പ്രച്ഛന്ന ഫാഷിസം സമുദായത്തിനകത്തേക്കോ?
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ ചില പ്രസ്താവനകളും ചെയ്തികളും പ്രത്യേക മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. ഗുജറാത്ത് കലാപത്തെക്കുറിച്ചും നരേന്ദ്രമോദിയെക്കുറിച്ചും നടത്തിയ പ്രസ്താവനകളില്‍ ഇന്ത്യന്‍ ഫാഷിസത്തോടും അതിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയോടും മൃദുസമീപനത്തിന്റെ ലാഞ്ഛനയുണ്ടെന്നതാണ് വിവാദങ്ങള്‍ക്ക് ഹേതുവായത്. എങ്കിലും അദ്ദേഹവും അദ്ദേഹത്തിന്റെ സംഘടനയും സവര്‍ണ ഫാഷിസത്തെ പിന്തുണക്കുന്നു എന്ന് പറയാന്‍ തക്ക തെളിവുകളായി ഇതൊന്നും മുസ്‌ലിം സമുദായം പൊതുവില്‍ സ്വീകരിച്ചിട്ടില്ല. തന്നെയുമല്ല, തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്ന് അദ്ദേഹം തന്നെ പലപ്പോഴും വിശദീകരിച്ചിട്ടുമുണ്ട്. കേരളത്തിലെ സാമൂഹിക, സാമുദായിക സാഹചര്യത്തില്‍ ഒരു മുസ്‌ലിം പണ്ഡിതന് പ്രത്യക്ഷ ഫാഷിസ്റ്റ് ബാന്ധവം എളുപ്പവുമല്ല. സമുദായത്തിനകത്തെ ഏതെങ്കിലും ഒരു കക്ഷിയെ കൂടെക്കൂട്ടി പ്രതിഛായ വെളുപ്പിക്കാനുള്ള ബി.ജെ.പിയുടെ ആഗ്രഹത്തിനും ഏറ്റവും വലിയ തടസ്സം ഈ സാഹചര്യമാണ്. ഫാഷിസ്റ്റ് വിരുദ്ധ സമീപനത്തിലുള്ള സമുദായത്തിലെ ഐക്യം തകരാനുള്ള ഏത് സാധ്യതയും മാധ്യമങ്ങള്‍ ചര്‍ച്ചക്കെടുക്കും. അതിനെ സംഘടനാപരമായ മാനങ്ങളിലല്ല, ഫാഷിസത്തോടുള്ള പൊതു നിലപാടിന്റെ ഭാഗമായാണ് കാണേണ്ടത്.
ഏറ്റവും അവസാനമായി മനാമയില്‍ നടന്ന പത്രസമ്മേളനത്തില്‍ കാന്തപുരം നടത്തിയ 'ഗുജറാത്ത് കലാപത്തെക്കുറിച്ചറിയില്ല' എന്ന പ്രസ്താവന ഈ ഗണത്തില്‍ അവസാനത്തേതാണ്. എന്നാല്‍ പ്രസ്താവന വിവാദമായപ്പോള്‍ സിറാജ് ദിനപത്രത്തില്‍ കാന്തപുരത്തെ പ്രതിരോധിച്ച് വന്ന ലേഖനം (17.11.2014) ആശങ്കകള്‍ കൂടുതല്‍ തീവ്രമാക്കുന്നതാണ്. ഇടത് സഹയാത്രികനായ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന അഡ്വ. എ. ജയശങ്കറാണ് ലേഖകന്‍. ന്യൂനപക്ഷ സംവിധാനങ്ങളോടും കീഴാള, ദലിത് ആവിഷ്‌കാരങ്ങളോടും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകള്‍ കൊണ്ട് മാത്രമല്ല, സമീപകാലത്ത് സംഘ്പരിവാര വേദികളിലെ ക്ഷണിതാവ് കൂടിയെന്ന നിലയിലും ശ്രദ്ധേയനാണ് ലേഖകന്‍. 'കാന്തപുരവും ഗുജറാത്ത് കലാപവും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം ആരംഭിക്കുന്നത് കാന്തപുരം സ്തുതിയോടെയാണ്. മനാമ പത്രസമ്മേളനം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നുവെന്നും യഥാര്‍ഥത്തില്‍ കാന്തപുരം ചൂണ്ടിക്കാണിച്ചത് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥക്ക് കാരണമെന്നുമാണെന്ന് വിവരിക്കുന്നു. അതിനാലാണ് അവിടങ്ങളില്‍ ഇടക്കിടെ കലാപങ്ങളുണ്ടാകുന്നതെന്ന് വിവരിക്കുന്ന ലേഖകന്‍ പിന്നീടങ്ങോട്ട് അതിന് തെളിവായി സ്വതന്ത്ര ഇന്ത്യയിലുണ്ടായ കലാപങ്ങളുടെ ഉദാഹരണങ്ങളുദ്ധരിക്കുന്നു.
1969-ലെ അഹ്മദാബാദ് കലാപം, 1989-ലെ ഭഗല്‍പൂര്‍ കലാപം, 1980-ലെ മൊറാദാബാദ് കൂട്ടക്കൊല, 1982-ലെ മീററ്റ് ലഹള തുടങ്ങിയ സംഭവങ്ങളിലെ ഭരണകൂട, പോലീസ് സംവിധാനങ്ങളുടെ പങ്ക് വിശദമായി വിവരിക്കുന്നുണ്ട് ലേഖകന്‍. ഭരണകൂടങ്ങള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഈ സംഭവങ്ങളോട് സ്വീകരിച്ച നിലപാടുകള്‍ ലേഖനത്തില്‍ തുറന്നുകാട്ടുന്നു. അഥവാ ഇന്ത്യാ ചരിത്രത്തില്‍ ഒരു മോദി മാത്രം ചെയ്ത കാര്യമല്ല മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ എന്ന് പറഞ്ഞുവെക്കുകയാണ് ലേഖകന്‍. അതിനാല്‍ കലാപത്തില്‍ പങ്കുണ്ട് എന്നത് കൊണ്ട് മാത്രം ബി.ജെ.പിയെയും മോദിയെയും തൊട്ടുകൂടാത്തവരായി കാണുന്നതില്‍ അര്‍ഥമില്ലെന്ന് പറയാതെ പറയുന്നു.
പിന്നീട് ഗുജറാത്ത് വംശഹത്യയുടെ (ഗുജറാത്തില്‍ 2002ല്‍ നടന്നതിനെ കലാപം എന്ന് വിശേഷിപ്പിക്കുന്നത് തന്നെ സംഭവത്തെ നിസ്സാരവത്കരിക്കുന്നതിന് തുല്യമാണ്, ആസൂത്രിതമായ വംശീയ ഉന്മൂലനം എന്ന നിലയില്‍ വംശഹത്യ എന്ന പദമാണ് ഇടതുപക്ഷമടക്കം സംഭവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാറുള്ളത്) കാരണങ്ങളിേലക്ക് കടക്കുന്ന ലേഖകന്‍ കണ്ടെത്തുന്ന ഉത്തരങ്ങള്‍ ഇങ്ങനെ വായിക്കാം: ''ഗുജറാത്തില്‍ സ്ഥിരമായി കലാപമുണ്ടാകുന്ന പ്രദേശമാണ് ഗോധ്ര. അവിടെ കലാപമുണ്ടാക്കുന്നത് ഗുജറാത്തി ഹിന്ദുക്കളല്ല. സിന്ധില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയ ദരിദ്ര ഹിന്ദുക്കളാണ്. വിദ്യാ സമ്പന്നരായ മുസ്‌ലിം വിഭാഗങ്ങള്‍ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇറങ്ങാറില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന ഗഞ്ചി മുസ്‌ലിംകളാണ് അക്രമങ്ങള്‍ക്കിറങ്ങാറുള്ളത്. എല്ലാ കലാപങ്ങളിലും ഒരു വശത്ത് സിന്ധി അഭയാര്‍ഥികളും മറുവശത്ത് ഗഞ്ചി മുസ്‌ലിംകളുമാണ് ഉണ്ടാകാറുള്ളത്. നരേന്ദ്രമോദി മര്യാദക്കാരനാണെന്നോ ഗുജറാത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നോ അഭിപ്രായമില്ല. പക്ഷേ, മുസ്‌ലിംകള്‍ക്ക് ഗുജറാത്തിലുള്ള വിദ്യാഭ്യാസ പുരോഗതി പോലും യു.പിയിലോ ബീഹാറിലോ ഉണ്ടാകുന്നില്ലെന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല.'' ഈ കണ്ടെത്തലുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ പലതാണ്. ഒന്ന്, ഗുജറാത്ത് വംശഹത്യയെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമാക്കി മാറ്റുന്നു. രണ്ട്, ഗുജറാത്തില്‍ നടന്നത് ദരിദ്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമാക്കുന്നതിലൂടെ സവര്‍ണ/വരേണ്യ വിഭാഗങ്ങള്‍ക്ക് ഇതിലുള്ള പങ്കിനെ മറച്ചുവെക്കുന്നു. മൂന്ന്, മോദി ഭരണത്തിന് കീഴില്‍ മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ പുരോഗതിയുണ്ടായെന്ന് സ്ഥാപിക്കുന്നു.
ഗുജറാത്ത് വംശഹത്യയെ കേവല സാമുദായിക സംഘര്‍ഷമാക്കി ചിത്രീകരിക്കേണ്ടത് സംഘ്പരിവാറിന്റെ ആവശ്യമാണ്. നിഷ്പക്ഷമായ പല അന്വേഷണങ്ങളും അതിനെ ആസൂത്രിതമായ വംശഹത്യയാണെന്ന് തെളിവുകള്‍ നിരത്തി തുറന്നുകാട്ടിയിട്ടുണ്ട്. ഒളികാമറാ ഓപറേഷനിലൂടെ ഗുജറാത്തില്‍ നടന്നതെന്തെന്ന് പുറംലോകത്തെ അറിയിച്ച ആഷിഷ് ഖേതന്റെ തെഹല്‍ക സ്റ്റോറി ആരംഭിക്കുന്നതിങ്ങനെയാണ്: ''ഗോധ്രക്ക് ശേഷം ഗുജറാത്തില്‍ സംഭവിച്ചതൊന്നും യാദൃഛികമായതല്ല. ആസൂത്രിതമല്ലാത്ത, അനൈഛികമായ ഒരു സാമുദായിക സംഘര്‍ഷമേ ആയിരുന്നില്ല അത്. അതൊരു വംശഹത്യയും വംശവിഛേദന ശ്രമവുമായിരുന്നു (This wa a progrom. This was genocide).'' ദരിദ്ര ഹിന്ദുക്കളാണ് കലാപത്തിന് പിന്നിലെന്നത് സവര്‍ണ ഫാഷിസത്തിന്റെ തന്നെ മറ്റൊരു പ്രചാരണമാണ്. ഇത്തരത്തില്‍ മുസ്‌ലിം കൂട്ടക്കുരുതി ദലിത് വിഭാഗങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും തെളിവുകള്‍ നിരത്തി പലരും ഖണ്ഡിച്ചിട്ടുണ്ട്. ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ പുരോഗതിയുണ്ടെന്ന ലേഖകന്റെ കണ്ടെത്തലും മോദിയുടെ തെരഞ്ഞെടുപ്പ് കാലത്തെ വികസന വായ്ത്താരിക്ക് സമാനമായ പ്രചാരണം മാത്രമാണ്.
ലേഖനത്തിന്റെ അവസാന ഭാഗത്ത് ജമാഅത്തെ ഇസ്‌ലാമി എല്ലാ കാലത്തും ഛിദ്രശക്തിയാണെന്നും ഒരു കുഴപ്പമുണ്ടായാല്‍ ഒമ്പത് കുഴപ്പത്തിന് ശ്രമിക്കുന്നവരാണെന്നും പരാമര്‍ശമുണ്ട്. പ്രത്യേകിച്ചൊരു തെളിവുമില്ലാത്ത ഒരു വെറും പ്രസ്താവനയാണെങ്കിലും അത് ആരെയൊക്കെ തൃപ്തിപ്പെടുത്തും എന്ന് ലേഖകന് കൃത്യമായറിയാം. അഥവാ സമുദായത്തിലെ മുറിവുകളില്‍ ഉപ്പ് തേച്ച്, ഫാഷിസത്തിന്റെ വാദമുഖങ്ങള്‍ സമുദായത്തിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമം തീര്‍ച്ചയായും ലേഖനത്തിനുണ്ട്.
Comments