Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

കുടുംബ സുനഹദോസും മോശൈക ന്യായപ്രമാണവും

ഇ.എം സക്കീര്‍ ഹുസൈന്‍


ക്രൈസ്തവ ചരിത്രപ്രകാരം, ആദ്യമായി നടന്ന സുനഹദോസ് യെരുശലേം സുനഹദോസ് ആയിരുന്നു. അതില്‍ പങ്കെടുത്തവര്‍ യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരും ബര്‍ണബാസും പിന്നെ പൗലോസും. വിദൂര ദേശത്ത് യേശുവിന്റെ സന്ദേശം സ്വീകരിച്ച വിജാതീയരായ (യഹൂദന്മാര്‍ അല്ലാത്ത) ആളുകളോട്, മോശൈക ന്യായ പ്രമാണം സ്വീകരിക്കാനും പരിഛേദന ഏല്‍ക്കാനും നിര്‍ബന്ധിക്കേണ്ടതുണ്ടോ എന്നതായിരുന്നു ആ സുനഹദോസിന്റെ ആലോചനാ വിഷയം.
യേശുവിന്റെ ശിഷ്യന്മാര്‍ ന്യായപ്രമാണവും യേശുവിന്റെ വചനങ്ങളും മുമ്പില്‍ വെച്ച് എടുത്ത തീരുമാനം, ഉടനടി ന്യായപ്രമാണത്തിന്റെ എല്ലാ നിയമങ്ങളും വിജാതീയരെ അടിച്ചേല്‍പിക്കേണ്ടതില്ല എന്നാണ്. അതേസമയം രക്തം, ശവം, വിഗ്രഹമാലിന്യങ്ങള്‍, വ്യഭിചാരം എന്നിവയില്‍ നിന്ന് അവര്‍ അകന്നുനില്‍ക്കട്ടെ എന്നും, ശനിയാഴ്ച തോറും സിനഗോഗിലും പട്ടണങ്ങളിലും കേള്‍ക്കുന്ന തോറയുടെ പ്രഭാഷണങ്ങളിലൂടെ ആ നിയമങ്ങളെല്ലാം സാവകാശം പഠിച്ചെടുത്ത് അവര്‍ നിയമം പാലിക്കട്ടെ എന്നും തീരുമാനമായി (അപ്പോസ്തല പ്രവൃത്തികള്‍: 15:19-21).
'വിശ്വാസികള്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, യെരുശലേം കേന്ദ്രമാക്കിയുള്ള യേശുവിന്റെ അനുയായികള്‍ക്കിടയില്‍ നടന്ന ഏക സുനഹദോസ് ആയിരുന്നു അത്. പിന്നീട് നടന്ന അറിയപ്പെട്ട സുനഹദോസുകളെല്ലാം അന്ത്യോഖ്യയില്‍ വെച്ച് 'ക്രിസ്ത്യാനികള്‍' എന്നു വിളിക്കപ്പെട്ട, പരിഛേദനയോ സിനഗോഗോ, ന്യായപ്രമാണം എന്ന ഉരകല്ലോ ഇല്ലാത്ത പൗലോസിയന്‍ ചിന്താധാരയിലുള്ളവരുടെ സുനഹദോസുകള്‍ ആയിരുന്നു.

സാര്‍വത്രിക സുനഹദോസുകള്‍

ക്രി. 325-ലെ നിഖയ്യാ സുനഹദോസ് ആണ് ഈ സുനഹദോസുകളില്‍ പ്രധാനം. യേശു ദൈവമാണോ അല്ലയോ എന്നതായിരുന്നു ഈ സുനഹദോസിലെ ചിന്താ വിഷയം. അന്തനേഷ്യസ് എന്ന പുരോഹിതനും അരിയൂസ് എന്ന പുരോഹിതനും തമ്മില്‍ മുഖ്യമായും നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ യേശു ദൈവമാണെന്ന് ഈ സുനഹദോസ് തീരുമാനിച്ചു. യേശു ഒരു സൃഷ്ടിയാണെന്നും യേശു ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും പറയുന്നവരെ നിഖയ്യാ വിഭാഗം ശപിച്ചുതള്ളി.
ക്രി. 391-ലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ സുനഹദോസ്, ഗബ്രിയേല്‍ ദൈവത്തിന്റെ അംശമാണെന്ന് തീരുമാനിച്ചു. ക്രി. 431-ലെ എഫ്‌സൂസ് സുനഹദോസ് മറിയം 'ദൈവത്തിന്റെ അമ്മ' ആണെന്നുള്ള തീരുമാനത്തിലുമെത്തി. എതിര്‍വാദങ്ങള്‍ ഉണ്ടായിരുന്നവര്‍ പിരിഞ്ഞുപോയി വേറെ കൂട്ടായ്മകള്‍ രൂപീകരിച്ചു. നെസ്‌തോര്‍ എന്ന പുരോഹിതന്‍, മറിയം 'ദൈവത്തിന്റെ അമ്മയല്ല' എന്നു വാദിച്ചു. അദ്ദേഹത്തിന്റെ വാദമുഖങ്ങളെ നെസ്‌തോറിയന്‍ പാഷണ്ഡത എന്ന് കത്തോലിക്കാ സഭ പേരിട്ടു വിളിച്ചു.
ക്രി. 451-ല്‍ കല്‍ക്കദോനിയായില്‍ ചേര്‍ന്ന സുനഹദോസില്‍, യേശുവിന്റെ വ്യക്തിത്വത്തില്‍ ദൈവത്വവും മനുഷ്യത്വവും സംയോജിക്കപ്പെട്ടിരിക്കുന്നുവെന്ന വാദം അംഗീകരിച്ചു. അത് അംഗീകരിക്കാതിരുന്ന ആളുകള്‍ യാക്കോബ് ബുര്‍ദായയുടെ നേതൃത്വത്തില്‍ യാക്കോബായ സഭ രൂപീകരിച്ചു.
ഈ സാര്‍വത്രിക സുനഹദോസുകള്‍ക്കു ശേഷം പിരിഞ്ഞുപോയ ഓരോ സഭയും അവരുടേതായ സുനഹദോസുകള്‍ ചേര്‍ന്നു. അതിലെ തീരുമാനങ്ങള്‍ മറ്റു സഭകള്‍ക്ക് ബാധകമായിരുന്നില്ല.

കത്തോലിക്കാ സഭയുടെ സുനഹദോസുകള്‍

മേല്‍ പറഞ്ഞ നാലു സുനഹദോസുകളോട് ചേര്‍ത്താണ് കത്തോലിക്കാ സഭ അതിന്റെ സാര്‍വത്രിക സുനഹദോസുകളുടെ എണ്ണം നിര്‍ണയിക്കാറ്. ഇരുപത്തിയൊന്നാം സാര്‍വത്രിക സുനഹദോസായ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോണ്‍ മാര്‍പ്പാപ്പ പറഞ്ഞു: ''ഇത്രയും കാലത്തിനിടക്ക് ഇരുപത് സാര്‍വത്രിക സുനഹദോസുകള്‍ സഭ നടത്തിയിട്ടുണ്ട്. അനവധി പ്രാദേശിക സുനഹദോസുകളും സഭയിലുണ്ടായിട്ടുണ്ട്. ഇവയെല്ലാം കത്തോലിക്കാ സഭയുടെ ഓജസ്സത്രേ പ്രകാശിപ്പിക്കുന്നത്.''
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ 1965-ല്‍ സമാപിച്ചു. 1960-ല്‍ ആയിരുന്നു അതിന്റെ ആരംഭം. ''കൗണ്‍സിലിന്റെ ആശയം ഉദയം ചെയ്തത് അത്യുന്നതന്റെ നേരിട്ടുള്ള നിവേശനം വഴിയാണ് എന്ന് പോപ്പ് ജോണ്‍ 'സുപ്പേര്‍നൊ ദേയി നൂത്തു' (ട്യുലൃിീ ഉലശ ചൗൗേ ഖൗില 5, 1960) എന്ന ലിഖിതത്തിലൂടെ വ്യക്തമാക്കി'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖകള്‍. ധര്‍മാരാം പബ്ലിക്കേഷന്‍സ്, ബാംഗ്ലൂര്‍, 1985).
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഏറ്റവും പ്രധാന തീരുമാനം, ഇതര മതങ്ങളോടുള്ള തുറവി ആയിരുന്നു. 'തിരുസഭയ്ക്ക് അക്രൈസ്തവ മതങ്ങളോടുള്ള ബന്ധം സംബന്ധിച്ച പ്രഖ്യാപനം' എന്ന തലക്കെട്ടില്‍ ഇതര മതങ്ങളുടെ മൂല്യവും അതിലെ രക്ഷയുടെ സാധ്യതകളും സഭ വിലയിരുത്തി.
''മുഹമ്മദീയരെ ബഹുമാന പുരസ്സരമാണ് തിരുസ്സഭ വീക്ഷിക്കുന്നത്. അവരും ഏകദൈവാരാധകരാണ്. സ്വയം സ്ഥിതനും കരുണാര്‍ദ്രനും സര്‍വശക്തനും ഭൂസ്വര്‍ഗ സ്രഷ്ടാവും മനുഷ്യനോടു സംഭാഷിക്കുന്നവനുമായ ജീവനുള്ള ദൈവത്തെയാണവര്‍ ആരാധിക്കുന്നത്. തങ്ങളുടെ മതവിശ്വാസത്തെ അബ്രാഹത്തോടു ബന്ധപ്പെടുത്തുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് മുഹമ്മദീയര്‍. അബ്രാഹം ചെയ്തതുപോലെ അവരും ദൈവത്തിന്റെ അഗ്രാഹ്യമായ നിശ്ചയങ്ങള്‍ക്ക് പൂര്‍ണ ഹൃദയത്തോടെ കീഴ്‌പ്പെടാന്‍ യത്‌നിക്കുന്നു. ക്രിസ്തുവിനെ ദൈവമായി അവര്‍ അംഗീകരിക്കുന്നില്ലെങ്കിലും ഒരു പ്രവാചകനായി വണങ്ങുന്നുണ്ട്. ക്രിസ്തുവിന്റെ കന്യകാ മാതാവായ മറിയത്തെയും അവര്‍ ആദരിക്കുന്നുണ്ട്. ചിലപ്പോള്‍ ഭക്തിപൂര്‍വം അവളെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു. സര്‍വോപരി അന്തിമ വിധി ദിവസത്തെയും അവര്‍ പ്രതീക്ഷിക്കുന്നു. അന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മനുഷ്യര്‍ക്ക് ദൈവം ജീവിത പ്രതിഫലം നല്‍കുമെന്നാണവരുടെയും വിശ്വാസം'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖകള്‍, പേജ് 363).
സാര്‍വത്രിക സുനഹദോസില്‍ ഇതര മതങ്ങളോടുള്ള തുറവി എന്നത് ഒരു വിഷയമായിരുന്നുവെങ്കിലും, അത് പരാമര്‍ശിക്കുന്ന മേല്‍ പറഞ്ഞ പ്രമാണ രേഖയില്‍ പോലും തെറ്റുകള്‍ കടന്നുകൂടിയിരുന്നു. യേശുവെ മുസ്‌ലിംകള്‍ വണങ്ങുന്നുവെന്നും, മറിയമിനെ വിളിച്ചപേക്ഷിക്കുന്നുവെന്നുമുള്ള പരാമര്‍ശങ്ങള്‍ ഇതര മത-ദൈവശാസ്ത്രങ്ങള്‍ പഠിക്കാനേല്‍പിച്ച പുരോഹിതന്മാര്‍ക്ക് പിണഞ്ഞ അബദ്ധമായിരുന്നിരിക്കാം. പക്ഷേ, ആ അബദ്ധങ്ങള്‍ പ്രമാണരേഖയിലേക്കു കൂടി പകര്‍ന്നപ്പോള്‍ അതൊരു അക്ഷന്തവ്യമായ അപരാധമായി മാറുകയാണുണ്ടായത്. കുരിശു യുദ്ധകാലത്തെ ശത്രുതകള്‍ പാടെ മറക്കണമെന്ന ആഹ്വാനമാണ് പിന്നീട് പ്രമാണരേഖയിലുള്ളത്.

കുടുംബ സുനഹദോസ് 2014
ഇപ്പോള്‍ വത്തിക്കാനില്‍ നടന്ന കുടുംബ സുനഹദോസ് അടുത്ത വര്‍ഷത്തോടെ മാത്രമേ പൂര്‍ത്തിയാവൂ. അതിലെ ചര്‍ച്ചാ വിഷയങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അക്കാര്യങ്ങളില്‍ അടുത്ത വര്‍ഷം തീരുമാനമുണ്ടാവുമെന്നാണ് റോമില്‍ നിന്നുള്ള വാര്‍ത്ത. കുടുംബ സുനഹദോസ് 'അസാധാരണ' സുനഹദോസ് ആണ്. ഒരു അസാധാരണ സുനഹദോസ് വിളിക്കാനുണ്ടായ സാഹചര്യം മംഗലപ്പുഴ പൊന്തിഫികല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ് ഫാദര്‍ വിന്‍സന്റ് കുണ്ടുകുളം ഇപ്രകാരം വിശദമാക്കുന്നു: ''ഏകദേശം രണ്ടു ദശകങ്ങളായി ലോകമെമ്പാടുമുള്ള സഭാ സ്‌നേഹികള്‍ ഒരു മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സമകാലിക ലോകത്ത് അര്‍ഥവത്തായ രീതിയില്‍ വിശ്വാസവുമായി ജീവിക്കാന്‍ സഹായകമായ ഒട്ടേറെ കാഴ്ചപ്പാടുകള്‍ സംഭാവന ചെയ്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1962-'65) ഉണര്‍ത്തി വിട്ട ഉന്മേഷം ഏതാണ്ട് കെട്ടടങ്ങിയിരുന്നു എന്നതാണ് അതിനു കാരണം'' (മാധ്യമം 2014 ഒക്‌ടോബര്‍ 7). സ്വവര്‍ഗരതി, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, വിവാഹമോചനം, കുടുംബ തകര്‍ച്ച, വിവാഹപൂര്‍വ ബന്ധങ്ങളിലെ മക്കളുടെ നിയമപ്രശ്‌നങ്ങള്‍, ബ്രഹ്മചര്യം തുടങ്ങിയ വിഷയങ്ങളാണ് ഈ കുടുംബ സുനഹദോസ് ചര്‍ച്ച ചെയ്തത്.
ഈ വിഷയങ്ങളിലെല്ലാം കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ന്യായപ്രമാണത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, മോശൈക ന്യായ പ്രമാണം പഴയ നിയമമായപ്പോള്‍ പുതിയ നിയമത്തിന്റെ ആളുകള്‍ നിയമ ദാരിദ്ര്യത്തിലായി. നിയമ ദാരിദ്ര്യം പുതിയ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി. ആ പ്രശ്‌നങ്ങള്‍ കാരണമായി പള്ളികളില്‍ ആളു കുറഞ്ഞു. പള്ളികളില്‍ ആളുകള്‍ വരാതിരിക്കുന്നതിനു കാരണം, പേരിനെങ്കിലുമുള്ള ഈ ധാര്‍മിക അതിര്‍വരമ്പുകളാണ്. അതും കൂടി എടുത്തുകളഞ്ഞാലെങ്കിലും ആളുകള്‍ പള്ളിയില്‍ വരുമോ? അങ്ങനെ നൂറ്റാണ്ടുകളായി പുതിയ നിയമത്തില്‍ത്തന്നെ നിലനില്‍ക്കുന്ന യേശുവിന്റെ വചനങ്ങള്‍ക്കു വിരുദ്ധമായി സഭ ചലിച്ചുതുടങ്ങി.
''ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍. എന്തുകൊണ്ടെന്നാല്‍ വിധിദിനത്തില്‍ സോദോം-ഗൊമോറയുടെ ശിക്ഷ അവര്‍ക്കുള്ള ശിക്ഷയേക്കാള്‍ കുറവ് എന്ന് സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു'' (മത്തായി 10:14,15).
സോദോം ഗൊമോറയുടെ ശിക്ഷയിറങ്ങിയത് സ്വവര്‍ഗാനുരാഗികളായ ജനതയിലായിരുന്നു എന്നത്, മാര്‍പാപ്പയുള്‍പ്പെടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പന്ത്രണ്ട് ശിഷ്യന്മാരുടെ വാക്ക് കേള്‍ക്കാത്തവര്‍ക്കുള്ള ശിക്ഷ, സോദോം-ഗൊമോറയുടെ ശിക്ഷയേക്കാള്‍ ഭയാനകമാണെന്നാണ് യേശു മുന്നറിയിപ്പ് തരുന്നത്. പന്ത്രണ്ട് ശിഷ്യന്മാരോട് കലഹിച്ചും അവരുടെ ന്യായപ്രമാണം ഒഴിവാക്കിയും പൗലോസ് സ്ഥാപിച്ച 'സ്വര്‍ഗീയ യെരുശലേം' (ഗലാത്യ: 4:21-31) യേശു മുന്നറിയിപ്പ് നല്‍കിയ അനിവാര്യമായ ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയാണോ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍?

ബ്രഹ്മചര്യം
''പിന്നീട് അവര്‍ക്ക് പിറകെ നാം നിരന്തരം നമ്മുടെ ദൂതന്മാരെ നിയോഗിച്ചു. മര്‍യമിന്റെ മകന്‍ ഈസയെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു. എന്നാല്‍, അവര്‍ സ്വയം ബ്രഹ്മചര്യം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല'' (ഖുര്‍ആന്‍ 57:27).
വിവാഹിതരാകുന്ന വൈദികരെ സഭയില്‍ നിന്ന് പുറത്താക്കാന്‍ ക്രി. 1074-ല്‍ ഒരു കല്‍പനയിലൂടെ മാര്‍പാപ്പ ആവശ്യപ്പെടുകയാണുണ്ടായത് (ക്രൈസ്തവ സഭ ഇരുപത് നൂറ്റാണ്ടുകളിലൂടെ, ഖര ഉല്. ഏഘട പത്തനംതിട്ട, 2003, പേജ് 710). അതിന് മുമ്പ് സ്വന്തം ഇഷ്ടപ്രകാരം പുരോഹിതന്മാര്‍ ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്നു. അത് കത്തോലിക്കാ സഭയില്‍ നിയമമായി വന്നത് 1074-ല്‍ ആണ്. 'അവര്‍ കെട്ടിച്ചമച്ച ബ്രഹ്മചര്യം' എന്ന ഖുര്‍ആനിക പ്രസ്താവത്തോട് അടുത്തു നില്‍ക്കുന്ന ചില നീക്കങ്ങള്‍ ഈ സുനഹദോസില്‍ കാണാന്‍ കഴിഞ്ഞു. പൂര്‍വികര്‍ കെട്ടിച്ചമച്ചതാണ് ഇത് എന്ന തിരിച്ചറിവാണ് 'ബ്രഹ്മചര്യം കൂദാശയല്ല' എന്ന പോപ്പിന്റെ പ്രഖ്യാപനത്തിന് നിദാനം.
മോശൈക ന്യായപ്രമാണത്തില്‍ ബ്രഹ്മചര്യം ഉണ്ടായിരുന്നില്ല. യേശുവിന്റെ പതിനൊന്ന് ശിഷ്യന്മാരും വിവാഹിതരായിരുന്നു. ബ്രഹ്മചര്യം ഒഴിവാക്കിയെടുക്കാന്‍ ഇപ്പോള്‍ സഭ ശ്രമിക്കുന്നതിന്റെ കാരണങ്ങള്‍ ഇങ്ങനെ വായിക്കാം: ''ലൈംഗികതക്ക് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള പങ്ക്, ലൈംഗികതയെപ്പറ്റി മാറിവന്ന ഭാവാത്മകമായ കാഴ്ചപ്പാടുകള്‍, പാശ്ചാത്യ നാടുകളില്‍ വൈദികാര്‍ഥികളുടെ കുറവ്, ബ്രഹ്മചാരികള്‍ക്കുണ്ടാകുന്ന അപചയങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്ത് ഈ വിഷയത്തെ പറ്റി ക്രിയാത്മകമായ ഒരു സംവാദത്തിന് വാതില്‍ തുറന്നിടുകയാണ് അദ്ദേഹം (പോപ്പ്) ചെയ്തത്'' (മാധ്യമം 2014 ഒക്‌ടോബര്‍ 2).
വിവാഹിതരാകാതെ നടക്കുന്ന പുരോഹിതന്മാരുടെ ബാലപീഡനങ്ങളെക്കുറിച്ചും പ്രകൃതിവിരുദ്ധ ലൈംഗികതതക്ക് അള്‍ത്താര ബാലന്മാര്‍ വിധേയമാക്കപ്പെടുന്നതിനെക്കുറിച്ചും കോടതികളില്‍ നിലവിലുള്ള ഇത്തരം കേസുകളില്‍ കനത്ത നഷ്ടപരിഹാരത്തുക സഭ നല്‍കേണ്ടിവരുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ പശ്ചാത്തലത്തില്‍ വേണം കുടുംബ സുനഹദോസില്‍ നടന്ന ചര്‍ച്ചകളെ വിലയിരുത്താന്‍.

കുടുംബം
പാശ്ചാത്യലോകത്ത് ലൈംഗിക അരാജകത്വം വ്യാപകമായതിനാല്‍ പലപ്പോഴും പ്രായപൂര്‍ത്തിയായ മക്കളുടെ സാന്നിധ്യത്തില്‍ അഛനമ്മമാരുടെ വിവാഹം നടക്കാറുണ്ട്. ഈ കുട്ടികളും മാതാപിതാക്കളും പള്ളികളില്‍ വരാത്തതിനാല്‍ മിക്ക പള്ളികളും അടഞ്ഞുകിടപ്പാണ്. ചില പള്ളികളെങ്കിലും മദ്യശാലകളായി മാറിയിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ ഈ ആളുകളെ പള്ളികളിലേക്ക് ആകര്‍ഷിക്കണം. അവിഹിത സന്തതികളാണവരെന്നതിനാലും ചാവുദോഷമുള്ളവരാണവരുടെ മാതാപിതാക്കള്‍ എന്നതിനാലും അവര്‍ പള്ളിയില്‍ വരുന്നില്ല. കുടുംബ സുനഹദോസിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഈ സുനഹദോസ് ശ്രമം നടത്തിയത്. വിവാഹമോചിതരായ ആളുകള്‍ക്ക്, അത് സഭാ നടപടിക്രമങ്ങളിലൂടെയല്ലെങ്കില്‍ ഖുര്‍ബാന സ്വീകരിക്കാന്‍ അനുവാദമില്ല. ഈ സുനഹദോസിലൂടെ അവരെയും ചേര്‍ത്തു നിര്‍ത്താന്‍ സഭ ആഗ്രഹിക്കുന്നു. വ്യഭിചാരവും വിവാഹമോചനവും തെറ്റായിത്തുടരുമ്പോള്‍ തന്നെ, അതിലുള്‍പ്പെട്ട ആളുകള്‍ക്ക് സാമൂഹികാംഗീകാരം നല്‍കാനും സഭക്ക് ഉദ്ദേശ്യമുണ്ട്.
മോശൈക ന്യായപ്രമാണത്തെ അസാധുവാക്കാനല്ല, ആ നിയമങ്ങളെ പാലിക്കുന്നവരാക്കാനാണ് താന്‍ വന്നതെന്ന് യേശു വ്യക്തമാക്കിയിട്ടുണ്ട്. പൗലോസിന്റെ പ്രേരണയാല്‍(ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു-ഗലാ: 3:10) ന്യായപ്രമാണത്തില്‍ കൃത്യമായി പ്രതിപാദിച്ചിരുന്ന കുടുംബ നിയമങ്ങളെ ചവറ്റുകുട്ടയിലെറിഞ്ഞ് സ്വയംകൃത നിയമങ്ങള്‍ തേടിപ്പോകുമ്പോള്‍ ദൈവിക നീതിയില്‍ നിന്നും ഭക്തിയില്‍നിന്നും മാത്രമല്ല, ദൈവിക രക്ഷയില്‍ നിന്നു കൂടിയാണ് അകന്നുപോകുന്നത്. നിയമങ്ങളുടെ സമാഹാരവുമായി മോശെ വന്നതിനു ശേഷം ആ നിയമങ്ങളുടെ അകക്കാമ്പും ചൈതന്യവും വിശദമാക്കാനും, നിയമങ്ങളെ പൂര്‍ണ മനസ്സോടെ പിന്‍പറ്റുന്നതിലാണ് ദൈവപ്രീതി എന്ന് പഠിപ്പിക്കാനുമാണ് യേശു വന്നത്.

സ്വവര്‍ഗ വിവാഹം
യൂറോപ്യന്‍ നാടുകളില്‍ വര്‍ധിച്ചുവരുന്ന സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സാമൂഹികാംഗീകാരം നല്‍കല്‍ കുടുംബ സുനഹദോസിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് മനസ്സിലാക്കപ്പെടുന്നു. ''കര്‍ത്താവ് സ്വവര്‍ഗ ഭോഗിയായ ഒരുവനെ കണ്ടുമുട്ടിയിരുന്നെങ്കില്‍ അയാളെ വധിക്കുമായിരുന്നോ?'' മാര്‍പാപ്പയുടെ ഈ ചോദ്യം യേശുവിന്റെ പ്രതിധ്വനിയായി കാണാനാണ് കത്തോലിക്കാ സഭ ഇഷ്ടപ്പെടുന്നത്. എന്നാല്‍, ഏറ്റവും കടുത്ത ശിക്ഷ സ്വവര്‍ഗഭോഗികള്‍ക്കാണെന്നും മരണാനന്തരമല്ല ഇവിടെത്തന്നെ അവര്‍ക്കുള്ള ശിക്ഷ ആംഭിക്കുന്നു എന്നും പഠിപ്പിച്ച യേശുവിന്റെ പ്രതിധ്വനിയാണോ ഈ ചോദ്യം?
മോശൈക ന്യായപ്രമാണം എന്ന പഴയ നിയമ പുസ്തകം എല്ലാ ബൈബിളിനോടുമൊപ്പം ചേര്‍ത്തിരിക്കുന്നത്, നിയമം ദൈവം തരാഞ്ഞിട്ടല്ല എന്നതിന് തെളിവാണ്. ആ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്നും കാലഹരണപ്പെട്ടതാണെന്നും പഠിപ്പിച്ചത് പൗലോസ് ആണ്. പൗലോസ്, ന്യായപ്രമാണം കാലഹരണപ്പെട്ടതാണെന്ന് പ്രസംഗിച്ചുവെന്ന് പന്ത്രണ്ട് യേശു ശിഷ്യന്മാര്‍ കേട്ടപ്പോള്‍ അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ന്യായപ്രമാണത്തെ അംഗീകരിക്കുന്നവന്‍ തന്നെയാണ് പൗലോസ് എന്ന് പൗലോസിനെക്കൊണ്ടുതന്നെ കര്‍മസാക്ഷ്യം വഹിപ്പിക്കുകയും ചെയ്ത ചരിത്രം അപ്പോസ്തല പ്രവൃത്തികളില്‍ ഇരുപത്തിയൊന്നാം അധ്യായം വ്യക്തമാക്കുന്നുണ്ട്.
അപ്പോസ്തലസഭയുടെ മൂപ്പനായ യാക്കോബിനു മുമ്പാകെ നിന്ന് പൗലോസ് മോശൈകന്യായപ്രമാണത്തിന്റെ ഭാഗമായ സംഖ്യാ പുസ്തകം ആറാം അധ്യായത്തില്‍ പറയുന്ന, ഹോമയാഗവും പാപയാഗവും അകൃത്യയാഗവും ഭോജനയാഗവും പാനീയ യാഗവും കൊണ്ടുമാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നാസ്വീര്‍ വ്രതം അനുഷ്ഠിച്ചു. അങ്ങനെ നിയമത്തിന്റെ ഉറവിടം മോശൈക ന്യായപ്രമാണം തന്നെയാണെന്ന് അപ്പോസ്തലന്മാര്‍ക്ക് മുമ്പാകെ പൗലോസ് സമ്മതിച്ചതാണ്.
ഈ പ്രഖ്യാപനം വേണ്ടത്ര പരിഗണിക്കാതെ പൗലോസിന്റെ ഈ സംഭവത്തിനു മുമ്പെഴുതിയ ലേഖനങ്ങളിലൂടെ സ്ഥാപിതമായ സഭയുടെ പിന്‍ഗാമികള്‍, ആ യേശു ശിഷ്യന്മാര്‍ക്കെതിരെയും പൂര്‍വ പ്രവാചകന്മാര്‍ക്കെതിരെയും കുറ്റപത്രങ്ങളുമായി ഈ സുനഹദോസുകളില്‍ പ്രത്യക്ഷപ്പെടുകയാണ്. 'ഒരു കുമ്പിള്‍ വെള്ളമെങ്കിലും നല്‍കി എന്റെ ശിഷ്യന്മാരെ ആദരിക്കണ'മെന്ന് പഠിപ്പിച്ച യേശുവെയും, യേശുവിനു മുമ്പേ സ്വവര്‍ഗഭോഗികളെ നേര്‍വഴിക്കു നയിക്കാന്‍ നിയോഗിതനായ പ്രവാചകന്‍ ലോത്തിനെയും യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരെയും അവരുടെ കലര്‍പ്പറ്റ അധ്യാപനങ്ങളെയും തള്ളിക്കളയുകയല്ലേ യഥാര്‍ഥത്തില്‍ സഭ ചെയ്യുന്നത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം