Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 5

ഐഷാ ബീവിയുടെ ഓത്തുപള്ളിപ്പുര

എം. മുഹമ്മദ് കുഞ്ഞ്, മണക്കാട്, തിരുവനന്തപുരം

ഐഷാ ബീവിയുടെ ഓത്തുപള്ളിപ്പുര

ത്ത് പഠിപ്പിച്ച പെണ്‍ ഉസ്താദുമാരെക്കുറിച്ച് പ്രബോധനം (ലക്കം 2814) ഫീച്ചര്‍ ചെയ്തിരുന്നല്ലോ. ഒരു പെണ്‍ ഉസ്താദിനെക്കുറിച്ച് പരിചയപ്പെടുത്തുന്നു. തിരുവനന്തപുരം വള്ളക്കടവ് പ്രദേശത്ത് ഓത്ത്പുരയോ മദ്‌റസാ സംവിധാനമോ ഇല്ലാതിരുന്ന കാലത്ത്, കുട്ടികള്‍ക്ക് ദീനീ പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത മഹതിയായിരുന്നു ഐഷാ ബീവി. 1942-ലാണ് വള്ളക്കടവ്, പുത്തന്‍പാലത്തിനു സമീപം 'കക്കാപുര-പള്ളിപ്പുര' എന്നറിയപ്പെട്ടിരുന്ന ഓത്തുപുര പ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്രസ്തുത ഓത്തുപുര നടത്തിയിരുന്നത് 'ഓതിക്കണ താത്ത' എന്നറിയപ്പെട്ടിരുന്ന ഐഷാ ബീവി ആയിരുന്നു. വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് പരിധിയില്‍ പെട്ട അന്നത്തെ വലിയതുറ, ചീലാന്തിമുക്ക്, തിരുവനന്തപുരം എയര്‍പോര്‍ട്ടിന് സമീപത്തെ സുലൈമാന്‍ തെരുവ്, പുത്തന്റോഡ് ജംഗ്ഷന്‍, പതിനാറുകാല്‍ മണ്ഡപം, ബോട്ടുപുര, കാരാളി, ഈഞ്ചയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ആണ്‍-പെണ്‍ കുട്ടികളാണ് ഖുര്‍ആന്‍ ഓതി പഠിക്കാന്‍ പുത്തന്‍പാലം പള്ളിപ്പുര വീട്ടില്‍ 'ഓതിക്കണ താത്ത'യുടെ അടുത്ത് എത്തിയിരുന്നത്. ഖുര്‍ആന്‍ ഓതാന്‍ മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. മുപ്പത് ജുസുഅ് ഓതി പഠിച്ചു കഴിഞ്ഞ മുതിര്‍ന്ന കുട്ടികള്‍ക്ക് 'പത്തുകിതാബ്' എന്നറിയപ്പെട്ടിരുന്ന ഒരു കിതാബിന്റെ ആദ്യഭാഗം ചൊല്ലി പഠിപ്പിക്കും. ഖുര്‍ആന്റെയും പത്ത് കിതാബിന്റെയും ഒരു വരിയുടെ അര്‍ഥം പോലും പഠിപ്പിക്കാറുണ്ടായിരുന്നില്ല. ഐഷാ ബീവിയുടെ ഭര്‍ത്താവ് മൈതീന്‍കുഞ്ഞ് 1942-ല്‍ മരണമടഞ്ഞതോടെ ജീവിതം വഴിമുട്ടി. ഒരു പെണ്ണും ഒരു ആണ്‍കുഞ്ഞുമാണ് അവര്‍ക്കുണ്ടായിരുന്നത്. കുട്ടികളെ ഓത്തു പഠിപ്പിച്ച് ലഭിച്ചിരുന്ന തുഛമായ തുക കൊണ്ട് രണ്ട് കുട്ടികളെയും വളര്‍ത്തി. 

ഒരു സൂറത്ത് ഓതി  പഠിപ്പിച്ചതിന് ശേഷമേ അടുത്ത സൂറത്ത് ഓതിപ്പിക്കുകയുള്ളൂ. നികാഹ് വേളയിലെ 'അലിഫ് ലാം മീം' ചൊല്ലിക്കലാണ് രസകരമായ ഒരു സംഭവം. അന്നൊക്കെ 'നികാഹ്' രാത്രികാലങ്ങളിലാണ് നടത്തിയിരുന്നത്. മഗ്‌രിബ് കഴിഞ്ഞാലുടന്‍ തന്നെ നികാഹ് നിശ്ചയിച്ച പുതുപെണ്ണിനെ ഓതിക്കണ താത്ത 'അലിഫ് ലാം മീം' എന്ന സൂറത്ത് പറഞ്ഞുകൊടുത്ത് ഓതിക്കും. ഖുര്‍ആന്‍ ഓതല്‍ അതോടെ പൂര്‍ത്തിയായി എന്നു സാരം. അടുത്ത ബന്ധുക്കളും അല്ലാത്തവരുമായ ഒരു ചെറു സദസ്സ് അതിന് സാക്ഷിയാകും. അതുകഴിഞ്ഞ് പുതുപെണ്ണിനെ 'പുതുവസ്ത്രം' (മന്ത്രകോടിയെന്നാണ് പേര് പറയുക) അണിയിച്ച് കൊണ്ടിരുത്തി നികാഹ് നടന്നയുടന്‍ താലി കെട്ടിക്കുന്നതും പതിവായിരുന്നു.

രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഓത്തുപുര വൈകുന്നേരം അഞ്ചു മണി വരെ തുടരും. പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും സ്‌കൂളില്‍ പോകാത്ത കാലമായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ ഓതല്‍ മാത്രമായിരുന്നു ഭൂരിഭാഗം പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും പൊതുവെ അറിയില്ലായിരുന്നു. വള്ളക്കടവിനു സമീപത്തായി ഈഞ്ചയ്ക്കല്‍ യു.പി.എസ് എന്ന ഗവണ്‍മെന്റ് സ്ഥാപനമുണ്ടായിട്ടു പോലും സ്‌കൂളില്‍ മലയാളം പഠിക്കാന്‍ പെണ്‍കുട്ടികളെ അയക്കില്ല. ഇത് ഖുര്‍ആന്‍ പഠനത്തിന് കൂടുതല്‍ സമയം ലഭിക്കാന്‍ കാരണമായി. ഇങ്ങനെ തലമുറകള്‍ക്ക് ഓത്തുപഠിപ്പിച്ച എന്റെ ഉമ്മ ഐഷാ ബീവി 1971-ലാണ് മരണമടഞ്ഞത്.

എം. മുഹമ്മദ് കുഞ്ഞ്, മണക്കാട്, തിരുവനന്തപുരം

'ചുംബിലാബിന്റെ മക്കള്‍'

'ചുംബിലാബിന്റെ മക്കള്‍' മുഖക്കുറിപ്പ് വായിച്ചു (ലക്കം 2875). കേരളീയ യുവത ഇന്ന് ഇങ്കിലാബിന്റെ മക്കളല്ല, ചുംബിലാബിന്റെ മക്കളാണ്. സാമൂഹികബോധം നഷ്ടപ്പെട്ട്, ധാര്‍മികച്യുതിയില്‍ അകപ്പെട്ട് ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിയുന്ന ഒരു യുവ സമൂഹത്തെയാണോ നമുക്ക് വേണ്ടത്? പാശ്ചാത്യരുടെ ജീവിതം അനുകരിച്ച്, അലസതയും അജ്ഞതയും കൈമുതലാക്കി യാന്ത്രികതയുടെ കൃത്രിമത്വത്തില്‍ ലയിച്ചുചേരുന്ന ഒരു കൂട്ടമാളുകളെ കരുതിയിരിക്കേണ്ടതാണ്.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, കോഴിക്കോട്

കോണ്‍ക്രീറ്റ് മതത്തിന്റെ കാലം

ന്താണ് മതജീവിതം എന്ന ചോദ്യത്തിനുള്ള അതീവ ഹൃദ്യമായ വിശദീകരണമാണ് മുഹമ്മദ് ശമീമിന്റെ 'മതം -തത്ത്വവും അനുഷ്ഠാനവും' എന്ന ലേഖനം (ലക്കം 2876). മതത്തിന്റെ പടിവാതില്‍ക്കല്‍ ചെന്നു നില്‍ക്കുന്നവനും മതവിശ്വാസിയാണ് സമൂഹത്തിന്റെ കണ്ണില്‍.

ചില ചടങ്ങുകള്‍ നിര്‍വഹിക്കുന്നതോടെ മതത്തിന്റെ ആളായി എന്നാണ് പൊതുധാരണ. പ്രത്യേക വേഷം കെട്ടുന്നതോടെ യഥാര്‍ഥ ഭക്തനുമായി. പുറംമോടിയില്‍ മതത്തിന്റെ ആളാകുന്നതും അകത്തളങ്ങളില്‍ തട്ടിപ്പുകാരനാകുന്നതും സര്‍വ സാധാരണം.

മതവിശ്വാസികളില്‍ പലരുടെയും മനസ്സില്‍ ദൈവത്തിന് ഒരു സ്ഥാനവുമില്ല. അതുകൊണ്ടാണ് തല്ലാനും കൊല്ലാനും മടികാണിക്കാത്തത്. പാവപ്പെട്ടവനെ ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും ഏറ്റവും എളുപ്പം മതവിശ്വാസത്തിന്റെ ചമയം അണിയുകയാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് വഞ്ചകന്മാര്‍ പോലും ആള്‍ ദൈവങ്ങളായും സിദ്ധന്മാരായും പ്രത്യക്ഷപ്പെടുന്നത്. മതത്തെക്കുറിച്ച സാധാരണക്കാരന്റെ അജ്ഞതയാണ് ആള്‍ ദൈവങ്ങളും 'സിദ്ധന്മാരും' മുതലെടുക്കുന്നത്.

ഇന്ന് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറെയും പ്രകടനപരവും ആഡംബര പൂര്‍ണവുമാണെന്ന് കാണാം. ഹൃദയത്തില്‍ ഇല്ലാത്ത വര്‍ണവും അഴകും പുറത്തെ വസ്തുക്കളില്‍ വാരിപ്പൂശുന്നു. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണീ പുറം പൂച്ചുകള്‍.

ദീര്‍ഘകാലത്തെ ഇടപെടലുകള്‍ക്കു ശേഷമേ യഥാര്‍ഥ മതവിശ്വാസിയെ തിരിച്ചറിയാനാകൂ. മതവിശ്വാസികള്‍ക്കിടയിലും സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നത് മതവിശ്വാസം ഹൃദയത്തില്‍ കടക്കാത്തതുകൊണ്ടാണ്. അഗതിയെ അവഗണിക്കുന്നവന്‍ വിശ്വാസിയല്ല എന്ന ദൈവവചനം ദൈവവിശ്വാസികളില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്നതിന്റെ തെളിവാണ് സമുദായത്തില്‍ ഒരു വിഭാഗം അനുഭവിക്കുന്ന ദാരിദ്ര്യം.

യഥാര്‍ഥ മതം ഭക്തിയായി ഹൃദയത്തില്‍ നിറയും, കാരുണ്യമായി ഒഴുകും; പ്രവാചകന്റെ കാലത്തുണ്ടായതുപോലെ. കപടമതം കെട്ടിടങ്ങളായി ഉയരും, വരണ്ട ആചാരങ്ങളായി പരക്കും; ഇന്ന് കാണുന്നതുപോലെ.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

കിഴക്ക് സൂര്യനുദിക്കുമ്പോള്‍ 
വെളിച്ചത്തിനായി പടിഞ്ഞാറ് 
നോക്കുന്നവര്‍

കോഴിക്കോട്ടെ ഒരു കാപ്പിക്കടയില്‍ ലൈംഗികാഭാസത്തരങ്ങള്‍ നടക്കുന്നുവെന്ന ചാനല്‍ വാര്‍ത്തയെത്തുടര്‍ന്ന് യുവമോര്‍ച്ചക്കാര്‍ 'അടിപൊളി' പ്രതിഷേധമാണ് നടത്തിയത്. പ്രതികരണമായി, കുറെ യുവതീ യുവാക്കള്‍ കൊച്ചി പട്ടണത്തില്‍ പട്ടാപ്പകല്‍ പരസ്പരം ഉമ്മ വെച്ചു. അവിടെയും പ്രതിഷേധവുമായി ഹിന്ദുത്വ തീവ്രവാദികളോടൊപ്പം വേറെ ചില സംഘടനകളുമുണ്ടായിരുന്നു. ജാഗ്രതയോടെ പോലീസും രംഗത്തെത്തി. ചെറുതായൊന്ന് പെരുമാറുകയും ചെയ്തു.

കിസ് ഓഫ് ലൗവ്ക്കാരുടെ ചോദ്യം ഇങ്ങനെ: ഹൈന്ദവ പുരാണങ്ങള്‍ ലൈംഗികാഭാസങ്ങള്‍ നിറഞ്ഞതല്ലേ? ക്ഷേത്രമതില്‍ക്കെട്ടുകള്‍ മനുഷ്യന്‍ മൃഗങ്ങളെ ഭോഗിക്കുന്നതുവരെയുള്ള അശ്ലീല ശില്‍പങ്ങള്‍ നിറഞ്ഞതല്ലേ? ഹിന്ദുത്വവാദികള്‍ക്ക് സദാചാര പോലീസാവാന്‍ എന്തവകാശം?

ചോദ്യം ന്യായമാണ്. പക്ഷേ, ഹിന്ദുമതത്തിലെ അത്യാചാരങ്ങള്‍ക്കെതിരെ നിലകൊണ്ട പരിഷ്‌കര്‍ത്താക്കളായ രാജാറാം മോഹന്‍ റോയ്, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് സ്വന്തം മതത്തിലെ ജീര്‍ണതക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍, പരസ്യ ചുംബനക്കാര്‍ക്കെതിരെ രംഗത്ത് വരാന്‍ ആ മതത്തിലുള്ളവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധത്തിന്റെ രീതി ഫാഷിസത്തിനു പകരം ജനാധിപത്യപരമായിരിക്കണമെന്നു മാത്രം.

നിത്യം സൂര്യന്‍ കിഴക്കുദിക്കുമ്പോള്‍ വെളിച്ചത്തിനായി പടിഞ്ഞാറോട്ട് തന്നെ നോക്കി കാലം കഴിക്കുന്ന വിദ്യാ സമ്പന്നരായ ചില മുതിര്‍ന്നവരും പരസ്യ ചുംബനക്കാരെ പിന്തുണക്കുന്നുണ്ട്. 'വിദ്യാഭ്യാസ വകുപ്പി'ല്‍ അന്ന് മെക്കോള സായിപ്പ് പറഞ്ഞത് എത്രയും ശരിതന്നെ: ''നമ്മുടെ അഭിപ്രായങ്ങളെ നമ്മള്‍ ഭരിക്കുന്ന അനേക ലക്ഷം ആളുകള്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കാന്‍ കഴിവുള്ള ഒരു വര്‍ഗത്തെ സൃഷ്ടിക്കാന്‍ നാം കഴിയുന്നതെല്ലാം ചെയ്യണം. ആ വര്‍ഗം രക്തത്തിലും നിറത്തിലും ഇന്ത്യക്കാരായിരിക്കും. പക്ഷേ, രുചിയിലും സാന്മാര്‍ഗിക ബോധത്തിലും ഇംഗ്ലീഷുകാരുമായിരിക്കും'' (മെക്കോളെ, പ്രോസ് ആന്റ് പൊയട്രി, പേജ് 29). സായിപ്പിന്റെ ഭരണം മാറിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഭാരതീയരില്‍ ചിലരുടെ മനസ്സ് മാറുന്നില്ല!

ടി.വി മുഹമ്മദലി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /59-63
എ.വൈ.ആര്‍