Prabodhanm Weekly

Pages

Search

2014 നവംബര്‍ 14

സ്വാതന്ത്ര്യ സമരം, വിഭജനം <br> മൗലാനാ മൗദൂദിയുടെ നിലപാടുകള്‍

ബിന്‍ അലി പള്ളത്ത് /കവര്‍‌സ്റ്റോറി

       മൗലാനാ മൗദൂദിയും അദ്ദേഹം രൂപം കൊടുത്ത ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചക്കെതിരെ നടന്ന പോരാട്ടത്തോടും ഇന്ത്യാവിഭജനം എന്ന ആശയത്തോടും സ്വീകരിച്ച നിലപാട് വിഭിന്നങ്ങളായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ദ സ്ട്രഗിള്‍ വിത്തിന്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശനാത്മകമായി സമീപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ എഴുത്തുകാരനുമായിരുന്ന ഡോ.റഫീഖ് സക്കരിയ്യ മൗദൂദിയെ ഇന്ത്യാവിഭജനവാദത്തിന്റെ കടുത്ത വിമര്‍ശകനായി ചിത്രീകരിക്കുമ്പോള്‍,1 മൗദൂദിയോട് ആശയപരമായി വിയോജിപ്പ് പുലര്‍ത്തുന്ന എം.എന്‍ കാരശ്ശേരി 'പാക്കിസ്താന്‍ വാദം ഊര്‍ജം വലിച്ചെടുത്തത് പ്രധാനമായും മൗദൂദിയില്‍ നിന്നാണെ'ന്ന് അഭിപ്രായപ്പെടുന്നു.2  ആര്‍.എസ്.എസിനെക്കുറിച്ച് ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ശംസുല്‍ ഇസ്‌ലാമാകട്ടെ, സ്വാതന്ത്ര്യസമരത്തോട് നിഷേധാത്മക സമീപനമാണ് മൗദൂദി കൈക്കൊണ്ടതെന്ന് ആരോപിക്കുന്നു.3 ഇതില്‍ ഏത് വ്യാഖ്യാനമാണ് യാഥാര്‍ത്ഥ്യത്തോട് നീതിപുലര്‍ത്തുന്നത് എന്ന് വ്യക്തമാവണമെങ്കില്‍ അക്കാലത്തെ രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളും അതിനോടുള്ള മൗദൂദിയുടെ പ്രതികരണവും ശ്രദ്ധാപൂര്‍വം പരിശോധിക്കേണ്ടതുണ്ട്.

ആദ്യകാല പ്രവര്‍ത്തനങ്ങള്‍

നാട്ടുരാജ്യമായ ഹൈദരാബാദിന്റെ ഭാഗമായിരുന്ന ഔറംഗാബാദില്‍ 1903 സെപ്തംബര്‍ 25നാണ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജനനം. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം നിലനിന്ന പ്രദേശങ്ങളിലുണ്ടായ പോലെ രാജഭരണത്തിന്‍ കീഴിലായിരുന്ന നാട്ടുരാജ്യങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായിരുന്നില്ല. ഹൈദരാബാദിലെ മാത്രമല്ല, തിരുവിതാംകൂര്‍, മൈസൂര്‍, കത്തിയവാഡ് സ്റ്റേറ്റുകള്‍, ഡെക്കാന്‍ സ്റ്റേറ്റുകള്‍, ജാംനഗര്‍, ഇന്‍ഡോര്‍, നവാഗര്‍ തുടങ്ങിയ ഒട്ടേറെ നാട്ടുരാജ്യങ്ങളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു. എങ്കിലും രാജ്യത്തെ ഉലമാക്കള്‍ ഉയര്‍ത്തിപ്പിടിച്ച ബ്രിട്ടീഷ് വിരുദ്ധവും സ്വാതന്ത്ര്യത്തിന് അനുകൂലവുമായ നിലപാട് മൗദൂദിയെയും സ്വാധീനിച്ചിരിക്കണം. പ്രാഥമികപഠനത്തിനും മതവിദ്യാഭ്യാസത്തിനും ശേഷം 1918ല്‍ 15ാം വയസ്സില്‍ അദ്ദേഹം ബിജ്‌നൂരിലെ അല്‍മദീന എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപസമിതി അംഗമായി. ഇതേ വര്‍ഷം തന്നെയാണ് 12 പണ്ഡിതര്‍ അംഗങ്ങളായി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് എന്ന ഇന്ത്യയിലെ പണ്ഡിതസംഘടന രൂപം കൊണ്ടത്. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ, രാഷ്ട്രീയേതര കാര്യങ്ങളില്‍ ഇസ്‌ലാമികമായ മാര്‍ഗദര്‍ശനം നല്‍കുകയെന്നത് മുഖ്യലക്ഷ്യമായി കണ്ട സംഘടനയുടെ  പ്രധാനികള്‍ ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, മൗലാനാ അബ്ദുല്‍ ബാരി, ഹഖീം അജ്മല്‍ ഖാന്‍ തുടങ്ങിയവരായിരുന്നു. മൗലാനാ അബുല്‍കലാം ആസാദും ജംഇയ്യത്തിനോട് അടുപ്പം പുലര്‍ത്തി. 1920 ല്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന താജി ന്റെ പത്രാധിപരായി നിയമിതനായ ശേഷം 1920 അവസാനത്തോടെ ദല്‍ഹിയിലെത്തിയ മൗദൂദി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയത്.

1921 മുതല്‍ '23 വരെ, ജംഇയ്യത്ത് നടത്തിവന്ന മുസ്‌ലിം എന്ന പത്രത്തിന്റെ എഡിറ്ററായ അദ്ദേഹം 1924 മുതല്‍ '28 വരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ തന്നെ പ്രസിദ്ധീകരണമായ അല്‍ ജംഇയ്യത്തിന്റെയും പത്രാധിപരായി. ജംഇയ്യത്തുല്‍ ഉലമ അക്കാലത്ത് വഹിച്ച പങ്കിനെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു രേഖപ്പെടുത്തുന്നു: ''മുസ്‌ലിംകളുടെ ഇടയില്‍ മുസ്‌ലിംലീഗിനു പുറമെ നിരവധി സംഘടനകള്‍ വളര്‍ന്നു വന്നു. അക്കൂട്ടത്തില്‍ ഏറെ പഴക്കം ചെന്നതും കൂടുതല്‍ പ്രാധാന്യമുള്ളവയില്‍ ഒന്നുമാണ് ജംഇയ്യത്തുല്‍ ഉലമ. ഇന്ത്യയുടെ നാനാഭാഗങ്ങളിലുള്ള മതപ്രമാണികളും പഴയതരക്കാരായ പണ്ഡിതന്മാരും അടങ്ങിയതാണ് ആ സംഘം. അതിന്റെ പൊതുവിലുള്ള വീക്ഷണഗതി പാരമ്പര്യത്തിലൂന്നിയതും യാഥാസ്ഥിതികവുമാണെങ്കിലും, അവശ്യം മതപരമായ ഒരു സംഘടനയായിരുന്നുവെങ്കിലും അത് രാഷ്ട്രീയതലമുള്ളതും സാമ്രാജ്യത്വ വിരോധിയുമായിരുന്നു. രാഷ്ടീയരംഗത്ത് അത് പലപ്പോഴും കോണ്‍ഗ്രസ്സിനോട് സഹകരിച്ചു. അതിലെ അനേകം അംഗങ്ങള്‍ കോണ്‍ഗ്രസ്സിലും അംഗങ്ങളാണ്, കോണ്‍ഗ്രസ്സ് സംഘടന മുഖേന അവര്‍ പ്രവര്‍ത്തിച്ചും പോന്നു.''4

ഖിലാഫത്തും ഹിജ്‌റ പ്രസ്ഥാനവും

യുവത്വം മുതല്‍ തന്നെ സമകാലികരാഷ്ട്രീയ അവസ്ഥകളെ സാകൂതം വീക്ഷിച്ച മൗദൂദി 1920 മുതല്‍ ഖിലാഫത്ത് പ്രസ്ഥാനവുമായും ഹിജ്‌റ പ്രസ്ഥാനവുമായും സജീവബന്ധം പുലര്‍ത്തി. മൗദൂദിയേയും ജമാഅത്തെ ഇസ്‌ലാമിയേയും വിമര്‍ശനാത്മകമായി വിലയിരുത്തിയ നരവംശശാസ്ത്രജ്ഞനായ ഇര്‍ഫാന്‍ അഹ്മദ്, മൗദൂദിയുടെ പൊതുരംഗത്തേക്കുള്ള കടന്നുവരവ് ഇങ്ങനെ വിശദീകരിക്കുന്നു: ''ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഖിലാഫത്ത്, സത്യഗ്രഹ പ്രചാരണങ്ങളിലും, മുസ്‌ലിംകളെ കോണ്‍ഗ്രസുമായി ബന്ധപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലും മൗദൂദി പങ്കെടുത്തു. അദ്ദേഹം രചിച്ച ഗാന്ധിയുടെ പ്രശംസാരൂപത്തിലുള്ള ജീവചരിത്രം കണ്ടുകെട്ടപ്പെട്ടു.''5 ഗാന്ധിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി അച്ചടിക്കായി പ്രസില്‍ വെച്ചപ്പോഴാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയതത്രെ.6 ഖിലാഫത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1920-21 കാലഘട്ടത്തില്‍ ശക്തിപ്രാപിച്ച ഹിജ്‌റ പ്രസ്ഥാനത്തില്‍ കര്‍മനിരതനായിരുന്നു മൗദൂദി. പ്രസ്ഥാനത്തിന്റെ നയങ്ങളും ലക്ഷ്യങ്ങളും യാഥാര്‍ഥ്യാധിഷ്ഠിതമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട മൗദൂദി ഇതുസംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും നേതാക്കള്‍ അത് സ്വീകരിച്ചില്ല. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതസ്വാതന്ത്ര്യമില്ലാത്ത ദാറുല്‍ ഹര്‍ബ് ആണെന്നും അതുകൊണ്ട് അവര്‍ ഏറ്റവുമടുത്ത സുരക്ഷിത സ്ഥാനത്തേക്ക്-ദാറുല്‍ അമാനിലേക്ക്-പലായനം ചെയ്യണമെന്നുമായിരുന്നു ഹിജ്‌റയുടെ ആശയം. 1921 ല്‍ അമൃത്‌സറില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ യോഗത്തില്‍ ഹിജ്‌റ സംബന്ധിച്ച് ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തു. മൗലാനാ അശ്‌റഫ് അലി ഥാനവി പോലുള്ളവരെ ഒഴിച്ചുനിര്‍ത്തിയാല്‍ അനേകം പണ്ഡിതരുടെ പിന്തുണ ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. മൗലാനാ അബ്ദുല്‍ബാരി, മൗലാനാ ആസാദ്, മൗലാനാ അബ്ദുല്‍ മജീദ് സിന്ധി, മൗലാനാ മുഹമ്മദലി എന്നിവരെല്ലാം ഹിജ്‌റ വാദം ശക്തമായി ഉന്നയിച്ചവരാണ്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് സമരത്തിന്റെയും പ്രചാരണ പരിപാടിയുടെ ഭാഗമായി 1920 ആഗസ്റ്റില്‍ ഗാന്ധിജിയോടൊപ്പം മലബാറിലെത്തിയ മൗലാനാ ഷൗക്കത്തലി നടത്തിയ പ്രസംഗത്തിലെ ഈ ഭാഗം ഹിജ്‌റ  എന്ന ആശയത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഉപകരിക്കും: ''ഓരോ മുസല്‍മാനും ആരോഗ്യത്തോടെ ജീവിക്കുന്നിടത്തോളം കാലം നിങ്ങളുടെ വിശ്വാസങ്ങളെ എതിര്‍ക്കുന്ന ദുരധികാരിയായ രാജാവിനോടും ദുഷ്ടഭരണകൂടത്തോടും പൊരുതേണ്ടത് അയാളുടെ കടമയാണ്. അതിനുള്ള ശാരീരിക ശക്തിയില്ലാത്തവരും ദുര്‍ബലരുമാണ് നിങ്ങളെന്നുണ്ടെങ്കില്‍ അനീതി നിറഞ്ഞ ആ ദേശം വിട്ട് മറ്റൊരു രാജ്യത്തേക്ക് പോയ്‌ക്കൊള്ളുക.''7

മതസ്വാതന്ത്ര്യമുള്ള രാജ്യമായി, ഹിജറ (പലായനം) ചെയ്യാന്‍ യോജിച്ച പ്രദേശമായി ഉലമാക്കള്‍ കണ്ടത് അഫ്ഗാനിസ്താനെയായിരുന്നു. ഉലമാക്കളുടെ ആഹ്വാനം സ്വീകരിച്ച് നിരവധി പേര്‍ വീടും സ്ഥലവും കാലികളും മറ്റു സ്വത്തുക്കളെല്ലാം വിറ്റ് കാബൂള്‍ ലക്ഷ്യമാക്കി നീങ്ങി. ബാരിസ്റ്റര്‍ ജാന്‍ മുഹമ്മദ് ജുനേജോയുടെ നേതൃത്വത്തില്‍ 750 ഓളം പേരടങ്ങുന്ന സിന്ധില്‍ നിന്നുള്ള മുസ്‌ലിം സംഘത്തിന് കാബൂളിലേക്കുള്ള യാത്രാ മധ്യേ ഓരോ റെയില്‍വേ സ്‌റ്റേഷനിലും ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. സിന്ധില്‍ നിന്ന് ആരംഭിച്ച ഈ സംരംഭം പിന്നീട് അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. കാല്‍നടയായും കാളവണ്ടിയിലും മറ്റുമായിരുന്നു ഈ പ്രവാഹം. അതിര്‍ത്തി പ്രദേശത്തെ നേതാക്കളായ ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്‍, അബ്ബാസ് ഖാന്‍, മുഹമ്മദ് അക്ബര്‍ ഖാന്‍, അലി ഗുല്‍ഖാന്‍ തുടങ്ങിയവര്‍ സാധാരണ മുഹാജിറുകളോടൊപ്പം കാബൂളിലേക്ക് നീങ്ങി. 1920 ആഗസ്റ്റില്‍ 18,000 പേര്‍ ഇങ്ങനെ പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നു. ഉലമാക്കള്‍ പ്രതീക്ഷിച്ച പോലെ തുടക്കത്തില്‍ അഫ്ഗാനിസ്താനിലെ അമാനുല്ല രാജാവ് ഇന്ത്യയില്‍ നിന്നു വന്ന മുഹാജിറുകളെ ആഹ്ലാദപൂര്‍വം സ്വീകരിച്ചു. അഭയാര്‍ഥികളുടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മുഹമ്മദ് ഇഖ്ബാല്‍ സെദായി എന്ന മന്ത്രിയെ തന്നെ നിയമിച്ചു. എന്നാല്‍ അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അഫ്ഗാന്‍ അധികൃതരുടെ നിലപാട് മാറി. അത്രയൊന്നും സമ്പന്നമല്ലാത്ത രാജ്യമെന്നതിനു പുറമേ ആഭ്യന്തരപ്രശ്‌നങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന അഫ്ഗാനിസ്താനെ അഭയാര്‍ഥി പ്രശ്‌നം അലട്ടാന്‍ തുടങ്ങി. ഒടുവില്‍ അവര്‍ അതിര്‍ത്തി അടച്ചു. മുഹാജിറുകളും അഫ്ഗാന്‍ പട്ടാളവുമായി കച്ച് ഗാര്‍ഹിയില്‍ വെച്ച് ശക്തമായ ഏറ്റുമുട്ടലുണ്ടായി. അഫ്ഗാനിസ്താനിലേക്കുള്ള പലായനത്തിനിടെ നിരവധി പേര്‍ മരണപ്പെട്ടു. ഒട്ടേറേപ്പേര്‍ക്ക് സ്വത്ത് നഷ്ടപ്പെട്ടു. ഇന്ത്യയിലുള്ള സകലതും നഷ്ടപ്പെട്ട ചിലര്‍ സോവിയറ്റ് യൂണിയനില്‍ അഭയം തേടി. ചുരുക്കത്തില്‍ ഹിജ്‌റ പ്രസ്ഥാനം ഒരു ദുരന്തമായി പര്യവസാനിക്കുകയാണുണ്ടായത്. എന്നാല്‍ കൗതുകകരമായ കാര്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപവല്‍ക്കരണത്തിന് ഹിജ്‌റ പ്രസ്ഥാനവുമായുള്ള അഭേദ്യമായ ബന്ധമാണ്. കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ചരിത്രത്തില്‍ അത് ഇങ്ങനെ രേഖപ്പെടുത്തുന്നു: ''1912-20 ലെ സാമ്രാജ്യവിരുദ്ധ ബഹുജനമുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് ഖിലാഫത്ത് പ്രസ്ഥാനം സഹായിച്ചു. ഇത് മുസ്‌ലിം ബഹുജനങ്ങളെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നു. സത്യത്തില്‍ ആദ്യകാല കമ്യൂണിസ്റ്റ് സംഘാടകരില്‍ പലരും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഖിലാഫത്തികളോ മുഹാജിറുകളോ ആയിട്ടാണ്; ഖലീഫയുടെ ശത്രുക്കള്‍ക്കെതിരെ അവസാന ശ്വാസംവരെ പോരാടുമെന്ന പ്രതിജ്ഞയോടെ നാടുവിട്ടുപോയവരാണ് അവര്‍. 1920 ലെ പ്രധാനപ്പെട്ട ഒരു സംഭവം ഹിജ്‌റ പ്രസ്ഥാനമായിരുന്നു. ഖിലാഫത്തില്‍നിന്നുണ്ടായതാണ് ഈ പ്രസ്ഥാനം. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി പൊതുവേദിയില്‍ അണിനിരക്കാന്‍ ഖിലാഫത്ത് തീരുമാനിച്ചു. ഇതോടൊപ്പം, തുര്‍ക്കിയില്‍ കമാല്‍പാഷയുടെ സൈന്യത്തില്‍ ചേര്‍ന്ന് പോരാടുന്നതിന് മുസ്‌ലിം യുവാക്കളോട് ആഹ്വാനംചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരം ത്വരിതപ്പെടുത്തുന്നതിന് 18,000 മുഹാജിറുകള്‍ 1920ല്‍ ഇന്ത്യ വിട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല ധാരകളില്‍ ഒന്ന് മുഹാജിര്‍ പ്രസ്ഥാനമാണ്.''8

അവിഭക്ത ഇന്ത്യയെ ഇളക്കിമറിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെ കാത്തിരുന്നതും ഹിജ്‌റ പ്രസ്ഥാനത്തിന്റേതിന് സമാനമായ വിധിയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുള്‍പ്പെടുന്ന സഖ്യകക്ഷികള്‍ തുര്‍ക്കിക്കും ഖലീഫയായിരുന്ന തുര്‍ക്കി സുല്‍ത്താനുമെതിരേ തിരിഞ്ഞതാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിന് കാരണം. എന്നാല്‍ മുസ്‌ലിംകള്‍ ഏറെ പ്രതീക്ഷയോടെ കണ്ട മുസ്തഫാ കമാല്‍ പാഷ തന്നെയാണ് ഖിലാഫത്തിന് അന്ത്യം കുറിച്ചത്. കമാല്‍ പാഷയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഗ്രാന്റ് നാഷണല്‍ അസംബ്ലി, അബ്ദുല്‍ മജീദിനെ ഖലീഫയാക്കിയെങ്കിലും ഖലീഫ പദവിയെ അസംബ്ലിയുടെ നിയന്ത്രണത്തിലാക്കുകയും പിന്നീട് ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കി 1924 മാര്‍ച്ചില്‍ ബില്‍ പാസാക്കുകയും ചെയ്തു. ഖിലാഫത്തിന്റെ തകര്‍ച്ചയോടെ സമരരംഗത്തുണ്ടായിരുന്ന എല്ലാവരും നിരാശരായി. ഇതിനു മുമ്പു തന്നെ സ്വാതന്ത്യസമരരംഗത്ത് ചില പ്രതിസന്ധികള്‍ ഉടലെടുത്തിരുന്നു. ഗൊരഖ്പൂരിലെ ചൗരിചൗരയില്‍ രോഷകുലരായ പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന് തീവെച്ച സംഭവത്തെത്തുടര്‍ന്ന് 1922 ഫെബ്രുവരിയില്‍ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പെട്ടെന്ന് നിര്‍ത്തിവെച്ചതായിരുന്നു ഇതിന് കാരണം. സമരം നിര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ ശക്തമായ വിമര്‍ശനത്തിന് കാരണമാവുകയും, കോണ്‍ഗ്രസില്‍ അണിനിരന്ന മുസ്‌ലിം നേതാക്കളില്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഖിലാഫത്തിന്റെ തകര്‍ച്ച കൂടിയായപ്പോള്‍ നിരാശാബോധം ശക്തമായി. ഈ കാലഘട്ടം തന്നെയാണ് മൗദൂദി മുഴുവന്‍ സമയവും ഇസ്‌ലാമിക പഠനത്തിനായി നീക്കിവെച്ചത്. 

ഇഖ്ബാലും ദാറുല്‍ ഇസ്‌ലാമും

1920-28 കാലത്ത് നിരവധി പുസ്തകങ്ങള്‍ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തിയ മൗലാനാ മൗദൂദി 1930ല്‍ പ്രഥമ മൗലിക കൃതിയായ അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. അല്‍ ജംഇയ്യത്തില്‍ 1927ല്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് പിന്നീട് പുസ്തകരൂപത്തില്‍ വന്നത്. ഈ പരമ്പര പ്രസിദ്ധീകരിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പ്രവാചകനെ അധിക്ഷേപിച്ചതിന്റെ പേരില്‍ ആര്യസമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദിനെ 1926 ഡിസംബറില്‍ അബ്ദുല്‍റഷീദ് എന്നൊരാള്‍ വധിച്ചിരുന്നു. ഈ സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും ഇസ്‌ലാം അക്രമത്തിന്റെ മതമാണെന്ന പ്രചാരണം ഏറെ ശക്തമാകാന്‍ ഇടയാക്കുകയും ചെയ്തു. ഈ അവസരത്തിലാണ് യുദ്ധത്തോടുള്ള ഇസ്‌ലാമിന്റെ സമീപനം വിശകലനം ചെയ്തുകൊണ്ട് മൗദൂദി പരമ്പര എഴുതുന്നത്. കവിയും തത്ത്വചിന്തകനും ഇസ്‌ലാമിക പണ്ഡിതനുമായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെയും, ഖിലാഫത്ത് നേതാവ് മൗലാനാ മുഹമ്മദലിയുടെയും അഭിനന്ദനങ്ങള്‍ നേടിയ ഗ്രന്ഥമാണിത്. പഠനഗവേഷണങ്ങളില്‍ മുഴുകിയ മൗദൂദി, താന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ പങ്കുവെക്കുന്നതിന്റെ ഭാഗമായി 1933ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. ഒട്ടേറെ കനപ്പെട്ട ലേഖനങ്ങളും പഠനങ്ങളും കൊണ്ട് സമ്പന്നമായ ഈ പ്രസിദ്ധീകരണം ഏറെ പേരുടെ പ്രശംസ പിടിച്ചുപറ്റി.  അന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നിരുന്ന അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ(1877-1938)യും മൗദൂദിയുടെ ശൈലി ആകര്‍ഷിച്ചു. ഹൈദരാബാദ് വിട്ട് മൗദൂദി ഇഖ്ബാലിന്റെ കീഴില്‍ പഠാന്‍കോട്ട് ദാറുല്‍ ഇസ്‌ലാം എന്ന പഠനഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതു വരെയെത്തി മൗദൂദി-ഇഖ്ബാല്‍ ബന്ധം.9 ഗുരുദാസ്പൂര്‍ ജില്ലയിലെ ഭൂവുടമയായ നിയാസ് അലിഖാന്‍ ദാനം ചെയ്ത സ്ഥലത്താണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. ഇസ്‌ലാമിനെക്കുറിച്ച് മികച്ച പഠനഗ്രന്ഥങ്ങള്‍ രചിക്കാനും, ഇസ്‌ലാമിക നിയമങ്ങളുടെ പുനക്രോഡീകരണം നടത്താനും യോഗ്യരായ പണ്ഡിതരെ വാര്‍ത്തെടുക്കുകയായിരുന്നു ദാറുല്‍ ഇസ്‌ലാമിന്റെ ലക്ഷ്യം. ഈ സ്ഥാപനത്തില്‍ മൗലാനാ മൗദൂദിക്കൊപ്പം മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി, അബുല്‍ഹസന്‍ അലി നദ്‌വി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, ശൈഖ് മസ്ഊദ് ആലം നദ്‌വി തുടങ്ങിയ പണ്ഡിതരുണ്ടായിരുന്നു.10 1938 ല്‍ ഇഖ്ബാലിന്റെ മരണത്തോടെ ദാറുല്‍ ഇസ്‌ലാമിന്റെ പ്രവര്‍ത്തനം നിലക്കുകയും, മൗദൂദി കൂടുതല്‍ സമഗ്രവും വ്യാപകവുമായ പ്രസ്ഥാനത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കുകയും ചെയ്തു. ഇതാണ് 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. 

രാഷ്ട്രീയ നിലപാട്

കോണ്‍ഗ്രസിലെ മൗലാനാ ആസാദിനെപ്പോലുള്ള മുസ്‌ലിംനേതാക്കളും, സര്‍വേന്ത്യാ മുസ്‌ലിംലീഗും തമ്മില്‍ ആശയസംഘട്ടനം നടന്ന കാലമായിരുന്നു 1930കള്‍. മുപ്പതുകളുടെ അവസാനത്തോടെ ഇത് ശക്തി പ്രാപിച്ചു. ഈ വിഷയത്തില്‍ മൗലാനാ മൗദൂദി കൈക്കൊണ്ട നിലപാട് വളരെ വ്യത്യസ്തമായിരുന്നു. അവിഭക്ത ഇന്ത്യന്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്ത് 1938-1941 കാലത്ത് ഒരു ലേഖന പരമ്പര തന്നെ മൗദൂദി എഴുതി. മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ് (ഇന്ത്യന്‍ മുസ്‌ലിംകളും നിലവിലെ രാഷ്ട്രീയ വടംവലിയും) എന്ന പേരില്‍ മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്നത് വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യത (ഫര്‍ള്) ആയാണ് മൗദൂദി വിലയിരുത്തിയത്. ''ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കേണ്ടത് എത്രയും അടിയന്തരമാണ്. ഫര്‍ളും (നിര്‍ബന്ധം) ആണ്. ഒരു മുസ്‌ലിമിനും അടിമത്തവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ല'' എന്നായിരുന്നു മൗദൂദിയുടെ നീരീക്ഷണം. ഇന്ത്യയെ മുസ്‌ലിംകളും സിക്കുകാരും, തൊട്ടുകൂടാത്തവരായി അകറ്റിനിര്‍ത്തപ്പെട്ടവരും കൂടി ഉള്‍പ്പെടുന്ന വിവിധ വിഭാഗങ്ങളുടെ സമൂഹമായി കണ്ട മൗദൂദി ഈ വിഭാഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചു. അദ്ദേഹം പറയുന്നു: ''ഞങ്ങളുടെയും (മുസ്‌ലിംകളുടെയും) അവരുടെയും (ഹിന്ദുക്കളുടെയും) ഭാവിതലമുറക്കക്ക് പരസ്പരം കണ്‍കുളിര്‍പ്പിക്കുന്ന ബന്ധമുണ്ടാകണമെന്നാണ് ഞങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. എന്നാലേ ഹിന്ദുസ്ഥാന്റെ ക്ഷേമത്തിനു വേണ്ടി അവര്‍ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനാവൂ.''11

ഈ ഗ്രന്ഥത്തിന്റെ ആദ്യ രണ്ടു വാള്യങ്ങളില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ദേശീയതയെയാണ് മൗദൂദി പഠനവിധേയമാക്കിയത്. മുസ്‌ലിംകളുടെ രാഷ്ട്രീയ സാമുദായിക സ്ഥിതിഗതികളേക്കാള്‍ ഇസ്‌ലാമിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം, അതുകൊണ്ടു തന്നെ മുസ്‌ലിംകളുടെ മനസ്സില്‍ ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുന്നതിന് പ്രഥമ പരിഗണന നല്‍കി. മൗലാനാ അബുല്‍കലാം ആസാദും, മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയും മുന്നോട്ടുവെച്ച സങ്കര ദേശീയതയെ അദ്ദേഹം ഈ ഭാഗത്ത് നിരാകരിക്കുന്നുണ്ട്. ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാവ് മൗലാനാ ഹുസൈന്‍ അഹ്മദ് മദനി സങ്കര ദേശീയത ഇസ്‌ലാമിന് അന്യമല്ലെന്ന് സ്ഥാപിക്കാന്‍ മുത്തഹിദ ഖൗമിയ്യത്ത് ഔര്‍ ഇസ്‌ലാം (സങ്കര ദേശീയതയും ഇസ്‌ലാമും) എന്ന ഗ്രന്ഥം തന്നെ ഉര്‍ദുവില്‍ രചിച്ചിരുന്നു. ഖൗം എന്നതു ഭൂമിശാസ്ത്രപരമായ സങ്കല്‍പമാണെന്നും മില്ലത്ത് അഥവാ ഉമ്മഃയാണ് മതപരമായ സങ്കല്‍പമെന്നുമായിരുന്നു മദനിയുടെ വാദം. രണ്ടും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ല. മുസ്‌ലിംകള്‍ക്ക് ഭൂപ്രദേശം അമുസ്‌ലിംകളുമായി പങ്കിടാം. അതിനര്‍ത്ഥം ദേശീയതയും അവര്‍ക്ക് പരസ്പരം പങ്കിടാമെന്നാണ്. അതില്‍ അനിസ്‌ലാമികമായി ഒന്നുമില്ല. ഖുര്‍ആനില്‍ പറയുന്ന കാഫിറുകളും മുസ്‌ലിംകളും ഒരേ പ്രദേശത്തുള്ളവരാണെന്നു തെളിയിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും അദ്ദേഹം വാദത്തിനു തെളിവായി ഉദ്ധരിച്ചു. ഉദാഹരണത്തിന് 36ാം അധ്യായത്തിലെ 20ാം വാക്യത്തിലും, 11ാം അധ്യായത്തിലെ 50ാം വാക്യത്തിലും അവിശ്വാസികളെ പ്രവാചകന്മാര്‍ അഭിസംബോധന ചെയ്യുന്നത് 'എന്റെ സമുദായമേ' (യാ ഖൗമി) എന്നാണ്. മദീനയിലേക്ക് പലായനം ചെയ്ത് അവിടെ യഹൂദന്മാരുമായും അവിശ്വാസികളുമായും കരാറിലേര്‍പ്പെട്ട് സങ്കര സമൂഹം സൃഷ്ടിച്ച നബിയുടെ മാതൃക എടുത്തുകാട്ടി സങ്കര ദേശീയത ഇസ്‌ലാമിന് അന്യമല്ലെന്നും മദനി സമര്‍ഥിച്ചു.12

മൗലാനാ ആസാദാകട്ടെ ഇസ്‌ലാമിക പാരമ്പര്യത്തിലും, ഇന്ത്യന്‍ പാരമ്പര്യത്തിലും ഒരുപോലെ അഭിമാനം കൊണ്ടു. 1940 മാര്‍ച്ച് 17ന് ബിഹാറിലെ രാംഗഡില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ സുദീര്‍ഘമായ അധ്യക്ഷപ്രസംഗത്തിലെ (നെഹ്‌റുവാണ് ഈ പ്രസംഗം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തത്) താഴെച്ചേര്‍ക്കുന്ന പ്രഖ്യാപനം ഇതിനു തെളിവാണ്: ''ഞാന്‍ ഒരു മുസല്‍മാനാണ്. ആ വസ്തുതയില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ ആയിരത്തിമുന്നൂറു വര്‍ഷത്തെ മഹത്തായ പാരമ്പര്യങ്ങള്‍ എന്റെ പൈതൃകമാണ്. ഈ പൈതൃകത്തിന്റെ ചെറിയൊരംശം പോലും നഷ്ടപ്പെടുന്നത് എനിക്കിഷ്ടമില്ല. ഇസ്‌ലാമിന്റെ ഉദ്‌ബോധനങ്ങളും ചരിത്രവും അതിന്റെ കലയും സാഹിത്യവും സംസ്‌കാരവും എന്റെ സമ്പത്താണ്. അതിനെ കാത്തുരക്ഷിക്കുക എന്റെ കര്‍ത്തവ്യമാണ്. ഒരു മുസല്‍മാനെന്ന നിലയില്‍ ഇസ്‌ലാം മതത്തിലും ഇസ്‌ലാമിക സംസ്‌കാരത്തിലും എനിക്ക് സവിശേഷമായ താല്‍പര്യമുണ്ട്. അവയില്‍ മറ്റാരുടെയും ഇടപെടല്‍ എനിക്ക് പൊറുപ്പിക്കാനാവുകയില്ല. പക്ഷേ ഈ വികാരങ്ങളോടൊപ്പം എന്റെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളും പരിതസ്ഥിതികളും എന്നിലേല്‍പ്പിച്ച മറ്റു വികാരങ്ങളുമുണ്ട്. ഇസ്‌ലാമിക പാരമ്പര്യം ഈ വികാരങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നില്ല. അത് എനിക്ക് മാര്‍ഗദര്‍ശനം നല്‍കുകയും എന്നെ മുന്നോട്ട് നയിക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യക്കാരനായിരിക്കുന്നതിലും ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ ദേശീയതയെന്ന അവിഭാജ്യമായ ഏകീഭാവത്തിന്റെ ഒരംശമാണ് ഞാന്‍. ഈ മഹാസൗധത്തിനു ഞാന്‍ അനുപേക്ഷണീയനാണ്. എന്നെക്കൂടാതെ ഇന്ത്യയെന്ന ഈ ഗംഭീരസൗധം അപൂര്‍ണ്ണമാണ്. ഇന്ത്യയെ കെട്ടിപ്പടുക്കുന്ന അനിവാര്യമായ മൂലഘടകങ്ങളില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ അവകാശം ഒരിക്കലും കൈവിടാന്‍ എനിക്കു സാധ്യമല്ല.''13 ''ഇന്ത്യയുടെ മണ്ണില്‍ ഹൈന്ദവചിന്തയ്ക്ക് ഉള്ളിടത്തോളം അവകാശം ഇസ്‌ലാമിനുമുണ്ട്. ഇവിടെ അനേകായിരം വര്‍ഷങ്ങളായി നിവസിച്ചുവരുന്ന ജനങ്ങളുടെ മതമാണ് ഹിന്ദുമതമെങ്കില്‍ ഇസ്‌ലാം ആയിരം വര്‍ഷമായി അവരുടെ മതമായിരുന്നു. താന്‍ ഇന്ത്യക്കാരനും ഹിന്ദുമതവിശ്വാസിയുമാണെന്ന് ഒരു ഹിന്ദു എത്രയും അഭിമാനപൂര്‍വം പറയുമോ, അത്രയും അഭിമാനത്തോടെ ഒരു ഇസ്‌ലാംമത വിശ്വാസിക്ക് പറയാം താന്‍ ഒരു ഇന്ത്യക്കാരനും ഇസ്‌ലാംമത വിശ്വാസിയുമാണെന്ന്. ഈ ഭ്രമണപഥം ഇനിയും വലുതാക്കാം. താന്‍ ഒരു ഇന്ത്യക്കാരനാണെന്നും, ഇന്ത്യയിലെ ഒരു മതത്തില്‍ അതായത് ക്രിസ്തുമതത്തില്‍, വിശ്വസിക്കുന്ന ആളാണെന്നും ഒരു ക്രിസ്ത്യാനിക്ക് അഭിമാനത്തോടെ അവകാശപ്പെടാന്‍ കഴിയും. 11 നൂറ്റാണ്ടുകളിലെ പൊതുവായ ചരിത്രം നമ്മുടെ കൂട്ടായ നേട്ടങ്ങള്‍ കൊണ്ട് ഇന്ത്യയെ സമ്പന്നമാക്കിയിട്ടുണ്ട്. നമ്മുടെ ഭാഷകള്‍, കവിത, സാഹിത്യം, സംസ്‌കാരം, കല, വസ്ത്രധാരണരീതി, നമ്മുടെ ആചാരമര്യാദകളും ചടങ്ങുകളും, ദൈനംദിനജീവിതത്തിലെ അസംഖ്യം സംഭവങ്ങള്‍ ഇവയിലെല്ലാം നമ്മുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. യാഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തിന്റെ യാതൊരു വശവും ഇതിന്റെ സ്വാധീനത്തിന് വിധേയമാകാതിരുന്നിട്ടില്ല. നമ്മുടെ ഭാഷകള്‍ വ്യത്യസ്തങ്ങളായിരുന്നു; പക്ഷേ നമ്മള്‍ പൊതുവായ ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചു. നമ്മുടെ ആചാരമര്യാദകളും ചടങ്ങുകളും വിഭിന്നങ്ങളായിരുന്നു. പക്ഷേ അവ പരസ്പരം കൂടിക്കലരുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി പുതിയവയുണ്ടായി. നമ്മുടെ പഴയ വേഷവിധാനങ്ങള്‍ പഴയ ചിത്രങ്ങളില്‍ മാത്രമേ കാണുകയുള്ളൂ. ഇന്നാരും അവയൊന്നും ധരിക്കാറില്ല. നമ്മുടെ കൂട്ടായ ദേശീയതയുടെ അനന്തരഫലമാണ് നമ്മുടെ പൊതുധനം.''14

മുസ്‌ലിംകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പൂര്‍ണമായും അലിഞ്ഞുചേര്‍ന്നാല്‍ അവര്‍ ഇസ്‌ലാമില്‍ നിന്ന് അകന്നുപോകുമെന്ന ആശങ്കയാണ് മദനിയുടെയും ആസാദിന്റെയും കൂട്ടരുടെയും ആശയത്തോട് വിയോജിക്കാന്‍ മൗദൂദിയെ പ്രേരിപ്പിച്ചത്. ഇക്കാലത്തെ അദ്ദേഹത്തിന്റെ നിലപാട് ഇര്‍ഫാന്‍ അഹ്മദ് വിശദീകരിക്കുന്നതിങ്ങനെയാണ്: ''ഒരു ഹിന്ദുസ്ഥാനിയെന്ന നിലയില്‍ മറ്റാരെയും പോലെ ഇന്ത്യ സ്വതന്ത്രയായി കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ മുസ്‌ലിമെന്ന നിലയില്‍ അവരുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് വേവലാതികളുണ്ടായി.''15

ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 1937ല്‍ വിവിധ പ്രവിശ്യകളില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കൈക്കൊണ്ട നടപടികള്‍ മൗദൂദിയുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന മന്ത്രിസഭാ രൂപീകരണം തന്നെ മുസ്‌ലിംകളില്‍ സംശയത്തിനിടയാക്കി. ബിഹാറില്‍ ഡോ. സഈദ് മഹ്മൂദിനെയും ബോംബെയില്‍ വീരനരിമാനെന്ന് പ്രഖ്യാതനായ പാഴ്‌സി വിഭാഗത്തില്‍പ്പെട്ട കെ.എഫ്. നരിമാനെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളായി തെരഞ്ഞെടുത്തെങ്കിലും സര്‍ദാര്‍ പട്ടേല്‍, ഡോ.രാജേന്ദ്രപ്രസാദ് തുടങ്ങിയ ഹിന്ദുത്വ അനുകൂലികളായ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍മൂലം അവര്‍ തഴയപ്പെട്ടു. ബിഹാറില്‍ ശ്രീകൃഷ്ണസിംഗും ബോംബെയില്‍ ബി.ജി. ഖേറുമാണ് ഒടുവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് (അന്ന് പ്രവിശ്യാമന്ത്രിസഭാ തലവന്‍മാര്‍ പ്രധാനമന്ത്രി എന്നാണ് അറിയപ്പെട്ടിരുന്നത്) തെരഞ്ഞെടുക്കപ്പെട്ടത്. ഭരണത്തില്‍ വന്ന കോണ്‍ഗ്രസ് മന്ത്രിസഭകള്‍ കൈക്കൊണ്ട നടപടികളില്‍ പലതും മുസ്‌ലിംകളില്‍ അതൃപ്തി ജനിപ്പിച്ചു. ഗോവധനിരോധനം, വന്ദേമാതരം നിര്‍ബന്ധമാക്കല്‍ തുടങ്ങിയവ ഉദാഹരണം.

കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ദേശീയതയില്‍ ഹിന്ദുതാല്‍പര്യങ്ങളുടെ വര്‍ണവും ചിഹ്നങ്ങളും ഉള്ളതായി മൗദൂദിക്ക് തോന്നി. കോണ്‍ഗ്രസിന്റെ മതേതരവീക്ഷണം വാക്കുകളില്‍ മാത്രമേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കോണ്‍ഗ്രസിലും അംഗത്വമുണ്ടായിരുന്ന നിരവധി ഹിന്ദുമഹാസഭ നേതാക്കള്‍ മുസ്‌ലിം വിരുദ്ധകലാപങ്ങളില്‍ പങ്കുചേര്‍ന്നതുള്‍പ്പെടെയുള്ള നിരവധി ഉദാഹരണങ്ങള്‍ തന്റെ വാദത്തിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഭജനത്തിന് മുമ്പുള്ള സര്‍വേന്ത്യാ മുസ്‌ലിംലീഗ് ആരോപിച്ച പോലെ കോണ്‍ഗ്രസ് ഒരു ഹിന്ദു പാര്‍ട്ടിയൊന്നുമായിരുന്നില്ലെങ്കിലും അക്കാലത്ത് കോണ്‍ഗ്രസും ഹിന്ദുമഹാസഭയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പല അവസരങ്ങളിലും നേര്‍ത്തതായിരുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഇതിന്റെ പ്രതിഫലനം പലപ്പോഴുമുണ്ടായി. 1941 മാര്‍ച്ചില്‍ ബംഗാളിലെ ധാക്കയില്‍ ഒരു വലിയ വര്‍ഗീയലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം ഇതിന് ഉദാഹരണമാണ്. സെക്കണ്ടറി വിദ്യാഭ്യാസ ബില്ലിന്റെ വിഷയത്തില്‍ ഹിന്ദുമഹാസഭ നടത്തിയ, മാസങ്ങള്‍ നീണ്ട നിരന്തര പ്രചാരണത്തിനൊടുവിലാണ് വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദുസ്ത്രീകളെ മുസ്‌ലിം യുവാക്കള്‍ മാനഭംഗപ്പെടുത്തിയെന്ന കെട്ടിച്ചമച്ച വാര്‍ത്ത പ്രചരിച്ചതോടെ അക്രമം ധാക്കയ്ക്ക് പുറത്തേയ്ക്കും വ്യാപിച്ചു. അമൃതബസാര്‍ പത്രിക എന്ന പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്ത ഈ പീഡന'സംഭവം' വ്യാജമാണെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.16 വര്‍ഗീയ കലാപം ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ ശക്തി കുറയാനും ഹിന്ദുമഹാസഭ കൂടുതല്‍ സ്വാധീനം നേടാനും കാരണമായി. ഹിന്ദുമഹാസഭയുടെ സ്വാധീനം കുറക്കാന്‍ കോണ്‍ഗ്രസ്സും ഹിന്ദുകാര്‍ഡ് ഉപയോഗിച്ചു. കോണ്‍ഗ്രസ്സിന്റെ റിലീഫ് ഫണ്ടിലെ തുക മുഴുവന്‍ ഹിന്ദുക്കള്‍ക്കായി മാത്രം ചെലവഴിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ തീരുമാനത്തിന് കോണ്‍ഗ്രസ്സ് ഹൈക്കമാണ്ടിന്റെ അനുമതിയുമുണ്ടായിരുന്നു.17 വര്‍ഗീയ കലാപങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ച നിരവധി പേര്‍ക്ക് കോണ്‍ഗ്രസിന്റെ നിര്‍ണായക പദവികള്‍ വഹിക്കുന്നതിന് തടസമൊന്നുമുണ്ടായില്ല. ഗോസംരക്ഷണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന, 1946 സെപ്തംബറില്‍ ദാദ്രിയില്‍ നടന്ന വര്‍ഗീയകലാപത്തിന് കാരണക്കാരനായ ബാബു രാഘവ്ദാസ് തടവില്‍ നിന്ന് മോചിതനായപ്പോള്‍ പാര്‍ട്ടിയുടെ ഗോരഖ്പൂര്‍ ജില്ലാ യൂണിറ്റ് പ്രസിഡന്റ് പദവിയും യുണൈറ്റഡ് പ്രോവിന്‍സ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമാക്കാന്‍ കോണ്‍ഗ്രസ് തയാറായി.18 1946 ല്‍ നടന്ന പല വര്‍ഗീയ കലാപങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനപങ്ക് വഹിച്ചു. മൃദുല സാരാഭായ്, മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍ എന്നിവരുള്‍പ്പെട്ട കേന്ദ്ര കോണ്‍ഗ്രസ് സംഘം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി.19

കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ദേശീയതയില്‍ ഹിന്ദുതാല്‍പര്യങ്ങളുടെ വര്‍ണവും ചിഹ്നങ്ങളും ഉള്ളതായി മൗദൂദിക്ക് തോന്നിയതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനാവുമോ എന്ന് മേല്‍പ്പറഞ്ഞ വസ്തുതകള്‍ മുന്‍നിര്‍ത്തി ചിന്തിച്ച് ഓരോരുത്തര്‍ക്കും നിഗമനത്തിലെത്താവുന്നതാണ്. മുസ്‌ലിം പ്രശ്‌നം പരിഹരിക്കാനായി മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശിന്റെ രണ്ടാം വാള്യത്തില്‍ മൗദൂദി ചില നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. മുസ്‌ലിംകള്‍ക്ക് സാംസ്‌കാരികമായ സ്വയംനിര്‍ണയാവകാശം വേണമെന്നും, സ്വന്തം മതതത്വങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും സ്വന്തം വിദ്യാഭ്യാസരീതികള്‍ തുടരാനുള്ള അവകാശം അനുവദിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 

(തുടരും)

കുറിപ്പുകള്‍

1. Rafiq Zakaria, Indian Muslims Where have they gone wrong?, Popular Prakashan & Bharatiya Vidya Bhavan, Bombay,  2004, Introduction

2. എം.എന്‍.കാരശ്ശേരി, ഇസ്‌ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു, മാതൃഭൂമി ബുക്‌സ്, 2012, കോഴിക്കോട്, പേജ് 42

3. Shamsul Islam,Religious Dimensions of Indian Nationalism: A Study of RSS, Media House, Delhi, 2006, p:185

4. Jawaharlal Nehru, The Discovery of India, Penguin Books India, New Delhi, 2004, p:424 

5. Irfan Ahmad, Islamism and Democr-acy in India: The Transformation of Jamaat-e-Islami,Permanent Black, 2010, p:58

6. Syed M Zulqurnain Zaidi , The Emergence of Ulema in the Politics of India and Pakistan 1918-1949: A Historical Perspective, Writers Club Press,  p:61

7. Madras Police Report 1920, Aug. 28, കെ.മാധവന്‍നായര്‍, മലബാര്‍ കലാപം, പേജ് 64, ഉദ്ധരണം കെ എന്‍ പണിക്കര്‍, മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ, (വിവ: എബി കോശി), ഡി.സി ബുക്‌സ്, കോട്ടയം, 2005, പേജ്: 145

8. ഇന്ത്യയിലെ  കമ്യൂണിസ്റ്റ് പ്രസ്ഥാനം: ഒരു ചരിത്രം, സഞ്ചിക 1, ആരംഭകാലം 1920-1933, സി.പി.ഐ(എം) ചരിത്ര കമ്മീഷന്‍ തയാറാക്കിയത്, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, രണ്ടാം പതിപ്പ്, 2005, പേജ്: 49

9. മൗദൂദി-ഇഖ്ബാല്‍ ബന്ധത്തെക്കുറിച്ച് നിരവധി പേര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് കാണുക: Akbar S.Ahmed, Jinnah, Pakistan and Islamic Identity: The Search for Saladin, Routledge, 1997/ Irfan Ahmad, Islamism and Democracy in India: The Transformation of Jamaat-e-Islami, p:59/  Syed M Zulqurnain Zaidi, The Emergence of Ulema in the Politics of India and Pakistan 1918-1949: A Historical Perspective, p:90

10. എം.എ കാരപ്പഞ്ചേരി (എഡിറ്റര്‍), മതരാഷ്ട്രവാദം: ജമാഅത്തെ ഇസ്‌ലാമി ചോദ്യം ചെയ്യപ്പെടുന്നു, പ്രോഗ്രസ് പബ്ലിഷേഴ്‌സ്, കോഴിക്കോട്, 2007, പേജ് 58, പി.എം.കെ ഫൈസിയുടെ ലേഖനം

11. മൗലാനാ മൗദൂദി, മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ്, വാള്യം 2, മക്തബ ജമാഅത്തെ ഇസ്‌ലാമി, പഠാന്‍കോട്ട്, 1938, പേജ് 207 Quoted by Irfan Ahmad, Islamism and Democracy in India: The Transformation of Jamaat-e-Islami, Permanent Black, 2010, p:61

12. Maulana Hussain Madani, Composite Nationalism and Islam, (Tr: Mohammed Anwer Hussain, Hasan Imam), Manohar Publishers, New Delhi, 2007 , Barbara D. Metcalf, Husain Ahmad Madani: The Jihad for Islam and India's Freedom,  Oxford: Oneworld, 2009, p:116

13. (Malik Ram(Ed.),Khutbat-e- Azad, Newdelhi, 1981,p: 299, Quoted by V.N.Dutta, Maulana Azad, Manohar Publications, New Delhi, 1990, p:157

14. ആര്‍ഷ് മല്‍സ്യാനി, അബുല്‍കലാം ആസാദ്, (സംഗ്രഹീത വിവര്‍ത്തനം: പി.കെ ഉത്തമന്‍), പബ്ലിക്കേഷന്‍സ് ഡിവിഷന്‍, ന്യൂഡല്‍ഹി,1995 പേജ്:189-190)

15. Irfan Ahmad, Islamism and Democra-cy in India: The Transforma-tion of Jamaat-e-Islami, Permanent Black, 2010, p:60

16. Suranjan Das, Communal Riots in Bengal 1905-1947, New Delhi, 1991, p:269. See also the  Statement Submitted on behalf of  the Bengal Provincial Hindu Mahasaba before the Dacca Riots Enquiry Committee, Shyamaprasad Mookerji papers, File No.57/1942-43, Quoted by Joya Chatterji, Bengal Divided: Hindu Communalism and Partition 1932-1947, Cambridge University Press, 1996, p:141

17. Joya Chatterji,  Bengal Divided, Hindu Communalism and Partition 1932-1947, Cambridge University Press, 1996, p:142

18. G.Balachandran, Religion and Nationalism in Modern India, in Kaushik Basu and Sanjay Subrahmanyam(ed), Unravelling The Nation: Sectarian Conflict and India's Secular Identity, Penguin Books, New Delhi, 1996, p:107)

19. Mukul Kesavan, Invoking a Majority: The Congress and the Muslims of the United Province 1945-47, in P.C Chatterji (Ed), Self Images, Simla, 1989, p: 91-111.


Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് /സൂറ-21 /42-46
എ.വൈ.ആര്‍