Prabodhanm Weekly

Pages

Search

2014 നവംബര്‍ 14

'നല്ല ദിനങ്ങള്‍' ദല്‍ഹിയിലേക്ക് എത്തുമ്പോള്‍

ഇഹ്‌സാന്‍

ഈസ്റ്റ് ദല്‍ഹിയിലെ ത്രിലോക്പുരിയിലും വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഭവാനയിലും എങ്ങനെ വര്‍ഗീയ കലാപങ്ങളുണ്ടായി എന്നതിനെ കുറിച്ച് പലതരം വിശദീകരണങ്ങളാണ് കേള്‍ക്കാനുള്ളത്. കൂടുതല്‍ പ്രചരിച്ച ഒരു കഥയനുസരിച്ച് കൂട്ടുകൂടി മദ്യപിച്ച അഞ്ച് യുവാക്കളാണ് ത്രിലോക്പുരിയിലെ വര്‍ഗീയ സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. ഇവരില്‍ മൂന്നു പേര്‍ മുസ്‌ലിംകളായിരുന്നു. പ്രദേശത്തെ മുഖ്യ കവലയായ മാതാ കീ ചൗക്കില്‍ ഒരു ക്ഷേത്രവും ഏതാനും വാരകള്‍ അപ്പുറത്ത് മസ്ജിദും സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ ക്ഷേത്രത്തോടു ചേര്‍ന്ന ഭാഗത്തിരുന്നാണ് ഇവര്‍ പരസ്യമായി മദ്യപിച്ചത്. കണ്ടുനിന്ന ആരോ ഇതിനെ എതിര്‍ത്തപ്പോള്‍ യുവാക്കളിലൊരാള്‍ മദ്യക്കുപ്പി അലക്ഷ്യമായി വലിച്ചെറിഞ്ഞുവെന്നും അത് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ ക്ഷേത്രപ്പന്തലില്‍ വീണുവെന്നുമാണ് പറയപ്പെടുന്നത്. അതല്ല ത്രിലോക്പുരിയിലെ 15-ാം വാര്‍ഡില്‍ വാല്‍മീകി സമുദായക്കാരനായ ഒരു കൗണ്‍സില്‍ അംഗം അയല്‍പക്കത്തുള്ളവരുമായി നടത്തിയ ഏറ്റുമുട്ടലാണ് കലാപത്തിന് കാരണമായതെന്നും 40 ശതമാനം മുസ്‌ലിംകളുള്ള ഈ പ്രദേശത്ത് പെട്ടെന്നു തന്നെ വിഷയം മറ്റു വാര്‍ഡുകളിലേക്ക് വര്‍ഗീയമായി കത്തിപ്പടരുകയായിരുന്നുവെന്നും കിംവദന്തിയുണ്ട്. മാതാകീ ചൗക്കിലെ മസ്ജിദിനു സമീപം ചിലര്‍ കൊണ്ടുവെച്ച വിഗ്രഹം ദീപാവലിക്കു ശേഷം എടുത്തു മാറ്റാമെന്ന് നേരത്തെ സമ്മതിച്ചുവെന്നും അക്കാര്യത്തില്‍ പിന്നീട് വാക്കുമാറ്റിപ്പറഞ്ഞപ്പോഴാണ് കലാപമുണ്ടായതെന്നും ഒരു കഥ വേറെയുമുണ്ട്. ബി.ജെ.പിയുടെ മുന്‍ എം.എല്‍.എ സുനില്‍ കുമാര്‍ വൈദ്യ ദീപാവലി ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷമാണ് ത്രിലോക്പുരി ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന വസ്തുതയും ബാക്കിയുണ്ട്.

ഭവാനയിലാകട്ടെ ബി.ജെ.പി നേര്‍ക്കു നേരെയാണ് കലാപത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. മുഹര്‍റം ആഘോഷത്തിന്റെ ഭാഗമായി ശീഈ മുസ്‌ലിംകള്‍ നടത്തുന്ന തഅ്‌സിയ ഘോഷയാത്ര ഹിന്ദുക്കളെ അലോസരപ്പെടുത്തുന്നു എന്നും ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹിന്ദുക്കള്‍ താമസിക്കുന്ന തെരുവുകളിലൂടെയുള്ള ഈ ശക്തിപ്രകടനം കണ്ടു നില്‍ക്കാനാവില്ലെന്നും ബി.ജെ.പിയുടെ എം.എല്‍.എ ഗഗന്‍ സിംഗ് വളച്ചുകെട്ടില്ലാതെയാണ് മാധ്യമങ്ങളുടെ മുമ്പാകെ വ്യക്തമാക്കിയത്. ഭവാനയില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തഅ്‌സിയ ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ ഇന്നേവരെ ഈ ആയുധങ്ങളുപയോഗിച്ച് ശീഈകള്‍ ആരെയെങ്കിലും ആക്രമിച്ചതായോ ഹിന്ദുക്കള്‍ ഈ യാത്രക്കെതിരെ എന്തെങ്കിലും പരാതി ഉന്നയിച്ചതായോ രേഖകളില്ല. അല്ലെങ്കിലും കര്‍ബലാ യുദ്ധത്തിന്റെ ഓര്‍മയുണര്‍ത്താന്‍ പ്രതീകാത്മകമായ ആയുധ പ്രദര്‍ശനം എന്നതിലപ്പുറം തഅ്‌സിയയില്‍ എവിടെയാണ് ശക്തിപ്രകടനമുള്ളത്? കാര്‍ഡ്‌ബോര്‍ഡില്‍ വെള്ളിക്കടലാസൊട്ടിച്ചുണ്ടാക്കുന്ന ഈ വാളുകള്‍ ആഞ്ഞുവീശിയാല്‍ ഒടിഞ്ഞു തൂങ്ങുന്നവയാണെന്ന് ഗഗന്‍ സിംഗിന് അറിയാത്തതുമായിരിക്കില്ല. കഷ്ടം ഇതൊന്നുമായിരുന്നില്ല. തഅ്‌സിയ ഘോഷയാത്ര നിരോധിക്കണമെന്ന ആവശ്യവുമായി ഗഗന്‍ സിംഗ് വിളിച്ചു ചേര്‍ത്ത ഈ മഹാ പഞ്ചായത്തില്‍ ഒപ്പമുണ്ടായിരുന്നത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് കൗണ്‍സിലറായ ദേവേന്ദര്‍ കുമാറായിരുന്നു. ഇതെഴുതുന്ന ദിവസം വരെ കോണ്‍ഗ്രസ് ഈ മാന്യദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. വലിയ പെരുന്നാള്‍ ദിവസം 'ഹിന്ദു ക്രാന്തികാരി സേന' എന്ന പേരില്‍ ഇതേ ഭവാനയില്‍ പ്രകോപനപരമായ നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്‌ലിംകള്‍ പശുക്കളെ മോഷ്ടിച്ചെടുത്ത് ബലിയറുക്കുന്നുവെന്നും അതിനെതിരെ നേര്‍ക്കുനേര്‍ യുദ്ധത്തിന് സമയമായി എന്നുമാണ് ഈ നോട്ടീസുകളില്‍ ഉണ്ടായിരുന്നത്. ആരുടേതാണ് ഈ സേനയെന്ന് ഇന്നും പോലീസ് കണ്ടെത്തിയിട്ടില്ല.

ത്രിലോക്പുരിയില്‍ പോലീസ് തന്നെയായിരുന്നു വലിയൊരളവോളം കാര്യങ്ങളെ നിയന്ത്രണവിധേയമാക്കിയതെങ്കിലും കേസന്വേഷണത്തിലും അറസ്റ്റുകളിലും കാണിക്കുന്ന പതിവ് വര്‍ഗീയത മാറ്റിവെച്ച് അവസരത്തിനൊത്തുയരാന്‍ ദല്‍ഹി പോലീസിന് കഴിഞ്ഞില്ല. ഈ പ്രദേശങ്ങളെ കലാപത്തീയിലേക്ക് എടുത്തെറിഞ്ഞത് നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരേക്കാളേറെ പുറത്തിരുന്ന് ചരടു വലിച്ചവരായിരുന്നു. ത്രിലോക്പുരിയിലാണ് ദല്‍ഹിയില്‍ കൂടുതലും തമിഴ് വംശജര്‍ തിങ്ങിത്താമസിക്കുന്നത്. രണ്ട് തമിഴ് യുവാക്കളെ മുസ്‌ലിംകള്‍ കൊന്നുവെന്ന ഒരു കഥ തമിഴര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ടവര്‍ ആരെന്നോ എങ്ങനെയെന്നോ എപ്പോഴെന്നോ അറിയില്ലെങ്കിലും കൊലയാളികള്‍ മുസ്‌ലിംകള്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല തര്‍ക്കം. മൊത്തത്തില്‍ കൂട്ടിവായിക്കുമ്പോള്‍ മുസ്‌ലിം, തമിഴ് വോട്ടുകള്‍ക്ക് ത്രിലോക്പുരി കലാപവുമായി എവിടെയോ ബന്ധമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ത്രിലോക്പുരിയും അയല്‍മണ്ഡലമായ കോണ്ട്‌ലിയും ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തത് ആം ആദ്മി പാര്‍ട്ടിയുടെ രാജ് കുമാര്‍ ദിംഗനും മനോജ് കുമാറുമായിരുന്നു. അങ്ങാടിയില്‍ തോറ്റ ഈ ബി.ജെ.പി എം.എല്‍.എയാണ് ദീപാവലി ദിവസം ആളെക്കൂട്ടി കലാപത്തിന് പ്രേരിപ്പിച്ചതെന്ന ആരോപണം ബാക്കി നില്‍ക്കുന്നുമുണ്ട്.

ഭവാനയിലും ത്രിലോക്പുരിയിലും കഴിഞ്ഞ മൂന്നു മാസമായി മൊബൈലുകളിലൂടെ പലതരം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. പക്ഷേ രഹസ്യപ്പോലീസിന് ഇതൊന്നും കണ്ടെത്താനേ കഴിഞ്ഞിരുന്നില്ല. സംഭവിക്കാനുള്ളതെല്ലാം കഴിഞ്ഞതിനു ശേഷമാണ് പോലീസ് ദല്‍ഹിയിലെ 'വിഷക്കണ്ണികളെ' തെരയാന്‍ തുടങ്ങുന്നത്. ഭവാനയിലെ ശീഈകള്‍ ബി.ജെ.പിയെ ഭയന്ന് തഅ്‌സിയ ഘോഷയാത്ര ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അതിന്റെ പൊലിമ കുറച്ച് വഴി മാറിപ്പോവുകയോ ചെയ്തു. കലാപം നടന്ന രണ്ട് പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ തിരിച്ചറിയാനായി എന്നതു മാത്രമാണ് ഈ സംഭവങ്ങളിലെ ആശ്വാസം. ഭവാനയിലെ മുഹര്‍റം ഘോഷയാത്ര മുടങ്ങിയതില്‍ ഒരുപാട് ഹിന്ദുക്കള്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കു മുമ്പില്‍ എത്തി പ്രതിഷേധിച്ചു. ത്രിലോക്പുരിയിലെ ഹിന്ദുക്കള്‍ ഒരുപടി കൂടി മുന്നോട്ടു പോയി ഘോഷയാത്രയെ നയിച്ചു കൊണ്ട് ഒപ്പം നടന്നു. ഇനിയുള്ളത് തെരഞ്ഞെടുപ്പാണ്. ഒരു തവണ ആം ആദ്മി പാര്‍ട്ടിയെ നെഞ്ചിലേറ്റിയ വോട്ടര്‍മാരാണ് ദല്‍ഹിയിലേത്. അവര്‍ ഒരിക്കല്‍ കൂടി ഈ കോണ്‍ഗ്രസ്-ബി.ജെ.പി നാടകങ്ങളെയാണോ തുണക്കുന്നതെന്ന് അടുത്ത ഫെബ്രുവരിയിലറിയാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് /സൂറ-21 /42-46
എ.വൈ.ആര്‍