Prabodhanm Weekly

Pages

Search

2015 മെയ്‌ 01

അല്ലാഹുവിന്റെ വിശാലമായ പരിപാലന ധര്‍മതന്ത്രം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-14

അവധി, അതിര്, ക്രമം, വ്യവസ്ഥ എന്നൊക്കെ വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യവഹരിച്ചുവരുന്ന വാക്കുകളുടെ ഭാവാര്‍ഥം എന്തിനും ഏതിനും അല്ലാഹുവിനാല്‍ ഒരു നിശ്ചിതമായ അളവ് കല്‍പിക്കപ്പെട്ടിട്ടുണ്ട് എന്നതാകുന്നു. അതുകൊണ്ടാണ് 'റബ്ബുല്‍ ആലമീന്‍' എന്ന വാക്കിനാല്‍ സൂചിപ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ പരിപാലന ധര്‍മത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ 'അളവി'നെപ്പറ്റി വിശദമായി പറയേണ്ടിവന്നത്. ഇക്കാര്യം ഒന്നു കൂടി സ്പഷ്ടമാക്കിക്കൊണ്ട് റബ്ബുല്‍ ആലമീന്‍ എന്ന പദത്തിലെ മറ്റു ഭാവാര്‍ഥങ്ങളെ പിന്തുടരാന്‍ ശ്രമിക്കാം.

ദൈവഭക്തരെ സംബന്ധിച്ചേടത്തോളം ഭൂമിയില്‍ മനുഷ്യനെ ബാധിച്ചേക്കാവുന്ന ഏറ്റവും ഗണനീയമായ തിന്മ ദൈവനിഷേധമാകുന്നു. ദൈവനിഷേധികളായ മനുഷ്യര്‍  എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ചാര്‍വകന്മാരും യൂറോപ്പിലെ മെറ്റീരിയലിസ്റ്റുകളുമൊക്കെ ദൈവനിഷേധപരമായ ചിന്താഗതികളുടെ വിവിധ രൂപങ്ങള്‍ തന്നെയാണല്ലോ. പക്ഷേ, 'ദൈവം അറിയാതെ ഒരില പോലും പൊഴിയുന്നതല്ല' എന്ന് ഉറച്ചു വിശ്വസിക്കുന്ന ദൈവഭക്തരെ സംബന്ധിച്ചേടത്തോളം ദൈവനിഷേധവും ഭൂമിയില്‍ സംഭവിച്ചുകാണുന്നത് ദൈവം അറിഞ്ഞിട്ടുതന്നെ എന്നേ പറയാനാകൂ. ഇവിടെ വേറൊരു ചോദ്യം ഉയര്‍ന്നുവരുന്നു. ദൈവം എന്തിന് ദൈവനിഷേധത്തെ അനുവദിക്കുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരവും വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തന്നെ വായിച്ചെടുക്കാം. ''മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നെങ്കില്‍ സന്യാസി മഠങ്ങളും ക്രിസ്ത്രീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മസ്ജിദുകളുംതകര്‍ക്കപ്പെടുമായിരുന്നു'' (ഖുര്‍ആന്‍ അധ്യായം 22 സൂക്തം 40) എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഈ വാക്യങ്ങള്‍ക്ക് ചരിത്രപരവും സമകാലികവുമായ ഒരു വായന സാധ്യമാക്കിയാല്‍, എത്തിച്ചേരാവുന്ന നിഗമനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. പൊതുവെ ദൈവനിഷേധികള്‍ എന്നറിയപ്പെട്ടിരുന്ന  മതേതര ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകളും ഒന്നും മത വിശ്വാസികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും എതിരായ കടന്നാക്രമണങ്ങളെ കൈയും കെട്ടി നോക്കിയിരിക്കുന്നവരായിരുന്നിട്ടില്ല. സ്വയം ദൈവവിശ്വാസികള്‍ അല്ലെന്നു വരികിലും ദൈവവിശ്വാസികളായവരുടെ വിശ്വാസത്തെ ബലം പ്രയോഗിച്ച് നാമാവശേഷമാക്കാന്‍ മുതിരുന്നവര്‍ക്കെതിരെ യഥാര്‍ഥ ജനാധിപത്യബോധമുള്ള നിരീശ്വരവാദികള്‍ പോലും അരയും തലയും മുറുക്കി സംരക്ഷണകവചം തീര്‍ത്ത ചരിത്രം ഇന്ത്യയിലുണ്ട്. ഈ ചരിത്ര വസ്തുത കൂടി കണക്കിലെടുത്ത് ചിന്തിക്കുമ്പോള്‍ അല്ലാഹുവിന്റെ വിശ്വധര്‍മ പരിപാലന പ്രക്രിയയില്‍ 'ചിലരെ ചിലരെക്കൊണ്ട് തടുക്കുന്നതിനാ'യി അല്ലാഹു നിരീശ്വരവാദികളായ ജനാധിപത്യ പ്രവര്‍ത്തകരെ പോലും ഉപകരണമാക്കിയിട്ടുണ്ടെന്ന് വിശാലമായ അര്‍ഥത്തില്‍ വിലയിരുത്തേണ്ടിവരും. ഒരു ചിലന്തിയെ ഉപകരണമാക്കി ഒരിക്കല്‍ തന്റെ ദൂതനായ മുഹമ്മദിനെ ശത്രുക്കളുടെ വാള്‍ത്തലയില്‍ നിന്ന് രക്ഷിച്ച  അല്ലാഹു, മതത്തിന്റെ പേരില്‍ നടക്കുന്ന ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയും ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെതിരെ നടത്തുന്ന -ബാബരി മസ്ജിദ് തകര്‍ക്കല്‍ പോലുള്ള- അക്രമങ്ങള്‍ക്കെതിരെയും  ചിലപ്പോള്‍, ദൈവവിശ്വാസികളല്ലാത്തവരും മനുഷ്യ സ്‌നേഹികളുമായ ജനാധിപത്യവാദികളെയും ഉപകരണമാക്കി പ്രവര്‍ത്തിക്കുകയും ഭൂമിയുടെ സമതുലനം നിലനിര്‍ത്തുകയും ചെയ്‌തേക്കും എന്നു കരുതുന്നത് തീര്‍ത്തും അബദ്ധമാവില്ല. പ്രവാചകത്വ പ്രാപ്തിക്കു മുമ്പും പ്രവാചക പ്രാപ്തിക്കു ശേഷവും മുഹമ്മദ് നബിക്ക് സര്‍വവിധ സഹായവും ചെയ്തിരുന്ന പിതൃസഹോദരനായ അബൂത്വാലിബ് ഇസ്‌ലാം ആശ്ലേഷിക്കാതെ പരമ്പരാഗത മതവിശ്വാസങ്ങള്‍ പിന്‍പറ്റിയിരുന്ന ആളായിരുന്നു. എന്നാല്‍, അബൂത്വാലിബ് ഖുറൈശികളുടെ ആക്രമണങ്ങളില്‍ നിന്ന് മുഹമ്മദിനെ പരിരക്ഷിക്കാന്‍ എപ്പോഴും ജാഗ്രത കാണിക്കുകയും ചെയ്തു. ഇക്കാര്യവും 'ഭൂമിയില്‍ ചിലരെ ചിലരെക്കൊണ്ട്' തടുക്കുന്ന അല്ലാഹുവിന്റെ പരിപാലന ധര്‍മതന്ത്രമായി വായിക്കാവുന്നതാണ്.

രോഗം, ദാരിദ്ര്യം, യുദ്ധം, നോഹക്ക് നേരിടേണ്ടിവന്ന തരത്തിലുള്ള കൊടും പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ എന്നിവയാലൊക്കെ വിശ്വാസികള്‍ പരീക്ഷിക്കപ്പെടും എന്ന് വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറയപ്പെടുന്നുണ്ട്. ഇത്തരം പീഡകരമായ സംഭവങ്ങള്‍ ഉപരിപ്ലവ വീക്ഷണത്തില്‍ തീര്‍ച്ചയായും ദോഷം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന സ്വഭാവഘടനയുള്ളതാണ്. പക്ഷേ, സൂക്ഷ്മ ചിന്തയില്‍ അങ്ങനെയല്ല. ഉദാഹരണത്തിന് ഫറവോന്‍, ഹിറ്റ്‌ലര്‍, ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം എന്നിവയുടെ വളര്‍ച്ചയും തേര്‍വാഴ്ചയും ഒറ്റനോട്ടത്തില്‍ ദോഷമാണെങ്കിലും, അക്രമത്തിനെതിരായ സമാധാനപ്രിയരുടെ ഐക്യം വിശാലമായ അര്‍ഥതലങ്ങളില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ആ ദോഷം കാരണമായിട്ടുണ്ട്. രാവണന്‍ എന്ന ദോഷത്താല്‍ ദിഗന്തങ്ങള്‍ ബാധിതമായി ക്ലേശം അനുഭവിച്ചിരുന്നില്ലെങ്കില്‍ നരോത്തമനും രാവണാന്തകനുമായ ശ്രീരാമന്റെ മഹിമയും ലോകം അനുഭവിക്കാന്‍ ഇടവരുമായിരുന്നില്ല. ഇതുപോലെ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഏകാധിപത്യപരമായ ഫാഷിസ്റ്റ് തേര്‍വാഴ്ചകള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍, ആഗോള വ്യാപകമായ ജനാധിപത്യ സഖ്യവും ഉണ്ടാകുമായിരുന്നില്ല. ഇതൊക്കെ കൂട്ടിച്ചേര്‍ത്ത് ചിന്തിച്ചാല്‍ മനുഷ്യന്റെ ഹ്രസ്വ ദൃഷ്ടിയില്‍ തിന്മയെന്നും വിപത്തെന്നും പൊടുന്നനെ തോന്നുന്ന പ്രതിഭാസങ്ങളിലൂടെ പോലും 'ധര്‍മത്തെ രക്ഷിക്കലും അധര്‍മത്തെ നശിപ്പിക്കലും' എന്നതിലൂന്നിയ അല്ലാഹുവിന്റെ പരിപാലന ധര്‍മ നിര്‍വഹണ സാമര്‍ഥ്യം വായിച്ചെടുക്കാന്‍ സാധിക്കും. സന്മാര്‍ഗത്തിനെതിരായി നാനാ വിധത്തില്‍ ഭൂമിയില്‍ ഉയര്‍ന്നുവരുന്ന പ്രതിബന്ധങ്ങള്‍ മാര്‍ഗതടസ്സം എന്ന ദോഷം മാത്രമല്ല, അതോടൊപ്പം പ്രതിബന്ധങ്ങളെ അതിവര്‍ത്തിക്കാനുള്ള വഴികളെക്കുറിച്ച അന്വേഷണങ്ങള്‍ക്ക് സന്മാര്‍ഗികളെ പ്രേരിപ്പിക്കുന്ന പ്രചോദനങ്ങള്‍ കൂടിയാണ്. ഇക്കാര്യം വേണ്ടത്ര ഗൗരവത്തില്‍ തിരിച്ചറിയാത്ത ദുര്‍ബലരാണ് ചെറുതോ വലുതോ ആയ മാര്‍ഗ തടസ്സങ്ങള്‍ വരുമ്പോഴേക്കും കരഞ്ഞു തളര്‍ന്നു കുഴഞ്ഞു വീണടിയുന്നത്. യഥാര്‍ഥ വിശ്വാസികള്‍ക്ക് പ്രതിബന്ധങ്ങള്‍ അവരിലെ സഹജമായ നന്മയുടെ ബലത്തെ വര്‍ധിപ്പിക്കുന്നു. ചാണക്ക് വെക്കുമ്പോള്‍ രത്‌നങ്ങളുടെ തിളക്കം കൂടും; ചതയ്ക്കും തോറും ചന്ദനത്തിന്റെ സുഗന്ധം കൂടും. ഇതുപോലെ യഥാര്‍ഥ വിശ്വാസികളും വിപ്ലവകാരികളും മഹാത്മാക്കളും പ്രതിബന്ധങ്ങളാല്‍ പരീക്ഷിക്കപ്പെടും തോറും കൂടുതല്‍ ശക്തിയും ശോഭയും കൈവരിക്കും. അവരിലൂടെ ഭൂമിയില്‍ നന്മ കെട്ടണയാതെ ഉത്തരോത്തരം കത്തിജ്വലിച്ച് നിലനില്‍ക്കുകയും ചെയ്യും. ചിലരെക്കൊണ്ട് ചിലരെ തടുക്കുന്ന അല്ലാഹുവിന്റെ വിശ്വപരിപാലന ധര്‍മ പ്രക്രിയയില്‍ ഇപ്പറഞ്ഞതെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട്. അതിനാല്‍ നാം ഒന്നിനെയും തിന്മയെന്നോ ദുരന്തമെന്നോ ചില കാരണങ്ങളാല്‍ കുറ്റപ്പെടുത്തി അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യരുത്. എന്തെന്നാല്‍ ഒറ്റനോട്ടത്തില്‍ നമുക്ക് തിന്മയോ ദോഷമോ ആയി തോന്നുന്ന പ്രതിഭാസങ്ങളിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത് ഒരു പക്ഷേ വലിയ നന്മയായിരിക്കാം. എന്തെന്നാല്‍ 'നിന്റെ രക്ഷിതാവല്ലാതെ അവന്റെ ശക്തിയെ കുറിച്ച് മറ്റാരും അറിയുകയില്ല' (74:31) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അതിനാല്‍ തന്നെ വിശ്വപരിപാലന ധര്‍മം നാം നമ്മുടെ കുഞ്ഞു ബുദ്ധികൊണ്ട് നന്മ, തിന്മ എന്നൊക്കെ പറഞ്ഞുവരുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തി മാത്രം വിധികല്‍പിക്കുന്നത് ഖുര്‍ആന് വിരുദ്ധമാകും.  

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍