Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 5

ഫാഷിസം അധികാരിയാകുമ്പോള്‍ <br>സിവില്‍ സമൂഹ സംഘടനകളുടെ ദൗത്യം

ടി.ടി ശ്രീകുമാര്‍ /കവര്‍‌സ്റ്റോറി

         നമ്മുടെ നാട്ടിലൊരു തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. സ്വാഭാവികമായും നയപരിപാടികളില്‍ മാറ്റമുണ്ടാവും. അതിനുള്ള അവകാശവും ഗവണ്‍മെന്റിനുണ്ട്. ഏത് തരത്തിലുള്ള മാറ്റങ്ങളാണ് ഗവണ്‍മെന്റിന് വരുത്താന്‍ കഴിയുക എന്നതിനെ കുറിച്ച് ദേശീയമായി ചില സങ്കല്‍പങ്ങളുള്ളതു പോലെ അന്തര്‍ദേശീയമായി ചില സങ്കല്‍പങ്ങളുമുണ്ട്. ആ സങ്കല്‍പ്പങ്ങള്‍ നിലനില്‍ക്കുന്നത് ജനാധിപത്യത്തെക്കുറിച്ചുള്ളൊരു ധാരണയുടെ മുകളിലാണ്. ജനാധിപത്യത്തിന്റെ ശക്തിയും പരിമിതിയും എന്താണെന്ന് തിരിച്ചറിയുക വളരെ പ്രധാനമാണ്. ജനാധിപത്യത്തിന് പരിമിതിയോ എന്ന് ആരെങ്കിലും ചോദിച്ചേക്കാം. എന്നാല്‍ ജനാധിപത്യത്തിന് ചില പരിമിതികളുണ്ട്. ആ പരിമിതികളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഭരണഘടനകള്‍ ഉണ്ടാവുന്നത്. എല്ലാ കാര്യവും ജനാധിപത്യപരമായി മാത്രം തീരുമാനിക്കാമെങ്കില്‍ ഭരണഘടനയുടെ ആവശ്യമില്ല. സോക്രട്ടീസിനെ വിഷംകൊടുത്തു കൊല്ലാന്‍ തീരുമാനിച്ചത് ജനാധിപത്യപരമായിട്ടാണ്. ഗ്രീസിലെ സിറ്റി സ്റ്റേറ്റില്‍ ജനങ്ങള്‍  വോട്ടുചെയ്തായിരുന്നു തീരുമാനങ്ങളെടുത്തിരുന്നത്. അത്തരത്തില്‍ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് സോക്രട്ടീസിനെ വിഷം കൊടുത്തു കൊല്ലാന്‍ തീരുമാനിച്ചത്. യാഥാര്‍ഥ്യമോ മിത്തോ ആകട്ടെ, യേശുവിനെ കുരിശില്‍ തറക്കാന്‍ തീരുമാനിക്കുമ്പോള്‍ ജനങ്ങളോട് വിളിച്ചു ചോദിച്ചിട്ട് ഭൂരിപക്ഷവും അദ്ദേഹത്തെ കുരിശില്‍ തറക്കണം എന്ന് പറഞ്ഞപ്പോഴാണ് പിലാത്തോസ് യേശുവിനെ കുരിശില്‍ തറക്കാന്‍ തീരുമാനിച്ചത്. ജനാധിപത്യം എന്ന് പറയുന്നത് പലപ്പോഴും ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അടിച്ചമര്‍ത്താനുള്ള ഒരു സംവിധാനമായിപ്പോകുന്നു എന്നതാണ് യാഥാര്‍ഥ്യം.

തെരഞ്ഞെടുപ്പ് എന്നു പറയുമ്പോള്‍ ഭൂരിപക്ഷം കിട്ടിയവര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട് എന്നാണ് ഇന്ത്യയിലെ പൊതുധാരണ. അത്തരം അവകാശങ്ങളില്ല ജനാധിപത്യത്തില്‍ എന്ന് നാം മനസ്സിലാക്കണം. ഭരിക്കുന്നവര്‍ക്ക് ഭരിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഭരണം മുന്നോട്ട് കൊണ്ടു പോവാന്‍ പാടുള്ളൂ. ഇന്ത്യന്‍ ഭരണഘടനയില്‍ ചില വകുപ്പുകള്‍ മാറ്റണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് പറയുന്നത് എന്തിനാണെന്ന് നാം മനസ്സിലാക്കണം. ശരിക്കും അമ്പത്തിയൊന്ന് ശതമാനം ഭൂരിപക്ഷം മതിയല്ലോ എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍. അമ്പത്തിയൊന്ന് ശതമാനം ഭൂരിപക്ഷത്തിന് നാല്‍പത്തിയൊമ്പത് ശതമാനം വരുന്ന ന്യൂനപക്ഷത്തിനെ അടിച്ചമര്‍ത്താന്‍ കഴിയരുത് എന്നതുകൊണ്ടാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന ആശയം വരുന്നത്.

ജനാധിപത്യമെന്ന് പറയുന്നത് ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അടിച്ചമര്‍ത്താനുള്ളതല്ല എന്നുറപ്പുവരുത്താനാണ് ചില റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ ആ ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്നത്. അതുപോലെ ഭരണഘടനയുടെ വകുപ്പുകള്‍ മാറ്റണമെങ്കില്‍ കേവല ഭൂരിപക്ഷം പോരാ, ലോക്‌സഭയും രാജ്യസഭയും കൂടിയായിരിക്കണം അത് തീരുമാനിക്കേണ്ടത്. എപ്പോഴെങ്കിലും ഭൂരിപക്ഷം കിട്ടി അധികാരത്തിലെത്തുന്ന ആര്‍ക്കും സര്‍വതന്ത്ര സ്വതന്ത്രമായി ഈ നാടിനെ ഭരിക്കാമെന്നും ഇവിടത്തെ നയങ്ങളും അടിസ്ഥാനമൂല്യങ്ങളും മാറ്റി മറിക്കാമെന്നും ധാരണയുണ്ടെങ്കില്‍ അത് തെറ്റാണെന്നാണ് ഭരണഘടന വിളിച്ചു പറയുന്നത്. അതുകൊണ്ട് പുതിയ ഭരണകൂടത്തിന് സാംസ്‌കാരിക തലത്തിലായാലും രാഷ്ട്രീയ മേഖലയിലായാലും സ്വന്തം പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള അവകാശമില്ല. അത്തരത്തില്‍ അവകാശമുണ്ട് എന്നവര്‍ ധരിക്കുന്നത് ഈ ഭരണഘടനയോടും ഈ ഭരണഘടന സൃഷ്ടിച്ച ജനാധിപത്യ സംവിധാനത്തോടുമുള്ള അനാദരവാണ്. അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. പക്ഷേ, അങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന് ഇവിടത്തെ ഭരണകക്ഷിയുടെ അഖിലേന്ത്യാ പ്രസിഡന്റ് വിശ്വസിക്കുന്നു. ഒന്നല്ല പലതവണ ദേശീയ മാധ്യമങ്ങളില്‍ ഇതേ അഭിപ്രായങ്ങള്‍ അമിത്ഷാ ഉന്നയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവില്‍ അദ്ദേഹം പറഞ്ഞത്  കോണ്‍ഗ്രസ് സംസ്‌കാരം മാറി പകരം നമ്മുടെ സംസ്‌കാരം ഇതാ അധീശത്വം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നാണ്. 

കോണ്‍ഗ്രസ് സംസ്‌കാരം എന്നതുകൊണ്ട് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരം എന്നല്ല ഉദ്ദേശിച്ചത്. മറിച്ച്, ഇന്ന് നിലനില്‍ക്കുന്ന ഭരണഘടനയിലേക്ക് നയിച്ച സ്വാതന്ത്ര്യസമരമടക്കമുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങളും അതിലേക്ക് സംഭാവന ചെയ്ത കോണ്‍ഗ്രസും കോണ്‍ഗ്രസിതരരുമായ നിരവധി പ്രസ്ഥാനങ്ങളുമെല്ലാം ചേര്‍ന്ന ദേശീയമായ ഒരു സംസ്‌കാരത്തെക്കുറിച്ചാണ്. ആ സംസ്‌കാരത്തിന്റെ അടിസ്ഥാനപരമായ ചില മൂല്യങ്ങള്‍, ആ മൂല്യങ്ങള്‍ വളരെ പ്രധാനമാണ് എന്നു വിശ്വസിക്കുന്ന ഒരു ജനത, ആ ജനതയുടെ മനസ്സില്‍ നിന്ന് ഈ ജനാധിപത്യ സംസ്‌കാരം മാറ്റി, ഫാഷിസത്തിനനുരൂപമായ സംസ്‌കാരത്തെ കൊണ്ടുവരാനുള്ള നിര്‍ദേശങ്ങളാണ് അദ്ദേഹം ബി.ജെ.പി എക്‌സിക്യൂട്ടീവില്‍ വെച്ചത്. വളരെ ചിന്തിക്കേണ്ട നിര്‍ദേശമാണിത്. അമിത്ഷാ പറഞ്ഞത്, നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയുള്ള നേതാക്കളുടെ ചരിത്രമെടുത്ത് മാറ്റിയതിന് ശേഷം ഗോള്‍വാള്‍ക്കറുടെയും മറ്റും ആശയങ്ങള്‍ വെക്കാം എന്നാണ്.  ഈ ദേശീയ അധീശത്വമുള്ള പ്രത്യയശാസ്ത്രത്തെ മാറ്റി, നമുക്ക് അധീശത്വമുള്ള പ്രത്യയശാസ്ത്രം ഇന്ത്യയിലെമ്പാടും സ്വീകാര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള സമയം സംജാതമായിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ മോദിയുടെ പ്രസംഗമല്ല, അമിത് ഷായുടെ പ്രസംഗമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ഇനിയങ്ങോട്ട് ഇതുവരെയുണ്ടായിരുന്ന മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ല, സംഘ് പരിവാറിന്റെ മൂല്യങ്ങള്‍ക്കാണ് ഇനി പ്രസക്തി എന്ന് തന്നെ അദ്ദേഹം പറയുന്നു.  

പാര്‍ട്ടിയുടെ അധ്യക്ഷനെന്നുള്ള രീതിയില്‍ ഇതദ്ദേഹത്തിന് സങ്കല്‍പിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാം. പക്ഷേ അത് നടപ്പിലാക്കാന്‍ ഭരണകൂടത്തെ ഉപയോഗിക്കുന്നത്, വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലേക്ക്  ഈ ആശയങ്ങള്‍ കടത്തിവിടാന്‍ ശ്രമിക്കുന്നത് ഒട്ടും ആശാസ്യമല്ല. അത് ഭരണഘടനക്ക് വിരുദ്ധമാണ്, നമ്മുടെ ജനാധിപത്യ സംസ്‌കാര പാരമ്പര്യത്തിനും വിരുദ്ധമാണ്. 

ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം സംസാരിക്കുമ്പോള്‍ പോലും ഹിന്ദുമിത്തുകളായ ഗണപതിയിലേക്കും മറ്റും പോകുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇത്തരം കാര്യങ്ങള്‍ ഔചിത്യത്തോടുകൂടിയാണ് സംസാരിക്കേണ്ടത്. ഇപ്പോള്‍ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരുന്നത്, അറേബ്യയിലോ ഗ്രീസിലോ ആഫ്രിക്കയിലോ ഇന്ത്യയിലോ നിലനിന്നിരുന്ന പാശ്ചാത്യേതരമായ ശാസ്ത്രവികാസത്തിന്റെ ചിത്രങ്ങളല്ല. മറിച്ച്, നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള കഥകള്‍ ശാസ്ത്രമായി അവതരിപ്പിക്കുകയാണ്. അത് പാഠപുസ്തകമാക്കാന്‍ ശ്രമിക്കുന്നു. പ്രത്യയശാസ്ത്ര അധീശത്വത്തിന് വേണ്ടി വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കാന്‍ പോകുന്നു. അതിന്റെ തുടക്കമാണ് ഇവരുടെ പ്രസംഗത്തില്‍ നാം കാണുന്നത്. ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ പാഠപുസ്തകത്തിലേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. ആ അജണ്ട ഹിന്ദുത്വത്തിന്റേതാണ്. ആ അജണ്ടയെ ആ തലത്തില്‍ എതിര്‍ക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

ഇന്ത്യ പിന്തുടരുന്ന നയങ്ങള്‍ കൊണ്ട് മാത്രമല്ല, ആഗോളതലത്തിലുള്ള നയങ്ങള്‍ കാരണത്താലും സാമ്പത്തികമായും രാഷ്ട്രീയമായും ജനങ്ങള്‍ അങ്ങേയറ്റത്തെ ദുരിതപൂര്‍ണമായ ജീവിതത്തെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ഒരു കാലത്ത് തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ഭാഗമായി ചില ആനുകൂല്യങ്ങള്‍ നല്‍കുന്ന സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍, ഇന്ന് അതില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്നോട്ട് പോവുകയും കൂടുതല്‍ കുത്തകവത്കരണം അരങ്ങേറുകയും ചെയ്യുന്നു. ആഗോളവത്കരണം നടക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെ ഐ.ടി മേഖലയിലും മറ്റും പുതിയ സംരംഭകര്‍ ഉണ്ടാവുകയല്ല ചെയ്യുന്നത്. മറിച്ച്, ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്ന മുതലാളിത്തത്തിന്റെ ഛായയിലുള്ള കുടുംബാധീശത്വമുള്ള മുതലാളിത്തം തിരിച്ചുവരികയാണ്. പല രാഷ്ട്രങ്ങളിലെയും നികുതിരേഖകളും മറ്റും പരിശോധിക്കുമ്പോള്‍ ബോധ്യമാവുന്ന വിഷയമാണിത്. ആഗോള തലത്തില്‍ തന്നെ ഭരണകൂടങ്ങള്‍ ഇത്തരത്തിലുള്ള സാമ്പത്തിക സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ആ സാമ്പത്തിക സംവിധാനത്തോട് എതിര്‍പ്പുള്ള ഒരു ഭരണകൂടമാണോ നമുക്കുള്ളത്? ഒരിക്കലുമല്ല. ഇത്രയും കാലം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രതിപക്ഷത്തിരുന്നവര്‍ അധികാരത്തില്‍ വരുമ്പോള്‍ ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രക്രിയകളുടെ മറുപുറത്ത് നില്‍ക്കും എന്നാണ് നാം കരുതിയിരുന്നതെങ്കില്‍ അങ്ങനെയല്ല ഉണ്ടായിട്ടുള്ളത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയുടെ എല്ലാ അവകാശവാദങ്ങള്‍ക്കും മുന്നില്‍ മുട്ട് മടക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് നാം കാണുന്നത്.  

ഇന്ന് അഖിലേന്ത്യാതലത്തിലുണ്ടായിരിക്കുന്ന ഭീഷണിക്കെതിരെ ശക്തമായ ഒരു ഐക്യമുന്നണി ഉണ്ടാവേണ്ടതുണ്ട് എന്നെനിക്കറിയാം. അതുകൊണ്ട് തന്നെ അത്തരം ഐക്യമുന്നണിയെ തകര്‍ക്കുന്ന യാതൊന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അകാരണമായി വിമര്‍ശിക്കപ്പെട്ട സംഘടന എന്ന നിലക്ക് സോളിഡാരിറ്റിയോട് അക്കാര്യത്തില്‍ ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. നിങ്ങളുടെ വഴിയെ സി.പി.എം വരുന്നുവെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യവുമാണ്. ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോവാതെ വളരെ ഐക്യപ്പെട്ട് നിന്നതുകൊണ്ട് ഫലമുണ്ടായി എന്നാണത് കാണിക്കുന്നത്. ഈ ഐക്യമുന്നണിയെ ദലിത് സംഘടനകളും മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ സംഘടനകളും  പരിസ്ഥിതി സംഘടനകളും എല്ലാംകൂടി കേരളത്തില്‍ കഴിഞ്ഞ മുപ്പത് കൊല്ലമായി ഉണ്ടാക്കിയെടുത്തതാണ്. അധികാര വാഞ്ഛയില്ലാത്ത, അധികാര ഭ്രമമില്ലാത്ത ഒരു സാമൂഹിക സാംസ്‌കാരിക മുന്നണി ഇതിലൂടെ കേരളത്തിലുണ്ടായി. ആ സാംസ്‌കാരിക മുന്നണിയിലേക്ക് ഈ അടുത്ത കാലത്ത് വന്ന സംഘടനയാണ് സോളിഡാരിറ്റി. ആ മുന്നണിക്ക് വളരെയധികം സംഭാവന ചെയ്ത സംഘടനയാണ് സോളിഡാരിറ്റി.

സോളിഡാരിറ്റിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെയും സോളിഡാരിറ്റി ഇടപെടുന്ന പ്രശ്‌നങ്ങളെയും തീവ്രവാദവും ഭീകരവാദവുമായി കാണുന്ന സമീപനം കേരളത്തിലുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അതിനെതിരെ ഞാന്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കാരണം അത്തരം ആരോപണങ്ങളുടെ പിന്നിലുള്ളത് സോളിഡാരിറ്റി തീവ്രവാദ സംഘടനയാണെന്ന വിചാരമല്ല, മറിച്ച് ജനകീയ സംഘങ്ങള്‍ തമ്മില്‍ ഐക്യപ്പെടുന്നതിലുള്ള അസൂയയാണ്. ഐക്യം തകര്‍ക്കാനുള്ള ദുഷ്ടലാക്കാണ് അത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. അത് മനസ്സിലാക്കിക്കൊണ്ട് തന്നെ ആ ട്രാപ്പില്‍ ചെന്ന് വീഴാതിരിക്കുക എന്ന തീരുമാനം ഞാന്‍ എടുത്തു. സോളിഡാരിറ്റി നാളെ ഉണ്ടാകുമോ ഇല്ലേ എന്നതല്ല പ്രശ്‌നം. സംഘടനകള്‍ ജനിക്കും, ചിലപ്പോള്‍ പോവും, ചിലപ്പോള്‍ നിലനില്‍ക്കും. എന്നാല്‍, ഇവിടെ സാമൂഹിക പ്രശ്‌നങ്ങള്‍ അനവധിയുണ്ട്. നമ്മുടെ ജനാധിപത്യമണ്ഡലം നിരന്തരം നവീകരണങ്ങള്‍ക്ക് വിധേയമാകേണ്ടതാണ്. അത്തരം നവീകരണങ്ങളെ സഹായിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും  പ്രവര്‍ത്തിക്കുന്ന മേഖലയാണ് സിവില്‍ സമൂഹം. അവിടെ ആര് വരണം, ആര് വരേണ്ട എന്ന് തീരുമാനിക്കുന്നത് ഭരണകൂടമല്ല. അവിടെ എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. സോളിഡാരിറ്റിക്കില്ലാത്ത എന്ത് പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് എനിക്കുണ്ടാവുക? വ്യക്തികള്‍ ചേര്‍ന്നാണ് സംഘങ്ങള്‍ ഉണ്ടാവുന്നത്. ആ സംഘങ്ങള്‍ ഇടപെടുന്ന സമരങ്ങള്‍ ഏതാണെന്നാണ് നോക്കേണ്ടത്. ഇവിടെ സോളിഡാരിറ്റി ഇടപെടലുകളിലൂടെ സജീവമായ നിരവധി സമരങ്ങള്‍ എണ്ണിത്തരാന്‍ സാധിക്കും. അത്തരം സമരങ്ങളില്‍ നിന്ന് വിട്ടു നിന്നവര്‍, ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് പാടേ വിട്ടുപോയവര്‍, അതുമായി യാതൊരു ബന്ധവുമില്ലാതെ ദന്തഗോപുരങ്ങളില്‍ വാണവര്‍, അവരിപ്പോള്‍ മാലിന്യം വൃത്തിയാക്കാനായി തിരിച്ചു വരികയാണ്. സ്വന്തം രാഷ്ട്രീയം അപര്യാപ്തമാണെന്ന് ബോധ്യമാവുമ്പോള്‍, സ്വന്തം രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല എന്നു വരുമ്പോള്‍ കുറുക്കുവഴിയായി ഏറ്റെടുക്കേണ്ടുന്ന ഒന്നല്ല ജീവ കാരുണ്യ പ്രവര്‍ത്തനവും സന്നദ്ധ സംഘടനാ പ്രവര്‍ത്തനവും. 

ഇവിടെ സിവില്‍ സമൂഹം എന്നൊന്ന് നിലനില്‍ക്കുന്നുണ്ട്. ആ സിവില്‍ സമൂഹം ഏറ്റെടുത്തിട്ടുള്ള പ്രശ്‌നങ്ങളാണ് ഇതെല്ലാം. അങ്ങനെ സിവില്‍ സമൂഹം ഏറ്റെടുക്കുമ്പോള്‍ സിവില്‍ സമൂഹത്തിനൊരു രാഷ്ട്രീയമുണ്ട്.  ആ രാഷ്ട്രീയം ഇല്ലാത്തവരാണ് ഇപ്പോഴത് ഏറ്റെടുത്തിരിക്കുന്നത്. എന്താണ് ആ രാഷ്ട്രീയം? ഉപഭോഗ സംസ്‌കാരത്തെ കുറിച്ചുള്ള ഒരു രാഷ്ട്രീയം; പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ഒരു രാഷ്ട്രീയം; മുതലാളിത്ത സമൂഹത്തില്‍ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ചുള്ള രാഷ്ട്രീയം. അത്തരത്തിലുള്ള രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് സോളിഡാരിറ്റിയും മറ്റു സിവില്‍ സംഘടനാ സമൂഹങ്ങളും നിലനില്‍ക്കുന്നത്. ഇത് വോട്ട് നേടി അധികാരത്തില്‍ വരാനുള്ള കുറുക്കുവഴിയല്ല. ജനങ്ങളില്‍ നിന്ന് അകന്നുപോയി എന്ന് സ്വയം വിമര്‍ശനമേറ്റ ശേഷം അടുക്കാനുള്ള ഒരു കുറുക്കുവഴിയല്ല സന്നദ്ധ പ്രവര്‍ത്തനമെന്ന് പറയുന്നത്. അതിനൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം മനസ്സിലാക്കാനും ആ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാനും കഴിയുമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഈ സിവില്‍ സമൂഹത്തോട് തെറ്റുകളേറ്റ് പറഞ്ഞ് സന്ധി ചെയ്യുകയാണ്. അന്ധമായ വിമര്‍ശനത്തിന്റെ ചരിത്രപാരമ്പര്യത്തില്‍ നിന്ന് വിട്ടുമാറി കുറ്റമേറ്റ് പറഞ്ഞു ഈ സിവില്‍ സമൂഹം ഇത്രയും കാലം നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനുള്ള ആര്‍ജവമാണ് പിണറായി വിജയനെ പോലുള്ളവര്‍ ആദ്യം കാണിക്കേണ്ടത്. അതിന് ശേഷം അവര്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തട്ടെ. സോളിഡാരിറ്റിയും സിവില്‍ സമൂഹത്തിലെ മറ്റു സാമൂഹിക സംഘടനകളും ഉണ്ടാക്കിയിട്ടുള്ള ഐക്യത്തെ തകര്‍ക്കാനുള്ള ദുഷ്ടലാക്ക് വെച്ച് നടത്തിയ ആരോപണങ്ങളെല്ലാം പിന്‍വലിച്ച് ഈ സമരവുമായി യോജിക്കാന്‍ കേരളീയ സമൂഹം തയാറാകേണ്ടതുണ്ട്. 

നമ്മുടെയെല്ലാം മുമ്പില്‍ ഭീകരമായി വന്നു നില്‍ക്കുന്ന പ്രശ്‌നം ഇന്ത്യയിലെ ഫാഷിസമാണ്. ഒരു വ്യക്തിയിലേക്ക് അധികാരം ചുരുക്കാന്‍ ശ്രമിക്കുന്നതല്ല, മറിച്ച് വളരെ ശക്തമായ കേഡര്‍ അടിസ്ഥാനമുള്ള ഒരു സംഘടനയിലേക്ക്, ആര്‍.എസ്.എസിലേക്ക് അധികാരത്തെ ചുരുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് അപകടം. മോദിയാണ് എല്ലാ അധികാരവും കവര്‍ന്നെടുക്കുന്നത് എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ആര്‍.എസ്.എസ് ആണ് എല്ലാ അധികാരങ്ങളും കവര്‍ന്നെടുക്കുന്നത്.  അത് ഇന്ത്യയെ മറ്റൊരു തരത്തിലുള്ള സമഗ്രാധിപത്യത്തിലേക്കാണ് നയിക്കുക എന്ന് ഇപ്പോഴേ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മോദിയെ മാത്രം ഉന്നം വെച്ചു കൊണ്ടുള്ള ഒരു രാഷ്ട്രീയം ഇന്നത്തെ സന്ദര്‍ഭത്തില്‍ ശരിയല്ല. ഫാഷിസത്തിനെതിരെ, ഫാഷിസവത്കരണത്തിനെതിരെയുള്ള സമരം ഇത്തരം സമ്മേളനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതുമല്ല. ഗ്രാമഗ്രാമാന്തരങ്ങളിലാണ് അത് സംഭവിക്കേണ്ടത്. ക്ഷമാപൂര്‍വമുള്ള, ആരോപണങ്ങളെ അവഗണിച്ചു കൊണ്ടുള്ള ഒരു മുന്നണിയായി കേരളത്തില്‍ സിവില്‍ സമൂഹ സംഘടനകളും സോളിഡാരിറ്റിയും കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് പോവേണ്ട രാഷ്ട്രീയസന്ദര്‍ഭം സംജാതമായിരിക്കുന്നു. അത്തരത്തിലുള്ള ചര്‍ച്ചയിലേക്ക് നയിക്കാന്‍ ഈ സമ്മേളനവും ഒരു കാരണമാവട്ടെ എന്ന് ഞാന്‍ ആശംസിക്കുകയാണ്.  

കരുനാഗപ്പള്ളിയില്‍ നടന്ന സോളിഡാരിറ്റി കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം.

തയാറാക്കിയത്: സുഹൈറലി തിരുവിഴാംകുന്ന്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /59-63
എ.വൈ.ആര്‍