Prabodhanm Weekly

Pages

Search

2014 നവംബര്‍ 14

തുനീഷ്യന്‍ തെരഞ്ഞെടുപ്പ് ഫലവും അന്നഹ്ദയും

ഫഹ്മി ഹുവൈദി /വിശകലനം

         കഴിഞ്ഞ ദിവസം പുറത്തുവന്ന തുനീഷ്യന്‍ തെരഞ്ഞെടുപ്പു ഫലം നിലവിലെ ഭരണകക്ഷിയായ അന്നഹ്ദക്ക് തിരിച്ചടിയാണെന്ന് നിരീക്ഷിക്കുന്നവരുണ്ടെങ്കിലും നഷ്ടപ്പെട്ടതിനേക്കാള്‍ അവര്‍ നേടി എന്നാണ് ഈ ലേഖകന്‍ വിലയിരുത്തുന്നത്. വിജയിച്ച പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും അതിനേക്കാള്‍ വിലമതിക്കുന്ന ആദരവ് നേടാന്‍ അവര്‍ക്കായി. അവര്‍ക്കുണ്ടായ ചരിത്ര നേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു തെരഞ്ഞെടുപ്പിലെ സീറ്റ് നഷ്ടം വളരെ നിസ്സാരം. ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രതിനിധീകരിച്ച് ഒരു പൗരരാഷ്ട്ര(Civil State)ത്തിനു വേണ്ടി നിലക്കൊള്ളാനും അതിനെ പ്രതിരോധിക്കാനും അതിലൂടെ തങ്ങളുടെ സ്ഥാനമുറപ്പിക്കാനും അന്നഹ്ദക്ക് സാധിച്ചു. മിതവാദ സെക്യുലര്‍ കക്ഷികളുമായി ഇടപഴകുന്നതിലും അവര്‍ വിജയിച്ചു. ജനാധിപത്യ നിയമങ്ങളെയും മൂല്യങ്ങളെയും എപ്പോഴും മുറുകെ പിടിക്കാനും അവര്‍ക്കായി. കൂടാതെ, വിപ്ലവത്തിന്റെ താല്‍പര്യങ്ങള്‍ക്കും ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും താല്‍പര്യങ്ങളേക്കാള്‍ മുന്‍ഗണന നല്‍കി മാതൃക കാട്ടുകയും ചെയ്തു അവര്‍. 

അന്നഹ്ദക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതില്‍ എനിക്ക് ആശ്വാസമാണ് തോന്നുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും രാഷ്ട്രീയ പരിചയം പാകപ്പെടുത്താനും അവര്‍ക്ക് സമയം ലഭിക്കും എന്നതും, ഇനി പറയുന്നതുമാണ് അതിനുള്ള എന്റെ ന്യായങ്ങള്‍: 

 അന്നഹ്ദ ഒന്നാമതെത്തിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നും ഫലത്തെ സ്വാധീനിക്കാന്‍ അധികാരം ദുരുപയോഗം ചെയ്‌തെന്നുമുള്ള ആരോപണം അവര്‍ വ്യാപകമായി നേരിടുമായിരുന്നു; ആരോപണം ഏറ്റുപിടിക്കാന്‍ തുനീഷ്യയിലും അറബ് ലോകത്തും മീഡിയ സജീവമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.  

 അന്നഹ്ദ വിജയിച്ചാല്‍ പിന്നെ കേള്‍ക്കുന്ന പല്ലവി ഇതായിരിക്കും: ''ഇവരുടെ ജനാധിപത്യ വിശ്വാസം ഒറ്റത്തവണത്തേക്ക് മാത്രമാണ്. അഥവാ, ഇക്കൂട്ടര്‍ അധികാരത്തിലെത്തുന്നത് വരെ മാത്രം. ഇവര്‍ വിജയിക്കുന്ന തെരഞ്ഞെടുപ്പോടെ അവസാനിക്കുന്നതാണ് ഇവരുടെ ജനാധിപത്യ വാദം.'' 

 രാഷ്ട്രീയ ഇസ്‌ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ടുവന്ന പുതിയ സഖ്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. അറബ് ലോകത്ത് നിന്ന് അതിനെ പിഴുതെറിയലാണ് ഭീകരവാദത്തിനെതിരിലുള്ള യുദ്ധത്തില്‍ ഏറ്റവും പ്രാധാനമായത് എന്ന വാദവും അവര്‍ മുന്നോട്ടു വെക്കും. അന്നഹ്ദയുടെ ഭരണം പരാജയമാണെന്ന് കാണിക്കാനും അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്ക് ശിക്ഷയായും തുനീഷ്യയുടെ മേല്‍ പലതരം സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ചെലുത്താനും അത് കാരണമായേക്കും.  

രണ്ടാമതാവാന്‍ അന്നഹ്ദ മനഃപൂര്‍വം പ്രവര്‍ത്തിച്ചു എന്നു കരുതുന്നില്ല. എന്നാല്‍ അവര്‍ പിറകോട്ടു പോയത് അവര്‍ക്കും തുനീഷ്യന്‍ ജനാധിപത്യത്തിനും ഗുണകരമാണെന്നാണ് എന്റെ വിലയിരുത്തല്‍. കൂടുതല്‍ ചര്‍ച്ചയും സൂക്ഷ്മ നിരീക്ഷണവും ആവശ്യമായ വിഷയമാണിത്. തുനീഷ്യയിലെ അന്നഹ്ദയുടെ പരീക്ഷണങ്ങള്‍ അറബ്‌നാടുകളിലെ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുമായി ചേര്‍ത്ത്‌വെച്ച് പഠിക്കേണ്ടതുണ്ട്; അറബ് വസന്തത്തില്‍ ഇസ്‌ലാമിസ്റ്റുകളുടെ പങ്ക് അവഗണിക്കാനാവാത്ത ഘടകമാണെന്നും അവരുടെ രാഷ്ട്രീയ അനുഭവങ്ങള്‍ പക്വതയാര്‍ജിക്കല്‍ നാടിന്റെ സ്ഥിരതക്ക് അനിവാര്യമാണെന്നും ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിശേഷിച്ചും. 'ഇസ്‌ലാമിക് സ്റ്റേറ്റി'(ഐ.എസ്)ന്റെ രംഗപ്രവേശവും ഖിലാഫത്ത് പ്രഖ്യാപനവും അവരുടെ കാടന്‍ പ്രവര്‍ത്തന ശൈലിയും ഇസ്‌ലാമിലേക്കാണ് ചേര്‍ക്കപ്പെടുന്നത് എന്നത് ഒരുവശത്ത് ശരി തന്നെ. എന്നാല്‍, മറുവശത്ത് അന്നഹ്ദ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാം കൂടുതല്‍ ആദരവും സ്വീകാര്യതയും നേടുന്നുണ്ട്. 

വിപ്ലവാനന്തര ഘട്ടത്തിന് ഭൂരിപക്ഷ ജനാധിപത്യം (Majority Democracy) അത്ര യോജിച്ചതല്ല എന്ന് തിരിച്ചറിഞ്ഞ്, മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കി തുനീഷ്യന്‍ രാഷ്ട്രീയ രംഗത്തെ യോജിപ്പിനായി അന്നഹ്ദ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. വിപ്ലവത്തിന്റെ പ്രയാണം നിലനിര്‍ത്തുന്നതില്‍ അന്നഹ്ദ വിജയിച്ചു എന്നതാണ് തുനീഷ്യന്‍ പരീക്ഷണത്തിന്റെ പ്രത്യേകത. മറ്റു പലേടത്തും സംഭവിച്ച മാര്‍ഗഭ്രംശവും അട്ടിമറികളും മറികടക്കാനും അവര്‍ക്ക് സാധിച്ചു. സമന്വയത്തിന്റെ ജനാധിപത്യം മുന്നോട്ടുവെച്ചതിനു പുറമെ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെ (മഖാസിദ്) രാഷ്ട്രീയ ഭൂമികയില്‍ പ്രയോഗവല്‍ക്കരിക്കാനും സാധിച്ചു എന്നതാണ് അന്നഹ്ദയുടെ വിജയം. ഇതും ആഴമുള്ള പഠനമര്‍ഹിക്കുന്നു. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ പൊതു നന്മ എന്ന തലത്തില്‍ നമ്മുടെ പരമ്പരാഗത ഇസ്‌ലാമിക ബോധനങ്ങളില്‍ വ്യവഹരിക്കാറുണ്ട്. മഖാസിദിന് പല തട്ടുകളുണ്ട്. അഞ്ച് അടിസ്ഥാന കാര്യങ്ങളുടെ സംരക്ഷണമാണ് അതിലെ ഏറ്റവും ഉയര്‍ന്ന പടിയിലുള്ളത്; അഥവാ, വിശ്വാസം, ജീവന്‍, ബുദ്ധി, കുടുംബം, സമ്പത്ത് എന്നിവയുടെ സംരക്ഷണം. ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ നല്ല വേരോട്ടമുള്ള മാലികി മദ്ഹബിന്റെ ഫിഖ്ഹില്‍ മഖാസിദിന് വലിയ സ്ഥാനമുണ്ട്.  ഇമാം ശാത്വിബിയുടെ 'മുവാഫഖാത്ത്' എന്ന ഗ്രന്ഥം ഈ വിഷയത്തിലെ പ്രധാന റഫറന്‍സാണ്. തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളില്‍ അന്നഹ്ദയുടെ താത്വികാചാര്യന്മാര്‍ക്ക് ഇസ്‌ലാമിലെ 'മഖാസിദു ശരീഅഃ' വഴികാണിച്ചു എന്നതിനാലാണ് ഇക്കാര്യം ഇവിടെ പ്രസക്തമാവുന്നത്. തുനീഷ്യന്‍ പരീക്ഷണത്തിന്റെ വിജയത്തിനായി സമുന്നത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നയിക്കപ്പെടുന്ന വരുംതലമുറയെ കുറിച്ച് സംവദിക്കാനും അവര്‍ക്ക് സാധിച്ചു. ഭരണത്തില്‍ യോജിപ്പിന്റെയും സമവായത്തിന്റെയും ശൈലി സ്വീകരിച്ചതും വിപ്ലവം അട്ടിമറിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയൊരുക്കാനുള്ള പരിശ്രമങ്ങളും ഇത്തരത്തില്‍ അവര്‍ പരിഗണിച്ച മഖാസിദിന്റെ നിദര്‍ശനങ്ങളായിരുന്നു. 

തുനീഷ്യയിലെ സമ്പന്നമായ രാഷ്ട്രീയ പരീക്ഷണം ഗവേഷണം അര്‍ഹിക്കുന്നുണ്ട്. അതിന്റെ നേട്ടങ്ങളോടൊപ്പം പരിമിതികളും വിലയിരുത്താന്‍ ഗൗരവപൂര്‍ണമായ പഠനം അനിവാര്യമാണ്. ഒരു ഭാഗത്ത് ജനാധിപത്യ പരീക്ഷണത്തിന്റെ വിജയ നിദാനങ്ങളെ കുറിച്ചറിയാനും മറുഭാഗത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രയാണത്തിന്റെ ദിശ നിര്‍ണയിക്കാനും അത് ഉപകരിച്ചേക്കും. ഈ വിഷയത്തിലെ വസ്തുനിഷ്ഠമായ സംവാദത്തിന് നിലവിലെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ല എന്നതാണ് ഏറ്റവും സങ്കടകരം. തുനീഷ്യന്‍ പരീക്ഷണത്തിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് നാം അഭിലഷിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രീയക്കാര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും മാതൃകയായി അന്നഹ്ദ മുന്നോട്ടു വെക്കുന്ന സന്ദേശം പൂര്‍ണ മനസ്സാലെ സ്വീകരിക്കാന്‍ നാം തയാറാവുക. 

വിവ: നാജി ദോഹ
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് /സൂറ-21 /42-46
എ.വൈ.ആര്‍