മജ്‌ലിസിന്റെ വിജയത്തുടക്കവും <br> മുംബ്രാ കല്‍വയും
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ തുടക്കം ഭംഗീരമായി. 24 സീറ്റുകളില്‍ മത്സരിച്ച മജ്‌ലിസ്, ബൈകുളയും ഔറംഗാബാദ് സെന്‍ട്രലും പിടിച്ചെടുക്കുകയും ഔറംഗാബാദ് ഈസ്റ്റിലും സോലാപൂര്‍ സെന്‍ട്രലിലും പര്‍ഭിനിലും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. എട്ടു മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനം നേടിയ മജ്‌ലിസിന് അഞ്ച് ലക്ഷം വോട്ടുകള്‍ നേടാനായി. മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്സിനും എന്‍.സി.പിക്കും ബദല്‍ എന്ന നിലക്കാണ് ജനങ്ങള്‍ മജ്‌ലിസിനെ കണ്ടത്. സമാജ് വാദി പാര്‍ട്ടിയോടും അതിന്റെ നേതാവ് അബൂ ആസിം അഅ്‌സമിയോടുമുള്ള കടുത്ത വിദ്വേഷമാണ് മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ കര്‍ണാടക, യു.പി, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലും തങ്ങള്‍ ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നന്ദേഡില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ് മജ്‌ലിസ് മഹാരാഷ്ട്രയില്‍ അരങ്ങേറ്റം കുറിച്ചത്. പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ദേശീയതലത്തിലും വിജയിപ്പിക്കാനാവുമെന്നാണ് മജ്‌ലിസിന്റെ പ്രതീക്ഷ. എന്നാല്‍, വേണ്ടത്ര പ്രവര്‍ത്തനക്ഷമമല്ലാത്ത പ്രാദേശിക പാര്‍ട്ടികളുടെ ദേശീയ പരീക്ഷണം പരാജയമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അനുഭവപാഠം.
മുംബ്രാ കല്‍വ-ഒരു കേസ് സ്റ്റഡി
മഹാരാഷ്ട്രയിലെ നിയോജക മണ്ഡലമാണ് മുംബ്രാ കല്‍വ. മുംബ്ര മുസ്‌ലിം ഭൂരിപക്ഷ മേഖലയും കല്‍വ ഹിന്ദു മേഖലയുമാണ്. നേരത്തെ മണ്ഡലത്തെ പ്രതിനിധീകരിച്ച എന്‍.സി.പിയിലെ ജിതേന്ദ്ര ഔഹാദ് തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിന്റെ വികസനത്തിനായി ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. വൈദ്യുതി, റോഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി എല്ലാ കാര്യത്തിലും വികസിതമായ മണ്ഡലത്തില്‍ മജ്‌ലിസിന്റെ രംഗപ്രവേശവും വമ്പിച്ച റാലികളും ഉവൈസിയുടെ പര്യടനവും യുവാക്കളുടെ പ്രവര്‍ത്തനവും കൂടിയായപ്പോള്‍ മാറ്റത്തിന്റെ വക്കിലാണെന്നും ജനം മജ്‌ലിസിനൊപ്പമാണെന്നുമുള്ള തോന്നലുണ്ടാക്കി. വ്യക്തിഗതമായ സംഭാഷണങ്ങളില്‍ നിന്ന് ഇത് ഒന്നുകൂടി ബോധ്യമായി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ചില സംഭവങ്ങള്‍ക്ക് മണ്ഡലം സാക്ഷിയായിട്ടുണ്ട്. മുംബ്രായിലെ റഷീദ് കോമ്പൗണ്ടില്‍ രാത്രി രണ്ട് മണിക്ക് പോലീസ് റെയ്ഡ് നടത്തി നിരവധി മുസ്‌ലിം ചെറുപ്പക്കാരെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മൂന്ന് മണിക്ക് പോലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എ എല്ലാവരെയും മോചിപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ മുസ്‌ലിം സംരക്ഷണ വേഷം കെട്ടലായിരുന്നുവെന്നാണ് റുക്‌നുദ്ദീന്‍ എന്ന പ്രാദേശിക മുസ്‌ലിം നേതാവ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് പൊട്ടിയ പടക്കം നിര്‍മിച്ചത് ഖുര്‍ആന്‍ പേജുകള്‍ ഉപയോഗിച്ചായിരുന്നുവെന്നും തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നിലും ഔഹാദ് തന്നെയായിരുന്നുവെന്നും ആസിം പറയുന്നു. ഈ കാരണങ്ങള്‍ മതി അദ്ദേഹത്തെ തോല്‍പിക്കാന്‍ എന്നായിരുന്നു രണ്ടു പേരുടെയും പക്ഷം. അവര്‍ മജ്‌ലിസിന് വേണ്ടി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍, ചില ഉലമാക്കളും ഹോട്ടലുടമകളും ബില്‍ഡിംഗ് ലോബി പൂര്‍ണമായും ഔഹാദിനെ പിന്തുണച്ചു. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ പണം വാരിയെറിയുകയാണെന്നും പലരും അതില്‍ വീണുപോയതാണെന്നും പൊതു താല്‍പര്യമോ സര്‍ക്കാര്‍ നിലപാടോ മാനിക്കാതെ അയാള്‍ ബില്‍ഡേഴ്‌സിനൊപ്പമാണെന്നും ആസിമും റുക്‌നുദ്ദീനും പറയുന്നു. ഡോ. ശൗഖത്തിന്റെ അഭിപ്രായം രാഷ്ട്രീയത്തില്‍ സാധാരണമാണിതൊക്കെ എന്നാണ്. ''മജ്‌ലിസ് ശിവസേനയുടെ മുസ്‌ലിം പതിപ്പാണ്. നേരത്തെ അബൂ ആസിം അഅ്‌സമി മുസ്‌ലിം വോട്ടുബാങ്ക് ഉപയോഗിച്ച് ഇതേ കളി കളിച്ചതാണ്. ഇപ്പോള്‍ മജ്‌ലിസിന്റെ പേരിലാണെന്ന് മാത്രം. പത്ത് വര്‍ഷം കഴിയുമ്പോള്‍ പുതിയ പേരിലും ഭാവത്തിലും നമ്മെ പറ്റിക്കാനായി മറ്റൊരു കൂട്ടര്‍ വരും.''
മജ്‌ലിസിനെ നിലം തൊടുവിക്കരുതെന്ന് സമാജ് വാദി നേതാവ് അബൂ ആസിം അഅ്‌സമിയുടെ പ്രചാരണം വിപരീതഫലമുളവാക്കിയെന്നും സ്വന്തം പാര്‍ട്ടിക്ക് നിലം തൊടാനായില്ലെന്നും അക്ബര്‍ ശൈഖ് വിലയിരുത്തുന്നു. ''വായിട്ടലക്കുകയല്ലാതെ മുസ്‌ലിംകള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല ഇക്കൂട്ടര്‍. ഇശ്‌റത്ത് ജഹാന്‍ കേസില്‍ പോലും ആത്മാര്‍ഥത കാണിച്ചിരുന്നില്ല അയാള്‍. മാത്രവുമല്ല തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും മേയര്‍ തെരഞ്ഞെടുപ്പിലും ശിവസേനയെ സഹായിക്കുകയാണ് സമാജ് വാദി പാര്‍ട്ടി ചെയ്തത്. ജനരോഷത്തില്‍ അവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് കൂപ്പുകുത്തി. സ്വന്തം മകന്‍ അബൂ ഫര്‍ആനെ പോലും വിജയിപ്പിക്കാന്‍ അബൂ ആസിമിന് ആയില്ല. തെരഞ്ഞെടുപ്പ് സമയത്ത് ബഹുജനം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചിന്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാവണം'' - അദ്ദേഹം പറഞ്ഞു.
ചുരുക്കത്തില്‍, മണ്ഡലത്തിലെ മജ്‌ലിസിന്റെ പ്രകടനം മെച്ചപ്പെട്ടത് തന്നെയായിരുന്നു. വികസന പ്രവര്‍ത്തനങ്ങളും പ്രചാരണ കോലാഹലവുമൊന്നും ഔഹാദിന് ഇരിക്കപ്പൊറുതി കൊടുത്തില്ല. മുംബ്രയില്‍ സിംഹമിറങ്ങിയെന്നാണ് ഉവൈസിന്റെ വരവിനെ പൊതുജനം വിശേഷിപ്പിച്ചത്. പക്ഷേ, റാലികളില്‍ മലവെള്ളം കണക്കെ കുതിച്ചെത്തിയ യുവാക്കള്‍ക്ക് വോട്ടിനോടായിരുന്നില്ല, രക്തസാക്ഷ്യത്തോടായിരുന്നു ആഭിമുഖ്യം എന്നാണ് മുദ്രാവാക്യങ്ങളില്‍ നിന്ന് മനസ്സിലാക്കാനായത്. യഥാര്‍ഥത്തില്‍ ജനാധിപത്യം ബഹുജനത്തിന്റേതല്ല; വോട്ടര്‍മാരുടേതാണ്. അന്നേ ദിവസം വോട്ടര്‍ ഐഡി കൈവശമുള്ളവരാണ് രാജാക്കന്മാര്‍. മജ്‌ലിസിന്റെ ആവേശഭരിതരായ ചെറുപ്പക്കാര്‍ പോളിംഗ് ദിവസം സ്റ്റാളുകളില്‍ തടിച്ചുകൂടി, ആളുകളെ പട്ടം ചിഹ്നത്തില്‍ ബട്ടണമര്‍ത്തുന്ന രീതി പഠിപ്പിക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ വാചാലനായ നദീമിനോട് ഞാന്‍ ചോദിച്ചു: ''നീ പട്ടത്തിനാണോ വോട്ട് ചെയ്തത്?''
''എനിക്ക് വോട്ടര്‍ ഐഡിയില്ല.'' അല്‍പം ജാള്യതയോടെ പാവത്താന്റെ മറുപടി. സ്റ്റാളിലിരുന്ന ഭൂരിപക്ഷത്തിനും വോട്ടുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അല്ലാമാ ഇഖ്ബാല്‍ പറഞ്ഞതാണ് ഓര്‍മവരുന്നത്. ''ഈ പട്ടാളക്കാരന്‍ വിശ്വാസിയാണെങ്കില്‍ വാളില്ലാതെയും യുദ്ധം ചെയ്യും'' (ഇവിടെ പറഞ്ഞ പേരുകളെല്ലാം സാങ്കല്‍പികമാണ്).
മുംബ്രാ കല്‍വയില്‍ പ്രതീക്ഷിച്ചതിന് വിരുദ്ധമായി ഗംഭീരവിജയമാണ് ജിതേന്ദ്ര ഔഹാദ് നേടിയത്. എന്നാല്‍ പൊതുജനത്തിന് മുമ്പില്‍ മജ്‌ലിസ് നിരത്തിവെച്ച കാര്യങ്ങള്‍ പരിഗണനാര്‍ഹമായിരുന്നു. മുംബൈയിലും താനയിലും നടക്കാന്‍ പോകുന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ മജ്‌ലിസ് നിര്‍ണായക ശക്തിയാവുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ തിടം വെച്ചു കഴിഞ്ഞുവെന്നാണ് മഹാരാഷ്ട്ര നല്‍കുന്ന പാഠം. തങ്ങളുടെ വര്‍ഗീയ അജണ്ട രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തനപഥത്തിലെത്തിക്കാന്‍ അവര്‍ പഠിച്ചുകഴിഞ്ഞു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നതും പൊതുസമൂഹം വര്‍ഗീയമല്ലെന്നതും ശരിയാണെങ്കിലും, പൊതു മതേതര സമൂഹത്തിന് ഈ വര്‍ഗീയതയെ ചെറുക്കാനാവുന്നില്ല എന്നതാണ് സത്യം. കോണ്‍ഗ്രസ്സിലും യു.പി.എ ഘടക കക്ഷികളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അത് തിരിച്ചുപിടിക്കാനുള്ള യാതൊരു നീക്കവും കാണുന്നുമില്ല. മാത്രവുമല്ല തങ്ങളുടെ പൂര്‍വകാല ചെയ്തികള്‍ ഈ സെക്യുലര്‍ പാര്‍ട്ടികള്‍ ആവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സെക്യുലര്‍ വോട്ടുകള്‍ ഭിന്നിച്ചതിന്റെ ഫലം ബി.ജെ.പി കൊയ്‌തെടുത്തതിന് ശേഷവും കോണ്‍ഗ്രസ്സും എന്‍.സി.പിയും തമ്മില്‍ തെറ്റിയത് മാപ്പര്‍ഹിക്കാത്ത കുറ്റവും ആത്മഹത്യാപരവുമാണ്. ദീര്‍ഘദൃഷ്ടി നഷ്ടപ്പെട്ട നേതൃത്വത്തിന് ഇപ്പോഴും യാതൊരു കുലുക്കവുമില്ലതാനും.
ഭരണത്തോട് വെറുപ്പുണ്ടാവുമെന്നും ബി.ജെ.പി ഗവണ്‍മെന്റ് അതിവേഗം നിലം പൊത്തുമെന്നുമുള്ള പ്രതീക്ഷയും പൂവണിയില്ല. മാറ്റത്തിന് ഇനിയും പത്തോ പതിനഞ്ചോ വര്‍ഷമെടുത്തേക്കാം. എന്നാല്‍, അല്‍പമെങ്കിലും പ്രതീക്ഷ നല്‍കുന്നത് ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ബദലായി ഒരു മതേതര മൂന്നാം ചേരിയുടെ സാധ്യത നിലനില്‍ക്കുന്നുവെന്നതാണ്. ബിഹാറില്‍ ലാലുവും നിതീഷും അത്തരമൊരു തിരിച്ചറിവ് നേടിയിട്ടുണ്ട്. രാജ്യത്തെ സെക്യുലര്‍ നേതാക്കള്‍ മഹാരാഷ്ട്രയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സ്വാര്‍ഥ മോഹങ്ങളോട് വിടപറഞ്ഞ് ഒരു കൂട്ടായ്മക്ക് രൂപം നല്‍കാന്‍ തയാറാകുമെങ്കില്‍ വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കും. കാരണം, ബി.ജെ.പിയടക്കമുള്ള വര്‍ഗീയ ശക്തികള്‍ക്ക് ലഭിച്ച വോട്ടുകളില്‍ ഏറിയ പങ്കും നിരാശരായ ജനങ്ങളുടേതാണ്; വര്‍ഗീയമായി ചിന്തിക്കുന്നവരുടേതല്ല.
വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍(ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സ്റ്റഡി ഗ്രൂപ്പിന്റെ പ്രോജക്ട് ഇന്‍ ചാര്‍ജാണ് ലേഖകന്‍)
Comments