Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 5

എന്‍.എ.കെ ശിവപുരം

കെ.ടി ഹുസൈന്‍ ശിവപുരം

         എന്‍.എ.കെ ശിവപുരം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എന്‍. അഹ്മദ് കോയ മാസ്റ്റര്‍ 2014 നവംബര്‍ 15-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. ഒരു പ്രദേശത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ബഹുമുഖമായ പുരോഗതി കൈവരുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക പ്രസ്ഥാനത്തിനും അതിന്റെ ഭാഗമായ ജനസേവനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ത്യാഗിവര്യനായിരുന്നു അദ്ദേഹം.

1929-ല്‍ ജനിക്കുന്ന കാലത്ത് ശിവപുരം പ്രദേശം എല്ലാ നിലക്കും പിന്നാക്കമായിരുന്നു. വിദ്യാഭ്യാസം നേടിയവര്‍ വളരെ വിരളം. ദാരിദ്ര്യം കൊടികുത്തി വാണു. തോട്ടുവരമ്പുകളിലൂടെ മാത്രം പുറം ലോകവുമായി ബന്ധം. സമുദായ ഗാത്രത്തില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്താട്ടം. ഇതിനെല്ലാമെതിരായി പോരാടിയ വിപ്ലവകാരിയായിരുന്നു എന്‍.എ.കെ.

പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കടുത്ത എതിര്‍പ്പുകള്‍ നേരിട്ടപ്പോള്‍ അതെല്ലാം ദൃഢചിത്തനായി തരണം ചെയ്തു. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായി നിലകൊണ്ടു.കണ്ണൂരില്‍ നിന്ന് എട്ടാംതരം ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഒരു ഉല്‍പതിഷ്ണുവായാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ അനുയായിയായും. മൊറാഴ കൊലക്കേസ് പ്രതി കെ.പി.ആര്‍ ഗോപാലന്‍ ആ കാലത്ത് ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ ശിവപുരത്ത് എന്‍.എ.കെയുടെ വീട്ടിലും തങ്ങിയിരുന്നു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ എന്‍.എ.കെയുടെ ശമ്പളം കുറച്ചുകാലത്തേക്ക് തടയപ്പെട്ടിരുന്നു.

ആ ഘട്ടത്തിലാണ് ഒരു ബന്ധു മുഖേന മൗലാനാ മൗദൂദിയുടെ ഇസ്‌ലാം മതം എന്ന ഗ്രന്ഥം അദ്ദേഹത്തിന് ലഭിക്കുന്നത്. അതൊരു ദിശാ മാറ്റമായിരുന്നു. തുടര്‍ന്ന് ധാരാളം ഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഈ പരന്ന വായന അദ്ദേഹത്തെ മാറ്റിമറിച്ചു. മറ്റൊരു കാരണവും ഉണ്ടായി. ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ രഹസ്യമായി നടന്ന ഒരു സ്റ്റഡി ക്ലാസ്സില്‍ എന്‍.എ.കെയും പങ്കെടുത്തിരുന്നു. ആ ക്ലാസ്സിലെ, ദൈവത്തെപ്പറ്റിയുള്ള പരാമര്‍ശവും എന്‍.എ.കെയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കേരളത്തില്‍ ജമാഅത്തിന്റെ സ്ഥാപക നേതാവായ ഹാജി സാഹിബുമായി (വി.പി മുഹമ്മദലി) കത്തിടപാടുകള്‍ നടത്തുകയും നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. ഇതോടെ എന്‍.എ.കെ ജമാഅത്ത് പ്രവര്‍ത്തകനായി മാറി.

പ്രദേശത്തെ മദ്‌റസാ പഠനം നടന്നിരുന്നത് സ്‌കൂള്‍ സമയത്തിന് മുമ്പ് സ്ഥലത്തെ സ്‌കൂളില്‍ വെച്ചായിരുന്നു. ടി.കെ കുഞ്ഞഹമ്മദ് മൗലവിയായിരുന്നു അക്കാലത്തെ മദ്‌റസാധ്യാപകനും പള്ളിയിലെ മുദര്‍രിസും. വലിയ പണ്ഡിതന്മാരായിരുന്ന കണ്ണിയത്ത് അഹ്മദ് കോയ മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍, മടവൂര്‍ സൈനുദ്ദീന്‍ കോയ മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരും, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, സി.എം അബൂബക്കര്‍ മുസ്‌ലിയാര്‍ (മടവൂര്‍ സി.എം ഔലിയ എന്ന് അറിയപ്പെടുന്ന ആള്‍) എന്നിവര്‍ സഹപാഠികളും ആയിരുന്നു. ഉല്‍പതിഷ്ണുവായ എന്‍.എ.കെയും യാഥാസ്ഥിതിക പണ്ഡിതനായ ടി.കെ മൗലവിയും നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. പിന്നീട് ഇവര്‍ രണ്ടു പേരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കര്‍മധീരരായ പ്രവര്‍ത്തകരായി. കോഴിക്കോട് ജില്ലയില്‍ പ്രസ്ഥാന വളര്‍ച്ചയില്‍ ഇരുവരുടെയും പങ്ക് വളരെ വലുതായിരുന്നു.

നാട്ടില്‍ വമ്പിച്ച എതിര്‍പ്പുകളും ബഹിഷ്‌കരണങ്ങളും അരങ്ങേറി. അതെല്ലാം അതിജീവിച്ചുകൊണ്ട് പ്രസ്ഥാനം മുന്നേറി. പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി തന്നെ നാട്ടിന്റെ ബഹുമുഖ പുരോഗതിക്കും എന്‍.എ.കെ പ്രയത്‌നിച്ചു. ഒറ്റപ്പെട്ടു കിടന്നിരുന്ന പ്രദേശത്ത് വര്‍ഷങ്ങള്‍ നീണ്ട ശ്രമഫലമായി റോഡുകളുണ്ടായി. റോഡിന്റെ പിതാവ് എന്ന് അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടിരുന്നു.

പത്രങ്ങള്‍ എത്തിപ്പെടാത്ത നാട്ടില്‍ കിലോമീറ്ററുകളോളം നടന്ന് ബാലുശ്ശേരിയില്‍ നിന്ന് പത്രം വാങ്ങി സ്വന്തമായി വായിക്കുകയും നാട്ടുകാര്‍ക്ക് വായനക്ക് നല്‍കുകയും ചെയ്തു. 1950-കളില്‍ പോലും 'ശിവപുരവാണി' എന്ന കൈയെഴുത്ത് ത്രൈദിന പത്രം പുറത്തിറക്കി. സമദര്‍ശി വായനശാലയും ലൈബ്രറിയും സ്ഥാപിച്ചു. വയോജന ക്ലാസ്സുകള്‍ സംഘടിപ്പിച്ച് നിരക്ഷരരായ ദലിതര്‍ ഉള്‍പ്പെടെയുള്ളവരെ അക്ഷര വെളിച്ചത്തിലേക്ക് നയിച്ചു. സാഹിത്യ സമാജങ്ങളും പ്രസംഗ പരിശീലന ക്ലാസ്സുകളും കൈയെഴുത്ത് മാസികകളും മുഖേന തലമുറകളെ വിദ്യാസമ്പന്നരാക്കി. അദ്ദേഹം പ്രദേശത്തെ സ്‌കൂളില്‍ ആദ്യമായി അധ്യാപകനായി ചേര്‍ന്നപ്പോള്‍ ടി.കെ ഇബ്‌റാഹീം (ടൊറണ്ടോ) സാഹിബും ഈ ലേഖകനും നാലാം ക്ലാസ്സില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളായിരുന്നു. നിഴല്‍ പോലെ അദ്ദേഹം ഞങ്ങളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അബലയുടെ പ്രതികാരം, തുര്‍ക്കി വിപ്ലവം, അമീര്‍ ഹംസ, ഇസ്‌ലാമിലെ മായാത്ത കാല്‍പാടുകള്‍ തുടങ്ങി അക്കാലത്ത് പ്രചാരത്തിലുള്ള ഗ്രന്ഥങ്ങള്‍ ഞങ്ങളെ കൊണ്ട് വായിപ്പിച്ചു. എല്‍.പി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പഠനം നിര്‍ത്തിയ ഒട്ടനവധി വിദ്യാര്‍ഥികളെ ഉപദേശിച്ചും സാമ്പത്തിക സഹായം നല്‍കിയും തുടര്‍ വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുകയും കേരളത്തിന്റെ നാനാ ഭാഗങ്ങളിലേക്കും പഠനത്തിനായി അയക്കുകയും ചെയ്തു.

ആറു പതിറ്റാണ്ടുകള്‍ക്കപ്പുറവും ആതുര സേവന രംഗത്ത് അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രോഗികളെ ശുശ്രൂഷിക്കുന്നതിന് രാത്രിയും പകലും ഊഴമിട്ട് കുട്ടികളായ ഞങ്ങളെയടക്കം സേവനം ചെയ്യിപ്പിച്ച് പരിശീലിപ്പിച്ചു. സാധു സംരക്ഷണ നിധിയും പലിശരഹിത നിധിയും വെല്‍ഫെയര്‍ സൊസൈറ്റിയും മറ്റും  നാട്ടില്‍ യാഥാര്‍ഥ്യമാക്കിയതിന്റെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നാട്ടിലെ എല്ലാവര്‍ക്കും അവയുടെ ഗുണഫലങ്ങള്‍ ലഭിച്ചിരുന്നു. നാട്ടിലെ റോഡുകള്‍, വൈദ്യുതി, അംഗനവാടി, ബസ് സര്‍വീസ് എല്ലാറ്റിനും അദ്ദേഹം മാര്‍ഗദര്‍ശനം ചെയ്തു.

കോഴിക്കോട് ജില്ലയിലെ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. ഇസ്‌ലാമിക ചരിത്രവും ആനുകാലിക പൊതു ചരിത്രവും ഉള്‍പ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വളരെ ആകര്‍ഷകങ്ങളായിരുന്നു. നാട്ടില്‍ 1953-ല്‍ രൂപീകരിച്ച ജമാഅത്തെ ഇസ്‌ലാമി അനുഭാവി ഹല്‍ഖയുടെ നാസിം അദ്ദേഹമായിരുന്നു. പില്‍ക്കാലത്ത് കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, പേരാമ്പ്ര ഏരിയകളുടെ പ്രസിഡന്റായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയായും, കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ് സംസ്ഥാന സെക്രട്ടറിയായപ്പോള്‍ അദ്ദേഹത്തിന്റെ സഹായിയായും പ്രവര്‍ത്തിച്ചു. ലേഖനങ്ങളും കവിതകളും എഴുതുമായിരുന്നു. സംഘടനകളുടെ നിയമാവലികള്‍ എഴുതിയുണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു. ശിവപുരം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, മസ്ജിദുല്‍ ഫലാഹ് മഹല്ല്, പഴയ ജുമുഅത്ത് പള്ളി മഹല്ല്, ഐ.എ.സി അസോസിയേഷന്‍, വായനശാല തുടങ്ങി നാട്ടിലും പരിസരത്തുമുള്ള പല സംഘടനകളുടെയും ബൈലോ എഴുതുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.

നാട്ടില്‍ പൊതുവായുള്ളതിനു പുറമെ സ്വന്തമായി അപൂര്‍വമായ ധാരാളം ഗ്രന്ഥങ്ങളടങ്ങുന്ന ഒരു ഹോം ലൈബ്രറിയും എന്‍.എ.എക്ക് ഉണ്ടായിരുന്നു. സ്‌കൂള്‍ അധ്യാപകനായ അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളത്തില്‍നിന്ന് നല്ലൊരു ഭാഗം ഗ്രന്ഥങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും വേണ്ടി ചെലവിടുമായിരുന്നു.

ഒരുകാലത്ത് ഫിത്വ്ര്‍ സകാത്ത് വീടുകളില്‍ ചെന്ന് ആവശ്യക്കാര്‍ വാങ്ങുകയായിരുന്നു പതിവ്. ആ അവസരത്തില്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, വീടുകളില്‍നിന്ന് ലഭിച്ചിരുന്ന അരി ശേഖരിച്ച് വിതരണം ചെയ്യുന്ന സമ്പ്രദായം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇപ്പോള്‍ മസ്ജിദുല്‍ ഫലാഹ് മഹല്ലിന്റെ കീഴില്‍ വളരെ ഭംഗിയായി സംഘടിത ഫിത്വ്ര്‍ സകാത്ത് ശേഖരണവും വിതരണവും നടക്കുന്നു. വനിതകള്‍ക്ക് അംഗത്വം നല്‍കിയ വളരെ ചുരുക്കം മഹല്ല് കമ്മിറ്റികളില്‍ ഒന്നാണ് ശിവപുരം മസ്ജിദുല്‍ ഫലാഹ്.

അടിയന്തരാവസ്ഥക്കാലത്ത് ജില്ലയിലെ മറ്റു നേതാക്കളോടൊപ്പം ശിവപുരത്ത് നിന്ന് എന്‍.എ.കെയെയും ടി.കെ മൗലവിയെയും അറസ്റ്റ് ചെയ്തു ജയിലിടച്ചിരുന്നു. പ്രദേശത്തെ കരിമല എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്ന അദ്ദേഹം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയാ പ്രസിഡന്റ്, ഐ.എ.സി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, പേരാമ്പ്ര ദാറുന്നുജൂം യതീംഖാനാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു. 

 

എന്‍.എ.കെ - 
മറക്കാനാവാത്ത അധ്യാപകനും നേതാവും

         കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല കേന്ദ്രങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ ശിവപുരം. കേരള ജമാഅത്തിന് പ്രമുഖരായ പലരെയും സംഭാവന ചെയ്യാന്‍ ശിവപുരത്തിന് ഭാഗ്യമുണ്ടായി.

കേരളത്തില്‍ തന്നെ ആദ്യകാല പ്രാസ്ഥാനിക നേതാക്കളില്‍ ഒരാളായിരുന്നു എന്‍.എ.കെ എന്ന പേരില്‍ അറിയപ്പെടുന്ന എന്‍. അഹ്മദ് കോയ ശിവപുരം. അദ്ദേഹവുമായുള്ള എന്റെ ബന്ധം ചെറുപ്പത്തിലേ തുടങ്ങുന്നു. ശിവപുരത്തെ പ്രാഥമിക വിദ്യാലയത്തില്‍ എന്റെ അധ്യാപകനായിരുന്നു അദ്ദേഹം. എന്റെ സ്മൃതി പഥത്തില്‍ മങ്ങാതെ നില്‍ക്കുന്ന മാതൃകാ അധ്യാപകന്‍.

1950-കളില്‍ മറ്റേതൊരു പ്രദേശത്തെയും പോലെ ശിവപുരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ, വിദ്യാഭ്യാസമില്ലാത്ത നാടായിരുന്നു. അവിടെ വെളിച്ചം കൊണ്ടുവരുന്നതില്‍ ഒന്നാമനായിരുന്നു എന്‍.എ.കെ. പിന്നീട് എന്റെ ജ്യേഷ്ഠന്‍ ടി.കെ കുഞ്ഞഹമ്മദ് മൗലവി അവിടത്തെ പ്രസ്ഥാന നേതൃത്വത്തില്‍ പ്രഥമ പങ്കു വഹിച്ചെങ്കിലും പ്രസ്ഥാനത്തിന്റെ ആദ്യ കിരണങ്ങള്‍ക്ക് കാരണക്കാരന്‍ എന്‍.എ.കെയായിരുന്നു. ജ്യേഷ്ഠന്‍ യാഥാസ്ഥിതിക സുന്നീപശ്ചാത്തലത്തില്‍ വളര്‍ന്ന ആളാണ്. ഞങ്ങളുടെ പിതാവ് ഹുസൈന്‍ മുസ്‌ലിയാര്‍ പൊന്നാനിയില്‍ പഠിച്ച ആളായിരുന്നു. ആ കാലത്തെ ഉന്നത പണ്ഡിതന്മാരായിരുന്ന കണ്ണിയത്ത് അഹ്മദ് കോയ മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യനായിരുന്നു ജ്യേഷ്ഠന്‍. എന്‍.എ.കെയാവട്ടെ വളരെ നേരത്തേ തന്നെ ഉല്‍പതിഷ്ണു ചിന്താഗതിക്കാരനായിരുന്നു. അദ്ദേഹവും ജ്യേഷ്ഠനുമായി നിരന്തരമായ സംവാദങ്ങളും കത്തെഴുത്തുകളും ഉണ്ടായി. ഉല്‍പതിഷ്ണുത്വവും യാഥാസ്ഥിതികത്വവും തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ എന്‍.എ.കെയുടെ ശക്തമായ വാദഗതികള്‍ക്ക് മമ്പില്‍ ജ്യേഷ്ഠന്‍ പരാജയപ്പെട്ടുവെന്ന് പറയാം.

ജ്യേഷ്ഠന്‍ ശിവപുരത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും അറിയപ്പെട്ട പണ്ഡിതനായിരുന്നു. ആ പട്ടം നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ഭൗതിക നേട്ടങ്ങള്‍ ഏറെ ഉണ്ടാകുമായിരുന്നു. പ്രസ്ഥാന ബന്ധം മൂലം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ബാലുശ്ശേരിയിലേക്ക് പോലും ബസ്സിന് കൂലി കൊടുക്കാന്‍ പ്രയാസപ്പെടുന്ന ജ്യേഷ്ഠനെയാണ് ഞാന്‍ കണ്ടത്.

എന്‍.എ.കെയിലേക്ക് മടങ്ങാം. അദ്ദേഹം ചിന്തകനും എഴുത്തുകാരനുമായിരുന്നു. പ്രബോധനത്തിന്റെ പഴയ ലക്കങ്ങള്‍ അതിന് സാക്ഷിയാണ്.

എനിക്ക് അദ്ദേഹവുമായി കുടുംബബന്ധം ഉണ്ടായിരുന്നു. എന്റെ പിതാമഹനും അദ്ദേഹത്തിന്റെ പിതാമഹനും ജ്യേഷ്ഠാനുജന്മാരാണ്. അവരായിരുന്നു കപ്പുറം ജുമഅത്ത് പള്ളി മുതവല്ലിമാര്‍. ഇവര്‍ രണ്ടു പേരും പ്രസ്ഥാനവുമായി മുന്നോട്ടുപോയപ്പോള്‍ രണ്ടു തറവാടുകളിലെയും ഭൂരിഭാഗം ആളുകളും എതിരാളികളായി മാറി. മൗലിദും റാത്തീബും മറ്റുമായി കഴിഞ്ഞ്, ദീനിനെ അതില്‍ പരിമിതമാക്കി മനസ്സിലാക്കിയ അവര്‍ക്ക് 'മൗദൂദിസം' എന്ന 'പുത്തന്‍ പ്രസ്ഥാന'ത്തോട് പുഛമായിരുന്നു. 'സുന്നി മൂത്ത് വഹാബിയായി, വഹാബി മൂത്ത് മൗദൂദിയായി' എന്നായിരുന്നു അന്നത്തെ ശകാരം.

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളില്‍ ശിവപുരം സന്ദര്‍ശിക്കാത്ത ഒരാളുമുണ്ടാകില്ല. ജമാഅത്ത് സ്ഥാപകന്‍ ഹാജി വി.പി മുഹമ്മദലി സാഹിബ് മുതല്‍ ഇന്നത്തെ അമീര്‍ ആരിഫലി സാഹിബ് വരെ പ്രസംഗ പരിപാടികളില്‍ പങ്കെടുക്കുകയും ഈ നാടിന് വെളിച്ചമേകുകയും ചെയ്തിട്ടുണ്ട്. അല്ലാഹു അവര്‍ക്കെല്ലാം സ്വര്‍ഗം നല്‍കുമാറാകട്ടെ. അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ശുഹദാക്കളുടെയും കൂട്ടത്തില്‍ എന്‍.എ.കെയെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ. 

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /59-63
എ.വൈ.ആര്‍