ഹയ്യ് ബ്‌നു യഖ്ദാന്
അവര്‍ പറയുന്നു: ഹയ്യ്ബ്‌നു യഖ്ദാന്‍ ജനിച്ച ദ്വീപിന്റെ സമീപത്തായി മറ്റൊരു ദ്വീപ് ഉണ്ടായിരുന്നു. പ്രാചീന കാലത്തെ ചില പ്രവാചകന്മാര്‍ സ്ഥാപിച്ച ഒരു സമുദായം അവിടെ കുടിയേറി താമസമാക്കി. സര്‍വ യാഥാര്‍ഥ്യങ്ങളെക്കുറിച്ചും ഉദാഹരണങ്ങളിലൂടെയും ഉപമകളിലൂടെയുമാണ് അവര്‍ സംസാരിച്ചിരുന്നത്-സാധാരണക്കാരായ ആളുകളുമായി സംസാരിക്കുമ്പോള്‍ പതിവുള്ളത് പോലെ. അത് വസ്തുക്കളെക്കുറിച്ചു ചില സങ്കല്‍പങ്ങളും കാര്യങ്ങളുടെ ചില പ്രതികരണങ്ങളും മനസ്സുകളില്‍ കോറിയിടും. ആ സമൂഹം വളര്‍ന്നു വികസിച്ച് ദ്വീപിലെ പ്രബല ശക്തിയായിത്തീര്‍ന്നപ്പോള്‍ അവിടത്തെ രാജാവ് അവരുടെ മതം ആശ്ലേഷിക്കുകയും തദ്ദേശീയരായ തന്റെ അനുയായികളോട് അതാശ്ലേഷിക്കാന്‍ കല്‍പിക്കുകയും ചെയ്തു. അങ്ങനെ ഏതാനും ചിലരൊഴികെ ദ്വീപു വാസികളെല്ലാം പ്രസ്തുത മതത്തിന്റെ അനുയായികളായി.
സല്‍ഗുണ സമ്പന്നരും നന്മേഛുക്കളുമായ രണ്ട് ചെറുപ്പക്കാര്‍ ആ ദ്വീപില്‍ വസിച്ചിരുന്നു. അബ്‌സാല്‍ എന്നും സലാമാന്‍ എന്നുമായിരുന്നു അവരുടെ പേരുകള്‍. ഇരുവരും, പ്രവാചകന്മാരാല്‍ പ്രബുദ്ധരായ ആ സമുദായക്കാരുടെ മതത്തില്‍ ചേരുകയും അതിനെ ആത്മാര്‍ഥമായി ഉള്‍ക്കൊള്ളുകയും ചെയ്തു. അവര്‍ പരപ്രേരണ കൂടാതെത്തന്നെ അതിലെ മുഴുവന്‍ നിയമങ്ങളും പാലിക്കുകയും അതിലെ മുഴുവന്‍ ആചാരാനുഷ്ഠാനങ്ങളും അനുശീലിക്കുകയും ഒരു ഭംഗവും വരാതെ അത് തുടരുകയും ചെയ്തു. ദൈവത്തിന്റെ ഗുണവിശേഷങ്ങള്‍, മലക്കുകള്‍, പരലോകം, രക്ഷാശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ആ മതത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് പലപ്പോഴും അവര്‍ വിചിന്തനം നടത്താറുണ്ടായിരുന്നു. കൂടുതല്‍ ആഴത്തിലേക്ക് ഊളിയിട്ടിറങ്ങുകയും, ആത്മീയമായ ആശയതലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും വ്യാഖ്യാനങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാട്ടുകയും ചെയ്തിരുന്നത് അബ്‌സാല്‍ ആയിരുന്നു. സലാമാന് ബാഹ്യമായ കാര്യങ്ങളിലായിരുന്നു കൂടുതല്‍ താല്‍പര്യം. വ്യാഖ്യാനങ്ങളില്‍ നിന്ന് അവന്‍ പരമാവധി അകന്നുനില്‍ക്കുകയും ഊഹങ്ങളും സങ്കല്‍പങ്ങളും ഉപേക്ഷിക്കുകയും ചെയ്തു. അതേസമയം രണ്ടുപേരും ബാഹ്യമായ കര്‍മങ്ങള്‍ മുറപ്രകാരം അനുഷ്ഠിക്കുകയും ആത്മവിചാരണയിലും ശരീരേഛകള്‍ക്കെതിരെ പോരാടുന്നതിലും നിഷ്‌കര്‍ഷ പുലര്‍ത്തുകയും ചെയ്തിരുന്നു. ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളും സഹവാസങ്ങളും വെടിഞ്ഞ് ഏകാന്തവാസം അനുഷ്ഠിക്കുന്നതിലാണ് വിജയവും സൗഭാഗ്യവും എന്ന് സൂചിപ്പിക്കുന്ന ചില വചനങ്ങള്‍ ആ മതത്തിന്റെ നിയമസംഹിതയില്‍ ഉണ്ടായിരുന്നു. നേരെ മറിച്ച് ജനങ്ങളുമായുള്ള സഹവാസവും സാമൂഹിക ജീവിതവുമാണ് ശ്രേഷ്ഠമെന്ന് കുറിക്കുന്നതായിരുന്നു മറ്റു ചില വചനങ്ങള്‍.
അബ്‌സാല്‍ ഏകാന്തവാസത്തില്‍ തല്‍പരനാവുകയും തത്സംബന്ധമായ വചനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്തു. കാരണം ചിന്തയില്‍ മുഴുകുക, വ്യാഖ്യാനങ്ങള്‍ നടത്തുക, ആശയങ്ങളുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പോവുക എന്നതായിരുന്നു അവന്റെ പ്രകൃതം. അതിനു ഏറ്റവും അനുയോജ്യമായത് ഏകാന്തവാസമാണ്. എന്നാല്‍, സാമൂഹിക ജീവിതത്തോട് കൂറുപുലര്‍ത്തിയ സലാമാന്‍ തത്സംബന്ധമായ വചനങ്ങള്‍ക്കാണ് മുന്‍തൂക്കം കല്‍പിച്ചത്. കാരണം, ചിന്തിക്കാനും വ്യാഖ്യാനിക്കാനും ധൈര്യമില്ലാത്ത പ്രകൃതമായിരുന്നു അവന്റേത്. സാമൂഹിക ജീവിതം കൊണ്ട് ആശയകാലുഷ്യങ്ങളില്‍നിന്ന് രക്ഷനേടാനും വിപരീത സങ്കല്‍പങ്ങളെ നീക്കിക്കളയാനും പിശാചിന്റെ ദുര്‍മന്ത്രണങ്ങളില്‍ നിന്ന് രക്ഷ നേടാനും അവനു സാധിച്ചു. രണ്ടുപേരുടെയും സമീപനത്തിലുള്ള ഈ വൈരുധ്യം ഒടുവില്‍ അവരുടെ വേര്‍പിരിയലിനു കാരണമായിത്തീര്‍ന്നു.
ഹയ്യ്ബ്‌നു യഖ്ദാന്‍ പിറന്ന ദ്വീപിനെ കുറിച്ച് അബ്‌സാല്‍ കേട്ടിട്ടുണ്ടായിരുന്നു. അതിലെ സൗകര്യങ്ങളും സസ്യഫല സമൃദ്ധിയും ആരോഗ്യപൂര്‍ണമായ അന്തരീക്ഷവുമൊക്കെ അവന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍, അവിടേക്ക് യാത്ര പുറപ്പെടാനും ശിഷ്ടകാലം അവിടെ ഏകാന്തവാസം അനുഷ്ഠിക്കാനും അവന്‍ തീരുമാനിച്ചു. അങ്ങനെ അവന്‍ തന്റെ സമ്പത്തെല്ലാം ശേഖരിച്ച് അതിന്റെ ഒരു ഭാഗം വിറ്റ് ഒരു കപ്പല്‍ വാങ്ങുകയും ബാക്കിയുള്ളത് അഗതികള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. അനന്തരം സലാമാനോട് യാത്ര പറഞ്ഞു കപ്പലില്‍ കയറി. നാവികന്മാര്‍ അവനെ ദ്വീപിലെത്തിക്കുകയും അതിന്റെ കരയില്‍ ഇറക്കി തിരിച്ചുപോവുകയും ചെയ്തു.
അബ്‌സാല്‍ ആ ദ്വീപില്‍ അല്ലാഹുവിനെ ആരാധിച്ചും അവന് സ്തുതികീര്‍ത്തനങ്ങള്‍ ചൊല്ലിയും അവന്റെ സുന്ദര നാമങ്ങളെയും സമുന്നത ഗുണവിശേഷങ്ങളെയും കുറിച്ച് ചിന്തിച്ചും കൊണ്ട് കഴിഞ്ഞുകൂടി. അയാളുടെ മനസ്സ് ഇടറുകയോ ഇതര ചിന്തകളാല്‍ കലുഷമാവുകയോ ചെയ്തില്ല. വിശപ്പ് കഠിനമാവുമ്പോള്‍ ദ്വീപിലെ പഴങ്ങളും വേട്ടയാടിക്കിട്ടുന്ന ജീവികളെയും ഭക്ഷിച്ച് വിശപ്പകറ്റി. അങ്ങനെ, രക്ഷിതാവുമായുള്ള സ്വകാര്യ സംഭാഷണം നല്‍കുന്ന അതുല്യമായ ശാന്തിയും അപാരമായ ആനന്ദവും ആസ്വദിച്ചുകൊണ്ട് കുറച്ചുകാലം അവന്‍ കഴിച്ചുകൂട്ടി. ഓരോ ദിവസവും അവന്‍ ദൈവത്തിന്റെ അനുഗ്രഹങ്ങളും സമ്മാനങ്ങളും കാണുകയും അനുഭവിക്കുകയും ചെയ്തു. തനിക്ക് വേണ്ട ഭക്ഷണപാനീയങ്ങളും മറ്റെല്ലാ ആവശ്യങ്ങളും അനായാസം അവന് ലഭിച്ചുകൊണ്ടിരുന്നു. അതെല്ലാം അവന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയും അവന്റെ ഹൃദയത്തെ കുളിരണിയിക്കുകയും ചെയ്തു.
ഹയ്യും അബ്‌സാലും കണ്ടുമുട്ടുന്നു
ആ സമയങ്ങളിലെല്ലാം ഹയ്യ്ബ്‌നു യഖ്ദാന്‍ തന്റെ അത്യുന്നതമായ ആത്മീയാവസ്ഥയില്‍ അഗാധമായി വിലയിച്ചിരിക്കുകയായിരുന്നു. ഭക്ഷണത്തിന് വേണ്ടി ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ അവന്‍ തന്റെ ഗുഹവിട്ടു പുറത്തിറങ്ങിയിരുന്നുള്ളൂ എന്നതിനാല്‍, അബ്‌സാലിന് അവനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ ദ്വീപിന്റെ മുക്കിലും മൂലയിലുമൊക്കെ ചുറ്റിക്കറങ്ങി നടക്കാറുണ്ടായിരുന്നുവെങ്കിലും അവിടെയെങ്ങും ഒരു മനുഷ്യ ജീവിയെ കണ്ടെത്താനോ വല്ലവരുടെയും കാലടി അടയാളങ്ങള്‍ കാണാനോ അവന് സാധിച്ചിരുന്നില്ല. കാരണം പരമാവധി ഏകാന്തമായ ജീവിതം നയിക്കണമെന്ന് ഉറച്ച തീരുമാനം എടുത്തിരുന്നത് കൊണ്ട് ഈ സാഹചര്യം അവന്റെ സന്തോഷവും സംതൃപ്തിയും വര്‍ധിപ്പിച്ചു.
ഒരു ദിവസം ഭക്ഷണം തേടി ഗുഹവിട്ടിറങ്ങിയ ഹയ്യ്, അബ്‌സാല്‍ ഏകാന്തവാസം അനുഷ്ഠിക്കുന്ന സ്ഥലത്ത് എത്തിപ്പെടുകയും ഇരുവരും പരസ്പരം കാണുകയും ചെയ്തു. ജനങ്ങളില്‍ നിന്നകന്ന് ഏകാന്തവാസം അനുഷ്ഠിക്കുന്നതിന് വേണ്ടി വിജനമായ ഈ ദ്വീപില്‍ എത്തിപ്പെട്ട മനുഷ്യ വര്‍ഗത്തില്‍ പെട്ട ഒരു ഭക്തനായിരിക്കും അതെന്ന കാര്യത്തില്‍ അബ്‌സാലിന് സംശയമുണ്ടായിരുന്നില്ല. അയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതും അയാളുമായി പരിചയം സ്ഥാപിക്കുന്നതും തന്റെ ധ്യാനത്തെ തകര്‍ക്കുമെന്നും, താന്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിന് തടസ്സമാകുമെന്നും അവന്‍ ഭയപ്പെട്ടു. മറുവശത്ത്, ഹയ്യ്ബ്‌നു യഖ്ദാന് അബ്‌സാലിനെ കണ്ടിട്ട് അതെന്തുതരം ജീവിയാണെന്ന് തിരിച്ചറിയാനേ കഴിഞ്ഞില്ല. കാരണം അവന്‍ ഇതുവരെ കണ്ട മൃഗങ്ങളുടെ കൂട്ടത്തിലൊന്നും അത്തരമൊന്നിനെ കണ്ടിട്ടില്ല. അബ്‌സാല്‍ ഒരു കറുത്ത രോമവസ്ത്രമാണ് ധരിച്ചിരുന്നത്. അത് അവന്റെ ശരീരത്തിന്റെ ഭാഗം തന്നെയാണെന്ന് ഹയ്യ് മനസ്സിലാക്കുകയും കുറേ നേരം അതുതന്നെ വിസ്മയപൂര്‍വം നോക്കിനില്‍ക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ തന്റെ ധ്യാനം മുടക്കുമെന്ന് ഭയപ്പെട്ട അബ്‌സാല്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. അപ്പോള്‍ ആ മനുഷ്യന്റെ സത്യം അറിയാനുള്ള ആഗ്രഹത്തോടെ ഹയ്യും പിറകെ ഓടി. അത് കണ്ട് അബ്‌സാല്‍ ഓട്ടത്തിന് വേഗം കൂട്ടി. അപ്പോള്‍ ഹയ്യ് ഓട്ടം നിര്‍ത്തി. മരങ്ങള്‍ക്കും കുറ്റിച്ചെടികള്‍ക്കുമിടയില്‍ മറഞ്ഞുനിന്നു. അവനെ പിറകില്‍ കാണാതിരുന്നപ്പോള്‍ അവന്‍ തിരിച്ചുപോയിരിക്കുമെന്ന് അബ്‌സാല്‍ വിചാരിച്ചു. അങ്ങനെ വീണ്ടും പ്രാര്‍ഥനയും ധ്യാനവും വായനവും കീര്‍ത്തനവും തേങ്ങലും വിതുമ്പലും തുടങ്ങി. അവന്‍ ധ്യാനത്തില്‍ പൂര്‍ണമായും മുഴുകിയപ്പോള്‍ ഹയ്യ്ബ്‌നു യഖ്ദാന്‍ പതുങ്ങിപ്പതുങ്ങി അവന്റെ അരികിലേക്ക് നീങ്ങി. അടുത്തെത്തിയപ്പോള്‍ ഹയ്യ് അവന്റെ വായനയും കീര്‍ത്തനങ്ങളും കേള്‍ക്കുകയും അവന്റെ ഭക്തിയും വിനയവും കാണുകയും ചെയ്തു. അവന്റെ ശബ്ദം മനോഹരവും അക്ഷരങ്ങള്‍ താളബദ്ധവുമായിരുന്നു. അത്തരത്തിലൊരു ശബ്ദം മറ്റു മൃഗങ്ങളിലൊന്നും അവന്‍ കേട്ടിട്ടില്ല. അവന്റെ രൂപവും വസ്ത്രവും ഹയ്യ് ശ്രദ്ധിച്ചു. അവന് തന്റെ രൂപം തന്നെയാണെന്ന് അവന്‍ മനസ്സിലാക്കി. എന്നാല്‍ അവന്‍ ധരിച്ച കോട്ട് അവന്റെ ശരീരത്തിന്റെ ഭാഗമല്ലെന്നും താന്‍ ധരിച്ച വസ്ത്രം പോലെ അതും കൃത്രിമമായി ഉണ്ടാക്കപ്പെട്ടതാണെന്നും ബോധ്യപ്പെട്ടു.
അബ്‌സാലിന്റ ഭക്തിയും വിനയവും വിതുമ്പലുമൊക്കെ കണ്ടപ്പോള്‍ അവന്‍ സത്യജ്ഞാനം സിദ്ധിച്ച ആളാണെന്ന് ഹയ്യ് മനസ്സിലാക്കി. അവനെ പരിചയപ്പെടാനും അവന്റെ മനസ്സില്‍ എന്താണുള്ളതെന്നും അവന്റെ വിലാപത്തിനു എന്താണ് കാരണമെന്നു മനസ്സിലാക്കാനും ഹയ്യിന്റെ മനസ്സ് അഭിലഷിച്ചു. അതിനാല്‍ അവന്റെ അടുത്തേക്ക് ഏതാനും ചുവടുകള്‍ വെച്ചു. അപ്പോഴാണ് അബ്‌സാല്‍ അവനെ കാണുന്നത്. അവന്‍ എഴുന്നേറ്റ് വീണ്ടും ഓടാന്‍ തുടങ്ങി. എന്നാല്‍ ഹയ്യ്ബ്‌നു യഖ്ദാന് അവനേക്കാള്‍ മനശ്ശക്തിയും ശാരീരിക ശേഷിയും അല്ലാഹു നല്‍കിയിരുന്നു. അതുകൊണ്ട് കൂടുതല്‍ വേഗത്തില്‍ ഓടാനും അവനെ പിടികൂടാനും പ്രയാസമുണ്ടായില്ല.
അബ്‌സാല്‍ അവനെ ശ്രദ്ധിച്ചു നോക്കി. മുടിയും രോമവും നിറഞ്ഞ കാട്ടുമൃഗത്തിന്റെ തോലാണ് അവന്‍ വസ്ത്രമായി ധരിച്ചിരിക്കുന്നത്. അവന്റെ സ്വന്തം മുടിയാകട്ടെ ശരീരത്തിന്റെ വലിയൊരു ഭാഗം മറക്കുകയും ചെയ്തിരുന്നു. അവന്റെ ശക്തിയും വേഗതയും അപാരമായിരുന്നു. അതെല്ലാം കണ്ട് അബ്‌സാല്‍ വല്ലാതെ ഭയപ്പെട്ടു. അതിനാല്‍ അവനോട് സ്‌നേഹവും സൗഹാര്‍ദവും പ്രകടിപ്പിക്കാന്‍ അവന്‍ ശ്രമിച്ചു. അവന്റെ വാക്കുകള്‍ ഹയ്യിന് മനസ്സിലായില്ല. അവന്‍ ഭയപ്പെട്ടിരിക്കുകയാണെന്ന് മാത്രം അവനറിഞ്ഞു. മൃഗങ്ങളില്‍ നിന്ന് പഠിച്ച ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടും, കൈകൊണ്ട് അബ്‌സാലിന്റെ തലയിലും കഴുത്തിലും തൊട്ടു തടവി കൊണ്ടും അവന്‍ തിരിച്ചും സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അബ്‌സാലിന്റെ ഭയം നീങ്ങുകയും തന്നെ ഉപദ്രവിക്കാന്‍ അവന് ഉദ്ദേശ്യമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു.
നേരത്തെ, പ്രതിഭാസങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും അറിയാനുള്ള ആഗ്രഹം മൂലം അബ്‌സാല്‍ നിരവധി ഭാഷകള്‍ പഠിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ അറിയുന്ന ഓരോ ഭാഷയിലും അവന്‍ ഹയ്യ്ബ്‌നു യഖ്ദാനോട് സംസാരിച്ചു നോക്കി. അവന്റെ ജീവിതത്തെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ചോദിച്ചു. താന്‍ പറയുന്ന കാര്യങ്ങള്‍ അവന് മനസ്സിലാക്കിക്കൊടുക്കാന്‍ പലപ്പോഴും ശ്രമിച്ചുനോക്കി. പക്ഷേ, അതിനൊന്നും ഒരു ഫലവുമുണ്ടായില്ല. എല്ലാം കേട്ട് അന്തംവിട്ടു നോക്കിനില്‍ക്കുകയല്ലാതെ അവയുടെ അര്‍ഥം എന്താണെന്ന് അവന് മനസ്സിലായില്ല. എന്നാല്‍ അബ്‌സാലിന് തന്നോട് സ്‌നേഹവും സന്തോഷവും ഉണ്ടെന്ന് മാത്രം അവന്‍ മനസ്സിലാക്കി. അങ്ങനെ കുറേ നേരം രണ്ടു പേരും പരസ്പരം നോക്കി അത്ഭുതപ്പെട്ടുകൊണ്ടങ്ങനെ അവിടെ നിന്നു.
അബ്‌സാല്‍ തന്റെ ദ്വീപില്‍ നിന്ന് വരുമ്പോള്‍ കൂടെ കൊണ്ടുവന്ന ഭക്ഷണത്തില്‍ അല്‍പം അവന്റെയടുക്കല്‍ ബാക്കിയുണ്ടായിരുന്നു. അതവന്‍ എടുത്ത് ഹയ്യിന് കൊടുത്തു. അങ്ങനെയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതുകൊണ്ട് അതെന്താണ് ചെയ്യേണ്ടതെന്ന് അവന് മനസ്സിലായില്ല. അപ്പോള്‍ അബ്‌സാല്‍ അതില്‍ നിന്ന് അല്‍പം എടുത്ത് ഭക്ഷിക്കുകയും ആംഗ്യഭാഷയിലൂടെ അത് കഴിച്ചുകൊള്ളാന്‍ ഹയ്യിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. അപ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ താന്‍ സ്വയം ഉണ്ടാക്കിയ ചിട്ടകളെയും പഥ്യങ്ങളെയും കുറിച്ച് ഹയ്യിന് ഓര്‍മവന്നു. അബ്‌സാല്‍ വെച്ചുനീട്ടിയ ഭക്ഷണം എങ്ങനെയുള്ളതാണെന്നും അത് ഭക്ഷിക്കുന്നത് തനിക്ക് ഹിതകരമാണോ അല്ലേയെന്നും അറിയാത്തതിനാല്‍ അവനത് നിരസിച്ചു. എന്നാല്‍ അബ്‌സാല്‍ തന്റെ ക്ഷണവും അപേക്ഷയും സ്‌നേഹപൂര്‍വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അബ്‌സാലുമായി സൗഹൃദം സ്ഥാപിക്കാന്‍ ഹയ്യ് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. അബ്‌സാലിന്റെ അപേക്ഷ നിരന്തരം നിരസിച്ചു തള്ളുന്നത് അവന്‍ തന്നില്‍നിന്നകലാന്‍ ഇടവരുമെന്ന് ഹയ്യ് ഭയപ്പെട്ടു. അങ്ങനെ അതില്‍ നിന്നൊരല്‍പം എടുത്ത് അവന്‍ വായിലിട്ടു. അത് കഴിക്കുകയും അതിന്റെ രുചി ഇഷ്ടപ്പെടുകയും ചെയ്തപ്പോള്‍ പഥ്യം തെറ്റിച്ചതില്‍ അവന് കുറ്റബോധം തോന്നി. തന്റെ പ്രവൃത്തിയില്‍ അവന്‍ പശ്ചാത്തപിക്കുകയും അബ്‌സാലിനെ പിരിഞ്ഞു തന്റെ ആ പഴയ ധ്യാനത്തിന്റെ അത്യുന്നതാവസ്ഥയിലേക്ക് തിരിച്ചുപോകുന്നതിനെപ്പറ്റി ആലോചിക്കുകയും ചെയ്തു. എന്നാല്‍, ആ ആത്മീയ ലോകത്തിലേക്ക് പെട്ടെന്ന് തിരിച്ചുപോകാന്‍ അവന് സാധിക്കുകയുണ്ടായില്ല. അപ്പോള്‍ അബ്‌സാലിനോടൊപ്പം ഭൗതികലോകത്ത് തന്നെ നില്‍ക്കാമെന്നും അവനെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളതെല്ലാം അറിഞ്ഞ ശേഷം പഴയ ധ്യാനാവസ്ഥയിലേക്ക് തിരിച്ചുപോകാമെന്നും അവന്‍ തീരുമാനിച്ചു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
വിവ: റഹ്മാന്‍ മുന്നൂര്ചിത്രീകരണം: എം. കുഞ്ഞാപ്പ
Comments