Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 5

ഹസന്‍ തുറാബിയും ഉമറുല്‍ ബശീറും അനുരഞ്ജനത്തിലേക്ക്?

അബൂസ്വാലിഹ

ഹസന്‍ തുറാബിയും ഉമറുല്‍ ബശീറും അനുരഞ്ജനത്തിലേക്ക്?

         കഴിഞ്ഞ ഒക്‌ടോബര്‍ 23 മുതല്‍ 25 വരെയായിരുന്നു സുഡാനിലെ ഭരണകക്ഷിയായ അല്‍ മുഅ്തമറുല്‍ വത്വനി(ദേശീയ കോണ്‍ഗ്രസ്)യുടെ  പൊതുസമ്മേളനം. ഇത്തരമൊരു സമ്മേളനം പാര്‍ട്ടി ഭരണഘടന പ്രകാരം അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ളതാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവായ ഡോ. ഹസന്‍ തുറാബി ഈ സമ്മേളനത്തില്‍ പങ്കെടുക്കുക മാത്രമല്ല, പ്രസംഗിക്കുകയും ചെയ്തു! ദേശീയ കോണ്‍ഗ്രസ് നേതാവും സുഡാന്‍ പ്രസിഡന്റുമായ ഉമറുല്‍ ബശീറുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പോര് തുടരുന്ന ഹസന്‍ തുറാബിയുടെ ഈ നിലപാട് മാറ്റം രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്. ദേശീയ ഐക്യത്തെക്കുറിച്ചാണ് 82-കാരനായ തുറാബി തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. മുന്‍ പ്രധാനമന്ത്രിയും 'ഹിസ്ബുല്‍ ഉമ്മ'യുടെ നേതാവുമായ സ്വാദിഖുല്‍ മഹ്ദി ഒഴികെയുള്ള നേതാക്കളുമായെല്ലാം പൊതു പ്രശ്‌നങ്ങളില്‍ ചില ധാരണകളില്‍ എത്താന്‍ ഉമറുല്‍ ബശീറിന് കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഒരുകാലത്ത് തന്റെ ഗുരുവും പിന്നീട് കടുത്ത പ്രതിയോഗിയുമായിത്തീര്‍ന്ന ഹസന്‍ തുറാബിയെ പലതവണ അദ്ദേഹം ജയിലിലടച്ചിട്ടുണ്ടെങ്കിലും, മഞ്ഞുരുക്കത്തിന്റെ ശുഭസൂചനകളാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍, താന്‍ രൂപം നല്‍കിയ അല്‍ മുഅ്തമറുശ്ശഅ്ബി എന്ന പാര്‍ട്ടിയെ മാതൃ സംഘടനയില്‍ ലയിപ്പിക്കാനൊന്നും തുറാബി തയാറായിട്ടില്ല.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പോലെയാണ് അല്‍ മുഅ്തമറുല്‍ വത്വനിയുടെ സമ്മേളനം നടക്കുക. താഴെ തട്ടില്‍ നിന്നേ തുടങ്ങും സമ്മേളനങ്ങള്‍. അവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുക. പാര്‍ട്ടി അധ്യക്ഷനെയും 400 അംഗ കൂടിയാലോചനാ സമിതിയെയും തെരഞ്ഞെടുക്കുന്നതും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും ഈ സമ്മേളനമാണ്. അടുത്ത വര്‍ഷം, സുഡാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത്തവണ താന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉമര്‍ ബശീര്‍ തീര്‍ത്ത് പറഞ്ഞെങ്കിലും, ദേശീയ സമ്മേളനം 93 ശതമാനം വോട്ടോടെ അദ്ദേഹത്തെ മത്സരത്തിനിറങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് സമ്മേളനത്തില്‍ സംബന്ധിച്ച പാക് പത്രപ്രവര്‍ത്തകന്‍ അബ്ദുല്‍ ഗഫ്ഫാര്‍ അസീസ് എഴുതുന്നു.

തന്റെ ഭരണകാലത്ത് ഒട്ടേറെ പ്രതിസന്ധികളെയാണ് ഉമറുല്‍ ബശീറിന് അഭിമുഖീകരിക്കേണ്ടിവന്നത്. 22 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷം തെക്കന്‍ സുഡാന്‍ വേറിട്ട് പോയി. പാശ്ചാത്യ രാഷ്ട്രങ്ങളും അയല്‍ രാഷ്ട്രങ്ങളും ദാര്‍ഫൂര്‍ മേഖലയില്‍ ഇപ്പോഴും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നു. എണ്ണ പര്യവേക്ഷണത്തിന് ചൈനീസ് കമ്പനികള്‍ വന്നെങ്കിലും എണ്ണ നിക്ഷേപമുള്ള വലിയൊരു ഭാഗം ദക്ഷിണ സുഡാന്റെ നിയന്ത്രണത്തിലാണ്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഉമറുല്‍ ബശീറിനെ തന്നെ വിചാരണ ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കരുനീക്കങ്ങള്‍ നടത്തുന്നു. തന്റെ പാര്‍ട്ടിയുടെ പിന്‍ബലം തന്നെയാണ് ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഉമറുല്‍ ബശീറിന് കരുത്ത് നല്‍കുന്നത്. 

 

ഹൈക്കോടതിയില്‍ തകര്‍ന്നുവീണ മറ്റൊരു ഭീകരക്കഥ

         ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ പുറത്തിറക്കിയ ഒരു അന്വേഷണ റിപ്പോര്‍ട്ടുണ്ട്- Framed, Damned, Acquitted: Dossier of a 'very' Special Cell. അടുത്ത കാലത്ത് കള്ളക്കേസുകളില്‍ കുരുങ്ങി തടവറയില്‍ ജീവിതം തള്ളിനീക്കേണ്ടിവന്ന ഒരുപറ്റം മുസ്‌ലിം ചെറുപ്പക്കാരുടെ കരളലിയിക്കുന്ന കഥകളാണ് അതില്‍ അനാവരണം ചെയ്തിരിക്കുന്നത്. ഒടുവില്‍ നിരപരാധികളാണെന്ന് കണ്ട് അവര്‍ വിട്ടയക്കപ്പെടുമ്പോഴേക്ക് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിരിക്കും. അതിലേക്ക് ചേര്‍ക്കേണ്ട മറ്റൊരു കഥ കൂടി ഇതാ- മുഹമ്മദ് അമീന്‍ വാനിയുടെയും ലുത്വ്ഫുര്‍റഹ്മാന്റെയും. 2007 ജനുവരി നാലിനാണ് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അവരെ അറസ്റ്റ് ചെയ്യുന്നത്. ചാര്‍ത്തപ്പെട്ട കുറ്റം: 'റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ഭീകരാക്രമണങ്ങള്‍ക്ക് പരിപാടിയിട്ടു.' ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹര്‍കത്തുല്‍ ജിഹാദെ ഇസ്‌ലാമി (ഹുജി)യുടെ ആള്‍ക്കാരാണിവരെന്നായിരുന്നു പോലീസ് ഭാഷ്യം. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ്, രണ്ടു പേരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് 2010 ഫെബ്രുവരി 16-ന് വിധിയെഴുതുകയും ചെയ്തു.

വിധിക്കെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോഴാണ് കള്ളക്കഥകളുടെ ചുരുളഴിയാന്‍ തുടങ്ങിയത്.  രണ്ട് പേരെയും അറസ്റ്റ് ചെയ്യുമ്പോള്‍, അമീന്‍ വാനിയുടെ കൈയില്‍ നാലര ലക്ഷം രൂപയുടെ കള്ളപ്പണവും ലുത്വ്ഫുര്‍റഹ്മാന്റെ കൈയില്‍ ഒന്നര കിലോ സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. അത് കുറ്റത്തിന്റെ ഗൗരവം കൂട്ടാന്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന സ്‌ഫോടകവസ്തുക്കളും, പരിശോധനക്കായി ലാബിലേക്കയച്ച സാമ്പിളും വ്യത്യസ്തമായിരുന്നു എന്നും തെളിഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തത് ദല്‍ഹിയില്‍ വെച്ചായിരുന്നു എന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നതെങ്കിലും, കശ്മീരിയായ മുഹമ്മദ് അമീന്‍ വാനിയെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി കശ്മീരില്‍ നിന്ന് പിടിച്ചുകൊണ്ട് വരികയായിരുന്നു.

കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ദല്‍ഹി ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി പ്രസ്താവത്തെ  മീഡിയ കണ്ടതായി നടിച്ചില്ല. പേരിന് പോലും മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഇരുവരെയും ദിവസങ്ങളോളം 'കൊടും ഭീകരന്മാരാ'ക്കി ആഘോഷിച്ചതിന്റെ ചളിപ്പ് കൊണ്ടാകാം. കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിന്യായത്തിന്റെ പൂര്‍ണ രൂപം കാണുക: (http'\www.qaumiawaz.in/2014/10/hc-judgement-terror-accused-ameen-wani.html).

 

കൊളംബസോ മുസ്‌ലിം നാവികരോ?

        ''ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തുന്നതിന് 314 വര്‍ഷം മുമ്പ്, അതായത് ക്രി. 1178-ല്‍ തന്നെ മുസ്‌ലിം നാവികര്‍ അവിടെയെത്തിയിട്ടുണ്ട്.'' ലാറ്റിന്‍ അമേരിക്കയില്‍ നിന്നെത്തിയ മുസ്‌ലിം നേതാക്കളെ അഭിമുഖീകരിച്ചുകൊണ്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു: ''ക്യൂബന്‍ കടല്‍ തീരത്തെ ഒരു കുന്നില്‍ ഒരു മുസ്‌ലിം പള്ളി കണ്ടതായി ക്രിസ്റ്റഫര്‍ കൊളംബസ് തന്റെ ഓര്‍മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. ആ പള്ളി അവിടെ പുനര്‍നിര്‍മിച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ സംരംഭത്തോട് ക്യൂബക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.'' ഇസ്തംബൂളില്‍ വെച്ചായിരുന്നു ഉര്‍ദുഗാന്റെ പ്രസ്താവന. പക്ഷേ, ആനുഷംഗികമായി നടത്തിയ ഈ പരാമര്‍ശത്തെ വളച്ചൊടിച്ച് വിവാദമാക്കാനാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ തുനിഞ്ഞത്. അമേരിക്ക കണ്ടുപിടിച്ചത് കൊളംബസ് അല്ല, മുസ്‌ലിം നാവികരാണ് എന്ന് ഉര്‍ദുഗാന്‍ പറഞ്ഞെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. തങ്ങള്‍ വര്‍ഷങ്ങളോളം ചരിത്ര പുസ്തകങ്ങളിലും പാഠപുസ്തകങ്ങളിലും എഴുതിപ്പിടിപ്പിച്ച 'അമേരിക്ക കണ്ട് പിടിച്ചത് കൊളംബസ്' എന്ന വഷളത്തത്തിന്റെ ഒരു പങ്ക് ഉര്‍ദുഗാനുമിരിക്കട്ടെ എന്നവര്‍ കരുതിക്കാണും. പതിനായിരം വര്‍ഷത്തെ സംസ്‌കാരവും നാഗരികതയും സ്വന്തമായുള്ള ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഒരു ഭൂഖണ്ഡത്തെയാണല്ലോ ക്രി. 1492-ല്‍ നമ്മുടെ കൊളംബസ് കണ്ടുപിടിച്ച് കളഞ്ഞത്!

കൊളംബസിന് മുമ്പേ മുസ്‌ലിം നാവികര്‍ അവിടെ എത്തിയിട്ടുണ്ട് എന്നേ ഉര്‍ദുഗാന്‍ പറഞ്ഞുള്ളൂ. മധ്യകാല സമുദ്ര സഞ്ചാരത്തിലെ കേമന്മാര്‍ മുസ്‌ലിംകളായിരുന്നതുകൊണ്ട് അത്തരമൊരു നിഗമനം വളരെ സ്വാഭാവികവുമാണ്. ചരിത്രാന്വേഷകരാണ് അതുസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ നല്‍കേണ്ടത്. യൂറോപ്പിലെ വൈക്കിംഗ്-ബാസ്‌ക് വിഭാഗങ്ങള്‍ കൊളംബസിന് എത്രയോ മുമ്പേ അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്ന മറ്റൊരു വായനയും ഉണ്ട്. കൊളംബസ് അമേരിക്കയെ 'വീണ്ടും കണ്ടെത്തുക'(rediscover)യായിരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. അമേരിക്കയിലെ പ്രാക്തന നാഗരികതകളുടെ നശീകരണത്തിന് തുടക്കം കുറിച്ചയാള്‍ എന്നതാണ് കൊളംബസിന് ചേരുന്ന യഥാര്‍ഥ വിശേഷണം.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /59-63
എ.വൈ.ആര്‍