കാലുഷ്യം വിട്ടൊഴിയാതെ പശ്ചിമേഷ്യ
പശ്ചിമേഷ്യയില്‍ കാലുഷ്യത്തിന്റെ പുതിയ ഭൂപടം രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു. അറബ് ലോകത്ത് ഇപ്പോള്‍ സംഭവിക്കുന്നതും മുമ്പ് നാം കേട്ട വിശാല പശ്ചിമേഷ്യ എന്ന ആശയവും തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ ഇനിയും സമയമെടുത്തേക്കും. വിദേശശക്തികളുടെ പങ്ക് നിര്‍ണയിക്കാനും ഇപ്പോള്‍ സാധ്യമല്ല. നിലവിലെ കാലുഷ്യത്തിന്റെ കാരണം പ്രാദേശികമാണെങ്കിലും വൈദേശിക പങ്ക് വിസ്മരിക്കാവതല്ല. ഉദാഹരണമായി, 2003- ലെ അമേരിക്കന്‍ അധിനിവേശമാണ് ഇറാഖിന്റെ ശൈഥില്യത്തിന് മുഖ്യകാരണം. ഇറാഖിനെ ഒരു രാജ്യമായല്ല അവര്‍ കണ്ടത്. മറിച്ച് സുന്നി, ശീഈ, കുര്‍ദ് എന്നീ മൂന്ന് വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശം എന്നതു മാത്രമായിരുന്നു അവരുടെ പരിഗണന. പിന്നീട് ഇറാഖികള്‍ക്ക് ഭരണം ലഭിച്ചപ്പോള്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്കുമിടക്ക് വലിയ മതില്‍ക്കെട്ടുകളുണ്ടാക്കി ഭിന്നിപ്പിന്റെ ആഴം കൂട്ടി. അതോടെ രാജ്യം യുദ്ധഭൂമിയായി, മരണം അതിന്റെ മേല്‍വിലാസവും. കൊലപാതകങ്ങള്‍ നിത്യസംഭവങ്ങളായി. കാലുഷ്യത്തിന്റെ കൊടുമുടിയില്‍ ആ രാജ്യം തന്നെ തകര്‍ന്നില്ലാതാവുന്നതാണ് പിന്നീട് കണ്ടത്.
വിമത വിഭാഗമായ ഇസ്‌ലാമിക് സ്റ്റേറ്റിനു (ഐ.എസ്) പിന്നില്‍ രണ്ട് ലക്ഷം പേര്‍ അണിനിരന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കര്‍കൂക് പ്രതിരോധിക്കാന്‍ കുര്‍ദ് സായുധ വിഭാഗമായ പെഷ്മര്‍ഗയെ അണിനിരത്തുമെന്ന് കുര്‍ദ് നേതാവ് മസ്ഊദ് ബര്‍സാനി പ്രസ്താവിക്കുകയുണ്ടായി. നിനവെ പ്രദേശത്തെ ആയിരക്കണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കുര്‍ദ് പ്രദേശമായ അര്‍ബീലിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നു. ഇറാഖും സിറിയയും പിന്നിട്ട് ഐ.എസ് സുഊദി, തുര്‍ക്കി, ജോര്‍ദാന്‍ അതിര്‍ത്തിയിലെത്തിക്കഴിഞ്ഞു. ഇറാഖിനും സിറിയക്കുമിടയിലെ അതിര്‍ത്തി മായ്ച്ച് കളഞ്ഞ് അവിടെ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിച്ചതായി പ്രഖ്യാപനവും വന്നു. ഇറാഖിലെ സംഭവങ്ങളെ വിശകലനം ചെയ്യുന്ന ലേഖനത്തിന് അമേരിക്കയിലെ ടൈം മാഗസിന്‍ നല്‍കിയ തലക്കെട്ട് 'ഇറാഖിന്റെ അന്ത്യം' എന്നാണ്. 2006-ല്‍ പ്രസിദ്ധീകരിച്ച, അമേരിക്കന്‍ നയതന്ത്രജ്ഞന്‍ പീറ്റര്‍ ഗാല്‍ ബ്രൈത്തിന്റ പുസ്തകത്തിന്റെ പേരില്‍ നിന്ന് കടമെടുത്തത്തതാണ് ആ തലക്കെട്ട്. ഇറാഖിനെ സുന്നി, ശീഈ, കുര്‍ദ് എന്നിങ്ങനെ മൂന്ന് വംശീയ രാജ്യങ്ങളായി വിഭജിക്കുന്ന ആശയമാണ് ആ പുസ്തകം മുന്നോട്ടുവെക്കുന്നത്. അമേരിക്കന്‍ വിദേശകാര്യ രംഗത്ത് വലിയ ചര്‍ച്ചയായ ആശയം കൂടിയാണത്.
മേല്‍ പറഞ്ഞ കാലുഷ്യത്തിന്റെ ഉത്തമോദാഹരണമാണ് ഇറാഖിലെ നിലവിലെ അവസ്ഥ. അധിനിവേശാനന്തര ഇറാഖില്‍ മുഖ്യമായും രണ്ട് പ്രവണതകളാണ് ശക്തിപ്പെട്ടിരിക്കുന്നത്. ഒന്ന്, ഐ.എസിന്റെ അമ്പരപ്പിക്കുന്ന മുന്നേറ്റം. ഇറാഖിന്റെ രാഷ്ട്രീയ ഭൂമികയിലെ മുഖ്യ റോള്‍ ഇപ്പോള്‍ അവര്‍ക്കാണ്. സുന്നി വിഭാഗത്തിന്റെ മുന്നേറ്റമായാണ് അത് കരുതപ്പെടുന്നത്. അതിനെതിരെ ശീഈ ആത്മീയ നേതാവ് അലി സീസ്താനിയുടെ ജിഹാദ് ആഹ്വാനം നിലവിലെ വംശീയ യുദ്ധത്തിന് ആക്കം കൂട്ടും. രണ്ട്, ശക്തിപ്പെടുന്ന കുര്‍ദ് സ്വയംഭരണമെന്ന ആവശ്യം. പ്രായോഗികമായി അതൊരു യാഥാര്‍ഥ്യമാണെങ്കിലും നിയമനടപടികളും സാങ്കേതികത്വങ്ങളും ഇനിയും ബാക്കിയാണ്. അതിന് ഇസ്രയേലിന്റെ ഔദ്യോഗിക പിന്തുണയുമുണ്ട്. ഇറാഖില്‍ സംഭവിച്ചത് യഥാര്‍ഥത്തില്‍ അമേരിക്കന്‍ രാഷ്ട്രീയ നയത്തിന്റെ പരാജയമാണ്. അഫ്ഗാനിസ്താനില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ വഷളായിരുന്നു. എങ്കിലും എല്ലാറ്റിനും ശേഷം ആ രാജ്യം ബാക്കിയുണ്ട്. എന്നാല്‍, ഇറാഖ് എന്ന രാജ്യത്തിന്റെ കെട്ടു തന്നെ പൊട്ടിപ്പോയി എന്നു മാത്രമല്ല, രാജ്യത്തെ സ്ഥിരതയുള്ള ഭാഗങ്ങളിലേക്കു കൂടി എത്തുന്ന വിധം കടുത്ത ആഭ്യന്തര പോരിന്റെ വാതില്‍ തുറന്നിടുകയാണ് അധിനിവേശം അവിടെ ചെയ്തത്. ഇറാഖിലെ സുന്നി രാഷ്ട്ര പ്രഖ്യാപനത്തിന്റെ പ്രതിഫലനങ്ങള്‍ സിറിയയിലും പ്രകടമാണ്. ജോര്‍ദാനിലും സുഊദിയിലും കുവൈത്തിലും ബഹ്‌റൈനിലും അതിന് അനുരണനങ്ങളുണ്ട്. മേഖലയിലെ ഇറാന്റെ രാഷ്ട്രീയ അജണ്ടക്ക് വലിയ തിരച്ചടി കൂടിയാണത്. സിറിയയിലെ ആഭ്യന്തര രംഗത്ത് അതിന്റെ സ്വാധീനം എന്താണെന്ന് തീര്‍ച്ചയില്ലെങ്കിലും അവിടെ പോരാടുന്ന ഇസ്‌ലാമിക സംഘങ്ങളെ ഇത് ശക്തിപ്പെടുത്തുക തന്നെ ചെയ്യും. സിറിയന്‍ ഭരണകൂടത്തിനുവേണ്ടി പോരാടുന്ന സ്വതന്ത്ര വിഭാഗങ്ങളുമായി അത് ഏറ്റുമുട്ടുമെന്നതിലും ഏതോ അളവില്‍ അത് സിറിയന്‍ പ്രസിഡന്റ് ബശ്ശാറിന്റെ സമ്മര്‍ദം കുറക്കുമെന്ന കാര്യത്തിലും സംശയമില്ല.
സ്വാതന്ത്ര്യം വേണമെന്ന കുര്‍ദുകളുടെ ആവശ്യം അപകടത്തിന്റെ വ്യാപ്തി കുറക്കുന്നില്ല. കാരണം, കര്‍കൂകിനെ സുന്നി ഭരണ പ്രദേശത്ത് ചേര്‍ത്തതും അതിനകത്തെ പ്രശ്‌നങ്ങളും കുര്‍ദ് പ്രദേശവുമായി അതിനെ ചേര്‍ക്കണമെന്ന ആവശ്യവുമെല്ലാം ഇറാഖുമായുള്ള സായുധ സംഘട്ടനം ശക്തിപ്പെടുത്തും. കര്‍കൂക്ക് പെട്രോള്‍ കയറ്റുമതി ചെയ്യുന്ന പ്രദേശമാണെന്ന് മാത്രമല്ല, അതൊരിക്കലും കുര്‍ദ് പ്രദേശമായിരുന്നില്ല. അവിടത്തെ യഥാര്‍ഥ വാസികളായിരുന്ന അറബികളെയും തുര്‍ക്കികളെയും ആട്ടിപ്പായിച്ചാണ് അവരവിടെ ഭൂരിപക്ഷമായത്.
കുര്‍ദിസ്താന്‍ രാഷ്ട്ര രൂപീകരണം നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ചുറ്റുമുള്ള രാജ്യങ്ങളിലെ കുര്‍ദുകള്‍ അതിനോട് സ്വീകരിക്കുന്ന നിലപാട് അതില്‍ പ്രധാനമാണ്. 30 മില്യനാണ് മൊത്തം കുര്‍ദ് ജനസംഖ്യ. കുര്‍ദ് വിഷയം ഇറാഖി വിഷയമല്ല. മറിച്ച് അതൊരു തുര്‍ക്കി പ്രശ്‌നമാണ്. കാരണം, ഏറ്റവും കൂടുതല്‍ കുര്‍ദുകളുള്ളത് തുര്‍ക്കിയിലാണ്. 15 മില്യന്‍. ഇറാനിലവര്‍ 6 മില്യനും ഇറാഖില്‍ 5 മില്യനുമുണ്ട്. സിറിയയില്‍ 2 മില്യന്‍ കുര്‍ദുകളാണുള്ളത്. കുര്‍ദിസ്താന്‍ രൂപീകരണത്തോട് ഈ രാജ്യങ്ങളിലെ കുര്‍ദുകളുടെ നിലപാടെന്തായിരിക്കും? കുര്‍ദിസ്താന്‍ രൂപീകരണം മേഖലയില്‍ പുതിയ ഭൂപടം രൂപപ്പെടുത്തുമോ? തുര്‍ക്കിയും ഇറാനും പുതിയ രാഷ്ട്രത്തെ സ്വീകരിക്കുമോ? ഇത്തരം നിരവധി ചോദ്യങ്ങളുണ്ട്. കുര്‍ദ് പ്രദേശം നിലനിര്‍ത്താന്‍ തുര്‍ക്കി ഭരണകൂടം ഏതറ്റം വരെയും പോകും. ജലസമൃദ്ധമായ കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ അനത്തോളിയെ ആശ്രയിച്ചാണ് തുര്‍ക്കിയുടെ കൃഷി നിലനില്‍ക്കുന്നത്. പുതിയ രാഷ്ട്രത്തിനു വേണ്ടി ഭൂപടം വരക്കുന്നത് മേഖലയെ അതിരുകളില്ലാത്ത യുദ്ധങ്ങളിലെത്തിക്കും. കാരണം, കുര്‍ദിസ്താന്‍ രൂപീകരണം പുതിയ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും വഴിമരുന്നിടും.
ഈജിപ്തിന്റെ അവസ്ഥയും ഭിന്നമല്ല. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളുടെ നടുവിലാണത്. ഭരണകൂടവും ഇഖ്‌വാനും തമ്മിലുള്ള സംഘട്ടനം ഒരുവശത്തും, 2011 ജനുവരി വിപ്ലവത്തിന്റെ ആളുകളുമായുള്ള സംഘട്ടനം മറുവശത്തും. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. സാമ്പത്തിക അസ്ഥിരതയും പ്രതിസന്ധികളും പുറമെയുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഷ്ട്രീയ അസ്ഥിരതയില്‍ കഴിയുന്ന യമനാണ് മറ്റൊന്ന്. പ്രതിവിപ്ലവകാരികള്‍ വിപ്ലവത്തെ തുരങ്കം വെക്കാന്‍ ആവുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ദക്ഷിണ യമന്റെ വിഭജനവാദവുമുണ്ട്. സൈന്യവുമായി നിരന്തരം ഏറ്റുമുട്ടുന്ന അല്‍ഖാഇദയുടെ സാന്നിധ്യവും, നിത്യേനെയെന്നോണം നടക്കുന്ന വടക്കന്‍ യമനിലെ സ്‌ഫോടനങ്ങളും ആ നാടിന്റെ മറ്റു പ്രശ്‌നങ്ങളാണ്.
സുഡാനില്‍ നിന്ന് ദക്ഷിണ സുഡാന്‍ വേര്‍പെട്ട ശേഷം ആ രാജ്യം പ്രശ്‌നങ്ങളുടെ പുതിയ തലത്തിലേക്ക് പ്രവേശിച്ചു. ഭരണകൂടം പ്രതിപക്ഷവുമായും സ്വയംഭരണം കൊതിക്കുന്ന ദാര്‍ഫോറിലെയും കിഴക്കന്‍ സുഡാനിലെയും വിഭാഗങ്ങളുമായും സംഘട്ടനങ്ങള്‍ പതിവാണ്. പ്രതിസന്ധികളില്‍ നിന്ന് അറബ്-മൊറോക്കന്‍ രാജ്യങ്ങളും മുക്തമല്ല. ലിബിയയിലത് കൊടുമുടിയിലെത്തി നില്‍ക്കുന്നു. വിഭജനവാദങ്ങള്‍ക്കു പുറമേ വംശീയ സംഘട്ടനങ്ങളും അന്‍സ്വാറു ശരീഅഃയടക്കമുള്ള സായുധ വിഭാഗങ്ങളുടെ സാന്നിധ്യവും അതിന്റെ പ്രകടനങ്ങളാണ്. സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ജനറല്‍ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള കറാമ വിഭാഗവും ഔദ്യോഗിക സേനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനങ്ങളുടെ അന്ത്യം പ്രവചനാതീതം. ലിബിയയിലെ പ്രശ്‌നങ്ങള്‍ക്ക് വംശീയവും പ്രാദേശികവുമായ പല മാനങ്ങളുമുണ്ട്. മറ്റു മൊറോക്കന്‍ രാജ്യങ്ങളില്‍ കാര്യങ്ങള്‍ താരതമ്യേന മെച്ചമാണ്. അറബ് വസന്തം നടന്ന രാജ്യങ്ങളില്‍ തുനീഷ്യ മാത്രമാണ് ആശ്വാസകരമായ അവസ്ഥയിലുള്ളത്. വിപ്ലവത്തിന്റെ പ്രയാണം തുടരാനും ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യത്തെ കരകയറ്റാനും സാധിച്ചതാണ് തുനീഷ്യയിലെ വിപ്ലവാനന്തര ഭരണകൂടത്തിന്റെ വിജയം. അവിടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്ന് പറയാറായിട്ടില്ലെങ്കിലും, അടങ്ങി എന്നെങ്കിലും പറയാവുന്ന അവസ്ഥയാണ്. അന്നഹ്ദ നയിച്ചിരുന്ന വിപ്ലവാനന്തര ഭരണകൂടം തീവ്ര സലഫികളുമായി ഒരുവശത്തും അവരുടെ പരീക്ഷണങ്ങള്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന അള്‍ട്രാ സെക്യുലറിസ്റ്റുകളുമായി മറുഭാഗത്തും ഏറ്റുമുട്ടലുകളുണ്ട്. വലിയ പ്രശ്‌നങ്ങളില്ലെങ്കിലും അള്‍ജീരിയയിലും മൊറോക്കൊയിലും മൗറിത്താനിയയിലും കാര്യങ്ങള്‍ സുസ്ഥിരമല്ല എന്നതാണ് സത്യം.
സംഭവങ്ങളെ ഇങ്ങനെ നിരൂപണം ചെയ്യാം.
1. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികളില്‍ പടിഞ്ഞാറിന് പ്രകടമായ പങ്കില്ലെങ്കിലും പശ്ചാത്തലത്തിലും അടിവേരുകളിലും അവര്‍ക്ക് വലിയ പങ്കുണ്ട്. ഇറാഖ് ഉദാഹരണം. ഇറാഖില്‍ നിന്ന് അമേരിക്കയുടെ പിന്‍മാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ടെങ്കിലും മേഖലയിലെ അവരുടെ സാന്നിധ്യം ഇന്നും തുടരുന്നുണ്ട്. അറബ് ഭരണകൂടങ്ങളുടെ പൊതുവികാരം പടിഞ്ഞാറിന്റെ താല്‍പര്യങ്ങളുമായി ഏറ്റുമുട്ടുന്നില്ല എന്നതാണ് അമേരിക്കയുടെ ആശ്വാസം.
2. അറബ് നാടുകളിലെ പ്രതിസന്ധികളുടെ യഥാര്‍ഥ ഗുണഭോക്താവ് ഇസ്രയേലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരസ്പരം പോരടിച്ച് ദുര്‍ബലമാവുകയാണ് അറബ് രാജ്യങ്ങള്‍. അറബ് ആഭ്യന്തരപോര് ഇസ്രയേലിന്റെ ഭീഷണിയില്‍ നിന്നും കുടിയേറ്റ പ്രശ്‌നത്തില്‍ നിന്നും ലോകശ്രദ്ധ തെറ്റിക്കുന്നുണ്ട്. പ്രശ്‌നങ്ങളില്‍ ജേതാവ് ഇസ്രയേലാണെന്ന് നിസ്സംശയം പറയാം.
3. അറബ് വസന്തം നേരിട്ട തിരിച്ചടി ചരിത്രപരമായി പുതിയതല്ല. വലിയ വിപ്ലവങ്ങള്‍ക്ക് അതിന്റെ ലക്ഷ്യത്തിലെത്താന്‍ ദശാബ്ദങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്.
4. അറബ് വിപ്ലവത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പ്രാദേശികമാണ്. പ്രതിവിപ്ലവത്തെ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയ, സാമ്പത്തിക, സൈനിക പിന്തുണയും അത് നല്‍കുന്നു.
5. പുതിയ മിലിറ്റന്റ് വിഭാഗങ്ങ(ഐ.എസ്, അന്‍സ്വാറു ശരീഅ)ളുടെ രംഗപ്രവേശത്തിലും പ്രവര്‍ത്തനങ്ങളിലും മേല്‍ പറഞ്ഞ പ്രാദേശിക ശക്തികളുടെ പിന്തുണയുണ്ട്. പക്ഷേ, ഈ വിഭാഗങ്ങള്‍ അവരുടെ നേരെ തന്നെ തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്.
6. മതത്തിന്റെ പേരില്‍ രൂപപ്പെട്ട അക്രമിസംഘങ്ങള്‍ യഥാര്‍ഥത്തില്‍ ഏകാധിപത്യ, മര്‍ദക ഭരണകൂടങ്ങളുടെ മറക്കു പിന്നില്‍ രൂപം കൊണ്ടവയാണ്. അതിനെ മറികടക്കാന്‍ മിതവാദ, നേര്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം അനിവാര്യമാണ്. മേല്‍ പറഞ്ഞ വിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ആ വിഭാഗങ്ങളുടെ വളര്‍ച്ചക്ക് പരോക്ഷമായി സഹായകമായിത്തീരുകയാണ് ചെയ്യുക. അറബ് ലോകത്ത് ഇന്ന് നടക്കുന്ന സംഭവങ്ങള്‍ അറബികളെ ഉണര്‍ത്തിയില്ലെങ്കില്‍ അവര്‍ പിന്നെ എന്ന് ഉണരാനാണ്!
വിവ: നാജിദോഹ[email protected]
Comments