Prabodhanm Weekly

Pages

Search

2014 നവംബര്‍ 14

ഇസ്രയേല്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന <br>ബൈബിള്‍ വചനങ്ങളോ?

അമീന്‍ വി. ചൂനൂര്‍ /ലേഖനം

         ലോകാവസാനത്തിന്റെ അടയാളങ്ങളായി സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ പ്രവചനങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും. അവയില്‍ ചിലതില്‍ യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാവാമെന്ന് മാത്രമല്ല, പ്രവാചക വചനങ്ങളൂമായി സാമ്യതയുള്ളവയുമുണ്ട്. മറ്റു ചിലതിലാകട്ടെ കൈകടത്തലുകള്‍ നടന്നിട്ടുമുണ്ട്.

ഫലസ്ത്വീനില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ അധിനിവേശത്തെ ഇത്തരത്തില്‍ ബൈബിള്‍ പ്രവചിക്കുന്നു എന്നും യഹോവ അവര്‍ക്ക് ബൈബിളിലൂടെ വാഗ്ദാനം ചെയ്ത ഭൂമിയുടെ വിശുദ്ധമായ ഒരു തിരിച്ചെടുപ്പിന്റെ ഭാഗമാണ് ഇപ്പോള്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരമേധമെന്നും ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ വിജയം ഇസ്രയേലിന്റെ കരങ്ങളില്‍ ഭദ്രമാണ് എന്നും അതിനാല്‍ തന്നെ ഇസ്രയേല്‍ അന്തിമമായ പ്രവചിത വിജയത്തിലേക്ക് കുതിക്കുകയാണെന്നും സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. 

ബ്ലോഗുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലുമായി അത്തരം വാദങ്ങള്‍ ഉയര്‍ത്തി ഗസ്സയിലെ കൂട്ടക്കുരുതിയെയും ഇസ്രയേലിനെയും ഇത്തരക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ച വളരെ ദുഃഖകരമാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഫലസ്ത്വീനികള്‍ അതിദാരുണമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, അവ്യക്തമായ ചില വചനങ്ങളുടെ ചുവടുപിടിച്ച് അനീതിക്ക് കൂട്ടുനില്‍ക്കുന്നമത്  യേശുക്രിസ്തുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവര്‍ മനസ്സിലാക്കണം. 

ഈ വാദത്തിന്ന് അവര്‍ ഉന്നയിക്കുന്ന ചില വചനങ്ങള്‍ കാണുക. 

1. ''അപ്പോള്‍ ഞാന്‍ എന്റെ ജനമായ ഇസ്രയേലിന്റെ പ്രവാസികളെ മടക്കിവരുത്തും. ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും. ഞാന്‍ അവരെ അവരുടെ ദേശത്ത് നടും; ഞാന്‍ അവര്‍ക്ക് കൊടുത്തിരുന്ന ദേശത്ത് നിന്ന് അവരെ ഇനി പറിച്ചു കളകയുമില്ല എന്ന് നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു'' (ആമോസ് 9:14,15).

2. ''യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇസ്രയേല്‍ ഗൃഹത്തെ അവര്‍ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയില്‍ നിന്ന് ശേഖരിച്ച് ജാതികള്‍ കാണ്‍കെ എന്നെത്തന്നേ അവരില്‍ വിശുദ്ധീകരിക്കുമ്പോള്‍, ഞാന്‍ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവര്‍ പാര്‍ക്കും. അതില്‍ അവര്‍ നിര്‍ഭയരായി വസിക്കും; അതെ, അവര്‍ വീടുകളെ പണിതു മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കൂന്ന ഏവരിലും ഞാന്‍ ന്യായവിധികളെ നടത്തുമ്പോള്‍ അവര്‍ നിര്‍ഭയരായി വസിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവ എന്ന് അവര്‍ അറിയും'' (യെഹ 28:25,26).

3. ''ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു കൂട്ടി സകലദേശങ്ങളില്‍ നിന്നും നിങ്ങളെ ശേഖരിച്ച് സ്വന്തദേശത്തേക്ക് വരുത്തൂം'' (യെഹ 36:24).

സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തിയെടുത്തിട്ട വചനങ്ങളാണ് ഇവരുടെ വാദങ്ങള്‍ക്ക് ഉപോത്ബലകമായി കൊണ്ടുവന്നിരിക്കുന്നത്. ഈ വചനങ്ങളുടെ തുടര്‍വചനങ്ങളിലേക്കും മറ്റു അധ്യായങ്ങളിലേക്കും കടക്കുമ്പോള്‍ ഈ വാദങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഏതൊരാള്‍ക്കും ബോധ്യമാവും.

ചില ക്രൈസ്തവ വിഭാഗങ്ങള്‍  തന്നെ ഈ വാദങ്ങളെ എതിര്‍ക്കുന്നുണ്ട്. ഈ വാദത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നു കാട്ടുന്ന ലേഖനങ്ങളും ബ്ലോഗുകളൂം ഉണ്ട്. കാര്‍മെല്‍ അപോളെജിറ്റിക്‌സ് അവരുടെ വെബ്‌സൈറ്റില്‍ കൊടുത്ത 'ക്രിസ്ത്യാനികള്‍ ഇസ്രയേലിനെ പിന്തുണക്കണോ' (Should Christian Support Israel) എന്ന ലേഖനം ഇതിന് ഉദാഹരണമാണ്. ലേഖനത്തിന്റെ അവസാനത്തില്‍ തങ്ങളുടെ ഉദ്ദേശ്യം അവര്‍ വ്യക്തമാക്കുന്നുണ്ട്. അവര്‍ പറയുന്നു: ''ലോകത്തെവിടെയും ക്രിസ്ത്യന്‍ സമൂഹം പീഡിപ്പിക്കപ്പെടുമ്പോഴുള്ള അതേ വേദന തന്നെയാണ് ഒരു െ്രെകസ്തവന് ഗസ്സ മുനമ്പില്‍ നിഷ്‌കളങ്കരായ സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെടുമ്പോഴും ഉണ്ടാകേണ്ടത്. കാരണം അവരും ദൈവത്തിന്റെ സൃഷ്ടികളാണ്. സ്‌നേഹ പിതാവ് അവരെയും സ്‌നേഹിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പ്രേരിതമായ പുസ്തകങ്ങളോ, ബൈബിളിന്റെ യഥാര്‍ഥ ആത്മാവ് അറിയാത്ത പ്രസംഗകരുടെ വാക്കുകളോ കേട്ട് ക്രിസ്ത്യാനികള്‍ തീവ്രവാദത്തെ പിന്തുണക്കരുത്. ദൈവത്തിന്റെ കരങ്ങള്‍ ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കട്ടെ എന്ന്, വിദ്വേഷത്തിന്റെ ഭാഷ വെടിഞ്ഞ് നമുക്ക് പ്രാര്‍ഥിക്കാം.'' 

തുടര്‍ന്ന് പ്രസ്തുത ലേഖനത്തില്‍ ഇത്തരം വാദങ്ങളുടെ മുനയൊടിച്ചു കൊണ്ട് പറയുന്ന ചര്‍ച്ചയുടെ ഗതി രസാവഹമാണ്. ബൈബിളില്‍ ഉദ്ധരിച്ച ഇസ്രയേലിന്റെ പുനഃസ്ഥാപനം സാധ്യമാകുന്നത് തങ്ങളിലാണ് എന്നാണ് അവര്‍ പറഞ്ഞു വെക്കുന്നത്. അതായത്, ഈ വചനങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് യാഥാര്‍ഥ്യം എന്ന് അവര്‍ ഊന്നിപ്പറയുന്നു.

1. ബൈബിള്‍ ഉന്നയിക്കുന്ന വിജയത്തിന്റെ പ്രവചനങ്ങള്‍ ജൂതരിലല്ല നിവര്‍ത്തിക്കപ്പെടുക.

2. സഭയാണ് ക്രിസ്തുവില്‍ പുതിയ ഇസ്രയേല്‍; സഭയാണ് ക്രിസ്തുവിലൂടെ പുതിയ ദൈവജനം.

3. പഴയ നിയമത്തില്‍ ഉള്ള, ഇസ്രയേലിനോടുള്ള പ്രവചനങ്ങള്‍ ഇനി നിവര്‍ത്തിക്കപ്പെടുക പുതിയ ഇസ്രയേല്‍ ആയ സഭയിലൂടെയാണ്.

4. ഇസ്രയേലിന്റെ തിരിച്ചു വരവിന്റെ പല പ്രവചനങ്ങളും ഒരു രാഷ്ട്രമെന്നതിനേക്കാള്‍ വ്യക്തിപരം (യേശുക്രിസ്തു) എന്നതിലേക്കാണ് വിരല്‍ ചൂണ്ടൂന്നത്. 

ബൈബിള്‍ ഉന്നയിക്കുന്ന വിജയത്തിന്റെ പ്രവചനങ്ങള്‍ അതിക്രമങ്ങള്‍ നടത്തുന്ന ഇസ്രയേല്‍ ജൂതരാഷ്ട്രത്തിലൂടെയല്ല നിവര്‍ത്തിക്കപ്പെടുക എന്ന ഒന്നാമതായി ഉന്നയിച്ച വാദത്തെ വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെ തന്നെ വിവിധ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ശരിയെന്ന് സമര്‍ഥിക്കാന്‍ കഴിയും. 'യഹൂദ' എന്ന ഹീബ്രു പദത്തിന്റെ അര്‍ഥം 'പുകഴ്ത്തപ്പെട്ടവന്‍' എന്നാണ്. ലോകാവസാനത്തില്‍ ഒരു വിജയത്തെകുറിച്ച് ദൈവം സൂചിപ്പിക്കുമ്പോള്‍ അത് അക്രമികളായ ഒരു സമൂഹത്തിന് സമ്മാനിക്കാനുള്ള ന്യായം ഒരു വേദവും നല്‍കുന്നില്ല. മറിച്ച്, 'പുറമേ യഹൂദനായവന്‍ യഹൂദനല്ല;…അകമേ യഹൂദനായവനത്രേ യഹൂദന്‍; അവന്നു മനുഷ്യരാലല്ല, ദൈവത്താല്‍ തന്നെ പുകഴ്ച ലഭിക്കും' (റോമ 2:28, 29) എന്ന വചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയത്തിന്റെ കിടപ്പ് എന്ന് മനസ്സിലാക്കാം. എന്നു പറഞ്ഞാല്‍, ആരുടെ വിജയത്തെ കുറിച്ചും പുനരധിവാസത്തെ കുറിച്ചും ബൈബിള്‍ സംസാരിച്ചിട്ടുണ്ടോ അത് യഥാര്‍ഥത്തില്‍ ദൈവിക നിര്‍ദേശങ്ങളെ യഥാവിധി പിന്‍പറ്റുന്നവരുടെ വിജയത്തെ കുറിച്ചാണ് എന്നര്‍ഥം. കൊള്ളയും അക്രമവും നടത്തുന്ന ഒരു വിഭാഗത്തിന്റെയും വിജയത്തെ കുറിച്ചല്ല. അങ്ങനെയുള്ളവരിലേക്ക് അന്തിമ വിജയം വേദഗ്രന്ഥം വഴി ന്യായീകരിച്ച് സമ്മാനിക്കുന്നത് ദൈവത്തെയും വേദഗ്രന്ഥത്തെയും നിന്ദിക്കലാണ്. ചരിത്രത്തില്‍ എവിടെയും അങ്ങനെ അന്തിമവും സ്ഥായിയുമായ ഒരു വിജയം അക്രമികള്‍ക്ക് നല്‍കിയതായി ഉദാഹരണങ്ങളില്ല. എല്ലാ പ്രവാചകന്മരുടെ കാലത്തും അക്രമികള്‍ക്ക് ചെറിയ അവസരങ്ങള്‍ കൊടുക്കുകയും അക്രമത്തിന്റെ പാരമ്യതയില്‍ അവരെ ദൈവം പിടികൂടുകയും ചെയ്യുന്ന ചരിത്രമാണ് വിവരിക്കപ്പെട്ടിട്ടുള്ളത്. ലോകത്തിന്റെ തുടക്കം മുതല്‍ തുടര്‍ന്നുവന്ന തികച്ചും ന്യായ പൂര്‍ണമായ ഒരു നടപടിക്രമം ലോകത്തിന്റെ അന്ത്യത്തില്‍ തികച്ചും അന്യായമായി അവസാനിപ്പിക്കുമെന്നാണോ പറയുന്നത്? ദൈവിക നീതിക്ക് ഒട്ടും യോജിക്കാത്ത, കേവലം അന്ധമായ വായന മാത്രമാണിത്.

കാര്‍മെല്‍ അപോളെജിറ്റിക്‌സ് പറഞ്ഞതില്‍, പ്രതാപ കാലത്തിന്റെയും വിജയത്തിന്റെയും പ്രവചനങ്ങള്‍ ദൈവത്തിന്റെ യഥാര്‍ഥ ജനത്തിലാണ് (ദൈവ ജനം) പുലരുക എന്ന വാദത്തെ അംഗീകരിക്കാവുന്നതാണ്. പക്ഷേ, അത് സഭയാണ് എന്ന് ഒറ്റയടിക്ക് സമര്‍ഥിക്കാമോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. 

സഭയാണ് പ്രസ്തുത പ്രവചനത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള 'അന്തിമവിജയികളായ ഇസ്രയേല്‍' എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. 'മുസ്‌ലിം കമ്യൂണിറ്റി' എന്ന് അറിയപ്പെടുന്ന ഒരു വിഭാഗമാണ് അവിടെ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നും അവര്‍ വിശ്വസിക്കുന്നില്ല. മറിച്ച് ഏതൊരു ജനവിഭാഗമാണോ യഥാര്‍ഥത്തില്‍ പ്രപഞ്ച സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിതം നയിക്കുന്നത് അവരെകുറിച്ചാണ് 'ദൈവരാജ്യത്തിന്റെ അവകാശികള്‍' അല്ലെങ്കില്‍ 'എന്റെ ജനത്തെ ഞാന്‍ തിരിച്ചു കൊണ്ടു വരും' എന്ന് പ്രയോഗിച്ചിട്ടുള്ളത്. 

'ദൈവരാജ്യം നിങ്ങളുടെ പക്കല്‍ നിന്ന് എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്ക് കൊടുക്കും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു' (മത്തായി 21:43) എന്നാണല്ലോ യേശുക്രിസ്തു പറയുന്നത്. 

തിരിച്ചു വരവ് ഫലസ്ത്വീനികള്‍ക്കും ബാധകം

'ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു കൂട്ടി സകലദേശങ്ങളില്‍ നിന്നും നിങ്ങളെ ശേഖരിച്ച് സ്വന്തദേശത്തേക്ക് വരുത്തും' (യെഹ 36:24) എന്നതു പോലെയുള്ള വചനങ്ങള്‍ എടുത്തുകാട്ടി, ബൈബിള്‍ പ്രവചിച്ചതിന്റെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ ഇസ്രയേലിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പ്രചരിപ്പിക്കുമ്പോള്‍ ന്യായത്തിനു വേണ്ടി ഒരു മറു വാദമുന്നയിക്കട്ടെ. അവര്‍ പറയുന്നത് പോലെയാണെങ്കില്‍ അത്തരം ഒരു വചനത്തിന് 'ഫലസ്ത്വീനികളുടെ തിരിച്ചു വരവിന്റെ' വ്യാഖ്യാനവും കൊടുക്കാന്‍ കഴിയും. അവരെ സംബന്ധിച്ചേടത്തോളം അവര്‍ സ്വന്തം ദേശത്തുനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരാണ്. ജോര്‍ദാന്‍, സിറിയ, ഈജിപ്ത്, സുഊദി അറേബ്യ, ഖത്തര്‍ തുടങ്ങി നിരവധി ദേശങ്ങളിലായി അവര്‍ വ്യാപിച്ചു കിടക്കുകയാണ്. 

''നിന്റെ ഭിത്തികള്‍ പുനര്‍നിര്‍മിക്കപ്പെടുന്ന ദിനം വരും. അന്ന് രാജ്യം വളരും. നിന്റെ ജനത നിന്റെ ദേശത്തേക്ക് മടങ്ങിവരും. അശ്ശൂരില്‍ നിന്നും ഈജിപ്തിലെ നഗരങ്ങളില്‍ നിന്നും അവര്‍ മടങ്ങി വരും. നിന്റെ ജനം ഈജിപ്തില്‍ നിന്നും യൂഫ്രട്ടീസ് നദിയുടെ മറുകരയില്‍ നിന്നും മടങ്ങി വരും. പടിഞ്ഞാറന്‍ സമുദ്രത്തില്‍ നിന്നും കിഴക്കന്‍ പര്‍വതങ്ങളില്‍ നിന്നും അവര്‍ മടങ്ങി വരും'' (മീഖാ 7:11, 12). ഇവിടെ നിഷ്പക്ഷമായ വിലയിരുത്തല്‍ നടത്തിയാല്‍, ഈ പ്രവചനം ഫലസ്ത്വീനികളുടെ വിമോചനത്തെ സൂചിപ്പിക്കുന്ന ഒന്നായാണ് അനുഭവപ്പെടുക. കാരണം, ഇവിടെ സൂചിപ്പിച്ചിരിക്കുന്ന 'മടങ്ങി വരവ്' എവിടെനിന്നൊക്കെയാണ്? ഇന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്ത്വീനികള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍നിന്ന്, അതായത് അവിടെ നിന്നും ആട്ടിയോടിക്കപ്പെട്ട, ഫലസ്ത്വീനിന്റെ പാതി ജനത ജീവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന്. ഈജിപ്തിലും ബൈബിളില്‍ നിരവധി സ്ഥലങ്ങളില്‍ വന്നിട്ടുള്ള 'അശ്ശൂര്‍' (വടക്കന്‍ ഇറാഖിന്റെ ഭാഗം) നിലനില്‍ക്കുന്ന രാജ്യത്തിലും യൂഫ്രട്ടീസ് നദിയുടെ മറുകരയിലും ജോര്‍ദാനിലുമൊക്കെത്തന്നെയാണ് ഇന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്ത്വീനികള്‍ പ്രധാനമായും ജീവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ജൂതന്മാര്‍ രാജ്യം സ്ഥാപിക്കുന്നതിനു തൊട്ടു മുന്നെ ഈ പറഞ്ഞ സ്ഥലങ്ങളില്‍ പലതിലും അവരുടെ ജനത കൂടുതലായി ജീവിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ പുനരധിവാസത്തെ കുറിച്ചുള്ള വചനങ്ങള്‍ ഒരിക്കലും തന്നെ അവരുടെ ഫലസ്ത്വീനിലേക്കുള്ള വരവിനെ കുറിച്ചാവില്ല.

ഖുര്‍ആന്‍ എന്തു പറയുന്നു 

അന്ത്യനാള്‍ വരെ ഏതെങ്കിലും വിധത്തില്‍ ഇസ്രയേല്‍ സമൂഹം ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ''നിന്റെ നാഥന്‍ പ്രഖ്യാപിച്ചതോര്‍ക്കുക: അവരെ ക്രൂരമായി ശിക്ഷിച്ചുകൊണ്ടിരിക്കുന്നവരെ അവരുടെ നേരെ അന്ത്യനാള്‍വരെയും അവന്‍ നിയോഗിച്ചുകൊണ്ടിരിക്കും. നിന്റെ നാഥന്‍ വളരെ വേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും കരുണാമയനും'' (അല്‍അഅ്‌റാഫ് 167). 

ഇത് വിശുദ്ധ ഖുര്‍ആന്‍ മാത്രം പറയുന്ന ഒരു വസ്തുതയല്ല. ഈ മുന്നറിയിപ്പും താക്കീതും ക്രി. മു എട്ടാം ശതകം മുതല്‍ ഇസ്രാഈല്യര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണവും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. 

'അവര്‍ പ്രവാചകരെ കൊന്നതിനാലും, വേദത്തെ തുഛ വിലയ്ക്ക് വിറ്റതിനാലും, സത്യത്തെ അസത്യവുമായി കൂട്ടിക്കുഴച്ചതിനാലും, വേദം കൈകൊണ്ട് എഴുതിയുണ്ടാക്കി ദൈവത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിച്ചതിനാലും പലിശ വാങ്ങിക്കൂട്ടി ജനങ്ങളുടെ ധനം അന്യായമായി ഭുജിച്ചതിനാലും, വിഗ്രഹങ്ങളെയും പുണ്യപുരുഷരെയും ദൈവങ്ങളാക്കിയതിനാലും, ജനങ്ങളോട് പുണ്യം കല്‍പിച്ചു, പക്ഷേ അവര്‍ സ്വയം അത് പ്രവര്‍ത്തിച്ചില്ലയെന്നതിനാലു'മാണ് നിരന്തരമായ ശിക്ഷക്ക് അവര്‍ വിധേയമാവേണ്ടിവരുന്നതെന്ന് ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളിലായി പറയുന്നു (അല്‍ബഖറ 42, 44, 79, 91, അന്നിസാഅ് 161, തൗബ 30,31). നിരവധി പ്രവാചകരെ കൊല്ലാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. ഈസാ(അ)യെ കുരിശിലേറ്റിയും മുഹമ്മദ് നബിയെ വിഷം കൊടുത്തൂം വധിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. 

വിശുദ്ധ ഖുര്‍ആനില്‍ മാത്രമല്ല, യെശയ്യാ, യിരമ്യ പ്രവാചകന്മാരുടെയും പിന്നീട് വന്ന പ്രവാചകരുടെയും ഗ്രന്ഥങ്ങളിലെല്ലാം ഈ താക്കീത് കാണുന്നുണ്ട്. അനന്തരം ഈസാ(അ)യും ഇതേ താക്കീത് നല്‍കിയതായി സുവിശേഷങ്ങളിലെ വിവിധ പ്രഭാഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. ആ കാലഘട്ടം മുതല്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണുതാനും.

''ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിഛേദനയില്ലാത്തവരുമായുള്ളവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെത്തന്നെ നിങ്ങളും എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോട് മറുത്തു നില്‍ക്കുന്നു. പ്രവാചകന്മാരില്‍ ഏവനെയാണ് നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളത്. നീതിമാനായവന്റെ വരവിനെക്കുറിച്ച് മുന്നറിയിച്ചവരെ അവര്‍ കൊന്നുകളഞ്ഞു'' (പ്രവൃത്തികള്‍ 7:51-52).

''യിസ്രയേല്‍ മക്കള്‍ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗ പീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു അവര്‍ എനിക്കും ജീവഹാനി വരുത്താന്‍ നോക്കുന്നു എന്നു ഏലിയാവ് പറഞ്ഞു'' (രാജാക്കന്മാര്‍ 19:10). 

ഈ കാലഘട്ടത്തിലും വേദഗ്രന്ഥത്തിന്റെ ഈ അഭിപ്രായത്തെ മറികടക്കുന്ന ഒരു നിലപാട് അവരുടെ ഭാഗത്ത് നിന്ന് കാണാന്‍ കഴിയുന്നില്ല. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുക, അന്യായമായത് പിടിച്ചെടുക്കുക, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക തുടങ്ങി ഒരുവിധത്തിലും മനുഷ്യത്വത്തിനോ ലോക മനസ്സാക്ഷിക്കോ മതപാഠങ്ങള്‍ക്കോ നിരക്കാത്ത കാര്യങ്ങളാണ് അവര്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏതു കാലഘട്ടത്തിലായാലും അവരുടെ അത്തരം ശ്രമങ്ങളുടെ മുനയൊടിക്കാന്‍ അല്ലാഹു തന്നെ മുന്നില്‍ എന്നുമുണ്ടാകുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

''അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നാം പകയും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു. അവര്‍ യുദ്ധത്തീ ആളിക്കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍മാഇദ 64). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് /സൂറ-21 /42-46
എ.വൈ.ആര്‍