Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

വ്യക്തിത്വം സ്വഭാവത്തെ നിര്‍ണയിക്കുന്നു

ശമീര്‍ബാബു കൊടുവള്ളി

മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന മാനദണ്ഡമാണ് സ്വഭാവം. സ്വഭാവമാണ് വ്യക്തിത്വം. നാം ആരെന്ന ചോദ്യത്തിന്റെ മറുപടി നമ്മുടെ സ്വഭാവം എന്നാണ്. നല്ല സ്വഭാവം നല്ല വ്യക്തിത്വത്തെയും ചീത്തസ്വഭാവം ചീത്ത വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നു. മനസ്സുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. മനസ്സ് നന്നായാല്‍ സ്വഭാവം നന്നാവും. സ്വഭാവം നന്നായാല്‍ ജീവിതം നന്നാവും. ജീവിതം നന്നായാല്‍ ഇഹലോകത്ത് ഐശ്വര്യവും പരലോകത്ത് സ്വര്‍ഗവും ലഭിക്കും. മനസ്സ് ചീത്തയായാല്‍ സ്വഭാവം ചീത്തയാവും. സ്വഭാവം ചീത്തയായാല്‍ ജീവിതം ചീത്തയാവും. ജീവിതം ചീത്തയായാല്‍ ഇഹലോകത്ത് നിന്ദ്യതയും പരലോകത്ത് നരകവും. സമാധാനപൂര്‍ണമായ ജീവിതത്തിന് മൃദുവായ പെരുമാറ്റവും ഉത്കൃഷ്ടമായ സ്വഭാവവും അനിവാര്യമാണ്. സ്വഭാവം ഉന്നതമാവാന്‍ ജീവിതത്തില്‍ ഒരേയൊരു തത്ത്വം മാത്രം മതിയാവും: 'മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെത്തന്നെ നിങ്ങളും അവരോട് പെരുമാറുക' എന്നതാണ് ആ തത്ത്വം.
ധര്‍മശാസ്ത്രത്തിന്റെ ഭാഗമാണ് സ്വഭാവത്തെ സംബന്ധിച്ച സംസാരം. ചീത്ത സ്വഭാവം എന്തെന്നും നല്ല സ്വഭാവം എന്തെന്നും നിര്‍ണയിച്ചുതരുന്നു ധര്‍മശാസ്ത്രം. ചില നല്ല സ്വഭാവങ്ങള്‍ കുറിക്കുകയാണ്. വിനയത്തോടും മാന്യതയോടും കൂടിയായിരിക്കണം സഹജീവികളോടുള്ള പെരുമാറ്റം. ആദരവോടും ആത്മാര്‍ഥതയോടും കൂടിയാവണം മറ്റൊരാളോടുള്ള സമീപനം. ഈ കുലീന സമീപനം നിത്യം നിലനിര്‍ത്തുമ്പോഴാണ് ഒരാള്‍ ആദരിക്കപ്പെടുന്നത്. മുന്‍വിധിയോടെ ഒരാളെയും സമീപിക്കരുത്. മുന്‍വിധികള്‍ സ്ഥാനം പിടിച്ച മനസ്സ് മലിനമാണ്. മുന്‍വിധികളില്‍ ബന്ധിതനാവാതെ ജീവിതത്തെ കരുപിടിപ്പിക്കണം. മറ്റുള്ളവരെ ശല്യം ചെയ്യരുത്. നിങ്ങളുടെ പ്രതികൂലമായ ഇടപെടല്‍ കൂടാതെ ജീവിതചക്രത്തെ ചലിപ്പിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുക. സ്വേഛാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശത്രുക്കളെയാണ് സമ്പാദിക്കുന്നത്. മുതിര്‍ന്നവരോട് ബഹുമാനവും സമപ്രായക്കാരോട് സൗഹൃദവും കുട്ടികളോട് വാത്സല്യവും കാത്തുസൂക്ഷിക്കുക. ആത്മനിയന്ത്രണത്തിന്റെയും ഉദാരതയുടെയും സ്‌നേഹത്തിന്റെയും ഉടമയാവുക. മറ്റുള്ളവര്‍ തന്നെ അറിയില്ലയെന്നത് കാര്യമാക്കരുത്. താന്‍ മറ്റുള്ളവരെ അറിയില്ല എന്നതിലാണ് ഉത്കണ്ഠ വേണ്ടത്. വാക്കുകള്‍ മധുരമുള്ളതും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പെരുമാറ്റം കുലീനവുമായിത്തീരട്ടെ. ഭൗതികാസക്തികളില്‍ ജീവിതത്തെ തളച്ചിടുന്ന നിസ്സാരന്മാരാവാതെ സ്വഭാവത്തെക്കുറിച്ച് ചിന്തിക്കുന്ന മഹാന്മാരാവുക.
സ്വഭാവസംസ്‌കരണത്തിന് ഇസ്‌ലാമികദര്‍ശനം ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നത്. വിശുദ്ധവേദത്തില്‍ ഇപ്രകാരം കാണാനാവും: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് നീ തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും'' (ഫുസ്സ്വിലത്ത് 34). തിരുചര്യയില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ''ഏറ്റവും നല്ല സ്വഭാവക്കാരനാണ് നിങ്ങളിലെ ഏറ്റവും ഉത്കൃഷ്ടന്‍'' (ബുഖാരി).
'ദൈവമല്ലാതെ മറ്റൊരു ആരാധ്യനേയില്ല, മുഹമ്മദ് ദൈവത്തിന്റെ ദൂതനാകുന്നു' എന്ന ആദര്‍ശവുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. ആദര്‍ശത്തിന്റെ അനിവാര്യോപാധിയാണ് സ്വഭാവ സംസ്‌കരണം. അല്‍ഇസ്രാഅ് അധ്യായത്തിന്റെ 22 മുതല്‍ 39 വരെയുള്ള സൂക്തങ്ങള്‍ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. ദൈവത്തോടൊപ്പം ഇതര അസ്തിത്വങ്ങളെ പങ്കുചേര്‍ക്കരുത് എന്ന കല്‍പനയോടെയാണ് പ്രസ്തുത സൂക്തങ്ങളുടെ തുടക്കം. തുടര്‍ന്ന് മനുഷ്യജീവിതത്തില്‍ അനുശീലിക്കേണ്ട ഉത്കൃഷ്ട സ്വഭാവങ്ങളെക്കുറിച്ചും വെടിയേണ്ട ചീത്തസ്വഭാവങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ദൈവത്തിനു മാത്രം കീഴ്‌പ്പെടണം. മാതാപിതാക്കളോട് മാന്യമായി പെരുമാറണം. ബന്ധുവിനും അഗതിക്കും മറ്റും അവരവരുടെ അവകാശങ്ങള്‍ നല്‍കണം. പിശുക്കും ധൂര്‍ത്തും പാടില്ല. ദാരിദ്യം ഭയന്ന് സന്താനഹത്യ അരുത്. വ്യഭിചാരത്തോട് അടുക്കരുത്. ന്യായമായ കാരണം കൂടാതെ ദൈവം പവിത്രമാക്കിയ മനുഷ്യനെ വധിക്കാന്‍ പാടില്ല..... എന്നിങ്ങനെ പോകുന്നു ഉദ്‌ബോധനങ്ങള്‍.  സൂക്തം അവസാനിക്കുന്നത് ഇപ്രകാരം: ''നിന്റെ നാഥന്‍ നിനക്കു ബോധനം നല്‍കിയ തത്ത്വജ്ഞാനത്തില്‍ പെട്ടവയാണിവ. നീ ദൈവത്തോടൊപ്പം മറ്റൊരു അസ്തിത്വത്തെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും ദിവ്യാനുഗ്രഹം വിലക്കപ്പെട്ടവനുമായി നരകത്തിലെറിയപ്പെടും.''
ഉത്കൃഷ്ടസ്വഭാവത്തിന്റെ ഉടമസ്ഥനായിരുന്നു പ്രവാചകന്‍ മുഹമ്മദ്(സ). ''തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിന്റെ ഉടമയാണ്'' (അല്‍ഖലം 4) എന്ന് വിശുദ്ധവേദം പ്രവാചകനെ വിശേഷിപ്പിക്കുന്നു. ''നിശ്ചയം നിങ്ങള്‍ക്ക് ദൈവത്തിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്'' എന്ന് അല്‍അഹ്‌സാബ്  അധ്യായത്തിലും കാണാം. പ്രവാചകന്റെ സ്വഭാവം വിശുദ്ധവേദം തന്നെയായിരുന്നുവെന്ന് ആഇശ(റ) മൊഴിഞ്ഞിട്ടുണ്ട്.  പ്രവാചകന്റെ ഉത്കൃഷ്ട സ്വഭാവത്തെ അനസ്(റ) ഇപ്രകാരമാണ് വര്‍ണിക്കുന്നത്: ''ദൈവമാണ, ഒമ്പത് വര്‍ഷം ഞാന്‍ പ്രവാചകനുവേണ്ടി സേവനമനുഷ്ഠിച്ചു. ഞാന്‍ ചെയ്ത ഒരു കാര്യം 'ഇങ്ങനെയൊക്കെ നീ എന്തിനു ചെയ്തു' എന്ന് പ്രവാചകന്‍ ചോദിച്ചിട്ടില്ല. അല്ലെങ്കില്‍ ഞാന്‍ ചെയ്യാതിരുന്ന കാര്യം 'അത് ഇങ്ങനെയൊക്കെ നീ എന്തുകൊണ്ട് ചെയ്തില്ല' എന്നും ചോദിച്ചിട്ടില്ല'' (മുസ്‌ലിം).
അധ്യാത്മികവും തത്ത്വചിന്താപരമായ മാനങ്ങള്‍ കൂടിയുണ്ട് സ്വഭാവത്തിന്. ദൈവവുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. വിശിഷ്ട സ്വഭാവം ദൈവികസ്വഭാവങ്ങളുടെ ഭാഗമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അനശ്വരമായ സ്വര്‍ഗ-നരകങ്ങളുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. നല്ല സ്വഭാവത്തിന്റെ ഫലം സ്വര്‍ഗമാണ്. ചീത്ത സ്വഭാവത്തിന്റെ ഫലം നരകമാണ്.  പ്രവാചകന്‍ പറഞ്ഞ ഒരു കഥ അക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നു. ഒരാളുടെ ആത്മാവിനെ പിടിക്കാന്‍ മരണത്തിന്റെ മാലാഖ വന്നു. 'ജീവിതത്തില്‍ താങ്കള്‍ ചെയ്ത ഏറ്റവും വിശിഷ്ടമായ നന്മ ഏതാണ്' എന്ന് ആ മനുഷ്യനോട് മാലാഖ ചോദിച്ചു. താന്‍ ചെയ്ത നന്മ ആ മനുഷ്യന്‍ ഇപ്രകാരം വിവരിച്ചു: ''ജീവിതത്തില്‍ ഒരു കച്ചവടക്കാരനായിരുന്നു ഞാന്‍. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കടമായി നല്‍കാറുണ്ടായിരുന്നു. കടം തിരിച്ചുനല്‍കാന്‍ സാധിക്കുന്നവരില്‍ ഞാന്‍ പ്രതീക്ഷയര്‍പ്പിക്കും. കടം തിരിച്ചുനല്‍കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവര്‍ക്ക് ഞാനത് ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും.'' ഇക്കാരണത്താല്‍ ദൈവം ആ വ്യക്തിയെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രവാചകന്‍ പറയുകയുണ്ടായി. ബുദ്ധിക്ക് തെളിമയും മനസ്സിന് വിശാലതയും സാധ്യമാക്കുന്നു സ്വഭാവ സംസ്‌കരണം. ഐഹികലോകത്ത് സമാധാനവും ശാന്തിയും നിറഞ്ഞ ജീവിതം ഉറപ്പുവരുത്തുന്നത് നിര്‍മലമായ സ്വഭാവം അനുശീലിക്കുന്നതിലൂടെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം