ഒരു യുഗ ശില്‍പിയുടെ ഓര്‍മയില്‍
എതിരിടുംതോറും വളരുക, അടിച്ചമര്‍ത്തും തോറും ഉയര്‍ന്നു പൊങ്ങുക ഇതാണ് സത്യപ്രബോധകരുടെ സവിശേഷത. ഇസ്‌ലാമിക സേവനരംഗത്ത് നിസ്തുലമായ പങ്കുവഹിച്ച, നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തിത്വങ്ങളിലൊരാളായിരുന്നു പ്രഫസര്‍ ഗുലാം അഅ്‌സം സാഹിബ്.
അദ്ദേഹത്തെ നേരില്‍ കണ്ട് അല്‍പസമയം സംസാരിക്കാന്‍ അവസരമുണ്ടായപ്പോള്‍ അകലെ നിന്ന് മനസ്സിലാക്കിയതിനേക്കാള്‍ എത്രയോ ഉയരത്തിലാണ് അദ്ദേഹമെന്ന് തിരിച്ചറിയാനായി. സ്വന്തം ഗ്രന്ഥശാലക്കടുത്തുള്ള മുറിയില്‍ വളരെ വിനീതനായി ഞങ്ങളെ സ്വീകരിക്കുന്നത് ഒരു ജനതയുടെ ഭാഗധേയം രൂപപ്പെടുത്താന്‍ അഹോരാത്രം അധ്വാനിച്ച് അവശനായിത്തീര്‍ന്ന പ്രതിഭാധനനായിരുന്നു.
പ്രതിഭകളുടെ ദേശമാണല്ലോ ബംഗാള്‍. ഇസ്‌ലാമിന് നവീന യുഗത്തില്‍ ഏറെ സേവനം ചെയ്ത പ്രതിഭയായിരുന്നു പ്രഫ. ഗുലാം അഅ്‌സം. വരും തലമുറകള്‍ക്ക് ധാരാളം ചിന്തിക്കാനും പഠിക്കാനുമുതകുന്ന വലിയ വിജ്ഞാന സമ്പത്ത് ശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
ചരിത്രത്തിന്റെ മൂന്നു നാഴികക്കല്ലുകള്‍ക്ക് സാക്ഷിയായ അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളായിരുന്നു അദ്ദേഹം. ഇന്ത്യ ഉപഭൂഖണ്ഡം ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ഞെങ്ങി ഞെരുങ്ങിയ സന്ദര്‍ഭത്തില്‍ 1922 നവംബര്‍ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. ഇരുപത്തിയഞ്ചാം വയസ്സില്‍ ഇന്ത്യാ വിഭജനത്തിനും കിഴക്കന്‍ പാകിസ്താന്റെ പിറവിക്കും, അമ്പതം വയസ്സില്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ലബ്ധിക്കും അദ്ദേഹം സാക്ഷിയായി.
ധാക്ക യൂനിവേഴ്‌സിറ്റിയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം 1951 മുതല്‍ അധ്യാപകനായി ജോലി ചെയ്താണ് അദ്ദേഹം ബംഗ്ലാദേശിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവസാന്നിധ്യമായി മാറിയത്. ധാക്ക യൂനിവേഴ്‌സിറ്റി സെന്‍ട്രല്‍ സ്റ്റുഡന്‍സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി സാമൂഹിക പ്രവര്‍ത്തനം തുടങ്ങിവെച്ച ഗുലാം അഅ്‌സം ഏഴു പതിറ്റാണ്ടുകാലം ബംഗ്ലാദേശില്‍ മത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്നു.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ചിന്തക്ക് ബീജാവാപം കുറിച്ചത് ബംഗ്ലാ ഭാഷാ പ്രസ്ഥാനമായിരുന്നു. ഉര്‍ദു, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളില്‍ വൈദഗ്ധ്യമുണ്ടായിരുന്ന അഅ്‌സം കിഴക്കന്‍ പാകിസ്താന്റെ ഔദ്യോഗിക ഭാഷ ബംഗാളിയാക്കാന്‍ അന്നത്തെ പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന് മെമ്മോറാണ്ടം സമര്‍പ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റി. 1951-ല്‍ റാംഗ്പൂര്‍ കര്‍മിച്ചല്‍ കോളേജ് പ്രഫസറായിരിക്കെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് ധാരാളം മതപ്രസംഗങ്ങള്‍ നടത്തിയിരുന്നു. 1954-ല്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് മനസ്സിലാക്കിയതോടെ തന്റെ പാത ഇതായിരിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വം ബംഗ്ലാദേശില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വ്യതിരിക്തമായ മുഖവും ദിശാബോധവും സമ്മാനിച്ചു. തന്റെ ജനതയുടെ ചിന്തയും മനസ്സും തൊട്ടറിഞ്ഞ ഗുലാം അഅ്‌സം, ഇസ്‌ലാമിക സാഹിത്യങ്ങള്‍ അവരുടെ അഭിരുചിക്കൊത്ത് പുനരാവിഷ്‌കരിച്ചു. ചെറുതും വലുതുമായ 107 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇവയില്‍ പല ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനത്തെ നവോത്ഥാന പ്രസ്ഥാനത്തില്‍ ഒതുക്കാതെ ജനകീയമാക്കാനും, ജനജീവിതത്തില്‍ ഇസ്‌ലാമിന്റെ മൂല്യശിക്ഷണങ്ങള്‍ സന്നിവേശിപ്പിക്കാനും അദ്ദേഹത്തിന്റെ സാഹിത്യങ്ങള്‍ പ്രധാന പങ്കുവഹിച്ചു. പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൊറുപ്പിക്കാത്ത ഭരണകൂടങ്ങള്‍ അദ്ദേഹത്തെ പലതവണ തുറുങ്കിലടച്ചു. 1969-ല്‍ സംഘടനയുടെ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് സജീവ രാഷ്ട്രീയത്തില്‍ വിശ്വാസികളുടെ സാന്നിധ്യം എത്ര ഫലപ്രദമാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അനാരോഗ്യവും അസൗകര്യങ്ങളുമുണ്ടാകുമ്പോള്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നതല്ല ശരിയായ രീതി എന്ന് പഠിപ്പിച്ചുകൊണ്ട് രണ്ടായിരമാണ്ടില്‍ അദ്ദേഹം ജമാഅത്തിന്റെ നേതൃത്വം ഒഴിവായതും ബംഗ്ലാദേശികള്‍ക്ക് പുതിയ അനുഭവമായിരുന്നു.
ഇസ്‌ലാമിക പ്രബോധനത്തിലൂടെ ബംഗ്ലാദേശിനെ ഒരു മാതൃകാ രാഷ്ട്രമാക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിന് ആസൂത്രിതമായി അദ്ദേഹം പ്രവര്‍ത്തിച്ചു. രാജ്യത്ത് പ്രകൃതി വിപത്തുകളും മറ്റും ദാരിദ്ര്യം വിതക്കാറുള്ള ഘട്ടങ്ങളില്‍ ക്രിയാത്മകമായി അതിനെ നേരിടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ സാധിച്ചത് പ്രസ്ഥാനത്തിന് വിപുലമായ വേരോട്ടമുണ്ടാകാന്‍ സഹായകമായി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ധ്രുതഗതിയിലുള്ള വളര്‍ച്ച, ബംഗ്ലാദേശിന്റെ മുഖഛായ മാറ്റാന്‍ പര്യാപ്തമാണെന്ന തിരിച്ചറിവാണ് ശത്രുക്കളെ വിറളി പിടിപ്പിച്ചത്. ഗുലാം അഅ്‌സമിനെതിരെ പലതരം ആരോപണങ്ങള്‍ കെട്ടിച്ചമക്കുമ്പോഴും അവര്‍ക്കറിയാമായിരുന്നു, സ്വതന്ത്ര ബംഗ്ലാദേശിന്റെ പിറവിക്ക് നിമിത്തമായ ബംഗ്ലാ ഭാഷാ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത് അദ്ദേഹമാണെന്ന്. പ്രവാചകന്മാര്‍ ജനങ്ങളുടെ ഭാഷ സംസാരിക്കുന്നവരായിരുന്നുവെന്ന തത്ത്വമാണ് പ്രക്ഷോഭം നടത്താന്‍ അദ്ദേഹത്തിന് പ്രചോദനമായത്.
അധ്യാപകന്‍, മതപണ്ഡിതന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, രാഷ്ട്ര തന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം കിടയറ്റ സംഭാവനകളിലൂടെ സഹജീവികളെ സഹായിച്ച അനിതര സാധാരണ വ്യക്തിത്വമായിരുന്നു ഗുലാം അഅ്‌സം സാഹിബ്.
നവീന യുഗത്തില്‍ ആരെക്കുറിച്ചും നട്ടാല്‍ മുളക്കാത്ത കള്ളങ്ങള്‍ പ്രചരിപ്പിക്കാനും വിദ്വേഷ പ്രചാരണങ്ങള്‍ നടത്താനും സര്‍വ സൗകര്യങ്ങളുമുണ്ട്. അതോടൊപ്പം തന്നെ, അന്വേഷണ കുതുകികള്‍ക്ക് സത്യം തിരിച്ചറിയാനുള്ള തെളിവുകളും ലഭ്യമാണ്. ചരിത്ര വിദ്യാര്‍ഥികള്‍ നാളെ കണ്ടെത്തും; ആരായിരുന്നു ബംഗ്ലാദേശിന്റെ യഥാര്‍ഥ മിത്രങ്ങളെന്നും ആരായിരുന്നു ശത്രുക്കളെന്നും.
പണ്ഡിതനും വന്ദ്യവയോധികമായ ആ സാത്വികനെ ചിത്രവധം ചെയ്യാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളത്രയും അര്‍ഥശൂന്യവും ഫലശൂന്യവുമാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പേരില്‍ നടന്ന ജനാസ നമസ്‌കാരങ്ങള്‍. ഇസ്‌ലാമിക ചരിത്രത്തില്‍ അപൂര്‍വം വ്യക്തികള്‍ക്ക് മാത്രം ലഭിച്ച അംഗീകാരം ജനലക്ഷങ്ങള്‍ തങ്ങളുടെ പ്രാര്‍ഥനയിലൂടെ പ്രകടിപ്പിക്കുകയായിരുന്നു. അല്ലാഹു അദ്ദേഹത്തെ ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ.
Comments