Prabodhanm Weekly

Pages

Search

2014 നവംബര്‍ 14

ആഡംബര വിവാഹങ്ങള്‍ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്

ജമാലുദ്ദീന്‍ പാലേരി

ആഡംബര വിവാഹങ്ങള്‍ 
ബഹിഷ്‌കരിക്കുകയാണ് വേണ്ടത്

വിവാഹധൂര്‍ത്തിനെതിരെ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ കൂട്ടായെടുത്ത തീരുമാനങ്ങള്‍ (ലക്കം 20) വായിക്കുകയുണ്ടായി. തികച്ചും ശ്ലാഘനീയവും സ്വാഗതാര്‍ഹവുമാണവ. പക്ഷേ, അതെത്രത്തോളം പ്രാവര്‍ത്തികമാവുമെന്നാണ് നാം കണ്ടറിയേണ്ടത്. പ്രസ്തുത നിര്‍ദേശങ്ങള്‍ പാലിക്കാത്ത കല്യാണങ്ങളില്‍നിന്ന് പണ്ഡിതന്മാരും ഇമാമുമാരും വിട്ടുനില്‍ക്കണം. പക്ഷേ, ഇത്തരമൊരു നിര്‍ദേശം കരട് രേഖയില്‍ കണ്ടില്ല.

'സ്ത്രീധനം വാങ്ങി നടത്തുന്ന കല്യാണത്തിന് ക്ഷണിക്കരുത്' എന്ന് വീടിന്റെ പ്രവേശന കവാടത്തില്‍ എഴുതിവെച്ച മര്‍ഹൂം പ്രഫ. വി. മുഹമ്മദ് സാഹിബിനെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ വരികയാണ്. അദ്ദേഹത്തിന്റെ ഖുത്വ്ബയും ക്ലാസ്സുമെല്ലാം അത്തരത്തിലുള്ളവയായിരുന്നു. മാത്രവുമല്ല, പരിചയമുള്ളവരോട് ഇക്കാര്യം ഉണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് വി.എമ്മിനെ സ്മരിച്ചു കൊണ്ട് ചന്ദ്രികയില്‍ ഇങ്ങനെ എഴുതുകയുണ്ടായി: ''എന്റെ രണ്ടാമത്തെ മകന് വിവാഹാന്വേഷണം നടത്തുമ്പോള്‍ മുഹമ്മദ് സാഹിബ് പറഞ്ഞു: 'വധുവിനെ ഞാന്‍ കണ്ടു വെച്ചിട്ടുണ്ട്. ഒരു കണ്ടീഷന്‍ മാത്രം. വിവാഹച്ചടങ്ങ് ലളിതമായിരിക്കണം.' അദ്ദേഹം തന്നെയാണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചതും.'' ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കാന്‍ പണ്ഡിതന്മാര്‍ക്കും ഇമാമുമാര്‍ക്കും സാധിക്കേണ്ടതുണ്ട്. ഉപദേശങ്ങളും നിര്‍ദേശങ്ങളും പുറപ്പെടുവിച്ചാല്‍ മാത്രം പോരാ, അത് പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കാന്‍ കൂടി കഴിയണം.

ഈ കൂട്ടായ്മക്ക് ശേഷം നടന്ന നാല് എം.എല്‍.എമാരുടെ മക്കളുടെ കല്യാണം അതീവ ലളിതമായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അനുകരണീയമായ ഈ മാതൃക മറ്റുള്ളവര്‍ക്കും സ്വീകരിക്കാവുന്നതാണ്.

ജമാലുദ്ദീന്‍ പാലേരി

നന്മയുടെ പൂമരം

ബ്ദുല്‍ അഹദ് തങ്ങളുടെ വിയോഗത്തോടെ നന്മയുടെ ഒരു പൂമരമാണ് അരങ്ങൊഴിഞ്ഞത്. പൊതുജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഒരു പൂമരമായിരുന്നെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം അദ്ദേഹം ഒരു വടവൃക്ഷമായിരുന്നു. അനേകായിരം പഥികര്‍ക്ക് ആ വടവൃക്ഷം തണല്‍ വിരിക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദോഹ സന്ദര്‍ശിച്ച തങ്ങളെ താമസ സ്ഥലത്ത് ചെന്ന് കണ്ടതോര്‍ക്കുന്നു. മുന്‍ പരിചയമില്ലാത്ത എന്നെ മകന്‍ ഹമീദുദ്ദീന്‍ ഖലീല്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ചിരപരിചിതനെപ്പോലെ ദീര്‍ഘനേരം സംസാരിച്ചിരിക്കാന്‍ തങ്ങള്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. എത്ര ചെറിയവരോടും അടുക്കാനും ഇടപഴകാനും തങ്ങള്‍ കാണിച്ച താല്‍പര്യം നേതാക്കള്‍ക്കും അനുയായികള്‍ക്കും ഒരുപോലെ മാതൃകയാണ്.

സുബൈര്‍ കുന്ദമംഗലം, ദോഹ

ഖുര്‍ആനെക്കുറിച്ച എല്ലാ എഴുത്തും 
അനുഭൂതിദായകമാണ്

പ്രബോധനം ലക്കം 2872-ല്‍ നിദാ ലുലു കെ.ജി എഴുതിയ 'തര്‍ത്തീല്‍ ഒരു ആത്മീയ ആസ്വാദനമാണ്' എന്ന ലേഖനം മികവുറ്റതായിരുന്നു. പരിശുദ്ധ ഖുര്‍ആനെക്കുറിച്ചുള്ള എല്ലാ എഴുത്തും വായനയും അനുഭൂതിദായകമാണ്. ലേഖനം വായിക്കുമ്പോള്‍ ഖുര്‍ആന്‍ ആകുന്ന മധുരചഷകം ആവോളം മൊത്തിക്കുടിക്കാനുള്ള ഒരു വെമ്പല്‍ അനുഭവപ്പെടുന്നു. ഖുര്‍ആന്‍ പാരായണത്തിന്റെ നിയമങ്ങള്‍ തത്ത്വത്തില്‍ പഠിച്ചവര്‍ പോലും പദപ്രയോഗത്തില്‍ അത് പാലിക്കാന്‍ ശ്രമിക്കാറില്ല. അക്ഷരങ്ങളെ അലക്ഷ്യമായി ചേര്‍ത്ത് 'പറഞ്ഞുപോകുന്ന', 'പാടിപ്പോകുന്ന' അലസ പാരായണക്കാരും പള്ളി ഇമാമുമാരില്‍ പോലുമുണ്ട്. 'ഭംഗിയായി ഖുര്‍ആന്‍ പാരായണം ചെയ്യാത്തവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന നബിവചനം എല്ലാ പാരായണക്കാരും സഗൗരവം പരിഗണിക്കേണ്ടതാണ്. തജ്‌വീദ് വിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും മാത്രമല്ല, പാലിക്കാനും കൂടിയുള്ളതാണ്. ലേഖനം പഠനാര്‍ഹവും ആസ്വാദ്യവുമായിരുന്നു.

നാസര്‍ കാരക്കാട്

'അതെ അവരിവിടെ എത്തിയിട്ടുണ്ട് '

1979-80 കാലത്താണ്  പ്രസ്ഥാനവുമായി അടുക്കുന്നത്. അന്നു മുതല്‍ തന്നെ കുടുംബ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ പരീക്ഷണങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നു. പ്രതികൂല സാഹചര്യങ്ങള്‍ വല്ലാതെ ദുസ്സഹമാകുമ്പോള്‍ ബഹുമാന്യനായ ടി.കെ അബ്ദുല്ല സാഹിബിന് കത്തെഴുതും. ഉടന്‍ ലഭിക്കുന്ന മറുപടിയില്‍ നിന്ന് കിട്ടുന്ന ആശ്വാസ വാക്കുകള്‍ മനസ്സിന് സമാധാനം നല്‍കും.

ഒരിക്കല്‍ കിട്ടിയ ടി.കെയുടെ മറുപടിയില്‍, 'പ്രാസ്ഥാനിക ആവശ്യത്തിന് ദല്‍ഹിയില്‍ പോയിരുന്നതിനാല്‍ വൈകിയാണ് കത്ത് ലഭിച്ചതും മറുപടി അയക്കാന്‍ കഴിഞ്ഞതും' എന്ന് സൂചിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

ബി.എഡിന് ഫാറൂഖ് കോളേജില്‍ ചേര്‍ന്നപ്പോള്‍ ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ താല്‍ക്കാലിക സൗകര്യം കിട്ടുന്നതിന് വേണ്ടി അബ്ദുല്‍ അഹദ് തങ്ങള്‍ മുഖേന ബന്ധപ്പെട്ടിരുന്നു. ശ്രമിക്കാം എന്നും യൂത്ത് സെന്ററില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും തങ്ങള്‍ പറഞ്ഞു.  കോളേജ് തുറക്കുന്ന തലേന്ന് യൂത്ത് സെന്ററില്‍ എത്തി. നേരത്തെ ലഭിച്ചിരുന്ന കത്ത് കാണിച്ചു. തത്സമയം ഒരു ഫോണ്‍ വന്നപ്പോള്‍ റിസപ്ഷണിസ്റ്റ് സംസാരിച്ചു. 'അതെ അവരിവിടെ എത്തിയിട്ടുണ്ട്.' എന്നു പയുന്നത് കേട്ടു. ഫോണ്‍ വെച്ച ശേഷം 'നിങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ടോ എന്ന് അബ്ദുല്‍ അഹദ് തങ്ങള്‍ വിളിച്ചു ചോദിച്ചതാണ്' എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു. എന്തുമാത്രം ജാഗ്രത! കൃത്യത!! മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച കാര്യത്തില്‍ പോലും സമയനിഷ്ഠ പാലിച്ചുള്ള തങ്ങളുടെ ഇടപെടല്‍ ഞങ്ങളില്‍ വിസ്മയമേറ്റി.

സി.കെ.എം മാറഞ്ചേരി

ഹൈക്കു കവിതകള്‍ കുറുംകവിതകളാവാതിരിക്കട്ടെ

ക്കം 2865-ലെ ഹൈക്കു കവിതകള്‍  വായിച്ചപ്പോള്‍ ഹൈക്കു എന്ന തികഞ്ഞ ജാപ്പനീസ് സങ്കേതത്തെക്കുറിച്ച് അല്‍പം പറയണമെന്ന് തോന്നി.

ഹൈക്കു  ജാപ്പനീസ് പ്രകൃതിയുമായും അവരുടെ സാമൂഹിക (പാരമ്പര്യ) ക്രമങ്ങളുമായും ഇഴുകിച്ചേര്‍ന്ന് കിടക്കുന്ന ഒന്നാണ്. ജാപ്പനീസ് ഭാഷയില്‍ നിന്ന് അതിനെ ആംഗലേയത്തിലേക്കും അവിടെ നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റം നടത്തുകയാണ് ഇപ്പോഴുള്ള രീതി.

ബാഷോം ഇസ്സ, ബുസോന്‍ ഉള്‍പ്പെടെയുള്ള ആചാര്യന്മാര്‍ തുടര്‍ന്ന ഹൈക്കു പാരമ്പര്യത്തില്‍ പിറന്ന പോലെയുള്ള ഹൈക്കു കവിതകള്‍ മലയാളത്തില്‍ നമ്മുടെ സാമൂഹിക, ജൈവ പരിസ്ഥിതിയില്‍ നിന്ന് കൊണ്ട്, ജാപ്പനീസ് ചിട്ടകള്‍ പാലിച്ച് എഴുതുക സാധ്യമല്ല. കവിതയുടെ വരികളിലെ നിയമക്രമം അല്ല പറഞ്ഞുവരുന്നത്. അതിലെ ഭാവവും സ്വഭാവവും ആണ്.

ഈ പറഞ്ഞ കവികള്‍ എല്ലാവരും തന്നെ പ്രകൃതിയെ ഉപാസിച്ച് തന്നെയാണ് മിക്കവാറും എഴുതിയിട്ടുള്ളത്. ഇനി  ഹൈക്കു നിയമങ്ങള്‍  നോക്കിയാലോ, അവിടെയും വിഘാതങ്ങളുണ്ട് നമുക്കവ മലയാളത്തിലാക്കാന്‍. 

5 7 5  എന്ന ഘടന ആണ് എപ്പോഴും പ്രശ്‌നം.  

ഉദാഹരണത്തിന് ഏറ്റവും ശ്രദ്ധേയമായ Old Pond ഹൈകു എടുക്കാം.

Furuike ya 
kawazu tobikomu 
mizu no oto ( ജാപ്പനീസ് ഭാഷയില്‍)
Basho എന്നാണ് മൂലം. 
ഇതിനെ താഴെ കൊടുത്ത പോലെ ഇങ്ങനെ പട്ടിക തിരിച്ചാല്‍, Fu-ru i-ke ya,
ka-wa-zu to-bi-ko-mu  
mi-zu no o-to ( ജാപ്പനീസ് ഭാഷയില്‍) 5 7 5 രൂപം ആയി!
ഇംഗ്ലീഷ് പരിഭാഷ നോക്കുക.
The old pond
a frog jumps in,
sound of water.

ഇതില്‍ 5 7 5 നിയമം  കണ്ടെത്താന്‍ കഴിയുന്നതല്ല. ഇവിടെയാണ് ജാപ്പനീസ് ഭാഷ ഇംഗ്ലീഷുമായി സമവായത്തില്‍ എത്താത്തത്. അപ്പോള്‍ പിന്നെ അതിനേക്കാള്‍ ബുദ്ധിമുട്ടാണ് മലയാളത്തില്‍ ഈ നിയമം നിലനിര്‍ത്താന്‍. 

ഹൈക്കു എന്നത് കുറച്ചു എളുപ്പമാക്കിയാല്‍, ഹൈക്കുവില്‍ ഉള്ള മൂന്നു വരികളിലെ ആദ്യ രണ്ടു വരികളും ഒരു വിഷയം കാഴ്ച വെക്കുന്നു. ഇവയോട് ബന്ധമില്ലാത്ത മറ്റൊരു ബിംബമാണ് മൂന്നാം വരിയില്‍ വരേണ്ടത്. എന്നാലോ, ആദ്യ രണ്ടു വരിയും വായിച്ചു, മനനം ചെയ്യുന്ന ഒരാള്‍ക്ക് മൂന്നാം വരിയുടെ വായന ഒരു ആഹാ അനുഭവം നല്‍കണം. പരോക്ഷമായി ആദ്യ പാദങ്ങളെ ഈ മൂന്നാം വരിയുമായി കൂട്ടിയിണക്കുമ്പോള്‍ ലഭിക്കുന്ന ഒരു അനുഭൂതി ഉണ്ടാവണം. ഹൈക്കു വര്‍ത്തമാനകാലത്തിലാണ് കൂടുതലും വിരിയുക. 

ഞാനൊരു ഹൈക്കു ആസ്വാദകന്‍ മാത്രമാണ്,  ഹൈക്കു എന്ത് എന്ന് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഒരാള്‍... ഏതൊക്കെ ഹൈക്കു, ഏതൊക്കെ കുറും കവിത എന്നൊന്നും തരം തിരിക്കുക വയ്യ. എന്നാല്‍, ഹൈക്കു എന്ന പേരില്‍ എഴുതുമ്പോള്‍ എന്താണ് ഹൈക്കു എന്ന സാമാന്യ ബോധം ഉണ്ടാകുന്നത് ഈ സങ്കേതത്തെ കൂടുതല്‍ അടുത്തറിയുന്നതിനും വായനക്കാരന്  താന്‍ ഹൈക്കു വായിക്കുന്നു എന്ന ബോധ്യം ഉണ്ടാകുന്നതിനും സഹായകമാണ്.

ഹൈക്കു ഒരു സെന്‍ ധ്യാനം തന്നെ. ചിന്തയില്‍ ആഴ്ന്നു, വിരിയും തോറും തേനൂറുന്ന ഒരു പൂവ്. ഒറ്റയടിക്ക് അത് ഇറുത്തു കൂടാ! സൗരഭ്യം മുഴുവന്‍ നമ്മില്‍ അലിയും വരെ അത് വിടര്‍ന്നു  നില്‍ക്കട്ടെ!!

സോണി ജോസ് വേലൂക്കാരന്‍

മുസ്‌ലിം സമൂഹത്തിലെ വിവാഹധൂര്‍ത്തിനെതിരെ സംഘടനാ നേതാക്കള്‍ ഒരുമിച്ചിരുന്ന് പ്രായോഗിക നിര്‍ദേശങ്ങള്‍ മഹല്ലുകള്‍ക്ക് സമര്‍പ്പിച്ചത് സ്വാഗതാര്‍ഹമാണ്. ലാളിത്യമാകട്ടെ മുസ്‌ലിം സമൂഹത്തിന്റെ മുഖമുദ്ര!

അബ്ദുല്‍ മലിക് മുടിക്കല്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് /സൂറ-21 /42-46
എ.വൈ.ആര്‍