ചോദ്യോത്തരം
ബൈബിളിന് മാര്‍പ്പാപ്പയുടെ തിരുത്ത്
''പ്രപഞ്ചോല്‍പത്തിയെയും ജീവോല്‍ത്തിയെയും കുറിച്ച് കാലങ്ങളായുള്ള സഭയുടെ വിശ്വാസങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തിരുത്ത്. പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ആധുനിക ശാസ്ത്ര സിദ്ധാന്തമായ മഹാ വിസ്‌ഫോടനവും (ബിഗ്ബാങ് തിയറി) ജീവോല്‍പത്തി വിശദീകരിക്കുന്ന പരിണാമവാദവും ശരിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വത്തിക്കാനിലെ ശാസ്ത്ര പഠനകേന്ദ്രമായ പോണ്‍ടിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ 'പ്രപഞ്ചത്തെക്കുറിച്ച വികസിത സങ്കല്‍പങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് പോപ്പിന്റെ പ്രസ്താവന.
ആധുനിക ശാസ്ത്രലോകം ഏറെ ചര്‍ച്ച ചെയ്യുന്ന പരിണാമ സിദ്ധാന്തത്തിലും മഹാ വിസ്‌ഫോടനത്തിലും തെറ്റായി ഒന്നും തന്നെയില്ല. എന്നാല്‍, അവ ദൈവത്തെയും സൃഷ്ടിവാദത്തെയും നിരാകരിക്കുന്നില്ല. ദൈവസങ്കല്‍പത്തെ വിശദീകരിക്കാന്‍ ഈ സിദ്ധാന്തങ്ങള്‍ ആവശ്യമാണെന്നാണ് താന്‍ കരുതുന്നത്. അതേസമയം, പാരമ്പര്യമായി തുടരുന്ന ദൈവസങ്കല്‍പവും മാറേണ്ടതുണ്ട്. ഉല്‍പത്തി പുസ്തകം വായിക്കുമ്പോള്‍ നമുക്ക് തോന്നുക, ദൈവം ഒരു മജീഷ്യനാണെന്നാണ്. എന്നാല്‍, അങ്ങനെയല്ല. ദൈവം ജീവജാലങ്ങളെ സൃഷ്ടിച്ചു. പിന്നീട് അവയെ പ്രകൃതിയുടെ നിയമമനുസരിച്ച് വളര്‍ത്തി. ഇതുതന്നെയാണ് പരിണാമ സിദ്ധാന്തത്തിന്റെയും കാതല്‍. അതുകൊണ്ടുതന്നെ സൃഷ്ടിയുടെ കാരണത്തെ പരിണാമവാദം ഇല്ലാതാക്കുന്നില്ല. മഹാ വിസ്‌ഫോടനത്തിന്റെ കാര്യവും മറ്റൊന്നല്ലെന്നും അദ്ദേഹം പറഞ്ഞു'' (മാധ്യമം ദിനപത്രം 29-10-2014). പ്രതികരണം?
വി.എം റഹീം മസ്‌കത്ത്
അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെയും സുസ്ഥിര ധാര്‍മികാധ്യാപനങ്ങളെയും പോലും തിരുത്താന്‍ പുരോഹിത സഭകള്‍ക്ക് അധികാരമുണ്ടെന്നതാണ് നിലവിലെ ക്രിസ്തുമതത്തിന്റെ പ്രത്യേകത. യേശുക്രിസ്തുവിന്റെ പേരിലാണത് അറിയപ്പെടുന്നതെങ്കിലും സാക്ഷാല്‍ മറിയമിന്റെ പുത്രന്‍ യേശുവിന് ക്രിസ്തുമതത്തോടുള്ള ബന്ധം നാമമാത്രമാണെന്നതാണ് സുസ്ഥാപിത സത്യം. തന്റെ മുന്‍ഗാമികളായ എബ്രഹാമിനെയും മോശയെയും പോലെ കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസവും, മധ്യവര്‍ത്തികളോ ഇടയാളന്മാരോ ഇല്ലാതെ ഏത് മഹാ പാപിക്കും ഏകനായ ദൈവത്തോട് പ്രാര്‍ഥിക്കാനും സഹായം തേടാനുള്ള അവകാശവും, സമകാലിക ജൂതസമൂഹത്തിലെ പുരോഹിത ചൂഷണത്തില്‍ നിന്നുള്ള മോചനവും ആയിരുന്നു യേശുവിന്റെ പ്രബോധനത്തിന്റെ കാതല്‍. യേശുവിന്റെ യഥാര്‍ഥ ശിഷ്യന്മാരും ഇതേ തത്ത്വങ്ങളാണ് ഊന്നിപ്പറഞ്ഞത്. എന്നാല്‍ യേശുവിന്റെയും ശിഷ്യന്മാരുടെയും കഠിന ശത്രുവായിരുന്ന ശൗല്‍ പേരും വേഷവും മാറി പൗലോസായി, ക്രിസ്തുമതത്തിന്റെ ആത്മീയാചാര്യനായി സ്വയം അവരോധിതനായതില്‍ പിന്നെ അലകും പിടിയും മാറ്റിയ ഒരു പുതിയ മതത്തിന്റെ ഭൂമികയിലാണ് ക്രിസ്തുമതം അതിലെ എല്ലാ അവാന്തര വിഭാഗങ്ങളോടും കൂടി നിലയുറപ്പിച്ചിരിക്കുന്നത്. സി.ഇ നാലാം നൂറ്റാണ്ടില്‍ റോമാ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ ക്രിസ്തുമതം സ്വീകരിച്ചു. ബൈസാന്റിയന്‍ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ പ്രഖ്യാപിച്ചതു മുതല്‍, മുതിര്‍ന്ന പുരോഹിതന്മാരുടെ സുനഹദോസ് വിളിച്ചു ചേര്‍ത്ത് മതത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും സാധാരണയായിത്തീര്‍ന്നു. ഇന്നും ആ കീഴ്‌വഴക്കം തുടരുന്നു. ഇപ്രകാരം നടന്ന ഏറ്റവും വലിയ അട്ടിമറിയായിരുന്നു സി.ഇ 325-ല്‍ കൂടിയ നിഖയ്യ സുനഹദോസിന്റെ വിശ്വാസ പ്രമാണ പ്രഖ്യാപനം. ഏകനായ ദൈവത്തിലും അവന്റെ ഏകജാതനായ പുത്രനിലും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നും, പുത്രന്‍ ഇല്ലാതിരുന്ന ഒരു കാലവും ഇല്ലായിരുന്നു എന്നും, ഇനി ഉണ്ടാവുകയില്ലെന്നുമുള്ള വിശ്വാസം നിലവിലെ ക്രിസ്തുമതത്തിന്റെ മൗലിക പ്രമാണമായി വിളംബരം ചെയ്തത് പ്രസ്തുത സുനഹദോസാണ്. യേശുവില്‍ ദിവ്യത്വമല്ലാതെ മനുഷ്യത്വത്തിന്റെ ഒരംശവും ഇല്ലെന്ന പ്രമാണവും രൂപം കൊണ്ടത് അതിലൂടെയാണ്. അപ്രകാരം ദൈവം, ദൈവപുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വ വാദത്തിന്മേല്‍ ക്രിസ്തുമതം പുനര്‍നിര്‍മിക്കപ്പെട്ടു. തീര്‍ത്തും അബദ്ധജടിലമായ ഈ വിശ്വാസത്തെ തിരുത്താന്‍ പില്‍ക്കാലത്ത് ഒരു സുനഹദോസിനും സാധിച്ചിട്ടില്ല. തുടക്കത്തില്‍ അതിനെ ചോദ്യം ചെയ്ത പുരോഹിതന്മാരെ മുഴുക്കെ സഭ മതഭ്രഷ്ടരായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍, യേശുവിനെ ക്രൂശിലേറ്റിയ പാപത്തില്‍ നിന്ന് യഹൂദരെ മുക്തരാക്കുന്നത് ഉള്‍പ്പെടെ പല അടിസ്ഥാന വിശ്വാസങ്ങളും പില്‍ക്കാലത്ത് മാര്‍പ്പാപ്പമാരും സുനഹദോസുകളും തിരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ മാര്‍പ്പാപ്പ ഫ്രാന്‍സിസ് പൊതുവെ പരിഷ്‌കരണത്തിന്റെയും തിരുത്തലിന്റെയും വക്താവായിട്ടാണറിയപ്പെടുന്നത്. സ്വവര്‍ഗരതി, പുരോഹിതരുടെ വിവാഹം പോലുള്ള പ്രശ്‌നങ്ങളില്‍ ഉദാരമായ സമീപനം വേണമെന്ന പക്ഷക്കാരനാണദ്ദേഹം. ഏറ്റവും പുതുതായി, സഭ പാടേ നിരാകരിച്ചുവന്ന ഡാര്‍വിനിസം, മഹാ വിസ്‌ഫോടന സിദ്ധാന്തം തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയമായ സമീപനം വേണമെന്നും അതിന്റെ പേരില്‍ ദൈവസങ്കല്‍പമോ സൃഷ്ടിവാദമോ കൈയൊഴിയേണ്ട കാര്യമില്ലെന്നും അഭിപ്രായപ്പെടുക വഴി ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറകളില്‍ തന്നെ കൈവെച്ചിരിക്കുകയാണ് മാര്‍പ്പാപ്പ. ഇതിനൊക്കെ അദ്ദേഹത്തിന് ധൈര്യം പകരുന്നത് മാര്‍പ്പാപ്പ ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും ഏത് വിശ്വാസവും തിരുത്താന്‍ അദ്ദേഹത്തിനും പുരോഹിത സഭക്കും അധികാരമുണ്ടെന്നുമുള്ള സാമ്പ്രദായിക കാഴ്ചപ്പാടാണ്. പക്ഷേ, മാര്‍പ്പാപ്പയുടെ ഇത്തരം അഭിപ്രായങ്ങളെ സഭ അത്ര എളുപ്പത്തില്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. അതേസമയം പ്രസക്തമായ ചില ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. പരിണാമ വാദം അനിഷേധ്യ ശാസ്ത്രസത്യമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നതാണൊന്ന്. നഷ്ടപ്പെട്ട കണ്ണികളെ കണ്ടെത്തുന്നതില്‍ ഇതേവരെ വിജയിക്കാത്തതും, പരിണാമം നിലച്ചുപോയിയെങ്കില്‍ അതിനുള്ള ശാസ്ത്രീയ വിശദീകരണം ലഭിക്കാത്തതും, അഥവാ പരിണാമം തുടരുന്ന പ്രക്രിയയാണെങ്കിലും അതിന്റെ തെളിവുകള്‍ കണ്ടെത്താത്തതുമൊക്കെ പരിണാമ വാദത്തെ അപ്പടി വിഴുങ്ങുന്നതിന് തടസ്സമാണ്. കവിഞ്ഞാല്‍, ശരിയാവാനും തെറ്റാവാനും സാധ്യതയുള്ള ശാസ്ത്ര നിഗമനം എന്നേ അതേക്കുറിച്ച് അവകാശപ്പെടാനാവൂ. അത് തന്നെയാണ് മഹാ വിസ്‌ഫോടന സിദ്ധാന്തത്തിന്റെയും സ്ഥിതി. വിസ്‌ഫോടനം യഥാര്‍ഥത്തില്‍ സംഭവിച്ചതാണോ എന്നതിനെക്കുറിച്ച ശാസ്ത്ര പരീക്ഷണങ്ങള്‍ ശൈശവ ദശയിലാണിപ്പോഴും. അപ്പോഴേക്ക് പരിണാമ വാദവും വിസ്‌ഫോടന സിദ്ധാന്തവും ശരിയാണെന്നവകാശപ്പെടാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാണിച്ച ധൃതി സഭക്കകത്ത് തന്നെ ആശയക്കുഴപ്പത്തിന് വഴിവെക്കും.
ഖുര്‍ആനെ സംബന്ധിച്ചേടത്തോളം ഈ രണ്ട് സിദ്ധാന്തങ്ങളെയും പാടേ നിരാകരിക്കുന്ന സമീപനം ആദ്യമേ സ്വീരിച്ചിട്ടില്ലെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്റെ സൃഷ്ടികളാണ് പ്രപഞ്ചവും അതിലെ സര്‍വചരാചരങ്ങളുമെന്നത് നൂറ് ശതമാനവും ശരി. എന്നാല്‍, സ്രഷ്ടാവ് സൃഷ്ടികര്‍മം എങ്ങനെ, എപ്പോള്‍ നിര്‍വഹിച്ചു. ഏതൊരു വസ്തുവും ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ അത് ഉണ്ടായിരിക്കും എന്ന് ഖണ്ഡിതമായിരിക്കെത്തന്നെ അത് യുക്തിഭദ്രവും ശാസ്ത്രീയവുമായ മാര്‍ഗങ്ങളിലൂടെയാവുന്നതിന് ഒരു വിരോധവുമില്ല. ഭൂമിയെയും ഉപരിലോകങ്ങളെയും ആറ് ദിവസങ്ങളിലാണ് സൃഷ്ടിച്ചത് എന്ന വസ്തുത ബൈബിളിനെപ്പോലെ ഖുര്‍ആനും സ്ഥിരീകരിക്കുന്നു. പക്ഷേ, മനുഷ്യര്‍ കണക്കാക്കുന്ന ദിവസമല്ല, ദൈവിക ദിവസം എന്നും അതോടൊപ്പം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'നിന്റെ നാഥന്റെ പക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ ഗണിക്കുന്ന അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണ'ന്ന് ഒരു സൂക്തത്തില്‍ കാണാം. അപ്പോള്‍ അനേകായിരമോ കോടികളോ ദീര്‍ഘിച്ച സംവത്സരങ്ങളിലൂടെയാവണം പ്രപഞ്ച സൃഷ്ടി നടന്നിരിക്കുക. പരിണാമവാദം സത്യമാണെങ്കില്‍ ആ രീതി സ്രഷ്ടാവ് ഉപയോഗിച്ചതും ആവാം. 'ജീവനുള്ള എല്ലാറ്റിനെയും നാം വെള്ളത്തില്‍ നിന്നാണ് ഉണ്ടാക്കിയത്' എന്നും, 'അവന്‍ ഘട്ടം ഘട്ടങ്ങളായിട്ടാണ് നിങ്ങളെ സൃഷ്ടിച്ചത്' എന്നും മറ്റുമുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിണാമ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അഭിപ്രായപ്പെട്ട ആധുനിക പണ്ഡിതന്മാരുണ്ട്. കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാധ്യതയും പ്രസക്തിയുമുള്ള വിഷയങ്ങളാണിത്.
വേശ്യാവൃത്തിക്ക് നിയമസാധുത
നല്‍കാനുള്ള നീക്കം
'ലൈംഗിക വ്യാപാരം നിയമവിധേയമാക്കണമെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ ലളിതകുമാരമംഗലം. നവംബര്‍ എട്ടിന് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കും. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും ലൈംഗിക രോഗങ്ങള്‍ വ്യാപിക്കുന്നത് തടയാനും സ്ത്രീകളെ ലൈംഗിക ദുരുപയോഗത്തിനായി കടത്തുന്നത് തടയാനും ഇത് സഹായിക്കുമെന്നും ലളിത പറഞ്ഞു. നിയമ വിധേയമാക്കുന്നതിലൂടെ ഈ മേഖലയില്‍ നിയന്ത്രണം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ ഏറെയും കടത്തിക്കൊണ്ടുവന്നവരാണ്. നിയമവിധേയമാക്കിയാല്‍ ഇതിന് പരിഹാരം കാണാനാവും. നിലവില്‍ അനാരോഗ്യകരവും വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് ഈ മേഖലയിലെ മിക്ക സ്ത്രീകളും പ്രവര്‍ത്തിക്കുന്നത്. ഗര്‍ഭനിരോധ ഉറകളുടെ അഭാവം ലൈംഗികരോഗ വ്യാപനത്തിനും ഇടയാക്കുന്നുണ്ട്. നിയമവിധേയമാക്കുന്നതിലൂടെ ഇതിനെല്ലാം പരിഹാരമാവും. സമയം, പ്രതിഫലം, ആരോഗ്യ സുരക്ഷ, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന മറ്റു വരുമാന മാര്‍ഗങ്ങള്‍ തുടങ്ങിയവയും ഇതിലൂടെ ഉറപ്പുവരുത്താനാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍ കമീഷന്‍ അധ്യക്ഷയുടെ നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമവിധേമാക്കുകയല്ല നിരോധിക്കുകയാണ് വേണ്ടതെന്ന് ഇവര്‍ ആവശ്യപ്പെട്ടു (മാധ്യമം ദിനപത്രം 29-10-2014)
പി.വി.സി മുഹമ്മദ് പൊന്നാനി
കാലിനൊത്ത് ചെരിപ്പ് മുറിക്കുന്നതിന് പകരം ചെരിപ്പിനൊത്ത് കാല്‍ മുറിക്കണം എന്ന കാഴ്ചപ്പാടാണ് വലതുപക്ഷവും ഇടതുപക്ഷവും ഒരുപോലെ വെച്ചുപുലര്‍ത്തുന്നത് എന്നാണ് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷയുടെ നിര്‍ദേശം സൂചിപ്പിക്കുന്നത്. മനുഷ്യ വാസം ഭൂമിയില്‍ ആരംഭിച്ചത് മുതല്‍ സ്ത്രീ പുരുഷ ബന്ധത്തിന്റെ സ്വാഭാവികവും അംഗീകൃതവുമായ രീതി വിവാഹമാണ്, വിവാഹ ക്രമങ്ങളിലും ആചാരങ്ങളിലും എന്തെല്ലാം വ്യത്യസ്തതകളുണ്ടെങ്കിലും. സമാധാനത്തിന്റെയും സുസ്ഥിതിയുടെയും പ്രഭവ കേന്ദ്രമായ കുടുംബവ്യവസ്ഥ നിലവില്‍ വരുന്നതും നിലനില്‍ക്കുന്നതും വിവാഹബന്ധത്തിലൂടെയാണ്. എല്ലാ മതങ്ങളും സംസ്‌കാരങ്ങളും അടിസ്ഥാനപരമായി അംഗീകരിച്ച ഈ യാഥാര്‍ഥ്യത്തെ നിഷേധിക്കാന്‍ അരാജകത്വവാദികള്‍ക്ക് മാത്രമേ കഴിയൂ. അവര്‍ മനുഷ്യരെ കേവലം മൃഗതുല്യരായാണ് കാണുന്നത്. മൃഗങ്ങള്‍ ഇണ ചേരുന്നത് പോലെ മനുഷ്യര്‍ക്കും ആരുമായും ഏത് രൂപത്തിലും ഇണചേരാമെന്ന് വാദിക്കുന്നതും അതുകൊണ്ടാണ്. വിവാഹത്തെ പരമാവധി ലളിതമാക്കുകയും വിധവാ വിവാഹത്തെയടക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത്. അതുപോലെ തന്നെ പ്രധാനമാണ് സ്ത്രീയുടെ മാനവും മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കുക എന്നുള്ളതും. വേശ്യാവൃത്തി വിവാഹത്തെ അപ്രസക്തമാക്കിത്തീര്‍ക്കുകയും കുടുംബജീവിത്തെ തകര്‍ക്കുകയും തെരുവ് സന്തതികളെ വര്‍ധിപ്പിക്കുകയും അതോടൊപ്പം സ്ത്രീയെ വെറും ഉപഭോഗവസ്തുവാക്കി മാറ്റുകയും ചെയ്യുന്നതാണ്. അത് നിയമപരമായി നിരോധിക്കുക എന്നതിനപ്പുറത്ത് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സാഹചര്യത്തെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം. സ്ത്രീ വിദ്യാഭ്യാസത്തിനും തൊഴിലിനും പരമാവധി പരിഗണന നല്‍കുക, രണ്ടും ഇല്ലാത്ത സ്ത്രീകള്‍ക്ക് ജീവിനോപാധികള്‍ ഉറപ്പ് വരുത്തുക, വിവാഹ മാര്‍ഗത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കുക, സദാചാര സീമകള്‍ ലംഘിക്കാതിരിക്കാന്‍ യുവതീ യുവാക്കളെ വിദ്യാഭ്യാസത്തിലൂടെയും മീഡിയയിലൂടെയും ബോധവത്കരിക്കുക, സ്ത്രീകളെ കടത്തിക്കൊണ്ടുവരുന്ന തെമ്മാടിക്കൂട്ടങ്ങളെയും പെണ്‍ വാണിഭക്കാരെയും പിടികൂടി മാതൃകാപരമായി ശിക്ഷിക്കുക, ചുവന്ന തെരുവുകള്‍ നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യുക തുടങ്ങിയ നടപടികളെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നതിന് പകരം അഭിസാരികകളെ അഭിസാരികകളായി നിലനിര്‍ത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നാവശ്യപ്പെടുന്ന വനിതാ കമീഷനെ അടിയന്തരമായി പിരിച്ചുവിടുകയാണ് വേണ്ടത്. മാരകമായ എയ്ഡ്‌സ് രോഗത്തിന്റെ ഇരകള്‍ സാമൂഹിക ജീവിതത്തിനു തന്നെ ഭീഷണിയായി വളര്‍ന്നിരിക്കെ അതിന് 'ഉറ' മാത്രം പ്രതിവിധിയായി നിര്‍ദേശിക്കുന്ന കമീഷന്റെ ലാഘവബുദ്ധി ആശ്ചര്യകരമായിരിക്കുന്നു.
കീഴാളരുടെ മോചനം
കീഴാള സമൂഹത്തിന്റെ മോചനത്തിന് വേണ്ടി ശരീഅത്ത് നിയമത്തില്‍ തന്നെ ഭേദഗതി ചെയ്യേണ്ടതല്ലേ. യുദ്ധവേളയില്‍ അഗതികളെ സംരക്ഷിക്കാന്‍ വേണ്ടി താല്‍ക്കാലികമായി കൊണ്ടുവന്ന നിയമമല്ലേ സകാത്ത്. കാലാകാലം അഗതികളെ നിലനിര്‍ത്തുന്നതിന് പകരം എല്ലാവര്‍ക്കും തുല്യാവകാശം കൊണ്ടുവരികയല്ലേ ചെയ്യേണ്ടത്. വന്‍കിടക്കാരെ ഇല്ലാതാക്കിയാലല്ലേ എല്ലാ കീഴാളന്മാരെയും ഉയര്‍ത്തിക്കൊണ്ടുവരാനാകൂ. ഇതിനൊന്നും തയാറാകാതെ ഇസ്‌ലാം കീഴാളര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പറയാന്‍ പറ്റുമോ?
എന്‍.ടി കുഞ്ഞമ്മദ് അടക്കാത്തെരുവ്, വടകര
കീഴാളര്‍, മേലാളര്‍ എന്ന രണ്ടു വര്‍ഗങ്ങളോ ജാതികളോ സമുദായങ്ങളോ ഇല്ല. സാമ്പത്തികമായും അധികാരപരമായും മേല്‍ത്തട്ടില്‍ നില്‍ക്കുന്നവരെ മേലാളരെന്നും താഴെ തട്ടില്‍ നില്‍ക്കുന്നവരെ കീഴാളര്‍ എന്നും വിളിക്കുന്നു. ഇത് മാറ്റമില്ലാത്തതോ മാറ്റാന്‍ പാടില്ലാത്തതോ ആയ അവസ്ഥയല്ല. തല്‍ക്കാലം കീഴാളരായി കഴിയുന്നവര്‍ പിന്നീട് മേലാളരും നേരെ മറിച്ചും ആയിത്തീര്‍ന്നതാണ് ഇന്നേവരെയുള്ള മനുഷ്യ ചരിത്രം. ഇസ്‌ലാമാകട്ടെ വര്‍ണ, വര്‍ഗ, വംശ, ദേശ, സാമ്പത്തിക വിവേചനങ്ങള്‍ക്കതീതമായി സാമൂഹിക നീതിക്കും വിശ്വമാനവികതക്കും വേണ്ടി നിലകൊള്ളുന്നു. അതിനുള്ള മാര്‍ഗങ്ങളിലൊന്നാണ് സകാത്ത്. സമ്പന്നരില്‍ നിന്ന് നിശ്ചിത വിഹിതം സമ്പത്ത് പിരിച്ചെടുത്തോ പിടിച്ചെടുത്തോ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന വ്യവസ്ഥയാണ് സകാത്ത്. അതിന്റെ ഭൗതിക ലക്ഷ്യം തന്നെ ദാരിദ്ര്യ നിര്‍മാര്‍ജനമാണ്. ലക്ഷ്യം നേടിയ എത്രയോ കാലഘട്ടങ്ങള്‍ ഇസ്‌ലാമിക ഭരണ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇന്ന് ഇസ്‌ലാമിന് അധികാരമില്ലാത്തതിനാല്‍ സകാത്ത് പിടിച്ചെടുക്കാന്‍ സാധ്യമല്ല. സ്വമേധയാ നല്‍കുന്നവരില്‍ നിന്ന് സാമൂഹികമായി പിരിച്ചെടുത്തു ഏറ്റവും അര്‍ഹര്‍ക്കിടയില്‍ വിതരണം ചെയ്താല്‍ സമുദായത്തിന്റെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരളവോളം ഇല്ലാതാക്കാന്‍ കഴിയും. അല്ലാതെ ഒരു രാജ്യത്തും ഒരു കാലത്തും സര്‍ക്കാര്‍ ഉത്തരവിലൂടെ കീഴാളരെ ഇല്ലാതാക്കാനോ മേലാളരാക്കി മാറ്റാനോ സാധ്യമായിട്ടില്ല. ഇസ്‌ലാം മേലാളര്‍ക്കോ കീഴാളര്‍ക്കോ വേണ്ടിയല്ല നിലകൊള്ളുന്നത്, എല്ലാതരം മനുഷ്യര്‍ക്കും വേണ്ടിയാണ്. അവര്‍ ഇസ്‌ലാമിനെ യഥാവിധി നടപ്പാക്കിയാല്‍ സമാധാനവും സുസ്ഥിതിയും കൈവരും.
Comments