Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 5

മാനേജ്‌മെന്റ് കാര്യക്ഷമമാക്കാന്‍ <br>പത്തു നിര്‍ദേശങ്ങള്‍

മുഹമ്മദലി എ. /ലേഖനം

         പുതിയ കാലത്ത് വളരെയേറെ വളര്‍ന്നു വികസിച്ചിട്ടുള്ള വിജ്ഞാനശാഖയാണ് മാനേജ്‌മെന്റ് പഠനം. ബിസിനസ് സ്ഥാപനങ്ങളുടെ മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക സേവന പദ്ധതികള്‍, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെയും കാര്യക്ഷമമായ ഭരണനടത്തിപ്പില്‍ മാനേജ്‌മെന്റ് വൈദഗ്ധ്യം ഇന്ന് നിര്‍ണായക ഘടകമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാനേജ്‌മെന്റില്‍ ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കുള്ള BBM, BBA, PGDM, MBA തുടങ്ങിയ കോഴ്‌സുകളില്‍ ചേരാന്‍ താല്‍പര്യമെടുക്കുന്നവര്‍ വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. കൊമേഴ്‌സ്, എഞ്ചിനീയറിംഗ്, മെഡിസിന്‍ എന്നീ ശാഖകളിലെ ബിരുദധാരികളില്‍ പലരും ബിരുദാനന്തര പഠനത്തിന് എം.ബി.എ ഓപ്റ്റ് ചെയ്യുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള കോഴ്‌സുകളും മാനേജ്‌മെന്റ് പഠനമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

മെച്ചപ്പെട്ട ജോലിസാധ്യതകളും ഇതര മേഖലകളെയപേക്ഷിച്ച് ഉയര്‍ന്ന വരുമാനവും മാനേജ്‌മെന്റ് പഠനം ആകര്‍ഷകമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു. ഗുണനിലവാരമുള്ള പഠനകേന്ദ്രങ്ങളില്‍ യോഗ്യരും പരിചയസമ്പന്നരുമായ അധ്യാപകരില്‍ നിന്നു ലഭിക്കുന്ന ശിക്ഷണം മാനേജ്‌മെന്റ് ബിരുദധാരികളുടെ കര്‍മശേഷിയും കാര്യക്ഷമതയും ഗണ്യമായി വര്‍ധിക്കുവാന്‍ കാരണമാകുന്നുവെന്നതും അനിഷേധ്യമാണ്. ഫിനാന്‍സിംഗ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്, ടാക്‌സേഷന്‍, അക്കൗണ്ടിംഗ് തുടങ്ങിയവയില്‍ വ്യവസ്ഥാപിത പഠനം മാനേജ്‌മെന്റ് ബിരുദങ്ങള്‍ നേടാന്‍ അനിവാര്യമാണ്. വിവിധ സ്ഥാപനങ്ങളുടെ ഭരണ നടത്തിപ്പിന്റെ ചുമതലയേല്‍പ്പിക്കപ്പെടുന്നവര്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ അനിവാര്യമാണ് ഈ മേഖലകളിലെ പഠനങ്ങളൊക്കെ.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഇതര മതസ്ഥാപനങ്ങളുടെയും അടിയന്തര ശ്രദ്ധയും മുന്‍ഗണനയും അര്‍ഹിക്കുന്ന വിഷയമെന്ന നിലക്ക് ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ പരിശോധിക്കുകയാണിവിടെ.

കാലഘട്ടത്തിന്റെ ആവശ്യം

പ്രാഥമിക വിദ്യാഭ്യാസതലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്കാണ് തുടക്കത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം സ്വാഭാവികമായും മുന്‍ഗണന നല്‍കിയത്. സമൂഹത്തിന് ഇസ്‌ലാമികമായി നേതൃത്വം നല്‍കാനും പുതിയ കാലത്ത് ശരിയായ അടിത്തറകളിലൂന്നി നിന്നുകൊണ്ട് പ്രബോധന ദൗത്യം നിര്‍വഹിക്കാനും യോഗ്യരായവര്‍ വേണമെന്നത് പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ തുടക്കം മുതലേ അനുഭവപ്പെട്ട ആവശ്യമായിരുന്നു. ഇരുപതാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിതമായ ഇസ്‌ലാമിക കലാലയങ്ങളിലൂടെ ഈയാവശ്യം ഒരളവോളം നിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധിച്ച സാധ്യതകളും ആവശ്യങ്ങളും കണക്കിലെടുത്ത് ഇത്തരം യോഗ്യതകളുള്ളവരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരേണ്ടതുണ്ട് താനും.

അതോടൊപ്പം, പുതിയ പല ആവശ്യങ്ങളും ഇക്കാലയളവില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നതും കാണാതിരുന്നുകൂടാ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുപുറമെ പ്രസ്ഥാനാഭിമുഖ്യത്തോടെ നിലവില്‍വന്ന പത്ര-മാധ്യമ സ്ഥാപനങ്ങള്‍, ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, പൊതുസേവന സംരംഭങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പ് കാര്യക്ഷമമാകാന്‍ പ്രസ്ഥാനാഭിമുഖ്യത്തോടൊപ്പം മാനേജ്‌മെന്റ് വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം ഒഴിച്ചുകൂടാന്‍ വയ്യാത്തതായിത്തീര്‍ന്നിട്ടുണ്ടിന്ന്. ആകയാല്‍ നിലവിലുള്ള കലാലയങ്ങള്‍ ഭാവിതലമുറക്ക് ഈ മേഖലയില്‍ വൈദഗ്ധ്യം നേടാനുപയുക്തമായ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ തുടങ്ങുന്നതിനുപുറമെ വിവിധ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് ചുമതലകള്‍ വഹിക്കുന്നവര്‍ക്കായി ഹ്രസ്വകാല പരിശീലനം നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. വിവിധ സംഘടനകള്‍ക്ക് കീഴിലുള്ള  ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കാണ് ഫലപ്രദമായും വ്യവസ്ഥാപിതമായും ഇക്കാര്യം ഏറ്റെടുക്കാന്‍ തുടക്കത്തില്‍ കഴിയുക. കേരള മുസ്‌ലിംകളിലെ വിവിധ വിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും ഇതിന്റെ ഗുണഫലം ലഭ്യമാകാന്‍ ഇത്‌വഴി സാധ്യമാകും.

പ്രായോഗിക നടപടികള്‍

ഓരോ സംഘടനകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അക്കാദമിക് കൗണ്‍സിലുകള്‍ അനുയോജ്യമായ പഠന-പരിശീന കോഴ്‌സുകള്‍ അംഗീകൃത യൂനിവേഴ്‌സിറ്റി കോഴ്‌സുകളില്‍നിന്ന് തെരഞ്ഞെടുക്കുകയോ, പുതുതായി നടപ്പാക്കാവുന്ന കോഴ്‌സുകളുടെ പാഠ്യപദ്ധതികള്‍ സ്വയം തയാറാക്കുകയോ ചെയ്തുകൊണ്ട് ഇതിനു തുടക്കം കുറിക്കാവുന്നതാണ്.

പഠന-പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുന്നതോടൊപ്പം ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു വശമുണ്ട്. ഇത്തരം പരിശീലന പരിപാടികളിലൂടെ ഭരണനിര്‍വഹണ വൈദഗ്ധ്യം നേടുന്ന പുതുതലമുറക്ക് ആകര്‍ഷകമായ വേതനവും ആനുകൂല്യങ്ങളും ലഭ്യമാകുംവിധം സ്ഥാപനങ്ങളുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കേണ്ടിവരും. ചുമതലകളേറ്റെടുക്കുന്നവരെ സ്വസ്ഥാനങ്ങളില്‍ നിലനിര്‍ത്താന്‍ മാത്രമല്ല, പുതിയ കോഴ്‌സുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും അതനിവാര്യമാണ്. ഉയര്‍ന്ന ചുമതലകളില്‍ നിയമിതരാകുന്നവരുടെ അധിക കഴിവുകള്‍ അവരുടെ ക്വാളിറ്റി മെച്ചപ്പെടുത്തുകയും അത് സ്ഥാപനത്തിന്റെ ഉല്‍പാദനക്ഷമത (Productivity) ഗണ്യമായി ഉയര്‍ത്തുകയും ചെയ്യുമെന്നുറപ്പുള്ളതിനാല്‍ ഇങ്ങനെ ഉയര്‍ന്ന വേതനം നല്‍കുന്നത് സ്ഥാപനങ്ങള്‍ക്ക് ഭാരമാവുകയില്ല.

കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍

ഔപചാരികമായ പഠന, പരിശീലനങ്ങള്‍ക്കുപുറമെ സ്ഥാപനങ്ങളില്‍ വിവിധ ചുമതലകള്‍ വഹിക്കുന്നവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുതകുന്ന ചില സംഗതികള്‍ കൂടി ചര്‍ച്ച ചെയ്യാം.

i) ആസൂത്രണം (പ്ലാനിംഗ്)

ഏതൊരു കാര്യവും ഫലപ്രദമായി നടപ്പാക്കുന്നതില്‍ മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ പങ്ക് അതിപ്രധാനമാണ്. പുതുതായി ഒരു സ്ഥാപനമോ സംരംഭമോ തുടങ്ങുമ്പോള്‍ അതിന്റെ ആവശ്യകത, പ്രസക്തി, ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍, ആവശ്യമായ സൗകര്യങ്ങള്‍ (സ്ഥലം, കെട്ടിടം, ഉപകരണങ്ങള്‍...), ജീവനക്കാര്‍, വരുമാന സ്രോതസ്സ്, കണക്കാക്കപ്പെടുന്ന ചിലവിനങ്ങള്‍, ഗുണഭോക്താക്കളുടെ (Beneficiaries) എണ്ണം, ആവശ്യമായ നിയമാനുമതികള്‍, ഉല്‍പന്നങ്ങളുടെ വിപണന സാധ്യത തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വസ്തുനിഷ്ഠമായ ഒരു സാധ്യതാപഠനം (Feasibility Study) സ്വന്തമായോ യോഗ്യരായ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചോ നടത്തുന്നത് ശരിയായ ആസൂത്രണത്തിന്റെ ആദ്യപടിയാണ്. ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മുന്‍കൂട്ടി വ്യക്തമായ ധാരണയുണ്ടാവാനും വേണ്ട നടപടികള്‍ അപ്പപ്പോള്‍ കൈക്കൊള്ളാനും ഇത് സഹായിക്കും. മുന്‍ധാരണയില്ലാത്ത പ്രശ്‌നങ്ങള്‍ ഇടക്ക് ഉയര്‍ന്ന്‌വന്ന് സ്ഥാപനത്തിന്റെയും സംരംഭത്തിന്റെയും മുന്നോട്ടുപോക്കിന് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാനും ഇതുമൂലം കഴിയും. വേണ്ടത്ര ആലോചനയും ആസൂത്രണവുമില്ലാതെ തുടങ്ങുന്ന സംരംഭങ്ങള്‍ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ കാരണമായി ഇടക്കുവെച്ച് മുടങ്ങിപ്പോവുന്ന അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ടല്ലോ.

ii) പ്രായോഗികത ഉറപ്പുവരുത്തുക: ഏതു കാര്യത്തിലും എടുക്കുന്ന തീരുമാനങ്ങളുടെ പ്രായോഗികത ഉറപ്പുവരുത്തുകയെന്നതും കാര്യക്ഷമമായ ഭരണനടത്തിപ്പില്‍ പ്രധാനമാണ്. ഒരു പ്രശ്‌നം പരിഹരിക്കാനെടുക്കുന്ന തീരുമാനം താത്ത്വികമായി ശരി തന്നെയാവാം. പക്ഷേ അത് പ്രായോഗികമാണോ എന്ന കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ചില കാര്യങ്ങള്‍ പ്രതികൂല സാഹചര്യങ്ങള്‍ നിമിത്തമോ, വിഷയ ബാഹ്യമായ കാരണങ്ങളാലോ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതിരിക്കുകയോ, പ്രാവര്‍ത്തികമാക്കുന്ന പക്ഷം നിഷേധാത്മക ഫലങ്ങളുളവാക്കുകയോ ചെയ്‌തേക്കാം. അതെല്ലാം കണക്കിലെടുത്ത്, എടുക്കുന്ന തീരുമാനം നിഷേധാത്മക ഫലങ്ങളില്ലാതെ നടപ്പാക്കാന്‍ കഴിയുമെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തേണ്ടതുണ്ട്.

ഉല്‍പന്നത്തിന് മാര്‍ക്കറ്റില്‍ ഡിമാന്റ് വര്‍ധിച്ചതും, അധിക ഓര്‍ഡറുകള്‍ ലഭിക്കുന്നതും കണക്കിലെടുത്ത് ഒരു വ്യവസായശാലയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ട അവസ്ഥയുണ്ടായെന്നു സങ്കല്‍പിക്കുക. നിലവിലുള്ള യന്ത്രസാമഗ്രികളും ജീവനക്കാരെയും വെച്ചുകൊണ്ടുതന്നെ ഉല്‍പാദനം ഉദ്ദിഷ്ട അളവില്‍ വര്‍ധിപ്പിക്കാന്‍ കഴിയുമോ എന്നാലോചിച്ച ശേഷമേ പ്രായോഗികമായി ഉല്‍പാദന വര്‍ധന നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. ഫുള്‍കപ്പാസിറ്റിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനാവശ്യമായ കൂടുതല്‍ യന്ത്രോപകരണങ്ങളും ജീവനക്കാരെയും ഏര്‍പ്പാടു ചെയ്യേണ്ടിവരും.

iii) ക്രമവും ചിട്ടയും

ഏതു സംരംഭവും വിജയിക്കുകയും ഉദ്ദിഷ്ടഫലം ലഭിക്കുകയും ചെയ്യണമെങ്കില്‍ അത് നടപ്പിലാക്കുന്നത് വ്യവസ്ഥാപിതമായിരിക്കണം. ക്രമവും ചിട്ടയുമനുസരിച്ചാവണമെന്ന നിഷ്‌കര്‍ഷതയില്ലാതെ നടത്തുന്ന സംരംഭങ്ങള്‍ ഏതോ തരത്തില്‍ എങ്ങനെയൊക്കെയോ നടന്നേക്കുമെന്നല്ലാതെ, കാര്യക്ഷമമായി നടക്കുമെന്നും ലക്ഷ്യം നേടുമെന്നും പറയാന്‍ കഴിയില്ല. വ്യവസ്ഥാപിതമായി കാര്യങ്ങള്‍ നടക്കാന്‍, ബന്ധപ്പെട്ട എല്ലാവരുടെയും അവകാശ-ബാധ്യതകള്‍ നിര്‍ണയിച്ചിട്ടുള്ള നിയമാവലിയും ചട്ടങ്ങളും തയാറാക്കിയിരിക്കണം. വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കുമനുസരിച്ചുതന്നെ എല്ലാ കാര്യങ്ങളും നടക്കുന്നുണ്ടെന്ന് നിരന്തരം ഉറപ്പുവരുത്തുകയും വേണം. എന്നാല്‍ മുകളില്‍ പരാമര്‍ശിച്ച പ്രകാരം പ്രായോഗികവശങ്ങള്‍ കണക്കിലെടുത്ത് ചട്ടങ്ങളില്‍ ഭേദഗതി ആവശ്യമായി വരുന്നപക്ഷം അതു വരുത്താന്‍, വിളംബം പാടില്ലതാനും.

നമ്മുടെ പല സ്ഥാപനങ്ങളും സംരംഭങ്ങളും കൃത്യവും നിര്‍ണിതവുമായ വ്യവസ്ഥകളും ചട്ടങ്ങളുമില്ലാതെ നടക്കുന്നതായി കാണാറുണ്ട്. എല്ലാ കാര്യങ്ങളും വ്യവസ്ഥാപിതമായി നടക്കണമെന്ന് ബോധമുള്ളവര്‍ തന്നെ സ്ഥാപന നടത്തിപ്പു ചുമതലകള്‍ വഹിക്കുന്നവരില്‍ പൊതുവെ കുറവാണ്. ഒന്നും നടക്കാതിരിക്കുന്നതിലും, ഭേദം കാര്യങ്ങള്‍ 'നടക്കുന്ന പോലങ്ങ് നടക്കുന്നതല്ലേ' എന്ന നിലപാടാണ് പലരും സ്വീകരിക്കാറുള്ളത്. എന്നാലത് സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും ലക്ഷ്യപ്രാപ്തിയില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് അത്തരക്കാര്‍ ശ്രദ്ധിക്കാറില്ല. കാര്യങ്ങള്‍ ക്രമവും ചിട്ടയുമനുസരിച്ച് നടക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും ത്യാഗസന്നദ്ധതയുമുണ്ടെങ്കില്‍ ഏതു കാര്യവും വ്യവസ്ഥാപിതമാക്കാനും അതുമുഖേന ഉദ്ദിഷ്ട ലക്ഷ്യം പൂര്‍ണ തോതില്‍ നേടിയെടുക്കാനും സാധിക്കും.

iv) സൂക്ഷ്മതയും കൃത്യതയും

സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളിലും സൂക്ഷ്മതയും കൃത്യതയും ഉറപ്പുവരുത്തുന്നതിലും പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. 'ഏകദേശം,' 'സുമാര്‍' തുടങ്ങിയ പ്രയോഗങ്ങള്‍ക്കുപകരം 'കൃത്യമായി' കാര്യങ്ങള്‍ നിര്‍വഹിക്കണമെന്ന നിഷ്‌കര്‍ഷ വേണം. സമയനിഷ്ഠയുടെ കാര്യത്തില്‍ ഇത് പ്രത്യേകം പ്രസക്തമാണ്. ഒരു വ്യവസായശാലയുടെ ഉല്‍പന്നം ഡെലിവര്‍ ചെയ്യാന്‍ ഓര്‍ഡര്‍ ലഭിച്ചാല്‍ ഉല്‍പാദകന്‍ നേരത്തെ ഓഫര്‍ ചെയ്ത കാലയളവില്‍ തന്നെ കൃത്യമായി ഡെലിവറി പൂര്‍ത്തിയാക്കുന്നത് മാര്‍ക്കറ്റില്‍ ഉണ്ടാക്കുന്ന സ്വാധീനം ചില്ലറയായിരിക്കില്ല. മറിച്ച് ഡെലിവറിയില്‍ ഗണ്യമായ കാലതാമസം വരുത്തുന്നപക്ഷം ആ ഓര്‍ഡര്‍ നല്‍കിയ കസ്റ്റമറില്‍നിന്നും മാര്‍ക്കറ്റിലെ മറ്റു സ്രോതസ്സുകളില്‍ നിന്നും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുക ദുഷ്‌കരമായിരിക്കും.

അപ്രകാരം തന്നെ ഉല്‍പാദകന്‍ ഓര്‍ഡര്‍ ചെയ്തതോ ഉപഭോക്താവ് ആവശ്യപ്പെട്ടതോ ആയ ഗുണവിശേഷങ്ങള്‍ (Specifications) ക്ക് ഇണങ്ങുന്നതായിരിക്കണം സപ്ലൈ ചെയ്യുന്ന ഉല്‍പന്നം. നിര്‍ണിത ഗുണങ്ങളോടു കൂടിയതല്ലാത്ത ഉല്‍പന്നം ഉപഭോക്താവിന്റെ ആവശ്യം പൂര്‍ത്തീകരിക്കാത്തതിനാല്‍ അതയാള്‍ക്ക് സ്വീകാര്യമാവണമെന്നില്ല. വസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല, ഏതുതരം സേവനങ്ങളുടെ കാര്യത്തിലും കൃത്യതയും സൂക്ഷ്മതയും അതിപ്രധാനമാണ്.  ക്ലെറിക്കല്‍ ജോലികള്‍ നിര്‍വഹിക്കുന്നവരുടെയോ കീഴ്ജീവനക്കാരുടെയോ അശ്രദ്ധ മൂലം സംഭവിക്കുന്ന പിഴവുകള്‍ മേലധികാരികള്‍ അപ്പപ്പോള്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അത് മൊത്തത്തില്‍ സ്ഥാപനത്തിന്റെയും സംരംഭത്തിന്റെയും ഗുണനിലവാരത്തെയും സല്‍പേരിനെയും ദോഷകരമായി ബാധിക്കുന്നത് നിത്യ അനുഭവമാണ്. കാര്യങ്ങളുടെ സൂക്ഷ്മതയും കൃത്യതയും ഉറപ്പുവരുത്തണമെന്ന മനോഭാവം എല്ലാരംഗത്തും പൊതുവെ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. നടത്തിപ്പു കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇതില്‍ വലിയ മാറ്റം വരേണ്ടതുണ്ട്.

v) മറുവശം പരിഗണിക്കുക

ഏത് പ്രശ്‌നത്തിനും മുഖ്യവശം മാത്രമല്ല, പാര്‍ശ്വ വശങ്ങളുമുണ്ടാവും. ബന്ധപ്പെട്ട മറ്റു വശങ്ങളെ അവഗണിച്ചുകൊണ്ടാണ് തീരുമാനമെടുക്കുന്നതെങ്കില്‍ അതിന്റെ ഫലമായുണ്ടാവുക ഒന്നുകില്‍ പ്രശ്‌നപരിഹാരം സാധ്യമാകാതിരിക്കുകയോ അഥവാ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയോ ആയിരിക്കും. രണ്ടായാലും പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ സമയവും അധ്വാനവും ചെലവഴിക്കേണ്ടിയാണ് വരിക. ഇത് ഒഴിവാക്കാനുള്ള മാര്‍ഗം ഏത് പ്രശ്‌നം കൈകാര്യം ചെയ്യേണ്ടിവരുമ്പോഴും വിഷയത്തിന്റെ മറുവശം അഥവാ മുഖ്യവശത്തിനു പുറമെയുള്ള വശങ്ങളും കൂടി പരിഗണിച്ച ശേഷം മാത്രം തീരുമാനമെടുക്കുക എന്നതാണ്. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

ഒരു സ്ഥാപനത്തില്‍ പുതുതായി നിയമിതനാകുന്ന ഉദ്യോഗസ്ഥന്‍ തനിക്ക് ശമ്പളമായി സ്ഥാപനത്തിലെ നിലവിലുള്ള സ്‌കെയിലനുസരിച്ച് നല്‍കാമെന്ന് ഓഫര്‍ ചെയ്തതിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെട്ടെന്നിരിക്കട്ടെ. ഒഴിവുള്ള തസ്തികയില്‍ ഉടനെ നിയമനം നടത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ അതു പരിഗണിച്ച് ഉയര്‍ന്ന ശമ്പളത്തില്‍ അയാളെ നിയമിക്കാമെന്നു തോന്നുക സ്വാഭാവികമാണ്. എന്നാലിവിടെ മറ്റുചില വശങ്ങള്‍കൂടി പരിഗണിക്കേണ്ടിവരും. പുതുതായി നിയമിക്കുന്ന ആള്‍ക്ക് ആ തസ്തികയിലെ സ്‌കെയിലിനേക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നപക്ഷം വര്‍ഷങ്ങളായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സീനിയര്‍ ഉദ്യോഗസ്ഥര്‍ ശമ്പള വര്‍ധന ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എല്ലാവര്‍ക്കും അധികവേതനം നല്‍കുന്നതുമൂലം സ്ഥാപനത്തിന്റെ വരവും ചെലവും തമ്മിലുള്ള സന്തുലിതത്വം നഷ്ടപ്പെട്ട് സ്ഥാപനം നഷ്ടത്തിലാവാനുള്ള സാധ്യതയുണ്ട്. പുതിയ ജീവനക്കാരന് ഉയര്‍ന്ന വേതനം നല്‍കാന്‍ തീരുമാനിക്കുന്നതിനുമുമ്പ് ഈ വശങ്ങളെല്ലാം പരിഗണിക്കേണ്ടിവരും.

vi) ചെക്ക്‌ലിസ്റ്റ്, ടൈം ഷെഡ്യൂള്‍

പ്ലാനിംഗിന്റെ ഭാഗമായി പദ്ധതി നടത്തിപ്പിനാവശ്യമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയ ഒരു പരിശോധനാ പട്ടിക (Check List) മുന്‍കൂട്ടി തയാറാക്കിയിരിക്കണം. സ്ഥലനിര്‍ണയം, ബില്‍ഡിംഗ് പ്ലാന്‍ തയാറാക്കല്‍, ആവശ്യമായ അനുമതികള്‍ കരസ്ഥമാക്കല്‍, ടെന്‍ഡറിംഗ്, സാങ്കേതിക-സാമ്പത്തിക വശങ്ങളുടെ വിലയിരുത്തല്‍, ടെന്‍ഡര്‍ സെലക്ഷന്‍, ഓര്‍ഡര്‍ നല്‍കല്‍, എഗ്രിമെന്റ്, നിര്‍മാണ സാധനങ്ങളും യന്ത്രസാമഗ്രികളും വാങ്ങല്‍, സൂപ്പര്‍വൈസിംഗ് എഞ്ചിനീയറുടെ നിര്‍ണയം, ഇതര സാങ്കേതിക വിദഗ്ധരുടെയും അവിദഗ്ധ തൊഴിലാളികളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ ആവശ്യമെങ്കില്‍ പരസ്യം നല്‍കല്‍, ഇന്റര്‍വ്യൂ, സെലക്ഷന്‍, നിയമനം, അസംസ്‌കൃത പദാര്‍ഥങ്ങളുടെ സ്രോതസ്സ് നിര്‍ണയം, ഓര്‍ഡര്‍ നല്‍കല്‍, കെട്ടിടങ്ങളുടെ പെയിന്റിംഗ്, വൈദ്യുതീകരണം, ജലവിതരണ സൗകര്യങ്ങള്‍, ടോയ്‌ലറ്റ്‌സ്, ഡ്രെയിനേജ്, റോഡുകള്‍, ചുറ്റുമതില്‍, നെയിംബോര്‍ഡ്, ലാന്റ്‌സ്‌കേപ്പിംഗ് അടക്കമുള്ള ഫിനിഷിംഗ് വര്‍ക്ക്‌സ് തുടങ്ങി ആവശ്യമായ എല്ലാ കാര്യങ്ങളും ചെക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ഓരോന്നും പൂര്‍ത്തിയാകുന്ന മുറക്ക് അതിനുനേരെ ടിക്മാര്‍ക്ക് ചെയ്യുകയും വേണം. പൂര്‍ത്തിയാകുന്ന തീയതി കുറിക്കാനും തുടര്‍നടപടികളാവശ്യമുള്ള കാര്യങ്ങളില്‍ റിമാര്‍ക്‌സ് രേഖപ്പെടുത്താനും പട്ടികയില്‍ കോളങ്ങളുണ്ടാവുന്നത് നല്ലതാണ്. ഇതിലൂടെ എന്തെല്ലാം കാര്യങ്ങളാണ് ഇനിയും ചെയ്തുതീര്‍ക്കാനുള്ളതെന്ന് ഏതു ഘട്ടത്തിലും നോക്കാനും ശ്രദ്ധിക്കാനും കഴിയും. ആവശ്യമായ ഒരു കാര്യവും വിട്ടുപോകാതിരിക്കാനും അങ്ങനെ പദ്ധതിക്ക് മുടക്കം സംഭവിക്കാതിരിക്കാനും ഇതു സഹായിക്കും. ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ (ദിവസേനയോ വാരാദ്യത്തിലോ) ചെക്ക്‌ലിസ്റ്റ് പരിശോധിച്ച് ഉദ്ദേശിച്ച പ്രകാരം എല്ലാം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ചെക്ക്‌ലിസ്റ്റ് പോലെത്തന്നെ പ്രാധാന്യമുള്ളതാണ് പദ്ധതി നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനാവശ്യമായ കാലയളവ് രേഖപ്പെടുത്തുന്ന ടൈം ഷെഡ്യൂള്‍ (സമയപ്പട്ടിക) മുന്‍കൂട്ടി തയാറാക്കുന്നതും. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഇത് അനിവാര്യമാണ്. കെട്ടിട നിര്‍മാണ വിഷയത്തിലാണെങ്കില്‍ പ്ലാന്‍ തയാറാക്കല്‍ മുതല്‍ നിര്‍മാണാനുമതി ലഭ്യമാക്കല്‍, കോണ്‍ട്രാക്ടറുടെ ക്വട്ടേഷന്‍ സ്വീകരിക്കല്‍, പരിശോധന, നെഗോഷ്യേഷന്‍, എഗ്രിമെന്റ് ഫൈനലൈസേഷന്‍, എര്‍ത്തുവര്‍ക്ക്, അസ്തിവാരം, ചുമര്‍പണി, സ്ലാബ്‌വാര്‍ക്കല്‍, ചുമര്‍ പ്ലാസ്റ്ററിംഗ്, നിലംപണി, ഇലക്ട്രിക് വയറിംഗ്-ഫിറ്റിംഗ്‌സ്, പ്ലംബിംഗ്, വാതിലും ജനലും ഉറപ്പിക്കല്‍, പെയിന്റിംഗ്, മുറ്റവും പരിസരവും ശരിപ്പെടുത്തല്‍, ചുറ്റുമതില്‍ നിര്‍മാണം തുടങ്ങി എല്ലാ പണികള്‍ക്കും ആവശ്യമായ കാലയളവ് (സാധാരണഗതിയില്‍ ആഴ്ചക്കണക്കില്‍) നിര്‍ണയിച്ചുകൊണ്ടാണ് ടൈം ഷെഡ്യൂള്‍ തയാറാക്കുക. സാധാരണയായി കെട്ടിടത്തിന്റെ പ്ലാന്‍ തയാറാക്കുന്ന എഞ്ചിനീയര്‍ തന്നെയാണ് ടൈം-ഷെഡ്യൂളും തയാറാക്കുക. മറ്റേതു സംരംഭത്തിലും ഇപ്രകാരം സുചിന്തിതമായ ടൈം ഷെഡ്യൂള്‍ തയാറാക്കുന്ന കാര്യം വിട്ടുപോയിക്കൂടാ. ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഓരോ പണിയും നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ആവശ്യമെങ്കില്‍ സമയ നിര്‍ണയത്തില്‍ അഡ്ജസ്റ്റുമെന്റുകള്‍ വരുത്തുകയും വേണം.

vii) റിപ്പോര്‍ട്ടിംഗ് സിസ്റ്റം

നടത്തിപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ അനിവാര്യമാണ് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിംഗ് സിസ്റ്റം. വിവിധ സെക്ഷനുകളോ ഡിപ്പാര്‍ട്ടുമെന്റുകളോ ഉള്ള സ്ഥാപനത്തില്‍ എല്ലാ സെക്ഷനുകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ സ്ഥാപനത്തിന്റെ മേലധികാരിക്ക് സാധ്യമാവുകയില്ല. ഓരോ വകുപ്പിന്റെയും തലവന്മാര്‍ക്ക് ചുമതലകള്‍ നിര്‍യണയിച്ചു കൊടുത്ത് അവര്‍ മുഖേന കാര്യങ്ങള്‍ നിര്‍വഹിക്കുകയേ പ്രായോഗികമാവുകയുള്ളൂ. എന്നാല്‍ മൊത്തം സ്ഥാപനത്തിന്റെ ഭരണച്ചുമതലയുള്ള മേലധികാരിക്ക് വിവിധ വിഭാഗങ്ങളിലെ/വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വേണ്ടപോലെ നടക്കുന്നുണ്ടെന്ന് അറിയാന്‍ സംവിധാനമുണ്ടായിരിക്കണം. സെക്ഷനുകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച റിപ്പോര്‍ട്ട് ആഴ്ചതോറുമോ മാസംതോറുമോ സെക്ഷന്‍ മേധാവികള്‍ ഉന്നതമേലധികാരിക്ക് എത്തിക്കുന്ന ഒരു റിപ്പോര്‍ട്ടിംഗ് സമ്പ്രദായം നടപ്പാക്കുന്നതിലൂടെ ഇത് സാധിക്കാം.

കാര്യക്ഷമമായ റിപ്പോര്‍ട്ടിംഗ് സിസ്റ്റം പോലെത്തന്നെ പ്രധാനമാണ് സ്ഥാപനത്തില്‍ വ്യവസ്ഥാപിതമായ റെക്കോര്‍ഡിംഗ് ആന്റ് ഫയലിംഗ് സിസ്റ്റം ഉണ്ടായിരിക്കണമെന്നതും. ലോഗ്ബുക്ക്, ഇന്‍വാര്‍ഡ്-ഔട്ട്‌വാര്‍ഡ് മെയില്‍ രജിസ്റ്ററുകള്‍, സ്റ്റാഫ് രജിസ്റ്റര്‍, പ്രത്യേക സംഭവങ്ങളും പരിപാടികളും രേഖപ്പെടുത്തുന്ന റെക്കോര്‍ഡ്, വിവിധ വിഷയങ്ങളില്‍ പുറത്തുനിന്നുവരുന്നതും പുറത്തേക്കയക്കുന്നതുമായ റിപ്പോര്‍ട്ടുകളുടെയും എഴുത്തുകുത്തുകളുടെയുമെല്ലാം പകര്‍പ്പുകള്‍ സൂക്ഷിക്കുന്ന തീയതി ക്രമമനുസരിച്ചുള്ള ഇന്‍ഡക്‌സോടു കൂടിയ ഫയലുകള്‍, ക്രമനമ്പറോടു കൂടിയ റസീറ്റുകളുടെയും വൗച്ചറുകളുടെയും ജേര്‍ണലുകള്‍, അക്കൗണ്ടു ബുക്കുകള്‍ എന്നിവയെല്ലാം സൂക്ഷിക്കുന്നതില്‍ കൃത്യമായ ശ്രദ്ധപുലര്‍ത്തണം. ഇവയെല്ലാ ചെയ്യേണ്ടത് കീഴ്ജീവനക്കാരാണെങ്കിലും വകുപ്പുതലവന്മാരും സ്ഥാപന മേലധികാരിയും ഇടക്കിടെ റെക്കോര്‍ഡുകളും ഫയലുകളും പരിശോധിച്ച് അവ ശരിയാംവിധമാണെന്ന് ഉറപ്പുവരുത്താന്‍ സമയം കണ്ടെത്തണം.

viii) കൂട്ടുത്തരവാദിത്തം, കൂടിയാലോചന

സാമൂഹിക തലത്തില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും കാര്യനിര്‍വഹണം ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടുത്തരവാദിത്തത്തിലും പങ്കാളിത്തത്തോടെയുമാണ് നടക്കേണ്ടത്. ഏതെങ്കിലും ഒരു വ്യക്തിയോ ഏതാനും വ്യക്തികളോ സ്വന്തമായി തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്ന രീതി ആരോഗ്യകരമല്ല. കാര്യങ്ങള്‍ സമയനഷ്ടമില്ലാതെ നടപ്പാക്കാന്‍ ചിലരെ ചുമതലപ്പെടുത്തേണ്ടി വന്നേക്കും. അപ്പോഴും അവര്‍ സ്വന്തം അഭിപ്രായ പ്രകാരം മാത്രം തീരുമാനമെടുക്കാതെ കഴിവതും ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ച് കൂട്ടായ തീരുമാനപ്രകാരം കാര്യങ്ങള്‍ നിര്‍വഹിക്കുകയാണു വേണ്ടത്. സാധാരണഗതിയില്‍ പ്രധാന കാര്യങ്ങളെല്ലാം പ്രതിവാര/പ്രതിമാസ എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനുള്ള സംവിധാനം സ്ഥാപനത്തിന്റെയും സംരംഭത്തിന്റെയും വ്യവസ്ഥയുടെ ഭാഗമായി നിശ്ചയിച്ചിരിക്കണം. അത്തരം യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുകയും അവയുടെ നിര്‍വഹണം വിശദമായി അവലോകനം ചെയ്യുന്നതിനവസരമുണ്ടാക്കുകയും ചെയ്യുക മേലധികാരിയുടെ ചുമതലയാണ്. ഒരു രജിസ്റ്റേര്‍ഡ് കമ്പനി അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ ചേരുന്നതിലും ബോര്‍ഡ് യോഗങ്ങളുടെയും എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് സിറ്റിംഗുകളുടെയും തീരുമാനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിലും, സ്വാഭാവികമായും അവ നടപ്പാക്കുന്നതിലും, വരുത്തിയ വീഴ്ചയും കെടുകാര്യസ്ഥതയും, കോടികള്‍ മൂലധനമുള്ള പ്രസ്തുത സംരംഭത്തിന്റെ പരാജയത്തിനും തകര്‍ച്ചക്കും വഴിവെച്ച അനുഭവം ഇവിടെ സ്മരണീയമാണ്.

ix) കരുതല്‍ നടപടികള്‍

മുന്‍കൂട്ടി കാണാവുന്ന എല്ലാ വശങ്ങളും ഉള്‍പ്പെടുന്ന ആസൂത്രണം നടന്നിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രതിബന്ധങ്ങള്‍ കാരണം സംരംഭം മുഴുവനായോ ഭാഗികമായോ മുടങ്ങിപ്പോകുന്ന സാഹചര്യങ്ങളുണ്ടാവാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. അത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ബദല്‍ നടപടികള്‍ (Contingency Plan) മുന്‍കൂട്ടി കണ്ടുവെക്കുന്ന പക്ഷം പദ്ധതി മുടങ്ങിപ്പോകുന്നത് ഒഴിവാക്കാനാകും.

x) നിരന്തര നിരീക്ഷണവും വിലയിരുത്തലും

ഏതു സംരംഭവും പദ്ധതിയും പ്രാവര്‍ത്തികമാക്കുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്ന് നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. നടക്കുന്ന കാര്യങ്ങളുടെ വ്യക്തമായ റിപ്പോര്‍ട്ട് ആഴ്ചതോറുമോ മാസം തോറുമോ ഉത്തരവാദപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ സ്ഥിരമായ സംവിധാനമേര്‍പ്പെടുത്തുകയും അത് വിലയിരുത്തി തൃപ്തികരമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് വേണ്ടത്. സ്ഥാപനങ്ങളുടെയും മറ്റും വരവുചെലവുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്താനുള്ള മാര്‍ഗമായി സാധാരണ അക്കൗണ്ട്‌സ്/ഫൈനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മാസംതോറുമോ മുമ്മൂന്നു മാസം കൂടുമ്പോഴോ (ഝൗമൃലേൃഹ്യ) ട്രയല്‍ ബാലന്‍സ് തയാറാക്കി മാനേജ്‌മെന്റ് യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാറുണ്ട്. വര്‍ഷാരംഭത്തില്‍ തയാറാക്കിയ ബജറ്റില്‍ നിര്‍ണയിച്ച പരിധിക്കുള്ളില്‍ തന്നെ വരവുചെലവുകള്‍ ഓരോ കാലയളവിലും മുന്നോട്ടുപോകുന്നുണ്ടോ എന്ന് വിലയിരുത്താന്‍ ഇതുമൂലം സാധിക്കും. വര്‍ഷാവസാനത്തില്‍ മാത്രം വരവുചെലവു കണക്കുകള്‍ മുന്നില്‍ വരുമ്പോള്‍, ഇടക്കാലത്ത് പ്രതീക്ഷക്കു വിരുദ്ധമായി സംഭവിച്ച ഏറ്റക്കുറച്ചിലുകള്‍ കാരണമായുണ്ടാകുന്ന ഷോക്ക് ഒഴിവാക്കാനും ഇതു സഹായകമാകും.

*  *  *  *

ഏതു സ്ഥാപനവും പദ്ധതിയും തുടക്കത്തില്‍ രൂപം നല്‍കിയ അവസ്ഥയില്‍ തന്നെ കാലാകാലം തുടരുന്നത് കരണീയമല്ല. മാറുന്ന സാഹചര്യങ്ങള്‍ക്കും പുതുതായുണ്ടാകുന്ന ആവശ്യങ്ങള്‍ക്കും അനുസൃതമായ വളര്‍ച്ചയും പുരോഗതിയും ഉണ്ടെങ്കിലേ അത് വിജയിക്കുകയുള്ളൂ. സാഹചര്യങ്ങള്‍ മാറുകയും ആവശ്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അത് പഠനവിധേയമാക്കി അനുയോജ്യമായ വികസനപ്രക്രിയ നടപ്പിലാക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം പദ്ധതി മുരടിച്ചുപോവുകയും ഫലപ്രാപ്തി കുറയുകയുമായിരിക്കും ഫലം. ഉത്തരവാദപ്പെട്ടവരുടെ ആലോചനാ യോഗങ്ങളില്‍ പദ്ധതി നടത്തിപ്പു സംബന്ധമായ സാധാരണ കാര്യങ്ങള്‍ക്കുപുറമെ വികസനവും പുരോഗതിയും കൂടി ഇടക്കിടെ അജണ്ടയിലുള്‍പ്പെടണം. മാനേജ്‌മെന്റിന്റെ കാര്യക്ഷമത അളക്കാന്‍ കഴിയുന്ന ഒരു മേഖലയാണിത്. ഇവിടെ സൂചിപ്പിച്ച കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന പക്ഷം നമ്മുടെ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും കാര്യക്ഷമത ഗണ്യമായി വര്‍ധിക്കുകയും ഉദ്ദിഷ്ട ലക്ഷ്യം നേടുന്നതില്‍ അവ വിജയിക്കുകയും ചെയ്യും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /59-63
എ.വൈ.ആര്‍