അടങ്ങാത്ത യുദ്ധക്കൊതി, <br>ശമിക്കാത്ത രക്തദാഹം
''അധിനിവേശവും കടന്നുകയറ്റവും യഥാര്‍ഥത്തില്‍ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പുതിയ അധിനിവേശങ്ങള്‍ അനിവാര്യമായിത്തീരുന്നു. പുതിയ അധിനിവേശങ്ങള്‍ വീണ്ടും പുതിയ സമസ്യകള്‍ തീര്‍ക്കുകയും പുത്തന്‍ പിടിച്ചടക്കലിന്റെ മേഖലകള്‍ തേടുകയും ചെയ്യും. ഓരോ പിടിച്ചടക്കലും അധിനിവേശ ശക്തികളുടെ കരങ്ങള്‍ക്ക് അനല്‍പമായ ബലവും അധികാരവും നല്‍കും!'' സാമ്പത്തിക വിദഗ്ധനായ ലുഡ്‌വിഗ് വോണ്‍ മൈസസിന്റെ ഈ അഭിപ്രായം അധിനിവേശത്തിന്റെ വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ തീര്‍ത്തും യാഥാര്‍ഥ്യമാണ് എന്ന് മനസ്സിലാകും.
മധ്യപൗരസ്ത്യ മേഖലയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിവരുന്ന അധിനിവേശങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് ദുരിത പര്‍വ്വങ്ങള്‍ മാത്രം സമ്മാനിച്ച് ലക്ഷ്യം കാണാതെ ഇന്നും തുടര്‍ന്നുവരികയാണ്. ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമോ പദ്ധതികളോ ഇല്ല എന്നത് തന്നെയാണ് അധിനിവേശാക്രമണങ്ങള്‍ വര്‍ഷങ്ങളോളം നീളാന്‍ കാരണം. 2012-ല്‍ ഇറാഖില്‍ നിന്ന് പൂര്‍ണമായും സൈനിക പിന്‍മാറ്റം നടത്തി തടിയൂരിയ അമേരിക്ക പുതിയ കണ്ടെത്തലായ ഐ.എസ് സേനക്കെതിരെ ആക്രമണ ദൗത്യത്തിന്റെ പേരില്‍ ഇറാഖില്‍ സൈനിക വിന്യാസവും ആക്രമണവും തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ പേരു പറഞ്ഞ് സിറിയയിലും വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നു. ഇതൊക്കെയും കാണിക്കുന്നത് ഇനിയും അടങ്ങാത്ത യുദ്ധക്കൊതിയെയും ശമിക്കാത്ത രക്തദാഹത്തെയുമാണ്.
അമേരിക്ക വര്‍ഷങ്ങളായി യുദ്ധ ഭൂമിയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഇറാഖിലെ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി 200 ലധികം വ്യോമാക്രമണങ്ങളാണ് അമേരിക്ക നടത്തിയത്. തുടര്‍ന്ന് രണ്ടാഴ്ചകള്‍ക്ക് ശേഷം ഇതുവരെ വെളിച്ചം കാണാത്ത 'ഖുറാസാന്‍ ഗ്രൂപ്പിനെതിരെ' സിറിയയിലും മിസൈല്‍ വര്‍ഷം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുവഴി 2009-ല്‍ ലോക സമാധാനത്തിന് നോബല്‍ സമ്മാനം ലഭിച്ച ഒബാമ ആക്രമിച്ച ഏഴാമത്തെ മുസ്‌ലിം രാജ്യമായി സിറിയ മാറി. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, യമന്‍, സോമാലിയ, ലിബിയ, ഇറാഖ് തുടങ്ങിയ ആറ് രാജ്യങ്ങളാണ് ഒബാമയുടെ ബോംബ് വര്‍ഷത്തിനിരയായ മറ്റു മുസ്‌ലിം രാജ്യങ്ങള്‍.
യുദ്ധ വിരുദ്ധ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് പോലെ യുദ്ധമെന്നാല്‍ അമേരിക്കക്ക് ഭൂമിശാസ്ത്രം വിശദമായി പഠിക്കാനുള്ള അവസരമാണ്. അധിനിവേശം നടത്താന്‍ പോകുന്ന രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്, ബോംബിംഗ് നടത്തേണ്ട തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവ മനസ്സിലാക്കാനുള്ള അപൂര്‍വ അവസരമായിട്ടാണ് അമേരിക്കന്‍ സേന ഇത്തരം സന്ദര്‍ഭങ്ങളെ ഉപയോഗിക്കുന്നത്. അമേരിക്ക നടത്തുന്ന മുഴുവന്‍ ആക്രമണങ്ങളും ലോകത്ത് വിപരീത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ കാര്‍ലോട്ടഗാന്‍ അഭിപ്രായപ്പെട്ടത്, പാകിസ്താന്‍ സര്‍ക്കാര്‍ 23 ബില്യന്‍ ഡോളര്‍ യു.എസ് സാമ്പത്തിക സഹായം കൈപറ്റുകയും സജീവമായി താലിബാനെ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്. എന്നാല്‍ അമേരിക്ക ഇപ്പോഴും പാകിസ്താന്‍ മലമടക്കുകളില്‍ അല്‍ഖാഇദ വേട്ട 'വിജയകരമായി' തുടര്‍ന്നുവരികയാണ്. യു.എസ് സൈനിക വക്താവ് റിച്ചാര്‍ഡ് ഹെല്‍ ബ്രോക്ക് അഭിപ്രായപ്പെടുന്നത് പോലെ, അമേരിക്ക ഇപ്പോള്‍ തെറ്റായ രാജ്യത്ത് നിന്ന് അറിയപ്പെടാത്ത ശത്രുവിനോടാണ് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. യുദ്ധ മേഖലകള്‍ തരപ്പെടുത്തുന്നതിനപ്പുറം അമേരിക്കന്‍ 'തിംഗ്ടാങ്ക്' ചെയ്യേണ്ടത് ശത്രുവാരെന്ന് നിജപ്പെടുത്തലാണ്. 'അമേരിക്ക ഇറാഖിനെതിരെ യുദ്ധം ചെയ്തു. പക്ഷേ വിജയിച്ചത് ഇറാനായിരുന്നു' എന്ന അഭിപ്രായ പ്രകടനം ഏറെ പ്രസക്തമാണിവിടെ.
2012-ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ (Pew Research Centre) നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്, നാലില്‍ മൂന്ന് പാകിസ്താന്‍ പൗരന്മാരും അമേരിക്കയെ ബദ്ധ ശത്രുവായിക്കാണുന്നവരാണ് എന്നാണ്. ലോകസമാധാനത്തിന്റെ പേരില്‍ ബില്യന്‍ കണക്കിന് ഡോളറുകളും മനുഷ്യാധ്വാനവും ചെലവഴിച്ച അമേരിക്കക്ക് ഇതുവരെയും ലോകമനസ്സുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി അമേരിക്ക തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ലോകത്ത് സമാധാനം നിലനിര്‍ത്തുവാനുമായി സജീവ യുദ്ധ ഭൂമിയിലാണ്. എന്നാല്‍ ഇത് സ്വന്തം ജനങ്ങളുടെ സുരക്ഷയെയും സൈ്വര്യ ജീവിതത്തെയും അപായപ്പെടുത്തുകയും കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഈയിടെ സമാപിച്ച ഇലക്ഷന്‍ കാമ്പയിനില്‍ അമേരിക്ക നടത്തിവരുന്ന യുദ്ധങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകളും പരാമര്‍ശങ്ങളും നടന്നതായി കാണുന്നില്ല. സാധാരണക്കാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ യാതൊരു താല്‍പര്യവുമില്ല എന്നാണ് ഇത് കാണിക്കുന്നത്. സ്വന്തം ജനതയുടെ അംഗീകാരമില്ലാതെയും അവരുടെ മനസ്സുകള്‍ വായിക്കാതെയും ആക്രമണ പരമ്പരകള്‍ നടത്തുന്നത് രാജ്യതാല്‍പര്യങ്ങള്‍ക്ക് അനുഗുണമല്ലെന്ന് തീര്‍ച്ച. അതുകൊണ്ട് തന്നെയാണ് അമേരിക്കകത്തുതന്നെ യുദ്ധവിരുദ്ധ വികാരം നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കാതെയാണ് പടയൊരുക്കങ്ങള്‍ക്ക് ഒബാമ മുതിരുന്നത് എന്നും വ്യക്തമാണ്. 2001-ല്‍ പാസ്സാക്കിയ 'AUMF' (Authorization For Use of Military Forces Resolution) നിയമത്തിന്റെ മറപിടിച്ചാണ് മിക്കവാറും ആക്രമണങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കിയത്. ബുഷ് ഭരണകൂടം തുടങ്ങിവെച്ച ആക്രമണ പരമ്പരകള്‍ ഒബാമ ശക്തമായി തുടരുകയും യുദ്ധമെന്നത് സ്റ്റേറ്റിന്റെ ധര്‍മമായി തന്നെ പരിണമിക്കുകയും ചെയ്തിരിക്കുന്നു.
യുദ്ധവും ആക്രമണവും ബോംബ് വര്‍ഷങ്ങളും ഡ്രോണ്‍ ആക്രമണങ്ങള്‍ വഴിയുള്ള കൂട്ടക്കുരുതികളും നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ അധിനിവേശാക്രമണങ്ങളിപ്പോള്‍ കാമ്പയിനുകളായി രൂപാന്തരപ്പെടുത്തി ഭരണനേട്ടമായി കൊട്ടിഘോഷിക്കപ്പെടുകയും കൊണ്ടാടുകയും ചെയ്യുകയാണ്.
പ്രതിരോധ മേഖലയില്‍ വാഷിംഗ്ടണ്‍ ചെലവഴിച്ചുവരുന്നത് ബില്യണ്‍ കണക്കിന് ഡോളറുകളാണ്. അമേരിക്കന്‍ ബജറ്റില്‍ വിദേശ നയത്തിന്റെ ഭാഗമായി സൈനിക ചെലവുകള്‍ക്കായി നീക്കിവെച്ചത് 627 ബില്യന്‍ ഡോളറാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 'സമാധാനം നിലനിര്‍ത്താന്‍' നടത്തിവരുന്ന യുദ്ധങ്ങളിലൂടെ പൊലിഞ്ഞുപോവുന്ന സാധാരണക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അമേരിക്ക സ്വപ്നം കാണുന്ന സമാധാനം ആസ്വദിക്കാന്‍ അധിനിവിഷ്ട രാജ്യങ്ങളില്‍ മനുഷ്യ ജീവികള്‍ ഇല്ലാതെ പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സഖ്യസേനയുടെ ആക്രമണത്തില്‍ മരിച്ചുവീണ സാധാരണക്കാരുടെ എണ്ണം ഇറാഖില്‍ 149,061 ലധികം വരുമെന്ന് ഇറാഖ് ബോഡികൗണ്ട് പോലുള്ള സംഘടനകള്‍ വ്യക്തമാക്കുകയുണ്ടായി. അധിനിവേശാക്രമണങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും ഫലമായി ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും 13.6 മില്യണിലധികം പേര്‍ അഭയാര്‍ഥികളായിത്തീര്‍ന്നതായി യു.എന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരവാദവും തീവ്രവാദവും എതിര്‍ക്കപ്പെടേണ്ടതുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ അവയെ നേരിടേണ്ട രീതിശാസ്ത്രത്തെ കുറിച്ച് പുതിയ വിശകലനങ്ങള്‍ അനിവാര്യമായിരിക്കുന്നു. അല്ലെങ്കില്‍ മരിച്ചുവീഴുന്ന നിരപരാധികളുടെയും അഭയാര്‍ഥികളുടെയും എണ്ണം ക്രമാതീതമായി ഉയരുമെന്ന് തീര്‍ച്ച.
Comments