Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

ഇമാം മാലിക് മദീനയുടെ വരപ്രസാദം

പി.കെ ജമാല്‍


നബി (സ)യുടെ സന്തത സഹചാരിയായ അനസുബ്‌നു മാലിക് (റ) മരിച്ച ഹിജ്‌റ 91ലാണ് 'ഇമാമു ദാരില്‍ ഹിജ്‌റ' എന്ന പേരില്‍ വിഖ്യാതനായ മാലികുബ്‌നു അനസിന്റെ ജനനം. അത് റസൂല്‍ (സ) നടത്തിയ ഒരു പ്രവചനത്തിന്റെ പുലര്‍ച്ചയായിരുന്നുവെന്ന് കാലം തെളിയിച്ചു. ''ജനങ്ങള്‍ വിജ്ഞാനം തേടി ഒട്ടകപ്പുറത്തേറി ദേശാന്തരയാത്രകള്‍ നടത്തുന്ന ഒരു കാലം വരും. അന്ന് മദീനയില്‍ വസിക്കുന്ന ആ പണ്ഡിതനെക്കാള്‍ വിജ്ഞാനമുള്ള ആരെയും അവര്‍ക്ക് കണ്ടെത്താനായെന്ന് വരില്ല'' (അഹ്മദ്). പ്രവാചകന്‍ സന്തോഷവാര്‍ത്തയറിയിച്ച ആ പണ്ഡിത പ്രതിഭ ഇമാം മാലികാണെന്ന് ഇബ്‌നു ഉയൈന, ഇബ്‌നു ജുറൈജ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
നൂറുകണക്കിന് താബിഉകളില്‍ നിന്ന് ഹദീസുദ്ധരിച്ച ഇമാം മാലികിന്റെ വിഖ്യാത രചനയായ മുവത്വയെ കുറിച്ച് ഇമാം ശാഫിഈ (റ):''മാലികിന്റെ ഗ്രന്ഥത്തെക്കാള്‍ സുബദ്ധമായ ഒരു രചന അറിവിന്റെ മേഖലയില്‍ ഞാന്‍ കണ്ടിട്ടില്ല.'' സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമും പിറവികൊണ്ടിട്ടില്ലാത്ത ഘട്ടത്തിലായിരുന്നു ശാഫിഈയുടെ ഈ പരാമര്‍ശം.''മാലികിന്റെതായി ഒരു സ്വഹീഹായ ഹദീസ് കണ്ടാല്‍ അത് ആധികാരിക തെളിവായി ഗണിച്ചു കൊള്ളുക'' എന്ന് സാക്ഷ്യപ്പെടുത്തിയ ഇമാം ശാഫിഈയും ''ഹദീസിന്റെ വിഷയത്തില്‍ അമീറുല്‍ മുഅ്മിനീനാണ് മാലിക്'' എന്ന യഹ്‌യബ്‌നു മഈന്റെ പ്രസ്താവനയും ഇമാം മാലികിന്റെ അഗാധമായ അറിവിന്നുള്ള അംഗീകാരമാണ്. ലോകമെങ്ങും കോടിക്കണക്കിന് അനുയായികളുള്ള മാലികി മദ്ഹബിന് ഏറെ പ്രചാരമുള്ള രാജ്യങ്ങളാണ് മൊറോക്കോ, സ്‌പെയ്ന്‍, ആഫ്രിക്കന്‍ ഭൂപ്രദേശങ്ങള്‍, അല്‍ജീരിയ, ഈജിപ്ത്, ലിബിയ, തുനീഷ്യ, മോറിത്താനിയ, യമന്‍, സുദാന്‍, ബഗ്ദാദ്, കൂഫ, സുഊദിയിലെ ചില പ്രദേശങ്ങള്‍ എന്നിവ.
ഇമാം മാലികിന് പ്രായം പതിനെട്ടായപ്പോള്‍ തന്നെ ഫത്‌വ നല്‍കിത്തുടങ്ങി. ഇരുപത്തൊന്നായപ്പോള്‍ അധ്യാപനം ആരംഭിച്ചു. യുവത്വത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ നൂറുകണക്കിന്നാളുകള്‍ അദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചു. ഗുരുവര്യന്‍ മാലിക്ബ്‌നു അനസിനെക്കുറിച്ച് ഇമാം ശാഫിഈ ഓര്‍ക്കുന്നതിങ്ങനെ: ''വ്യക്തിത്വത്തിലെ ഗാംഭീര്യവും അറിവിനോടുള്ള ആദരവും മേളിച്ച ഒരാളെ മാത്രമേ എനിക്കോര്‍ക്കാനുള്ളൂ-ഇമാം മാലിക്. അദ്ദേഹവുമായി ഇടപഴകും തോറും ഈ ധാരണ ശക്തിപ്പെട്ടിട്ടേയുള്ളൂ. അദ്ദേഹത്തിന്റെ സദസ്സില്‍ കടലാസുകള്‍ പുറം മറിക്കേണ്ടിവരുമ്പോള്‍ അതിന്റെ ശബ്ദം അദ്ദേഹത്തെ അലോസരപ്പെടുത്തുമെന്ന് പേടിച്ച് വളരെ ശ്രദ്ധിച്ചേ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നുള്ളൂ.''
അറിവ് തേടിയുള്ള ദേശാന്തരയാത്രകള്‍ക്ക് പണം തികയാതെ വന്നപ്പോള്‍ വീടിന്റെ മച്ച് പൊളിച്ച് മരം വിറ്റ് ആവശ്യം പൂര്‍ത്തികരിച്ചിട്ടുണ്ട് മാലിക്. സമ്പന്നനായത് പിന്നീട് ഏറെ കഴിഞ്ഞാണ്. വിലകൂടിയ വസ്ത്രമണിഞ്ഞും ഏറ്റവും മുന്തിയ കസ്തൂരി സുഗന്ധം പൂശിയുമാണ് ഇമാം സദസ്സില്‍ ആഗതനാവുക. വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധയായിരുന്നു. പൂര്‍ണ്ണാലങ്കാരത്തോടെ മാത്രമേ ബഹുജനങ്ങള്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ.
ഹദീസ് പഠിപ്പിക്കുന്ന വേദിയിലേക്ക് വരുമ്പോള്‍ വുളുവെടുത്ത് വിലകൂടിയ വസ്ത്രമണിഞ്ഞ് സുഗന്ധം പൂശിയാവും ആ പുറപ്പാട്. ആരെങ്കിലും ഈ ചിട്ടവട്ടങ്ങളെക്കുറിച്ച് ആരാഞ്ഞാല്‍ ഉടനെ വരും മറുപടി: ''ഞാന്‍ റസൂലിന്റെ ഹദീസിനെ ആദരിക്കുകയാണ്.''
തന്റേതായ നിലപാടുകളില്‍ ഉറച്ചുനിന്ന ഇമാം മാലികിന്റെ ചിന്താരീതികള്‍ മാറ്റാന്‍ പലരും ശ്രമിച്ചു നോക്കിയെങ്കിലും ഫലംകണ്ടില്ല. വിജ്ഞാനരംഗം വിട്ടു കച്ചവടരംഗത്ത് വ്യാപരിക്കാനായിരുന്നു ചിലരുടെ ഉപദേശം. അറിവിന്റെ ലോകത്തോട് വിടചെല്ലി ജിഹാദിന്റെ വഴി തെരഞ്ഞെടുക്കാനായിരുന്നു മറ്റു ചിലരുടെ നിര്‍ദ്ദേശം. അബ്ദുല്ലാഹിബ്‌നു അബ്ദുല്‍അസീസിനെ പോലെയുള്ള പരിവ്രാജക ശ്രേഷ്ഠര്‍, സംസാര ജീവിതത്തോട് വിടപറഞ്ഞ് ആത്മീയ-സ്വൂഫി രീതി സ്വീകരിക്കാന്‍ ഇമാം മാലികിനെ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങളെല്ലാം സശ്രദ്ധം ശ്രവിക്കും ഇമാം. പക്ഷെ തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയാറാവില്ല. അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസീസിന്റെ നിര്‍ബന്ധം മുറുകി വന്നപ്പോള്‍ ഇമാം മാലിക് അദ്ദേഹത്തിന്നെഴുതിയ കത്തിലെ വരികള്‍: ''അല്ലാഹു ആഹാരവിഭവങ്ങള്‍ വീതിച്ചത് പോലെ തന്റെ ദാസന്മാര്‍ക്ക് കര്‍മങ്ങളും വീതിച്ചു നല്‍കിയിരിക്കുന്നു. നമസ്‌കാരത്തിന്റെ വാതില്‍ തുറന്നുകൊടുക്കപ്പെട്ടുവെങ്കിലും വ്രതാനുഷ്ഠാനത്തിന്റെ വാതില്‍ തുറന്നു കൊടുക്കപ്പെടാത്തവര്‍ എത്രയെത്ര! ചിലര്‍ക്ക് ദാനധര്‍മ്മത്തിന്റെ വാതിലാവും അവന്‍ തുറന്നുകൊടുത്തിരിക്കുക. നോമ്പിന്റെ വാതില്‍ തുറക്കപ്പെട്ടു എന്ന് വരില്ല. മറ്റ് ചിലര്‍ക്ക് ജിഹാദിന്റെ വാതിലാവും തുറക്കപ്പെട്ടിട്ടുണ്ടാവുക. നമസ്‌കാരത്തിന്റെ വാതില്‍ അടഞ്ഞതാവും അവര്‍ക്ക്. വിദ്യാഭ്യാസ പ്രവര്‍ത്തനം ഏറ്റവും ശ്രേഷ്ഠമായ പുണ്യകര്‍മ്മമാണ്. അറിവിന്റെ വ്യാപനത്തിന് ജീവിതം സമര്‍പ്പിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമായി എന്തുണ്ട്! എനിക്ക് അല്ലാഹു തുറന്നു തന്ന ഈ മേഖലയില്‍ പരിപൂര്‍ണ്ണ തൃപ്തനാണ് ഞാന്‍. ഞാന്‍ ഏതൊരു രംഗത്താണോ ഇപ്പോഴും ഉള്ളത്, ആ രംഗത്ത് അങ്ങയുടെയും സ്ഥാനവും സംഭാവനയും ചെറുതാണെന്ന് ഞാന്‍ കരുതുന്നില്ല. നാം ഇരുവരും നന്മ നിറഞ്ഞ പാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓരോരുത്തരും തങ്ങള്‍ക്ക് വീതിച്ചുകിട്ടിയതില്‍ സംതൃപ്തരായി കഴിയുകയാണ് ഭംഗി. വസ്സലാം.''

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം