പോസ്റ്റ് മോഡേണ്‍ കാലത്തെ ഇബ്‌നു ഖല്‍ദൂന്‍
അലി മസ്‌റൂഇ (1933-2014)
പ്രഫ. അലി മസ്‌റൂഇയെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ഇസ്‌ന)യുടെ ഒരു സമ്മേളനത്തില്‍ വെച്ചാണ്. പ്രഭാഷണഹാളില്‍ കടന്നപ്പോള്‍ തന്നെ പ്രസന്ന ഭാവത്തോടെയുള്ള ആ സംസാരം എന്നെ വല്ലാതെ ആകര്‍ഷിച്ചു. 'ഇസ്‌ന' സമ്മേളനങ്ങളില്‍ ഞാന്‍ കേട്ട മികച്ച പ്രഭാഷണങ്ങളില്‍ ഒന്നായിരുന്നു അത്. ആരെയും ഉത്തേജിപ്പിക്കുന്നതായിരുന്നു ആ പ്രഭാഷണ ശൈലി. ആശയ പ്രകാശനത്തിനുള്ള അദ്ദേഹത്തിന്റെ മിടുക്ക് ഒന്ന് വേറെത്തന്നെയാണ്. പാണ്ഡിത്യമാണെങ്കിലോ അപാരവും. പുതിയ പുതിയ ആശയങ്ങള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും. ആ പ്രഭാഷണത്തിന് ശേഷം അദ്ദേഹത്തിന്റെ ഒട്ടേറെ പ്രബന്ധങ്ങള്‍ ഞാന്‍ വായിച്ചു. അദ്ദേഹത്തിന്റെ റിക്കാര്‍ഡ് ചെയ്ത പ്രഭാഷണങ്ങള്‍ കേട്ടു; അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു.
ആ പാണ്ഡിത്യ മികവിന്റെ ചില വശങ്ങളെക്കുറിച്ച് പറയാനാണ് ഈ അനുസ്മരണ കുറിപ്പില്‍ ഉദ്ദേശിക്കുന്നത്. പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അത് ഒരുപോലെ പ്രയോജനം ചെയ്‌തേക്കും. ഒരിക്കല്‍ ഇമാം ശാഫിഈയോട് അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ ചോദിച്ചു: ''എങ്ങനെയാണ് എനിക്ക് ഒരു പണ്ഡിതനാകാന്‍ സാധിക്കുക?'' പണ്ഡിതനാകാന്‍ വേണ്ട ആറു ഗുണങ്ങള്‍ എണ്ണിപ്പറയുകയാണ് ഇമാം ചെയ്തത്: ധിഷണ, അത്യുത്സാഹം, അശ്രാന്ത പരിശ്രമം, നൈരന്തര്യം, ഗുരുവിന്റെ മാര്‍ഗദര്‍ശനം, വര്‍ഷങ്ങളുടെ സമര്‍പ്പണം... പ്രഫസര്‍ അലി മസ്‌റൂഇയുടെ ജീവിതം പരിശോധിച്ചാല്‍ ഈ ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍ ഒത്തുവന്നിരുന്നതായി കാണാം. താന്‍ വളര്‍ന്നുവന്ന ചുറ്റുപാടും തന്റെ പ്രകൃതവും ഈ ദാര്‍ശനിക പ്രതിഭക്ക് ജന്മം നല്‍കുകയായിരുന്നു എന്ന് പറയാം.
അലി ജനിച്ചതും വളര്‍ന്നതും ഒരു പണ്ഡിത കുടുംബത്തിലാണ്. പിതാവ് ശൈഖ് അല്‍ അമീന്‍ അലി മസ്‌റൂഇയും പിതാമഹനുമെല്ലാം അറിയപ്പെടുന്ന പണ്ഡിതന്മാര്‍. പിതാവ് കെനിയയിലെ മൊമ്പാസയില്‍ ന്യായാധിപന്‍ (ഖാദി) ആയിരുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയ നവോത്ഥാന നായകരുടെ ചിന്തകളില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. വീട്ടില്‍ നടക്കാറുണ്ടായിരുന്ന വൈജ്ഞാനിക ചര്‍ച്ചകള്‍ അലി മസ്‌റൂഇയുടെ അന്വേഷണാത്മക മനസ്സിനെ പ്രചോദിപ്പിച്ചു.
മകനെ ധാര്‍മികമായും ധൈഷണികമായും വളര്‍ത്തിക്കൊണ്ടുവരാന്‍ പിതാവ് അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. അലി മസ്‌റൂഇക്ക് ചെറുപ്പത്തിലേ ജ്ഞാനാന്വേഷണ മനസ്സ് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. പിതാവിന്റെ കാല്‍പാടുകള്‍ പിന്‍പറ്റി ഒരു ഇസ്‌ലാമിക നിയമവിശാരദനാകാനായിരുന്നു അലിക്ക് താല്‍പര്യം. പക്ഷേ, പിതാവിന്റെ അകാല മരണം എല്ലാം മാറ്റിമറിച്ചു. അല്ലായിരുന്നെങ്കില്‍, മതവിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കാന്‍ ഈജിപ്തിലെ അല്‍ അസ്ഹറില്‍ എത്തിപ്പെടുമായിരുന്നു ഈ വിദ്യാര്‍ഥി. ദൈവം കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഒരുപക്ഷേ, പഠനം തുടരുന്നതിനുള്ള സാമ്പത്തിക പ്രയാസങ്ങളാണ് അലി മസ്‌റൂഇയെ ഇംഗ്ലണ്ടിലെത്തിച്ചത്. അക്കാദമിക മികവിന്റെ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ പിന്നെ താമസുണ്ടായില്ല.
ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ഡോക്ടറേറ്റ് എടുത്ത ശേഷം അലി മസ്‌റൂഇ അമേരിക്കയിലേക്ക് പോയി. അക്കാദമികമായി പേരു കേട്ട അമേരിക്കക്കകത്തും പുറത്തുമുള്ള ഒട്ടേറെ സ്ഥാപനങ്ങളില്‍ അദ്ദേഹം പ്രഫസറായി ജോലി നോക്കി. ധാര്‍മിക വീക്ഷണം, നവോത്ഥാന ചിന്തകള്‍, ലോകത്തോടും സ്വന്തം സമൂഹത്തോടുമുള്ള അനുകമ്പ ഇതെല്ലാം അലി മസ്‌റൂഇക്ക് പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ചതാണ്. പതിറ്റാണ്ടുകള്‍ നീണ്ട വിജ്ഞാന തപസ്യക്കൊടുവില്‍ ലോകത്തിന് ലഭിച്ചത് ഒട്ടേറെ ഗ്രന്ഥങ്ങളും നൂറ് കണക്കിന് ഗവേഷണ പ്രബന്ധങ്ങളും. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഭൂഖണ്ഡങ്ങളിലൂടെ അദ്ദേഹം നിരവധി യാത്രകള്‍ നടത്തി.
അലിയുടെ അക്കാദമിക പ്രാഗത്ഭ്യം നിരൂപകരെ നിശ്ശബ്ദരാക്കി എന്നിതിന് അര്‍ഥമില്ല. സെമിറ്റിക് വിരുദ്ധനെന്ന് അദ്ദേഹം ആക്ഷേപിക്കപ്പെട്ടു. ഇസ്രയേല്‍ അധിനിവേശത്തെയും ഫലസ്ത്വീനികളെ അടിച്ചമര്‍ത്തുന്നതിനെയും അദ്ദേഹം എതിര്‍ത്തതാണ് കാരണം. അതേസമയം, മറ്റു ചിലരെ പോലെ അദ്ദേഹത്തിന്റെ സയണിസ്റ്റ് വിമര്‍ശനം ജൂതസമൂഹത്തെ വംശീയമായി അടച്ചാക്ഷേപിക്കുന്നതിലേക്ക് വഴുതിയതുമില്ല. ജൂതസമൂഹത്തിലെ പ്രതിഭാശാലികളെ അദ്ദേഹം അംഗീകരിക്കുകയും അവരെ മാതൃകയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യാറുണ്ടായിരുന്നു.
ഇസ്‌ലാമിനെക്കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വിപ്ലവകരം തന്നെയായിരുന്നു. വേദം പഠിക്കുന്ന പ്രാധാന്യത്തോടെ പ്രകൃതിയെയും പഠിക്കണമെന്ന് അദ്ദേഹം മുസ്‌ലിം സമൂഹത്തെ ഉണര്‍ത്തി. ഖുര്‍ആന്‍ വിളംബരം ചെയ്യുന്ന സാര്‍വലൗകിക ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്വന്തം നിലപാടുകളുടെ പുനഃപരിശോധനക്ക് മുസ്‌ലിം സമൂഹം തയാറാവുകയും വേണം. വീറുറ്റതും ചലനാത്മകവുമായ ഒരു സമൂഹത്തെയും നാഗരികതയെയും സൃഷ്ടിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് മുമ്പിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആമിനാ വദൂദിനെപ്പോലുള്ള മുസ്‌ലിം ഫെമിനിസ്റ്റുകളുടെ അഭിപ്രായങ്ങള്‍ അപ്പടി അദ്ദേഹം ശരിവെക്കുന്നത് പലരും ചോദ്യം ചെയ്‌തേക്കാമെങ്കിലും, ലിംഗ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും, മുസ്‌ലിം സമൂഹത്തില്‍ അടഞ്ഞുകിടക്കുന്ന വാതിലുകള്‍ തുറന്നിടേണ്ടതിന്റെ ആവശ്യതകയെക്കുറിച്ച് അദ്ദേഹം നടത്തുന്ന അഭ്യര്‍ഥനകളും ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. ആശയങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ പല വൈരുധ്യങ്ങളെയും അദ്ദേഹത്തിന് നേരിടേണ്ടിവരുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ സര്‍ഗാത്മകതക്ക് ഉണര്‍വ് പകരുകയാണ് ചെയ്യുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച 'ഇസ്‌ന' പ്രഭാഷണത്തില്‍, എത്ര തുറന്നതും ജനാധിപത്യപരവുമായ സ്ഥാപനങ്ങളാണ് ഇസ്‌ലാം വളര്‍ത്തിയെടുത്തത് എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതേസമയം മുസ്‌ലിംകള്‍ ജനാധിപത്യവിരുദ്ധമായ ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിലെ വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറിയന്‍ ചരിത്രകാരനായ അബ്ദുര്‍റസാഖ് ബൈത്വാറിന്റെ (മരണം 1916-ല്‍) വാക്കുകള്‍ ഉദ്ധരിക്കട്ടെ. ഇസ്‌ലാമിക നാഗരികതയുടെ നേട്ടങ്ങള്‍ പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു: ''കാലത്തിന്റെ മണല്‍പരപ്പുകളില്‍ ഞങ്ങള്‍ വിട്ടേച്ചുപോകുന്ന കാല്‍പാടുകളാണിവ. ഞങ്ങള്‍ പൊയ്ക്കഴിഞ്ഞ ശേഷം ഞങ്ങള്‍ ആരായിരുന്നുവെന്ന് ഈ കാല്‍പാടുകള്‍ നോക്കി നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.'' കാമ്പസുകളുടെ നാല് ചുമരുകള്‍ക്കകത്ത് മൂന്ന്തരം അക്കാദമിഷ്യന്മാര്‍ ജീവിച്ച് മരിക്കുന്നുണ്ട്. ഒന്നാമത്തെ വിഭാഗം അക്കാദമിഷ്യന്മാര്‍ ഭരണകൂടത്തിന്റെ, എസ്റ്റാബ്ലിഷ്‌മെന്റിന്റെ സ്വന്തം ആളുകളാണ്; യുദ്ധത്തിന് പെരുമ്പറ കൊട്ടുന്നവര്‍. അവരുടെ 'പണ്ഡിതോചിതമായ' പഠനങ്ങള്‍, ഭരണകൂടത്തിന്റെ സാമ്രാജ്യത്വ അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. തങ്ങളുടെ തിയറികള്‍ ലക്ഷക്കണക്കിനാളുകളുടെ ജീവിതം ഊതിക്കെടുത്തിയാലും ഭൂമിയെ മരുപ്പറമ്പാക്കി മാറ്റിയാലും ഈ വിഭാഗത്തിന് യാതൊരു തരത്തിലുള്ള മനസ്സാക്ഷിക്കുത്തും അനുഭവപ്പെടുകയില്ല. ഇവരുടെ മുഖങ്ങള്‍ മീഡിയാ സ്‌ക്രീനുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാകും. റോം കത്തുമ്പോള്‍ വീണ വായിച്ച നീറോയെയാണ് അവര്‍ ഓര്‍മിപ്പിക്കുന്നത്. രണ്ടാമത്തെ വിഭാഗം, 'ഗവേഷണത്തിന് വേണ്ടി ഗവേഷണം' നടത്തുന്നവരാണ്. അക്കാദമിക പുരസ്‌കാരങ്ങള്‍ നേടിയെടുക്കുന്നതിലേ അവര്‍ക്ക് താല്‍പര്യമുള്ളൂ.
മൂന്നാമത്തെ വിഭാഗം അക്കാദമിഷ്യന്മാര്‍ എണ്ണത്തില്‍ കുറവാണെങ്കിലും, അവര്‍ ധാര്‍മികവും നൈതികവുമായ ഉറച്ച നിലപാടുകളെടുക്കുന്നവരാണ്. അനീതിയും ഹിംസയും ഭീകരതയും തങ്ങളുടെ സഹജീവികളെ പിച്ചിച്ചീന്തുന്നത് കാണുമ്പോള്‍ അവരുടെ മനസ്സ് പിടയും. അവരാണ് ലോക പൗരന്മാര്‍. നാനാത്വത്തില്‍ ഏകത്വം കാണുന്നവര്‍. അവര്‍ മതത്തിനും ശാസ്ത്രത്തിനുമിടയില്‍ വൈരുധ്യം കാണുന്നില്ല. മതവും ശാസ്ത്രവും പരസ്പരം പൂരിപ്പിക്കുകയാണെന്ന് അവര്‍ കരുതുന്നു. പ്രപഞ്ച സ്രഷ്ടാവിന്റെ അനന്തമായ യുക്തിജ്ഞതയെ അവര്‍ കണ്ടെത്തുന്നു. തീര്‍ച്ചയായും പ്രഫസര്‍ അലി മസ്‌റൂഇ ഈ മൂന്നാം ഗ്രൂപ്പുകാരനാണ്. യുദ്ധത്തിലും ഭീകരതയിലും ഹിംസയിലും പുളക്കുന്ന മനുഷ്യവിരുദ്ധ ശക്തികള്‍ക്കെതിരെ അദ്ദേഹം പോരാട്ടമുഖത്തുണ്ടായിരുന്നു. പ്രപഞ്ചനാഥന്‍ അവതരിപ്പിക്കുന്ന, ഹിംസമുക്തമായ ലോകം എന്ന ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയൊക്കെയും അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു.
(കനഡയിലെ ടൊറണ്ടോ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീനിയര്‍ ലക്ചററാണ് ലേഖകന്‍)
Comments