Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 5

ശരീഅ ഇക്വിറ്റി ഫണ്ട്

ദേശീയം

ശരീഅ ഇക്വിറ്റി ഫണ്ട്

പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ ഫണ്ട് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ശരീഅ ഇക്വിറ്റി ഫണ്ട് വിപണിയിലിറക്കുകയാണ്. ഇത് ഇസ്‌ലാമിക ബാങ്കിംഗിന്റെ ആദ്യ ചുവടുവെപ്പാവാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ പതിനഞ്ചുവരെയാണ് ഫണ്ടിന്റെ ആദ്യ ഓപ്പണിംഗ്. ഇക്വിറ്റി ഫണ്ടുകളിലൂടെ സ്വരൂപിക്കുന്ന പണം ശരീഅ ബോര്‍ഡ് അംഗീകാരം നല്‍കുന്ന കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപിക്കുകയും ലാഭ വിഹിതം നിക്ഷേപകര്‍ക്ക് ലഭ്യമാക്കുകയുമാണ് പ്രവര്‍ത്തന രീതി.  

 

സുബ്രഹ്മണ്യന്‍ സ്വാമി നാടിന്റെ സൈ്വര്യം കെടുത്തുന്നു

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ തുടരെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ അസമിനെ കൂടുതല്‍ ക്ഷുബ്ധമാക്കുകയാണെന്ന് പറഞ്ഞ് കൂടുതല്‍ വിദ്യാര്‍ഥി ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. അസമിനെ കുറിച്ച് വളരെയൊന്നും അറിയാത്ത സുബ്രഹ്മണ്യന്‍ സ്വാമി പരിഹാരമല്ല, പ്രശ്‌നങ്ങളാണ് നിര്‍മിക്കുന്നതെന്ന് ആസാം ഗണപരിഷത്ത് (എ.ജി.പി) പബ്ലിസിറ്റി സെക്രട്ടറി മനോജ് സൈക്യ പറഞ്ഞു. സ്വാമിയുടെ സാമുദായിക വര്‍ത്തമാനങ്ങള്‍ നാടിന്റെ സൈ്വര്യം കെടുത്തുകയാണെന്നും അദ്ദേഹം തുടര്‍ന്നു.

നിയമവിരുദ്ധ മുസ്‌ലിം കുടിയേറ്റക്കാര്‍ ഹിന്ദുയിസത്തിലേക്ക് മതം മാറാന്‍ തയാറായാല്‍ അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാം എന്നായിരുന്നു സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളുടെ യോഗത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. എന്നാലത് സ്വാമിയുടെ വ്യക്തിപരമായ അഭിപ്രായമാകണം എന്നാണ് സംസ്ഥാന ബി.ജെ.പിയുടെ നിലപാട്. 

 

ഇമാം പദവി പൈതൃകമായി കിട്ടേണ്ട ഒന്നല്ല

മകനെ ഉപ ഇമാമാക്കുന്ന ചടങ്ങ് പ്രഖ്യാപിച്ച ദല്‍ഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി ഇസ്‌ലാമിക വഴികളല്ല  പിന്തുടരുന്നതെന്ന് മുന്‍ എം.പിയും മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ മുന്‍ പ്രസിഡന്റുമായ സയ്യിദ് ശഹാബുദ്ദീന്‍. 'ഒട്ടേറെ ചരിത്ര പ്രാധാന്യങ്ങളുള്ള ജുമാ മസ്ജിദ് ദല്‍ഹി വഖ്ഫ് ബോര്‍ഡിനു കീഴിലാണ്. എന്നാല്‍ അതൊന്നും വകവെക്കാതെയുള്ള നടപടികളാണ് ദല്‍ഹി ഇമാമിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പ്രമുഖരടങ്ങുന്ന കമ്മിറ്റിയാണ് പള്ളി ഇമാമിനെ തെരഞ്ഞെടുക്കേണ്ടത്. ഇമാമത്ത് എന്നത് പൈതൃകമായി കിട്ടുന്ന ഒന്നല്ല. അതിനാല്‍ ഈ ചെയ്തികള്‍ക്ക് മതപരമായ യാതൊരു അടിസ്ഥാനവുമില്ല'- അദ്ദേഹം പത്ര പ്രസ്താവനയില്‍ പറഞ്ഞു.

ദല്‍ഹി വഖ്ഫ് ബോര്‍ഡ് ഇമാമിന്റെ നീക്കങ്ങള്‍ക്കെതിരെ കോടതിയില്‍ പോവുകയും ദല്‍ഹി ഹൈക്കോടതി ഈ 'ഇമാമാക്കല്‍ ചടങ്ങി'ന് നിയമസാധുതയില്ലെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, എതിര്‍ ശബ്ദങ്ങള്‍ക്കിടെ മകന്‍ സയ്യിദ് ഉസാമ ശഅ്ബാന്‍ ബുഖാരിയെ നാഇബ് ഇമാമായി പ്രഖ്യാപിച്ചുകൊണ്ടുള്ള 'ദസ്തര്‍ ബന്ദി' ചടങ്ങ് വിശ്വാസികളെ സാക്ഷിയാക്കി നടന്നു. നാലര നൂറ്റാണ്ട് പഴക്കമുള്ള ജുമാ മസ്ജിദില്‍ തന്റെ മരുമകനെ ആദ്യ ഇമാമാക്കിയ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പാരമ്പര്യം ഇല്ലാതാക്കാന്‍ 60 വര്‍ഷം മാത്രം പഴക്കമുള്ള വഖ്ഫ് ബോര്‍ഡിന് കഴിയില്ലെന്നാണ് ദല്‍ഹി ഇമാമിന്റെ നിലപാട്.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /59-63
എ.വൈ.ആര്‍