Prabodhanm Weekly

Pages

Search

2014 നവംബര്‍ 14

ഖുര്‍ആന്‍ പഠനത്തിനൊരു എളുപ്പവഴി

ഖലീല്‍ /പുസ്തകം

         വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് സവിശേഷമായ സജീവത കൈവന്ന കാലമാണിത്. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കുകയും ഖുര്‍ആന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങള്‍ മലയാളക്കരക്ക് മനസ്സിലായിത്തുടങ്ങിയത്. അടുത്ത ഘട്ടത്തില്‍, പ്രാദേശിക തലങ്ങളില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളും ലേണിംഗ് സ്‌കൂളുകളും ആരംഭിച്ചതോടെ ഖുര്‍ആന്‍ പഠനം ഒരു പരിധിവരെ വ്യാപകവും വ്യവസ്ഥാപിതവുമായി. കേരളീയ മുസ്‌ലിംകളുടെ ഭൂതകാലം അറിയുന്നവര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്.

സാങ്കേതിക വിദ്യകളുടെ അഭൂതപൂര്‍വമായ വളര്‍ച്ച ഖുര്‍ആന്‍ പഠനത്തിന് പുതുവഴികള്‍ തുറന്നു. സി.ഡികളില്‍ തുടങ്ങി സ്മാര്‍ട്ട് ഫോണുകളിലും ടാബുകളിലും ഉപയോഗിക്കാവുന്ന ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ വരെ ഇന്ന് ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും ലഭ്യമാണ്. ഈ രംഗത്ത് പ്രയോജനകരമായ പുതിയ കാല്‍വെപ്പാണ്, 'ഖുര്‍ആന്‍ പഠനത്തിനൊരു എളുപ്പവഴി' എന്ന പഠനപദ്ധതി. കുറഞ്ഞ കാലം കൊണ്ട് ഖുര്‍ആന്റെ അര്‍ഥം പഠിക്കാനുതകുന്ന ലളിതവും ഫലപ്രദവുമായ മാര്‍ഗമാണിത്.

സൂറഃ അല്‍ ഫാത്തിഹയിലെയും അവസാനത്തെ 37 അധ്യായങ്ങളിലെയും പദങ്ങളുടെയും ആയത്തുകളുടെയും അര്‍ഥവും അറബി ഭാഷയുടെ അടിസ്ഥാന വ്യാകരണ നിയമങ്ങളുമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ഖുര്‍ആന്‍ ഈസ് ഈസി' എന്ന പേരില്‍ തയാറാക്കിയിട്ടുള്ള കിറ്റില്‍ ഇതു സംബന്ധിച്ച ഓഡിയോ സി.ഡി, ടെക്സ്റ്റ് ബുക്, പവര്‍ പോയിന്റ് പ്രസന്റേഷന്‍, വര്‍ക് ബുക്, പോകറ്റ് ഗൈഡ്, കലണ്ടര്‍ എന്നിവയാണുള്ളത്. അറബിഭാഷ സാമാന്യമായി എഴുതാനും വായിക്കാനുമറിയുന്ന ആര്‍ക്കും വിശുദ്ധ ഖുര്‍ആന്‍ മികച്ച രീതിയില്‍ എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുംവിധത്തിലാണ് പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഹൈദരാബാദിലെ Understand Quran Academy ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചതും 25-ഓളം ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതുമായ, ഡോ. അബ്ദുല്‍ അസീസ് അബ്ദുര്‍റഹ്മാന്റെ Understand Quran; The Easy Way എന്ന പഠന പദ്ധതിയുടെ പരിഷ്‌കരിച്ച മലയാളം ഭാഷാന്തരമാണ് 'ഖുര്‍ആന്‍ പഠനത്തിനൊരു എളുപ്പവഴി' എന്ന പേരില്‍ എറണാകുളത്തെ 'നിയോ ലൈന്‍ ഇന്‍ഫോ സൊല്യൂഷന്‍സ്' പുറത്തിറക്കിയിരിക്കുന്നത്. ഇരുനൂറ് മണിക്കൂര്‍ ക്ലാസ് കൊണ്ട് അര്‍ഥം പഠിക്കാവുന്ന വിധം, സൂറഃ അല്‍ ഫാത്തിഹയും അവസാനത്തെ 37 അധ്യായങ്ങളും അടങ്ങുന്ന ഭാഗം 104 ചെറിയ യൂനിറ്റുകളായി തിരിച്ചിരിക്കുന്നു. ഓരോ യൂനിറ്റിലും വാക്കര്‍ഥം, ആയത്തിന്റെ പൂര്‍ണാര്‍ഥം, ഭാഷാ പരിചയം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. 

വാക്കര്‍ഥം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ പൊതുവെ ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഉണ്ടാകാറുള്ള പ്രയാസം ഈ പാഠ്യപദ്ധതി പരിഹരിക്കുന്നു. പദങ്ങളുടെ ആവര്‍ത്തനമാണ് ഖുര്‍ആന്റെ ഒരു പ്രത്യേകത. ഇത് മുമ്പില്‍ വെച്ച് തയാറാക്കിയ ഭാഷാ പരിചയം, പഠനം കൂടുതല്‍ എളുപ്പവും അടിസ്ഥാന സ്വഭാവമുള്ളതുമാക്കി മാറ്റുന്നു. ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന മൂന്നക്ഷരങ്ങളുള്ള അടിസ്ഥാന ക്രിയകളും അവയെ ആധാരമാക്കിയുള്ള അധികാക്ഷര ക്രിയകളുമടക്കം 17 ഗ്രൂപ്പുകളിലായി നൂറിലധികം ക്രിയകളും അവയുടെ 21 രൂപഭേദങ്ങളും പഠനവിധേയമാക്കുന്നു. ഇതോടെ പഠിതാവിന് ഖുര്‍ആനിലെ 80 ശതമാനത്തോളം പദങ്ങള്‍ മനസ്സിലാക്കാം. ശേഷിക്കുന്ന പദങ്ങള്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി പാരായണം ചെയ്യുന്നതിനിടക്കുതന്നെ പഠിച്ചുപോകാവുന്ന രീതിയില്‍ ആവര്‍ത്തന രഹിതമായി അര്‍ഥസഹിതം ക്രോഡീകരിച്ചിട്ടുള്ള സംക്ഷിപ്ത ഖുര്‍ആന്‍ നിഘണ്ടുവാണ് കോഴ്‌സിന്റെ അവസാന ഘട്ടം.

ഒരേ പാഠഭാഗത്തിനുതന്നെ ബഹുവിധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്നത് പഠനം കാര്യക്ഷമമാക്കാന്‍ സഹായകമാകും. ഓഡിയോ സിഡിയിലെ അധ്യാപകന്റെ നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി ശ്രദ്ധിച്ചുകൊണ്ടുവേണം ഓരോ ഭാഗവും പഠിക്കാന്‍. ഇത് ഒരു അധ്യാപകന്റെ സാന്നിധ്യം അനുഭവപ്പെടാന്‍ സഹായിക്കുന്നു. പാഠ്യ കിറ്റിലെ പ്രധാന അവലംബം ടെക്സ്റ്റ് ബുക്കാണ്. വാക്കര്‍ഥവും ആയത്തുകളുടെ അര്‍ഥവും ഭാഷാ പരിചയവുമാണ് ഇതിലുള്ളത്. പാഠഭാഗങ്ങളും അവയുടെ കൂടുതല്‍ വിശദീകരണങ്ങളും അടങ്ങുന്നതാണ് പവര്‍ പോയിന്റ് പ്രസന്റേഷന്‍. പി.പി.എസ്, പി.ഡി.എഫ് ഫോര്‍മാറ്റുകളിലായി ഇവ സി.ഡിയില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പുതിയ തലമുറക്ക് ഖുര്‍ആന്‍ പഠനം എളുപ്പമാക്കാന്‍ ഇതുവഴി സാധിക്കും. ചോദ്യങ്ങളും അഭ്യാസങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വര്‍ക്ക് ബുക്ക്. ഉത്തരങ്ങള്‍ പൂരിപ്പിക്കാനും പരിശീലനം നടത്താനും തന്റെ പഠന നിലവാരം സ്വയം മനസ്സിലാക്കാനും അപാകതകള്‍ തിരുത്താനും ഇത് സഹായിക്കുന്നു. പാഠഭാഗങ്ങളിലെ വാക്കര്‍ഥങ്ങള്‍ ഏതു സമയത്തും പഠിക്കാന്‍ കഴിയുംവിധം കൊണ്ടുനടക്കാന്‍ സാധിക്കുന്ന പോക്കറ്റ് ഗൈഡും, വീട്ടിലോ ഓഫീസിലോ ക്ലാസ് റൂമിലോ ശ്രദ്ധയാകര്‍ഷിക്കുംവിധം തൂക്കിയിടാവുന്ന കലണ്ടറും കിറ്റിലുണ്ട്. ഓരോ പാഠഭാഗത്തിന്റെ അര്‍ഥം അടങ്ങിയ കലണ്ടര്‍, ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധ നിലനിര്‍ത്താന്‍ സഹായകമാണ്. ദിവസവും ഒന്നോ രണ്ടോ വാക്കുകള്‍ എന്ന വിധത്തില്‍ ആഴ്ചയില്‍ ഒരു യൂനിറ്റ് എന്ന ക്രമം പഠനഭാരം ഇല്ലാതാക്കി സാധാരണക്കാര്‍ക്കും തുടക്കക്കാര്‍ക്കും ഖുര്‍ആന്‍ എളുപ്പവും ഹൃദ്യവുമാക്കുന്നു.

ആകര്‍ഷകമായി രൂപകല്‍പന ചെയ്ത, മികച്ച നിലവാരമുള്ള പേപ്പറില്‍ അച്ചടിച്ചവയാണ് പുസ്തകങ്ങളും കലണ്ടറും. ലോക പ്രശസ്തമായ ഈ പാഠ്യപദ്ധതി മലയാളത്തില്‍ ക്രോഡീകരിച്ചിരിക്കുന്നത് തിരുവനന്തപുരം സ്വദേശി നുജൂം അബ്ദുല്‍ വാഹിദ് ഓടയം ആണ്. എറണാകുളം കേന്ദ്രീകരിച്ച് ഒരു പറ്റം യുവാക്കള്‍ രൂപം നല്‍കിയ 'ഇസ്‌ലാം ഇസ് ഈസി' എന്ന ബൃഹദ്പദ്ധതിയുടെ തുടക്കമാണ് ഖുര്‍ആന്‍ ഇസ് ഈസി എന്നത് പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. 

പ്രസാധകരുടെ വിലാസം

Neoline Info Solution Pvt Ltd
XVII/296 E. Manthrakkal Jn. Thaikkattukara P.O
Aluva, Ernakulam- 683106. Ph: 9961952902
Email: [email protected]  www. neoline.in, www. quraniseasy.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് /സൂറ-21 /42-46
എ.വൈ.ആര്‍