മതവും ശാസ്ത്രവും വിരുദ്ധമെന്ന് വാദിക്കാന്‍ യുക്തിവാദികള്‍ക്കെന്ത് ന്യായം?
മതവും ശാസ്ത്രവും എന്ന വിഷയത്തില്‍ അന്വേഷണങ്ങളും പഠനങ്ങളും ധാരാളമായി നടന്നിട്ടുണ്ട്. അതേസമയം വേദങ്ങളിലെ ശാസ്ത്രസൂചനകളുമായി ബന്ധപ്പെട്ട ഉപരിപ്ലവമായ അവകാശവാദങ്ങളില്‍ പല പഠനങ്ങളും കുരുങ്ങിക്കിടക്കാറാണ് പതിവ്. വേദപരാമര്‍ശങ്ങളുടെ അക്ഷരാര്‍ഥമെടുത്തു കൊണ്ടും, അതിനെ തെറ്റായി വ്യാഖ്യാനിച്ചും മനുഷ്യന്റെ അന്വേഷണത്തിനും ജ്ഞാനവികാസത്തിനും മതം എതിരാണ് എന്ന ധാരണ സൃഷ്ടിക്കാന്‍ മതവിമര്‍ശകര്‍ ശ്രമിക്കാറുണ്ട്. മറുഭാഗത്ത് വിശ്വാസികള്‍ അതേ ഉപരിപ്ലവബുദ്ധിയോടെ അധുനാതനമായ ശാസ്ത്രനേട്ടങ്ങളെയും കണ്ടുപിടുത്തങ്ങളെയും വേദോപദേശങ്ങളുമായി ബന്ധപ്പെടുത്താനുള്ള സാഹസങ്ങളിലേര്‍പ്പെടുന്നു. കുറേക്കൂടി വിശാലമായ ഒരു തലത്തില്‍ നിന്നു കൊണ്ട് ശാസ്ത്രത്തോടും വിജ്ഞാനത്തോടുമുള്ള, മതത്തിന്റെ, വിശിഷ്യ ഇസ്‌ലാമിന്റെ സമീപനം എന്താണ് എന്ന ഒരന്വേഷണം നടത്തുകയാണ് ഇവിടെ. അന്വേഷണത്തെയും ചിന്തയെയും പ്രോത്സാഹിപ്പിക്കുന്ന ഖുര്‍ആന്‍ ജ്ഞാനമേഖലകളിലെല്ലാം, സാമൂഹിക ശാസ്ത്രമായാലും പ്രകൃതി ശാസ്ത്രമായാലും, അല്ലാഹുവിന്റെ ആയത്തുകള്‍ കുടിക്കൊള്ളുന്നുണ്ടെന്നാണ് പ്രഖ്യാപിക്കുന്നത്. അതേസമയം മനുഷ്യന്‍ സ്വബുദ്ധി ഉപയോഗിച്ചു കണ്ടെത്തേണ്ട കാര്യങ്ങളെ, വിജ്ഞാനത്തിന്റെ അനുസ്വരം സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന വികാസത്തെ ചില മന്ത്രങ്ങളിലൂടെ മുന്‍കൂട്ടി പ്രഖ്യാപിച്ച് നിസ്സാരവത്കരിക്കുകയല്ല, മറിച്ച് അത്തരം കാര്യങ്ങളില്‍ അറിവും അവബോധവും നേടുകയെന്നത് അവന്റെ സ്വഭാവവും അനിവാര്യതയുമായി നിശ്ചയിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നതാണ് യാഥാര്‍ഥ്യം.
ജ്ഞാനത്തോടുള്ള മതത്തിന്റെ സമീപനം
വിശുദ്ധ ഖുര്‍ആന്റെ കാര്യമെടുക്കുക. അത് ജീവിതവികാസത്തിന് മൂന്ന് ആധാരങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ആദമിന്റെ കഥ പറഞ്ഞുകൊണ്ടാണ് ഇത് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ത്തന്നെ ആദമിന്റെ കാര്യത്തില്‍ ഖുര്‍ആന്‍ പറയുന്നത്, 'ആദമിന് നാം നാമങ്ങളെല്ലാമഭ്യസിപ്പിച്ചു' എന്നാണ്. അസ്മാഅ് എന്നതിന്റെ വ്യാഖ്യാനം എന്തു തന്നെയായാലും, ജ്ഞാനം നല്‍കി എന്നതാണ് പ്രധാനം. മനുഷ്യന്റെ ജ്ഞാനം പല കാലത്തും പല രീതിയിലാണ് വികാസം പ്രാപിച്ചത്. പഴയ കാലത്ത് തത്വചിന്തയായി നിലനിന്ന അറിവ് പിന്നീട് ശാസ്ത്രമായി വികസിക്കുകയാണല്ലോ ഉണ്ടായത്. മനുഷ്യന് അറിവ് നല്‍കി എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍, മനുഷ്യന്റെ പ്രകൃതത്തില്‍ത്തന്നെ നിക്ഷിപ്തമായിട്ടുള്ള അറിവിനോടുള്ള ആഭിമുഖ്യം, അതിനെ പോഷിപ്പിക്കാനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ അതില്‍ വരുന്നുണ്ട്. തത്വചിന്തയില്‍ മനുഷ്യജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരാധാരമായി ലോജിക്കി (Logic) നെയാണ് പരിചയപ്പെടുത്താറുള്ളത്. ലോഗോസ് (Logos) എന്നാണ് ഇതിന് പറയുക. ആദിയില്‍ ലോഗോസ് ഉണ്ടായിരുന്നു, ലോഗോസ് ദൈവത്തോടൊപ്പമായിരുന്നു, ലോഗോസ് ദൈവമായിരുന്നു എന്നാണ് ബൈബിള്‍ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത്. ലോജിക് അഥവാ നോളജ് ആണ് മനുഷ്യന് നല്‍കപ്പെട്ട ആദ്യത്തെ ആയുധവും യോഗ്യതയും എന്നാണ് ഖുര്‍ആന്റെ പാഠം. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിപുരുഷനാണ് മനുഷ്യന്‍. ഖുര്‍ആന്റെ ഭാഷയില്‍ അല്ലാഹുവിന്റെ ഖലീഫ. ലോകപാലകന്‍ എന്ന് ഐതരേയോപനിഷത്ത് മനുഷ്യനെ വിശേഷിപ്പിച്ചതായി കാണാം. ഈയര്‍ത്ഥത്തിലാവാം ബൈബിള്‍ മനുഷ്യനെ ദൈവത്തിനു സദൃശന്‍ എന്നു വിശേഷിപ്പിക്കുന്നത്. എന്താണ് ശാസ്ത്രത്തോടുള്ള മതത്തിന്റെ സമീപനം എന്ന അന്വേഷണത്തില്‍ ഈ പാഠം നമുക്ക് ഒട്ടൊക്കെ വ്യക്തത നല്‍കും. ശാസ്ത്രത്തിന്റെ ഓരോ വര്‍ത്തമാനത്തോടും, അതിന്റെ കണ്ടെത്തലുകളോടും സിദ്ധാന്തങ്ങളോടും ഖുര്‍ആന്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന അന്വേഷണത്തിലുപരി, മനുഷ്യന്റെ ചിന്തയെയും വിജ്ഞാനത്തെയും അന്വേഷണത്തെയും സംബന്ധിച്ച് വേദപാഠങ്ങള്‍ എന്ത് നിലപാടെടുക്കുന്നു എന്നതാണ് പ്രധാനം.
ഇല്‍മിനെ അഥവാ വിദ്യയെ ഒന്നാമത്തെ ജീവിതാധാരമായി പഠിപ്പിച്ച ശേഷം ഖുര്‍ആന്‍ മനുഷ്യനെ ജീവിതത്തിലേക്ക് കടത്തിവിടുകയാണ്. ആദമിനോട് നീ നിന്റെ ഇണയോടൊപ്പം ഈ തോട്ടത്തില്‍ പ്രവേശിക്കുക എന്നാണ് കല്‍പിക്കുന്നത്. രതിയെയും പ്രണയത്തെയും കുറിച്ച മതത്തിന്റെ നിലപാട് ഇതില്‍ കണ്ടെത്താനാവും. ജീവിതത്തോട് മതം നിഷേധാത്മകമായ നിലപാട് പുലര്‍ത്തുന്നേയില്ല. ഖുര്‍ആനിന്റെ കാഴ്ചപ്പാടനുസരിച്ച് പുണ്യപ്രവൃത്തിയെന്നാല്‍ ആരാധനാനുഷ്ഠാനങ്ങള്‍ മാത്രമല്ല. അതിന്റെ കല്‍പനകള്‍ പരിശോധിച്ചാല്‍ നമുക്ക് ഇക്കാര്യം ബോധ്യപ്പെടും. മനുഷ്യബന്ധങ്ങളെയും ജീവിതത്തെയും കുറിച്ചാണ് ഈ കല്‍പനകളെല്ലാം. നോമ്പ്, നമസ്‌കാരം തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നതില്‍പ്പോലും ഖുര്‍ആന്‍ ബന്ധങ്ങളിലേക്കും ബാധ്യതകളിലേക്കുമാണ് അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കുന്നതെന്നു കാണാം. ഇണയോടൊത്ത് ഇവിടുത്തെ ഫലമൂലാദികള്‍ ആസ്വദിച്ച് ജീവിക്കണം എന്നാണ് ആദമിനോട് ദൈവം കല്‍പിച്ചത്. രതിയെയും ആസ്വാദനത്തെയും കുറിച്ച ഈ പാഠങ്ങള്‍ സൗന്ദര്യാസ്വാദനവുമായി ബന്ധപ്പെട്ട മതത്തിന്റെ നിലപാടിനെ പ്രകാശിപ്പിക്കുന്നു. ഇതിനെ എയ്‌സ്‌തെറ്റിക്‌സ് (Aesthetics) അല്ലെങ്കില്‍ തത്ത്വചിന്തയുടെ ഭാഷയില്‍ ഈറോസ് (Eros) എന്നു പറയാം. തുടര്‍ന്ന് 'ഈ മരത്തെ സമീപിക്കരുത്' എന്ന് ഖുര്‍ആന്‍ പറയുന്നിടത്ത് എതിക്‌സ് (Ethics) അഥവാ ധാര്‍മികത പഠിപ്പിക്കപ്പെടുന്നു. ഇതിനെ ഈതോസ് (Ethos) എന്നു വിളിക്കാം. 'ഈ മരത്തെ സമീപിച്ചാല്‍ നിങ്ങള്‍ അതിരു ലംഘിക്കുകയും അതുവഴി അക്രമികളാവുകയും ചെയ്‌തേക്കാം' എന്നാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ഇപ്രകാരം ജ്ഞാനം, ജീവിതാസ്വാദനം, ധാര്‍മികത എന്നീ മൂന്ന് അടിസ്ഥാനങ്ങളിലാണ് ഖുര്‍ആന്റെ ജീവിതപാഠങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നതെന്നു മനസ്സിലാക്കാം.
ഇപ്പറഞ്ഞ മൂന്നു കാര്യങ്ങളില്‍ ആദ്യത്തേതാണ് ഇവിടെ വിഷയം. ആദിമമായ മനുഷ്യവിജ്ഞാനം പടിപടിയായി വളര്‍ന്നാണ് തത്ത്വചിന്തയും ശാസ്ത്രവും ആധുനികശാസ്ത്രവുമെല്ലാം ഉണ്ടായത്. തത്ത്വചിന്ത കുറേക്കൂടി ആത്മനിഷ്ഠമാണ്. ഈ ആത്മനിഷ്ഠതയില്‍ നിന്ന് വസ്തുനിഷ്ഠതയിലേക്ക് നീങ്ങുന്നതിനനുസരിച്ചാണ് ശാസ്ത്രീയമായ അവബോധവും കണ്ടുപിടുത്തങ്ങളും സിദ്ധാന്തങ്ങളും ജനിക്കുന്നത്. തത്ത്വചിന്തയായാലും ശാസ്ത്രമായാലും എല്ലാ അറിവും തന്റെ യുക്തിയും ബുദ്ധിയും ബോധവുമുപയോഗിച്ച് മനുഷ്യനാര്‍ജിക്കുന്ന സമ്പത്താണ്. അതാകട്ടെ, അവന്‍ സ്വയം തന്നെ ആര്‍ജിക്കണമെന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. ഉദാഹരണത്തിന് ഭൂമിയുടെ ആകൃതി ഇന്നതാണെന്ന് പറയല്‍ ഖുര്‍ആന്റെ വിഷയമോ ഉത്തരവാദിത്തമോ അല്ല. അതേസമയം ഭൂമി നിങ്ങള്‍ക്ക് പരത്തിത്തന്നു എന്ന് ഖുര്‍ആന്‍ പറയുന്നത് ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. നിങ്ങള്‍ നോക്കുവിന്‍, എത്ര വിശാലമാണ് ഭൂമിയില്‍ നിങ്ങളുടെ ജീവിതസാധ്യതകള്‍! ഇത് ദ്യോതിപ്പിക്കുന്ന തരത്തില്‍ ഭൂമിയിലെ വഴികള്‍, അതിലെ മലകള്‍, പുഴകള്‍, വ്യത്യസ്ത ഖണ്ഡങ്ങളായുള്ള അതിന്റെ ഘടന എന്നിങ്ങനെയുള്ളതെല്ലാം വിവരിക്കപ്പെടുന്നു. ഇതെല്ലാം തന്നെ ഭൂമിയില്‍ നിങ്ങള്‍ക്ക് ജീവിതവുമായി ബന്ധപ്പെട്ട സൗകര്യങ്ങളാണ്.
അതോടൊപ്പം തന്നെ, ഭൂമിയെ നിങ്ങള്‍ക്ക് നീട്ടിപ്പരത്തിത്തന്നു എന്നേടത്ത് ശരിയായ ഒരു വിചിന്തനത്തിനുള്ള സാധ്യതയുമുണ്ട്. അതായത്, ഖുര്‍ആന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ള ഗ്രന്ഥമാണ്. ഏത് പോയിന്റില്‍ നിന്നാലും നീണ്ടു പരന്നു കിടക്കുന്നതായി അനുഭവപ്പെടണമെങ്കില്‍, ഒരേയൊരു ക്ഷേത്രഗണിതരൂപത്തിനു മേല്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. അത് ഗോളമാണ്. വേറെ ഏത് രൂപമാണെങ്കിലും അതിന് ഒരു അറ്റമുണ്ടാവും. ആ അറ്റത്തു ചെന്നു നോക്കിയാല്‍പ്പിന്നെ പരപ്പില്ല. എന്നാല്‍ ഖുര്‍ആന്‍ ഭൂമുഖത്തുള്ള സകല മനുഷ്യരോടുമാണ് പറയുന്നത്, ഭൂമിയെ നിങ്ങള്‍ക്ക് നീട്ടിപ്പരത്തിത്തന്നു എന്ന്. എന്നാല്‍ ഇവിടെയും വേദഗ്രന്ഥം ഭൂമിയുടെ ആകൃതി പഠിപ്പിച്ചു തരുന്നുണ്ടെന്നല്ല അവകാശപ്പെടുന്നത്. നീണ്ടു പരന്നു കിടക്കുന്ന ജീവിതവികാസസാധ്യതകളെക്കുറിച്ച ഓര്‍മപ്പെടുത്തലാണത്.
നമ്മുടെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമ്മള്‍ കണ്ടെത്തേണ്ട കാര്യങ്ങള്‍ ആയിരത്തഞ്ഞൂറു കൊല്ലം മുമ്പ് ഒരു കിതാബിലൂടെ മുഴുവനായുമങ്ങ് പഠിപ്പിച്ചു തരികയാണെങ്കില്‍ മനുഷ്യന് പിന്നെയെന്തന്വേഷണം, എന്തു ശാസ്ത്രം, എന്തു സാങ്കേതികവിദ്യ? അതും കെട്ടിപ്പിടിച്ചിരിപ്പാവില്ലേ അവന്‍? ഇങ്ങനെ കരുതിയാണ് കുറേയാളുകള്‍ ഇരുന്നത്. അതു കൊണ്ടു തന്നെയാണ് പുരോഗതി തടയപ്പെട്ട് യാഥാസ്ഥിതികരും അജ്ഞരുമായ ആളുകളുടെ വലിയ കൂട്ടങ്ങളായി മതസമുദായങ്ങള്‍ മാറിപ്പോയത്.
മനുഷ്യന്റെ ചിന്തയെയും യുക്തിയെയും അന്വേഷണത്തെയും സംബന്ധിച്ച മറ്റൊരു പരാമര്‍ശം കൂടി അവന്റെ ഉല്‍പത്തിയുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെ ഖുര്‍ആനില്‍ കാണാം. വജഅല ലകുമു സ്സംഅ വല്‍ അബ്‌സ്വാറ വല്‍ അഫ്ഇദ എന്നതാണത്. നിങ്ങള്‍ക്ക് നാം കാതും കണ്ണും തന്നു, മനസ്സും. ഇവിടെ മനസ്സിനെ സൂചിപ്പിക്കാന്‍ അഫ്ഇദ എന്ന പദമാണുപയോഗിച്ചിരിക്കുന്നത്. മനസ്സിന് ഖുര്‍ആന്‍ ഖല്‍ബ് എന്നു പറയുന്നതിനെ ചിലര്‍ പരിഹസിക്കുന്നുണ്ട്. മനസ്സ് ഹൃദയത്തിലാണെന്ന പഴയ ധാരണയിലാണ് വേദപുസ്തകം ഇങ്ങനെ പറയുന്നതെന്നാണ് അവരുടെ കണ്ടുപിടുത്തം. അത് തലച്ചോറിലാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടത്രേ. അതേ സമയം മനസ്സ് എന്നാലെന്താണ്? ഇന്നേടത്ത് സ്ഥിതി ചെയ്യുന്നു എന്ന് തീരുമാനിക്കാന്‍ മാത്രം മെറ്റീരിയല്‍ ആണോ അത്? അല്ലെന്നാണ് നാം മനസ്സിലാക്കുന്നത്. അരൂപഘടനയാണ് മനസ്സിന്റേത്. ഭൗതികമായ അര്‍ഥത്തില്‍ അതൊരു സങ്കല്‍പമാണ്. കേവലാശയം. പിന്നെ, ഹൃദയം എന്നര്‍ത്ഥമുള്ള ഖല്‍ബ് എന്ന പ്രയോഗം. ഒന്നാമതായും അതൊരു ഭാഷാപ്രയോഗമാണ്. സഹൃദയന്‍, ഹൃദയശൂന്യന്‍ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ക്ക് ഹൃദയം എന്ന ശരീരാവയവവുമായി ഒരു ബന്ധവുമില്ല. അതേസമയം തന്നെ, ഹൃദയത്തിന് മറ്റ് വാക്കുകളുമുണ്ടെന്നിരിക്കേ ഖുര്‍ആന്‍ ഖല്‍ബ് എന്ന പദം മനസ്സിനെ സൂചിപ്പിക്കുന്നതിനു വേണ്ടി മിക്ക സ്ഥലങ്ങളിലും ഉപയോഗിച്ചതിലും വലിയ അര്‍ഥങ്ങളുണ്ട്. 'ഖലബ' എന്ന വാക്കില്‍ നിന്നാണ് ഖല്‍ബ് ഉണ്ടാവുന്നത്. മാറിമറിയുക, മാറ്റിമറിക്കുക എന്നൊക്കെയാണ് ഖലബ, ഇന്‍ഖലബ എന്നൊക്കെപ്പറഞ്ഞാല്‍ അര്‍ത്ഥം. വിപ്ലവത്തിന് ഇന്‍ഖിലാബ് എന്ന വാക്കു വന്നതങ്ങനെയാണ്. ചിന്തകളും വികാരങ്ങളും പ്രചോദനങ്ങളും പ്രേരണകളുമൊക്കെയായി മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന പ്രകൃതമാണല്ലോ മനസ്സിന്റേത്. സാമൂഹികമായ വ്യതിയാനങ്ങളോടും അനൈതികമായ അന്തരീക്ഷത്തോടുമൊക്കെ പ്രതികരിക്കാനും ക്ഷുബ്ധാവസ്ഥ കൈക്കൊള്ളാനുമുള്ള മനസ്സിന്റെ കഴിവിനെയും ഖല്‍ബ് എന്ന പദം സൂചിപ്പിക്കുന്നുണ്ട്. അതേസമയം തന്നെ ഇവിടെ സൂചിപ്പിച്ച സൂക്തത്തില്‍ മനസ്സിനെ അര്‍ഥമാക്കുന്ന അഫ്ഇദ എന്ന വാക്ക് ഫുആദ് എന്നതിന്റെ ബഹുവചനമാണ്. കണ്ണ് കാണാനും കാത് കേള്‍ക്കാനുമുള്ള അവയവങ്ങളാണെങ്കില്‍ മനസ്സ് ചിന്തയുമായാണല്ലോ ബന്ധപ്പെടുന്നത്. എന്നാല്‍ കാഴ്ചയും കേള്‍വിയും എങ്ങനെയായിരിക്കണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. കേവലമായ സംവേദനങ്ങള്‍ക്കപ്പുറം ജ്ഞാനേന്ദ്രിയങ്ങളുടെ സൂക്ഷ്മമായ വിനിയോഗത്തെയാണ് ഇവിടെ അര്‍ഥമാക്കുന്നത്. മതവും തത്വചിന്തയുമായി ബന്ധപ്പെടുത്തി ലോകത്തിലെ നരവിഭാഗങ്ങളെ പഠിക്കുമ്പോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം വികാസം പ്രാപിച്ചിട്ടുള്ള രണ്ട് നരവര്‍ഗങ്ങള്‍ ഇന്‍ഡോ യൂറോപ്യന്മാരും (ആര്യന്മാര്‍) സെമൈറ്റുകളുമാണെന്നു കാണാം. ഇവരുടെ പ്രമാണങ്ങളും ചരിത്രവും പരിശോധിക്കുമ്പോള്‍ ആര്യന്മാര്‍ ദര്‍ശനത്തിനും സെമൈറ്റുകള്‍ വെളിപാടിനും പ്രാധാന്യം നല്‍കിയതായി കാണപ്പെടുന്നു. ദര്‍ശനം കാഴ്ചയുമായും വെളിപാട് കേള്‍വിയുമായും ബന്ധപ്പെട്ടു നില്‍ക്കുന്നതാണല്ലോ. ഇവിടെയും കാഴ്ച ബാഹ്യമായ ദൃശ്യങ്ങള്‍ക്കും കേള്‍വി കേവലമായ ശബ്ദങ്ങള്‍ക്കുമപ്പുറം സഞ്ചരിക്കുന്നു. ആര്യന്മാര്‍ വേദം എന്നു പറയുമ്പോള്‍ അത് അറിവാണ്. വിദ് എന്ന ധാതുവിന്റെ അര്‍ഥം അതാണ്. അതോടൊപ്പം തന്നെ വിദ് എന്നത് കാണുക എന്ന പ്രക്രിയയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. സമാനമായ ദേവ എന്ന ശബ്ദത്തിന് പ്രകാശിക്കുന്നത് എന്നര്‍ഥം. വിദ് എന്നതിനു സമാനമാണ് ഐഡിയ തുടങ്ങിയ പദങ്ങള്‍. ആശയം എന്നാണ് ഇതിനര്‍ഥമെങ്കിലും ഇതും കാഴ്ചയെ സൂചിപ്പിക്കുന്ന മൂലപദത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. വീഡിയോ എന്ന വാക്കും ഇതില്‍ നിന്നു തന്നെ വരുന്നു. ഞാന്‍ കാണുന്നു എന്നര്‍ഥം. അപ്പോള്‍ ഇന്‍ഡോ യൂറോപ്യന്മാര്‍ കാഴ്ച എന്നു പറയുകയും, ചിന്തയെയും ജ്ഞാനത്തെയും സൂചിപ്പിക്കുകയുമാണ്. നേരെ മറിച്ച് സെമൈറ്റുകളിലേക്കു വന്നാല്‍ 'യിസ്രായേലേ കേള്‍ക്ക' തുടങ്ങിയ കല്‍പനകളും, 'ദൈവം പറഞ്ഞു' തുടങ്ങിയ ആഖ്യാനങ്ങളും കാണാന്‍ പറ്റുന്നു. ആര്യന്മാര്‍ കാഴ്ചയെ ദര്‍ശനമായി വികസിപ്പിച്ചതു പോലെ സെമൈറ്റുകള്‍ കേള്‍വിയെ വെളിപാടായി സ്ഥാപിച്ചു.
അതേസമയം തന്നെ, ജ്ഞാനവികാസത്തില്‍ കാര്യകാരണലോകത്തിനപ്പുറമുള്ള പരമകാരണത്തിന്റെ സാന്നിധ്യത്തെ ഈ രണ്ടു വിഭാഗവും അംഗീകരിക്കുന്നു. ഇന്ത്യയിലെ ആര്യന്മാരുടെ തത്വമനുസരിച്ച് വേദം അപൗരുഷേയമാണ്. ഋഷിമാരില്‍ നിന്നാണ് വേദം അഭ്യസിക്കുന്നതെങ്കിലും അവര്‍ മന്ത്രസ്രഷ്ടാക്കളല്ല, മറിച്ച് മന്ത്രദ്രഷ്ടാക്കളാണ്. സെമൈറ്റുകളുടെ വെളിപാടുകളും അപൗരുഷേയം തന്നെയാണെന്നു പറയാം. ഋഷിമാരുടെ കണ്ണുകള്‍ ദര്‍ശനത്തിലേക്കും സെമിറ്റിക് പ്രവാചകന്മാരുടെ കാതുകള്‍ വെളിപാടിലേക്കും തുറക്കുകയാണ് ചെയ്യുന്നത്.
ഇവിടെ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തില്‍ വജഅല ലകുമു സ്സംഅ വല്‍ അബ്‌സ്വാറ എന്ന പ്രയോഗം ഇപ്പറഞ്ഞ കാഴ്ചയെയും കേള്‍വിയെയും അഥവാ ദര്‍ശനത്തെയും വെളിപാടിനെയും സമന്വയിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു പറയുന്ന സൂറഃ അസ്സജദയില്‍ത്തന്നെ ചരിത്രത്തെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിക്കുന്നേടത്ത് 'നിങ്ങള്‍ കേള്‍ക്കുന്നില്ലേ' എന്നും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ പരാമര്‍ശിക്കുമ്പോള്‍ 'നിങ്ങള്‍ കാണുന്നില്ലേ' എന്നും ചോദിക്കുന്നുണ്ട്. ഈ രണ്ടു ചോദ്യങ്ങളും ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വരുന്നതു കാണാം. സമൂഹങ്ങളെയും ചരിത്രങ്ങളെയുമാണ് ഇവിടെ വിശുദ്ധ ഖുര്‍ആന്‍ ഒന്നാക്കിത്തീര്‍ക്കുന്നത്. മനസ്സിന് ഇവിടെ ഖുര്‍ആന്‍ ഉപയോഗിച്ച ഫുആദ് എന്ന പദത്തിന് 'കത്തുന്നത്' എന്ന് അര്‍ത്ഥമുണ്ട്. ചിന്തകള്‍ക്ക് തീ പിടിപ്പിക്കാന്‍ ഇന്ധനം പകരുന്ന നാളികളാവണം കാതും കണ്ണും എന്നാണ് ഈ പദപ്രയോഗത്തിലൂടെ വിശുദ്ധവേദം പഠിപ്പിക്കുന്നത്.
ഇങ്ങനെ അറിവിനെയും ചിന്തയെയും, തത്ത്വചിന്താപരവും ശാസ്ത്രീയവുമായ ജ്ഞാനവികാസത്തെയും കൃത്യമായി സമീപിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് വേദം സ്വീകരിക്കുന്നത്.
ശാസ്ത്രവും യുക്തിയും
മതത്തിന്റെയും ദൈവബോധത്തിന്റെയും പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ദാര്‍ശനികന്മാര്‍ പണ്ടേ തന്നെ ജ്ഞാനത്തെപ്പറ്റി ധാരാളം ചിന്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫിലോസഫിയില്‍ പ്രമാണം എന്ന ഒരു പദമുണ്ട്. സാധാരണയായി തത്ത്വം എന്നോ ആധാരം എന്നോ ഉള്ള അര്‍ത്ഥത്തില്‍ ആ വാക്കുപയോഗിക്കാറുണ്ടെങ്കിലും ഇവിടെ ഇതല്ല അര്‍ഥം. പ്രമേതാവ് പ്രമേയത്തെപ്പറ്റി പ്രമ നേടുന്ന മാര്‍ഗമാണ് പ്രമാണം എന്നാണ് വിശദീകരിക്കപ്പെടാറുള്ളത്. ജ്ഞാനാര്‍ത്ഥിയാണ് പ്രമേതാവ്. പ്രമേയം എന്നാല്‍ വിഷയവും പ്രമ എന്നാല്‍ ശരിയായ ജ്ഞാനവുമാകുന്നു. നാല് പ്രമാണങ്ങളാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഈ നാല് പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ ശാസ്ത്രത്തെയും വെളിപാടിനെയും അവിടെയും യോജിപ്പിക്കുന്നതായി കാണാം. പ്രത്യക്ഷമാണ് ഇതില്‍ ഒന്നാമത്തേത്. ഇന്ദ്രിയവും വിഷയവും തമ്മിലുള്ള നേര്‍ക്കുനേര്‍ സമ്പര്‍ക്കത്തില്‍ നിന്നുണ്ടാകുന്ന ജ്ഞാനമാണ് പ്രത്യക്ഷജ്ഞാനം. പ്രത്യക്ഷമായ ഒന്നില്‍ നിന്ന് മറ്റൊന്നിനെ അനുമാനിക്കാന്‍ കഴിയും. പുക കാണുമ്പോള്‍ തീയുണ്ടെന്നനുമാനിക്കുന്നത് ഉദാഹരണം. ഇത് അനുമാനജ്ഞാനം. ഉപമാനമാണ് മൂന്നാമത്തേത്. സാദൃശ്യം കൊണ്ടുള്ള അറിയലാണിത്. നാലാമത്തെ പ്രമാണം ശബ്ദമാണ്. ശബ്ദമെന്നാല്‍ ആപ്തന്മാരുടെ വാക്യം എന്നര്‍ഥം. കേട്ടതോ കണ്ടതോ അറിഞ്ഞതോ ആയ കാര്യം അതു പോലെ പറയുന്നവനാണ് ആപ്തന്‍. അവരാപ്തന്‍ പൂര്‍വാപ്തനെ ആധാരമാക്കുന്നു. അങ്ങനെ ആപ്തന്മാരുടെ വലിയ പരമ്പരയിലൂടെ പുറകോട്ടു സഞ്ചരിച്ച് ഏറ്റവുമവസാനം വേദത്തിലേക്കത്തുന്നു. വേദം അപൗരുഷേയമാണ്. അത് വെളിപാടിലൂടെയാണ് വരുന്നത്. ഒരര്‍ത്ഥത്തില്‍ പ്രത്യക്ഷം എന്നത് നിരീക്ഷണ പരീക്ഷണങ്ങളുടെ ശാസ്ത്രജ്ഞാനത്തെയും, അനുമാനവും ഉപമാനവും തത്വചിന്തയെയും, ശബ്ദം വേദത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് ചിന്തിക്കാം. ഇവിടെയും ശബ്ദം അഥവാ വെളിപാടിനെ പ്രമാണമായി അംഗീകരിക്കുന്നത് ശാസ്ത്രത്തെയും തത്വചിന്തയെയും നിരാകരിച്ചു കൊണ്ടോ സംശയിച്ചു കൊണ്ടോ അല്ല. ഇവിടെ യുക്തിയും വെളിപാടും ഒരുമിച്ചു ചേരുന്ന ഒരവസ്ഥ കാണാം.
യുക്തിവാദികളും മതനിഷേധികളും പ്രചരിപ്പിക്കുന്നതു പോലെ യുക്തി ശാസ്ത്രവുമായി മാത്രം ബന്ധപ്പെടുന്ന ഒന്നല്ല. ശാസ്ത്രം അനുഭവമാണ്, യുക്തി തത്വചിന്തയും. ശാസ്ത്രത്തില്‍ യുക്തി ചെലുത്തുമ്പോഴാണ് ഹൈപോതീസീസുകളും തീസീസുകളുമുണ്ടാവുന്നത്. യുക്തി ഏകമുഖമായ ഒന്നല്ല എന്നും ചിന്തിക്കേണ്ടതാണ്. മന്ത്രവാദത്തിനു പോലും മന്ത്രവാദത്തിന്റേതായ ഒരു യുക്തിയുണ്ട്. എന്നു തന്നെയല്ല, പലപ്പോഴും ശാസ്ത്രയുക്തിയില്‍ നിന്നാണ് മന്ത്രവാദയുക്തി ജനിക്കുന്നത്. തലതിരിച്ചു പിടിച്ച ശാസ്ത്രമാണ് മന്ത്രവാദം. മഴ പെയ്യുമ്പോള്‍ തവള കരയുന്നു എന്നത് അനുഭവമാണ്. അന്നിലക്ക് അത് ശാസ്ത്രമാണ്. മന്ത്രവാദി ഇതിനെ കീഴ്‌മേല്‍ മറിക്കുന്നു. തവള കരയുമ്പോള്‍ മഴ പെയ്യും എന്നതാണത്. എന്നിട്ട് തവളയെ കൃത്രിമമായി കരയിക്കുകയോ കരച്ചില്‍ തന്നെ കൃത്രിമമായി ഉണ്ടാക്കുകയോ കരച്ചിലിനെ അനുകരിക്കുകയോ തവളയെ ഒരു Fetish ആയി സങ്കല്‍പിച്ചു കൊണ്ടുള്ള മന്ത്രവാദമുറകളിലേര്‍പ്പെടുകയോ ചെയ്യുന്നു. തലതിരിച്ചു പിടിച്ചതെങ്കിലും മന്ത്രവാദത്തിനും ഒരു യുക്തിയുണ്ട് എന്ന് നാമിവിടെ കാണുന്നു. പൗരാണിക ഹേതുവാദിയായ ചാര്‍വാകന്‍ യുക്തിവാദിയാണ്. അദ്ദേഹത്തിന്റെ ദൈവനിഷേധവാദത്തെ യുക്തിവാദമെന്നു പറയാമെങ്കില്‍ ആധുനിക തത്വചിന്തയില്‍ യുക്തിവാദം എന്ന ധാര തന്നെ സ്ഥാപിച്ച റെനെ ദെകാര്‍തെ ഉറച്ച ഒരു ക്രിസ്തുമതവിശ്വാസിയാണ്. അതു കൊണ്ടാണ് യുക്തി ഏകമുഖമായ ഒന്നല്ല എന്നു പറഞ്ഞത്. യുക്തിക്ക് ഏകമുഖത്വം ഇല്ലാത്തതു പോലെത്തന്നെ ശാസ്ത്രത്തിന് കൃത്യവും അന്തിമവുമായ തീര്‍പ്പും ഉണ്ടാവില്ല. അങ്ങനെയുണ്ടാവുമ്പോള്‍ അത് അന്വേഷണമാവില്ല, ശാസ്ത്രമാവില്ല. അതിനാല്‍ത്തന്നെ, നിലവിലുള്ള നിഗമനങ്ങളുദ്ധരിച്ച് അവ വേദസങ്കല്‍പങ്ങളെ റദ്ദു ചെയ്യുന്നുണ്ടെന്നും അതിനാല്‍ത്തന്നെ മതവും ശാസ്ത്രവും പരസ്പരം വിരുദ്ധമാണെന്നുമുള്ള, യുക്തിവാദികളുടെ വിധിതീര്‍പ്പ് ഒട്ടും ശാസ്ത്രീയമല്ലെന്നു പറയേണ്ടിവരുന്നു. ഏതെങ്കിലുമൊരു കാര്യത്തില്‍ ശാസ്ത്രം പൂര്‍ണമായ തീര്‍പ്പിലെത്തിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ അതിന് ശാസ്ത്രം എന്നു വിളിക്കാന്‍ പറ്റുമോ? സ്ഥിരീകരിക്കപ്പെട്ടത് എന്നു കരുതപ്പെടുന്ന കാര്യങ്ങളില്‍പ്പോലും സംശയത്തോടെ നിരന്തരമായ അന്വേഷണം നടത്തുന്നതല്ലേ ശാസ്ത്രം? അതുപോലെത്തന്നെ ശാസ്ത്രം തികച്ചും ഭൗതികമാണ്. മെറ്റീരിയല്‍ ആയ കാര്യങ്ങള്‍ മാത്രമാണ് അതിന്റെ അന്വേഷണവിഷയം. അതു മാത്രമേ സയന്‍സിന് പഠിക്കാന്‍ പറ്റൂ. സയന്‍സ് അത്രയേ പഠിക്കേണ്ടതുമുള്ളൂ. എന്നാല്‍ സയന്‍സ് മാത്രമാണ് ലോകത്തെയും ജീവിതത്തെയും കുറിച്ച സകല അറിവുകളുടെയും ആധാരം എന്നു തീരുമാനിക്കുന്നിടത്ത് പദാര്‍ഥവാദം (Materialism) ഉണ്ടാവുന്നു.
എന്നാല്‍ ലോകചരിത്രത്തില്‍ ഒട്ടേറെ ചിന്തകന്മാരും ജ്ഞാനികളും പദാര്‍ഥവാദികളല്ലാത്തവരാണ്. ലോകത്തിനും ജീവിതത്തിനും രണ്ട് തലമുണ്ടെന്ന് ഇവര്‍ വാദിച്ചു. രൂപവും ആശയവും എന്ന് പ്ലേറ്റോ അതേപ്പറ്റി പറഞ്ഞു. ശ്രീബുദ്ധന്‍ പറഞ്ഞത് രൂപവും നാമവും എന്നാണ്. രൂപകാണ്ഡം എന്നും നാമകാണ്ഡം എന്നും അദ്ദേഹം വിഷയങ്ങളെ രണ്ടായി തിരിക്കുന്നു. രൂപകാണ്ഡമെന്നാല്‍ പദാര്‍ഥ പ്രപഞ്ചമാണ്. നാമകാണ്ഡം അഭൗതികമാണ്. ബുദ്ധന്റെ അനിത്യവാദവും അനാത്മവാദവുമൊന്നും പദാര്‍ഥേതരമായ സത്തയെ നിരാകരിക്കുന്നില്ലെന്നു മാത്രമല്ല, രൂപനാമങ്ങളെക്കുറിച്ച സിദ്ധാന്തത്തിന്മേല്‍ത്തന്നെയാണ് അദ്ദേഹം തന്റെ സിദ്ധാന്തങ്ങളെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാല്‍ ബുദ്ധനെ പഠിക്കുമ്പോള്‍ ഈ അടിത്തറ ഇളക്കിക്കളഞ്ഞിട്ട് അനാത്മ, അനിത്യ സിദ്ധാന്തങ്ങളെ വായുവില്‍ നിന്ന് കണ്ടെടുക്കാനാണ് ചിലര്‍ ശ്രമിക്കാറുള്ളത്.
(തുടരും)
Comments