Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

തങ്ങളെ ഓര്‍ക്കുമ്പോള്‍

എം. ജഅ്ഫര്‍ കുട്ടി കുളത്തൂപ്പുഴ

തങ്ങളെ ഓര്‍ക്കുമ്പോള്‍

1981-ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ സമ്മേളനം ഹൈദരാബാദ് വാദി ഹുദയില്‍ നടക്കുകയാണ്. ആലുവയില്‍ നിന്ന് രണ്ട് ബസ്സുകളിലായി ഞങ്ങള്‍ പ്രവര്‍ത്തകര്‍ സുബ്ഹി നമസ്‌കാരത്തിനു ശേഷം സമ്മേളന നഗരിയില്‍ എത്തി. കുറെ നടന്നിട്ടും മലയാളികളാരെയും കാണുന്നില്ല. അവസാനം കേരള പന്തലില്‍ എത്തി ഒന്നു രണ്ട് വളണ്ടിയര്‍മാരെ കണ്ടു. അവര്‍ രാത്രിയില്‍ എത്തിയവരാണ്. യാത്രാ സാമഗ്രികള്‍ ഇറക്കിവെച്ചു. കേരളത്തില്‍ നിന്ന് വളണ്ടിയര്‍മാരും നേതാക്കളടക്കമുള്ള സ്‌പെഷല്‍ ട്രെയിന്‍ ഇതുവരെ എത്തിയിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു. അല്‍പസമയം അവിടെ വിശ്രമിച്ചു. എട്ട് മണിയായി. കുറെ ആളുകള്‍ എത്തിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ തരാനോ സേവനങ്ങള്‍ക്കോ ആരുമില്ല. സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. മറ്റെല്ലാ സംസ്ഥാന പന്തലുകളും സജീവം. ഇവിടെ മാത്രം ചായയില്ല, കൂപ്പണില്ല, ഒരു സംവിധാനവും ശരിയായിട്ടില്ല. അങ്ങനെ നില്‍ക്കുമ്പോഴുണ്ട് അതാ തങ്ങള്‍ വരുന്നു. ഞാന്‍ അടുത്തു ചെന്ന് സലാം പറഞ്ഞു. എന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഞാന്‍ ചോദിച്ചു: ''അല്ല തങ്ങളേ, നിങ്ങളീ നേതാക്കന്മാര്‍ ഇവിടെ ഉണ്ടായിട്ടാണോ ഞങ്ങള്‍ക്ക് ചായയുമില്ല, വെള്ളവുമില്ല. ഒന്നുമില്ല.'' കേട്ടപാടെ തങ്ങള്‍ വിഷണ്ണനായി. എന്റെ കൈപിടിച്ച് മാറത്തു ചേര്‍ത്ത് അദ്ദേഹം വിതുമ്പി കരയുകയാണ്. ''ശരിയാണ് നിങ്ങള്‍ പറഞ്ഞത്. നമ്മുടെ വീഴ്ചയല്ലിത്. ക്ഷമിക്കണം നിങ്ങള്‍. നമുക്ക് സൗകര്യങ്ങള്‍ ഒരുക്കാനായി രണ്ടു ദിവസം മുമ്പേ എത്തിച്ചേരാനായി സ്‌പെഷല്‍ ട്രെയിനില്‍ കോഴിക്കോട്ട് നിന്ന് പുറപ്പെട്ടതാണ് ഞങ്ങള്‍. ഇപ്പോഴാണ് ട്രെയിന്‍ എത്തിയത്. എല്ലാ നേതാക്കളും വളണ്ടിയേഴ്‌സും പ്രവര്‍ത്തകരും അതിലായിരുന്നു. എല്ലാ സ്റ്റോപ്പിലും പിടിച്ചിട്ട വണ്ടി ഇപ്പോഴെങ്കിലും എത്തിയത് ഭാഗ്യമായി. അല്‍ഹംദുലില്ലാഹ്.. അതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.'' പിന്നീട് നടന്നത് യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കമായിരുന്നു. അര മണിക്കൂര്‍ കൊണ്ട് എല്ലാം ഭംഗിയായി. മറ്റു വളണ്ടിയേഴ്‌സും എല്ലാവരും ഒത്തൊരുമിച്ച് ഒറ്റ നീക്കം. എല്ലാം റെഡി.
എം. ജഅ്ഫര്‍ കുട്ടി കുളത്തൂപ്പുഴ


ഒരു സഹപാഠിയുടെ ഓര്‍മക്കുറിപ്പുകള്‍
അഞ്ചാം തരം കഴിഞ്ഞ് തുടര്‍ പഠനത്തിനായി മാഹിയിലെ മദ്‌റസത്തുല്‍ മുബാറകില്‍ (എം.എം) ആറാം ഫോറത്തില്‍ ചേരുമ്പോള്‍ അതേ വര്‍ഷം തന്നെയാണ് ഈയിടെ നമ്മോട് വിടപറഞ്ഞുപോയ അബ്ദുല്‍ അഹദ് തങ്ങളും എം.എം ഹൈസ്‌കൂളില്‍ എത്തുന്നത്. ഞാനും തങ്ങളും ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍! ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.
ചായ കുടിക്കാനും നമസ്‌കരിക്കാനുമെല്ലാം ഞാനും തങ്ങളും ഒരുമിച്ചാണ് പോവുക. ആ കാലത്ത് ഞങ്ങളെ അറബി ഭാഷ പഠിപ്പിച്ചിരുന്നത് വി.പി മുഹമ്മദ് മൗലവി ആയിരുന്നു. ആ പ്രായത്തില്‍ തന്നെ തങ്ങള്‍ ദീനീ വിഷയങ്ങളില്‍ ഒരുപാട് താല്‍പര്യം കാണിച്ചിരുന്നു. തങ്ങളെ കണ്ടാല്‍ മൗലവി പറയും: ''അബ്ദുല്‍ അഹദ് ഉണ്ടോ, എങ്കില്‍ ഉസ്മാനും കാണും കൂടെ.'' അത്രയും ഗാഢ ബന്ധമായിരുന്നു ഞാനും തങ്ങളും തമ്മില്‍.
എസ്.എസ്.എല്‍.സി പരീക്ഷക്കു ശേഷം ഞാനും തങ്ങളും തമ്മിലുള്ള ബന്ധം കുറച്ച് വിട്ടുപോയിരുന്നു. ഞാന്‍ ബോംബെയില്‍ ഉപ്പയുടെ അടുത്തേക്ക് പോവുകയും അവിടെ ഒരു മുസ്‌ലിം സ്‌കൂളില്‍ പഠനം തുടരുകയും ചെയ്തു. തങ്ങളാവട്ടെ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നു. സയന്‍സ് ആയിരുന്നു തങ്ങള്‍ മെയിന്‍ ആയി തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷത്തോളം ബ്രണ്ണനില്‍ പഠിച്ച തങ്ങള്‍ പിന്നീട് പുളിക്കല്‍ അറബിക് കോളേജില്‍ ഇസ്‌ലാമിക പഠനത്തിനായി ചേര്‍ന്നു. ഞാന്‍ അടുത്തുള്ള ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമപഠനത്തിനായി ചേര്‍ന്നു. നിയമം പഠിച്ചിറങ്ങി നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടില്‍ വരുമ്പോഴൊക്കെ തങ്ങളെ കാണാന്‍ പോകാറുണ്ടായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയിലെ ചില പ്രവര്‍ത്തകര്‍ എന്റെ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. വി.പി മുഹമ്മദലി സാഹിബ്, ഒ.കെ മൊയ്തു സാഹിബ് എന്നിവര്‍ എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ആ കൂട്ടത്തില്‍ തങ്ങളുമായുള്ള സൗഹൃദമായിരുന്നു മികച്ചു നിന്നത്. തങ്ങള്‍ അസി. അമീര്‍ ആയി ചുമതലയേറ്റപ്പോള്‍ ദല്‍ഹിയില്‍ പോയി തങ്ങളെ കാണാനും സന്തോഷം പങ്കുവെക്കാനും എനിക്കവസരം ലഭിച്ചു.
ഒരിക്കല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന അന്ത്രു മൗലവി എന്റെ വീട്ടിലേക്ക് വന്നു പറഞ്ഞു: ''രണ്ട് മൂന്ന് പേരാണ് പ്രസ്ഥാന പ്രവര്‍ത്തകരില്‍ വാര്‍ധക്യ സഹജമായ അവശതകള്‍ കാരണം പ്രയാസപ്പെടുന്നത്. ഒന്ന്, പെരിങ്ങാടി അബ്ദുര്‍റഹീം സാഹിബ്, പിന്നെ അബ്ദുല്‍ അഹദ് തങ്ങള്‍, മൂന്നാമത്തേത് താങ്കള്‍.'' അപ്പോള്‍ ഞാന്‍ പറഞ്ഞു: ''തങ്ങള്‍ക്കും എനിക്കും ഓര്‍മക്കുറവൊന്നുമില്ല.'' അദ്ദേഹം അപ്പോള്‍ പറഞ്ഞു: ''അല്ല, തങ്ങള്‍ക്കെന്തോ പ്രയാസമുണ്ട്.'' ഞാന്‍ പിറ്റേന്ന് തങ്ങളെ ഫോണ്‍ ചെയ്തു. സംസാരത്തില്‍ നല്ല ഇടര്‍ച്ച. പിന്നീട് മകന് ഫോണ്‍ കൊടുത്തു. തങ്ങള്‍ മരണപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് വീണ്ടും വിളിക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ചില പ്രയാസങ്ങള്‍ കാരണം വിളിക്കാന്‍ കഴിഞ്ഞില്ല.
ശുദ്ധമനസ്‌കതയും ശാന്തസ്വഭാവവും തങ്ങളുടെ പ്രത്യേകതയായിരുന്നു. അല്ലാഹു തങ്ങള്‍ക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ-  ആമീന്‍.
അഡ്വ. ഉസ്മാന്‍ കവിയൂര്‍

ഗുഡവര്‍ത്തിയുടെ നിരീക്ഷണങ്ങളാണ് ശരി
പ്രഫ. ഗുഡവര്‍ത്തിയുടെ നിരീക്ഷണങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് കെ.ടി ഹാഫിസ് നിരത്തിയ വാദങ്ങള്‍ (ലക്കം 2869) തികച്ചും ബാലിശമായി. ദലിതുകളും പിന്നാക്ക ജാതിക്കാരും ന്യൂനപക്ഷങ്ങളുമായി ചേര്‍ന്ന് ഹൈന്ദവ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരില്‍ ശക്തമായി സംഘടിച്ച് വരികയാണെന്നും അതിന് ഇനിയും ശക്തിപ്പെടാന്‍ സാധ്യതകളുണ്ടെന്നുമുളള ഹാഫിസിന്റെ നിഗമനം കേവലം പകല്‍ കിനാവാണ്. യാഥാര്‍ഥ്യം തികച്ചും മറിച്ചും. നിഷ്പക്ഷമായി വീക്ഷിക്കുന്ന ഏതൊരു അക്കാദമിക ഗവേഷകനും ഗുഡവര്‍ത്തിയുമായി യോജിക്കാനേ കഴിയൂ.
ഇന്ത്യയിലെ ദലിതരും പിന്നാക്ക ജാതിക്കാരും ന്യൂനപക്ഷങ്ങളും കൂടിച്ചേര്‍ന്നാല്‍ ജനസംഖ്യയുടെ 80 ശതമാനത്തോളം വരുമെന്നും ഈ വിഭാഗങ്ങളെല്ലാം മേല്‍ജാതിക്കാരുടെ ചൂഷണത്തിന് വിധേയമായി എല്ലാ രംഗത്തും പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ട് ഈ വിഭാഗങ്ങളുടെ ഐക്യം കൊണ്ട് മാത്രമേ ഇവിടെ ശക്തവും മതനിരപേക്ഷതയിലൂന്നിയതുമായ ജനാധിപത്യ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ കക്ഷികളെയും സുദൃഢമാക്കാന്‍ പറ്റുകയുള്ളൂവെന്നുമുള്ള അഭിപ്രായങ്ങള്‍ ചില ബുദ്ധിജീവികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമുണ്ടായിരുന്നു. പക്ഷേ, അതിനൊരു രാഷ്ട്രീയ അടിത്തറ ഒരുക്കാനായില്ല ഇതുവരെ. തെരഞ്ഞെടുപ്പുകളില്‍ ചിലയിടങ്ങളില്‍ ഈ വിഭാഗങ്ങള്‍ ഒന്നിച്ചു നിന്നിട്ടുണ്ട്. പക്ഷേ, അത് ഒരിക്കലും സ്ഥായിയായിരുന്നില്ല. അതിന് പല കാരണങ്ങളുമുണ്ട്. അതിലൊന്ന്, ഗുഡവര്‍ത്തി ഒരിടത്ത് സൂചിപ്പിച്ചതുപോലെ, ദലിതുകളിലും പിന്നാക്കക്കാരിലുമുള്ള ഉപരി വിഭാഗങ്ങള്‍ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നിരിക്കുന്നുവെന്നതാണ്. സ്വന്തം ജാതികളുടെ പേരില്‍ അവരാണ് സര്‍ക്കാര്‍ ജോലികളും ആനുകൂല്യങ്ങളും വിഭവങ്ങളും സ്വന്തമാക്കിയത്. മുസ്‌ലിം സമുദായത്തില്‍ തന്നെ ഉത്തരേന്ത്യയില്‍ സയ്യിദ്, ശൈഖ്, ഖാന്‍ വംശങ്ങള്‍ മറ്റു മുസ്‌ലിംകളേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണ്.
പിന്നാക്ക-ദലിത് ജാതികളിലെ ഈ മുന്നോക്കക്കാര്‍ക്ക് തങ്ങള്‍ കീഴാളരാണെന്ന് തോന്നാന്‍ യാതൊരു കാരണവുമില്ല. പലയിടങ്ങളിലും അവര്‍ മേല്‍ ജാതിക്കാരോളം ഉയര്‍ന്നിരിക്കുന്നു. ചിലയിടങ്ങളില്‍ സ്വന്തം ജാതിക്കാരേക്കാളും. താഴെയുള്ള സ്വന്തം ജാതിക്കാരെ ഉദ്ധരിക്കാന്‍ അവര്‍ കാര്യമായൊന്നും ചെയ്യുന്നുമില്ല. രാഷ്ട്രീയം അവര്‍ക്ക് ഉപ ജാതികളുടെ മേല്‍ സ്വാധീനവും മേധാവിത്വവും ഉറപ്പിക്കാനുള്ള വേദിയാണ്. പലയിടങ്ങളിലും നഗ്നമായ കുടുംബ വാഴ്ചയാണ് നാം കാണുന്നത്. അവരുടെ താല്‍പര്യങ്ങളുറപ്പിക്കാന്‍, അവസരം വരുമ്പോള്‍ ന്യൂനപക്ഷങ്ങളുമായും ഹൈന്ദവ വര്‍ഗീയവാദികളുമായും ചങ്ങാത്തമുണ്ടാക്കാന്‍ അവര്‍ തയാറാണ്. അക്കാദമിക മര്യാദ കാട്ടാന്‍ വേണ്ടിയായിരിക്കാം പ്രഫ. ഗുഡവര്‍ത്തി അത് പറയാത്തത്.
ഹൈന്ദവതയുടെ കാവല്‍ഭടന്മാരെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന ബി.ജെ.പി പരിവാരത്തിന് സ്വാഭാവികമായും ദലിതരിലെയും പിന്നാക്കക്കാരിലെയും ഉയര്‍ന്നവരില്‍ ഒരു വലിയ വിഭാഗത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നു. നിസ്സാര കാര്യങ്ങളുടെ പേരില്‍ അവര്‍ക്കത് സാധിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാം യു.പിയിലും ബിഹാറിലും കണ്ടു. അംബേദ്കറുടെ അനുയായികള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിര്‍ത്തിയിട്ട് കുറെ കാലമായെന്ന യാഥാര്‍ഥ്യം ഇതോടു ചേര്‍ത്തുവായിക്കണം. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ മുസ്‌ലിംകളാണ് അപരവത്കരിക്കപ്പെട്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും കീഴാളരാണവര്‍. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ അവരുടെ ശോചനീയാവസ്ഥ സച്ചാര്‍ കമീഷന്‍ വരച്ചുകാട്ടിയതുമാണ്. ഇതാണ് ഗുഡവര്‍ത്തി അടിവരയിട്ടു പറഞ്ഞത്.
ഫാഷിസ്റ്റ് ശക്തികള്‍ അവരുടെ സംഘടനാ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായതും, ദലിതരിലും പിന്നാക്കക്കാരിലും സ്വാധീനമുറപ്പിക്കാന്‍ അവരില്‍ നിന്നുള്ള പുതിയ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ട് വന്നതും ഹാഫിസ് കാണുന്നില്ല. ജനാധിപത്യ പ്രക്രിയയുടെ മലവെള്ളപ്പാച്ചിലില്‍ ബ്രാഹ്മണരും സവര്‍ണ ജാതിക്കാരും പലയിടത്തും കടപുഴകി മറിഞ്ഞത് മനസ്സിലാക്കിയ സംഘ്ബുദ്ധിജീവി നേതൃത്വം ഈ രംഗത്ത് വലിയ സംഘടനാ പുനഃസംവിധാനത്തിന് തയാറായിരിക്കുകയാണ്. പിന്നാക്കക്കാരനായ മോദിയെ അവര്‍ സംഘടനയുടെ തലപ്പത്തിരുത്തി; പാര്‍ട്ടി വളര്‍ത്തിയ വയോധികരായ സവര്‍ണ നേതാക്കളെ തഴയാനും തയാറായി. കോടീശ്വരന്മാരും ഭൂസ്വാമികളും നാട്ടുരാജാക്കന്മാരും നിറഞ്ഞ ഒരു സംഘടന മോദിയുടെ ബാല്യകാല ദാരിദ്ര്യത്തില്‍ നിന്ന് മുതലെടുത്ത് ദാരിദ്ര്യരേഖക്ക് താഴെയുള്ള 30 ശതമാനത്തിലും സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു.
ഗുഡവര്‍ത്തി സൂചിപ്പിച്ചതുപോലെ, ഇവിടത്തെ ഇടതുപക്ഷങ്ങള്‍ പോലും ദലിതരിലും പിന്നാക്കക്കാരിലും നടന്നുവരുന്ന ഈ വര്‍ഗീയവത്കരണത്തെ മനസ്സിലാക്കിയില്ല. എന്തിനധികം, ഇടത് കോട്ടയെന്ന് കരുതിയ നമ്മുടെ സംസ്ഥാനത്ത് തന്നെ  പഴയ കമ്യൂണിസ്റ്റ് അനുകൂലികളില്‍ ഒരു വിഭാഗം ഫാഷിസ്റ്റ് ഹൈന്ദവ പാര്‍ട്ടികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് നാം കാണുന്നു.
റഹീം കരിപ്പാടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം