Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 5

പുതിയ സമവാക്യങ്ങളുടെ കാലത്ത് <br>സോളിഡമാരിറ്റിക്ക് എന്തെല്ലാം ചെയ്യാനുണ്ട്

ടി. മുഹമ്മദ് വേളം/ സമദ് കുന്നക്കാവ് /അഭിമുഖം

'പൗരാവകാശം തന്നെയാണ് ജനാധിപത്യം' 

സോളിഡാരിറ്റി ജില്ലാ സമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം സംസാരിക്കുന്നു.

 

'പൗരാവകാശം തന്നെയാണ് ജനാധിപത്യം' എന്ന പ്രമേയം മുന്‍നിര്‍ത്തി സോളിഡാരിറ്റി ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് വരികയാണല്ലോ? ഇതിന്റെ പുതിയകാല പ്രസക്തി?

സോളിഡാരിറ്റി തുടക്കം മുതല്‍ തന്നെ രണ്ട് വിഷയങ്ങളിലാണ് ഇടപെട്ടിരുന്നത്. വികസനത്തെക്കുറിച്ച് ഇരകളുന്നയിച്ച ചോദ്യങ്ങളെ സോളിഡാരിറ്റി ആദ്യത്തില്‍ തന്നെ ഏറ്റെടുക്കുകയുണ്ടായി. ഇതിലൂടെ നിലവിലുള്ള വികസന സങ്കല്‍പങ്ങള്‍ക്ക് തിരുത്ത് പറയാന്‍ സോളിഡാരിറ്റി ശ്രമിച്ചു. അതുപോലെ തന്നെ സോളിഡാരിറ്റി ഏറ്റെടുത്ത വിഷയമാണ് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍. ഇതില്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ രണ്ടാമത്തെ അറസ്റ്റ് സോളിഡാരിറ്റി സജീവമായി ഇടപെട്ട ഒരു പൗരാവകാശ വിഷയമാണ്. അതിനെത്തുടര്‍ന്ന് അത്തരം ധാരാളം വിഷയങ്ങളില്‍ സോളിഡാരിറ്റി ഭാഗഭാക്കായി. അതിന്റെ തുടര്‍ച്ചയാണ്, 2011 സെപ്റ്റംബറില്‍ ദേശീയ തലത്തിലുള്ള സമാന സംഘടനകളുമായും പൗരാവകാശ പ്രവര്‍ത്തകരുമായും യോജിച്ച് ദല്‍ഹി കോണ്‍സ്റ്റിയൂന്‍ ക്ലബ്ബില്‍ 'പീപ്പിള്‍സ് ഹിയറിംഗ് ഓണ്‍ ഫാബ്രിക്കേറ്റഡ് കേസസ്' എന്ന രണ്ടു ദിവസത്തെ പരിപാടി സോളിഡാരിറ്റി സംഘടിപ്പിച്ചത്. ശേഷം കേരളത്തില്‍ പരപ്പനങ്ങാടിയിലെ സക്കരിയ്യ, കണ്ണൂരിലെ ശമീര്‍, മനാഫ്, കോഴിക്കോട് യഹ്‌യ കമ്മുകുട്ടി, കെ.കെ ശാഹിന, ഡി.എച്ച്.ആര്‍.എം, മാവോയിസ്റ്റ് കേസുകള്‍ തുടങ്ങി ധാരാളം വിഷയങ്ങളില്‍ സോളിഡാരിറ്റി സജീവമായി ഇടപെട്ടു. അതിനെത്തുടര്‍ന്നാണ് 2014 ജൂണ്‍ 14, 15 തീയതികളില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ 'കെട്ടിച്ചമച്ച കേസുകളുടെ ജനകീയ തെളിവെടുപ്പ്' പരിപാടിയും സോളിഡാരിറ്റി സംഘടിപ്പിച്ചത്. മോദികാലത്ത് പൗരാവകാശങ്ങള്‍ ഉന്നയിക്കുന്നതും ഉറപ്പുവരുത്തുന്നതും വളരെ പ്രധാനമാണെന്ന് സോളിഡാരിറ്റി മനസ്സിലാക്കുന്നു. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും നല്ല വളക്കൂറുള്ള മണ്ണായി ഇന്ത്യ മാറുകയും  അമേരിക്കയുടെ ഏകധ്രുവ ലോകത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തതോടുകൂടി പൗരാവകാശ ലംഘനമെന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രകടമായൊരു സ്വഭാവമായി വളരുകയായിരുന്നു. മോദിയുടെ അധികാരാരോഹണം ഇതിനെ കൂടുതല്‍ ത്വരിതപ്പെടുത്തുകയാണ് ചെയ്തത്. അതിനാല്‍ ഭരണഘടനയുടെ തന്നെ ആത്മാവായ പൗരാവകാശങ്ങള്‍ ശക്തമായി ഉന്നയിക്കുകയെന്നത് രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളെ സംബന്ധിച്ച് അതിജീവനത്തിനുള്ള പ്രധാനപ്പെട്ട വഴിയാണെന്ന് സോളിഡാരിറ്റി മനസ്സിലാക്കുന്നു.

സോളിഡാരിറ്റി ഉയര്‍ത്തുന്ന പൗരാവകാശ സംബന്ധമായ വിഷയങ്ങള്‍ ആത്യന്തികമായി ജനകീയ സമരങ്ങള്‍ക്കു കൂടി ഗുണം കിട്ടുന്നതല്ലേ? 

ജനകീയ സമരങ്ങള്‍ രണ്ട് ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ഒന്ന്, വികസനത്തെക്കുറിച്ച ചോദ്യമാണ്. സാമ്പ്രദായിക വികസന രീതി യഥാര്‍ഥ വികസനമാണോ, അത് സുസ്ഥിരമാണോ എന്നതാണ് ഒരു ചോദ്യം. അല്ലായെന്നാണ് ഓരോ ജനകീയ സമരവും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുപോലെത്തന്നെ ജനകീയ സമരങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു സ്റ്റേറ്റ്‌മെന്റ് പൗരാവകാശത്തിന്റേതാണ്. ഗവണ്‍മെന്റിനോട്, ഗവണ്‍മെന്റ് പോളിസികളോട് വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് ഓരോ ജനകീയ സമരങ്ങളും മുന്നോട്ടുവെക്കുന്നത്. ഉദാഹരണത്തിന്, കൂടംകുളം ആണവനിലയത്തിനെതിരായ സമരം. സമരം നടത്തുന്ന ഇരന്തിക്കരയിലെ മത്സ്യതൊഴിലാളികള്‍, എസ്.പി ഉദയകുമാര്‍ എന്ന ജനകീയ സമര പ്രവര്‍ത്തകന്‍ തുടങ്ങി പലരും ഭരണകൂടത്തിന്റെ പ്രതിപ്പട്ടികയിലാണ്. ആണവ നിലയങ്ങള്‍ സസ്റ്റൈനബിള്‍ ഡവലപ്‌മെന്റിന്റെ ഭാഗമാണോ, ആരോഗ്യകരമായ വികസന ക്രമത്തിന്റെ ഭാഗമാണോ എന്നത് ആണവ ശാസ്ത്രകാരന്മാര്‍ക്കിടയില്‍ തന്നെ തര്‍ക്കമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ കൂടംകുളം ആണവ നിലയത്തിനെതിരെ ജനങ്ങള്‍ സംഘടിക്കുന്നു; പ്രത്യേകിച്ച് ജപ്പാനിലെ ഫുക്കൂഷിമ ആണവ ദുരന്തത്തിനു ശേഷമാണ് സമരം ശക്തിപ്പെട്ടത്. 

ആണവ നിലയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പോളിസിയെ ജനാധിപത്യപരമായാണ് കൂടംകുളത്തുകാര്‍ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരായി രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. ഗവണ്‍മെന്റിന്റെ പോളിസിയെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികള്‍ എന്നൊരു സമവാക്യം ഇതിലൂടെ രൂപപ്പെടുകയാണ്. ഇത് വലിയൊരു പൗരാവകാശ പ്രശ്‌നമാണ്. ആണവനിലയം വേണമെന്ന് അഭിപ്രായപ്പെടുന്നവര്‍ പോലും പ്രതികരിക്കേണ്ട ഒരു വിഷയമായിരുന്നു ഇത്. എല്ലാ ജനകീയ സമരങ്ങളിലും ഇത് കാണാവുന്നതാണ്. സമരം ചെയ്യാനും വിയോജിക്കാനുമുള്ള അവകാശത്തെ അടിച്ചമര്‍ത്താനാണ് ഗവണ്‍മെന്റുകള്‍ ശ്രമിച്ചു പോന്നിട്ടുള്ളത്. ജനാധിപത്യത്തിന്റെ അന്ത്യത്തിലാണ് ഇത് ചെന്നെത്തുക. പൗരാവകാശങ്ങള്‍ ജനകീയ സമരങ്ങളുമായി വളരേയേറെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ആദ്യം നേരിടാന്‍ ശ്രമിച്ചത് ജനകീയ സമര പ്രവര്‍ത്തകരെയും ജനകീയ സമരങ്ങളെയുമാണ്. എന്‍.ജി.ഒ ചാപ്പകുത്തി, വിദേശഫണ്ടിന്റെ പേര് പറഞ്ഞ് ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമം മോദി സര്‍ക്കാര്‍ നടത്തി. ഇത് കഴിഞ്ഞ യു.പി.എ ഗവണ്‍മെന്റിന്റെ നീക്കത്തിന്റെ തുടര്‍ച്ചയാണ്. ഇതിനെതിരെ സോളിഡാരിറ്റി കേരളത്തില്‍ വ്യാപകമായി കാമ്പയിന്‍ നടത്തിയിരുന്നു. 'അവര്‍ ആദ്യം തേടിവരുന്നത് ജനകീയ സമരങ്ങളെ' എന്നതായിരുന്നു കാമ്പയിന്‍ പ്രമേയം. അതിനാല്‍ പൗരാവകാശം ഏറ്റവും പ്രസക്തമാവുന്ന ഒരു ഇടം ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ടതാണ്.

സോളിഡാരിറ്റിയുടെ ഇടപെടല്‍ ചരിത്രത്തിലെ വലിയൊരു സാന്നിധ്യമാണല്ലോ ജനകീയ സമരങ്ങള്‍. ഇപ്പോള്‍ അതില്‍ നിന്നുള്ള ഒരു പിന്‍മടക്കം സോളിഡാരിറ്റിയില്‍ സംഭവിച്ചിട്ടുണ്ടോ? അത്തരമൊരു വിമര്‍ശനം നിലനില്‍ക്കുന്നുണ്ടല്ലോ?

ജനകീയ സമരങ്ങളില്‍ നിന്ന് സോളിഡാരിറ്റി പിന്‍വാങ്ങിയിട്ടില്ല. ആ മേഖലയില്‍ സോളിഡാരിറ്റി ഇപ്പോഴും സജീവമാണ്. കേരളത്തില്‍ നേരത്തേ നടന്നുകൊണ്ടിരിക്കുന്ന പാലിയേക്കര സമരമായാലും ദേശീയപാത സമരമായാലും കാതികുടം നിറ്റിന്‍ ജലാറ്റിന്‍ കമ്പനിക്കെതിരായ സമരമായാലും ഏറ്റവും അടുത്ത് നടന്ന ആദിവാസികളുടെ നില്‍പ്പുസമരമായാലും അതിലെല്ലാം സോളിഡാരിറ്റിയുടെ സാന്നിധ്യം ശക്തമാണ്. പക്ഷേ, സോളിഡാരിറ്റിയുടെ പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെടുന്ന ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെടുകയും അവര്‍ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തില്‍, തെരുവുകളില്‍ സജീവമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ സോളിഡാരിറ്റിക്ക് ധാരാളം ബഹുജനങ്ങളെ അണിനിരത്തി ജനകീയ സമരങ്ങളെ പിന്തുണക്കാന്‍ ചില പരിമിതികളുണ്ട്. അതേസമയം സോളിഡാരിറ്റിയുടെ പ്രവര്‍ത്തകര്‍ സമരമുഖത്ത് സജീവമാണ്. സോളിഡാരിറ്റി ഒരു സംഘടന എന്ന നിലക്കുതന്നെ അതിന്റേതായ അര്‍ഥത്തില്‍ സമരമുഖങ്ങളില്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തുകയും ജനകീയ സമരങ്ങളെ വലിയ അളവില്‍ ഇന്നും പിന്തുണക്കുകയും ചെയ്യുന്നു. ആളുകളെ സംഘടിപ്പിച്ച് കൊടുക്കുക എന്നത് മാത്രമല്ല ജനകീയ സമരങ്ങള്‍ക്ക് സോളിഡാരിറ്റി നല്‍കിയ സഹായം. ജനകീയ സമരങ്ങള്‍ക്ക് പലവിധത്തിലുള്ള പിന്തുണ സോളിഡാരിറ്റി നല്‍കിപ്പോന്നിട്ടുണ്ട്. ആ പിന്തുണകള്‍ ഇന്നും നല്‍കുന്നുണ്ട്. വൈജ്ഞാനികമായ പഠന ഗവേഷണങ്ങള്‍ സോളിഡാരിറ്റി ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. ദേശീയപാത സമരത്തെ വൈജ്ഞാനിക പിന്തുണകൊണ്ട് സോളിഡാരിറ്റി ശക്തിപ്പെടുത്തിയിട്ടുണ്ട്. കാതികുടം എന്‍.ജി.എല്‍ കമ്പനി നടത്തുന്ന പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് സോളിഡാരിറ്റിയുടെ മുന്‍കൈയില്‍ ശാസ്ത്രീയ പഠനം ഈ അടുത്ത് നടക്കുകയുണ്ടായി. ആ രൂപത്തില്‍ തന്നെ ഇനിയും ജനകീയ സമരങ്ങളെ പിന്തുണക്കുകയും ചെയ്യും.

'പൗരാവകാശം തന്നെയാണ് ജനാധിപത്യം' എന്നു സോളിഡാരിറ്റി പറയുമ്പോള്‍ അത് മുസ്‌ലിം സമുദായമെന്ന കള്ളിയില്‍ മാത്രം ഒതുങ്ങിപ്പോകുന്നുണ്ടോ?

രാജ്യത്തെ എല്ലാ പൗരന്മാരുടെയും പൗരന്മാരെന്ന നിലക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതാണ് സോളിഡാരിറ്റി ഈ പ്രമേയം കൊണ്ട് അര്‍ഥമാക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യപരമായ അന്തസ്സത്ത കാത്തുസൂക്ഷിക്കുകയും തിരിച്ചുപിടിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ അര്‍ഥം. പൗരാവകാശങ്ങള്‍ ആര്‍ക്കാണോ നിഷേധിക്കപ്പെടുന്നത് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പൗരാവകാശത്തെ രാഷ്ട്രീയമായി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കേണ്ടത്. രാജ്യത്തെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ദലിതുകള്‍, ആദിവാസികള്‍, ജനകീയ സമര പ്രവര്‍ത്തകര്‍, മുസ്‌ലിംകള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സമൂഹം മുസ്‌ലിംകളാണ്. സാമ്രാജ്യത്വം മുസ്‌ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്നു. ദേശീയ ഭരണകൂടങ്ങള്‍ അത്തരം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഏറ്റെടുക്കുന്നു. അതിലൂടെ മുസ്‌ലിം സമൂഹത്തിന് വ്യാപകമായി പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. അതിനാല്‍ ഏതൊരു പൗരാവകാശ പ്രക്ഷോഭത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കളായി തീരുക മുസ്‌ലിം സമൂഹമാണ്. അതിലൂടെ ഏറ്റവും സംരക്ഷിക്കപ്പെടുക മുസ്‌ലിംകളുടെ അവകാശങ്ങളാണ്. 

ഭരണകൂട ഭീകരതയുടെ കെടുതികള്‍ മുസ്‌ലിംകള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നതില്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ ഒരു കാരണമാകുന്നില്ലേ? 

ഇസ്‌ലാമോഫോബിയ ഇന്ത്യയിലെ ഒരു യാഥാര്‍ഥ്യമാണ്. ചരിത്രത്തില്‍ ഇതിനുമുമ്പും സമാനമായ ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. മധ്യകാലഘട്ടത്തിനൊടുവില്‍ യൂറോപ്പില്‍ ജൂതന്മാര്‍ക്കെതിരായി രൂപപ്പെട്ടിരുന്ന  വിദ്വേഷത്തിന്റെ കാലം ഇതിനുദാഹരണമാണ്. അന്ന് യൂറോപ്പ് ജനസംഖ്യയുടെ പകുതിയിലധികം പ്ലേഗ് ബാധിച്ച് മരണപ്പെടുകയുണ്ടായി. പ്ലേഗിന് കാരണം ജൂതന്മാര്‍ അവിടത്തെ ഭൂരിപക്ഷ സമൂഹമായ ക്രൈസ്തവരുടെ കിണറുകളില്‍ വിഷം കലര്‍ത്തിയതാണ് എന്ന പ്രചാരണം വ്യാപകമാവുകയും അതോടുകൂടി ജൂതന്മാര്‍ക്കെതിരായ കൂട്ടക്കൊലകള്‍ വ്യാപകമാവുകയും ചെയ്തു. ഇത് ആധുനിക കാലത്ത് ഹിറ്റ്‌ലറിന്റെ ഗ്യാസ് ചേംബറുകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും വരെ എത്തിച്ചേരുകയുണ്ടായി. ഈ പ്രവണതയെയാണ് ആന്റിസെമിറ്റിസം എന്ന് വിളിച്ചുപോരുന്നത്. യൂറോപ്പ് പിന്നീട് അതില്‍ ഖേദിക്കുകയും ആന്റി സെമിറ്റിസം ഒരു ക്രിമിനല്‍ കുറ്റമായി നിയമം കൊണ്ടുവരികയും ചെയ്തു. 

ഇതിനു സമാനമായ ഒരനുഭവത്തിലൂടെ യൂറോപ്പും അമേരിക്കയും വീണ്ടും കടന്നുപോവുകയാണ്. ഇസ്‌ലാമിനോടുള്ള വെറുപ്പാണ് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്. ഇതിന് യൂറോപ്യന്‍ നാഗരികതയുടെ ഉത്ഭവവുമായി പോലും ബന്ധമുണ്ട്. യഥാര്‍ഥത്തില്‍ അറബ് ഇസ്‌ലാമിക നാഗരികതയുടെ നേട്ടങ്ങളെ ഉപയോഗപ്പെടുത്തിയാണ് യൂറോപ്യന്‍ നവോത്ഥാനം സംഭവിക്കുന്നത്. പക്ഷേ, യൂറോപ്പ് യൂറോപ്യന്‍ നാഗരികതയെ സ്വയം നിര്‍വചിക്കുമ്പോള്‍ അതിന്റെ എതിര്‍ സ്ഥാനത്ത് കണ്ടിരുന്നത് ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയുമാണ്. അത് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം ഒന്നുകൂടി ശക്തമാവുകയുണ്ടായി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് മുമ്പ് സാമ്രാജ്യത്വം ലോകത്തോട് പറഞ്ഞിരുന്നത് കമ്യൂണിസമെന്ന ഭൂതത്തെ പിടിച്ചുകെട്ടാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കുക എന്നതായിരുന്നു. സാമ്രാജ്യത്വത്തിന്റെ എല്ലാ ചെയ്തികളെയും അവര്‍ സ്വയം ന്യായീകരിച്ചത് സോവിയറ്റ് യൂനിയനെ ചൂണ്ടിക്കാട്ടിയായിരുന്നു. 

എന്നാല്‍, സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കുശേഷം ഒരു ശത്രുവിനെ നഷ്ടപ്പെട്ട സാമ്രാജ്യത്വം യൂറോപ്യന്‍ നാഗരികതയുടെ അപരസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന ഇസ്‌ലാമിനെ മുഖ്യ ശത്രുസ്ഥാനത്തേക്ക് കൊണ്ടുവരികയാണ് ചെയ്തത്. ഇതിലൂടെ ലോക വ്യാപകമായി ഇസ്‌ലാംഭീതി പ്രചരിപ്പിക്കപ്പെട്ടു. ഇസ്‌ലാമെന്നത് ഭയപ്പെടേണ്ടതും വെറുക്കപ്പെടേണ്ടതുമാണ് എന്ന ബോധം സാമ്രാജ്യത്വ അനുകൂല മാധ്യമങ്ങളെയും മാസ് മീഡിയയെയും ഉപയോഗപ്പെടുത്തി പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇതാണ് ഇന്ന് തഴച്ചു വളര്‍ന്നുനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയുടെ ചരിത്ര പശ്ചാത്തലം. ഒരു യുക്തിയുമില്ലാത്തതാണ് ഇപ്പോള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍. അതുകൊണ്ടുതന്നെ ആന്റി സെമിറ്റിസത്തിന്റെ കാര്യത്തിലെന്നപോലെ നാളെ പാശ്ചാത്യ ലോകത്തിന് ഇസ്‌ലാമോഫോബിയയുടെ വിഷയത്തിലും ഖേദം പ്രകടിപ്പിക്കേണ്ടിവരും. 

നിയമമാണ് ജനാധിപത്യത്തിന്റെ അവസാന വാക്ക് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയിലുള്ളത്. നിയമത്തിന്റെ അകത്തു നിന്നും റൈറ്റ് ചോദിക്കാമെന്നിരിക്കെ കരിനിയമങ്ങള്‍ എടുത്തു നീക്കണമെന്ന സോളിഡാരിറ്റിയുടെ വാദങ്ങളില്‍ ശരികേടില്ലേ?

അത്തരമൊരു മനോഭാവം തെറ്റാണ്. നിയമമാണ് ജനാധിപത്യം എന്നല്ല, ജനാധിപത്യത്തിനനുസരിച്ച് നിയമങ്ങളുണ്ടായിത്തീരുകയാണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് നിയമത്തില്‍ നിരന്തരമായ പരിഷ്‌കരണങ്ങള്‍ നമുക്ക് നടത്തേണ്ടിവരുന്നത്. അല്ലെങ്കില്‍ ഏതെങ്കിലും ഒരുകാലത്ത് നിയമമുണ്ടാക്കിയാല്‍ കാലാകാലത്തേക്ക് ആ നിയമം തന്നെ കാത്തുസൂക്ഷിച്ചാല്‍ മതിയാകുമായിരുന്നു. ജനാധിപത്യത്തിന്റെ അവസാന വാക്ക് നിയമമല്ല. ജനാധിപത്യത്തെക്കുറിച്ചുള്ള ഉയര്‍ന്ന സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്തുകയും പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയുമാണ് വേണ്ടത്. രാജ്യത്തിന്റെ ഭരണഘടനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കരിനിയമങ്ങള്‍ പടച്ചെടുക്കാനുമുള്ള വകുപ്പുകളുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഭരണകൂട അതിക്രമങ്ങള്‍ക്കെതിരെ കോടതികളെ സമീപിച്ചപ്പോള്‍ കോടതി പറഞ്ഞത് ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല, കാരണം, നിയമപരമായി മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്. ഭരണാധികാരിക്ക് ഒരു നിശ്ചിത കാലത്തേക്ക് മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യാമെന്നു പറയുന്നത് വളരെ അപകടകരവും  ഭരണഘടനയുടെ ചൈതന്യത്തിന് എതിരുമാണ്. അതുകൊണ്ട് ഉയര്‍ന്ന ജനാധിപത്യത്തിനനുസരിച്ച് നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയുമാണ് വേണ്ടത്. അടിയന്തരാവസ്ഥക്കും കരിനിയമങ്ങള്‍ക്കുള്ള ഇടം ഇല്ലാതാക്കി രാജ്യത്ത് ഭരണഘടന കൂടുതല്‍ ജനാധിപത്യപരമായി പരിഷ്‌കരിക്കുകയാണ് വേണ്ടത്.

മനുഷ്യാവകാശങ്ങളെക്കുറിച്ച സോളിഡാരിറ്റിയുടെ ശബ്ദങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്ന നിരീക്ഷണത്തെ എങ്ങനെ നോക്കിക്കാണുന്നു?

സോളിഡാരിറ്റിയുടെ ഇടപെടലുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. രാജ്യത്തിന്റെ യഥാര്‍ഥ പ്രതിപക്ഷം എന്ന് പറയാവുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പുറമെ ജനകീയ സമരക്കാര്‍ ഇവരുടെയെല്ലാം ശബ്ദത്തിന് ശക്തിപകരുകയാണ് സോളിഡാരിറ്റി ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം രാജവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെ ഭാഗമാണ് സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള എ.പി.സി.ആര്‍ എന്ന മനുഷ്യാവകാശ സന്നദ്ധ സംഘടന ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ജനകീയ സമര പ്രവര്‍ത്തകരുടെ ശബ്ദത്തെ സമാഹരിക്കുകയും ശക്തിപ്പെടുത്തുകയുമാണ് സോളിഡാരിറ്റി ചെയ്യുന്നത്. സോളിഡാരിറ്റി കേരളത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്നില്ല. പതിനാല് ജില്ലകളിലും നടക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ദേശീയ അതിഥികള്‍ രാജ്യവ്യാപകമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന വ്യക്തികളാണ്. അവരുടെ ഒരു ഏകോപനം, ഐക്യമുന്നണി അനൗപചാരികമായി ശക്തിപ്പെടുത്തുക എന്നത് സോളിഡാരിറ്റിയുടെ അജണ്ടയാണ്. ഈ സമ്മേളനത്തിന്റെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യമാണിത്. 

പൗരാവകാശ മേഖലയിലുള്ള ഇടപെടലുകളുടെ ഗുണഫലങ്ങള്‍ സമൂഹത്തില്‍ കാണാന്‍ കഴിയുന്നുണ്ടോ?

തീവ്രവാദ വിഷയങ്ങള്‍ തൊട്ടാല്‍ പൊള്ളും എന്നതാണ് സമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്ന ധാരണ. അത് ശരിയുമാണ്. കേരളീയ സമൂഹമാണെങ്കില്‍ ഭരണകൂട ഭക്തിയും ഭീതിയും വളരെ അധികമുള്ള സമൂഹമാണ്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യ പൊതുവില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ്സിനെ എതിര്‍ത്തപ്പോഴും വന്‍ഭൂരിപക്ഷത്തോടെ പ്രതിപക്ഷം ജയിച്ചപ്പോഴും, ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയുമുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴും കോണ്‍ഗ്രസിനെ ജയിപ്പിച്ച പാരമ്പര്യമുള്ള സമൂഹമാണ് നമ്മള്‍. പക്ഷേ, മുസ്‌ലിം സമൂഹത്തില്‍ വലിയ മാറ്റമാണ് ഈ വിഷയത്തില്‍  നടന്നുകൊണ്ടിരിക്കുന്നത്. അരക്ഷിതമായ ന്യൂനപക്ഷ സമൂഹമെന്ന നിലക്കും ഭീകരവാദമാരോപിച്ച് വേട്ടയാടപ്പെടുന്ന സമൂഹമെന്ന നിലക്കും രാജ്യസ്‌നേഹം നിരന്തരം സംശയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന  സമൂഹമെന്ന നിലക്കും ഇക്കാര്യത്തില്‍ വലിയൊരു ഭീതി മുസ്‌ലിം സമൂഹത്തിനുണ്ട്. സോളിഡാരിറ്റി വളരെ അവധാനതയോടും ഏറെ ജനാധിപത്യപരമായും മാനവികമായും ഈ വിഷയങ്ങളെ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ സ്വാഭാവികമായും മുസ്‌ലിം സമൂഹത്തിന് ആത്മവിശ്വാസം ലഭിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. സോളിഡാരിറ്റിയല്ലാത്ത സംഘടനകളും ഈ രംഗത്ത് മറ്റു സ്വഭാവത്തിലുള്ള ചുവടുവെപ്പുകള്‍ നടത്തുന്നുണ്ട്. ഈയടുത്ത് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി, കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കുകയുണ്ടായി. അതുപോലെ ഔദ്യോഗിക മുജാഹിദ്  പ്രസ്ഥാനത്തിന്റെ യുവജന സംഘടനയായ ഐ.എസ്.എം കരിനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കി. മുസ്‌ലിം ലീഗ് അബ്ദുന്നാസര്‍ മഅ്ദനിയുടെ അറസ്റ്റിന്റെ സമയത്തും മറ്റു നിരവധി തീവ്രവാദ ആരോപണ കേസുകളുടെ സന്ദര്‍ഭങ്ങളിലുമെല്ലാം അതിശക്തമായി ഭരണകൂടത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ച സംഘടനയാണ്. യൂത്ത് ലീഗ് നേതാവായിരുന്ന കെ.എം. ഷാജി തീവ്രവാദത്തെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ കരിനിയമങ്ങള്‍ തന്നെ കൊണ്ടുവരണമെന്ന് ലേഖനമെഴുതുകയുണ്ടായി. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നതായിരുന്നു ലീഗിന്റെ എപ്പോഴുമുള്ള നിലപാട്. അവരിലാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്.  ഈ ചുവട് മാറ്റത്തിന് സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് കോഴിക്കോട് നടന്ന ജനകീയ തെളിവെടുപ്പും മറ്റും വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നുതന്നെയാണ് നമ്മള്‍ മനസ്സിലാക്കുന്നത്. 

കേരളത്തിലെ യുവാക്കള്‍ക്ക് സോളിഡാരിറ്റി നല്‍കുന്ന യൂത്ത് അജണ്ടയെന്താണ്?

സോളിഡാരിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും യൂത്ത് അജണ്ടയാണ്. സോളിഡാരിറ്റി സമൂഹത്തിലെ ആരും ഏറ്റെടുക്കാന്‍ ധൈര്യപ്പെടാത്ത സാഹസികത ആവശ്യപ്പെടുന്ന നിരവധി വിഷയങ്ങള്‍ ഏറ്റെടുക്കുന്നു. തീവ്രവാദ-പൗരാവകാശ വിഷയങ്ങള്‍ തന്നെ അതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ്. ചെറുപ്പക്കാരുടെ ഒരു ടേസ്റ്റ് എന്നുപറയുന്നത് സാഹസികമായ കാര്യങ്ങള്‍ ഏറ്റെടുക്കുക, അതിലൂടെ പുതുവഴികള്‍ വെട്ടിത്തെളിക്കുക എന്നതാണ്. അതേപോലെ യുവാക്കളുടെ ധാര്‍മികമായ പരിധികള്‍ക്കകത്തുള്ള എല്ലാ ടേസ്റ്റുകളും അജണ്ടകളും സോളിഡാരിറ്റി മുന്നോട്ട് വെക്കുന്നു. ഫിലിം ഫെസ്റ്റിവെലുകള്‍ സംഘടിപ്പിക്കുന്നു. ധാരാളം ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ആത്മ സംസ്‌കരണ പ്രധാനമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കൃഷി, കായിക മത്സരങ്ങള്‍ മുതലായവ ഏറ്റെടുത്ത് നടത്തുന്നു. വളരെ സമീകൃതമായ യൂത്ത് അജണ്ടയാണ് സോളിഡാരിറ്റി മുന്നോട്ട് വെക്കുന്നത്. സോളിഡാരിറ്റിയില്‍ അണിനിരന്ന് ഈ അജണ്ടയുടെ ഭാഗഭാക്കായി തങ്ങളുടെ യൗവനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സമൂഹത്തിനും രാജ്യത്തിനും സേവനമര്‍പ്പിക്കാന്‍ ചെറുപ്പക്കാര്‍ സന്നദ്ധമാവണമെന്നാണ് സോളിഡാരിറ്റിക്ക് കേരളത്തിലെ ചെറുപ്പക്കാരോട് പറയാനുള്ളത്. 

യുവാക്കളുടെ ആത്മ സംസ്‌കരണത്തിന് സവിശേഷമായി എന്ത് വഴികളാണ് കാണുന്നത്?

ഇസ്‌ലാമിക ആദര്‍ശത്തില്‍ അടിയുറച്ച് മുന്നോട്ട് പോകുന്ന ഒരു യുവജന പ്രസ്ഥാനമെന്ന നിലക്ക് മുസ്‌ലിം ചെറുപ്പക്കാരുടെ ആത്മ സംസ്‌കരണം സോളിഡാരിറ്റിയുടെ തുടക്കകാലം മുതലേയുള്ള പ്രധാനപ്പെട്ട പരിഗണനാ വിഷയമാണ്. സുന്നത്ത് നോമ്പുകള്‍, ഇഫ്താര്‍ പരിപാടികള്‍, പ്രാര്‍ഥനാ പുസ്തകം, ഇഅ്തികാഫ് സംഗമങ്ങള്‍, ജമാഅത്ത് നമസ്‌കാരം കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ നിരവധി പരിപാടികളിലൂടെ സോളിഡാരിറ്റി മുസ്‌ലിം ചെറുപ്പക്കാരെ കൂടുതല്‍ മതാഭിമുഖ്യമുള്ളവരാക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ യുവാക്കളെ ആത്മ സംസ്‌കരണം സിദ്ധിച്ചവരാക്കിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം സമൂഹത്തില്‍ നിന്നും ചെറുപ്പക്കാര്‍ക്കിടയില്‍ നിന്നും വലിയ പിന്തുണയാണ് സോളിഡാരിറ്റിക്ക് ഈ രംഗത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /59-63
എ.വൈ.ആര്‍