Prabodhanm Weekly

Pages

Search

2015 മെയ്‌ 01

കുട്ടികളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ശിക്ഷണം നല്‍കണം

സൈത്തൂന്‍ തിരൂര്‍ക്കാട്

കുട്ടികളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ശിക്ഷണം നല്‍കണം

ന്തുഷ്ടവും സംതൃപ്തവുമായ കുടുംബ സംവിധാനം പടുത്തുയര്‍ത്താനും കുടുംബബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാനും സഹായകമായ ലേഖനങ്ങളാണ് 'കുടുംബം' എന്ന ശീര്‍ഷകത്തില്‍ ഡോ. ജാസിമുല്‍ മുത്വവ്വയുടേതായി വന്നുകൊണ്ടിരിക്കുന്നത്. അഭിനന്ദനങ്ങള്‍.

ലേഖനമെഴുതുമ്പോഴും വിവര്‍ത്തനം ചെയ്യുമ്പോഴും വായനാ ലോകത്തെ അതെങ്ങനെ സ്വാധീനിക്കുന്നുവെന്ന് കൂടി മനസ്സിലാക്കണം. ലേഖനം ഏത് വ്യക്തിയുടേതായാലും കാലദേശ യോജിപ്പ് കൂടി മുന്നില്‍ കണ്ട് വേണം പ്രസിദ്ധീകരിക്കാന്‍. ലേഖനത്തിന്റെ ഉള്‍ക്കനവും ആശയവും എല്ലാവരും ഒരുപോലെ വിലയിരുത്തുകയോ അംഗീകരിക്കുകയോ ചെയ്യണമെന്നില്ല. 2897-ാം ലക്കത്തില്‍ വന്ന 'മക്കളെ അറിയാന്‍ 41 ചോദ്യങ്ങള്‍' എന്ന ലേഖനം കേരളീയ സാഹചര്യത്തില്‍ പുതുമയില്ലാത്തതാണ്. ഈ ചോദ്യാവലിയിലെ ഒട്ടുമിക്ക ഇനങ്ങളും പാഠപുസ്തകങ്ങളിലൂടെ നല്‍കപ്പെടുന്നതും കുട്ടികള്‍ ചെയ്ത് പരിചയിക്കുന്നതുമാണ്. എസ്.സി.ഇ.ആര്‍.ടി, എന്‍.സി.ഇ.ആര്‍.ടി.ഇ തുടങ്ങിയ വിദ്യാഭ്യാസ ഏജന്‍സികള്‍ പുറത്തിറക്കുന്ന പാഠപുസ്തകങ്ങളില്‍ ഇത്തരത്തിലുള്ള ധാരാളം ചോദ്യാവലികളുണ്ട്. പല സ്‌കൂളുകളും കുട്ടികള്‍ക്ക് നല്‍കുന്ന ഡയറിയിലും ഇത്തരം ചോദ്യാവലികള്‍ കാണാം. ഒരു പ്രൊഫൈല്‍ എന്നതിനപ്പുറം മക്കളെ മനസ്സിലാക്കാനും അവരുടെ അഭിരുചികളും താല്‍പര്യങ്ങളും തിരിച്ചറിയാനും ഇവ ഉപകരിക്കുമെന്ന് തോന്നുന്നില്ല.

തന്നെയും മറ്റുള്ളവരെയും കുട്ടി മനസ്സിലാക്കുന്ന രീതിയും കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും രക്ഷിതാക്കളും മറ്റു കുടുംബാംഗങ്ങളും മനസ്സിലാക്കേണ്ടത് തന്നെയാണ്. അതിന് 

മനഃശാസ്ത്രപരമായ സമീപനങ്ങളാണ് ആവശ്യം. കുട്ടികളുമായുള്ള ഹൃദയം തുറന്ന ചര്‍ച്ച, മറ്റുള്ളവരെക്കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങള്‍, സമീപന രീതികള്‍, കിടപ്പു മുറിയുടെയും പഠനമുറിയുടെയും സംവിധാനം, വായനാ സ്വഭാവം തുടങ്ങി നിരവധി കാര്യങ്ങള്‍ നിരീക്ഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഈ നിരീക്ഷണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന കുട്ടികളുടെ സ്വഭാവ പെരുമാറ്റ രീതികളെ കണക്കിലെടുത്താണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ശിക്ഷണങ്ങള്‍ നല്‍കേണ്ടത്. അതോടൊപ്പം കുട്ടിയുടെ പെരുമാറ്റങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും, പഠിക്കുന്ന സ്ഥാപനങ്ങളിലെ അധ്യാപകരെ ബോധ്യപ്പെടുത്തുകയും വേണം.

സൈത്തൂന്‍ തിരൂര്‍ക്കാട്

സഹവാസ ക്യാമ്പുകളുടെ നന്മകള്‍ കാണാതെ പോകരുത്

സിയ ചാലക്കല്‍ എഴുതിയ 'അവധിക്കാലത്ത് മക്കള്‍ക്ക് അല്‍പം അവധി കൊടുക്കണേ' (ലക്കം 2896) ലേഖനം വായിച്ചു. ശൈശവ-ബാല്യങ്ങളെ സംബന്ധിച്ച് ലേഖനം പ്രസക്തമാണ്.എന്നാല്‍, സ്റ്റഡി കോഴ്‌സുകളെക്കുറിച്ച വിമര്‍ശനങ്ങള്‍ അതിന്റെ നന്മകളെ തീരെ അവഗണിച്ച് കൊണ്ടായി.

അവധിക്കാലങ്ങളില്‍ മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടികളുടെ കാര്യത്തില്‍ അല്‍പമെങ്കിലും ആശ്വാസമേകുന്നുണ്ട് സഹവാസ ക്യാമ്പുകള്‍.

വീട് നിറഞ്ഞുനില്‍ക്കുന്ന രണ്ടും മൂന്നും ആണ്‍മക്കള്‍, അവര്‍ കൗമാരത്തിലും യൗവനത്തിലും എത്തിനില്‍ക്കുമ്പോള്‍ അവരെ നേര്‍വഴിയില്‍ കൊണ്ടുനടക്കാനുള്ള ശക്തിയും മനക്കരുത്തും മനഃശാസ്ത്ര സമീപനങ്ങളും സാധാരാണക്കാരിയായ ഒരു ഉമ്മക്ക് ഉണ്ടാകില്ല. പിതാക്കളാകട്ടെ ഈ പ്രായത്തിലെത്തുമ്പോള്‍ കുട്ടികള്‍ക്കും പിതാക്കള്‍ക്കുമിടയിലെ അകല്‍ച്ചയും, അവരെ നിയന്ത്രിക്കാനും ശാസിക്കാനുമുള്ള മടിയും, കടുത്ത നിയന്ത്രണങ്ങളെടുത്താലുണ്ടാകാവുന്ന അനന്തരഫലങ്ങളെക്കുറിച്ച ആശങ്കകളും കാരണം ഈ ഉത്തരവാദിത്തം കുടുംബിനികളുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുക. ഈ അവസ്ഥയില്‍ കുറച്ചെങ്കിലും സാന്മാര്‍ഗിക ഉപദേശങ്ങളും പഠനങ്ങളും ലഭ്യമാക്കാന്‍ സാധിച്ചു എന്ന് ആശ്വാസം കൊള്ളുന്ന മാതാപിതാക്കള്‍ ഇത്രയും കാലം തങ്ങളുടെ കുട്ടികളോട് ചെയ്തത് പാതകമായിപ്പോയി എന്ന് സമ്മതിക്കേണ്ടിവരും. കാലങ്ങളായി നടന്നുവന്ന ഒരു നല്ല സംരംഭം ഇത്ര പെട്ടെന്ന് 'അര്‍ഥശൂന്യ'മായനുഭവപ്പെടുന്നത് തുടക്കത്തില്‍ അതിനെ പിന്തുണച്ചവര്‍ക്കാണെന്നു കൂടി ഓര്‍ക്കുമ്പോള്‍ ഈ വേനലവധിച്ചൂടില്‍ മനസ്സ് വേവുന്നു.

ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ കുതറിയോടുന്ന കൗമാരം, വേണ്ടത്ര ചേര്‍ത്ത് നിര്‍ത്താന്‍ കഴിയാത്ത പ്രായം ഇവിടെയൊക്കെയാണ് പ്രശ്‌നങ്ങള്‍. ജീവിതമാകുന്ന പാഠപുസ്തകത്തിലെ വരികള്‍ വായിക്കാനും വേണമല്ലോ ഒരു പഠനം. ജീവിതത്തോടൊപ്പം ഇഴചേര്‍ന്നു കിടക്കുന്ന ഇസ്‌ലാമിനെ ഹദീസുകളില്‍ നിന്നും നബിചര്യയില്‍ നിന്നും ചരിത്രത്തില്‍ നിന്നുമല്ലാതെ എങ്ങനെയാണ് മനസ്സിലാക്കാന്‍ സാധിക്കുക. രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചു പങ്കെടുക്കുന്ന ക്യാമ്പുകളിലും ഇതു തന്നെയാകുമല്ലോ പഠന രീതികള്‍. എന്നാല്‍, ലേഖനത്തിന്റെ ഒരു ഭാഗത്ത് പറഞ്ഞതുപോലെ 'അവധിക്കാല പഠനത്തിന്റെ രൂപഭാവങ്ങള്‍ മാറ്റിയെടുത്ത് സോഷ്യല്‍ മീഡിയയുടെ  അനന്ത സാധ്യതകളെ ഗുണകരമായി ഉപയോഗപ്പെടുത്താന്‍ പര്യാപ്തമായ പരിശീലനം നല്‍കണ'മെങ്കിലും വേണ്ടേ സഹവാസ ജീവിതം? രണ്ടാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ എങ്ങനെയെങ്കിലും ഉണ്ടാക്കിയെടുക്കാവുന്നതല്ല ദീന്‍. എങ്കിലും ഇത്തരം സഹവാസ ക്യാമ്പുകളിലൂടെ അത് അല്‍പമെങ്കിലും കിട്ടുന്നത് മുങ്ങുമ്പോള്‍ കച്ചിത്തുരുമ്പെങ്കിലും കിട്ടുന്ന പോലെയാണ്. 'അണ്ണാറക്കണ്ണനും തന്നാലായത്' അത്രമാത്രമേ ക്യാമ്പുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.

സമീന കൊച്ചി

മഹല്ല് ഭരണത്തിലെ വനിതാ പങ്കാളിത്തം

ഹല്ല് കമ്മിറ്റികളിലും പള്ളി-മദ്‌റസ ഭരണ സമിതികളിലും മറ്റും വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെ പല വിഭാഗങ്ങളും പലവുരു ഊന്നിപ്പറഞ്ഞിട്ടുണ്ട്. ദര്‍ഗകളിലും നേര്‍ച്ചസ്ഥലങ്ങളിലും ഉറൂസ് ആഘോഷ പരിപാടികളിലും സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി നിര്‍ബാധം വിലസുന്നതില്‍ ആര്‍ക്കും ഒരു തടസ്സവും ഇല്ല; ദിക്ര്‍ ഹല്‍ഖകളിലും സ്വലാത്ത് സമ്മേളനങ്ങളിലും ഉറൂസ് ഉത്സവങ്ങളിലും സ്ത്രീകള്‍ വളരെ സജീവമായി ധാരാളമായി പങ്കെടുക്കുന്നു. അവരില്‍ നിന്ന് സംഭാവനകളും ഹദ്‌യകളും തന്ത്രപൂര്‍വം പരമാവധി കവര്‍ന്നെടുക്കുകയും എന്നാല്‍ പള്ളിയില്‍ ജുമുഅ-ജമാഅത്തു നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനെ കഠിനമായി വിലക്കുകയും ചെയ്യുന്നു.

സ്ത്രീകള്‍, സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായ വര്‍ത്തമാനകാലത്ത് മഹല്ല് ഭരണത്തിലും പള്ളി-മദ്‌റസ കമ്മിറ്റികളിലും റിലീഫ് കമ്മിറ്റികളിലും സകാത്ത് കമ്മറ്റികളിലും ട്രസ്റ്റുകളിലും അവര്‍ക്ക് അര്‍ഹവും മാന്യവുമായ പരിഗണന നല്‍കുന്ന കാര്യം സമുദായ നേതൃത്വം ഇനിയും പരിഗണിക്കുന്നില്ലെങ്കില്‍ അത് സമുദായത്തെ വളരെയേറെ പ്രതികൂലമായി ബാധിക്കും.

പുതിയ വഖ്ഫ് നിയമമനുസരിച്ച് വഖ്ഫ് ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം വന്നുകഴിഞ്ഞു. മുകള്‍ തട്ടിലേതിനേക്കാള്‍ താഴെ തട്ടിലാണ് വനിതാ പ്രാതിനിധ്യം ഉണ്ടാവേണ്ടത്. എങ്കിലേ മുകള്‍ തട്ടില്‍ നല്‍കിയ പ്രാതിനിധ്യം ഫലപ്രദമാവുകയുള്ളൂ. തൃണമൂല വിതാനത്തില്‍ വനിതാ പ്രാതിനിധ്യം അനുവദിക്കാതെ മുകള്‍ തട്ടില്‍ മാത്രം നല്‍കുകയും താഴെ തട്ടില്‍ വനിതകളെ തീര്‍ത്തും തഴയുകയും ചെയ്യുന്നവര്‍ വഖ്ഫ് ബോര്‍ഡിന്റെ കേന്ദ്ര ഘടനകളില്‍ സ്ത്രീകളോട് സഹകരിച്ച് കഴിയുന്നുമുണ്ട്. ഹജ്ജ് കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം അനുവദിക്കേണ്ടതുണ്ട്. ഹജ്ജിന്ന് പോകുന്നവരില്‍ പകുതിയും സ്ത്രീകളാണ്. അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും സ്ത്രീകളുടെ പ്രാതിനിധ്യം സഹായകമായേക്കും.

സ്ത്രീയുടെ അച്ചടക്കം അപകടപ്പെടാതെ, അവരുടെ വ്യക്തിത്വത്തെ മാനിച്ചുകൊണ്ട് പ്രയോജനപ്രദമായ രീതിയില്‍ അവരുടെ മാന്യമായ സജീവ പങ്കാളിത്തം ഉറപ്പ് വരുത്താനായാല്‍ അത് വളരെയേറെ സല്‍ഫലങ്ങളുണ്ടാക്കും. സ്ത്രീകള്‍ പുരുഷന്മാരെ ധിക്കരിച്ചും വെല്ലുവിളിച്ചും നീങ്ങാതിരിക്കണമെങ്കില്‍ അവര്‍ക്ക് ന്യായവും മാന്യവുമായ സ്വാതന്ത്ര്യം അനുവദിക്കുകയും അവരുടെ വ്യക്തിത്വത്തെ മാനിക്കുകയും വേണം. അടിച്ചമര്‍ത്തി അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുമ്പോഴാണ് ആത്യന്തിക തീവ്രപ്രതികരണമെന്ന നിലയില്‍ നിഷേധാത്മക ദുഷ്പ്രവണതകള്‍ തലപൊക്കുന്നത്.

മലപ്പുറം ജില്ലയിലെ ശാന്തപുരത്തും ബാലുശ്ശേരിക്കടുത്ത ശിവപുരത്തും കുറെ കാലമായി മഹല്ല് കമ്മിറ്റികളില്‍ സ്ത്രീ പങ്കാളിത്തമുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി (കേരള ഘടകം) കൂടിയാലോചനാ സമിതിയില്‍ വനിതകളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ പരമാധികാര ബോഡിയായ കേന്ദ്ര പ്രതിനിധിസഭയിലും സ്ത്രീകള്‍ ഉണ്ട്. മദ്രസകളിലും സ്‌കൂളുകളിലും സ്ത്രീകള്‍ ഉത്തരവാദിത്ത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്. കണ്ണൂര്‍ അറക്കല്‍ രാജസ്വരൂപത്തിന്റെ കീഴിലുള്ള മസ്ജിദുകള്‍ ഉള്‍പ്പെടെയുള്ള വഖ്ഫിന്റെ മുതവല്ലി സ്ത്രീയാണ്. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലും സീനത്ത് ശൗക്കത്തലി (മുംബൈ) എന്ന വനിതയുണ്ട്. 

കേരളത്തിലെ സാമൂഹികക്ഷേമ വകുപ്പിന്റെ അധ്യക്ഷയായി ഖമറുന്നിസ അന്‍വര്‍ ഉണ്ടായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അധ്യക്ഷയായി മുഹ്‌സിന കിദ്വായിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹല്ലുകളെ നിയന്ത്രിക്കുന്ന വഖ്ഫ് ബോര്‍ഡ് ഓഫീസിലും വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.

പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി

സ്വര്‍ഗം മാതാവിന്റെ കാല്‍ക്കീഴില്‍

'ഇസ്‌ലാമില്‍ സ്ത്രീ രണ്ടാം പൗരയല്ല' എന്ന് സമര്‍ഥിക്കുന്ന ലേഖനം (ലക്കം 2895) കാലിക പ്രസക്തിയുള്ളതായി. ലേഖികമാരുടെ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള ആത്മവിശ്വാസത്തിലുറച്ചതാണെന്നറിയുമ്പോള്‍ ഉമ്മ, മകള്‍, ഭാര്യ, സഹോദരി, സുഹൃത്ത് എന്നീ സ്ഥാനങ്ങളില്‍ അവളര്‍ഹിക്കുന്ന പദവിയും സ്‌നേഹവും നല്‍കുന്ന പുരുഷന്മാര്‍ക്കെല്ലാം സമാധാനവും സന്തോഷവും ലഭിക്കുന്നു. അല്‍പം ഗൃഹാതുരമായി പൊള്ളുന്ന വര്‍ത്തമാനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന കവിതയും (ജിജി വി.വി, മുതുവറ) മുഖചിത്രവും ആ ലക്കത്തിന് അനുയോജ്യമായി.

റഹ്മാന്‍ ചോറ്റൂര്‍

ഊന്നല്‍ വിദ്യാഭ്യാസത്തിന് തന്നെ

സ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാളയുമായുള്ള അഭിമുഖം വായിച്ചു (ലക്കം 2894). ഈ കാലയളവില്‍ വൈജ്ഞാനിക വിഷയങ്ങളില്‍ ഇടപെടാനും പുതിയ പഠന-ചിന്താ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനുമാണ് എസ്.ഐ.ഒ തീരുമാനിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാനായി. ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലക്ക് ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഊന്നല്‍ നല്‍കേണ്ടതും വിദ്യാഭ്യാസത്തിനു തന്നെ. വൈജ്ഞാനികാടിത്തറയുള്ള, പ്രവര്‍ത്തനോന്മുഖമായ പ്രസ്ഥാനമാണ് രാജ്യത്തിനാവശ്യം. വിദ്യാര്‍ഥിവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവരുന്ന ഇതര പ്രസ്ഥാനങ്ങളില്‍ നിന്ന് എസ്.ഐ.ഒവിനെ വേര്‍തിരിക്കുന്നതും മറ്റൊന്നുമല്ല.

അബ്ദുര്‍റസാഖ് പുലാപ്പറ്റ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍