കെ. സൈതലവി
കെ. സൈതലവി
കോട്ടക്കല്‍, എടരിക്കോട്, പറപ്പൂര്‍ സൗത്ത് പ്രദേശങ്ങളില്‍ പ്രസ്ഥാന രംഗത്ത് അഞ്ച് പതിറ്റാണ്ടുകളോളം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു കൂത്തുമാടന്‍ സൈതലവി സാഹിബ് (75). ആദ്യകാലത്ത് എടരിക്കോട് ബീഡിക്കമ്പനികളിലെ തൊഴിലാളിയായിരുന്നു അദ്ദേഹം. ബീഡിക്കമ്പനികള്‍ അക്കാലത്ത് സജീവ വൈജ്ഞാനിക ചര്‍ച്ചകളുടെ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ദേശാഭിമാനി, ചന്ദ്രിക എന്നിവ വായിച്ചിരുന്ന കമ്പനികളില്‍ പ്രബോധനം, ഖുതുബാത്ത് എന്നിവ വായിച്ചു കൊടുത്തിരുന്നത് സൈതലവി സാഹിബായിരുന്നു.
പിന്നീട് കമ്പനി വിട്ട് വീട്ടില്‍ പണി ആരംഭിച്ചപ്പോള്‍ പ്രദേശത്തെ യുവാക്കളെ വിളിച്ചുവരുത്തി പ്രസ്ഥാന സാഹിത്യങ്ങളും, പ്രബോധനവും വായിപ്പിക്കലും ചര്‍ച്ച ചെയ്യലും ശീലമാക്കി. ജോലി നിര്‍ത്തിയെങ്കിലും വായിക്കുകയും വായിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ശീലം, അസുഖമായി അവശനാകുന്നത് വരെ തുടര്‍ന്നിരുന്നു. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നുവെങ്കിലും വായനയിലൂടെയും ക്ലാസ്സുകളിലൂടെയും നേടിയ അറിവുകള്‍ ചര്‍ച്ചകളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ നിരന്തരം ശ്രമിച്ചു.
എഴുപതുകളില്‍ കോട്ടക്കലിനടുത്ത് പറപ്പൂരില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജുമുഅ ആരംഭിച്ചപ്പോള്‍ യുവാക്കളെ ഒരുമിച്ചുകൂട്ടി. നാഴികകള്‍ അകലെയുള്ള പള്ളിയിലേക്ക് കാല്‍നടയായുള്ള 'ഖാഫില' സംഘത്തിന്റെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഭര്‍ത്സനങ്ങളും ഭീഷണികളും കൂസാതെയുള്ള ആ പ്രയാണങ്ങള്‍ പ്രവര്‍ത്തകരുടെ മനസ്സിലെ മങ്ങാത്ത ഓര്‍മകളാണ്. പിന്നീട് മമ്മാലിപ്പടി, കോട്ടക്കല്‍, എടരിക്കോട്, എന്നിവിടങ്ങളില്‍ പ്രസ്ഥാനത്തിന്റെ കീഴില്‍ പള്ളികള്‍ വന്നപ്പോള്‍ അവിടെയൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എഴുപതുകളില്‍ സ്വന്തം തട്ടകമായ പൊട്ടിപ്പാറയില്‍ അല്‍ മദ്‌റസത്തുല്‍ ഇലാഹിയ്യയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും അദ്ദേഹം പ്രമുഖ പങ്കു വഹിച്ചു. അക്കാലത്ത് പ്രദേശത്തെ ദീനീ വിജ്ഞാനത്തിന്റെ ഏക ആശ്രയമായിരുന്നു പ്രസ്തുത മദ്‌റസ.
ഇപ്പോള്‍ പ്രദേശത്ത് ധാരാളം കുട്ടികള്‍ പഠിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം വനിതകള്‍ക്കു കൂടി സൗകര്യമുള്ള മസ്ജിദ് വേണമെന്ന സ്വപ്‌നം അദ്ദേഹം പങ്കുവെച്ചിരുന്നു. രോഗശയ്യയിലും ഇക്കാര്യമാണ് അദ്ദേഹം പ്രവര്‍ത്തകരെ നിരന്തരം ഓര്‍മപ്പെടുത്തിയത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞത്.
പരേതന് അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്. കുടുംബാംഗങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തകരാണ്.
പി.എം മുത്തുക്കോയ
മിര്‍ഷാദ് അഹ്മദ്
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് അബൂദബിയിലെ മുസഫയില്‍ വെച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ മിര്‍ഷാദ് അഹ്മദ് ആലപ്പുഴ തകഴി സ്വദേശിയാണ്. യൂത്ത് ഇന്ത്യ മുസഫ ഏരിയയിലെ പ്രവര്‍ത്തകനായിരുന്നു മിര്‍ശാദ്. ഒരുപാട് നല്ല ഓര്‍മകള്‍ തന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും പകര്‍ന്നു നല്‍കിക്കൊണ്ടാണ് മിര്‍ശാദ് യാത്രയായത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ആശ്രയിക്കാവുന്ന ഒരു അത്താണിയാണ് മിര്‍ഷാദിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത്. താനുമായി ബന്ധപ്പെട്ട ആരുടെ പ്രയാസങ്ങളും തന്റെ പ്രയാസം പോലെ ആ നിഷ്‌കളങ്ക മനസ്സിനെ അലട്ടുമായിരുന്നു. സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും മിര്‍ഷാദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആര് എന്ത് ഉപകാരം ആവശ്യപ്പെട്ടാലും തനിക്ക് സാധിക്കുന്നതാണെങ്കില്‍ ഏത് ജോലിത്തിരക്കുകള്‍ക്കിടയിലും യാതൊരു ലാഭേഛയും കൂടാതെ അത് നിവര്‍ത്തിച്ചു കൊടുക്കുന്നതില്‍ മിര്‍ഷാദ് പ്രത്യേകം ഉത്സാഹിച്ചു. അതുകൊണ്ടുതന്നെ സഹോദര സമുദായങ്ങളില്‍ നിന്നും, ഇന്ത്യക്കകത്തും പുറത്തുമായി എണ്ണമറ്റ സൗഹൃദങ്ങള്‍ക്കുടമയായിരുന്നു മിര്‍ഷാദ്. മിര്‍ഷാദിന്റെ മരണവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ ജേക്കബ് എന്ന സുഹൃത്തും കുടുംബവും, മിര്‍ഷാദ് അവരോടെല്ലാം കാത്തുസൂക്ഷിച്ച നിഷ്‌കളങ്ക ബന്ധത്തിന്റെ ഉദാഹരണം വിളിച്ചോതുന്നതായിരുന്നു.
താന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ സാധാരണക്കാരായ ജോലിക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്കു വേണ്ടി കമ്പനിയുടമയോട് സംസാരിക്കാന്‍ മുന്നോട്ടുവരികയും ചെയ്യുന്ന മിര്‍ഷാദിനോട് അതുകൊണ്ടുതന്നെ അവര്‍ക്കെല്ലാം പ്രത്യേക അടുപ്പമായിരുന്നു. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവെച്ച്, തന്റെ പ്രിയതമയെയും മൂന്നു വയസ്സുകാരന്‍ മകന്‍ മുഹമ്മദ് ഫാഇദിനെയും തനിച്ചാക്കി മിര്‍ഷാദ് പടിയിറങ്ങിപ്പോയത് എന്നെന്നും ഓര്‍ക്കാവുന്ന ഒട്ടനവധി നന്മകള്‍ ബാക്കിവെച്ചുകൊണ്ടാണ്. മുസഫ വനിതാ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അംഗമായിരുന്ന ആസ്മിനാണ് ഭാര്യ. പിതാവ് അഹ്മദ് കുഞ്ഞ്. മാതാവ് ഉമൈബ.
അബ്ദുല്ലത്വീഫ് മേലേത്ത്
Comments