ദയാവധം ആശ്വാസത്തിന്റെ കൈയൊപ്പോ?
ജീവഛവമായി നരകയാതന അനുഭവിച്ചുകഴിയുന്ന അനേകം രോഗികള്‍ക്ക് ആശ്വാസമായി ദയാവധം നിയമവിധേയമാക്കുന്ന കാര്യം വിശദമായി പഠിച്ചു തീരുമാനം എടുക്കുന്നതിനായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടതോടെ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി അത് മാറിയിരിക്കുകയാണ്. ദയാവധത്തിന് നിയമസാധുത നല്‍കുന്ന കാര്യത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ നടക്കുന്നു.
ദയാവധത്തിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മത മേധാവികളോടൊപ്പം വിദഗ്ധ ഡോക്ടര്‍മാരും രംഗത്ത് വന്നിട്ടുണ്ട്. ദയാവധത്തിന് അനുമതി നല്‍കിയാല്‍, അത് സമൂഹത്തില്‍ ദൂരവ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. നിയമസാധുത നല്‍കിയ രാജ്യങ്ങളിലെ അനുഭവങ്ങള്‍ അതാണ് നമുക്ക് തരുന്ന സൂചനകള്‍. ഏത് കടുത്ത വേദനയും മാറ്റി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും മരിക്കാനുള്ള അവകാശമല്ല, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഉണ്ടാവേണ്ടതെന്നും അന്താരാഷ്ട്ര സാന്ത്വന ശില്‍പശാല ഈയിടെ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമത്രെ.
ദയാവധത്തെ അനുകൂലിക്കുന്നവരുടെ ന്യായം ഇങ്ങനെയാണ്: ''ഗുരുതരമായ രോഗത്തിന്റെ പിടിയിലകപ്പെട്ട ഒരു വ്യക്തി, അസഹനീയമായ വേദന കൊണ്ട് കഷ്ടപ്പെടുന്നു. രോഗമുക്തിക്ക് തീരെ പ്രതീക്ഷയുമില്ല. പ്രസ്തുത രോഗിയെ ഇങ്ങനെ 'നരകിച്ചു' മരിക്കാന്‍ വിടുന്നതിന് പകരം അയാളെ വേഗത്തില്‍ മരിക്കാന്‍ സഹായിക്കുന്നത് എങ്ങനെ തെറ്റെന്ന് പറയും.'' ഒറ്റ നോട്ടത്തില്‍ സഹാനുഭൂതിയുടെ ഒരു സ്പര്‍ശം ഇതിലുണ്ടെന്ന് സമ്മതിക്കാം. എന്നാല്‍ അവരെ വധിക്കുന്നതിന് പകരം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഏറ്റവും ആവശ്യം, മാനുഷികവും.
പണ്ടുമുതല്‍ക്കേ വധം ഒരു നല്ല കാര്യമായി ആരും പരിഗണിച്ചിട്ടില്ല. വൈദ്യശാസ്ത്രവും ഭൂരിപക്ഷ ഭിഷഗ്വരന്മാരും ദയാവധത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. മനുഷ്യനെ വധിക്കുന്നതിനോട് ആര്‍ക്കും യോജിപ്പില്ല. ഇന്നും ഇതേ നിലപാടു തന്നെയാണ് ശരി. രോഗിയുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ദയാവധം ആശ്വാസം നല്‍കുമെന്നും, കുടുംബത്തിന് ഭാവിയില്‍ വന്നുചേരുന്ന സാമ്പത്തിക ബാധ്യത കുറക്കാന്‍ ഇത് ആവശ്യമാണെന്നും വേറെ ചിലര്‍ പറയുന്നുണ്ട്. മരണത്തിന് ആശ്വാസത്തിന്റെ കൈയൊപ്പാണിതെന്ന് അവര്‍ കരുതുന്നു.
ചുരുക്കത്തില്‍ ഒട്ടേറെ ധാര്‍മികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ഇതിലുണ്ട്. ഇവക്കെല്ലാം യുക്തമായ പരിഹാരമാണ് ഇന്ന് ആവശ്യം.
ദയാവധത്തിന് അനുവാദം നല്‍കാന്‍ രോഗിക്ക് അവകാശമില്ലെന്നതാണ് ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ നിലപാട്. അല്‍ അസ്ഹര്‍ ഫത്‌വാ സമിതി മുന്‍ അധ്യക്ഷന്‍ ശൈഖ് അത്വിയ്യ സഖ്ദിന്റെ ഫത്‌വ താഴെ ചേര്‍ക്കുന്നു:
''യാതൊരു ന്യായവുമില്ലാതെ മനുഷ്യ ജീവന്‍ ഹനിക്കുന്നത് കടുത്ത അക്രമമാണ്. 'അല്ലാഹു ആദരണീയമാക്കിയ ഒരു ജീവനെയും അന്യായമായി വധിക്കരുത്' (ഉദാ: 6:151, 17:33, 25:68) എന്ന കല്‍പന ഖുര്‍ആന്‍ പലേടത്തും ആവര്‍ത്തിക്കുന്നുണ്ട്. സ്വരക്ഷ, മതം, ധനം, അഭിമാനം എന്നിവയുടെ സംരക്ഷണം, ദൈവമാര്‍ഗത്തിലുള്ള പോരാട്ടം തുടങ്ങിയ സന്ദര്‍ഭങ്ങളിലല്ലാതെ മനുഷ്യവധം പാടില്ല. ജീവന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് നശിപ്പിക്കാന്‍ ഉടമക്ക് മാത്രമാണ് അധികാരം. ഏതു പ്രകാരം ആത്മഹത്യ ചെയ്യാന്‍ പാടില്ലയോ അതുപോലെ.''
പരമാവധി ചികിത്സയാണ് ചെയ്യേണ്ടത്. പ്രവാചകന്‍ പറയുന്നത് കാണുക: ''അല്ലാഹുവിന്റെ അടിമകളേ, നിങ്ങള്‍ ചികിത്സ തേടുക. മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു നിശ്ചയിച്ചിട്ടില്ല'' (തിര്‍മിദി). ''സൗഖ്യമില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. വിവരമുള്ളവര്‍ അതറിയുന്നു. വിവരമില്ലാത്തവര്‍ അറിയുന്നില്ല'' (അഹ്മദ്).
ഒരാളില്‍ ജീവന്റെ നേരിയ ഒരനക്കമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അയാള്‍ പ്രയാസമില്ലാതെ ദുനിയാവില്‍നിന്ന് പിരിഞ്ഞുപോകട്ടെ എന്ന് വെച്ച് അയാളുടെ ജീവനെടുക്കുന്നത് സഹാനുഭൂതിയല്ല, ക്രൂരതയാണ്. രോഗിയുടെ ജീവന്‍ ഹനിക്കാനുള്ള യാതൊരു നീക്കവും ആരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതും ആശാസ്യമല്ല.
എന്നാല്‍ മരണപ്പെട്ടു എന്ന് വൈദ്യശാസ്ത്രം വിധിച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോഛ്വാസം മാത്രം നിലനിര്‍ത്തുന്ന രോഗിയില്‍ നിന്ന് പ്രസ്തുത ഉപകരണം വിഛേദിക്കുന്നതിന് കുഴപ്പമില്ല. എല്ലാ ജീവല്‍ പ്രവര്‍ത്തനങ്ങളും നിലച്ചുകഴിഞ്ഞ സാഹചര്യത്തില്‍ അയാളെ ആ അവസ്ഥയില്‍ നിലനിര്‍ത്തേണ്ടതില്ല എന്ന ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വ ശ്രദ്ധേയമാണ്.
Comments