സര്‍ട്ടിഫിക്കറ്റ് കൊണ്ട് തീരുന്നതല്ല പ്രശ്‌നം
പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്‌ലിം സമുദായത്തിന് മറ്റൊരു സര്‍ട്ടിഫിക്കറ്റു കൂടി സമ്മാനിച്ചതായി ഈയിടെ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ പര്യടനത്തിനു പുറപ്പെടുന്നതിന് തൊട്ടു മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ സമ്മാനിച്ച രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റായിരുന്നു ഒന്നാമത്തേത്. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്ക് തീരെ രസിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് മുസ്‌ലിംകള്‍ എന്നുവരെ അദ്ദേഹം പറഞ്ഞു കളഞ്ഞു. ഇന്റലിജന്‍സ്-സെക്യൂരിറ്റി ഏജന്‍സികളെ ഉത്കണ്ഠപ്പെടുത്തുന്ന മദ്‌റസകള്‍(മതപാഠശാലകള്‍) ഭീകരതയില്‍ നിന്ന് മുക്തമാകുന്നുവെന്നാണ് പുതിയ സര്‍ട്ടിഫിക്കറ്റ്. സമുദായത്തിനു ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണോ അതല്ല ഏതെങ്കിലും രാഷ്ട്രീയ താല്‍പര്യത്തിന്റെ സമ്മര്‍ദം മൂലമാണോ എന്നറിയില്ല. എന്നാല്‍ മദ്‌റസകള്‍ തീവ്രവാദത്തില്‍നിന്നും ഭീകര പ്രവര്‍ത്തനത്തില്‍ നിന്നും മുക്തമാണെന്ന സര്‍ട്ടിഫിക്കറ്റിനാധാരം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത തല കമ്മിറ്റി മുഖേന ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച റിപ്പോര്‍ട്ടാണ്. സെന്ററല്‍ ഇന്റലിജന്‍സ് ബ്യൂറോയും സുരക്ഷാ കാര്യാലയങ്ങളും ഉള്‍പ്പെട്ടതാണ് ഈ കമ്മിറ്റി.
മദ്‌റസകളുമായി ബന്ധപ്പെട്ട തീവ്രവാദ അന്വേഷണം പുതിയ കാര്യമല്ല. വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്തും അതു നടന്നിട്ടുണ്ട്. തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനി മദ്‌റസകളെ വെറുതെ തെറ്റുദ്ധരിക്കുകയാണെന്നും അവിടെ തീവ്രവാദം പഠിപ്പിക്കുന്നതിനോ ഭീകര പ്രവര്‍ത്തനം പരിശീലിപ്പിക്കുന്നതിനോ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ തുറന്നു സമ്മതിക്കുകയുണ്ടായി. എങ്കിലും നരേന്ദ്രമോദി അധികാരത്തില്‍ വന്ന ഉടനെ വീണ്ടും അന്വേഷണമാരംഭിക്കുകയായിരുന്നു. ബംഗാളിലെ ബര്‍ദ്വാന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഏജന്‍സികള്‍ മദ്‌റസകള്‍ക്കെതിരെ ഏറെ സംശയങ്ങളുയര്‍ത്തുകയുമുണ്ടായി. അതിനിടക്കാണ് പ്രധാനമന്ത്രിയുടെ ഈ സാക്ഷ്യപത്രം. അതിനാധാരമാക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സൂക്ഷ്മമായ വസ്തുതകളും വിശകലനങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ദയൂബന്ദ്, അഹ്‌ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി, ബറേല്‍വി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ മദ്‌റസകളെയും സര്‍ക്കാര്‍ മദ്‌റസകളെയുമെല്ലാം അന്വേഷകര്‍ വകതിരിച്ചു പഠിച്ചിരിക്കുന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാമ്പത്തിക നിലവാരം, പൗരത്വം, മദ്‌റസകളുടെ നടത്തിപ്പ് ആഭ്യന്തര വിഭവങ്ങള്‍ കൊണ്ടോ വൈദേശിക വിഭവങ്ങള്‍ കൊണ്ടോ എന്നെല്ലാം പരിശോധിക്കപ്പെടുന്നുണ്ട്. മദ്‌റസാ വിദ്യാര്‍ഥികളിലേറിയ കൂറും പാവപ്പെട്ട മുസ്‌ലിംകളുടെ മക്കളാണ്. ചെലവ് കുറവാണ് അവരെ മദ്‌റസകളിലേക്ക് ആകര്‍ഷിക്കുന്നത്. മതവിദ്യാഭ്യാസവും ലൗകിക വിദ്യാഭ്യാസവും നല്‍കുന്നുണ്ടെങ്കിലും മത വിദ്യാഭ്യാസത്തിനാണ് മുഖ്യ ഊന്നല്‍. അതിര്‍ത്തി പ്രദേശങ്ങളിലെ മദ്‌റസകളില്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അധ്യാപകരുണ്ട്. വിദേശികളുടെ സാന്നിധ്യത്തില്‍ അന്വേഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവരെ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദികളുമായോ ഭീകര പ്രസ്ഥാനങ്ങളുമായോ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല. ഒരു മദ്‌റസയിലും തീവ്രവാദം പഠിപ്പിക്കുകയോ ഭീകര പ്രവര്‍ത്തനം പരിശീലിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട് അസന്ദിഗ്ധമായി പ്രസ്താവിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര അതിര്‍ത്തികള്‍ പങ്കിടുന്ന പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ മദ്‌റസകളെ സംബന്ധിച്ചേടത്തോളം ഈ റിപ്പോര്‍ട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വാഗ്ദാനം ചെയ്ത, മദ്‌റസകളുടെ നവീകരണ പരിപാടികളില്‍ ഈ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തുമെന്ന് പറയപ്പെടുന്നുണ്ട്. അതിനു പക്ഷേ മദ്‌റസകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടോ?
അന്വേഷണങ്ങള്‍, സംശയവും തെറ്റിദ്ധാരണകളും ദൂരീകരിക്കാനായിരിക്കണം. നമ്മുടെ അന്വേഷണങ്ങള്‍- അതിന്റെ കണ്ടെത്തലുകള്‍ എന്തുതന്നെയായാലും- പലപ്പോഴും സമുദായത്തെയും അതിന്റെ സ്ഥാപനങ്ങളെയും കൂടുതല്‍ സംശയിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണുപകരിക്കുന്നത്. മുസ്‌ലിം സമുദായത്തിന് ഇത്തരം സാക്ഷ്യങ്ങള്‍ ആവശ്യമില്ല; പണ്ടുമില്ല ഇപ്പോഴുമില്ല. മാറേണ്ടത് മുസ്‌ലിം സമുദായത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മനോഭാവമാണ്. കൊട്ടിഘോഷങ്ങളോടെയുള്ള അന്വേഷണങ്ങള്‍ തന്നെ അത്തരക്കാരുടെ വിജയമാകുന്നു. അന്വേഷണത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയുകയും ഉത്തരവാദപ്പെട്ടവര്‍ ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്താലും പൊതുബോധത്തില്‍ സൃഷ്ടിക്കപ്പെട്ട അവിശ്വാസവും വെറുപ്പും നിലനില്‍ക്കും. അത് ഒരിക്കലും അവസാനിക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്, അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞ ആരോപണങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിക്കുന്നതും അന്വേഷണങ്ങള്‍ ആവര്‍ത്തിക്കുന്നതും. ഈ പ്രക്രിയക്ക് പിന്നിലുള്ള യഥാര്‍ഥ പ്രശ്‌നം തീവ്രവാദമോ ഭീകരതയോ അല്ല; പൗരത്വത്തിലുള്ള വിവേചനമാണ്. ഹിന്ദു സമുദായത്തെപ്പോലെ ഇന്ത്യയിലെ പൗര സഞ്ചയത്തിന്റെ ഘടകമാണ് മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും എന്ന യാഥാര്‍ഥ്യം ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത ചിലരുണ്ട്. ഹിന്ദുക്കളുടെയും സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും രാജ്യസ്‌നേഹത്തിന് ഇതര സമുദായങ്ങളുടെയോ സര്‍ക്കാറിന്റെയോ സര്‍ട്ടിഫിക്കറ്റിന്റെയോ ആവശ്യമില്ല. രാജ്യസ്‌നേഹം ആരുടെയും കുത്തകയല്ല. ഏതെങ്കിലും സമുദായത്തിന്റെ രാജ്യ സ്‌നേഹം വേറേതെങ്കിലും സമുദായം വിധിക്കേണ്ടതുമല്ല. ചില സമുദായങ്ങള്‍ രാജ്യസ്‌നേഹം വിധിക്കേണ്ടവരും മറ്റു വിഭാഗങ്ങള്‍ വിധിക്കപ്പെടേണ്ടവരും എന്ന അവസ്ഥ ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ ഉണ്ടായിക്കൂടാ. ഇതര സമുദായങ്ങളുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്നവര്‍ ചോദ്യം ചെയ്യുന്നത് അവരുടെ പൗരത്വം തന്നെയാണ്. മറ്റുള്ളവരുടെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ അവകാശമുള്ളവരാണ് തങ്ങളെന്ന മനോഭാവം ചിലരില്‍ നിലനില്‍ക്കുന്ന കാലത്തോളം ന്യൂനപക്ഷങ്ങള്‍ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടുള്ള അപമാനവും അന്വേഷണ പ്രഹസനങ്ങളും നേരിട്ടുകൊണ്ടേയിരിക്കും. അത് സൃഷ്ടിക്കുന്ന ആപത്കരമായ അവിശ്വാസവും ആശങ്കയും വല്ലപ്പോഴും പുറപ്പെടുവിക്കപ്പെടുന്ന സാക്ഷ്യ വചനങ്ങള്‍ കൊണ്ട് ലഘൂകരിക്കപ്പെടുകയില്ല.
Comments