ഹയ്യ് ബ്‌നു യഖ്ദാന്‍
ഒന്നാമത്തെ സമീകരണം
ഒന്നാമത്തെ സമീകരണം അഥവാ ജീവികളുമായുള്ള സാദൃശ്യപ്പെടലിന് രണ്ടു കാര്യങ്ങള്‍ അത്യാവശ്യമാണെന്ന് അവന്‍ കണ്ടു. ഒന്നാമത്തേത് ഉള്ളില്‍നിന്ന് പോഷിപ്പിക്കുകയും പാഴായിപ്പോകുന്ന പോഷകങ്ങളുടെ കുറവ് നികത്തുകയും ചെയ്യുന്ന ഭക്ഷണം. രണ്ടാമത്തേത്, പുറത്ത്‌നിന്ന് സംരക്ഷിക്കുകയും ചൂട്, തണുപ്പ്, മഴ, വെയില്‍, ക്ഷുദ്ര ജീവികള്‍ മുതലായവയുടെ ഉപദ്രവങ്ങള്‍ തടയുകയും ചെയ്യുന്ന കാര്യങ്ങള്‍. ഇവ അത്യാവശ്യമായിരിക്കെ തന്നെ ഇവയെ അതിരുവിട്ട് ഉപയോഗിക്കുന്നത് അറിയാതെ തനിക്കുതന്നെ ഹാനികരമായിത്തീരുമെന്ന് അവന്‍ മനസ്സിലാക്കി. അതിനാല്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം സ്വയം തന്നെ ചില പരിധികള്‍ നിര്‍ണയിക്കലാണെന്നും അവന്‍ തിരിച്ചറിഞ്ഞു. പ്രസ്തുത പരിധികള്‍ ലംഘിക്കുകയില്ലെന്ന് അവന്‍ തീര്‍ച്ചപ്പെടുത്തി. കഴിക്കേണ്ട ഭക്ഷണ ഇനങ്ങള്‍, അവയുടെ അളവ്, ഗുണം, രണ്ട് ഭക്ഷണങ്ങള്‍ക്കിടയില്‍ ആവശ്യമായ സമയപരിധി ഇവയെ സംബന്ധിച്ചെല്ലാം ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടായിരുന്നു. ഭക്ഷ്യയോഗ്യമായ പല വസ്തുക്കളെക്കുറിച്ച് അവന്‍ പരിചിന്തനം നടത്തി. അവ മൂന്നു തരമുണ്ടെന്ന് അവന്‍ കാണുകയുണ്ടായി.
1. പൂര്‍ണ മൂപ്പ് എത്തിയിട്ടില്ലാത്ത- വളര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ എത്തിയിട്ടില്ലാത്ത-സസ്യ ഇനങ്ങള്‍.
2. മൂത്ത് പഴുത്തതും വിത്ത് പ്രജനനത്തിന് പാകമായതുമായ പഴങ്ങള്‍; അവ പച്ചയാകട്ടെ ഉണങ്ങിയതാവട്ടെ.
3. ഭക്ഷ്യയോഗ്യമായ മൃഗങ്ങള്‍, മത്സ്യങ്ങള്‍.
ഇപ്പറഞ്ഞ വസ്തുക്കളൊക്കെയും ആ അനിവാര്യാസ്തിത്വത്തിന്റെ സൃഷ്ടികളാണെന്നും, അവന്റെ സാമീപ്യം നേടുകയും അവനുമായി സമീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ് തനിക്ക് സൗഭാഗ്യവും ആനന്ദവും കൈവരുക യെന്നും അവന്‍ മനസ്സിലാക്കിയിരുന്നു. അവയെ ഭക്ഷിക്കുകയെന്നാല്‍ അവയുടെ പൂര്‍ണത തടയലും അവയുടെ പരമമായ ലക്ഷ്യത്തെ തടസ്സപ്പെടുത്തലുമാണ്. സ്രഷ്ടാവിന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണത്. സ്രഷ്ടാവിന്റെ സാമീപ്യം നേടാനും അവനുമായി സമീകരിക്കാനുമുള്ള തന്റെ പരിശ്രമത്തിന് കടകവിരുദ്ധമായ പ്രവൃത്തിയാണത്. അതിനാല്‍ ഭക്ഷണം പാടേ വര്‍ജിക്കാന്‍ കഴിയുമെങ്കില്‍ അതാണ് ഏറ്റവും ഉചിതമെന്ന് അവന്‍ കണ്ടു. പക്ഷേ, അത് സാധ്യമല്ല. ശരീരത്തെ സംബന്ധിച്ചേടത്തോളം അത് ഹാനികരമാണ്. ആദ്യത്തേതിനേക്കാള്‍ സ്രഷ്ടാവിന് നിരക്കാത്ത പ്രവൃത്തിയാകുമത്. ആ വസ്തുക്കളെക്കാളെല്ലാം മഹത്വവും ശ്രേഷ്ഠതയുമുള്ള സൃഷ്ടിയാണവന്‍. അവ നശിച്ചാലും ആ നാശം തന്റെ നിലനില്‍പിന് കാരണമാകുമല്ലോ. അതിനാല്‍, രണ്ട് അനിവാര്യതകളില്‍ ലളിതവും സ്രഷ്ടാവിന്റെ പ്രവര്‍ത്തനത്തോട് ഏറ്റവും കുറച്ചുമാത്രം എതിരാകുന്നതുമേതോ അത് തെരഞ്ഞെടുക്കാന്‍ അവന്‍ തീരുമാനിച്ചു. ഇങ്ങനെയുള്ള പദാര്‍ഥങ്ങള്‍ ലഭ്യമല്ലെങ്കില്‍ എന്താണോ ലഭ്യമാകുന്നത,് അവ തനിക്ക് ബോധ്യമാകുന്ന അളവില്‍ ഭക്ഷിക്കാമെന്നും തീരുമാനിച്ചു.
എന്നാല്‍, അവയെല്ലാം ലഭ്യമാണെങ്കില്‍ സ്രഷ്ടാവിന്റെ പ്രവൃത്തിക്ക് ഏതാണോ ഏറ്റവും കുറച്ച് എതിരാവുന്നത്, അവ എടുക്കണം; നല്ലവണ്ണം പാകമായ പഴങ്ങളെപ്പോലെ. വംശവര്‍ധനവിന് പാകമായ വിത്തുകള്‍ അവയുടെ ഉള്ളില്‍ ഉണ്ടായിരിക്കണം. അവ തിന്നുകയോ നശിപ്പിക്കുകയോ സസ്യങ്ങള്‍ മുളച്ചുവളരാത്ത പാറ, ഉപ്പുനിലം പോലുള്ള സ്ഥലങ്ങളില്‍ വലിച്ചെറിയുകയോ ചെയ്യാനും പാടില്ല. എന്നാല്‍ ആപ്പിള്‍, പ്ലംസ്, സബര്‍ജല്‍ തുടങ്ങിയ മാംസളമായ പഴങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഉള്ളില്‍ വിത്തുകളല്ലാതെ തിന്നാന്‍ പറ്റുന്ന മറ്റൊന്നുമില്ലാത്ത പഴങ്ങളും ഭക്ഷിക്കാവുന്നതാണ്; അക്രോട്ട്, ബദാം എന്നിവ പോലെ. അല്ലെങ്കില്‍ മൂപ്പാവാത്ത പയര്‍വര്‍ഗങ്ങള്‍ ഭക്ഷിക്കാം. ഈ രണ്ട് ഇനങ്ങളിലും ഏറ്റവും കൂടുതല്‍ ലഭ്യമായതും ഏറ്റവും കൂടുതല്‍ പ്രജനനം നടത്തുന്നതുമായിരിക്കണം എടുക്കുന്നത്. അവയുടെ വേരു പിഴുതെടുക്കുകയോ ചെടികള്‍ നശിപ്പിക്കുകയോ ചെയ്യുകയുമരുത്.
ഇവയൊന്നും ഇല്ലെങ്കില്‍ ജീവികളും അവയുടെ മുട്ടകളും ആകാവുന്നതാണ്. ജീവികളാണെങ്കില്‍ ഏറ്റവും കൂടുതലുള്ള ഇനങ്ങളായിരിക്കണം തെരഞ്ഞെടുക്കുന്നത്. അവയെ വംശനാശം വരുത്താനും പാടില്ല.
ഇവയാണ് ഭക്ഷ്യയോഗ്യമായ ഇനങ്ങളായി അവന്‍ കണ്ടെത്തിയത്. അവയുടെ അളവാകട്ടെ, വിശപ്പ് അടങ്ങാന്‍ മതിയായത്ര ആയിരിക്കയും വേണം. അതില്‍ കൂടരുത്.
രണ്ടു ഭക്ഷണത്തിനിടയിലെ സമയ പരിധിയുടെ കാര്യത്തില്‍ അവന്റെ തീരുമാനം ഇതായിരുന്നു: ഒരു നേരം ഭക്ഷണം കഴിച്ചാല്‍, രണ്ടാമത്തെ സമീകരണത്തിന് അത്യാവശ്യമായ ഏതെങ്കിലും പ്രവൃത്തിക്ക് തടസ്സമായിത്തീരുന്നവിധം തളര്‍ച്ച തോന്നുന്നതുവരെ വീണ്ടും ഭക്ഷണം കഴിക്കരുത്.
ജീവാത്മാവിന്റെ നിലനില്‍പിന് അത്യാവശ്യമായതും പുറത്ത് നിന്ന് അതിനെ സംരക്ഷിക്കുന്നതുമായ കാര്യത്തെക്കുറിച്ച് അത്ര വലിയ ഉത്കണ്ഠ അവന് ഉണ്ടായിരുന്നില്ല. കാരണം, അവന്‍ ചര്‍മം കൊണ്ട് പുതക്കപ്പെട്ടിരുന്നു. പുറത്ത്‌നിന്നുള്ള ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നല്‍കാനുതകുന്ന ഒരു വീടും അവനുണ്ടായിരുന്നു. അവ രണ്ടും കൊണ്ട് അവന്‍ തൃപ്തിപ്പെട്ടു. അതിലധികം ശ്രദ്ധ അക്കാര്യത്തില്‍ ആവശ്യമാണെന്ന് തോന്നിയില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍, സ്വയം നിശ്ചയിച്ചതും തൊട്ടുമുമ്പ് നാം വിവരിച്ചതുമായ നിബന്ധനകള്‍ അവന്‍ പാലിച്ചു.
രണ്ടാമത്തെ സമീകരണം
അനന്തരം അവന്‍ രണ്ടാമത്തെ സമീകരണത്തിനുള്ള ശ്രമം തുടങ്ങി. അതായത് ആകാശവസ്തുക്കളെ അനുകരിക്കുകയും അവയുടെ യഥാര്‍ഥ ഗുണങ്ങളെ തന്നില്‍ വെളിപ്പെടുത്തുകയും ചെയ്യുക. അതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ അത് മൂന്ന് തരത്തിലുള്ളതായി കാണപ്പെട്ടു. ഒന്നാമത്തേത്, സൃഷ്ടിസംഹാരങ്ങളുടേതായ ഈ ലോകത്തിലെ വസ്തുക്കളുമായി ബന്ധപ്പെട്ടതാണ്-അവക്ക് സ്വതസിദ്ധമായുള്ള ചൂട്, സാന്ദര്‍ഭികമായി ഉണ്ടാകുന്ന തണുപ്പ്, തിളക്കം, സ്‌നിഗ്ധത, സാന്ദ്രത തുടങ്ങി അവയെ സ്വാധീനിക്കുന്ന മറ്റെല്ലാ കാര്യങ്ങളും. അനിവാര്യാസ്തിത്വത്തില്‍നിന്ന് ആത്മീയ രൂപങ്ങളെ സ്വീകരിക്കാന്‍ അവയെ പ്രാപ്തമാക്കുന്നത് ഈ ഗുണങ്ങളത്രേ. രണ്ടാമത്തെ തരം ഗുണങ്ങള്‍ അവയുമായിത്തന്നെ ബന്ധപ്പെട്ടവയാണ്-അവയുടെ വ്യക്തത, ശോഭ, എല്ലാവിധ കലര്‍പ്പുകളില്‍നിന്നും മാലിന്യങ്ങളില്‍ നിന്നുമുള്ള പരിശുദ്ധി, ചിലത് സ്വന്തം അച്ചുതണ്ടിന് ചുറ്റും കറങ്ങുന്നത്, മറ്റു ചിലത് മറ്റു വസ്തുക്കള്‍ക്ക് ചുറ്റും കറങ്ങുന്നത് മുതലായവ. മൂന്നാമത്തെ തരം ഗുണങ്ങള്‍ അനിവാര്യാസ്തിത്വവുമായി ബന്ധപ്പെട്ടവയാണ്; അവനെ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നത്, അവനില്‍ നിന്ന് ഒരിക്കലും ശ്രദ്ധ വ്യതിചലിക്കാതിരിക്കുന്നത്, അവനോടുള്ള അഭിനിവേശം, അവനെ നിരന്തരമായി സേവിച്ചുകൊണ്ടിരിക്കുന്നത്, അവന്റെ ഇഛക്കൊത്ത് ചലിച്ചുകൊണ്ടിരിക്കുന്നത്, അവന്റെ ഇംഗിതത്തിനൊത്തും അവന്റെ ശക്തിക്ക് വഴങ്ങിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നിങ്ങനെ. അതിനാല്‍ ഈ മൂന്ന് തരത്തിലും കഴിവിന്റെ പരമാവധി അവയോട് സമീകരിക്കാന്‍ അവന്‍ പരിശ്രമിച്ചു.
ഒന്നാമത്തെ സമീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പെട്ട ഒരു കാര്യം എല്ലാവിധ തടസ്സങ്ങളും ശല്യങ്ങളും നീക്കം ചെയ്യുക എന്നതായിരുന്നു. അവ സസ്യങ്ങളില്‍ നിന്നുള്ളതാകട്ടെ, ജീവികളില്‍ നിന്നുള്ളതാകട്ടെ കഴിയുന്നേടത്തോളം നീക്കാന്‍ ശ്രമിക്കുക. അതിനാല്‍ മറ്റൊരു വസ്തു മറയായി നില്‍ക്കുന്നതുകൊണ്ട് സൂര്യപ്രകാശം തടയപ്പെടുകയോ മറ്റൊരു ചെടി തടസ്സമായി നില്‍ക്കുന്നത് കൊണ്ട് വളര്‍ച്ച നിഷേധിക്കപ്പെടുകയോ ചെയ്യുന്ന ഒരു സസ്യത്തെ കണ്ടാല്‍, സാധ്യമെങ്കില്‍ രണ്ടിനും പ്രയാസമുണ്ടാകാത്തവിധം ആ തടസ്സം അവന്‍ നീക്കം ചെയ്യും. വെള്ളം കിട്ടാതെ അപകടാവസ്ഥയില്‍ പെട്ട ഒരു ചെടിയെ കണ്ടാല്‍ അതിനു നനച്ചു കൊടുക്കാന്‍ ശ്രമിക്കും. വല്ല ജീവിയെയും ഹിംസ്രജന്തുക്കള്‍ ഓടിക്കുന്നത് കണ്ടാല്‍, അല്ലെങ്കില്‍ കുരുക്കില്‍ അകപ്പെട്ടതായോ മുള്ളില്‍ കുടുങ്ങിയതായോ കാണപ്പെട്ടാല്‍, അതുമല്ലെങ്കില്‍ അതിന്റെകണ്ണിലോ ചെവിയിലോ എന്തെങ്കിലും പോയതായറിഞ്ഞാല്‍, അതല്ലെങ്കില്‍ അതിന് വിശപ്പോ ദാഹമോ ഉള്ളതായി കണ്ടാല്‍, ആ വിഷമാവസ്ഥകള്‍ ദൂരീകരിച്ചുകൊടുക്കാന്‍ തന്നാലാവുന്നതെല്ലാം അവന്‍ ചെയ്യും. ഒരു പാറക്കല്ലോ ഒഴുക്കില്‍ ഉരുണ്ടുവന്ന മറ്റു വല്ല വസ്തുക്കളോ കാരണമായി ഒരു നീരൊഴുക്ക് തടയപ്പെട്ടതായും, അത് ഏതെങ്കിലും ജീവികള്‍ക്കോ സസ്യങ്ങള്‍ക്കോ പ്രയാസമുണ്ടാക്കുന്നതായും കണ്ടാല്‍ അതവന്‍ നീക്കിക്കൊടുക്കും. ഇങ്ങനെ ആകാശവസ്തുക്കളുമായുള്ള സമീകരണം തുടരുകയും അതിന്റെ ഏറ്റവും പൂര്‍ണതയില്‍ എത്തിച്ചേരുകയും ചെയ്തു.
രണ്ടാമത്തെ സമീകരണത്തിന്റെ ഭാഗമായി അവന്‍ ശരീരത്തെ സദാ വൃത്തിയായി സൂക്ഷിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി. എല്ലാത്തരം മാലിന്യങ്ങളില്‍നിന്നും അഴുക്കുകളില്‍ നിന്നും ശരീരത്തെ ശുചീകരിച്ചു. ഇടക്കിടെ കുളിച്ചു. നഖങ്ങളും പല്ലുകളും വൃത്തിയാക്കി. ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കുകയും വാസനയുള്ള ഇലകളും വേരുകളും കൊണ്ടു ഉരക്കുകയും തൈലങ്ങള്‍ പുരട്ടുകയും ചെയ്തു. വസ്ത്രങ്ങള്‍ ഇടക്കിടെ അലക്കുകയും അവയില്‍ സുഗന്ധം പൂശുകയും ചെയ്തു. അതിനാല്‍ അവന്‍ എപ്പോഴും വൃത്തിയും സൗന്ദര്യവും സുഗന്ധവുമുള്ളവനായിരുന്നു.
അതോടൊപ്പം അവന്‍ പലതരത്തില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. ചിലപ്പോള്‍ കടല്‍തീരത്തിലൂടെ ദ്വീപിനു ചുറ്റും നടക്കും. ചിലപ്പോള്‍ തന്റെ വീടിനെയോ വല്ല പാറക്കല്ലുകളെയോ വലംവെച്ചുകൊണ്ട് അനേക വട്ടം കറങ്ങും. മറ്റു ചില സമയങ്ങളില്‍ തലകറങ്ങുവോളം സ്വയം വട്ടം കറങ്ങിക്കൊണ്ടിരിക്കും.
മൂന്നാമത്തെ സമീകരണം
മൂന്നാമത്തെ സമീകരണത്തിന്റെ ഭാഗമായി അവന്‍ തന്റെ ചിന്ത മുഴുവന്‍ അനിവാര്യാസ്തിത്വത്തെക്കുറിച്ച മനനത്തില്‍ പരിമിതപ്പെടുത്തി. അതിനുവേണ്ടി ഇന്ദ്രിയ ഗോചര വസ്തുക്കളോടുള്ള പ്രതിപത്തി പൂര്‍ണമായും ഉപേക്ഷിച്ചു. കണ്ണുകള്‍ അടച്ചു. കാതുകള്‍ ബന്ധിച്ചു. കഴിവിന്റെ പരമാവധി ഭാവനയില്‍നിന്ന് പിന്മാറി. അവനെയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കാനും അവനോടൊപ്പം മറ്റൊന്നിനെയും ചിന്താവിഷയമാക്കാതിരിക്കാനും സാധ്യമായത്ര പരിശ്രമിച്ചു. ഇത് എളുപ്പമാക്കുന്നതിനു വേണ്ടി അമിത വേഗത്തില്‍ സ്വയം വട്ടം കറങ്ങും. ഇങ്ങനെ ഭീകരമായി വട്ടം കറങ്ങുമ്പോള്‍ സകല വസ്തുക്കളും കാഴ്ചയില്‍ നിന്ന് മറയും. ഭാവനയും ശരീരാവയവയങ്ങളെ ഉപയോഗപ്പെടുത്തുന്ന മറ്റെല്ലാ കഴിവുകളും ദുര്‍ബലമാവും. മറുവശത്താകട്ടെ, ശരീരത്തെ ആശ്രയിക്കാത്ത തന്റെ സത്തയുടെ കഴിവുകള്‍ ബലപ്പെടുകയും ചെയ്യും. അതിനാല്‍ അവന്റെ ധ്യാനം ചില സമയങ്ങളില്‍ ശുദ്ധവും കലര്‍പ്പുകളില്‍ നിന്നെല്ലാം വിമുക്തവുമായിത്തീരുകയും അതുവഴി അനിവാര്യാസ്തിത്വത്തിന്റെ ദര്‍ശനമുണ്ടാവുകയും ചെയ്തു. പക്ഷേ, ശാരീരികമായ കഴിവുകള്‍ അവനിലേക്ക് തിരിച്ചുവരികയും അതവന്റെ ധ്യാനത്തെ തകര്‍ക്കുകയും, തന്റെ അധമമായ പൂര്‍വാവസ്ഥയിലേക്ക് അതവനെ ഇറക്കുകയും ചെയ്തു. അത്തരം സന്ദര്‍ഭങ്ങളില്‍, തന്റെ ലക്ഷ്യത്തിന് തടസ്സമാകുന്ന വല്ല ക്ഷീണവും അനുഭവപ്പെട്ടാല്‍, മുകളില്‍ വിവരിച്ച നിബന്ധനകള്‍ അനുസരിച്ച് അല്‍പം ഭക്ഷണം കഴിക്കും. എന്നിട്ട് വീണ്ടും മേല്‍പറഞ്ഞ മൂന്ന് വിധത്തിലും ആകാശവസ്തുക്കളുമായി സമീകരിക്കാനുള്ള പരിശ്രമം ആവര്‍ത്തിക്കും. ഇങ്ങനെ ശരീരത്തിന്റെ ശക്തികളും അവനും പരസ്പരം പൊരുതിക്കൊണ്ട് കുറച്ചുകാലം കഴിച്ചുകൂട്ടി. ഈ പോരാട്ടത്തില്‍ ചിലപ്പോള്‍ അവന്‍ വിജയശ്രീലാളിതനാകും. അവന്റെ ചിന്തകള്‍ കലര്‍പ്പുകളില്‍ നിന്ന് മുക്തമാകും. മൂന്നാമത്തെ സമീകരണത്തില്‍ ഉണ്ടാകുന്ന മാനസികാവസ്ഥകളുടെ ചില ശകലങ്ങള്‍ അവന് അനുഭവപ്പെടും.
(തുടരും)
വിവ: റഹ്മാന്‍ മുന്നൂര്ചിത്രീകരണം: എം. കുഞ്ഞാപ്പ
Comments