അല്ലാഹുവിന്റെ റസൂല്‍ 'പറഞ്ഞത്' <br>അല്‍പം ദഈഫായാലെന്ത്?!
തന്റെ പ്രസംഗത്തിന്റെ മാറ്റുകൂട്ടാനായി ദുര്‍ബലവും വ്യാജവുമായ ഹദീസുകള്‍ ഉദ്ധരിച്ച് ആളുകളെ വശീകരിച്ചിരുന്ന ഒരു പ്രഭാഷകനോട് ഒരിക്കല്‍ സാധാരണക്കാരനായ ഒരു ശ്രോതാവ് ചോദിച്ചത്രെ, 'ഉസ്താദേ താങ്കള്‍ ഉദ്ധരിച്ച ഹദീസ് ദഈഫാ(ദുര്‍ബലം)ണെന്ന് പറയുന്നത് കേട്ടിട്ടുണ്ടല്ലോ?' ഉസ്താദിന്റെ മറുപടി: ''അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞത് അല്‍പം ദഈഫായിപ്പോയെന്ന് വെച്ച് എന്താ?''
ഇത് ഇവിടെ ഉദ്ധരിക്കാന്‍ കാരണം പല ഇസ്‌ലാമിക പണ്ഡിതന്മാരും പ്രഭാഷകരും ലേഖകരും ഗ്രന്ഥകാരന്മാരും ഹദീസുകള്‍ ഉദ്ധരിക്കുന്നതില്‍ കാണിക്കുന്ന സൂക്ഷ്മതക്കുറവ് ശ്രദ്ധയില്‍ പെട്ടതാണ്. ഒരു ഹദീസ് ദുര്‍ബലമാണെന്ന് പറഞ്ഞാല്‍ അതിനര്‍ഥം അത് തിരുമേനിയില്‍ നിന്നുള്ളതാണ് എന്ന കാര്യത്തില്‍ ഉറപ്പില്ല എന്നാണ്. അത്തരം വചനങ്ങള്‍ തിരുമൊഴികളാണെന്ന മട്ടില്‍ ഉദ്ധരിക്കുന്നവര്‍, നബി(സ) പറഞ്ഞതാണെന്നുറപ്പില്ലാത്ത സംഗതി നബി പറഞ്ഞു എന്നാണ് വരുത്തിത്തീര്‍ക്കുന്നത്. അഥവാ, പ്രവാചകന്‍ പറയുകയോ ചെയ്യുകയോ അംഗീകരിക്കുകയോ സമ്മതിക്കുകയോ ചെയ്യാത്തത് അദ്ദേഹത്തിലേക്ക് ചേര്‍ത്തുപറയുന്നു എന്നര്‍ഥം. ഏതൊരു കാര്യം തിരുമേനിയിലേക്ക് ചേര്‍ത്ത് പറയുന്നുവോ അതിനര്‍ഥം അത് ദീനാണ് എന്നാണ്. പ്രത്യേകിച്ച് മനുഷ്യന്‍ എന്ന നിലക്ക് തിരുമേനിയില്‍ നിന്ന് ഉണ്ടായിട്ടില്ലാത്ത കാര്യങ്ങള്‍. യഥാര്‍ഥത്തില്‍ അത് തിരുമേനിയില്‍ നിന്നുള്ളതല്ലെങ്കില്‍ അതിനര്‍ഥം ദീനില്‍ ഇല്ലാത്ത ഒരു കാര്യം, ദീന്‍ അനുശാസിക്കാത്ത ഒരു കാര്യം ദീനില്‍ കൂട്ടിച്ചേര്‍ക്കുക എന്നാണ്. അതുപോലെ വിലക്കുകള്‍ ഉള്ള കാര്യങ്ങളാണെങ്കില്‍ ദീന്‍ വിലക്കാത്ത ഒന്ന് നാം വിലക്കുക എന്നാണ്. ഈ നടപടി അതീവ ഗുരുതരമാണ്. അതുകൊണ്ടാണ് നബി(സ) ഇങ്ങനെ താക്കീത് ചെയ്തത്:
''അല്ലയോ ജനങ്ങളേ, എന്നില്‍ നിന്ന് ഹദീസുകള്‍ അധികരിപ്പിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കണം. ആരെങ്കിലും എന്റെ പേരില്‍ വല്ലതും പറയുകയാണെങ്കില്‍ യാഥാര്‍ഥ്യമോ സത്യമോ അല്ലാതെ പറഞ്ഞുപോകരുത്. ഞാന്‍ പറയാത്തത് എന്റെ പേരില്‍ വല്ലവനും പറഞ്ഞാല്‍ അവന്‍ നരകത്തില്‍ തനിക്കുള്ള ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ'' (അഹ്മദ്, ഇബ്‌നുമാജ, ദാരിമി, ത്വഹാവി, ഹാകിം).
സമുറതുബ്‌നു ജുന്‍ദുബ് (റ) പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കുന്നു: ''ആരെങ്കിലും എന്നില്‍ നിന്ന് വല്ല ഹദീസും ഉദ്ധരിച്ചു; അത് കളവാണെന്ന് അവനറിയാം. എങ്കില്‍ അവന്‍ കള്ളന്മാരില്‍ ഒരുവനായിത്തീര്‍ന്നു'' (മുസ്‌ലിം, അബൂദാവൂദ്, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ബൈഹഖി).
നിയമനിര്‍മാണാധികാരം അല്ലാഹുവിന് മാത്രമാണ്. അല്ലാഹു അല്ലാത്ത മറ്റാര്‍ക്കെങ്കിലും അത് അംഗീകരിച്ചുകൊടുക്കുന്നത് ശിര്‍ക്കാണ്. അത് തൗഹീദിന്റെ കാതലായ വശമാണ്. പണ്ഡിതന്മാര്‍ക്കോ പുരോഹിതന്മാര്‍ക്കോ ഔലിയാക്കള്‍ക്കോ ഭരണാധികാരികള്‍ക്കോ, എന്തിനേറെ പ്രവാചകന്മാര്‍ക്കുപോലുമോ അത് വകവെച്ച് കൊടുക്കാവതല്ല. ഇതാണ് അഹ്‌ലുസ്സുന്നയുടെ അഖീദ. ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഇമാമുമാര്‍ ഒന്നടങ്കം അംഗീകരിച്ചതും തങ്ങളുടെ ഉസ്വൂലുകള്‍ വിശദീകരിക്കുന്നതിന്റെ മുന്നോടിയായി വ്യക്തമാക്കിയതുമായ കാര്യമാണിത്.
നിയമം എന്നത് ഇസ്‌ലാമില്‍ അഞ്ച് ഘടനയിലാണ് വ്യവഹരിക്കപ്പെട്ടിരിക്കുന്നത്. ഒന്ന്, ഫര്‍ദ് (നിര്‍ബന്ധം). തൊട്ടുതാഴെ, സാധാരണക്കാര്‍ സുന്നത്ത് എന്ന് പറയുന്ന മുസ്തഹബ്ബ് അഥവാ അഭികാമ്യം. മൂന്നാമത്തേത് നിഷിദ്ധത്തെ കുറിക്കുന്ന ഹറാം, തൊട്ടുതാഴെ പടിയിലുള്ളത് മക്‌റൂഹ് അഥവാ അനഭിലഷണീയം. അഞ്ചാമത്തേത്, മേല്‍പറഞ്ഞതിലൊന്നും പെടാത്ത മുബാഹ് അഥവാ അനുവദനീയ കാര്യങ്ങള്‍.
ഒരുകാര്യം ഫര്‍ദ്, ഹറാം, അഭികാമ്യം, അനഭിലഷണീയം, ഇതൊന്നുമല്ലെങ്കില്‍ അനുവദനീയം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരത്തിനാണ് നിയമനിര്‍മാണത്തിന്റെ പരമാധികാരം എന്നുപറയുന്നത്. ഇത് അല്ലാഹുവിന് മാത്രമാണ്. അതിന്റെ പ്രായോഗിക രൂപമാണ് അല്ലാഹുവിന്റെ ആജ്ഞാ നിര്‍ദേശങ്ങളുള്‍ക്കൊള്ളുന്ന ഖുര്‍ആനിക സൂക്തങ്ങള്‍. അതുപോലെ, അല്ലാഹുവിന്റെ വഹ്‌യ് (ദിവ്യബോധനം) അനുസരിച്ച് പ്രവാചകനിലൂടെ വെളിപ്പെടുന്ന കാര്യങ്ങള്‍. പ്രവാചകന്‍ വ്യക്തമാക്കുന്ന വിധിവിലക്കുകള്‍ നിങ്ങള്‍ സര്‍വാത്മനാ അംഗീകരിക്കണമെന്ന് അല്ലാഹു സൂറ അല്‍ ഹശ്ര്‍ 7-ല്‍ നമ്മോട് നിര്‍ദേശിച്ചിരിക്കയാല്‍ അത് യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ തന്നെ വിധിവിലക്കുകളായിത്തീരുന്നു. അല്ലാതെ പ്രവാചകന്‍ സ്വന്തം നിലക്ക്, തന്റെ ഇഛാനുസാരം വിധിവിലക്കുകള്‍ പുറപ്പെടുവിക്കുകയില്ല.
ഇത്തരം വിധിവിലക്കുകള്‍ ഇസ്‌ലാമില്‍ സ്വീകാര്യയോഗ്യമാവണമെങ്കില്‍ അവ ഖുര്‍ആന്‍ കൊണ്ടോ സ്വഹീഹായ ഹദീസ് കൊണ്ടോ സ്ഥിരപ്പെടണമെന്നാണ് എല്ലാ ഉസ്വൂലുല്‍ ഫിഖ്ഹിന്റെ കിതാബുകളിലും ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. അപ്പോള്‍, ഖുര്‍ആന്‍ വചനങ്ങളിലൂടെയോ സ്വഹീഹായ തിരുസുന്നത്തിലൂടെയോ അവ രണ്ടും അടിസ്ഥാനമാക്കി പണ്ഡിതന്മാര്‍ നടത്തുന്ന ഇജ്തിഹാദിലൂടെയോ അല്ലാതെ ദീനുല്‍ ഇസ്‌ലാമില്‍ ഒരു കാര്യം ശരിയോ തെറ്റോ ഫര്‍ദോ സുന്നത്തോ ഹറാമോ മക്‌റൂഹോ എന്ന് തുടങ്ങി യാതൊരു വിധിതീര്‍പ്പും ഉണ്ടായികൂടാ. അത് അല്ലാഹുവിന്റെ ദീനില്‍ കൈകടത്തലോ അല്ലാഹുവിന്റെ അധികാരത്തില്‍ ഇടപെടലോ ആയിത്തീരും.
ദഈഫായ ഹദീസും പുണ്യകര്‍മങ്ങളും
ഹലാല്‍ ഹറാമുകള്‍ നിശ്ചയിക്കുന്നിടത്ത് മാത്രമേ ഹദീസുകളുടെ സാധുത (സ്വിഹ്ഹത്ത്) പരിഗണിക്കേണ്ടതുള്ളൂ; അതേസമയം കര്‍മങ്ങളുടെ പുണ്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് (ഫളാഇലുല്‍ അഅ്മാല്‍) ദുര്‍ബലമായ ഹദീസുകള്‍ അവലംബിക്കുന്നതിന് വിരോധമില്ല എന്ന ധാരണ പൊതുവെ ഉണ്ട്. എന്നാല്‍ സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിച്ചാല്‍ ഈ ധാരണ തിരുത്തപ്പെടേണ്ടതാണെന്ന് മനസ്സിലാവും. ഇമാം ഇബ്‌നുതൈമിയ പറഞ്ഞു: ''ഒരു സംഗതി നിര്‍ബന്ധമാണെന്നോ അഭികാമ്യമാണെന്നോ ദുര്‍ബലമായ ഹദീസുകള്‍ കൊണ്ട് നിശ്ചയിക്കാമെന്ന് ഇമാമുകളില്‍ ആരും തന്നെ അഭിപ്രായപ്പെട്ടിട്ടില്ല. അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ അത് ഇജ്മാഇന് എതിരാകുന്നു'' (ഖാഇദ ജലീല ഫിത്തവസ്സുലി വല്‍ ഇസ്തിഗാസ/ പേജ് 162).
ദുര്‍ബല ഹദീസുകള്‍ ഉദ്ധരിക്കുമ്പോള്‍ പരിഗണിക്കേണ്ട നിബന്ധനകള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവ താഴെ ചേര്‍ക്കുന്നു:
1. തീരെ ദുര്‍ബലമായവ ആകാന്‍ പാടില്ല. അതിനാല്‍ കള്ളം കെട്ടിച്ചമക്കുന്നവരോ അങ്ങനെ ആരോപിക്കപ്പെട്ടവരോ ഗുരുതരമായ അബദ്ധങ്ങള്‍ വരുത്തുന്നവരോ നിവേദനം ചെയ്തവ ഒരിക്കലും ഉദ്ധരിക്കാവതല്ല.
2. സര്‍വാംഗീകൃതമായ അടിസ്ഥാനങ്ങള്‍ക്ക് വിധേയമായവ ആയിരിക്കണം. അതിനാല്‍ യാതൊരടിസ്ഥാനവുമില്ലാത്തവ ഉദ്ധരിക്കാവതല്ല.
3. അതനുസരിച്ച് കര്‍മം ചെയ്യുമ്പോള്‍ തിരുമേനിയില്‍ നിന്നുള്ളതാണെന്ന് ഉറപ്പിച്ചുകൊണ്ടാവരുത്. അത് തിരുമേനി പറയാത്തത് അവിടുത്തേക്ക് ചേര്‍ത്തിപ്പറയലായേക്കാനിടയുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം (തദ്‌രീബുര്‍റാവി/ ഇമാം സുയൂത്വി 1/297,298).
ഖേദകരമെന്ന് പറയട്ടെ, ഈ നിബന്ധനകള്‍ കേവലം തത്ത്വങ്ങളായി അവശേഷിച്ചു എന്നതാണ് യാഥാര്‍ഥ്യം. പ്രയോഗതലത്തില്‍ ഇവ പലപ്പോഴും വിസ്മരിക്കപ്പെട്ടു. ശൈഖ് അഹ്മദ് ശാക്കിര്‍ എഴുതുന്നു: ''ഏതവസ്ഥയിലും ദുര്‍ബലമായ ഹദീസുകള്‍ ദുര്‍ബലമാണെന്ന് വ്യക്തമാക്കല്‍ അനിവാര്യമാണ്. അല്ലായെങ്കില്‍ അത് സ്വഹീഹാണെന്ന തോന്നലുളവാക്കും. അങ്ങനെ ഉദ്ധരിക്കുന്നത് ഹദീസ് വിജ്ഞാനീയങ്ങളില്‍ അവലംബിക്കപ്പെടുന്ന പണ്ഡിതന്മാരാണെങ്കില്‍ വിശേഷിച്ചും. ദുര്‍ബല ഹദീസുകള്‍ സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍, അവ വിധികളുമായി ബന്ധപ്പെട്ടവയെന്നോ പുണ്യകര്‍മങ്ങളുമായി ബന്ധപ്പെട്ടവയെന്നോ വ്യത്യാസമില്ല. മാത്രമല്ല, സ്വഹീഹോ ഹസനോ ആയി പ്രവാചകനില്‍ നിന്ന് തെളിഞ്ഞ ഹദീസുകള്‍ മുഖേനയല്ലാതെ യാതൊരാള്‍ക്കും ഒരു പ്രാമാണികതയുമില്ല. എന്നാല്‍ ഇമാം അഹ്മദുബ്‌നു ഹമ്പല്‍, ഇബ്‌നു മഹ്ദി, ഇബ്‌നു മുബാറക് തുടങ്ങിയ മഹാന്മാര്‍ 'കര്‍മങ്ങളുടെ പുണ്യം വിശദീകരിക്കുന്ന വിഷയത്തില്‍ 'നാം വല്ലതും ഉദ്ധരിക്കുമ്പോള്‍ നാം ലാഘവസമീപനം സ്വീകരിക്കും' എന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചേക്കാം. നമ്മുടെ ബോധ്യമനുസരിച്ച് സ്വഹീഹിന്റെ പദവിയിലെത്താത്ത ഹസനായ ഹദീസുകളെപ്പറ്റിയാണ് അവരങ്ങനെ പറഞ്ഞിട്ടുള്ളത്. കാരണം സ്വഹീഹ് എന്നും ഹസന്‍ എന്നുമുളള വേര്‍തിരിവ് അവരുടെ കാലത്ത് പ്രകടമായി സ്ഥിരപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നല്ല, മുന്‍ഗാമികളില്‍ പലരും ഹദീസുകളെ സ്വഹീഹ് എന്നും ദഈഫ് എന്നുമല്ലാതെ വിശേഷിപ്പിച്ചിരുന്നുമില്ല'' (അല്‍ബാഇസുല്‍ ഹസീസ് 91,92).
മേല്‍പറഞ്ഞ മൂന്നു നിബന്ധനകള്‍ക്കു പുറമെ രണ്ട് പ്രധാന ശര്‍ത്വുകള്‍ കൂടി ശൈഖ് ഖറദാവി മുന്നോട്ടുവെക്കുന്നുണ്ട്.
1. ദീനിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും ബുദ്ധിക്കും ഭാഷാ നിയമങ്ങള്‍ക്കും പൊരുത്തപ്പെടാന്‍ കഴിയാത്ത വിധമുള്ള അതിശയോക്തികളും ഭീഷണികളും ഉള്‍ക്കൊണ്ടതല്ലാതിരിക്കുക.
2. ഇത്തരം ബാലിശമായ ഹദീസുകള്‍ അതിനേക്കാള്‍ ശക്തമായ മറ്റൊരു ശര്‍ഈ തെളിവിന് വിരുദ്ധമാവാതിരിക്കുക. 'അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ധനികനായതിനാല്‍ ഇഴഞ്ഞുകൊണ്ടായിരിക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുക' എന്ന ദുര്‍ബല ഹദീസ് ഉദാഹരണം. സ്വര്‍ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട പത്ത് പേരില്‍ ഉള്‍പ്പെട്ട സ്വഹാബിയാണദ്ദേഹം. ഇങ്ങനെയുള്ള ഹദീസുകള്‍ ഉദ്ധരിക്കുന്നവര്‍ സാമ്പത്തിക രംഗത്തെ അപചയത്തെയും അധാര്‍മികതയെയും പറ്റിയുളള അവതരണത്തിനായിരിക്കാം ഒരുവേള ഇത്തരം ബാലിശമായ ഹദീസുകള്‍ ഉദ്ധരിക്കുന്നത്. എന്നാല്‍ ഇത്രയും മഹാനായ ഒരു സ്വഹാബിയുടെ ചെലവില്‍ അദ്ദേഹത്തിന്റെ സ്ഥിരപ്പെട്ട പദവിയും മഹത്വവും ഇടിച്ചുതാഴ്ത്തുക എന്ന അപരാധമാണ് സംഭവിക്കുന്നതെന്ന് പലപ്പോഴും ഓര്‍ക്കാറില്ല.
എന്നാല്‍, ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ടല്ല പലരും ഈ രംഗത്ത് വിലസുന്നത്. പരാമൃഷ്ട നിബന്ധനകളാവട്ടെ ഹദീസ് വിജ്ഞാനീയത്തില്‍ അവഗാഹമുള്ളവര്‍ക്ക് മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുമുള്ളൂ.
സര്‍വോപരി, പുണ്യകര്‍മങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇവ ഉദ്ധരിക്കാം എന്ന് പറയുമ്പോള്‍ ഇത്തരം ഹദീസുകള്‍ മുഖേന നേരത്തെ വിശദീകരിച്ചതുപോലുള്ള ഒരു വിധി പുതുതായി സ്ഥാപിക്കാമെന്നാരും അര്‍ഥമാക്കിയിട്ടില്ല. പ്രത്യുത, നിലവില്‍ സ്ഥിരപ്പെട്ട ഒരു വിധിക്ക് ഉപോത്ബലകമായി അവ ഉദ്ധരിക്കാമെന്നേ അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. അതിനാല്‍ ഒരു കാര്യം സുന്നത്താണെന്ന് വിധി പ്രസ്താവിക്കാനോ അല്ലെങ്കില്‍ മറ്റൊരു കാര്യം മക്‌റൂഹാണെന്ന് സ്ഥാപിക്കാനോ ഒന്നും ഇത് പര്യാപ്തമല്ല. ഉദാഹരണത്തിന്, സ്വുബ്ഹ് നമസ്‌കാരത്തിന് മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരം പ്രബലമായ സുന്നത്താണെന്ന കാര്യം സ്വീകാര്യയോഗ്യമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ്. അതിന് പ്രേരിപ്പിച്ചുകൊണ്ടും അതിന്റെ പുണ്യം വിശദീകരിച്ചുകൊണ്ടും വന്ന ഒരു ഹദീസ് ദുര്‍ബലമാണെങ്കിലും ഉദ്ധരിക്കാമെന്നര്‍ഥം. അപ്പോള്‍ പോലും അത് റസൂല്‍ പറഞ്ഞു എന്ന് അസന്ദിഗ്ധമായി പറഞ്ഞുകൊണ്ടാവരുത് എന്ന് നിബന്ധനയുണ്ട്. ഈയൊരു സൂക്ഷ്മത മുന്‍ഗാമികളായ പണ്ഡിതന്മാര്‍ പുലര്‍ത്തിയതിന്റെ മികച്ച ഉദാഹരണമാണ് അത്തരം ഹദീസുകള്‍ 'റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു'എന്ന് കര്‍മണി പ്രയോഗത്തിലൂടെ അവര്‍ രേഖപ്പെടുത്തിയത്. അതേസമയം ഹദീസ് സ്വഹീഹാണെങ്കില്‍ 'പ്രവാചകന്‍ പറഞ്ഞു/ചെയ്തു/ അനുവാദം നല്‍കി' എന്നാണ് അവര്‍ പ്രയോഗിക്കുക.
ആരായാലും ശരി, തിരുനബി(സ)യുടേതല്ലാത്ത ഒരു കാര്യം അവിടുത്തേക്ക് ചേര്‍ത്ത് പറയുകയും, അത് തിരുചര്യയായി ജനങ്ങള്‍ മനസ്സിലാക്കുകയും ചെയ്താല്‍ പ്രവാചകന്റെ പേരില്‍ കള്ളം പറഞ്ഞവരുടെ ഗണത്തില്‍ അദ്ദേഹം പെട്ടുപോകുന്ന മഹാ അപകടം സംഭവിക്കും. പ്രവാചക ചര്യയാക്കി അവതരിപ്പിക്കുന്നതിനര്‍ഥം അത് അല്ലാഹുവിന്റെ ദീനാക്കി അവതരിപ്പിക്കുക എന്നുതന്നെയാണ്. അത് അടിസ്ഥാനരഹിതമാണെങ്കില്‍ പടച്ചവന്റെ പേരില്‍ ഇല്ലാത്തത് ചമച്ചവരുടെ പട്ടികയില്‍ പെടുമെന്നും ഗൗരവപൂര്‍വം ചിന്തിക്കുക. അല്ലാഹു താക്കീത് ചെയ്തു: ''നിങ്ങള്‍ക്കറിയാത്തത് അല്ലാഹുവിന്റെ പേരില്‍ പറയാതിരിക്കുക''(അല്‍ബഖറ 169). സ്വഹീഹായ ധാരാളം ഹദീസുകള്‍ സുലഭമായിരിക്കെ ദുര്‍ബല ഹദീസുകളുടെയും വാറോലകളുടെയും പിന്നാലെ പോകുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് പറയാതെ വയ്യ.
Comments