കീഴാളമായതെല്ലാം ആഘോഷിക്കപ്പെടേണ്ടതല്ല
പ്രബോധനം വാരികയില്‍ ഡോ. അജയ് ഗുഡവര്‍ത്തിയുമായി ഞങ്ങള്‍ നടത്തിയ അഭിമുഖത്തിനു (ലക്കം 2865) കെ.ടി ഹാഫിസെഴുതിയ 'നവ ഇടതിന്റെ ചെലവില്‍ നവ ഹൈന്ദവത വില്‍ക്കപ്പെടുന്നു' എന്ന പ്രതികരണം (ലക്കം 2869) വായിച്ചു. ഗുഡവര്‍ത്തിയുടെ ചില നിരീക്ഷണങ്ങളോടുള്ള വിയോജിപ്പാണ് പ്രതികരണത്തില്‍. ദളിതുകളും ഒ.ബി.സികളും മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന കലാപങ്ങളില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണെന്ന് കുറ്റപ്പെടുത്തി, മുസ്‌ലിം വിരുദ്ധ കലാപങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കളായ ഹൈന്ദവ ഫാഷിസത്തെയും അതിനെ നിയന്ത്രിക്കുന്ന ബ്രാഹ്മണ ജാതീയ തത്വശാസ്ത്രത്തെയും ഗുഡവര്‍ത്തി അദൃശ്യമാക്കുകയാണെന്നും, സംഘ്പരിവാര്‍ ഫാഷിസത്തെ ചെറുക്കുന്നതിലുള്ള വ്യത്യസ്ത ദലിത് മുസ്‌ലിം സംഘടനകളുടെ പരിശ്രമങ്ങളെയും പിന്നാക്ക ഐക്യമെന്ന രാഷ്ട്രീയ സാധ്യതയെയും അദ്ദേഹം നിരാകരിക്കുന്നുവെന്നും ഹാഫിസ് പറയുന്നു. ജാതീയത എന്നത് ബ്രാഹ്മണിസമാണെന്ന് മനസ്സിലാക്കുന്നതില്‍ ഗുഡവര്‍ത്തി പരാജയപ്പെടുന്നുവെന്നും, ജാതീയതക്കെതിരെ നിലനില്‍ക്കുന്ന വലിയ തോതിലുള്ള പ്രതിരോധ സമരപ്രവര്‍ത്തനങ്ങളെ കുറിച്ച് പൂര്‍ണമായും നിശ്ശബ്ദനായി, കീഴ്ജാതികള്‍ക്കിടയില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത്, നവ ഇടതിന്റെ ചെലവില്‍ നവ ഹൈന്ദവതക്ക് ന്യായീകരണങ്ങള്‍ പണിയാനുള്ള ശ്രമമാണെന്നും ഹാഫിസ് കുറ്റപ്പെടുത്തുന്നു. മാര്‍ക്കറ്റ് യുക്തികള്‍ക്കകത്ത് സാമൂഹിക യാഥാര്‍ഥ്യങ്ങളെ വായിക്കാന്‍ ശ്രമിക്കുന്ന ഗുഡവര്‍ത്തി പുതിയ ബി.ജെ.പി ഭരണകാലത്തെ 'തീക്ഷ്ണത കുറഞ്ഞ വര്‍ഗീയതക്ക്' കാരണമായ പ്രാദേശികമായി രൂപപ്പെട്ട് വരുന്ന മുന്‍കരുതലുകളും ജാഗ്രതയും പ്രതിരോധ ശ്രമങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുസ്‌ലിംകള്‍ ഇന്ത്യയിലെ പുതിയ കീഴാള വര്‍ഗമാണെന്ന നിരീക്ഷണത്തിലൂടെ, മുസ്‌ലിംകളുടെ മുഴുവന്‍ ചരിത്രപരതയും നിഷേധിച്ച്, ഇന്ത്യയുടെ ചരിത്രത്തിലുടനീളമുള്ള മുസ്‌ലിം പോരാട്ടങ്ങളെയും അവരുടെ അനുഭവങ്ങളെയും വിസ്മരിക്കുകയാണ് ഗുഡവര്‍ത്തി ചെയ്യുന്നതെന്നും ഹാഫിസ് ആരോപിക്കുന്നു.
ഹാഫിസിന്റെ ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറയുകയല്ല ഞങ്ങളീ കുറിപ്പിലൂടെ. അദ്ദേഹത്തിന്റെ പ്രതികരണത്തിലെ ചില തെറ്റായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ്. ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒവിന്റെ ജെ.എന്‍.യു ഘടകം, കണ്ഡമാല്‍ കൂട്ടക്കുരുതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ച ഡോ. അജയ് ഗുഡവര്‍ത്തി ഒരു മണിക്കൂറോളം നീണ്ടുനിന്ന തന്റെ പ്രഭാഷണത്തില്‍ ഒരു തവണ പോലും കണ്ഡമാല്‍ എന്ന് പരാമര്‍ശിക്കാതെ ശ്രദ്ധിച്ചു എന്നുള്ള ഹാഫിസിന്റെ പരാമര്‍ശം തെറ്റാണ്. അദ്ദേഹം കണ്ഡമാല്‍ കൂട്ടക്കുരുതിയെ കുറിച്ച് അധികം സംസാരിച്ചില്ല എന്നതാണ് നേര്. വര്‍ഗീയ കലാപങ്ങളുടെ കാരണങ്ങള്‍ വിശദീകരിക്കുന്നതിലും സിദ്ധാന്തവല്‍കരിക്കുന്നതിലും വ്യാപൃതനായിരുന്നു അദ്ദേഹം. അതിനുള്ള കാരണം ഇതായേക്കാം.... കണ്ഡമാല്‍ കൂട്ടക്കുരുതിയെ കുറിച്ച് സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏറ്റവും ആധികാരികമായ രണ്ട് പുസ്തകങ്ങള്‍ എഴുതിയ (KANDHAMAL : A BLOT ON INDIAN SECULARISM, KANDHAMAL CRAVES FOR JUSTICE) ആന്റോ അക്കാരോ വളരെ കൃത്യമായി കണ്ഡമാലില്‍ സംഭവിച്ചതിനെ കുറിച്ച് തന്റെ അനുഭവങ്ങളിലൂടെ വിവരിച്ചതിന് ശേഷമായിരുന്നു ഗുഡവര്‍ത്തി സംസാരിച്ചത്. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ കുറിച്ചും ഹിന്ദുത്വ ശക്തികളുടെ രാഷ്ട്രീയത്തെ കുറിച്ചുമായിരുന്നു ഗുഡവര്‍ത്തിയുടെ സംസാരം. ഹിന്ദുത്വ ശക്തി കളെ പോലെ ചില ക്രിസ്ത്യാനികളും മുസ്‌ലിംകളും വര്‍ഗീയമായി ചിന്തിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍ 'പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ഥി സംഘടന പോലും മുസ്‌ലിം വര്‍ഗീയതയുടെ ഭാഗമാണെന്ന് പറയാതെ പറയുകയായിരുന്നു ഡോ. അജയ് ഗുഡവര്‍ത്തി' എന്ന ഹാഫിസിന്റെ പരാമര്‍ശം വാസ്തവ വിരുദ്ധമാണ്. പരിപാടി സംഘടിപ്പിച്ച ജെ.എന്‍.യുവിലെ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് ഈ പരാമര്‍ശത്തോട് യോജിക്കാന്‍ കഴിയില്ല.
അദ്ദേഹം സെക്യുലര്‍ വിഭാഗീയതയെ (സെക്‌ടേറിയനിസം) കുറിച്ചും സംസാരിച്ചു. സെക്യുലര്‍ കക്ഷികള്‍ പോലും സ്വന്തം കാര്യമേ നോക്കുന്നുള്ളൂവെന്നും ജാതിയും മതവും കടന്നുള്ള ഇടപെടലിനു സമൂഹം പൊതുവെ ഒരുക്കമല്ല എന്നും അദ്ദേഹം പറഞ്ഞു. എത്ര ദലിതുകളുണ്ട് മുസ്‌ലിം പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുന്നവരായും അതിനുവേണ്ടി സംസാരിക്കുന്നവരായും? ആദിവാസി പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്ന എത്ര മുസ്‌ലിംകളുണ്ട്? ഇങ്ങനെയുള്ള ചില ചോദ്യങ്ങള്‍ അദ്ദേഹം വിദ്യാര്‍ഥികളോട് ചോദിച്ചു. കണ്ഡമാലില്‍ കൂട്ടക്കുരുതിക്കിരയായ ദലിത് ക്രിസ്ത്യാനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടക്കുരുതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ജെ.എന്‍.യുവില്‍ നടന്ന ഏക പരിപാടി സംഘടിപ്പിച്ച ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒവിനെ തന്നെ പരിപാടിയില്‍ സംസാരിക്കാന്‍ വേണ്ടി ക്ഷണിച്ചതിന്റെ പേരില്‍ പ്രശംസിക്കുകയായിരുന്നു ഗുഡവര്‍ത്തി. ദലിതുകളും മുസ്‌ലിംകളും ഇടതുപക്ഷക്കാരും, പരിസ്ഥിതി പ്രവര്‍ത്തകരും, ഗോത്ര വംശങ്ങളും തുടങ്ങി എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും വിശാല പിന്നാക്ക ഐക്യ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് ആലോചിക്കണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാല്‍ കീഴാള രാഷ്ട്രീയത്തില്‍ മാത്രം അഭിരമിക്കുകയും കീഴാളമായതെന്തും ആഘോഷിക്കുകയും ചെയ്യുന്നതിനിടയില്‍, കീഴാളര്‍ സംഘ്പരിവാര്‍ ശക്തികളാക്കപ്പെടുന്നുവെന്ന യാഥാര്‍ഥ്യത്തെ പോലും കണ്ണടച്ച് ഇരുട്ടാക്കുന്നതിനും ന്യായീകരിക്കാനുമാണ് ഹാഫിസ് തുനിയുന്നത്. തങ്ങളുടെ പരമ്പരാഗത വോട്ടര്‍മാരായ ബ്രാഹ്മണരിലും ബനിയക്കാരിലും മാത്രമല്ല, വലിയൊരു വിഭാഗം കീഴാളരിലും ബി.ജെ.പി വന്‍ സ്വീകാര്യത ആര്‍ജിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലവും അടുത്ത് നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളും. അതുപോലെ ഈയിടെയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ദലിതുകളും മുസ്‌ലിംകളും, ഒ.ബി.സികളും മുസ്‌ലിംകളും തമ്മിലാണ് എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ദല്‍ഹിയിലെ ത്രിലോക് പുരിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷം. ഇതൊക്കെ യാഥാര്‍ഥ്യങ്ങളാണെന്ന് മനസ്സിലാക്കി ബി.ജെ.പിയുടെയും ഹിന്ദുത്വ ശക്തികളുടെയും കുതന്ത്രങ്ങളെ കുറിച്ച് കീഴാളരെ ബോധവത്കരിച്ച് വിശാല പിന്നാക്ക ഐക്യ രാഷ്ട്രീയ സാധ്യതകള്‍ക്ക് ആക്കം കൂട്ടുകയാണ് നാം വേണ്ടത്.
Comments