Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

ഇബ്‌നു തുഫൈല്‍

ഹയ്യ് ബ്‌നു യഖ്ദാന്‍

സസ്യങ്ങളെയും ജീവജാലങ്ങളെയും ആകാശവസ്തുക്കളെയും കുറിച്ച് ചിന്തിച്ചപ്പോള്‍, അവയില്‍ തനിക്ക് ഏറ്റവും സാദൃശ്യമുള്ളത് ആകാശ വസ്തുക്കളുമായിട്ടാണെന്ന് അവന്‍ മനസ്സിലാക്കുകയുണ്ടായി. അനന്തരം, മറ്റു ജീവജാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി തനിക്ക് മാത്രം ആകാശവസ്തുക്കളുടേതിന് സദൃശമായ ഒരു സത്ത നല്‍കപ്പെട്ടത് എന്തിനാണെന്ന് അവന്‍ ചിന്തിച്ചു.
നേരത്തെ വസ്തുക്കളുടെ പ്രകൃതവും, ഒന്ന് മറ്റൊന്നായി രൂപാന്തരപ്പെടുന്നതും അവന്‍ മനസ്സിലാക്കിയിരുന്നു. എക്കാലവും ഒരേ രൂപത്തില്‍ അവശേഷിക്കുന്ന ഒരു വസ്തുവും ഭൂമുഖത്തില്ല. സൃഷ്ടിക്കും സംഹാരത്തിനും മാറിമാറി വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് സകല വസ്തുക്കളും. മാത്രമല്ല, അവയിലധികവും വിരുദ്ധ മൂലകങ്ങളുടെ സംയുക്തങ്ങളാണ്. അതുകൊണ്ട് തന്നെ നാശത്തിന് കൂടുതല്‍ വിധേയമാണവ. തീര്‍ത്തും കലര്‍പ്പറ്റതും പരിശുദ്ധവുമായ ഒന്നും അവയുടെ കൂട്ടത്തിലില്ല. എന്നാല്‍ കൂടുതല്‍ പരിശുദ്ധിയും കുറഞ്ഞ കലര്‍പ്പും ഉള്ളവക്ക് നാശസാധ്യതയും കുറയും-സ്വര്‍ണവും രത്‌നവും പോലെ. ആകാശ വസ്തുക്കള്‍ ലളിതവും പരിശുദ്ധവുമായത് കൊണ്ടുതന്നെ നാശസാധ്യതയില്‍ നിന്ന് ഏറെ വിദൂരത്താണവ. അവ കൂടക്കൂടെ രൂപമാറ്റങ്ങള്‍ക്ക് വിധേയമാവുകയുമില്ല.
മാത്രമല്ല, ഭൂമിയിലെ വസ്തുക്കളില്‍ ചിലതിന്റെ സത്ത, ശരീരഭാവത്തിനു പുറമെ ഒരൊറ്റ രൂപം മാത്രം ഉള്‍ക്കൊള്ളുന്നതാണെന്നും അവന്‍ മനസ്സിലാക്കുകയുണ്ടായി. ചതുര്‍ഭൂതങ്ങള്‍ ഇതിനുദാഹരണമാണ്. എന്നാല്‍, സസ്യങ്ങള്‍, ജീവജാലങ്ങള്‍ തുടങ്ങിയ മറ്റു ചിലതിന്റെ സത്തക്ക് കൂടുതല്‍ രൂപങ്ങളുണ്ട്. കുറഞ്ഞ രൂപങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്ന സത്തയുള്ള വസ്തുക്കള്‍ക്ക് കുറഞ്ഞ പ്രവര്‍ത്തനങ്ങളേ ഉണ്ടാവുകയുള്ളൂ. അവക്ക് ജീവനും നന്നേ കുറവായിരിക്കും. രൂപമേ ഇല്ലാത്ത ഒരു വസ്തുവുണ്ടെങ്കില്‍ അതിന് ചൈതന്യവും ഉണ്ടായിരിക്കുകയില്ല. ഇല്ലായ്മക്ക് തുല്യമായ ഒരവസ്ഥയായിരിക്കും അതിന്റേത്. എന്നാല്‍, കൂടുതല്‍ രൂപങ്ങളുള്ള വസ്തുക്കള്‍ക്ക് ധാരാളം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ചൈതന്യാവസ്ഥയിലേക്ക് കടന്നുവരാനുള്ള അവയുടെ ശേഷിയും സാധ്യതയും കൂടുതലുമായിരിക്കും.
ഇനി ഈ രൂപങ്ങള്‍ അവയുടെ ദ്രവ്യത്തില്‍ നിന്ന് വേര്‍പെടാന്‍ പറ്റാത്ത ഒരവസ്ഥയിലാണെങ്കില്‍ അവയുടെ ചൈതന്യം കൂടുതല്‍ പ്രകടവും ശക്തവും സ്ഥായിയും ആയിരിക്കുന്നതാണ്. രൂപങ്ങള്‍ തീരെ ഇല്ലാത്ത വസ്തുക്കള്‍ നിര്‍ജീവ പദാര്‍ഥങ്ങളാണ്. അവ ഇല്ലായ്മക്ക് തുല്യമാണ്. ഒറ്റ രൂപം മാത്രമുള്ള ചതുര്‍ഭൂതങ്ങള്‍ ഭൗതിക ലോകത്തിലെ വസ്തുക്കളുടെ ഏറ്റവും പ്രാഥമിക പടിയിലുള്ളവയാണ്. അവയില്‍ നിന്നാണ് അനേക രൂപങ്ങളുള്ള വസ്തുക്കള്‍ ഉണ്ടാവുന്നത്. ഈ ചതുര്‍ഭൂതങ്ങളില്‍ ജീവിതം നന്നേ ദുര്‍ബലമാണ്. അതിനാല്‍ ഒരിക്കല്‍ മാത്രമേ അവ ചലിക്കുകയുള്ളൂ. അതിന്റെ പ്രകൃതിയെ കഠിനമായി എതിര്‍ക്കുകയും രൂപമാറ്റത്തിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വിരുദ്ധ ഘടകം അതിനുണ്ടായിരിക്കും. അതിനാല്‍, അതിന്റെ ജീവന്‍ പരമദുര്‍ബലമായിരിക്കും. സസ്യങ്ങള്‍ക്ക് അവയെക്കാള്‍ കൂടുതല്‍ ജീവനുണ്ടായിരിക്കും. ജീവികള്‍ക്കാകട്ടെ സസ്യങ്ങളുടേതിനേക്കാള്‍ പ്രകടമായ ജീവനുണ്ട്.
സംയുക്തങ്ങളില്‍ ചതുര്‍ഭൂതങ്ങളില്‍ ഒന്നിന്റെ പ്രകൃതി പ്രബലമാവുകയും അതിന്റെ ശക്തി മറ്റുള്ളവയെ ദുര്‍ബലപ്പെടുത്തുകയും ചെയ്താല്‍ പ്രസ്തുത സംയുക്തം ആ പ്രബല മൂലകത്തിന് തുല്യമായിത്തീരുന്നു. പ്രസ്തുത മൂലകത്തില്‍ ജീവന്‍ നന്നേ ദുര്‍ബലമായതിനാല്‍ സംയുക്തത്തിലും ജീവന്‍ ദുര്‍ബലമായിരിക്കും. ഒരു സംയുക്തത്തില്‍ ചതുര്‍ഭൂതങ്ങളെല്ലാം തുല്യമായിരിക്കുമ്പോള്‍ ഒന്നിന്റെ ശക്തി മറ്റുള്ളവയെ ദുര്‍ബലപ്പെടുത്തുകയില്ല. മറിച്ച് അവയെല്ലാം തുല്യമായി പ്രവര്‍ത്തിക്കും. ഒന്നിന്റെ പ്രവര്‍ത്തനം മറ്റൊന്നിന്റെ പ്രവര്‍ത്തനത്തെ അതിജയിക്കാത്തതിനാല്‍, ആ സംയുക്തത്തെ ചതുര്‍ഭൂതങ്ങളില്‍ ഏതെങ്കിലും ഒന്നിനോട് സാദൃശ്യപ്പെടുത്താനും സാധിക്കുകയില്ല. അതിന്റെ രൂപത്തിന് മറുശക്തി ഇല്ലാത്തത് പോലെയായിരിക്കും അത്. അതുകൊണ്ടു തന്നെ അതില്‍ ജീവനുണ്ടാവുകയും ചെയ്യുന്നു. ചതുര്‍ഭൂതങ്ങളുടെ ഈ സന്തുലിതത്വം വര്‍ധിക്കുകയും അത് കൂടുതല്‍ പരിപൂര്‍ണത നേടുകയും ചെയ്യുമ്പോള്‍ സംയുക്തത്തിലെ മറുശക്തികളുടെ എണ്ണം കുറയുകയും അതിലെ ജീവന്‍ പരിപൂര്‍ണമാവുകയും ചെയ്യുന്നു.
ഹൃദയത്തില്‍ കുടികൊള്ളുന്ന ജീവാത്മാവ് വെള്ളം, മണ്ണ് എന്നിവയെക്കാള്‍ സ്‌നിഗ്ദ്ധവും അഗ്നി, വായു എന്നിവയെക്കാള്‍ കഠിനവും ആയതിനാല്‍ അത് ഏറ്റവും സന്തുലിതമാണ്. മധ്യമമായ ഒരു പ്രകൃതിയാണ് അതിനുള്ളത്. അതിലെ ഘടകങ്ങള്‍ തമ്മില്‍ പ്രകടമായ ഏറ്റുമുട്ടലുകളില്ല. ഈ സന്തുലിതത്വമാണ് ജീവികളുടെ പ്രകൃതിയെ ശക്തിപ്പെടുത്തുന്നത്. അതിനാല്‍, സൃഷ്ടി-സംഹാര ലോകത്തില്‍ ഏറ്റവും പരിപൂര്‍ണമായ ജീവന്ന് യോഗ്യമായിരിക്കുന്നത് ഈ ജീവാത്മാക്കളാണ് എന്ന് അവന്‍ മനസ്സിലാക്കി. പരസ്പരം ഏറ്റുമുട്ടുന്ന രൂപങ്ങളില്‍നിന്ന് അവ മിക്കവാറും മുക്തമാണ്. ഇക്കാര്യത്തില്‍ ആകാശ വസ്തുക്കള്‍ക്ക് തുല്യമാണവ. എല്ലാ ഘടകങ്ങളും തുല്യമായതുകൊണ്ട് ജീവാത്മാവ് താഴോട്ടോ മുകളിലോട്ടോ ചലിക്കുന്നില്ല. അതിനെ ഒരു മധ്യദൂരത്തില്‍ വെക്കാന്‍ സാധിക്കുകയാണെങ്കില്‍ ഉയരുവാനോ താഴുവാനോ ആഗ്രഹിക്കാതെ അത് അവിടെത്തന്നെ നിലകൊള്ളുന്നതാണ്. അത് ചലിക്കുകയാണെങ്കില്‍ തന്നെ ആകാശവസ്തുക്കളെപ്പോലെ ചുറ്റിക്കറങ്ങുക മാത്രമേ ചെയ്യൂ. മാത്രമല്ല, ഗോളാകൃതിയല്ലാത്ത മറ്റൊരു ആകൃതിയും അതിന് സ്വീകാര്യമാവുകയുമില്ല. ഇക്കാരണങ്ങളാല്‍ ആകാശ വസ്തുക്കളുമായി അതിന് വലിയ തോതില്‍ സാദൃശ്യമുണ്ട്.
അവന്‍ ജീവജാലങ്ങളുടെ ഗുണവിശേഷങ്ങള്‍ വിലയിരുത്തിയപ്പോള്‍ അവയില്‍ ഏതിനെങ്കിലും അനിവാര്യാസ്തിത്വത്തെക്കുറിച്ച ബോധം ഉള്ളതായി സൂചിപ്പിക്കുന്ന ലക്ഷണങ്ങളൊന്നും കാണുകയുണ്ടായില്ല. എന്നാല്‍, തനിക്ക് ആ ഒരു ബോധം ഉള്ളതായി കാണുകയും ചെയ്തിരുന്നു. ഇതിലൂടെ, ആകാശ വസ്തുക്കളെപ്പോലെ സന്തുലിത പ്രകൃതിയുള്ള ഒരാത്മാവാണ് തനിക്ക് ഉള്ളതെന്നും അതിനാല്‍ മറ്റെല്ലാ ജീവജാലങ്ങളില്‍നിന്നും താന്‍ വ്യത്യസ്തനാണെന്നും അവന്‍ മനസ്സിലാക്കി. അതിന്റെ അര്‍ഥം താന്‍ മറ്റൊരു ലക്ഷ്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് എന്നത്രെ. മറ്റു ജീവജാലങ്ങള്‍ക്കൊന്നും സാധ്യമല്ലാത്ത മഹത്തായൊരു കാര്യത്തിനുവേണ്ടിയാണ് താന്‍ രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്. സൃഷ്ടി-സംഹാര ലോകത്തിന് പുറത്ത് സ്ഥിതി ചെയ്യുന്നതും നാശത്തിനും രൂപമാറ്റത്തിനും വിധേയമല്ലാത്തതുമായ ആകാശ വസ്തുക്കളെപ്പോലെയാണ് ശരീരം എന്നുവിളിക്കപ്പെടുന്ന തന്റെ അധമ ഘടകം. തന്റെ ഉല്‍കൃഷ്ട ഘടകമെന്ന് പറയുന്ന, അനിവാര്യാസ്തിത്വത്തെ കണ്ടെത്തിയ ആ ആത്മസത്തയാകട്ടെ ദൈവികമായ ഒരു പ്രതിഭാസവുമാണ്. അത് മാറ്റങ്ങള്‍ക്കും നാശത്തിനും വിധേയമല്ല. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അത് ഗോചരമല്ല. ഭാവനയിലും അതിനെ കാണുക സാധ്യമല്ല. അതിനെ അറിയുവാനുള്ള ഒരേയൊരു മാധ്യമം അത് മാത്രമാണ്. മറ്റൊന്നുകൊണ്ടും അതിനെ അറിയുക സാധ്യമല്ല, അറിയുന്നവനും അറിയപ്പെടുന്നതും അറിവും അവനാകുന്നു. അഥവാ ജ്ഞാതാവും ജ്ഞാതവും  ജ്ഞാനവും  അവനാകുന്നു. ഇവക്കിടയില്‍ ഒരു വൈരുധ്യവുമില്ല. കാരണം വൈരുധ്യം എന്നത് പദാര്‍ഥത്തിന്റെ ഗുണമാണ്. ഇവിടെ പദാര്‍ഥമോ പദാര്‍ഥത്തിന്റെ ഗുണമോ അനുബന്ധമോ ഇല്ല.
മറ്റു ജീവികളില്‍നിന്ന് താന്‍ വ്യത്യസ്തനായിരിക്കുന്നത് ആകാശ വസ്തുക്കളുമായുള്ള തന്റെ സാദൃശ്യം കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോള്‍, അവയുമായി പരമാവധി സമീകരണം സ്ഥാപിക്കുകയാണ് തന്റെ ബാധ്യത എന്ന് അവന്‍ മനസ്സിലാക്കി. അവയുടെ പ്രവര്‍ത്തനങ്ങളെ അനുകരിക്കുകയും കഴിയുന്നത്ര അവയെപ്പോലെ ആവുകയും വേണം.
അനിവാര്യാസ്തിത്വത്തെ തിരിച്ചറിഞ്ഞ തന്റെ ഉല്‍കൃഷ്ടാംശം കൊണ്ട് താന്‍ വലിയൊരളവില്‍ അനിവാര്യാസ്തിത്വവുമായി സമീകരണം പുലര്‍ത്തുന്നതായി അവന്‍ നിരീക്ഷിച്ചു. കാരണം, അനിവാര്യാസ്തിത്വത്തെപ്പോലെ അതും പദാര്‍ഥ ഗുണങ്ങളില്‍ നിന്ന് പരിശുദ്ധമാണ്. അനിവാര്യാസ്തിത്വത്തിന്റെ ഗുണങ്ങള്‍ പരമാവധി സ്വന്തമാക്കുക; അവന്റെ സ്വഭാവങ്ങള്‍ കഴിയുന്നത്ര പകര്‍ത്തുക; അവന്റെ പ്രവൃത്തികളെ അനുകരിക്കാനും അവന്റെ അഭീഷ്ടങ്ങള്‍ പൂര്‍ത്തിയാക്കാനും അങ്ങേയറ്റം പരിശ്രമിക്കുക; അവന്ന് ആത്മസമര്‍പ്പണം നടത്തുകയും അവന്റെ മുഴുവന്‍ കല്‍പ്പനകളും-അവ തനിക്ക് ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെങ്കില്‍ പോലും-അനുസരിച്ചുകൊണ്ട് അവനെ സന്തോഷിപ്പിക്കുക-ഇതെല്ലാമാണ് തന്റെ ബാധ്യതയെന്ന് അവന്‍ തിരിച്ചറിഞ്ഞു.

മൂന്നു തരം സമീകരണങ്ങള്‍
അതുപോലെ തന്റെ അധമാംശം കൊണ്ട് മറ്റു ജീവജാലങ്ങളുമായി താന്‍ സാദൃശ്യപ്പെട്ടിരിക്കുന്നതായും അവന്‍ നിരീക്ഷിച്ചു. ഇരുണ്ടതും സ്ഥൂലവുമായ തന്റെ ശരീരമാണ് ഈ അധമാംശം. ഭക്ഷണം, പാനീയം, ഇണകള്‍ തുടങ്ങിയ ഭൗതിക വസ്തുക്കളെ അത് താല്‍പര്യപ്പെടുന്നു. എന്നാല്‍, ഈ ശരീരം വെറുതെ സൃഷ്ടിക്കപ്പെട്ടതുമല്ല. അതിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് തന്റെ ബാധ്യതയാണ്. മറ്റെല്ലാ ജീവജാലങ്ങളും അനുഷ്ഠിക്കുന്ന ചില പ്രവൃത്തികള്‍ അനുഷ്ഠിച്ചുകൊണ്ടു മാത്രമേ അത് സാധ്യമാവുകയുള്ളൂ. അതിനാല്‍, മൂന്ന് തരം പ്രവര്‍ത്തനങ്ങളാണ് തനിക്ക് ചെയ്യാനുള്ളതെന്ന് അവന്‍ മനസ്സിലാക്കി.
1. വിശേഷബുദ്ധിയില്ലാത്ത ജീവികളുടെ പ്രവര്‍ത്തനങ്ങളോട് സാദൃശ്യമുള്ളവ.
2. ആകാശ വസ്തുക്കളുടെ പ്രവര്‍ത്തനങ്ങളോട് സാദൃശ്യമുള്ളവ.
3. അനിവാര്യാസ്തിത്വവുമായി സാദൃശ്യമുള്ളവ.
വിവിധ അവയവങ്ങളും കഴിവുകളും ചലനങ്ങളുമുള്ള ഒരു സ്ഥൂല ശരീരം ഉള്ളവനായത് കൊണ്ടാണ് ഒന്നാമത്തെ പ്രവര്‍ത്തനങ്ങള്‍ തന്റെ ബാധ്യതയാകുന്നത്. രണ്ടാമത്തെ പ്രവര്‍ത്തനങ്ങള്‍ ബാധ്യതയാകുന്നത് തന്റെ ഹൃദയത്തില്‍ ശരീരത്തിന്റെയും അതിന്റെ എല്ലാ കഴിവുകളുടെയും ഉറവിടമായ ഒരു ജീവാത്മാവ് കുടികൊള്ളുന്നത് കൊണ്ടാണ്. മൂന്നാമത്തെ പ്രവര്‍ത്തനങ്ങള്‍ തന്റെ ബാധ്യതയായിത്തീരുന്നത് അനിവാര്യാസ്തിത്വത്തെ തിരിച്ചറിഞ്ഞ ആ സത്ത താന്‍ തന്നെയാണ് എന്നത് കൊണ്ടത്രെ. തന്റെ സന്തോഷവും സമാധാനവും ദുഃഖങ്ങളില്‍ നിന്നുള്ള വിമുക്തിയുമെല്ലാം ആ അനിവാര്യാസ്തിത്വത്തെ നിരന്തരമായും, ഇമവെട്ടുന്ന നേരത്തേക്കു പോലും വ്യതിചലിക്കാതെ അനുസ്യൂതമായും കണ്ടുകൊണ്ടിരിക്കുന്നതിലാണെന്ന് നേരത്തേ അവന്‍ മനസ്സിലാക്കിയിരുന്നു. പിന്നെ, ഈ അനുസ്യൂത ദര്‍ശനം സാധ്യമാക്കുന്നതിനുള്ള മാര്‍ഗത്തെക്കുറിച്ച് ആലോചിക്കുകയും ഈ മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍-സമീകരണങ്ങള്‍-അതിന് അനിവാര്യമാണെന്ന് കാണുകയും ചെയ്തു.

ഒന്നാമത്തെ സമീകരണം:
എന്നാല്‍, ഒന്നാമത്തെ സമീകരണം കൊണ്ട് പ്രസ്തുത ദര്‍ശനം അല്‍പം പോലും സാധ്യമാവുകയില്ല. എന്നല്ല, അതിനെ തടസ്സപ്പെടുത്തുകയും അതില്‍ നിന്ന് വ്യതിചലിപ്പിക്കുകയുമാണ് ചെയ്യുക. കാരണം ഇന്ദ്രിയ ഗോചരമായ ഭൗതിക വസ്തുക്കളിലുള്ള വ്യാപാരമാണത്. ഇന്ദ്രിയ ഗോചരമായ സകല വസ്തുക്കളും പ്രസ്തുത ദര്‍ശനത്തിന് തടസ്സമാണ്. പിന്നെ ഈ സമീകരണം ആവശ്യമാകുന്നത്, ജീവാത്മാവിന്റെ നിലനില്‍പിന് അത് അത്യാവശ്യമാണെന്നത് കൊണ്ട് മാത്രമാണ്. രണ്ടാമത്തെ സമീകരണം, അഥവാ ആകാശ വസ്തുക്കളുമായുള്ള താദാത്മ്യം, സാധ്യമാകുന്നത് ജീവാത്മാവ് മുഖേനയാണല്ലോ. അതിനാല്‍, ഉപദ്രവകരമാണെങ്കിലും ഒന്നാമത്തെ സമീകരണം അനിവാര്യമായിത്തീരുന്നു.
രണ്ടാമത്തെ സമീകരണം വഴി അനുസ്യൂതമായ ദര്‍ശനം വലിയൊരളവില്‍ സാക്ഷാത്കരിക്കാനാവും. എങ്കിലും കലര്‍പ്പുള്ള ഒരു ദര്‍ശനമായിരിക്കും അത്. കാരണം, ഈ രൂപത്തില്‍ അനിവാര്യാസ്തിത്വത്തെ ദര്‍ശിക്കുന്ന ഒരാള്‍ അതോടൊപ്പം സ്വന്തം സത്തയെകൂടി ദര്‍ശിക്കുന്നുണ്ട്. ശ്രദ്ധ ഇടക്കിടെ അതിലേക്ക് തിരിക്കുകയും ചെയ്യുന്നു.
എന്നാല്‍, മൂന്നാമത്തെ സമീകരണത്തില്‍ കലര്‍പ്പറ്റതും അനുസ്യൂതവുമായ ദര്‍ശനം സാധ്യമായിത്തീരുന്നു. അതില്‍ അനിവാര്യാസ്തിത്വത്തിലേക്കല്ലാതെ മറ്റൊന്നിലേക്കും ഒരു നിലക്കും ശ്രദ്ധ വ്യതിചലിച്ചുപോവുകയില്ല. ഇത്തരം ദര്‍ശനം കൈവരുന്ന വ്യക്തി സ്വന്തം സത്തയെ വിസ്മരിക്കുന്നു. അഹം ബോധം അയാളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. അപ്രകാരം മറ്റെല്ലാ സ്വത്വങ്ങളും അയാളെ സംബന്ധിച്ചേടത്തോളം ഇല്ലാതാവുന്നു. അങ്ങനെ ഏകനും പരമ സത്യവും അനിവാര്യാസ്തിത്വവുമായ ദൈവത്തിന്റെ സത്ത മാത്രം ബാക്കിയാവുന്നു.
ഈ മൂന്നാമത്തെ സമീകരണമാണ് തന്റെ പരമമായ ലക്ഷ്യം എന്ന് അവന്‍ തിരിച്ചറിഞ്ഞു. എന്നാല്‍, രണ്ടാമത്തെ സമീകരണത്തില്‍ ദീര്‍ഘകാലം അഭ്യാസവും പരിശീലനവും നടത്തിയാല്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂ. അത്രയും കാലം പരിശീലനം നടത്തണമെങ്കില്‍ ഒന്നാമത്തെ സമീകരണവും അത്യാവശ്യമാണ്. ഈ ഒന്നാമത്തെ സമീകരണം ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ അതൊരു തടസ്സമാണ്. സ്വന്തം നിലയില്‍ അത് അത്യാവശ്യമല്ല. മറിച്ച് മറ്റൊന്നിനുവേണ്ടിയാണ് അത് അനിവാര്യമായിത്തീരുന്നത്. അതിനാല്‍ അത്യാവശ്യത്തില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അതിന് കൊടുക്കാതിരിക്കാനും ജീവാത്മാവിന്റെ നിലനില്‍പിന് അത്യാവശ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ അളവുകൊണ്ട് തൃപ്തിപ്പെടാനും അവന്‍ തീരുമാനിച്ചു.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം