'ചുംബിലാബി'ന്റെ മക്കള്‍
ശരീര ചോദനകളില്‍ ചിലതിനെ തൃപ്തിപ്പെടുത്താന്‍ മനുഷ്യന് ഒരു മറയും സ്വകാര്യതയും വേണം. ലൈംഗികവേഴ്ചയും വിസര്‍ജനവും അക്കൂട്ടത്തില്‍ പെടുന്നു. ഇതൊന്നും പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചെയ്യരുതെന്നുപറയുന്നത് അവകാശലംഘനമോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധമോ അല്ല. മനുഷ്യന്‍ ഇന്നോളം ആര്‍ജിച്ച സംസ്‌കാരബോധമാണ്. യുവതീ യുവാക്കളുടെ ആലിംഗനവും ചുടുചുംബനവും ഒരു ലൈംഗിക ചേഷ്ടയാണ്. ചുംബനത്തില്‍ നിന്ന് വേഴ്ചയിലേക്ക് ഏറെ ദൂരമില്ല. പൊതുസ്ഥലത്തെ വിസര്‍ജന ദൃശ്യം പോലെ സദാചാരബോധമുള്ളവരില്‍ അറപ്പുളവാക്കുന്നതാണ് പൊതുവേദിയില്‍ ലൈംഗികകേളിയുടെ ദൃശ്യവും. ആണോ പെണ്ണോ പരസ്യമായി ചുംബിക്കുകയോ ഇണചേരുകയോ തന്നെ ചെയ്താലും ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല എന്ന് ന്യായീകരിക്കുന്നവരുണ്ട്. ശരിയാണ്, ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. മനുഷ്യനും മൃഗത്തിനുമിടയിലുള്ള അതിര്‍വരമ്പ് മാത്രമേ ഇടിഞ്ഞില്ലാതാകൂ. അത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് അതിനുള്ള ജനാധിപത്യാവകാശം മാനിക്കപ്പെടേണ്ടതുണ്ട്. വിയോജിക്കുന്നവര്‍ക്ക് അത് പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് പ്രതിഷേധിക്കാം. തങ്ങള്‍ക്കനുകൂലമായി ബഹുജനാഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കാം. നിയമത്തിന്റെയും പോലീസിന്റെയും സഹായം തേടാം. എന്നാല്‍ നിയമം കൈയിലെടുത്ത് തങ്ങള്‍ക്കിഷ്ടമില്ലാത്തത് ചെയ്യുന്നവരെയൊക്കെ ശിക്ഷിക്കാനും അവരുടെ വസ്തുവഹകള്‍ നശിപ്പിക്കാനും ആര്‍ക്കും അനുവാദമില്ല. അത് രോഗത്തേക്കാള്‍ മാരകമായ ചികിത്സയാണ്. പൊതുസ്ഥലങ്ങളില്‍ ലൈംഗിക ചേഷ്ടകളിലേര്‍പ്പെടുന്നവര്‍ ലൈംഗികാരാജകത്വം വളര്‍ത്തുന്നുവെങ്കില്‍ അതിന്റെ പേരില്‍ അക്രമ പേക്കൂത്തുകള്‍ നടത്തുന്നവര്‍ സര്‍വതോമുഖമായ അരാജകത്വത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.
കേരളത്തിനകത്തും പുറത്തും നിരവധി ഹോട്ടലുകളില്‍ പരസ്യമായ നഗ്നനൃത്തങ്ങളും മറ്റു ലൈംഗികാഭാസങ്ങളും നടമാടുന്നുണ്ട്. ആഘോഷനാളുകളില്‍ അതിനായി പ്രത്യേക സൗകര്യങ്ങള്‍ സജ്ജീകരിക്കപ്പെടുന്നു. നിയമസഭക്കകത്തിരുന്ന് നീലച്ചിത്രം കാണുന്ന എം.എല്‍.എമാര്‍-അതും ഭാരതത്തില്‍ ആര്‍ഷ സംസ്‌കാരം പുഷ്‌കലമാക്കാന്‍ പ്രതിജ്ഞയെടുത്തവര്‍- ഉള്ള നാടാണ് നമ്മുടേത്. അതിനെതിരെ ആരും അക്രമാസക്തരായി കുറുവടിയും കുന്തവുമെടുത്ത് പുറപ്പെടുന്നതായി കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം മംഗലാപുരത്ത് ഒരു കാപ്പിക്കടയില്‍ ശ്രീരാമസേന എന്നൊരു കൂട്ടര്‍ കൊടിയ അക്രമം നടത്തുകയുണ്ടായി. കാപ്പി കുടിക്കാനെത്തിയ ചെറുപ്പക്കാരെ തല്ലിച്ചതക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 23-ന് കോഴിക്കോട്ട് ഒരു കാപ്പിക്കടയില്‍ യുവമോര്‍ച്ച താണ്ഡവമാടി. ഹോട്ടലിലെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു. ഭക്ഷണം കഴിക്കാനെത്തിയവര്‍ മര്‍ദിക്കപ്പെട്ടു. അവിടെ യുവതീ യുവാക്കള്‍ പരസ്യമായി ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഇത്. പരസ്യ ചുംബനം പോലെ തന്നെ അപലപനീയമായി അതിനെ നേരിട്ടവരുടെ നടപടിയും. യുവതീ യുവാക്കളുടെ പരസ്യ ചുംബനം എന്ന ആഭാസം കൂടുതല്‍ പ്രചാരവും സ്വീകാര്യതയും നേടി എന്നതാണ് അതുകൊണ്ടുണ്ടായ ഫലം. കോഴിക്കോട് സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ ചുംബന സമരം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായി. നവംബര്‍ 2-ന് അനേകം യുവതീ യുവാക്കള്‍ 'സമര'ത്തിനായി മറൈന്‍ ഡ്രൈവിലെത്തി. പോലീസ് പരിപാടി തടഞ്ഞുവെങ്കിലും പോലീസ് വാനിലും സ്റ്റേഷനിലുമൊക്കെയായി 'ചുംബന വെടി'കളുതിര്‍ത്ത് സമരക്കാര്‍ പോലീസിനെ 'നാണം കെടുത്തി.' സമരം തടയാനെത്തിയ പ്രതിഷേധക്കാരും അക്രമാസക്തരായെന്നാണ് റിപ്പോര്‍ട്ട്.
കേരളപ്പിറവി മുതല്‍ ഇവിടത്തെ യുവത ഇടതുപക്ഷത്തായാലും വലതുപക്ഷത്തായാലും 'ഇങ്ക്വിലാബി'ന്റെ മക്കളായിരുന്നു. അഴിമതിക്കെതിരെ, അസമത്വങ്ങള്‍ക്കെതിരെ, അനാചാരങ്ങള്‍ക്കെതിരെ, നിരക്ഷരതക്കെതിരെ, അധികാര ദുര്‍വിനിയോഗത്തിനെതിരെ ഒക്കെ അവര്‍ ഉച്ചൈസ്തരം ഇങ്ക്വിലാബ് മുഴക്കി സമരം ചെയ്തു. അവരുടെ സ്വപ്നങ്ങള്‍ പൂര്‍ണമായി പൂവണിഞ്ഞില്ലെങ്കിലും ആധുനിക കേരളം ആര്‍ജിച്ചിട്ടുള്ള സാക്ഷരതയും സാമൂഹിക നിലവാരവും വികസനവും രാഷ്ട്രീയ പ്രബുദ്ധതയുമൊക്കെ വലുതായ അളവില്‍ ആ സമരങ്ങളോട് കടപ്പെട്ടിരിക്കുന്നു. കാലക്രമത്തില്‍ ഇങ്ക്വിലാബിന്റെ അര്‍ഥം ചോര്‍ന്നുപോയി. 'എന്റെ പാര്‍ട്ടിക്ക്/ നേതാവിന് വോട്ടു തരണേ' എന്ന യാചന മാത്രമായി അതിന്റെ ആശയം. യുവതയുടെ വിപ്ലവബോധവും അനീതികള്‍ക്കെതിരായ സമരവീര്യവും കേവലം കക്ഷി സ്വാര്‍ഥങ്ങള്‍ക്കും കരിയറിസത്തിനും ജാതീയ താല്‍പര്യങ്ങള്‍ക്കും പിന്നെ പ്രണയം, ലൈംഗികത, ലഹരി, ക്രിക്കറ്റ് തുടങ്ങിയ വിനോദങ്ങള്‍ക്കും വഴിമാറി. മറ്റു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ യുവാക്കള്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാടിന്റെ ഉടമകളായ ആദിവാസികള്‍ ഒരു തുണ്ട് ഭൂമിക്കു വേണ്ടി സെക്രട്ടേറിയേറ്റ് നടക്കല്‍ നില്‍പ് തുടങ്ങിയിട്ട് നൂറുനാള്‍ പിന്നിട്ടു. കേരളീയ യുവതയില്‍ എന്തു പ്രതികരണമാണത് സൃഷ്ടിച്ചത്? സംസ്ഥാനം നേരിടുന്ന കെടുതികളിലൊന്നാണ് മദ്യാസക്തി. സാമാന്യ ജനങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി ഒടുവില്‍ സംസ്ഥാനത്ത് മദ്യ വിപണനം കുറക്കാനും ക്രമേണ സമ്പൂര്‍ണ മദ്യവര്‍ജനത്തിലെത്താനും പര്യാപ്തമായ ഒരു മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭയിലെ പ്രമുഖനായ ഒരംഗം തന്നെ അഞ്ചു കോടി രൂപക്ക് സര്‍ക്കാറിന്റെ മദ്യനയം ബാര്‍ ഉടമകള്‍ക്ക് കച്ചവടമുറപ്പിച്ചു എന്ന വാര്‍ത്ത കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുകയാണിപ്പോള്‍. ഈ പ്രകമ്പനത്തില്‍ യുവജന പ്രസ്ഥാനങ്ങള്‍ പ്രകമ്പിതരാകുന്നുണ്ടോ, പ്രക്ഷുബ്ധരാകുന്നുണ്ടോ? ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ പോലും ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുവജന പ്രസ്ഥാനങ്ങള്‍ മാത്രമല്ല അരാഷ്ട്രീയവത്കരിക്കപ്പെടുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ആന്തരികമായി അരാഷ്ട്രീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ചില യുവ നേതാക്കളും ഒരു കാലത്ത് റാഡിക്കല്‍ വിപ്ലവത്തിന്റെ ആശാന്മാരായിരുന്നവരും ഇപ്പോള്‍ ചുംബന സമരം വിജയിപ്പിക്കുന്ന തിരക്കിലാണ്. എറണാകുളം മറൈന്‍ ഡ്രൈവിലരങ്ങേറിയ 'കിസ് ഓഫ് ലൗവ്' സമരത്തെ പിന്തുണച്ചും അതിനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചും നവംബര്‍ 3-ന് കോഴിക്കോട്ടെ ചില യുവാക്കള്‍ നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം 'ചുംബിലാബ് സിന്ദാബാദ്' എന്നായിരുന്നു. കേരളീയ യുവത ഇനി ഇങ്ക്വിലാബിന്റെ മക്കളല്ല; ചുംബിലാബിന്റെ മക്കളാണ്. ഇങ്ക്വിലാബിനെ ഗ്രസിക്കുന്ന ചുംബിലാബ് കേരളത്തിന്റെ ബൗദ്ധിക നേതൃത്വം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതില്ലേ?
Comments