മകളും വ്യക്തികളുമെല്ലാം ചേര്‍ന്ന് സാധാരണക്കാരായ വിശ്വാസികളെ ഉംറയാത്ര തരപ്പെടുത്താമന്ന് മോഹിപ്പിച്ച് പണം പറ്റുന്നു. പല അനധികൃത ഏജന്‍സികളും ഉംറ നിര്‍വഹിക്കുന്നവരെ സംഘടിപ്പിക്കാന്‍ പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസാ അധ്യാപകരെയും ഉസ്താദുമാരെയും ഉപയോഗപ്പെടുത്തുന്നു. നിശ്ചിത എണ്ണം ഉംറക്കാരെ സംഘടിപ്പിച്ചാല്‍ ഏജന്‍സികള്‍ ഈ ഉസ്താദുമാര്‍ക്ക് കമീഷനും ഫ്രീ ഉംറയും ഓഫര്‍ ചെയ്യുന്നു. അംഗീകൃത ഏജന്‍സികള്‍ ഈടാക്കുന്നതിലുമധികം സംഖ്യ അവര്‍ കൈപ്പറ്റുന്നു. ഇങ്ങനെ ഉംറക്ക് പോകുന്നവര്‍ അറിയുന്നില്ല, അംഗീകൃത ഏജന്‍സികള്‍ വഴി പോയാല്‍ ലഭിക്കുമായിരുന്ന യാത്ര-താമസ സൗകര്യങ്ങള്‍ പലതും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന്.
മക്കയും മദീനയും കാണണമെന്നും ഉംറ നിര്‍വഹിക്കണമെന്നും അങ്ങനെ ആത്മീയ ജീവിതം പരിപോഷിപ്പിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ വര്‍ധിക്കുന്നുണ്ട്. അതില്‍ മതപ്രഭാഷകരും ഉസ്താദുമാരും പോസിറ്റീവായ പങ്കുവഹിക്കുകയും ചെയ്യുന്നു. സമ്പത്തും ആരോഗ്യവും ഉണ്ടായാലും ഇന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഒട്ടേറെ കടമ്പകളും നിയമ തടസ്സങ്ങളുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഹജ്ജിനു തയാറെടുക്കുന്നവര്‍ക്കു പോലും നിയമങ്ങളുടെ നൂലാമാലകള്‍ കാരണം പുണ്യകര്‍മം ചെയ്യാനുള്ള ഭാഗ്യം ലഭിക്കാറില്ല. അതിനാല്‍ ജീവിതത്തിലെ ആഗ്രഹങ്ങളിലൊന്നായ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം നിറവേറ്റാന്‍ ഉംറയെ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. അത് നിരുത്സാഹപ്പെടുത്തേണ്ട കാര്യവുമല്ല. അവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗകര്യം നല്‍കാന്‍ ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സികളും ട്രാവല്‍സുകളും ഇന്ന് ധാരാളമുണ്ട്. ആ സൗകര്യങ്ങള്‍ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ ഇപ്പോള്‍ പലയിടത്തും സംഭവിക്കുന്നത് ഇങ്ങനെയല്ല. ആദ്യം അനധികൃത ഏജന്‍സികള്‍ ഉസ്താദുമാരെയും മത പ്രഭാഷകരെയും സമീപിക്കുന്നു. വാഗ്ദാനങ്ങള്‍ നല്‍കുന്നു. പിന്നീടവര്‍ ഉംറയുടെ മഹത്വം പ്രസംഗിക്കുന്നു. വിശ്വാസികളെ സംഘടിപ്പിക്കുന്നു. ഇടനിലക്കാരായിനിന്ന് കാശും പാസ്‌പോര്‍ട്ടും വാങ്ങി ഏജന്‍സികളെ ഏല്‍പിക്കുന്നു. ഈ പ്രവണത ദീനീ സ്‌നേഹത്തെയല്ല, ധനപ്രേമത്തെയാണ് അടയാളപ്പെടുത്തുന്നത്. അധിക കാശ് നല്‍കിയാണെങ്കിലും, വേണ്ടത്ര സൗകര്യമോ കൃത്യമായ ഗൈഡന്‍സോ ഇല്ലാതെയാണെങ്കിലും ഇങ്ങനെ പുണ്യയാത്രക്ക് ഒരുങ്ങുന്ന മിക്കവര്‍ക്കും ഉംറ ചെയ്യാന്‍ സൗകര്യം ലഭിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്.
കാശും പാസ്‌പോര്‍ട്ടുമെല്ലാം നല്‍കി ഉംറക്കൊരുങ്ങി ഒടുവില്‍ പുണ്യ യാത്ര തന്നെ മുടങ്ങിയാലോ? അത്തരം തട്ടിപ്പുകളും ഈ രംഗത്തുണ്ടെന്നാണ് ഈയിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. ഉംറക്ക് തയാറായി എത്തിയ 43 മംഗലാപുരം സ്വദേശികള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നറിയുന്നത് എയര്‍പോര്‍ട്ടിന്റെ പരിസരത്ത് എത്തിയപ്പോള്‍ മാത്രമാണ്. ഈ സംഭവത്തിലും ഇടനിലക്കാരായി മത പണ്ഡിതരും ഏജന്‍സികളും ഉണ്ടായിരുന്നു. അവരൊന്നടങ്കം ചതിക്കപ്പെടുകയായിരുന്നു.
ഉംറ യാത്രയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളും കച്ചവടവും തിരിച്ചറിയാന്‍ ഈ സംഭവം മുഴുവന്‍ മുസ്‌ലിം കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും നിമിത്തമാവേണ്ടതാണ്. തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളും മതാധ്യാപകരും വഴി ഉംറ നിര്‍വഹിക്കാന്‍ തയാറാവുന്ന വിശ്വാസികളെ അംഗീകൃത ഏജന്‍സികള്‍ തന്നെയാണ് കൊണ്ടുപോകുന്നതെന്ന് മുസ്‌ലിം കൂട്ടായ്മകള്‍ ഉറപ്പുവരുത്തണം. ഈടാക്കുന്ന സംഖ്യയും യാത്ര-താമസ സൗകര്യങ്ങളും അന്വേഷണ വിധേയമാക്കണം. ഉംറ നിര്‍വഹിക്കുന്നതിന് നേതൃത്വം നല്‍കാനും പുണ്യ നഗരങ്ങളിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാനും അറിവും പരിചയവുമുള്ള അമീറുമാരുണ്ടെന്നും തീര്‍ച്ചപ്പെടുത്താന്‍ സാധിക്കണം. കയ്‌പേറിയ അനുഭവങ്ങളുമായാണ് ഉംറ നിര്‍വഹിച്ചവര്‍ തിരിച്ചെത്തുന്നതെങ്കില്‍ അവരുടെ ആത്മീയ ചൈതന്യത്തിന് ക്ഷതമേല്‍ക്കുകയാണ് ചെയ്യുക. മതസ്ഥാപനങ്ങളോടും അതിന് നേതൃത്വം നല്‍കുന്ന വ്യക്തികളോടുമുള്ള മതിപ്പ് നഷ്ടപ്പെടുത്താനും അത് ഇടവരുത്തും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
Comments