Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 5

വെല്ലുവിളികള്‍ വൈയക്തിക <br>സാമൂഹിക തലങ്ങളില്‍

ഡോ. ഫസലുര്‍റഹ്മാന്‍ ഫരീദി /പഠനം

         വ്യത്യസ്ത മതവംശീയ വിഭാഗങ്ങളുടെ ശാരീരിക അടുപ്പം എന്ന നിലയില്‍ മാത്രം നോക്കിക്കാണേണ്ട ഒന്നല്ല ബഹുസ്വരത. വ്യക്തിതലത്തിലും സാമൂഹിക തലത്തിലുമുള്ള ഇടപഴകല്‍ കൂടി അത് ലക്ഷ്യമാക്കുന്നുണ്ട്. വ്യക്തിതലത്തില്‍ പലതരം ഇടപഴകലുകള്‍ നടത്തി ഒന്നിച്ച് ജീവിക്കുന്നവരാണ് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും. തുല്യാവകാശമുള്ള പൗരന്മാരെന്ന നിലയില്‍, സുഹൃത്തുക്കളെന്ന നിലയില്‍, അയല്‍വാസികളെന്ന നിലയില്‍ പല രീതിയില്‍ അവര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പലതരം സാമൂഹികാവശ്യങ്ങള്‍ക്ക് വേണ്ടിയും അവര്‍ ഒത്തുചേരുകയും ചെയ്യുന്നു. അതേ സമയം വ്യക്തികളെന്ന നിലയില്‍ അവര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഇല്ലാതായി എന്ന് പറയാന്‍ കഴിയില്ല. അത്തരം സംഘര്‍ഷങ്ങള്‍ വ്യക്തിതലത്തിലുള്ള ഇരു വിഭാഗങ്ങളുടെയും സൗഹൃദപൂര്‍ണമായ സഹജീവനത്തെ അസാധ്യമാക്കുന്ന തലത്തിലേക്ക് എത്തുന്നുമില്ല.

എന്നാല്‍, സമൂഹങ്ങള്‍ എന്ന നിലക്കുള്ള വെല്ലുവിളികള്‍ ഇതിനേക്കാള്‍ ഗൗരവതരമാണ്. വിവിധ മത, സാംസ്‌കാരിക, വംശീയ കൂട്ടായ്മകള്‍ ഒരുമിച്ചുള്ള സഹജീവനം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒരുകാലമാണിത്. വിവിധ വിഭാഗങ്ങള്‍ക്ക് എങ്ങനെ സമാധാനത്തോടെ സഹവര്‍ത്തിക്കാം എന്ന വിഷയത്തില്‍ ചില പൊതുധാരണകള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ലോക സമൂഹം വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതായും കാണുന്നില്ല. എന്നാല്‍, അവര്‍ തമ്മിലുള്ള സാമൂഹിക, സാംസ്‌കാരിക ഇടപഴകലുകള്‍ നടക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍, മറ്റു നാടുകളില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും ജൂതന്മാരും തമ്മില്‍. നിരുപദ്രവകരമായ ആചാര രീതികളും മറ്റും പരസ്പരം കടമെടുക്കാന്‍ അവര്‍ മടി കാണിക്കുന്നുമില്ല. സാമ്പത്തിക മേഖലയിലാണ് ഏറ്റവും നന്നായി ഇടപഴകുന്നത്. അവിടെയവര്‍ ഉല്‍പാദകരോ ഉപഭോക്താക്കളോ, തൊഴിലാളികളോ തൊഴില്‍ ദായകരോ മാത്രമാണ്. ഒരേ മണ്ണില്‍, ഒരേ വിഭവങ്ങള്‍ കൈവശം വെച്ചുകൊണ്ട്, ഒരേ കമ്പോളത്തില്‍ അവര്‍ ഇടപഴകുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചില തൊഴിലുകള്‍ ചില സമുദായങ്ങള്‍ക്ക് സ്വന്തമാണെന്ന് പറയാറുണ്ടെങ്കിലും ഒന്നിച്ചിരിക്കാനുള്ള അവസരങ്ങള്‍ വളരെ വിപുലമാണ് സാമ്പത്തിക മേഖലയില്‍.

രാഷ്ട്രീയ മേഖല പരിശോധിക്കുമ്പോള്‍, കുടിയേറ്റ ജനവിഭാഗങ്ങളുടെ എണ്ണം കുറവായ ഇംഗ്ലണ്ടിലും അമേരിക്കയിലും വരെ അവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംവിധാനങ്ങളാണ് രൂപപ്പെടുന്നത്. അത്തരമൊരു ഇടപഴക്കം സാമൂഹിക മേഖലകളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക എളുപ്പമല്ല. ഇന്ത്യയില്‍ ഈ രാഷ്ട്രീയ ഇടപഴക്കവും സമ്പര്‍ക്കവും പങ്കാളിത്തവുമെല്ലാം 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ക്ക് തന്നെ നാം കണ്ടുവരുന്നതാണ്. ഈ ബഹുസ്വര പങ്കാളിത്തത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഖിലാഫത്ത് സമരം. സ്വാതന്ത്ര്യസമരം നടക്കുന്ന ഏതാനും പതിറ്റാണ്ടുകളിലും വിഭജന കാലത്തും ഈ ഇടപഴക്കത്തിനും സമ്പര്‍ക്കത്തിനും ക്ഷതമേറ്റുവെങ്കിലും ഇന്ത്യയിലെ രണ്ട് പ്രധാന ജനവിഭാഗങ്ങള്‍- ഹിന്ദുക്കളും മുസ്‌ലിംകളും- തമ്മിലുള്ള രാഷ്ട്രീയ സമ്പര്‍ക്കം പല രീതിയില്‍ മെച്ചപ്പെടുകയുണ്ടായിട്ടുണ്ട്. ജനായത്ത കക്ഷികളുടെ പരാജയവും വര്‍ഗീയ സംഘര്‍ഷങ്ങളും ആ മേഖലയില്‍ വലിയ വിള്ളലുകളുണ്ടാക്കിയിട്ടുണ്ടെന്ന സത്യം നിഷേധിക്കുന്നുമില്ല.

ബഹുസ്വര സമ്പര്‍ക്കങ്ങള്‍ വളരെ അനായാസകരമായിരുന്നു എന്ന് ഇതിന് അര്‍ഥമില്ല. ഏതൊരു ദേശത്തിലെയും അധീശത്വം പുലര്‍ത്തുന്ന വിഭാഗങ്ങള്‍, അതേ ദേശത്തിലെ 'അന്യരായി' മുദ്ര കുത്തപ്പെടുന്ന ജനവിഭാഗങ്ങളുമായി അയല്‍വാസികളായി ഒന്നിച്ച് കഴിയാന്‍ ഇഷ്ടപ്പെടാറില്ല. ഇത് നിശ്ശബ്ദമായി സൃഷ്ടിക്കപ്പെടുന്ന സാമൂഹിക വിവേചനമായി പരിണമിക്കുന്നു. അങ്ങനെ വര്‍ഗത്തിന്റെയും വംശത്തിന്റെയും ചിലപ്പോള്‍ മതത്തിന്റെയും അടിസ്ഥാനത്തിലുള്ള ഗല്ലികള്‍ രൂപപ്പെടുന്നു. ആതിഥ്യമില്ലായ്മയുടെ ഈ അന്തര്‍പ്രവാഹത്തിന് ശക്തി പകരുന്ന പല ഘടകങ്ങളുണ്ട്. അതിലൊന്നാണ്, തങ്ങളുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിച്ച് നിര്‍ത്താന്‍ ഓരോ വിഭാഗവും നടത്തുന്ന ഊര്‍ജിത യത്‌നങ്ങള്‍. ഇത് ഏതാനും പതിറ്റാണ്ടുകളായി വളരെ വര്‍ധിച്ചിട്ടുണ്ട്. വളരെ വികസിതമെന്ന് കരുതപ്പെടുന്ന അമേരിക്കയിലും ഈ വംശീയ സംഘര്‍ഷം നാം കാണുന്നുണ്ട്. അവിടെ കറുത്തവരും വെള്ളക്കാരും ഒരേ സ്ഥലത്ത് ഒന്നിച്ച് താമസിക്കുന്നത് കുറവാണ്. നമ്മുടെ രാജ്യത്തിന് ബഹു സാംസ്‌കാരികതയുടെയും ബഹുമത ധാരകളുടെയും സമ്പന്നമായ ഒരു ഭൂതകാലം അവകാശപ്പെടാനുണ്ടെങ്കിലും, മെട്രോ പോളിറ്റന്‍ നഗരങ്ങളില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരേയിടത്ത് ഒരുമിച്ച് താമസിക്കുന്നത് അപൂര്‍വമായിക്കൊണ്ടിരിക്കുന്നു. സാമൂഹികവും വര്‍ഗീയവുമായ മുന്‍ധാരണകള്‍ പലപ്പോഴും പൊതു-സ്വകാര്യ മേഖലകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ സ്വാധീനിക്കുന്നു. ക്രമസമാധാന പാലനം, നിയമവകുപ്പ് പോലുള്ള മറ്റു മര്‍മ പ്രധാനമായ മേഖലകളിലേക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോഴും ഇത്തരം വിവേചനങ്ങള്‍ അരങ്ങേറുന്നു.

ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം മുന്‍ ധാരണകളാണ് പലപ്പോഴും അവിടെ  തീകൊളുത്തുന്നതെന്ന് കാണാം. ഇംഗ്ലണ്ട്, അമേരിക്ക, ആസ്‌ട്രേലിയ, ശ്രീലങ്ക പോലുള്ള മറ്റു നാടുകളിലും ഇത്തരം മുന്‍ ധാരണകള്‍ സമൂഹ മനസ്സില്‍ ആഴത്തില്‍ വേരുറച്ച് പോയിട്ടുണ്ട്. അതേസമയം സമൂഹങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തിടപഴകേണ്ട സാഹചര്യമാണ് ലോക സമ്പദ്ഘടന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യവും വിസ്മരിച്ചുകൂടാ. നേരത്തെ സ്പര്‍ശിക്കാതിരുന്ന പല മേഖലകളെയും കൂട്ടുപിടിച്ചുകൊണ്ടാണ് ആഗോള സമ്പദ് ഘടനയുടെ പോക്ക്. ഇത്തരം സംഭവ വികാസങ്ങള്‍ രണ്ട് വിരുദ്ധ ശക്തികളെ കെട്ടഴിച്ച് വിട്ടിരിക്കുന്നു. ആഗോളീകരണം എന്ന പുതിയ പ്രവണത ലോകത്ത് നവകോളനീകരണത്തിനാണ് വഴിതുറന്നിരിക്കുന്നതെന്ന് നാം മനസ്സിലാക്കണം. അതുപോലെ ലോക സമ്പദ്ഘടനയുടെ ഏകീകരണം എന്ന ആശയം ബഹു രാഷ്ട്ര കുത്തക കമ്പനികളുടെ ആധിപത്യത്തിനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതെല്ലാം സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നു. വിവിധ സമൂഹങ്ങളുടെ സംസ്‌കാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും നേരെയുള്ള ഭീകരമായ കടന്നാക്രമണമായും അത് പരിണമിച്ചിരിക്കുന്നു.

ഈ സംഭവ വികാസങ്ങളോടുള്ള ക്രിയാത്മക സമീപനം എന്ന നിലക്കും വിവിധ വിഭാഗങ്ങളുടെയും സംസ്‌കാരങ്ങളുടെയും സഹവര്‍ത്തിത്വം നിര്‍ദേശിക്കപ്പെടുന്നുണ്ട്. സന്ദര്‍ഭത്തിന്റെ തേട്ടമനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക എന്നത് അന്യമായ ഒരു കാര്യമായി ഇന്നാരും കാണുന്നില്ല. ഈ ബഹുസ്വരതയുടെ മികച്ച ഉദാഹരണങ്ങളിലൊന്നായി നമുക്ക് ഇന്ത്യന്‍ സമൂഹത്തെ കാണാവുന്നതാണ്. ഇംഗ്ലണ്ടിനെപ്പോലെയോ അമേരിക്കയെ പോലെയോ കഴിഞ്ഞ ഏതാനും ദശകങ്ങളായി ആര്‍ജിച്ചെടുത്ത ഒരു സ്വഭാവ വിശേഷമല്ല ഇന്ത്യയെ സംബന്ധിച്ചേടത്തോളം ബഹുസ്വരത. ബഹുസ്വരത എന്നത് ഇന്ത്യയുടെ ചരിത്ര സവിശേഷതകളില്‍ ഒന്നാണ്. ജനം അതിന്റെ പേരില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകളുടെ ജീവിതം എങ്ങനെയാകണം? ഈ സമൂഹത്തിന്റെ പുനര്‍ നിര്‍മാണത്തിനും പുരോഗതിക്കും അവര്‍ നിര്‍വഹിക്കേണ്ട റോള്‍ എന്താണ്? ലോകത്തുള്ള ഒട്ടുമിക്ക  ബഹുസ്വര സമൂഹങ്ങളില്‍ ഇത്തരം പ്രസക്തമായ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

എന്തുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍?

വളരെ ആര്‍ജവത്തോടെ മുസ്‌ലിംകള്‍ ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. കാരണം മുസ്‌ലിം സ്വത്വവുമായി - വ്യക്തിപരവും സാമൂഹികവുമായ ഐഡന്റിറ്റി- ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നവയാണ് ഈ  ചോദ്യങ്ങള്‍. ചരിത്രത്തില്‍ യാദൃഛികമായി പൊട്ടിമുളച്ചതോ, ഒരു പ്രത്യേക ഭൂപ്രദേശത്ത് അധിവസിക്കാനിട വന്നത് കൊണ്ട് വികാസം പ്രാപിച്ചതോ അല്ല മുസ്‌ലിം സമൂഹം എന്ന് പറയുന്നത്. ഗോത്ര മാഹാത്മ്യമോ പ്രത്യേക ഭാഷയോ നിറമോ വംശമോ ഒന്നുമല്ല അതിന്റെ നിയമ സാധുതക്ക് ആധാരം. തത്ത്വങ്ങളും മൂല്യങ്ങളും സാമൂഹിക ലക്ഷ്യങ്ങളും സ്വഭാവ രീതികളുമൊക്കെയാണ് ആ സമൂഹത്തെ വേറിട്ട് നിര്‍ത്തുന്നത്. ആ സമൂഹം മുറുകെ പിടിക്കുന്നത് വേദഗ്രന്ഥമായ ഖുര്‍ആനെയും മുഹമ്മദ് നബിയുടെ ജീവിത മാതൃകയെയുമാണ്. സ്വാഭാവികമായും ആ സമൂഹത്തിന്റെ ജീവിത വീക്ഷണത്തെയും മൂല്യങ്ങളെയും മുന്‍ഗണനകളെയും നിര്‍ണയിക്കുന്നത് ഈ രണ്ട് സ്രോതസ്സുകളും തന്നെയായിരിക്കും. മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക സ്വഭാവങ്ങള്‍ നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെ തന്നെ.

മുസ്‌ലിം സമൂഹം ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തിന്റെ പ്രബോധനവും പ്രചാരണവും ആ സമൂഹത്തിന്റെ ബാധ്യതയായി ഖുര്‍ആന്‍ തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്. ഇതാണ് മറ്റൊരു പ്രത്യേകത. മുസ്‌ലിം സമൂഹത്തിന്റെ ദൗത്യം എന്തെന്ന് ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''ഇപ്രകാരം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാന്‍, ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും'' (2:143).

ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി ഉയര്‍ത്തിക്കൊണ്ട് വന്നതാണ് മുസ്‌ലിം സമൂഹത്തെ എന്നും ഖുര്‍ആന്‍ അടിവരയിടുന്നു. ''ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍പ്പിച്ച ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ പ്രചരിപ്പിക്കുന്നു, തിന്മ തടയുന്നു, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു'' (3:110).

ഇങ്ങനെയുള്ള ഒരു സമുദായം അതിന്റെ തനിമയും അസ്തിത്വവും നിലനിര്‍ത്തിക്കൊണ്ട് ഒരു ബഹുസ്വര സമൂഹത്തിന്റെ ആവശ്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ഇതാണ് നമ്മുടെ ആലോചനാ വിഷയം.

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /59-63
എ.വൈ.ആര്‍