ഒലിവു ചില്ലകള്‍ വീണ്ടും തളിര്‍ക്കുന്നുവോ...?
ഇറാഖിലെയും സിറിയയിലെയും രാഷ്ട്രീയ പ്രതിസന്ധികളുടെ വാര്‍ത്താ പ്രളയത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും മുങ്ങിപ്പോയ ഫലസ്ത്വീന്‍ വിഷയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര മേഖലയില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. ഫലസ്ത്വീനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കുമെന്ന സ്വീഡന്റെ പ്രഖ്യാപനവും സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രമെന്ന ആവശ്യത്തിന് പിന്തുണയേകാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന പ്രതീകാത്മക വോട്ടെടുപ്പും അതിനോടൊപ്പം ചേര്‍ന്ന് വന്ന ഫ്രാന്‍സിന്റെ അഭിപ്രായ പ്രകടനവുമാണ് ഫലസ്ത്വീന്‍ ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയത്. ലോകത്തിലെ തുറന്ന ജയിലായ ഗസ്സ മുനമ്പില്‍ ഇസ്രയേല്‍ കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ നരനായാട്ടിനെതിരെ രൂപപ്പെട്ട ആഗോള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും പ്രതീകാത്മകവും അനൗദ്യോഗികവുമായ ഈ ചുവടുവെപ്പുകള്‍ തീര്‍ച്ചയായും പ്രതീക്ഷയുടെ പുതിയ നാമ്പുകളാണ്.
ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ സ്വീഡന്റെ പ്രഖ്യാപനത്തിനും ബ്രിട്ടീഷ് സര്‍ക്കാറിന്റെ പ്രതീകാത്മക പ്രമേയത്തിനും ഫ്രാന്‍സിന്റെ നിലപാടുകള്‍ക്കും സാധിച്ചിട്ടുണ്ട്. ഈയിടെ സ്വീഡിഷ് പാര്‍ലമെന്റിലെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫിന്‍ ഫലസ്ത്വീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഫലസ്ത്വീനെ അംഗീകരിക്കുന്ന ആദ്യ യൂറോപ്യന്‍ യൂനിയന്‍ രാജ്യമായി സ്വീഡന്‍ മാറുകയായിരുന്നു. സമാധാനപരമായ സഹവര്‍ത്തിത്വത്തിനും നിലനില്‍പിനുമായി ഫലസ്ത്വീനും ഇസ്രയേലും രാജ്യങ്ങള്‍ രണ്ട് രാഷ്ട്രങ്ങളായി (Two State Solution) മാറുകയാണ് വേണ്ടത് എന്നാണ് സ്വീഡന്റെ അഭിപ്രായം. സ്വീഡന്റെ ധീരമായ ഈ കാല്‍വെപ്പ് തീര്‍ച്ചയായും മറ്റു രാജ്യങ്ങള്‍ക്ക് കൂടി മാതൃകയാകും. ഭാവിയില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ മാറിച്ചിന്തിക്കാന്‍ ഇത് പ്രേരണയാകും.
യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, മാള്‍ട്ട, ബള്‍ഗേറിയ, സൈപ്രസ് എന്നിവ യൂനിയനില്‍ ചേരുന്നതിന് മുമ്പ് ഫലസ്ത്വീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും യൂറോ യൂനിയന്‍ ഇതുവരെ ഫലസ്ത്വീനെ അംഗീകരിച്ചിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലാണ് സ്വീഡന്റെ പ്രഖ്യാപനം ധീരമായിത്തീരുന്നത്. 2012-ല്‍ ഫലസ്ത്വീനെ സ്വതന്ത്ര രാജ്യമായി യു.എന്‍ അംഗീകരിക്കുകയും ഔദ്യോഗിക രേഖകളില്‍ 'സ്വതന്ത്ര പരമാധികാര രാജ്യം' എന്ന് രേഖപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്. 2013 വരെ 193 യു.എന്‍ രാജ്യങ്ങള്‍ ഫലസ്ത്വീന്റെ സ്വതന്ത്ര പരമാധികാരം അംഗീകരിക്കുന്നുണ്ട്. ഇതിന് ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രതീകാത്മക പ്രമേയം നേരത്തെ പറഞ്ഞ വസ്തുതകള്‍ ഒന്നുകൂടി അടിവരയിടുന്നതായി. ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രമേയം അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 12-നെതിരെ 274 വോട്ടുകള്‍ക്കാണ് പാസ്സായത്.
പ്രമേയം തീര്‍ത്തും പ്രതീകാത്മകമായതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഈ വിഷയത്തിലുള്ള നിലപാടുകളെയും കാഴ്ചപ്പാടുകളെയും യാതൊരു തരത്തിലും ഇത് ബാധിക്കുകയില്ല. എന്നാല്‍, ചില ചലനങ്ങളും പ്രതിഫലനങ്ങളും ഇതുവഴി സാധ്യമാകുമെന്നുറപ്പാണ്. 2012-ല്‍ യു.എന്‍ അസംബ്ലിയില്‍ ഫലസ്ത്വീന് നിരീക്ഷക രാഷ്ട്രം എന്ന പദവി ലഭിക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന രാഷ്ട്രമാണ് ബ്രിട്ടന്‍. സ്വീഡനെപ്പോലെ പരസ്യപ്രഖ്യാപനത്തിനൊന്നും മുതിര്‍ന്നില്ലെങ്കിലും ഫ്രാന്‍സും ഫലസ്ത്വീന്‍ വിഷയത്തില്‍ ഏതാണ്ട് അനുകൂലമായ നിലപാടുമായാണ് രംഗത്തെത്തിയത്. സമയം സമാഗതമാകുമ്പോള്‍ ഫലസ്ത്വീനെ അംഗീകരിക്കാന്‍ ഫ്രാന്‍സ് മടികാണിക്കുകയില്ലെന്ന് ബന്ധപ്പെട്ടവര്‍ പാരീസില്‍ വ്യക്തമാക്കുകയുണ്ടായി. പാരീസിലെ ഫലസ്ത്വീന്‍ അംബാസഡറായ ഹായില്‍ അഅല്‍ഫഹും അഭിപ്രായപ്പെട്ടത്, ഫ്രാന്‍സിന്റെ പുരോഗമനപരമായ ഇത്തരം നീക്കങ്ങള്‍ സമാധാന കാംക്ഷികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു എന്നാണ്.
പ്രതീക്ഷിച്ചതുപോലെ ഇസ്രയേലും വിശ്വസ്ത പങ്കാളിയായ അമേരിക്കയും എതിര്‍പ്പുകളുമായി രംഗത്തെത്തുകയും നിശിത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. മേഖലയിലെ സമാധാന ശ്രമങ്ങളെ തകിടം മറിക്കാനും അപകടപ്പെടുത്താനും മാത്രമേ ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കുകയുള്ളൂ എന്നും, സ്വീഡന്റെ പ്രഖ്യാപനം ഏകപക്ഷീയമാണെന്നും ബെഞ്ചമിന്‍ നെതന്യാഹു തുറന്നടിച്ചു. സ്വീഡന്റെ അഭിപ്രായ പ്രകടനത്തിന് പിന്നില്‍ സ്വീഡനിലേക്ക് കുടിയേറിപ്പാര്‍ത്ത മുസ്‌ലിംകളുടെ സ്വാധീനമാണ് വ്യക്തമാകുന്നതെന്നും, ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ഇസ്രയേല്‍വിരുദ്ധ നിലപാടും ഇതിന് കാരണമായെന്നും സ്വീഡനിലെ മുന്‍ ഇസ്രയേലി അംബാസഡര്‍ സിവിമാസല്‍ അഭിപ്രായപ്പെടുകയുണ്ടായി. ഫലസ്ത്വീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പിനെ അനുകൂലിക്കുന്നുവെങ്കിലും അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം നീക്കങ്ങള്‍ക്ക് സമയമായിട്ടില്ല (Premature) എന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ സാക്കി പ്രതികരിച്ചത്.
ഫലസ്ത്വീന്‍ മേഖലയിലെ ആയിരം ഏക്കറില്‍ ഈയിടെ ഇസ്രയേല്‍ 2,600 അനധികൃത പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ നടത്തിയ ശ്രമങ്ങളെ ശക്തമായ ഭാഷയില്‍ യൂറോപ്യന്‍ യൂനിയന്‍ എതിര്‍ക്കുകയുണ്ടായി. ഇസ്രയേലുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ നിയന്ത്രണം, സാമ്പത്തിക ഉപരോധം, കുറ്റാരോപിതരായ ഇസ്രയേലികള്‍ക്ക് യൂറോപ്യന്‍ യൂനിയനിലേക്കുള്ള യാത്രാ നിരോധനം തുടങ്ങിയ കടുത്ത നടപടികളുടെ പ്രാരംഭ ആലോചനകള്‍ തുടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം നടപടികള്‍ വ്യക്തമാക്കുന്നത് യൂറോപ്യന്‍ യൂനിയന്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ സന്നദ്ധമാകുന്നുവെന്നാണ്. 'അമേരിക്കയല്ല സ്വീഡന്റെ രാഷ്ട്രീയ നയങ്ങള്‍ തീരുമാനിക്കുന്നത്' എന്ന സ്വീഡന്റെ അഭിപ്രായ പ്രകടനം പ്രതീക്ഷക്ക് വക നല്‍കുന്നു. മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കന്‍ കാര്‍മികത്വത്തിലുള്ള വഞ്ചനാത്മകമായ സമാധാന ശ്രമങ്ങള്‍ക്ക് പകരം, ഇനി ഒരു പക്ഷേ അംഗീകാരം ലഭിക്കാന്‍ പോകുന്നത് യൂറോപ്യന്‍ യൂനിയന്റെ പുതിയ ശ്രമങ്ങള്‍ക്കാവും. എല്ലാ പ്രശ്‌നങ്ങളിലും അങ്കിള്‍സാമിന്റെ കയ്യൊപ്പ് വേണമെന്ന അലിഖിത നിയമനത്തിന് മാര്‍ക്കറ്റില്‍ വന്‍ ഇടിവ് സംഭവിക്കുന്നതിന്റെ പ്രഥമ സൂചനയായി ഇതിനെ കാണാം.
Comments