Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

എഫ്.ആര്‍ ഫരീദി: ഇസ്‌ലാമിക ധനതത്ത്വശാസ്ത്ര ചിന്തക്ക് കരുത്തേകിയ പണ്ഡിതന്‍

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ / വ്യക്തിചിത്രം

ചിന്തകന്‍, ബുദ്ധിജീവി, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര വിശാരദന്‍, സിന്ദഗി നൗ മാസിക എഡിറ്റര്‍, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ നേതാവ് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി. എഫ്.ആര്‍ ഫരീദി എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1960കള്‍ക്കുശേഷം ജമാഅത്തെ ഇസ്‌ലാമിയെ നയിച്ച രണ്ടാം നേതൃനിരയിലാണ് ഫരീദിയുടെ സ്ഥാനം. 1932 ഏപ്രില്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ ജോണ്‍പൂര്‍ ജില്ലയിലെ മച്ച്‌ലിശഹ്ര്‍ ഗ്രാമത്തിലാണ് ഫരീദിയുടെ ജനനം. പ്രസിദ്ധ സ്വൂഫി ബാബാ ഫരീദുദ്ദീന്‍ ഗഞ്ച് ശക്‌റുമായി അദ്ദേഹത്തിന്റെ വംശപരമ്പരക്കു ബന്ധമുണ്ട്. അതിനാലാണ് അദ്ദേഹത്തിന്റെ പേരിനോടൊപ്പം 'ഫരീദി' എന്ന് ചേര്‍ക്കപ്പെട്ടത്. പ്രാഥമിക-സെക്കന്ററി വിദ്യാഭ്യാസം ജോന്‍പൂരില്‍നിന്ന് കരസ്ഥമാക്കി. ജോന്‍പൂരിലെ ജാമിഉശ്ശര്‍ഖ് മസ്ജിദിനോട് ചേര്‍ന്ന് നേരത്തെ ഉണ്ടായിരുന്ന മദ്‌റസ ഉലൂമുല്‍ ഖുര്‍ആനിയ്യയിലെ  പ്രധാനാധ്യാപകന്‍ മൗലാനാ മുഹമ്മദ് അയ്യൂബില്‍ നിന്നാണ് അദ്ദേഹം അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിച്ചത്. ഉത്തര്‍പ്രദേശ് മുന്‍ഷിബോര്‍ഡ് പരീക്ഷ  പാസായ ശേഷം അലഹാബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഗ്രാജ്വേഷനും 1953-ല്‍ അവിടെനിന്ന് തന്നെ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയും കരസ്ഥമാക്കി.
പിതാവ് അബ്ദുല്‍ ഫദ്ല്‍ ഫരീദിക്കു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗത്തില്‍ മകനെ എത്തിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലാണ് തനിക്കു താല്‍പര്യമെന്ന് അദ്ദേഹം പിതാവിനെ ധരിപ്പിച്ചു. അങ്ങനെയാണ് റാംപൂരിലെ ജമാഅത്ത് ഗവേഷണ കേന്ദ്രമായ സാനവി ദര്‍സ് ഗാഹില്‍  ഫരീദി വിദ്യാര്‍ഥിയായി ചേര്‍ന്നത്. അവിടെവെച്ച് ഫരീദി ആലിമിയ്യത്ത് ബിരുദം സമ്പാദിച്ചു. പിന്നെ ആഗ്രയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ജോലിനോക്കി. അതിനു ശേഷമാണ് ഉന്നതപഠനത്തിന് അലീഗഢ് യൂനിവേഴ്‌സിറ്റിയിലേക്കു മാറിയത്. 1973ല്‍ അവിടെവെച്ച് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1976 മുതല്‍ 88 വരെ 13 വര്‍ഷം ജിദ്ദയില്‍ പ്രഫസറായി. അവിടെനിന്ന് തിരിച്ചെത്തിയ ശേഷം ജീവിതം പൂര്‍ണമായി ഇസ്‌ലാമിക പ്രസ്ഥാന മാര്‍ഗത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. 1999 മുതല്‍ 2009 വരെ സിന്ദഗി നൗവിന്റെ പത്രാധിപരായി തുടര്‍ന്നു. ദീര്‍ഘകാലം റേഡിയന്‍സിന്റെയും പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്.
ഇസ്‌ലാമിനെയും ആധുനികതയെയും ആഴത്തില്‍ പഠിച്ച പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ആരംഭിച്ച പാഠശാലയിലെ ആദ്യ വിദ്യാര്‍ഥികളില്‍ പ്രമുഖനായിരുന്നു ഫരീദി. അലീഗഢിലെ പഠനകാലത്ത് പ്രസ്ഥാനത്തെ അവിടത്തെ അധ്യാപക-വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇസ്‌ലാമികാടിത്തറകളില്‍ വൈജ്ഞാനികവും ഗവേഷണാത്മകവുമായ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ അവിടെ അദ്ദേഹം ഇസ്‌ലാമിക് റിസര്‍ച്ച് സര്‍ക്ള്‍ എന്ന വേദിക്കു തുടക്കം കുറിച്ചു. അതിന്റെ മുഖപത്രമായ ഇസ്‌ലാമിക് തോട്ടില്‍ അദ്ദേഹം നിരന്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 'മുസ്‌ലിം വ്യക്തിനിയമം' എന്ന വിഷയത്തില്‍ ഒരു അഖിലേന്ത്യാ സെമിനാര്‍ സംഘടിപ്പിച്ചത് ഈ സര്‍ക്കിളിന്റെ  പ്രധാന കാല്‍വെപ്പാണ്. 1970-ല്‍ അലീഗഢില്‍ നടന്ന പ്രസ്തുത സെമിനാറില്‍ രാജ്യത്തെ പ്രമുഖ ചിന്തകരും അഭ്യസ്ത വിദ്യരും പങ്കെടുത്തു. ഫരീദിയും നജാതുല്ലാ സിദ്ദീഖിയും ചേര്‍ന്ന് ഈ സെമിനാറിലെ പ്രബന്ധങ്ങള്‍ ശേഖരിച്ചതാണ് മുസ്‌ലിം പെഴ്‌സണല്‍ ലോയെ സംബന്ധിച്ച ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രഥമ പ്രാമാണിക ചരിത്രരേഖ. ഉര്‍ദുവില്‍ അവിടെ അവതരിപ്പിക്കപ്പെട്ട ചില പ്രബന്ധങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനവും ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു.
1975-ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റ് നേതാക്കള്‍ക്കൊപ്പം ഫരീദിയും ജയിലിലടക്കപ്പെട്ടു. നീണ്ടകാലം ജമാഅത്തിന്റെ കേന്ദ്രകൂടിയാലോചനാ സമിതി അംഗമായിരുന്നു. പ്രധാന വിഷയങ്ങള്‍ പഠിക്കാന്‍ ജമാഅത്ത് നിശ്ചയിക്കുന്ന കമ്മിറ്റികളില്‍ ഒഴിച്ചുകൂടാനാവാത്ത അംഗമായിരുന്നു അദ്ദേഹം. 1978-ല്‍ കേന്ദ്ര പ്രതിനിധി സഭാ അംഗങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും വേണ്ടി ഭോപാലില്‍ ഒരു പ്രത്യേക സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഈ സംഗമത്തിലെ പ്രധാന വിഷയം 'ആധുനിക വ്യവസ്ഥിതിയോടുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബന്ധം' (നിസാമെ ഹാദിര്‍ സെ തഹ്‌രീകെ ഇസ്‌ലാമി കാ തഅല്ലുഖ്) എന്നായിരുന്നു. ഫരീദിയും വിഷയത്തില്‍ ശ്രദ്ധേയമായ ഒരു പ്രബന്ധം അവതരിപ്പിച്ചു.
നിരവധി ചിന്താ-വൈജ്ഞാനിക വേദികളിലെ നിറസാന്നിധ്യമായിരുന്നു ഫരീദി. ഇദാറെ തഹ്ഖീഖ് വ തസ്വ്‌നീഫെ ഇസ്‌ലാമിയുടെ സ്ഥാപക അംഗം എന്നതിന് പുറമെ ഇടക്കു ആ വൈജ്ഞാനിക വേദിയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഇസ്‌ലാമിക് അക്കാദമി, തസ്വ്‌നീഫി അക്കാദമി എന്നിവയിലും ഫരീദി അംഗമായിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ്, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി എന്നിവയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. വിവിധ സ്ഥാപനങ്ങളും സംഘടനകളും സംഘടിപ്പിക്കുന്ന വൈജ്ഞാനിക സദസ്സുകള്‍ നിയന്ത്രിക്കാനും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലെ ഇസ്‌ലാമിക ഉണര്‍വിലും ഫരീദി പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. എസ്.ഐ.ഒ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന വിവിധ മുസ്‌ലിം വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് അദ്ദേഹം മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രമാണ് ഫരീദിയുടെ ധിഷണ പതിഞ്ഞ പ്രധാനമേഖല. 'ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം: ഒരു ആമുഖം' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ചെറുതെങ്കിലും സമഗ്ര സ്വഭാവമുള്ളതാണ്. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെ പറ്റി സംസാരിക്കാന്‍ കരുത്തുറ്റ ആധികാരിക ശബ്ദമായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. ഈ വിഷയത്തില്‍ ഫരീദിയുടെ നിരവധി പ്രബന്ധങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് എക്കണോമിക്‌സ് എന്ന വേദിയുടെ സ്ഥാപകനായിരുന്നു അദ്ദേഹം. ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സാമ്പത്തിക സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചതും ഫരീദി തന്നെ. ആധുനിക ലോകത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക സാമ്പത്തികശാസ്ത്രം ഒരു സ്വതന്ത്ര പഠനവകുപ്പായതിന് പിന്നിലും ഫരീദിക്കു അനിഷേധ്യ പങ്കുണ്ട്. 1975-ല്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്ര വകുപ്പില്‍ പ്രഫസറായിരുന്നു അദ്ദേഹം.
ഇഖാമതുദ്ദീന്‍ കാ തഖാദെ (ഇഖാമതുദ്ദീനിന്റെ ഭൂമിക), ഇസ്‌ലാമി തഹ്‌രീക് കേ മറാഹില്‍, അസ്വ്‌റെ ഹാദിര്‍ കേ ചാലന്‍ഞ്ചസ്, ഇഹ്‌യാഅെ ഉമ്മത് കാ മസ്അല, തഹ്‌രീകെ ഇസ്‌ലാമി ഓര്‍ ഖവാതീന്‍, തക്‌സീരി മുആശറ ഓര്‍ മുസല്‍മാന്‍, ഗ്ലോബലൈസേഷന്‍ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
2011 ജൂലൈ 25-ന് അലിഗഢില്‍ വെച്ചായിരുന്നു വിയോഗം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം