മഹല്ലുകള്‍ 'കൃഷി ബക്കറ്റ് ചലഞ്ചിനു' തയാറുണ്ടോ?
ആധുനിക സൗകര്യങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ മനുഷ്യന്‍ അവനറിയാത്ത വിധം ഉപഭോഗസംസ്‌കാരത്തിന് അടിപ്പെട്ടിരിക്കുന്നു.
എളുപ്പത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ പൂര്‍ത്തീകരിക്കാം എന്നാണ് വിപണി മനുഷ്യനെ അടിമയാക്കിയ ശേഷം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്‍ എന്ത് ഭക്ഷിക്കണം, എന്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നതും വിപണിയാണ്. മനുഷ്യ ചിന്തയെ തങ്ങള്‍ക്കനുകൂലമായി രൂപപ്പെടുത്തുന്ന പരസ്യങ്ങളും സിനിമകളും ടെലിവിഷന്‍ പരിപാടികളുമാണ് നമ്മളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ട്രോളികളില്‍ നിറയെ സാധനങ്ങള്‍ നിറച്ചു മാര്‍ക്കറ്റില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചു പോകുന്ന യന്ത്രങ്ങള്‍ മാത്രമായി മനുഷ്യന്‍ ചുരുങ്ങിയിരിക്കുന്നു. ഉല്‍പന്നങ്ങളെ കുറിച്ച യഥാര്‍ഥ വസ്തുത മറച്ചു വെച്ചു കൊണ്ടു അസത്യങ്ങള്‍ സത്യമായി പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതും, അവയൊക്കെ കണ്ണടച്ചു ആസ്വദിക്കുന്നതും ദിനചര്യയെന്നപോലെ സമൂഹം പരിചയപ്പെട്ടിരിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയാത്ത വിധം എല്ലാം സര്‍വസാധാരണമായ ഒരു സാഹചര്യത്തിലാണ് ഇസ്‌ലാമിക സമൂഹം പോലും! തന്റെ സമൂഹത്തില്‍ ധനം കുന്നുകൂടുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രവാചക വചനത്തെ ഇന്നത്തെ സാഹചര്യവുമായി തുലനം ചെയ്യുമ്പോള്‍ ദുരന്തം വ്യക്തമാണ്. നന്മയും തിന്മയും വ്യക്തമാകാത്ത വിധം അന്ധത ബാധിച്ച വെറും ഉപഭോക്താക്കള്‍ മാത്രമായി മാറിയിരിക്കുന്നു ഇസ്‌ലാമിക സമൂഹം.
മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റും വിധം എന്തിനും ഏതിനും ചലഞ്ചുകളുടെ കാലമാണിത്. ഇവിടെ മഹല്ലുകളിലെ കുടുംബങ്ങളെ കൃഷി ബക്കറ്റ് ചലഞ്ചിനു പ്രേരിപ്പിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോം മഹല്ല് സംവിധാനങ്ങള്‍ക്ക് ക്രിയാത്മകമായി ഒരുക്കൂട്ടാന്‍ കഴിയും.
കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് കാര്‍ഷിക മേഖലയിലും ഇസ്‌ലാമിക അധ്യാപനങ്ങളെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന നവീന ആശയങ്ങളെ പരിചയപ്പെടുത്താന്‍ മഹല്ലുകള്‍ ഇടപെടേണ്ടതുണ്ട്. പുതു തലമുറക്ക് കൃഷി ഒരു കലയായി പരിചയപ്പെടുത്തുന്നതിലൂടെയും കാര്‍ഷിക ചിന്തകള്‍ സജീവമാക്കുന്നതിലൂടെയും, അശ്ലീലവത്കരിക്കപ്പെടുന്ന മനസ്സുകളെ നേരായ ദിശയിലേക്കു നയിക്കാന്‍ കഴിയും.
'ഒരു മനുഷ്യന്‍ ഒരു സസ്യം നടുകയും ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹമാകുന്ന കര്‍മമായി സ്രഷ്ടാവ് പരിഗണിക്കും' എന്ന് പ്രവാചകന്‍ സമൂഹത്തെ ഉണര്‍ത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചിട്ടും ഇന്നത്തെ ഇസ്‌ലാമിക സമൂഹം കാര്‍ഷിക രംഗത്ത് വളരെ പിറകിലാണ്. അംബര ചുംബികളായ മിനാരങ്ങള്‍ കെട്ടിയുയര്‍ത്തുന്നതില്‍ മത്സരിക്കുന്ന മത നേതൃത്വങ്ങളുടെ അനുയായികളായി സമൂഹം മാറിയിരിക്കുന്നു. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍, അതിന് പരിഹാരമായി ഹൈബ്രിഡ് വിത്തുകള്‍ കൃഷിക്ക് ഉപയോഗിച്ച് കുത്തകകള്‍ ജൈവ കൃഷിയെ വിസ്മൃതിയിലാക്കുകയാണ്.
ഇനിയെങ്കിലും കാര്യങ്ങള്‍ മാറേണ്ടതുണ്ട്. സമൂഹം ചിന്തിക്കേണ്ടതുണ്ട്. തരിശായി കിടക്കുന്ന കൃഷി ഭൂമികള്‍ പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് കൊടുത്ത ഉമറി(റ)ന്റെ പാതയെ മാതൃകയാക്കേണ്ടതുണ്ട്. മഹല്ലുകളിലൂടെ കാര്‍ഷിക രംഗത്തെ ഇസ്‌ലാമിക ഇടപെടല്‍ ഗൗരവമായിത്തന്നെ നടത്തേണ്ടതുണ്ട്. വിശ്വാസികളെ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും ആരോഗ്യകരമായ കൃഷി രീതിയെ കുറിച്ചും പരിചയപ്പെടുത്തേണ്ടതുണ്ട്. നിര്‍ജീവമായി കിടക്കുന്ന ഭൂമിയെ കിളച്ചു മറിച്ച് അല്ലാഹുവിന്റെ ദൃഷ്ടാന്തമായ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതുണ്ട്. അതിനായി മഹല്ലു സംവിധാനങ്ങള്‍ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയും!
'കൃഷി ബക്കറ്റ് ചലഞ്ച്'
മഹല്ല് കുടുംബങ്ങള്‍ തങ്ങളുടെ കൈവശമുള്ള സ്ഥലത്ത് കൃഷി ചെയ്യുക, കൃഷി ചെയ്യാന്‍ പോകുന്നതിനു മുമ്പ് മഹല്ല് നിയോഗിച്ച വ്യക്തികളുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ അടുത്തയാളെ ചലഞ്ച് ചെയ്യുക. ഏറ്റെടുക്കാത്തവര്‍ മഹല്ല് നിശ്ചയിച്ച ഒരു തുക കൃഷി ചെയ്യുന്ന ആള്‍ക്ക് നല്‍കുക, അങ്ങനെ കാര്‍ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന വേദികളും അനുയോജ്യമായ രീതികളും അവലംബിക്കുക.
നിര്‍ദേശങ്ങള്‍
മഹല്ലുകളില്‍ കൃഷിത്തൊഴില്‍ മേഖലയില്‍ സമൂഹത്തെ സജീവമാക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു സഹകരണസംഘം രൂപീകരിക്കുക.
കൃഷിക്ക് ഇസ്‌ലാമിലുള്ള പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക
ഖുത്വ്ബകളില്‍ ആരാധനയും കൃഷിയും തമ്മിലുള്ള ബന്ധത്തെ വിഷയമാക്കുക.
ജൈവ കൃഷിയെ ഇസ്‌ലാമിക മാനത്തില്‍ പ്രോത്സാഹിപ്പിക്കുക.
വീട്ടു വളപ്പില്‍ ചെയ്യാന്‍ കഴിയുന്ന കൃഷികളെ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
മൂന്നു മാസം കൂടുമ്പോള്‍ അംഗങ്ങള്‍ യോഗം കൂടി തങ്ങളുടെ പുരോഗതിയെ/പ്രതിസന്ധികളെ കുറിച്ച് പരസ്പരം ഷെയര്‍ ചെയ്യുക.
രൂപമാറ്റം ചെയ്ത ഹൈബ്രിഡ് വിത്തുകളെ ബഹിഷ്‌ക്കരിക്കുക, പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തുന്ന വിത്തുകളെ സംരക്ഷിച്ചു അവ ഉപയോഗിച്ച് കൃഷി വ്യാപകമാക്കുക.
മഹല്ലുകളില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തുകയും തരിശായി കിടക്കുന്ന ഭൂമി കൃഷിക്കായി നല്‍കാന്‍ തയ്യാറുള്ളവരെയും ഇന്‍വെസ്റ്റ് ചെയ്യാന്‍ തയാറാകുന്നവരെയും ബന്ധപ്പെടുത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
മഹല്ലുകളില്‍ കൃഷി വകുപ്പുമായി ബന്ധപ്പെടുത്തി ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിത്തുകള്‍ വിപണനം ചെയ്യുക.
രണ്ടോ മൂന്നോ പേരെ ജൈവ കൃഷി സാങ്കേതിക പരിശീലനത്തിന് തെരഞ്ഞെടുത്ത് അവരുടെ കഴിവുകള്‍ മഹല്ലിലെ കൃഷി ശാസ്ത്രീയമാക്കുന്നതിന് ഉപയോഗപ്പെടുത്തുക.
സ്ത്രീകള്‍ക്ക് ഒഴിവു സമയം ചെയ്യാന്‍ കഴിയുന്ന ക്രാഫ്ടുകളും കൃഷിയും നാടന്‍ കോഴി, വളര്‍ത്തു മൃഗ പരിശീലനവും, അവ വീടുകള്‍ തോറും നല്‍കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തുക.
മഹല്ലിന്റെ കീഴില്‍ നാടന്‍ ഉല്‍പന്ന മേളകള്‍ സംഘടിപ്പിച്ച് സമൂഹത്തെ കൃഷിതല്‍പരമാക്കുകയും കാര്‍ഷിക രംഗം കൂടുതല്‍ സജീവമാക്കുകയും ചെയ്യുക.
യുവതലമുറക്ക് കാര്‍ഷിക ക്ലാസുകള്‍ നല്‍കുക. കാര്‍ഷികരംഗത്തും തങ്ങളുടെ കഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരങ്ങളും അവര്‍ക്ക് നല്‍കുക.
പാടം (കൃഷിഭൂമി) നികത്തുന്നവരെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക.
കൃഷിക്കനുയോജ്യമായ സസ്യങ്ങളും അവ വളരുന്നതിനുള്ള സാഹചര്യങ്ങളും കൃത്യമായ അനുപാതത്തില്‍ പ്രകൃതിയില്‍ നിക്ഷിപ്തമായിട്ടുണ്ട്. കൃഷി ചെയ്യാതെ ഭൂമിയെ നിഷ്‌ക്രിയമാക്കി കൈവശം വെക്കുന്നവര്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ മനപ്പൂര്‍വം തനിക്കും സമൂഹത്തിനും സ്വയം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഒരു തുള്ളി ജലത്തിന്റെ സാധ്യതയെ അന്യഗ്രഹത്തില്‍ അന്വേഷിക്കുന്ന ഈ കാലഘട്ടത്തില്‍ തങ്ങള്‍ക്കു ചുറ്റുമുള്ള സ്രഷ്ടാവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളെ വിശ്വാസികള്‍ കണ്ണ് തുറന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇനിയെങ്കിലും വ്യാജവും പ്രതിലോമപരവുമായ ജല്‍പ്പനങ്ങള്‍ക്കും അജണ്ടകള്‍ക്കും അടിപ്പെടാതെ പണ്ഡിതര്‍ സമൂഹത്തെ ശരിയായ കര്‍മമേഖലകളിലേക്ക് നയിക്കേണ്ടതുണ്ട്.
Comments