Prabodhanm Weekly

Pages

Search

2014 നവംബര്‍ 14

മൗലാനാ മൗദൂദിയും ബ്രിട്ടീഷ് ഇന്ത്യയിലെ <br> രാഷ്ട്രീയ ഘടനയുടെ ഭാവിയും

ഉമര്‍ ഖാലിദി /കവര്‍‌സ്റ്റോറി

         ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തകരില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വമായാണ് സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദി വ്യാപകമായി മനസ്സിലാക്കപ്പെടുന്നത്. ഇന്ത്യ-പാക് ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അദ്ദേഹത്തിന്റെ ചിന്തകള്‍ വളരെയേറെ സ്വാധീനിച്ചു. അറബിയിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും അദ്ദേഹത്തിന്റെ കൃതികളുടെ പരിഭാഷകള്‍ വ്യാപകമായി ലഭ്യമായിരുന്നതിനാല്‍ പടിഞ്ഞാറ് മിഡിലീസ്റ്റ്-മഗ്‌രിബ് രാജ്യങ്ങളിലും, കിഴക്ക് , തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ആ സ്വാധീനം പ്രകടമാണ്. അദ്ദേഹത്തിന്റെ ബൃഹത്തായ ഖുര്‍ആന്‍ വ്യാഖ്യാന കൃതി ഉര്‍ദു സാഹിത്യത്തിലെ മാസ്റ്റര്‍ പീസാണെന്ന കാര്യം അവിതര്‍ക്കിതം. ആരെയും ആകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ ഉര്‍ദു ഗദ്യശൈലിക്ക് പരമ്പരാഗത മതവിജ്ഞാനീയങ്ങളില്‍ വേറെ മാതൃകയില്ല. സംഘടിത ജീവിതത്തിന്റെ നാല് പ്രധാന മണ്ഡലങ്ങളില്‍-മതം, രാഷ്ട്രീയം, സമ്പദ്ഘടന, സമൂഹം-അദ്ദേഹം തന്റെ സവിശേഷ വീക്ഷണം അവതരിപ്പിച്ചു. വിവാദങ്ങള്‍ക്ക് വഴിവെച്ചുവെങ്കിലും ഇസ്‌ലാമിനെക്കുറിച്ച അദ്ദേഹത്തിന്റെ എഴുത്തുകള്‍ തെളിമയാര്‍ന്നതും യുക്തിഭദ്രവുമാണ്. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ താന്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

മൗദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്‌ലാമിയും എണ്ണമറ്റ വിവാദങ്ങളെയും മത ഫത്‌വകളെയും സ്തുതി ഗീതികളെയും അഭിമുഖീകരിച്ചിട്ടുണ്ട്. പാകിസ്താനില്‍ പല ഗ്രൂപ്പുകളും അദ്ദേഹത്തെ പാകിസ്താന്‍ രാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ എതിരാളിയായി മുദ്രകുത്തി. അദ്ദേഹം നേതൃത്വം നല്‍കിയ പാക് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഏതാനും പഠനങ്ങളേ ഉണ്ടായിട്ടുള്ളൂ. അവയില്‍ അവിഭക്ത ഇന്ത്യയിലെ മുസ്‌ലിംകളുടെ ഭാവി എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വിവരിക്കാന്‍ വളരെക്കുറഞ്ഞ ഇടം മാത്രമേ നല്‍കിയിട്ടുള്ളൂ.1 കൊളോണിയല്‍ ശക്തികള്‍ വിട്ടുപോയ ശേഷം ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ത് നിലപാടെടുക്കണം എന്നതിനെക്കുറിച്ച് അന്നത്തെ പ്രമുഖ കൂട്ടായ്മകളും മൗദൂദിയും എന്ത് പറഞ്ഞു എന്ന അന്വേഷണമാണ് ഈ ലേഖനം.

ദേശീയതയുടെ ഉദയവും കൊളോണിയലിസത്തിന്റെ അസ്തമയവും

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഘടനയിലും സമൂഹത്തിലും പൊടുന്നനെയുണ്ടായ മാറ്റങ്ങളാണ് മൗദൂദിയുടെ കാഴ്ചകളെ നിര്‍ണയിച്ചതെന്ന് പറയാം. വരേണ്യ ജാതി ഹിന്ദു ബോധം ശക്തിപ്പെടുകയും ആത്മവിശ്വാസം നേടിയെടുക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. ബോംബെ, കല്‍ക്കത്ത, മദ്രാസ് പോലുള്ള വന്‍നഗരങ്ങളില്‍ മേല്‍ജാതി ഹിന്ദുക്കള്‍ നടത്തുന്ന വ്യാപാരവും ആധുനിക വ്യവസായങ്ങളും വളരെ പുഷ്ടിപ്പെട്ടിരുന്നു. മിക്ക ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും വിദേശ-ആഭ്യന്തര വ്യാപാരവുമെല്ലാം മേല്‍ജാതിക്കാരുടെ കുത്തകയായിരുന്നു. പാര്‍സികള്‍ അവരുടെ ബി-ടീം മാത്രമായിരുന്നു. അലഹബാദ്, ബനാറസ്, ബോംബെ, ബറോഡ, കല്‍ക്കത്ത, മദ്രാസ്, മൈസൂര്‍ തുടങ്ങിയ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ആധുനിക വിദ്യാഭ്യാസം ലഭിച്ച ബിരുദധാരികള്‍ പുറത്തിറങ്ങിക്കൊണ്ടിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍, ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്‌ലിംകള്‍ സാമ്പത്തികമായി ദരിദ്രരായിരുന്നു. അവരില്‍ മിക്കവരും ഭൂമിയില്ലാത്ത കര്‍ഷകരോ അവിദഗ്ധ തൊഴിലാളികളോ ആയിരുന്നു. ഹൈദരാബാദിലും ഭോപാലിലും റാംപൂരിലും മുസ്‌ലിം വരേണ്യ വിഭാഗങ്ങളെ കാണാമായിരുന്നെങ്കിലും പുറമേക്കുള്ള മോടിയേ ഉണ്ടായിരുന്നുള്ളൂ; അകം തീര്‍ത്തും അരക്ഷിതമായിരുന്നു. ഹിന്ദു മധ്യവര്‍ഗവുമായി തട്ടിച്ചുനോക്കിയാല്‍, മുസ്‌ലിം മധ്യവര്‍ഗം വളരെ ശുഷ്‌കം. അലിഗഢ്, ജാമിഅ മില്ലിയ്യ, ഉസ്മാനിയ എന്നീ യൂനിവേഴ്‌സിറ്റികള്‍ മാത്രമായിരുന്നു വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നില്‍ക്കുന്ന വലിയൊരു സമൂഹത്തിന്റെ ഉന്നത പഠനാവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി ഉണ്ടായിരുന്നത്.

രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ഒരു പ്രധാന സംഘടന ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസാണ്. ഹിന്ദുക്കളായിരുന്നു അതില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നത്. സംഘടനയുടെ സ്വഭാവത്തിലും അത് പ്രതിഫലിച്ചു. ദയൂബന്ദിലെ മതപണ്ഡിതന്മാരുമായി കോണ്‍ഗ്രസ്സിന് സഖ്യമുണ്ടായിരുന്നു. ആ മതപണ്ഡിതന്മാരാണ് ജംഇയ്യത്തുല്‍ ഉമലക്ക് രൂപം നല്‍കിയത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിലും അവര്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. 1906-ല്‍ സ്ഥാപിതമായ മുസ്‌ലിം ലീഗാകട്ടെ മുഖ്യമായും മുസ്‌ലിം ഭൂപ്രഭുക്കളുടെയും, സര്‍വീസില്‍ നിന്ന് പിരിഞ്ഞ ഏതാനും ബ്യൂറോക്രാറ്റുകളുടെയും പാര്‍ട്ടിയായിരുന്നു. നിയമനിര്‍മാണ സഭകളിലും ഉദ്യോഗങ്ങളിലും മുസ്‌ലിംകള്‍ക്ക് ന്യായമായ പ്രാതിനിധ്യം നല്‍കുക, ഇസ്‌ലാമിക സംസ്‌കാരത്തിന് പരിരക്ഷ നല്‍കുക പോലുള്ള മിതമായ ആവശ്യങ്ങളാണ് അവര്‍ ഉന്നയിച്ചിരുന്നത്. പല തരക്കാരും ഭാഷക്കാരുമായ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒരു രാഷ്ട്രസ്വരൂപമായി മാറുന്നതിനെക്കുറിച്ച ചിന്തയൊന്നും അന്ന് മുസ്‌ലിം ലീഗിന് ഉണ്ടായിരുന്നില്ല. 1937-ലെ തെരഞ്ഞെടുപ്പില്‍ മിക്ക പ്രവിശ്യകളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും മുസ്‌ലിം ലീഗ് തുടച്ച് നീക്കപ്പെടുകയും ചെയ്തതോടെ ചിത്രം മാറി. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് പൊയ്ക്കഴിഞ്ഞാല്‍ വരാന്‍പോകുന്ന രാഷ്ട്രീയ ചിത്രം എന്താവുമെന്നതിനെക്കുറിച്ച് മുസ്‌ലിം പ്രമാണിമാര്‍ക്ക് കയ്പുറ്റ ഒരനുഭവം സമ്മാനിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ അധികാരാരോഹണം.

മൗദൂദി കോണ്‍ഗ്രസിന്റെയോ ലീഗിന്റെയോ പക്ഷത്ത് ചേരുകയുണ്ടായില്ല എന്ന് എല്ലാവര്‍ക്കും അറിയാം. മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ആദിമ വിശുദ്ധിയിലേക്ക് തിരിച്ച്‌പോകണമെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. വിശ്വാസം ശക്തമാണെങ്കില്‍ ന്യൂനപക്ഷമാവുക എന്നതൊന്നും പ്രശ്‌നമാകില്ലെന്ന് അദ്ദേഹം വാദിച്ചു. ബാഹ്യ ആക്രമണമല്ല, ആന്തരിക ജീര്‍ണതയാണ് മുസ്‌ലിം സമൂഹത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് ഓര്‍മപ്പെടുത്തി. കോണ്‍ഗ്രസിന്റെ അള്‍ത്താരയില്‍ മുസ്‌ലിം സ്വത്വം അടിയറവെക്കുന്ന ജംഇയ്യത്തുല്‍ ഉലമയുടെ നിലപാടില്‍ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. ഹിന്ദു-മുസ്‌ലിം ഭിന്നത കേവലം ബ്രിട്ടീഷ് സൃഷ്ടിയാണെന്നും ബ്രിട്ടീഷുകാര്‍ നാടുവിടുന്നതോടെ ആ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നുള്ള ജംഇയ്യത്തിന്റെ കാഴ്ചപ്പാടും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. 'മുസല്‍മാന്‍ ഔര്‍ മൗജൂദഃ സിയാസി കശ്മകശ്' എന്ന കൃതിയില്‍ മുസ്‌ലിംകളുടെ സവിശേഷ ദേശത്വത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അത് യൂറോപ്യന്‍ ഭാവനയിലുള്ള, മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയത അല്ലെന്നും സമര്‍ഥിക്കുന്നു. മുസ്‌ലിംകള്‍ക്ക് ഒരു ആദര്‍ശ ദൗത്യമുണ്ട്, അത് മറക്കരുതെന്ന് മൗദൂദി ഓര്‍മിപ്പിച്ചു. മുസ്‌ലിം രാഷ്ട്രത്തെക്കുറിച്ചല്ല, ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പാശ്ചാത്യ സങ്കല്‍പ പ്രകാരമുള്ള മുസ്‌ലിം ദേശീയതയെ വിമര്‍ശിക്കുക മാത്രമല്ല, പാശ്ചാത്യ ജീവിതരീതികള്‍ പിന്തുടരുന്ന മുസ്‌ലിം ലീഗ് നേതൃത്വത്തെ വിശ്വാസത്തിലെടുക്കാനും അദ്ദേഹം കൂട്ടാക്കിയില്ല.

ഇങ്ങനെ, കൊളോണിയലാനന്തര ഇന്ത്യ എങ്ങനെയായിരിക്കണം എന്ന ചര്‍ച്ച സജീവമായ സന്ദര്‍ഭത്തിലാണ് ആ വിഷയത്തില്‍ മൗദൂദി തന്റെ വീക്ഷണം അവതരിപ്പിക്കുന്നത്. തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാഗസിന്റെ 1938 ഒക്‌ടോബര്‍-ഡിസംബര്‍ ലക്കത്തില്‍ എഴുതിയ ലേഖനത്തില്‍ ഭാവി ഇന്ത്യയെ രൂപപ്പെടുത്താന്‍ മൂന്ന് നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

ഒന്നാമത്തെ നിര്‍ദേശം

പലതരം ദേശീയതകള്‍ നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് ഒരു ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കേണ്ടത് താഴെപറയും വിധമായിരിക്കണം: ഒരു ഇന്റര്‍-നാഷ്‌നല്‍ ഫെഡറേഷന്റെ അടിസ്ഥാനത്തിലാവണം അത് നിലവില്‍ വരേണ്ടത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വേണ്ടത് ഒരൊറ്റ രാഷ്ട്രം തന്നെ; എന്നാലത് ഫെഡറല്‍ ഘടനയില്‍ ഉള്ളതായിരിക്കണം. ഈ ഫെഡറേഷനില്‍ ചേരുന്ന ഓരോ ദേശീയ വിഭാഗത്തിനും സാംസ്‌കാരിക സ്വയംഭരണാവകാശം ഉണ്ടായിരിക്കണം. ഈ ഓരോ വിഭാഗത്തിനും അതിന്റെ പരിധിയില്‍ വരുന്ന പ്രദേശത്ത് സംഘാടനത്തിനും പരിഷ്‌കരണത്തിനും അധികാരം പ്രയോഗിക്കാന്‍ കഴിയണം. ഇന്ത്യനവസ്ഥകള്‍ പഠിച്ചിട്ടുള്ള ആരും, ഇവിടെ സാധ്യതയുള്ളത് ഫെഡറല്‍ സംവിധാനത്തിനാണെന്ന് സമ്മതിക്കാതിരിക്കില്ല. ഏകാത്മക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവര്‍ വിഷയത്തിന്റെ മറുവശം കാണുന്നില്ല.

ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവ് എന്തായിരിക്കും. വിവിധ കക്ഷികളുടെ പൊതുതാല്‍പര്യങ്ങളിലുള്ള യോജിപ്പ് എന്ന് അതിനെ ചുരുക്കിപ്പറയാം. എന്നാലവ തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഒന്നായിച്ചേരുക സാധ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. ഇതൊരു ഒത്തുതീര്‍പ്പാണ്. ആഭ്യന്തര സ്വയംഭരണം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചില മേഖലകളില്‍ സഹകരിക്കുക. ഇവിടെ പരമാധികാരം കേന്ദ്ര ഗവണ്‍മെന്റിനും അതിന്റെ ഫെഡറല്‍ പങ്കാളികള്‍ക്കുമിടയില്‍ വിഭജിതമായിരിക്കും. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജില്ലാ-പ്രവിശ്യാതല കൗണ്‍സിലുകള്‍ക്ക് രൂപം നല്‍കണം. ഈ കൗണ്‍സിലുകള്‍ പാസാക്കുന്ന നിയമങ്ങള്‍ ഒരു രാഷ്ട്ര നിയമം പോലെ സാധുവായിരിക്കും. ഭരണച്ചെലവുകള്‍ നിര്‍വഹിക്കാന്‍ ഈ കൗണ്‍സലിന് നികുതി ചുമത്താനും അധികാരമുണ്ടായിരിക്കും. ഇനി കേന്ദ്രവും ഫെഡറല്‍ യൂനിറ്റുകളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഒരു ഫെഡറല്‍ കോടതിയായിരിക്കും പ്രശ്‌നത്തില്‍ അവസാന തീരുമാനമെടുക്കുക. ഓരോ ഫെഡറല്‍ യൂനിറ്റിനും മുഴുവന്‍ ജുഡീഷ്യല്‍ അധികാരങ്ങളുമുള്ള സ്ഥിരം കോടതികള്‍ ഉണ്ടായിരിക്കും.

പ്രവിശ്യകള്‍ ചേര്‍ന്ന ഒരു കേന്ദ്ര ഗവണ്‍മെന്റ് എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, പരമാധികാരമുള്ള ഫെഡറല്‍ യൂനിറ്റുകളുടെ ഒരു കൂട്ടായ്മയായിരിക്കുമിത്. തുല്യപങ്കാളിത്തം എന്ന അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ് നിലവില്‍ വരേണ്ടത്. സ്വതന്ത്രാധികാരമുള്ള ഒരു ഫെഡറല്‍ യൂനിറ്റിനെയും മറ്റൊരു ഫെഡറല്‍ യൂനിറ്റ് കൈയേറാനോ അതിക്രമിക്കാനോ ഇടവരരുത്. നിയമനിര്‍മാണ, നീതിന്യായ, പ്രതിരോധ സ്ഥാപനങ്ങളില്‍ ഓരോ ഫെഡറല്‍ യൂനിറ്റിന്റെയും പങ്കാളിത്തം അവരുടെ ജനസംഖ്യാനുപാതികമായിട്ടായിരിക്കണം. ജനസംഖ്യയില്‍ മാറ്റം വരുന്നതിനനുസരിച്ച് പ്രാതിനിധ്യത്തിലും ഏറ്റക്കുറവുകള്‍ വരും.

ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവിലുള്ള തെരഞ്ഞെടുപ്പ് രീതികളിലും മാറ്റം വരണം. ചെറിയ ചെറിയ നിയോജക മണ്ഡലങ്ങള്‍ക്ക് പകരം ഓരോ ഫെഡറല്‍ സ്റ്റേറ്റിനെയും ഒറ്റ നിയോജക മണ്ഡലമായി പ്രഖ്യാപിക്കുക. എന്നിട്ട് ഓരോ സ്റ്റേറ്റിലെയും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥി ലിസ്റ്റ് പ്രഖ്യാപിക്കുക. ആ സ്റ്റേറ്റിലെ നിര്‍ണിത സീറ്റുകള്‍ക്ക് വേണ്ടി അവര്‍ തമ്മില്‍ മത്സരിക്കുക. വിവിധ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകം നിയോജക മണ്ഡലങ്ങള്‍ (Separate Electorates) എന്ന രീതി, ഇങ്ങനെയാവുമ്പോള്‍ നിര്‍ത്തല്‍ ചെയ്യാവുന്നതാണ്. കാരണം കോട്ടകെട്ടി വേര്‍തിരിച്ച പോലെ ജനസമൂഹങ്ങള്‍ വേറിട്ട് കഴിയുന്നത് എല്ലാ വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കും.

രണ്ടാം നിര്‍ദേശം

ഇന്റര്‍-നാഷ്‌നല്‍ ഫെഡറേഷന്‍ എന്ന ഈ നിര്‍ദേശം എന്തെങ്കിലും കാരണത്താല്‍ സ്വീകാര്യമല്ലാതെ വന്നാല്‍, ഓരോ ദേശീയ വിഭാഗവും അവരവരുടേതായ മേഖലാ യൂനിറ്റുകള്‍ സ്ഥാപിക്കണം. അവര്‍ക്കവിടെ സ്വന്തമായി ജനാധിപത്യ സ്റ്റേറ്റുകള്‍ക്ക് രൂപം  നല്‍കാം. സ്റ്റേറ്റിന്റെ സ്വഭാവമനുസരിച്ച് ജനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നതിനായി ഏതാണ്ടൊരു ഇരുപത്തിയഞ്ച് വര്‍ഷത്തെ കാലാവധി നിശ്ചയിക്കാം. ഇവിടെ ഓരോ സ്റ്റേറ്റിനും പരമാവധി പരമാധികാരമുണ്ടായിരിക്കും. കേന്ദ്ര ഗവണ്‍മെന്റിന് പേരിനേ അധികാരമുണ്ടായിരിക്കുകയുള്ളൂ. ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, സിക്കുകാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി ഇങ്ങനെ മേഖലാ യൂനിറ്റുകള്‍ ഉണ്ടാക്കുകയും ഓരോ വിഭാഗത്തിനും അവര്‍ തെരഞ്ഞെടുക്കുന്ന മേഖലയിലേക്ക് കുടിയേറാന്‍ 25 വര്‍ഷത്തെ സമയം അനുവദിക്കുകയും ചെയ്യുക. ദലിതുകള്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുകയാണെങ്കില്‍ അവര്‍ക്കും ജനസംഖ്യാനുപാതികമായി ഇത്തരമൊരു സംവിധാനമൊരുക്കാം.

മൂന്നാം നിര്‍ദേശം

രണ്ടാം നിര്‍ദേശവും സ്വീകാര്യമല്ലെങ്കില്‍, നേരത്തെ പറഞ്ഞ സ്റ്റേറ്റുകള്‍ ഉള്‍പ്പെട്ട വ്യത്യസ്ത ഫെഡറേഷനുകള്‍ രൂപവല്‍ക്കരിക്കുക. ഹിന്ദു സ്റ്റേറ്റുകള്‍ക്ക് ഒരു ഫെഡറേഷന്‍, മുസ്‌ലിം സ്റ്റേറ്റുകള്‍ക്ക് ഒരു ഫെഡറേഷന്‍ എന്നിങ്ങനെ. എന്നിട്ട് ഈ ഫെഡറേഷനുകളെ ഒരു കോണ്‍ഫെഡറേഷനില്‍ ഉള്‍പ്പെടുത്തുക. പ്രതിരോധം, വാര്‍ത്താവിനിമയം, വ്യാപാരം തുടങ്ങിയ പൊതുകാര്യങ്ങളില്‍ ഫെഡറേഷനുകള്‍ തമ്മിലുള്ള സഹകരണം ഈ കോണ്‍ഫെഡറേഷന്‍ മുഖേന സാധ്യമാവും.2

വിഭജനമല്ല, അധികാര വികേന്ദ്രീകരണമാണ് മൗദൂദി മുന്നോട്ട് വെച്ച ആശയം എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പക്ഷേ ലീഗിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വം ഈ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കുകയുണ്ടായില്ല. നേരത്തെ മുസ്‌ലിം ലീഗ് മുന്നോട്ട് വെച്ച 'ദുര്‍ബലമായ കേന്ദ്രം, ശക്തമായ പ്രവിശ്യകള്‍' എന്ന ആശയം തന്നെയായിരുന്നു 1947-ല്‍ നടന്ന വിഭജനത്തേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ബദല്‍. എന്നാല്‍, കോണ്‍ഗ്രസ് മുന്നോട്ടുവെച്ച 'ശക്തമായ കേന്ദ്രം, ദുര്‍ബലമായ പ്രവിശ്യകള്‍' എന്ന ആശയം 'പാകിസ്താന്' വേണ്ടി സമ്മര്‍ദം ചെലുത്തുന്നതിലേക്ക് ലീഗിനെ കൊണ്ടെത്തിക്കുകയും ചെയ്തു.

1947-ല്‍ വിഭജനം നടക്കുമ്പോള്‍ കിഴക്കന്‍ പഞ്ചാബിലെ പഠാന്‍കോട്ടിലുള്ള ജമല്‍പൂര്‍ ഗ്രാമത്തിലായിരുന്നു മൗദൂദി. അവിടെയുണ്ടായിരുന്ന മിക്ക മുസ്‌ലിംകളെയും-എല്ലാവരുമല്ല-പോലെ ആഗസ്റ്റ് 28 ന് അദ്ദേഹം പാകിസ്താനിലേക്ക് പോവുകയാണ് ചെയ്തത്. പാകിസ്താനിലേക്ക് പോയെങ്കിലും, ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ അദ്ദേഹം വളരെയേറെ താല്‍പര്യമെടുത്തിരുന്നു. ഇന്ത്യയില്‍ അവശേഷിക്കുന്ന സ്വന്തം മതക്കാരുമായുള്ള ആഴത്തിലുള്ള പൗരാണിക ബന്ധങ്ങളും അവിടെയുള്ള ജമാഅത്തെ ഇസ്‌ലാമിയുമാവാം ഇങ്ങനെ താല്‍പര്യമെടുത്തതിന് കാരണം. ഇന്ത്യയിലെ മുസ്‌ലിം ദേശീയവാദികളെ അദ്ദേഹം എതിര്‍ത്തിരുന്നത് പോലെ, ഹൈദരാബാദിലെ മജ്‌ലിസെ ഇത്തിഹാദ് മുസ്‌ലിമീന്‍ എന്ന സംഘടനയുടെ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് ജനസംഖ്യാപരമായി ഭൂരിപക്ഷമില്ലാത്ത ഡക്കാനില്‍ മുസ്‌ലിം മേധാവിത്വത്തിന് വേണ്ടി മജ്‌ലിസ് നിലകൊണ്ടതിന്റെ പേരിലായിരുന്നു വിമര്‍ശം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ ന്യൂദല്‍ഹിയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഹൈദരാബാദിന് മേല്‍ സമ്മര്‍ദം ചെലുത്തി തുടങ്ങി. അപ്പോള്‍ ഹൈദരാബാദിലെ മുസ്‌ലിം നേതൃത്വത്തെ മൗദൂദി ഉപദേശിച്ചത്, ഇന്ത്യാ ഗവണ്‍മെന്റുമായി ഒത്ത് തീര്‍പ്പുണ്ടാക്കണമെന്നും സൈനിക നീക്കത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കരുതെന്നുമാണ്.3 മൗദൂദിയുടെ ഉപദേശം മുസ്‌ലിം നേതൃത്വം നിരസിക്കുകയാണുണ്ടായത്. അതിന്റെ ഭീകരമായ പ്രത്യാഘാതങ്ങള്‍ ഡക്കാനിലെ മുസ്‌ലിംകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം

ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ മൗദൂദി ശ്രദ്ധേയമായ രീതിയില്‍ ഇടപെട്ടു എന്നുപറയാവുന്നത് അദ്ദേഹത്തിനെതിരെ ഒരു ആരോപണമുയര്‍ന്ന സന്ദര്‍ഭത്തിലാണ്. 1953 ലെ ഖാദിയാനി വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച ലാഹോര്‍ കോടതി അന്വേഷണ റിപ്പോര്‍ട്ടില്‍, മൗദൂദിയുടേതെന്ന് പറയപ്പെടുന്ന ഒരു ഉദ്ധരണി എടുത്ത് ചേര്‍ത്തിരുന്നു. കോടതി രേഖപ്രകാരം, മൗദൂദിയോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നു; ''പാകിസ്താനില്‍ ഇസ്‌ലാമിക ഗവണ്‍മെന്റ് വേണമെന്ന് താങ്കള്‍ പറയുമ്പോള്‍, ഇന്ത്യയില്‍ ഹിന്ദുക്കള്‍ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഭരണഘടനയുണ്ടാക്കുന്നത് താങ്കള്‍ക്ക് അനുവദിക്കാന്‍ കഴിയുമോ?'' അതിന് മൗദൂദി ഇങ്ങനെ മറുപടി പറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്: ''അവിടെയുള്ള ഭരണകൂടം ഇന്ത്യന്‍ മുസ്‌ലിംകളെ ശൂദ്രരായോ (താഴ്ന്ന ജാതി) മ്ലേഛരായോ (തൊട്ടുകൂടാത്തവര്‍) കണക്കാക്കുകയോ അവരുടെ മേല്‍ മനുവിന്റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയോ ഭരണതലങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തി അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്താല്‍ ഞാനതിന് എതിര് നില്‍ക്കുകയില്ല. കാരണം അത്തരമൊരു അവസ്ഥ ഇന്ത്യയില്‍ നേരത്തെ നിലനില്‍ക്കുന്നുണ്ട്.''4 തന്റെ സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ ജാഗ്രതയോടെ ഇടപെടുന്ന ഒരാള്‍ ഇത്രക്കും ബീഭത്‌സമായ ഒരു പ്രസ്താവന നടത്തുമോ? എന്നാല്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്ന് ഒരു കത്തില്‍ മൗലാനാ മൗദൂദി എഴുതിയിട്ടുണ്ട്. അന്ന് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പ്രഫസറായിരുന്ന ഡോ. നജാതുല്ലാ സിദ്ധീഖിക്ക് മൗദൂദി എഴുതി: ''മുനീര്‍ റിപ്പോര്‍ട്ടില്‍ എന്നിലേക്ക് ചേര്‍ത്തിപ്പറഞ്ഞ കാര്യങ്ങളില്‍ വളരെയേറെ വളച്ചൊടിക്കലുകള്‍ നടന്നിട്ടുണ്ട്. ഇന്ത്യയില്‍ മനുവിന്റെ ധര്‍മശാസ്ത്രം നടപ്പാക്കാമെന്നോ, മുസ്‌ലിംകളോട് ശൂദ്രന്മാരെപ്പോലെയോ മ്ലേഛന്മാരെപ്പോലെയോ പെരുമാറാമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഇതൊക്കെ മുനീര്‍ സാഹിബിന്റെ (ജസ്റ്റിസ്  മുഹമ്മദ് മുനീറിന്റെ) സ്വന്തം വാക്യങ്ങളാണ്. അതൊക്കെ അദ്ദേഹം എന്നിലേക്ക് ചേര്‍ത്തിപ്പറയുകയാണ്. അദ്ദേഹം എന്നോട് ചോദിച്ച ചോദ്യം ഇതായിരുന്നു: 'ഇവിടെ ഒരു ഇസ്‌ലാമിക ഭരണം വേണമെന്ന് പറയുമ്പോള്‍, ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് മേല്‍ മനുവിന്റെ ധര്‍മശാസ്ത്രം നടപ്പാക്കുന്ന ഒരു ഹിന്ദു ഗവണ്‍മെന്റിനെ നിങ്ങള്‍ അംഗീകരിക്കുമോ?' ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ മറുപടി ഇതാണ്: എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് അവരാണ്. എന്ത് രീതി സ്വീകരിക്കണം എന്ന് അവര്‍ നമ്മോട് അഭിപ്രായം ചോദിക്കുകയില്ല. അതുപോലെ നമ്മള്‍ അവസരം ലഭിക്കുമ്പോള്‍ നമ്മുടെ വിശ്വാസ പ്രമാണമനുസരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിലെ ഹിന്ദുക്കള്‍ അവര്‍ ഉദ്ദേശിക്കുന്ന വിധത്തിലാവും പ്രവര്‍ത്തിക്കുക.''5

ഈ ലേഖകന്‍ 1970 മുതല്‍ ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ഒരു വിദ്യാര്‍ഥിയാണ്. ദൗര്‍ഭാഗ്യവശാല്‍, മൗദൂദി നടത്തിയതായി ആരോപിക്കപ്പെടുന്ന ഈ പ്രസ്താവനയെക്കുറിച്ച് വിശദീകരണങ്ങളൊന്നും എനിക്കെവിടെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. മുനീര്‍ റിപ്പോര്‍ട്ടിനെ വിശദമായി നിരൂപണ വിധേയമാക്കുന്ന പ്രഫ. ഖുര്‍ശിദ് അഹ്മദിന്റെ പുസ്തകത്തിലും ഈ വിഷയം ചര്‍ച്ച ചെയ്യുന്നില്ല.6 അത്ഭുതകരമെന്ന് പറയട്ടെ, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ കൃതികളും ഈ വിഷയത്തില്‍ നിശബ്ദമാണ്. ഡോ. നജാതുല്ലാ സിദ്ദീഖിക്ക് മൗലാനാ മൗദൂദി അയച്ച കത്ത് പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ്, ജസ്റ്റിസ് മുനീര്‍ ആരോപിച്ചത് പോലുള്ള ഒരു പ്രസ്താവന മൗദൂദി നടത്തിയിട്ടില്ലെന്ന് വ്യക്തമായത്. 

(അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വാഹനാപകടത്തില്‍ മരണമടഞ്ഞ ഉമര്‍ ഖാലിദി (1953-2010) 'ഹൈദരാബാദിന്റെ ചരിത്രകാരന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹം എഴുതിയ Khaki and Ethnic Violence in India എന്ന പുസ്തകം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അദ്ദേഹത്തിന്റെ Mawlana Mawdudi and the Future Political Order in British India എന്ന പ്രബന്ധത്തിന്റെ സംഗ്രഹ വിവര്‍ത്തനമാണിത്.)

1. സയ്യിദ് വാലി റസ നസ്വ്‌റിന്റെ Vanguard of Islamic Revolution: The Jamaa't-i Islami of Pakistan (Berkeley: University of California Press, 1995), ഫ്രഡറിക് ഗാരെയുടെ The Political Islam in the Indian Subcontinent: The Jama'at-i Islami (New Delhi: Manoher 2001) എന്നിവ ഉദാഹരണം.

2. തൊള്ളായിരത്തി മുപ്പതുകളിലെയും നാല്‍പതുകളിലെയും പത്രപ്രവര്‍ത്തകരും പണ്ഡിതന്മാരും ആക്ടിവിസ്റ്റുകളും മുന്നോട്ട് വെച്ച നിര്‍ദേശങ്ങളോട് സാമ്യമുണ്ട് മൗദൂദിയുടെ ഈ ആശയങ്ങള്‍ക്ക്. കെ.കെ അസീസ് രചിച്ച A History of the Ideas of Pakistan, 2 Vols (Lahore: Vanguard, 1987-88) കാണുക.

3. സ്വതന്ത്ര ഇന്ത്യയില്‍ ഹൈദരാബാദിന്റെ ഭാവിയെക്കുറിച്ച മൗദൂദിയുടെ വീക്ഷണങ്ങള്‍ ഉമര്‍ ഖാലിദി എഴുതിയ Maulana Mawdudi and Hyderabad എന്ന പ്രബന്ധത്തില്‍ (Islamic Studies, Islamabad, Pakistan, Spring 2002 P. 35-68) വായിക്കാം.

4. Report of the Court of Inquiry....... Enquire into the Punjab Disturbances of 1953 (Lahore: Superintendent of Government Printing, 1954). മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നാണ് ഇത് പരക്കെ അറിയപ്പെടുന്നത്. പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായിരുന്നു മുഹമ്മദ് മുനീര്‍.

5. Mawlana Mawdudi to Muhammad Najath Allah Siddiqi, August 20, 1962, Maashiyat aur Adab: Khutut ke Aine Main, 33-34, edited by Muhammad Najat Allah Siddiqi (Aligarh: Educational Book House, 2000).

6. Kurshid Ahmad, An Analysis of the Munir Report: A Critical Study of the Punjab Disturbances Inquiry Report (Karachi: Jamaat-i Islami Publications, 1956).


Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് /സൂറ-21 /42-46
എ.വൈ.ആര്‍