Prabodhanm Weekly

Pages

Search

2014 നവംബര്‍ 14

പ്രകടനപരതയും ആത്മപ്രശംസയും

ഫത്ഹീയകന്‍ /പ്രസ്ഥാനം

         പ്രബോധന സരണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു രോഗമാണ് പ്രകടനപരത. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ചൈതന്യത്തെ ഇത് പൂര്‍ണമായി തകര്‍ക്കും. പ്രബോധകന്റെ അധ്വാനത്തെ നിഷ്ഫലമാക്കുകയും അവനുള്ള പ്രതിഫലം തടയപ്പെടുകയും നിത്യനിരാശയിലകപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ പിശാച് കെണിയിലകപ്പെടുത്തിയ പൂര്‍വികരുടെ ദുരനുഭവത്തില്‍ നിന്ന് ഇത്തരക്കാര്‍ പാഠമുള്‍ക്കൊണ്ടെങ്കില്‍!

ഒരു സമ്മേളനാനന്തരം എന്റെയടുത്ത് പരിഭവവുമായെത്തിയ ഒരു സുഹൃത്തിനെ ഞാന്‍ ഓര്‍ക്കുന്നു. അവന്‍ പറഞ്ഞു: ''ഇവര്‍ക്ക് ഈ റിപ്പോര്‍ട്ട്  കുറച്ച് കൂടി മെച്ചപ്പെട്ട രീതിയില്‍ മുന്‍ഗണനാക്രമത്തില്‍ തയാറാക്കാമായിരുന്നു!'' സമ്മേളനത്തിന്റെ പത്രറിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് അവസാനത്തില്‍ ചേര്‍ത്തതായിരുന്നു ഈ പരിഭവത്തിന് കാരണം. ഞാന്‍ പ്രതികരിച്ചു: ''സഹോദരാ! ശപിക്കപ്പെട്ട പിശാചില്‍ നിന്ന് നീ അല്ലാഹുവിനോട് അഭയം തേടൂ! പ്രവാചകന്റെ ഒരധ്യാപനം ഞാന്‍ ഓര്‍ക്കുകയാണ്. 'എന്റെ സമൂഹം അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനെയാണ് ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്. അവര്‍ സൂര്യനെയും ചന്ദ്രനെയും ബിംബങ്ങളെയും ആരാധിക്കുമെന്നു ഞാന്‍ പറയുന്നില്ല, പക്ഷേ, ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിന് വേണ്ടിയല്ലാതുള്ള (മറ്റുള്ളവര്‍ കാണാന്‍വേണ്ടി) ചില പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടും.''

ഇത്തരത്തില്‍ സ്വന്തത്തിന് വലിയ പരിഗണന നല്‍കുന്ന ഒരു വ്യക്തി ഒരു പരിപാടിക്ക് വൈകി വന്നു. മുന്നിലുള്ള സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. പിന്നില്‍ ഇരിക്കാനുള്ള സ്ഥലവുമുണ്ട്. അദ്ദേഹം വന്ന ഉടനെ സലാം ചൊല്ലി ഒഴിഞ്ഞ ഇരിപ്പിടത്തില്‍ ഇരിക്കുന്നതിന് പകരം മുന്നിലുള്ള സീറ്റിനടുത്ത് വന്നു നില്‍ക്കുകയും അവിടെ ഇരിക്കുന്ന ഒരാള്‍ അദ്ദേഹത്തിന് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നത് കാത്തുനില്‍ക്കുകയും ചെയ്തു. അയാളുടെ ഭാവത്തില്‍ നിന്നു തന്നെ ഒരു പ്രത്യേക പരിഗണനയും സ്ഥാനവും താന്‍ ആഗ്രഹിക്കുന്നു എന്ന് വായിച്ചെടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സ്വയം അഹങ്കരിക്കുകയും ആത്മപ്രശംസ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ തങ്ങള്‍ എത്ര നിസ്സാരമായ ദ്രാവകത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന യാഥാര്‍ഥ്യം വിസ്മരിക്കുകയാണ് ചെയ്യുന്നത്. 

ആത്മപ്രശംസയും സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതല്ല ഇസ്‌ലാമിക പ്രബോധനവും പ്രവര്‍ത്തനങ്ങളുമെന്ന് പ്രബോധകര്‍ തിരിച്ചറിയണം. മറിച്ച് പ്രബോധകര്‍ ജനങ്ങളോടൊപ്പം അവരുടെ ഇടയില്‍ ജീവിക്കണം, വിനയാന്വിതരാകണം, ജനങ്ങളെ സേവിക്കണം, ജനങ്ങളുടെ ക്ഷേമത്തിനായി അധ്വാനപരിശ്രമങ്ങളിലേര്‍പ്പെടണം, ജനങ്ങളില്‍ നിന്ന് ഉപദേശവും വിമര്‍ശനവും സ്വീകരിക്കണം. പ്രവാചക പാഠശാലയില്‍ നിന്ന് സംസ്‌കരണം ലഭിച്ച ആദ്യകാല പ്രബോധകര്‍ ഇത്തരത്തിലായിരുന്നു ജീവിച്ചിരുന്നത്. പ്രവാചകന്‍(സ) നിലത്ത് കുത്തിയിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നുവെന്ന് ആഇശ(റ)വിവരിക്കുന്നു: ''ഒരടിമ ഇരിക്കുന്നതുപോലെ ഞാന്‍ ഇരിക്കുകയും, അവന്‍ ഭക്ഷണം കഴിക്കുന്നതു പോലെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു'' (ത്വബ്‌റാനി).

ജരീറി(റ)ല്‍നിന്ന് നിവേദനം: ഒരാള്‍ പ്രവാചകന്റെ അടുത്ത് വന്നു. അയാള്‍ ഇടറുകയും വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഉടന്‍ പ്രവാചകന്‍ പ്രതികരിച്ചു: ''ഞാന്‍ ഒരു രാജാവല്ല, റൊട്ടി തിന്നു വളര്‍ന്ന ഒരു ഖുറൈശി പെണ്ണിന്റെ മകനാണ്'' (ത്വബ്‌റാനി).

ദരിദ്രരുടെയും ദുര്‍ബലരുടെയും കൂടെ ഇരിക്കുന്നതിനോ, അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതിനുവേണ്ടി പ്രയത്‌നിക്കുന്നതിനോ പ്രവാചകന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അദ്ദേഹം വലിയ മുന്‍ഗണന നല്‍കിയിരുന്നു. കുടുംബത്തിലും സമൂഹത്തിലും അവരിലെ ഒരംഗമെന്ന പോലെ എല്ലാ പ്രവര്‍ത്തനങ്ങളിലുമദ്ദേഹം ഏര്‍പ്പെടുകയും ചെയ്തു. പ്രവാചന്റെ അനുചരന്മാരും സ്വഹാബികളുമെല്ലാം ജനങ്ങളുടെ സേവകരായിരുന്നു. അവരാരും അഹന്ത നടിക്കുകയോ ആത്മപ്രശംസ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല. വിനയത്തിന്റെ ആള്‍രൂപങ്ങളായിരുന്നു അവര്‍. അതിനാല്‍ തന്നെ അല്ലാഹു ഇഹലോകത്തും പരലോകത്തും ആദരിക്കുകയും അവരുടെ പദവികള്‍ ഉയര്‍ത്തുകയും ചെയ്തു. സംസ്‌കരണരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഈ രോഗം പിടികൂടുന്നത് പോലെ തന്നെ, രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഈ രോഗം-അഹങ്കാരം-ബാധിക്കും.സംസ്‌കരണ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ ഈ രോഗം ബാധിച്ചാല്‍ അത് പെട്ടെന്ന് പ്രകടമാവുകയില്ല. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരിലാണെങ്കില്‍ അത് പെട്ടെന്ന് തന്നെ വെളിച്ചത്ത് വരികയും സമൂഹ മധ്യത്തില്‍ അവര്‍ വഷളാവുകയും ചെയ്യും. 

മതപ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഹന്താ രോഗത്തിനടിപ്പെടാന്‍ സാധ്യത ഏറെയാണ്. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉന്നതരാണെന്ന ബോധം അറിയാതെ അവരിലേക്ക് കടന്നുകൂടാന്‍ സാധ്യതയുണ്ട്. മാത്രമല്ല, സമൂഹം അത്തരത്തിലാണ് അവരെ വീക്ഷിക്കുകയും ചെയ്യുക. വിശ്വാസത്തിന്റെ എല്ലാ ചൈതന്യത്തെയും ഈ രോഗം കാര്‍ന്നുതിന്നുകയും തെറ്റായ പ്രവണതകള്‍ക്കത് കാരണമാവുകയും ചെയ്യും. മൂന്ന് കാര്യങ്ങള്‍ ഒരാളെ നശിപ്പിക്കുമെന്ന് പ്രവാചകന്‍ താക്കീത് നല്‍കുകയുണ്ടായി. പിശുക്കിന് കീഴ്‌പ്പെടല്‍, ഇഛയെ പിന്തുടരല്‍, താന്‍ വലിയവനാണ് എന്ന ചിന്ത എന്നിവയാണ് അവ. (ത്വബ്‌റാനി). താന്‍ സുകൃതവാനാണ് എന്ന ചിന്ത ഒരാളെ ദുഷിപ്പിക്കുമെന്ന ആഇശ(റ)യുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. 

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് /സൂറ-21 /42-46
എ.വൈ.ആര്‍