ഇസ്‌ലാമിലെ സാങ്കേതിക പദങ്ങള്‍ക്ക് ഒരാമുഖം
ഏതൊരു ദര്‍ശനത്തിനും ആശയത്തിനും അതിന്റേതായ പദാവലികളുണ്ടാവും. ഇവ സാങ്കേതിക പദങ്ങള്‍ എന്ന് വ്യവഹരിക്കപ്പെടുന്നു. അവ കുരുക്കഴിച്ച് മനസ്സിലാക്കിയാലേ ആശയങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഇസ്‌ലാമിലും ഇതുപോലെ ധാരാളം പദങ്ങളുണ്ട്. ഖുര്‍ആനിലും ഹദീസിലുമായി അവ പരന്നു കിടക്കുന്നു. പാരമ്പര്യവിത്തുകള്‍ കാത്തുസൂക്ഷിക്കുന്നതുപോലെ, ഇസ്‌ലാമിന്റെ മൗലികത്തനിമ നിലനിര്‍ത്താന്‍ മേല്‍ പദങ്ങളുടെ ആശയങ്ങള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടണം. സാങ്കേതിക പദങ്ങള്‍ മാത്രമല്ല, മറ്റു പദങ്ങളും സംസ്‌കാരവാഹകമാണ്. അതുകൊണ്ടുതന്നെ അന്യഭാഷാ പദങ്ങള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത വേണം, ഉദാഹരണം: കുബേരന്‍, വാസ്തുവിദ്യ, ഗുരുഉത്‌സവ്.
അറബി ഭാഷയെ പാശ്ചാത്യ ദര്‍ശനങ്ങള്‍ക്കനുസൃതമായി പാകപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. 'ഭൂമിയുടെ നാനാവിധ പരിപാലനച്ചുമതല ഏല്‍പിച്ചു' എന്ന നല്ല അര്‍ഥത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ച 'ഇസ്തഅ്മറ' എന്ന പദം, പാശ്ചാത്യ അധിനിവേശശക്തികള്‍ തങ്ങള്‍ മുസ്‌ലിം നാടുകളുടെ നന്മക്ക് വേണ്ടിയാണ് പടനീക്കം നടത്തുന്നതെന്ന് വരുത്താനായി ദുരുപയോഗിക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ അവര്‍ നടത്തിയത് 'ഇസ്തിഅ്മാര്‍' (പരിപാലനം) ആയിരുന്നില്ല, 'ഇസ്തിദ്മാര്‍' (നശീകരണം) ആയിരുന്നു. ഖുര്‍ആനും ഹദീസും ഉപയോഗിച്ച പദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി പുതിയ പദങ്ങള്‍ നിര്‍മിച്ച് അറബി ഭാഷയെ മതേതരവത്കരിക്കാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്.
ഖുര്‍ആനിക വിജ്ഞാനീയങ്ങളില്‍ പ്രഥമം പദവിജ്ഞാനീയമാണെന്ന് ഇമാം റാഗിബുല്‍ അസ്വ്ഫഹാനി തന്റെ അല്‍മുഫ്‌റദാത്തില്‍ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ''ഖുര്‍ആനിക പദപ്രയോഗങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടതുണ്ട്. വീടുനിര്‍മാണത്തിനു മുമ്പ് ഇഷ്ടികകള്‍ പാകപ്പെടുത്തിവെക്കുന്നതുപോലെ, ഖുര്‍ആന്‍ പഠനത്തിന്റെ മുന്നോടിയായി പദങ്ങളുടെ ആശയം ഗ്രഹിച്ചിരിക്കണം. അല്ലാഹു അനുഗ്രഹിക്കുകയാണെങ്കില്‍, പര്യായപദങ്ങള്‍ എന്ന കണക്കെ ഖുര്‍ആന്‍ ഉപയോഗിച്ച വാക്കുകളുടെ സൂക്ഷ്മാന്തരങ്ങള്‍ വിവരിക്കുന്ന ഒരു പുസ്തകം കൂടി എഴുതണമെന്നുണ്ട്. ഉദാ: ഫുആദ്, ഖല്‍ബ്, സ്വദ്‌റ്.''
ദാര്‍ശനിക- സാംസ്‌കാരിക പശ്ചാത്തലം പരിഗണിച്ചുകൊണ്ട് നബി(സ) ചില പദങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു. 'റബ്ബി'നു പകരം 'സയ്യിദ്', 'അബ്ദി'നു പകരം 'ഫതാ' എന്നിവ ഉപയോഗിക്കാനുള്ള നിര്‍ദേശം ഉദാഹരണം (ഇബ്‌നു ഖയ്യിം അല്‍ജൗസിയ്യയുടെ സാദുല്‍മആദില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ കാണുക). ഇസ്‌ലാമിന്റെ സ്വത്വവും മുസ്‌ലിംകളുടെ തനിമയും ആദര്‍ശത്തില്‍ മാത്രമല്ല, അത് പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളിലുമാണ്. അവയുടെ ഗൗരവം ചോര്‍ത്താന്‍ ശ്രമങ്ങളുണ്ടാവും. അപ്പോള്‍ അതിന് വഴങ്ങിക്കൊടുക്കരുത്. അല്‍ഇസ്‌റാഅ് 73,74,75 സൂക്തങ്ങള്‍ ഈ അര്‍ഥത്തില്‍ കൂടി നാം മനസ്സിലാക്കേണ്ടതാണ്.
ഏതൊരു പദത്തിനും അതിന്റേതായ സാംസ്‌കാരിക പശ്ചാത്തലമുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഉല്‍പന്നമാണല്ലോ 'ബോയ് ഫ്രണ്ടും' 'ഗേള്‍ ഫ്രണ്ടും.' പദങ്ങള്‍ മാത്രമല്ല, നിറങ്ങളും സംസ്‌കാരത്തിന്റെ പ്രതീകമായാണല്ലോ മനസ്സിലാക്കപ്പെടുന്നത്. പച്ചക്കോട്ട്, പച്ച ബോര്‍ഡ് ഉദാഹരണം.
ഇതര സമൂഹങ്ങള്‍ക്ക് നല്‍കാതെ, അവരില്‍ നിന്ന് ഇങ്ങോട്ട് സ്വീകരിക്കുന്നത് ശീലമാക്കിയവര്‍ സാംസ്‌കാരികമായി നശിക്കുകയേ ഉള്ളൂ. ആദര്‍ശ സമൂഹങ്ങള്‍ക്ക് തങ്ങളുടെ ദര്‍ശനങ്ങളെ തനിമയോടെ പ്രകാശിപ്പിക്കുന്ന പദങ്ങള്‍ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. ഇത് സാധ്യമാവാത്ത സമൂഹങ്ങള്‍ അഞ്ചു ഘട്ടങ്ങളിലൂടെ സര്‍വനാശമടയും.
1. വിധേയ സമൂഹം അധീശ ശക്തികളില്‍ നിന്ന് വ്യാവസായിക-യുദ്ധസാമഗ്രികള്‍ വാങ്ങുന്നു.
2. വേഷവിധാനങ്ങള്‍, ഭക്ഷണ രീതികള്‍ മുതലായ ഭൗതിക സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നു.
3. ഭാഷാ, ഭരണ നിര്‍വഹണ രീതികള്‍, സാമൂഹിക ബന്ധങ്ങള്‍, കലകള്‍ മുതലായവ സ്വീകരിക്കുന്നു.
4. മൂല്യങ്ങള്‍, സ്വഭാവ-സാമൂഹിക മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നു.
5. ആദര്‍ശങ്ങള്‍ സ്വീകരിക്കുന്നു. ഈ ഘട്ടം പൂര്‍ത്തിയാവുന്നതോടെ ഇതര സമൂഹങ്ങളുമായുള്ള എല്ലാ തടസ്സങ്ങളും അലിഞ്ഞില്ലാതാവുന്നു. സമ്പൂര്‍ണ ലയനം സംഭവിക്കുന്നു.
ഭൗതിക ദര്‍ശനങ്ങളുടെ പദാവലികളിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിനു പകരം, ഇസ്‌ലാമിക സാങ്കേതികപദാവലികളിലൂടെ അനിസ്‌ലാമിക ദര്‍ശനങ്ങളെ വിലയിരുത്തുകയാണ് വേണ്ടത്. ഇത് സാധ്യമാവാന്‍ ഇസ്‌ലാമിക പദാവലികളെക്കുറിച്ചെന്നപോലെ, അനിസ്‌ലാമിക പദാവലികളെക്കുറിച്ചും നല്ല ഗ്രാഹ്യം വേണം. 'ഇസ്‌ലാമില്‍ ജനിച്ചു വളരുകയും ജാഹിലിയ്യത്തിനെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിനെ തകര്‍ത്തുകളയും' എന്ന ഉമറി(റ)ന്റെ താക്കീത് ശ്രദ്ധേയമാണ്.
പദാവിഷ്‌കാരങ്ങള്‍
ജാഹിലിയ്യാകാലത്ത് പ്രയോഗത്തിലുണ്ടായിരുന്ന ചില പദങ്ങള്‍ക്ക് ഇസ്‌ലാമിക കാലഘട്ടത്തില്‍ സവിശേഷാര്‍ഥവും ആശയവും ലഭിച്ചു. സ്വലാത്ത്, സകാത്ത്, സ്വൗം, ഹജ്ജ്, ബൈഅ്, മുസാറഅഃ മുതലായവ ഉദാഹരണം. 'സ്വലാത്ത്' എന്നതിന്റെ ഭാഷാര്‍ഥം പ്രാര്‍ഥന എന്നാണെങ്കിലും, സാങ്കേതികാര്‍ഥം 'ശരീഅത്തു പ്രകാരം നിര്‍ണിത സമയങ്ങളിലായി നിര്‍വഹിക്കപ്പെടുന്ന പ്രത്യേക രീതിയിലുള്ള പ്രാര്‍ഥന' എന്നാണ്. ഹജ്ജിന്റെ ഭാഷാര്‍ഥം സന്ദര്‍ശനം. അല്ലാഹുവിന്റെ പുണ്യം പ്രതീക്ഷിച്ച് നിശ്ചിത കാലയളവില്‍ കഅ്ബാലയത്തിലേക്ക് നടത്തുന്ന അനുഷ്ഠാനയാത്ര എന്നത്രെ സാങ്കേതിക വിവക്ഷ.
ഒരു ഗ്രാമീണനെ സംബന്ധിച്ചേടത്തോളം 'കസേര' എന്നത് പ്രാഥമിക രൂപത്തിലുള്ള ലളിതമായ ഇരിപ്പുപകരണമാണ്. എന്നാല്‍ ഒരു നാഗരികനെ സംബന്ധിച്ചേടത്തോളം കസേരയുടെ അനേക രൂപങ്ങള്‍ അജ്ഞാതമാവില്ല. ഇതുപോലെ, ഖുര്‍ആനിലെ എല്ലാ പദങ്ങളും അവയുടെ ആശയങ്ങളും ജാഹിലിയ്യ അറബികള്‍ ഉപയോഗിച്ചവയല്ല. ഖുര്‍ആന്‍ ജാഹിയിലിയ്യാ അറബികള്‍ ഉപയോഗിക്കാത്ത വാക്കുകളും ഉപയോഗിച്ചിരിക്കുന്നു. ചില പദങ്ങള്‍ക്ക് ജാഹിലിയ്യ അറബികള്‍ നല്‍കാത്ത അര്‍ഥം നല്‍കിയിരിക്കുന്നു. അവര്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ആലങ്കാരിക അര്‍ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ഉദാ: ജാഹിലിയ്യ എന്ന പദം പ്രാഗ് ഇസ്‌ലാമിക കാലത്തെ പരാമര്‍ശിക്കാനാണ് പ്രയോഗിക്കുന്നത്. ഈ പദം മുഹമ്മദ് നബിയുടെ ആഗമനത്തിനു ശേഷം മാത്രമാണ് പ്രയോഗിച്ചു തുടങ്ങിയത്. മുനാഫിഖ്, ഫാസിഖ് മുതലായ പദങ്ങളും തഥൈവ. 'ഫസഖ' എന്നാല്‍ പഴം പഴുത്ത് കുരു പുറത്തുചാടുക എന്നാണ് ഭാഷാര്‍ഥം. ശരീഅത്തിന്റെ പരിധികള്‍ ചാടിക്കടന്ന് ദൈവാനുസരണത്തില്‍നിന്ന് പുറത്തുകടക്കുക എന്ന് സാങ്കേതികാര്‍ഥം. 'നാഫിഖാഅ്' എന്നാല്‍ പെരുച്ചാഴി. 'മുനാഫിഖ്' എന്നാല്‍ ഇസ്‌ലാമിക ശരീഅത്തില്‍ ഒരു വഴിക്ക് കടന്നുകയറിയ ശേഷം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുന്നവന്‍; പെരിച്ചാഴിയുടെ അതേ സ്വഭാവം.
ഇസ്‌ലാം എന്ന പദത്തിന്റെ വികാസം
സീന്‍, ലാമ്, മീമ് എന്നീ അക്ഷരങ്ങളില്‍ നിന്ന് നിഷ്പന്നമായ സലാം എന്ന പദത്തിന്റെ ആശയം, തര്‍ക്കത്തിലും സംഘട്ടനത്തിലുമേര്‍പ്പെടാതെ സമരസപ്പെടുക എന്നത്രെ (മുസാലമഃ ഃ ഹര്‍ബ്, ഖിസ്വാം). നബിയുടെ മുമ്പുളള കാലത്തെ 'ജാഹിലിയ്യ' എന്ന് വിശേഷിപ്പിച്ചതിന്റെ കാരണം 'വഇബാദുര്‍റഹ്മാന്‍' എന്ന സൂക്തത്തിലെ 'ഖാലൂ സലാമാ' എന്നതിലെ 'സലാമി'ല്‍ നിന്ന് മനസ്സിലാക്കാം. ജാഹിലിയ്യ എന്ന പദം അജ്ഞത എന്ന അര്‍ഥത്തിലുള്ള 'ജഹ്‌ലി'ല്‍ നിന്ന് നിഷ്പന്നമായതല്ല. പ്രത്യുത അഹങ്കാരം, ദേഷ്യം മുതലായ പ്രതിലോമ വികാരങ്ങള്‍ ഒരു വ്യക്തിയില്‍ ഉണ്ടാക്കുന്ന ജഹ്ല്‍ (അവിവേകം) എന്നതില്‍ നിന്ന് നിഷ്പന്നമായതാണ്. 'നീ ജാഹിലിയ്യത്തുള്ളയാളാണ്' എന്ന നബി(സ)യുടെ പരാമര്‍ശം ഉദാഹരണം. ജാഹിലിയ്യ വികാരത്തിന്റെ നേര്‍ വിപരീതമായ മനഃശാന്തിയും വിനയവും സല്‍ക്കര്‍മവും സമാധാന വികാരങ്ങളാണ്. 'ഖാലൂ സലാമാ' എന്ന സൂക്തം വിവരിച്ചുകൊണ്ട് ഇമാം ത്വബരി എഴുതുന്നു: ''ഭൂമിയിലൂടെ വിവേകത്തോടെ നടക്കുന്നവരാണ് അല്ലാഹുവിന്റെ ദാസന്മാര്‍. തങ്ങളോട് അവിവേകം ചെയ്തവരോട് അവര്‍ അവിവേകം ചെയ്യില്ല.''
പിന്നീട് 'സലാമി'ല്‍ നിന്ന് നിഷ്പന്നമായ 'അസ്‌ലമ' എന്നതിന് വിധേയപ്പെടുക, കീഴ്‌പ്പെടുക എന്ന അര്‍ഥം കൈവന്നു. 'വ അസ്‌ലിമൂ ലഹു', 'അസ്‌ലംത്തു വജ്ഹിയ ലില്ലാഹി' എന്നീ സൂക്ത ഭാഗങ്ങള്‍ ഈ വിവക്ഷയാണുള്‍ക്കൊള്ളുന്നത്. 'അസ്‌ലമ' (കീഴ്‌പ്പെട്ടു, വിധേയമായി) എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ സത്യവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കും ഒരുപോലെ ഇതുപയോഗിച്ചിട്ടുണ്ട്. ധിക്കരിക്കാന്‍ കഴിയാത്തവിധം, മുസ്‌ലിം-അമുസ്‌ലിം വ്യത്യാസമില്ലാതെ എല്ലാവരും അല്ലാഹുവിന്റെ പ്രകൃതി നിശ്ചയത്തിന് വിധേയരാണെന്നര്‍ഥം. ''ആകാശ ഭൂമികളിലുള്ളവരൊക്കെയും സ്വമേധയായോ നിര്‍ബന്ധിതമായോ അല്ലാഹുവിന് കീഴ്‌പ്പെട്ടിരിക്കുന്നു'' (ഖുര്‍ആന്‍). ഈ അര്‍ഥ പ്രകാരം ആകാശഭൂമികളിലുള്ളവരൊക്കെയും മുസ്‌ലിംകളാണ്.
പിന്നീട്, 'അസ്‌ലമ' എന്നതിന്റെ അര്‍ഥം സ്വമേധയാ അല്ലാഹുവിന് അര്‍പ്പിച്ച ആളുകള്‍ക്ക് മാത്രം ഉപയോഗിച്ചുപോന്നു. അല്ലാഹുവിനുള്ള പ്രകൃതിപരവും അനിഛാപരവുമായ വിധേയത്വവും ബോധപൂര്‍വമായ അനുസരണവും ഒരേപോലെ സമ്മേളിച്ചവരാണ് മുസ്‌ലിംകള്‍. അതതുകാലത്തെ നബിമാരെ അനുസരിച്ച് ജീവിച്ചവര്‍ അതതു കാലത്തെ മുസ്‌ലിംകള്‍ എന്നു വിളിക്കപ്പെട്ടു (യൂനുസ് 72, അല്‍ബഖറ 132, 133, യൂസുഫ് 101, യൂനുസ് 84,90, അന്നംല് 44, അല്‍മാഇദ 111 കാണുക). ഏറ്റവും ഒടുവിലായി, 'മുസ്‌ലിം' എന്നത് മുഹമ്മദ് നബിയില്‍ വിശ്വസിച്ചവര്‍ക്ക് മാത്രമായി പരിമിതപ്പെട്ടു.
വ്യക്തികള്‍ക്കെന്ന പോലെ സമൂഹങ്ങള്‍ക്കും മരണമുണ്ട് (അല്‍ അഅ്‌റാഫ് 34). വ്യക്തികള്‍ക്കെന്ന പോലെ സമൂഹങ്ങള്‍ക്കും ആരോഗ്യം, രോഗം, മരണം എന്നീ അവസ്ഥകളുണ്ട്. നബി(സ) പറയുന്നു: ''തീര്‍ച്ചയായും എല്ലാ സമുദായങ്ങള്‍ക്കും ഒരു അവധിയുണ്ട്. എന്റെ സമുദായത്തിന്റെ ആയുസ്സ് നൂറു വര്‍ഷമാണ്. എന്റെ സമുദായത്തിന് നൂറു കഴിഞ്ഞാല്‍ അതിന് അല്ലാഹു വാഗ്ദാനം ചെയ്തത് സംഭവിച്ചുകഴിഞ്ഞിരിക്കും'' (അഹ്മദ്).
എ. ആരോഗ്യഘട്ടം: ഈ ഘട്ടത്തില്‍ സമൂഹത്തിലെ എല്ലാ വ്യക്തികളുടെയും ശ്രദ്ധയും ശ്രമവും ആദര്‍ശകേന്ദ്രീകൃതമായിരിക്കും. ബി. രോഗഘട്ടം. ഈ ഘട്ടത്തില്‍ ആദര്‍ശത്തിനു പകരം വ്യക്തികള്‍, കുടുംബം, പാര്‍ട്ടി മുതലായ ഉപവിഷയങ്ങളില്‍ കേന്ദ്രീകരിക്കും. സി. മരണഘട്ടം. ആദര്‍ശം കൈയൊഴിഞ്ഞ് ഭൗതികതയില്‍ അഭിരമിക്കുമ്പോഴാണ് സമൂഹം നശിക്കുക.
ആദര്‍ശ കേന്ദ്രീകൃത സമൂഹത്തിന് ആദര്‍ശം പോലെത്തന്നെ പ്രധാനമാണ് തങ്ങളുടെ സ്വത്വത്തെ പ്രകാശിപ്പിക്കുന്ന പദാവലികളും. പദാവലികളില്‍ നിന്നുള്ള പിന്‍മാറ്റവും പദാവലികളുടെ ആശയശോഷണവും ഒരേപോലെ മരണസമാനമാണ്.
സ്രോതസ്സുകള്‍ പരിഗണിക്കുമ്പോള്‍ ഭാഷകള്‍ രണ്ടു തരമാണ്. ഒന്ന്: അറിവിന്റെ ഒന്നാം ഇനമായ, ദൈവദൂതന്മാര്‍ കൈമാറ്റം ചെയ്യുന്ന ദൈവിക ജ്ഞാനങ്ങളുടെ ഭാഷ. രണ്ട്: പണ്ഡിതന്മാരും ശാസ്ത്രജ്ഞരും തങ്ങളുടെ വിജ്ഞാനീയങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഭാഷ.
ദൈവിക ഭാഷ സ്ഥല-കാല സമ്മര്‍ദങ്ങള്‍ക്ക് വിധേയമല്ല. സാര്‍വകാലികവും സാര്‍വലൗകികവുമായ മനുഷ്യരാണ് അതിന്റെ ലക്ഷ്യം. മനുഷ്യ ജീവിതത്തിന് നിത്യ നൂതനത്വവും സജീവതയും പ്രദാനം ചെയ്യുകയാണ് അതിന്റെ ധര്‍മം. അദൃശ്യലോകത്ത് നിന്ന് ഉറവെടുത്ത് ദൂതന്മാരിലൂടെ ഒഴുകിവരുന്ന ദൈവികഭാഷയും അതിലെ പദങ്ങളും അദൈവിക പദങ്ങളെപ്പോലെ ഗൗരവരഹിതമായി കൈകാര്യം ചെയ്യപ്പെടാവതല്ല. ഇസ്‌ലാമിലെ സാങ്കേതിക ശബ്ദങ്ങള്‍ സവിശേഷ പഠനമര്‍ഹിക്കുന്നു എന്ന് സാരം.
അവലംബം:
1. അല്‍ മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍, അര്‍റാഗിബുല്‍ അസ്വ്ഫഹാനി
2. ഫജ്‌റുല്‍ ഇസ്‌ലാം, അഹ്മദ് അമീന്‍
3. അല്‍ ഉമ്മത്തുല്‍ മുസ്‌ലിമഃ, ഡോ. മാജിദ് അര്‍സാന്‍ കീലാനി
Comments