Prabodhanm Weekly

Pages

Search

2015 മെയ്‌ 01

മനുഷ്യേന്ദ്രിയങ്ങള്‍ നമ്മോടു പറയുന്നത്

പി പി അബ്ദുര്‍റസാഖ് /പഠനം

          ഇതുവരെയും പറഞ്ഞുവന്നത് മനുഷ്യ ശരീരത്തിനും മനസ്സിനും ഭൂമിയുമായും പ്രപഞ്ചവുമായുള്ള പൊതുവായ ബന്ധത്തെക്കുറിച്ചാണ്. ഇനി മനുഷ്യ ശരീരത്തിന്റെ തന്നെ ഭാഗമായ ഇന്ദ്രിയങ്ങളെക്കുറിച്ച ചില വേറിട്ട നിരീക്ഷണങ്ങള്‍ പങ്കുവെക്കാം. ഇന്ദ്രിയങ്ങള്‍ നമ്മുടെ മനസ്സിന്റെ ഇന്‍പുട്ട് ഡിവൈസുകളാണ്. നമുക്ക് പ്രാപഞ്ചിക പ്രതിഭാസങ്ങളെ അനുഭവിക്കാന്‍ ദൈവം കനിഞ്ഞേകിയ ഉപകരണങ്ങളാണവ. ഈ അഞ്ചു ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അനുഭൂതികളേ  നമുക്ക് അനുഭവിക്കാന്‍ സാധിക്കൂ എന്നതുകൊണ്ട് മറ്റൊരു അനുഭൂതിയുമില്ല എന്ന് കരുതുന്നത് ന്യായമല്ല. നാം അങ്ങനെയാണ് പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളത് എന്നും ആ പ്രോഗ്രാമിനെ അതിലംഘിക്കാന്‍ നമുക്ക് സാധ്യമല്ലെന്നും മാത്രം.  ഈ സൃഷ്ടിലോകത്ത് തന്നെ നമുക്ക് നല്‍കപ്പെട്ട എല്ലാ അനുഭൂതികളും നല്‍കപ്പെട്ടിട്ടില്ലാത്ത ജീവികളുണ്ട്. നമുക്ക് നല്‍കപ്പെട്ടിട്ടില്ലാത്ത അനുഭൂതികള്‍ അനുഭവിക്കുന്ന ജീവികളുമുണ്ട്. ചിന്തയുടെ രണ്ടു പ്രധാന ഉള്‍പ്രേരകങ്ങളില്‍ പ്രഥമ സ്ഥാനത്താണ് ഇന്ദ്രിയങ്ങള്‍.   ജന്മനാ അഞ്ച് ഇന്ദ്രിയാനുഭൂതികളും പ്രവര്‍ത്തിക്കാത്ത മനുഷ്യന്‍ ജീവിക്കുകയും വളരുകയും ചെയ്യുമായിരിക്കും.  പക്ഷേ അവന്റെ വളര്‍ച്ചക്കനുസരിച്ച് ബുദ്ധിയും ചിന്താശേഷിയും വികസിക്കില്ല.  

ഇന്ദ്രിയങ്ങളില്‍  കണ്ണും കാതും അതോടൊപ്പം അവന്റെ തലച്ചോറും നേരെ നിന്ന് നടക്കാനുള്ള കഴിവുമാണ് മനുഷ്യനെ പ്രത്യക്ഷത്തില്‍ ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.  അതുകൊണ്ട് തന്നെ ലേഖനത്തിന്റെ ഈ ഭാഗത്ത് അവയെ കുറിച്ച് മാത്രം മനുഷ്യന്റെ സാമൂഹികപരതയുടെ കൂടി തലത്തില്‍നിന്നുകൊണ്ട് ചില നിരീക്ഷണങ്ങള്‍ ചുരുക്കി എഴുതാം.  ഇന്ദ്രിയങ്ങളുടെ പരിമിതിയും ശക്തി ദൗര്‍ബല്യങ്ങളുമൊക്കെ 'ചിന്ത'യെ കുറിച്ചുള്ള ഭാഗത്ത് വിശദീകരിക്കുന്നതാണ്.  വിശുദ്ധ ഖുര്‍ആനും  മനുഷ്യന്റെ ബുദ്ധിയെയും കാതിനെയും കണ്ണുകളെയും അവന്റെ നിവര്‍ന്നു നിന്നുള്ള നടത്തത്തെയും കുറിച്ച് തന്നെയാണ് കൂടുതലായും സംസാരിക്കുന്നത്.  കൈവിരലുകളുടെ സംവിധാനത്തെകുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്.    മനുഷ്യന്റെ നാഗരിക വികാസത്തില്‍ അവന്‍ ഏറ്റവും കൂടുതല്‍ വികാസം  നേടിയതും ഈ മേഖലയില്‍ തന്നെയാണ്.  ഇപ്പോഴും മനുഷ്യനു വിദൂര സ്ഥലത്തെ ഗന്ധവും രുചിയും പിടിച്ചെടുക്കുന്നതോ റിക്കോര്‍ഡ് ചെയ്യുന്നതോ ആയ ഒരു ഉപകരണവും ഇല്ല എന്നതും, മനുഷ്യന്‍ കണ്ടുപിടിച്ച എല്ലാ കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും കണ്ണും കാതുമായി ബന്ധപ്പെട്ടതാണെന്നതും മനുഷ്യേന്ദ്രിയങ്ങളില്‍ കണ്ണിനും കാതിനുമുള്ള സ്ഥാനത്തെ തന്നെയാണ് അടിവരയിടുന്നത്. മണവും രുചിയും എല്ലാവര്‍ക്കും ഒരുപോലെ മനസ്സിലാക്കാവുന്ന കാര്യമാണെങ്കിലും, കണ്ടതും കേട്ടതും നമ്മുടെ മനസ്സിന്റെ ചെപ്പില്‍നിന്ന് ഒര്‍മിച്ചെടുത്ത് ഒരു റിപ്രോസ്സസ്സിംഗ് പ്രക്രിയക്ക് വിധേയമാക്കാന്‍ നമുക്ക് സാധിക്കുമ്പോള്‍ മണവും രുചിയും അങ്ങനെ മനസ്സിലെ ഒരു റിപ്രോസ്സസ്സിംഗ് പ്രക്രിയക്ക് വഴങ്ങുന്നില്ല. ചുരുക്കത്തില്‍ മണവും രുചിയും ഏറക്കുറെ തുടങ്ങിയേടത്തു തന്നെ അവസാനിക്കുമ്പോള്‍ നമ്മുടെ കേള്‍വിയും ദര്‍ശനവും അവസാനിക്കുന്നിടത്ത് മറ്റൊരു പ്രക്രിയ തുടങ്ങുകയാണ്. 

മനുഷ്യനിലെ എല്ലാ ഇന്ദ്രിയങ്ങളും ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായി ഇരട്ട ദൗത്യങ്ങളോടുകൂടിയാണ് നല്‍കപ്പെട്ടിരിക്കുന്നത്. കണ്ണ് കാണാനും നമ്മുടെ വികാര പ്രകടനത്തിനും നാം ഉപയോഗിക്കുമ്പോള്‍, നമ്മുടെ ശ്രവണേന്ദ്രിയം  നമ്മെ കേള്‍ക്കാനും നിവര്‍ന്നുനില്‍ക്കുന്ന ഒരു ജീവി എന്ന നിലയില്‍ നമ്മുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താനും സഹായിക്കുന്നു.  നാസാരന്ധ്രങ്ങളിലൂടെ  നാം ശ്വസിക്കുകയും മണക്കുകയും  ചെയ്യുമ്പോള്‍ നമ്മുടെ ത്വക്ക് സ്പര്‍ശന ശേഷി നല്‍കുന്നതിനു പുറമെ റേഡിയേറ്ററായും പ്രവര്‍ത്തിക്കുന്നു. നാവാകട്ടെ സംസാരത്തിനും രുചിയറിയുന്നതിനും വേണ്ടിയുള്ളതാണ്. ഇവയില്‍ ഒരു ദൗത്യം അവന്റെ പ്രകൃതിപരമായ ആവശ്യം ചില സാമൂഹിക മാനങ്ങളോടുകൂടി നിര്‍വഹിക്കാനാണെങ്കില്‍ രണ്ടാമത്തെ ദൗത്യം നേരിട്ടോ അല്ലാതെയോ തികച്ചും അവന്റെ സാമൂഹികമായ ആവശ്യങ്ങളുടെ നിര്‍വഹണത്തിനു വേണ്ടിയാണ്. മനുഷ്യന്റെ  ഇന്ദ്രിയങ്ങളില്‍ ഒന്നിച്ചു നടക്കുന്ന ഈ ദൈ്വതകര്‍മങ്ങളും മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കിടയിലെ കോര്‍ഡിനേഷനും, ഇന്ദ്രിയങ്ങള്‍ക്കും ശരീരത്തിലെ ഇതര അവയവങ്ങള്‍ക്കും ബുദ്ധിക്കുമിടയിലെ കോര്‍ഡിനേഷനും നല്‍കുന്നതും കൂട്ടായ്മയുടെയും  ഐക്യത്തിന്റെയും സന്ദേശം കൂടിയാണ്. നമ്മുടെ കാതിനും മൂക്കിനും തൊണ്ടക്കും കണ്ണിനുമിടയിലെ സംബന്ധം അറിയാന്‍ നമുക്ക് പിടിക്കുന്ന ജലദോഷത്തെ കുറിച്ച് തന്നെ ചിന്തിച്ചാല്‍ മതി.  നമ്മുടെ മൂക്ക് വലിക്കുമ്പോള്‍ ചെവിയടയും.  ജലദോഷത്തെ തുടര്‍ന്നുള്ള പനി കാണിക്കുന്നതിനു നാം ഡോക്ടറെ കണ്ടാല്‍ അദ്ദേഹം ആദ്യം തന്നെ നോക്കുക നമ്മുടെ തൊണ്ടയും ചെവിയുടെ  അന്തര്‍ഭാഗവുമായിരിക്കും.  നാം നമ്മുടെ കണ്ണിലൊഴിക്കുന്നതു നമ്മുടെ തൊണ്ടയില്‍ എത്തും. മൂക്കൊലിപ്പിനൊപ്പം കണ്ണൊലിപ്പും നാം അനുഭവിക്കാറുണ്ട്. ഇതും മനുഷ്യ പ്രകൃതിയില്‍ അന്തര്‍ലീനമായി കിടക്കുന്ന സാമൂഹികതയുടെ പ്രതിനിധാനം തന്നെയാണ്.

കണ്ണുകള്‍ ഇല്ലാത്ത ജീവികളുണ്ട് ഈ ലോകത്ത്; വവ്വാലുകളും ആഴക്കടലിലെ ചില മത്സ്യങ്ങളും പോലെ.  മനുഷ്യനെക്കാള്‍ കൂടുതല്‍ അഥവാ രണ്ടിലേറെ കണ്ണുകളുള്ള ജീവികളും ഈ ലോകത്തുണ്ട്. എട്ടുകാലിക്ക് കാലുകള്‍ മാത്രമല്ല എട്ടെണ്ണമുള്ളത്. മറിച്ചു അതിന് കണ്ണുകളും എട്ടെണ്ണമാണ്.  നാം പൊക്കനെന്ന് വിളിക്കുന്ന ജീവിക്ക് (Jumping Spider) അവയുടെ കണ്ണുകള്‍ സാധാരണ ജീവികളില്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമാണെങ്കിലും അനേകം കണ്ണുകളുണ്ട്. എന്നാല്‍ തലയുടെ മുന്‍ഭാഗത്ത് മുഖത്തിന്റെ ഏറക്കുറെ മധ്യഭാഗത്താണ് മനുഷ്യന്റെ കണ്ണുകള്‍ നിലകൊള്ളുന്നത്.  ഇത് അവനെ വസ്തുക്കളെയും പ്രതിഭാസങ്ങളെയും ആഴത്തിലും ത്രിമാന സ്വഭാവത്തിലും കാണാന്‍ സഹായിക്കുന്നു. മുഖത്തിന്റെ ഇരുവശങ്ങളില്‍ കണ്ണുകളുള്ള ജീവികള്‍ക്ക് അങ്ങനെ കണ്ണ് നല്‍കപ്പെട്ടത് അവക്ക് അവയെ ആക്രമിക്കാന്‍ വരുന്ന ജീവികളെ കാണാന്‍ സഹായിക്കാനാകണം. എന്നാല്‍, മനുഷ്യന്റെ കണ്ണുകള്‍ ആദി പുരാതന കാലം മുതലേ ഇപ്പോഴുള്ള അതേ സ്ഥാനത്തായിരുന്നു. ആ കാലഘട്ടത്തില്‍ മനുഷ്യനും അവനെ ആക്രമിക്കാന്‍ വരുന്ന വന്യ മൃഗങ്ങളില്‍ നിന്ന് സംരക്ഷണം വേണ്ടിയിരുന്നു. പക്ഷേ അവനു ആ ആവശ്യാര്‍ഥം കണ്ണുകള്‍ വശങ്ങളില്‍ നല്‍കപ്പെടാതിരുന്നത് അവനു അങ്ങനെയല്ലാതെ തന്നെ അവന്റെ സാമൂഹികതയിലൂടെയും സംഘടിത സ്വഭാവത്തിലൂടെയും ആ പരിമിതിയെ അതിജീവിക്കാന്‍ സാധിക്കുമെന്നതുകൊണ്ടു കൂടിയായിരിക്കണം. വര്‍ണങ്ങള്‍ കാണാനുള്ള കഴിവ് മനുഷ്യനോളം ഇതര സസ്തനികള്‍ക്കോ ജീവികള്‍ക്കോ ഇല്ല.  മനുഷ്യേതരരില്‍ വര്‍ണങ്ങള്‍ കാണാനുള്ള കഴിവ് അവയുടെ ഭക്ഷണത്തിന്റെ വര്‍ണങ്ങളും (പഴുത്തതിനും പച്ചക്കുമിടയിലെ വ്യത്യാസം മനസ്സിലാക്കുന്നത് പോലെ), രാവിനും പകലിനുമിടയിലെ വ്യത്യാസവും പോലുള്ളവ തിരിച്ചറിയുന്നതിനു മാത്രം പരിമിതമായ രൂപത്തിലാണ്. അവയുടെ കണ്ണുകളിലെ കോണ്‍ സെല്ല് അതുകൊണ്ട് തന്നെ മനുഷ്യന്റേതില്‍നിന്ന് വളരെ കുറവുമാണ്. എന്നാല്‍  മനുഷ്യന്റെ സങ്കീര്‍ണവും വൈവിധ്യ പൂര്‍ണവുമായ നാഗരിക ജീവിതം വര്‍ണങ്ങളെ വ്യവഛേദിച്ചു മനസ്സിലാക്കല്‍ അവനു ആവശ്യമാക്കിത്തീര്‍ക്കുന്നതുകൊണ്ട് കൂടിയാവണം മനുഷ്യനു വര്‍ണങ്ങളെ തിരിച്ചറിയുന്നതിനുള്ള കോണ്‍ സെല്ലുകള്‍ കൂടുതലുള്ള കണ്ണുകള്‍ നല്‍കപ്പെട്ടത്.   

മനുഷ്യ ശ്രവണേന്ദ്രിയങ്ങളില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും രണ്ടില്‍ കൂടുതല്‍ ചെവികളുള്ള ചില പ്രാണികളും മത്സ്യങ്ങളും ഉള്ളതു പോലെ തന്നെ പാമ്പ് പോലുള്ള ചെവിയില്ലാത്ത ജീവികളും ഈ ലോകത്തുണ്ട്.  അധികം പ്രാണി വര്‍ഗങ്ങള്‍ക്കും അതിന്റെ ശ്രവണ ശേഷി അവകളുടെ പാദങ്ങളിലാണ് നല്‍കപ്പെട്ടിട്ടുള്ളത്. എന്നാല്‍ മനുഷ്യന്റെ ചെവി ഇതര ജീവികളില്‍ നിന്ന് പ്രത്യക്ഷത്തില്‍ വ്യത്യസ്തമാകുന്നത് അതിന്റെ ബാഹ്യഭാഗം (Outer Ear/Pinna) മുഖത്തോടു ചേര്‍ന്ന് നില്‍ക്കുന്നുവെന്നതും (എല്ലാ സസ്തനികളുടെയും ലക്ഷണങ്ങളില്‍ ഒന്നാണ് ചെവി പുറത്തായിരിക്കുക എന്നത്),   അത് കൃത്യമായി കണ്ണ് മുതല്‍ മൂക്കിന്റെ കീഴ്ഭാഗം വരെ നീണ്ടു കിടക്കുന്നുവെന്നതുമാണ്.  ഇതും മനുഷ്യേന്ദ്രിയങ്ങള്‍ക്കിടയിലെ പരസ്പര ബന്ധത്തെയും യോജിപ്പിനെയും കൂട്ടായ്മയെയും തന്നെയായിരിക്കണം കുറിക്കുന്നത്.  ചെവി ഇതര ജീവികളില്‍ ബാലന്‍സിംഗ് ഓര്‍ഗന്‍ അല്ലാത്തത് അവ നിവര്‍ന്നു നടക്കാത്ത ജീവികള്‍ ആയതുകൊണ്ടായിരിക്കണം. എന്നാല്‍, മനുഷ്യനില്‍ അത് ബാലന്‍സിംഗ് ഓര്‍ഗന്‍ കൂടിയാണ്. മനുഷ്യന്റെ തല മുതല്‍ കാലുകള്‍ വരെ എങ്ങനെയാണ് നിവര്‍ന്നുനടക്കാന്‍ വേണ്ടി സംവിധാനിക്കപ്പെട്ടിരിക്കുന്നത് എന്ന് പിന്നീട് വിശദീകരിക്കാം. 

നമ്മുടെ ആശയവിനിമയത്തിന്റെ ഏറ്റവും സുപ്രധാന അവയവമാണ്  ശ്രവണേന്ദ്രിയം. ശ്രവണേന്ദ്രിയം  ഇല്ലെങ്കില്‍ അത് നമ്മുടെ കേള്‍വിയെ മാത്രമല്ല ബാധിക്കുക. മറിച്ച്  ഭാഷപോലും ഉണ്ടാവില്ല. നമ്മില്‍ ഭാഷ രൂപപ്പെടുന്നത് നാം കേട്ടുകൊണ്ടാണ്. ഭാഷ ഇല്ലാതിരിക്കെ നമുക്ക് സംസാരിക്കാനും സാധിക്കില്ല. ജന്മനാ ബധിരനായവര്‍  നാവിനും ഇതര സംസാര അവയവങ്ങള്‍ക്കും ഒരു പ്രശ്‌നവും ഇല്ലെങ്കില്‍ പോലും സംസാരിക്കുകയില്ല.  വിശുദ്ധ ഖുര്‍ആന്‍ എപ്പോഴും ബധിരനെ ഊമയോട് ചേര്‍ത്തു പറയുന്നത് ഇതുകൊണ്ട് കൂടിയായിരിക്കണം. മനുഷ്യനില്‍ ശ്രവണേന്ദ്രിയം അവന്റെ ചിന്തയുടെ ചക്രവും വാഹനവും കൂടിയാണ്. പ്രവാചകന്‍ പറയുകയുണ്ടായി 'പറഞ്ഞവനെക്കാള്‍ കൂടുതല്‍ മനസ്സിലാക്കിയ എത്ര എത്ര ശ്രോതാക്കളാണുള്ളത്!'  അതെ, പറഞ്ഞവര്‍ അവസാനിപ്പിച്ചിടത്തുനിന്ന് കേള്‍ക്കുന്നവര്‍ തുടങ്ങുകയാണ്. പറയുന്നവന്റെ നാവില്‍ അവസാനിക്കുന്ന വാക്കുകള്‍ക്ക് കേള്‍ക്കുന്നവന്റെ മനസ്സില്‍ ഒരു നൂതന ചിന്തയായി പുതിയ തുടക്കം ലഭിക്കുകയാണ്. വിശുദ്ധ ഖുര്‍ആന്‍ ഇന്ദ്രിയങ്ങളെ പരാമര്‍ശിക്കുമ്പോള്‍ എപ്പോഴും ഏറ്റവും ആദ്യം പറയുന്നത് കേള്‍വിയെ കുറിച്ചാണ്.  ഇത് മനുഷ്യനില്‍ ഏറ്റവും ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഇന്ദ്രിയം കേള്‍വിയാണെന്ന് കുറിക്കുന്നു.  ജനിച്ചു വീണ ഉടനെ ഏറ്റവും ആദ്യം കേള്‍പ്പിക്കേണ്ട വചനം എന്ന നിലയില്‍ നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്കും ഇഖാമത്തും കേള്‍പ്പിക്കുന്നതും അതുകൊണ്ടുതന്നെയായിരിക്കണം (അവന്‍ ജനിക്കുമ്പോള്‍ മരണത്തെ ഗര്‍ഭം ധരിച്ചുകൊണ്ടാണ് ജനിച്ചു വീഴുന്നത്. അങ്ങനെ അവന്‍ മരിക്കുകയും മരണം ജനിക്കുകയും ചെയ്യുമ്പോള്‍ നിര്‍വഹിക്കപ്പെടേണ്ട ജനാസ നമസ്‌കാരത്തിനായിക്കൂടിയുള്ളതെന്നു കരുതാവുന്ന ഈ ബാങ്കും ഇഖാമത്തും നമ്മുടെ ജീവിതത്തിന്റെ ഹ്രസ്വതയെയും  ക്ഷണികതയെയും കൂടി സൂചിപ്പിക്കുന്നു).  വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ഏറ്റവും അവസാനം മരിക്കുന്ന ഇന്ദ്രിയവും കേള്‍വി തന്നെയാണ്.  ശ്രവണത്തെ അറിവുമായി ബന്ധപ്പെടുത്തുക മാത്രമല്ല വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത് (41:3,4). മറിച്ച്, കേള്‍ക്കാത്തവനെ ശ്മശാനത്തില്‍ മറമാടപ്പെട്ടവനായി കണക്കാക്കുക കൂടി ചെയ്തു (35:22). 

ജീവിതത്തിന്റെ അവസാന നിമിഷം വരെ ഒരു മനുഷ്യനില്‍ സാധാരണഗതിയില്‍  പ്രവര്‍ത്തിക്കാന്‍ അല്ലാഹു നിശ്ചയിച്ച ഇന്ദ്രിയം ഒരു മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവന്‍ മരിച്ചതിനു തുല്യമാണ് എന്നര്‍ഥം. ഇത് മനസ്സിലാക്കാന്‍ നാം അര്‍ധ മരണം എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ഉറക്കിനെ തന്നെ നിരീക്ഷിച്ചാല്‍ മതി.  നമ്മളിലെ അവസാനം ഉറങ്ങുന്ന ഇന്ദ്രിയം ശ്രവണമാണ്.  ആദ്യം ഉണരുന്നതും ശ്രവണം തന്നെ.  ജീവിതത്തില്‍ ഏറ്റവും ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്ന  ശ്രവണേന്ദ്രിയം ഏറ്റവും അവസാനമായി മാത്രമേ സാധാരണഗതിയില്‍ മരിക്കുന്നുള്ളൂ എന്നത് വിഷയം ആദ്യാവസാനം വരെ കേള്‍ക്കാനുള്ള പാഠം നമ്മെ പഠിപ്പിക്കുന്നു.  ജീവിതത്തില്‍ മുഴുവന്‍ കേള്‍ക്കുകയെന്നതും  ശ്രദ്ധിക്കുകയെന്നതും ഒരു ശീലവും സ്വഭാവവുമാക്കി മാറ്റിയാല്‍ അതുതന്നെ ഒരു പാഠശാലയായി മനുഷ്യനില്‍  പ്രവര്‍ത്തിക്കും. 

മനുഷ്യന്റെയും ഇതര ജീവികളുടെയും ചെവിയുടെ ബാഹ്യ രൂപത്തില്‍ മാത്രമല്ല ആന്തരിക ഘടനയിലും വളരെ വലിയതും വ്യതിരിക്തവുമായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. ഇതു സംബന്ധമായ പഠനങ്ങളും  ഗവേഷണങ്ങളും ഇനിയും ഏറെ നടക്കേണ്ടതായിട്ടാണിരിക്കുന്നത്.   മനുഷ്യ ശ്രവണേന്ദ്രിയത്തെ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തമാക്കുന്ന  ഒരു കാര്യം പിച്ചിനെ (Pitch) വേര്‍തിരിച്ചറിയാനുള്ള മനുഷ്യന്റെ കഴിവാണ്.  ഒരു തരത്തിലുള്ള സംഗീത പരിശീലനവുമില്ലാതെ തന്നെ നമുക്ക് എല്ലാവര്‍ക്കും പിയാനോയില്‍ വായിക്കുന്ന 'സ'യെ വയലിനില്‍ വായിക്കുന്ന 'സ' യില്‍നിന്ന്  വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കും. നമ്മുടെ ആശയവിനിമയം ബഹു ഇന്ദ്രിയപരമാണെങ്കിലും (Multi Sensory) ശ്രവണേന്ദ്രിയമാണ് നമ്മുടെ ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാന മാധ്യമം.  ബോധപൂര്‍വമായ ഒരു ശ്രമവുമില്ലാതെ ശബ്ദങ്ങളെ സ്വീകരിക്കാനും പ്രോസസ്സ് ചെയ്യാനും വ്യാഖ്യാനിക്കാനും അതിനു സാധിക്കുന്നു. ഇതിനു കൂടി സഹായകമാവുന്ന  രോമ കോശങ്ങള്‍ (Haircell), മനുഷ്യനിലേത് അതിന്റെ അളവിലും പ്രവര്‍ത്തനത്തിലും വ്യത്യസ്തമാണെങ്കിലും, മനുഷ്യന്റെ ആന്തരിക ചെവിയില്‍ മാത്രമല്ല ഉള്ളത്.  താഴ്ന്ന പിച്ചിലുള്ള ശബ്ദത്തിനും ഉയര്‍ന്ന പിച്ചിലുള്ള ശബ്ദത്തിനും അനുസരിച്ച് മനുഷ്യ ശ്രവണേന്ദ്രിയത്തിന്റെ ഇയര്‍ ഡ്രമ്മിന്റെ കമ്പനവും മെല്ലെയും വേഗത്തിലും ആയി മാറിക്കൊണ്ടിരിക്കുന്നു. ഇതിനനുസരിച്ച് രോമ കോശങ്ങളുടെയും കമ്പനത്തില്‍ മാറ്റം  ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതാണ് നമ്മുടെ തലച്ചോറിലേക്ക് വ്യത്യസ്ത വിദ്യുത് സിഗ്‌നലുകളെ അയക്കാന്‍ കാരണമാകുന്നത്. ഇതുകൊണ്ട് കൂടിയാണ് നാം നിരവധി റേഞ്ചിലുള്ള ശബ്ദങ്ങളെ കൃത്യമായും വേര്‍തിരിച്ചറിയാന്‍ കഴിവുള്ളവരായിത്തീരുന്നത്. രോമ കോശങ്ങളാണ് ശബ്ദതരംഗങ്ങളെ  വിദ്യുത് സിഗ്‌നലുകളാക്കി മാറ്റുന്നത്.  ഈ വിദ്യുത് സിഗ്‌നലുകളെയാണ് നമ്മുടെ തലച്ചോറ് വ്യാഖ്യാനിക്കുന്നത്.  ഈ തിരിച്ചറിവാണ് ഒന്നുമറിയാത്ത ഒരു ശിശു പോലും സംഗീതത്തെയും പാട്ടിനെയും പ്രകൃത്യാ തന്നെ ഇഷ്ടപ്പെടാന്‍ കാരണമാകുന്നത്. പാരായണത്തില്‍തന്നെ ഏറെ സംഗീതാത്മകമായ ഒരു ഗ്രന്ഥമായി വിശുദ്ധ ഖുര്‍ആനെ നമുക്ക് കാണാന്‍ സാധിക്കുന്നതും അതുകൊണ്ട് തന്നെ.  അര്‍ഥമറിയില്ലെങ്കില്‍ പോലും അതിന്റെ സംഗീതത്തിലൂടെ അത് നാമുമായി സംവദിച്ചുകൊണ്ടേയിരിക്കുന്നു.  സംഗീതാത്മകതയും മനുഷ്യന്റെ സാമൂഹിക പ്രകൃതിയുടെ തേട്ടം തന്നെയാണ്. ഒന്നു കൂടി ആലോചിച്ചു നോക്കുക. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ഉറങ്ങുന്ന ഒരു വ്യക്തി, തന്റെ ഉറക്കില്‍ പോലും ക്ലോക്കിന്റെ അലാറം വേര്‍തിരിച്ച് കേട്ട് ഞെട്ടിയുണരും. ഉറക്കില്‍പോലും നായയുടെ കുരയും പൂച്ചയുടെ 'മ്യാവൂ' കരച്ചിലുമൊക്കെ നമുക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുന്നതും അതുകൊണ്ട് തന്നെയാണ്.   ഇത്രയും ചെറിയ സ്‌പേസില്‍ നിന്നുകൊണ്ട് ഇത്രയധികം ധര്‍മങ്ങള്‍ നിര്‍വഹിച്ച് നമ്മെ നാമാക്കി മാറ്റുന്ന ഒരു അവയവമെന്ന നിലയില്‍ നമ്മുടെ അത്ഭുതാദരവുകള്‍ അര്‍ഹിക്കുന്നു നമ്മുടെ ചെവി.  

മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യതിരിക്തനാക്കുന്ന ഏറ്റവും സവിശേഷ പ്രത്യക്ഷ ഭാവം അവന്റെ നിവര്‍ന്നുള്ള നില്‍പും നടപ്പുമാണ്.   വിശുദ്ധ ഖുര്‍ആന്‍ നിവര്‍ന്നു നടക്കുന്നവനും (Vertical) മുഖം കുത്തി  നടക്കുന്നവനും (Horizontal) തമ്മില്‍ ആരാണ് നേര്‍മാര്‍ഗം സിദ്ധിച്ചവര്‍ എന്ന് ചോദിക്കുന്നുണ്ട് (67:22).  മറ്റൊരു സ്ഥലത്ത് ഖുര്‍ആന്‍ മനുഷ്യന്റെ ഈ നിവര്‍ന്നു നില്‍ക്കുന്ന അവസ്ഥയെ കൂടി ഉദ്ദേശിച്ചു കൊണ്ട് (തഖ്‌വീം) അവന്റെ സൃഷ്ടി ഘടനയെ അത്യുല്‍കൃഷ്ട ഘടനയായും വിശേഷിപ്പിച്ചിട്ടുണ്ട് (95:4). ഈ ഘടനക്ക് പിന്നില്‍ ഒരു ധാര്‍മികക്രമവും ദൈവം സംവിധാനിച്ചിട്ടുണ്ട്.  ആ ധാര്‍മിക ക്രമത്തെ മുനുഷ്യന്റെ ശരീര ശാസ്ത്രവും പിന്‍ബലപ്പെടുത്തുന്നുണ്ട്. അത് പിന്നീടു വിശദീകരിക്കാം.  ആ ധാര്‍മിക ക്രമം പാലിക്കാതെ ജീവിക്കുന്ന മനുഷ്യരെയാണ് തലകുത്തി നടക്കുന്നവരായും (67:22)  നീചരില്‍ നീചരായും (95:5) വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യ ശരീര ഘടനയെ കുറിച്ച്  കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ നമ്മുടെ തല മുതല്‍ കാലു വരെ നിവര്‍ന്നുനില്‍ക്കാനും നിവര്‍ന്നു തന്നെ നടക്കാനും വേണ്ടി സംവിധാനിക്കപ്പെട്ടതായി കാണാന്‍ സാധിക്കും. നമ്മുടെ പേശീ ഘടന (Skeleton Structure) തന്നെ രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത് നിവര്‍ന്നുനടക്കാന്‍ പാകത്തിലാണ്. നമ്മുടെ തലയോട്ടി Vertebral കോളത്തിനു മുകളിലാണ് ബാലന്‍സ് ചെയ്യപ്പെട്ടിരിക്കുന്നത്. നമ്മുടെ സ്‌പൈനല്‍ കോര്‍ഡിനെ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന തലയോട്ടിക്കുള്ളിലെ സുഷിരം (Foramen Magnum) നമ്മുടെ തലയോട്ടിയുടെ ഏറ്റവും താഴ്ഭാഗത്ത് ആയതു പോലും വ്യക്തമാക്കുന്നത് നമ്മുടെ തലയോട്ടി തന്നെയും ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് നാം നിവര്‍ന്നുനില്‍ക്കാന്‍ വേണ്ടിയാണെന്നാണ്. നമ്മുടെ തുടയെല്ലുകള്‍ ആസനത്തിന്റെ  സോക്കെറ്റുമായി കൂട്ടി യോജിപ്പിച്ച രീതിയും ഇതേ ലക്ഷ്യം കൂടി ഉദ്ദേശിച്ചായിരിക്കണം. നമ്മുടെ ഇടുപ്പിന്റെ  ഘടനയാവട്ടെ രണ്ടു കാലില്‍ നടക്കുന്നതിനും, തന്മൂലമുള്ള ഭാരവും സമ്മര്‍ദവും വഹിക്കുന്നതിനും വേണ്ടി സംവിധാനിക്കപ്പെട്ടിരിക്കുന്നു. കാലിലെ വിരലുകളും അതിന്റെ അടിഭാഗവും സംവിധാനിക്കപ്പെട്ട രീതിയും രണ്ടു കാലില്‍  നേരെ നിന്ന് നടക്കാനും ഓടാനും തന്നെ.  കാലിലെ വലിയ വിരല്‍ കൈവിരലുകളില്‍ നിന്ന് വ്യത്യസ്തമായി ഓടാനും നടക്കാനും സഹായകമായ രീതിയില്‍ ഇതര വിരലുകളോട് ചേര്‍ന്നുനിന്ന് നില്‍ക്കുന്നു. നീണ്ട മടമ്പും കാലിന്റെ അടിഭാഗത്തെ  സങ്കീര്‍ണമായ കമാനവും നിവര്‍ന്നു നില്‍ക്കാന്‍ സഹായകമായ രൂപത്തില്‍ തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍