പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇര
ഗുലാം അഅ്‌സം (1922-2014)
''തടവോ പീഡനമോ മരണമോ ഒന്നിനെക്കുറിച്ചും എനിക്ക് ഭയമില്ല. മരണം തീര്‍ച്ചയാണ്. ആര്‍ക്കും അതില്‍ നിന്ന് ഓടിയൊളിക്കാന്‍ സാധ്യമല്ല. എന്നെങ്കിലുമൊരുനാള്‍ എല്ലാവര്‍ക്കും ഈ ലോകത്തോട് യാത്ര പറയേണ്ടിവരും. അല്ലാഹുവിലും പരലോകത്തിലും വിധിയിലും ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍. ദൈവേഛക്ക് വിപരീതമായി ഈ ലോകത്ത് ഒന്നും സംഭവിക്കുകയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ദൈവം തന്റെ അടിയാറുകളില്‍ നടത്തുന്ന ഏതു വിധിയുടെയും പിന്നില്‍ എന്തെങ്കിലും യുക്തി ഉണ്ടാകാതിരിക്കില്ല. അതിനാല്‍ മരണത്തെക്കുറിച്ച് യാതൊരു വേവലാതിയും എനിക്കില്ല. ഞാന്‍ എന്നും ബഹുജന താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത് എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരിക്കലും ജന താല്‍പര്യങ്ങള്‍ക്കെതിരായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. വിധി നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്ന് കോടതി നടപടികളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇപ്പോള്‍ വ്യാജാരോപണങ്ങളിലൂടെ അതിന് അനുകൂലമായൊരു അന്തരീക്ഷം ഒരുക്കുകയാണെന്ന് മാത്രം. 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതകാലത്ത് ഈ രാജ്യത്ത് ഒരുപാട് സഞ്ചരിച്ചിട്ടുള്ളവനാണ് ഞാന്‍. ജനങ്ങള്‍ക്കിടയിലാണ് എന്റെ ജീവിതം. അതിനാല്‍ ഭരണകൂടം എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ബഹുജനങ്ങള്‍ വിശ്വസിക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്. ഇക്കൂട്ടര്‍ ആഗ്രഹിക്കും പോലെ എന്നെ തൂക്കിലേറ്റുകയാണെങ്കില്‍ പോലും നമ്മുടെ ജനത എന്നെ ദൈവമാര്‍ഗത്തിലെ ഒരു ഭടനായാണ് കരുതുക. ജനസേവനത്തിന് ഈ ലോകത്ത് ഒരിക്കലും ഞാന്‍ പ്രതിഫലം തേടിയിട്ടില്ല. തേടുകയുമില്ല. എനിക്ക് എന്റെ അല്ലാഹു മാത്രം മതി. ഈ രാജ്യത്തെയും ഇവിടത്തെ ജനങ്ങളെയും അല്ലാഹു രക്ഷിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ഥന. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യവും സുസ്ഥിരതയും സ്വയം നിര്‍ണയാവകാശവും അവന്‍ കാത്തു രക്ഷിക്കട്ടെ. എന്റെ സല്‍കൃത്യങ്ങള്‍ സ്വീകരിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്ന് പ്രിയപ്പെട്ട എന്റെ നാട്ടുകാരോട് ഞാന്‍ അപേക്ഷിക്കുകയാണ്. തെറ്റുകള്‍ പൊറുത്തുതന്ന് പരലോകത്ത് വിജയം നല്‍കാന്‍ നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തും ഞാന്‍ ഇപ്പോള്‍ ഇല്ല. അതിനാല്‍ എന്റെ ഈ പ്രസ്താവന തികച്ചും വ്യക്തിപരമാണ്. അതിന് ജമാഅത്തുമായി യാതൊരു ബന്ധവുമില്ല.''
ജീവപര്യന്തം തടവിലിരിക്കെ ഒക്‌ടോബര്‍ 24-ന് നിര്യാതനായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ പ്രഫ. ഗുലാം അഅ്‌സം, 2012 ജനുവരി 11-ന് ധാക്കയിലെ 'ഇന്റര്‍നാഷ്‌നല്‍ ക്രിമിനല്‍ ട്രൈബ്യൂണല്‍' എന്ന പ്രഹസന വേദി ജാമ്യാപേക്ഷ തള്ളി തടവിലിടുന്നതിന് മുമ്പ് ജനങ്ങളുടെ അറിവിനായി എഴുതിത്തയാറാക്കി പ്രസിദ്ധീകരണത്തിന് നല്‍കിയ സുദീര്‍ഘമായ പ്രസ്താവനയുടെ സമാപന ഭാഗമാണ് മുകളിലുദ്ധരിച്ചത്. മുന്‍കൂട്ടി തയാറാക്കിയ ഈ പ്രസ്താവന, അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ പത്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കണമെന്ന് പറഞ്ഞുകൊണ്ട്, ട്രൈബ്യൂണലിന് മുമ്പാകെ ഹാജരാകുന്നതിന് മുന്നേ തന്റെ പ്രത്യേക സഹായി നസ്മുല്‍ ഹഖിനെ ഏല്‍പിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഭരണകൂടം കെട്ടിച്ചമച്ച ആരോപണങ്ങളുടെ നിജസ്ഥിതി ബംഗ്ലാദേശിന്റെ ചരിത്ര പശ്ചാത്തലത്തില്‍ പ്രസ്താവന ശരിക്കും തുറന്നു കാട്ടുന്നുണ്ട്.
നിരവധി രോഗങ്ങളാല്‍ അവശനായ ഗുലാം അഅ്‌സം ഒരു വര്‍ഷമായി തടവില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശൈഖ് മുജീബുര്‍റഹ്മാന്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് നീക്കം ചെയ്യപ്പെട്ട അഅ്‌സം മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ താജുല്‍ ഇസ്‌ലാം ആരോപിക്കുകയുണ്ടായി. ട്രൈബ്യൂണല്‍ വിധിക്കെതിരെയുള്ള അദ്ദേഹത്തിന്റെ അപ്പീല്‍ വിചാരണക്ക് വരുന്നതിന് മുമ്പായിരുന്നു മരണം.
'മനുഷ്യത്വത്തിനെതിരെയുള്ള യുദ്ധക്കുറ്റ'ങ്ങള്‍ക്കാണ് പ്രഫ. ഗുലാം അഅ്‌സമിന് ട്രൈബ്യൂണല്‍ 90 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഫദ്ല്‍ കബീര്‍, ജഹാന്‍ ഗീര്‍ ഹസന്‍, അന്‍വാറുല്‍ ഹസന്‍ എന്നിവരടങ്ങുന്ന ട്രൈബ്യൂണലിന്റെ വിധി എത്രമാത്രം മനുഷ്യത്വരഹിതവും രാക്ഷസീയവുമാണെന്ന് ന്യായാധിപന്മാരുടെ ഉദീരണങ്ങള്‍ തന്നെ തെളിയിക്കുന്നു. ''91 വയസ്സുള്ള പ്രഫ. ഗുലാം അഅ്‌സമിന് വധശിക്ഷ തന്നെയാണ് കൊടുക്കേണ്ടിയിരുന്നത്. അനാരോഗ്യവും പ്രായവും പരിഗണിച്ച് 90 വര്‍ഷത്തെ തടവ് വിധിക്കുന്നു. തുടര്‍ച്ചയായി അത്രയും കാലം അല്ലെങ്കില്‍ മരണം വരെ തടവില്‍ കഴിയണം.'' എന്തൊരു ദയ! 90 വര്‍ഷം കൂടി തങ്ങളുടെ ഇരക്ക് ആയുസ്സ് നീട്ടിക്കിട്ടിയെങ്കില്‍ എന്നാണ് കങ്കാരു കോടതിയുടെ രക്തദാഹം. ഹൃദ്രോഗിയായ ഗുലാം അഅ്‌സമിന് വീല്‍ചെയറില്‍ പരസഹായം കൂടാതെ ചലിക്കാന്‍ കഴിയില്ല. ഇടത് കാലിനും വലത് കാല്‍മുട്ടിനും ശമനമില്ലാത്ത വേദന. വേദന നിയന്ത്രിക്കണമെങ്കില്‍ ദിവസവും എക്‌സര്‍സൈസ് ചെയ്യണം. അതിന് പരസഹായം അത്യാവശ്യമാണ്. വലത് കൈ താങ്ങ് വടിയിലൂന്നിയും ഇടത് കൈ ഒരാളുടെ തോളിലിട്ടുമാണ് അദ്ദേഹം പള്ളിയില്‍ പോകാറുണ്ടായിരുന്നത്. ബ്ലഡ് പ്രഷര്‍ മുതല്‍ പ്രായത്തിന്റെ നൂറുകൂട്ടം രോഗങ്ങള്‍ വേറെയും. ഇതിനൊക്കെ കൃത്യമായി മരുന്ന് കഴിക്കേണ്ടതുണ്ട്. എന്നിട്ടും ഭരണകൂടം അദ്ദേഹത്തിന് വിചാരണകാലത്ത് ജാമ്യം അനുവദിച്ചില്ല. പ്രസ്താവനയില്‍ ഇതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് കാണുക: ''ഇതിന് മുമ്പും ഞാന്‍ നാലു തവണ ജയിലില്‍ പോയിട്ടുണ്ട്. ജയിലും മരണവുമൊന്നും എന്നെ ബേജാറാക്കുന്നില്ല. അല്ലാഹുവിന് സ്തുതി. അവനെയല്ലാതെ എനിക്ക് ആരെയും ഭയമില്ല. രക്തസാക്ഷിയാകാനുള്ള ആഗ്രഹത്തോടെ തന്നെയാണ് ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. ഈ കള്ളക്കേസില്‍ എന്നെ കഴുവേറ്റുകയാണെങ്കില്‍ എനിക്ക് രക്തസാക്ഷിയാകാനുള്ള ഭാഗ്യമുണ്ടാകും. പ്രായത്തിന്റെയും രോഗങ്ങളുടെയും അവശതയില്‍ എങ്ങനെ ജയിലില്‍ കഴിയുമെന്നത് ഞാന്‍ അല്ലാഹുവിന് വിട്ടുകൊടുക്കുന്നു. 11 വര്‍ഷം മുമ്പ് അതായത് രണ്ടായിരമാണ്ടില്‍ ഞാന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ സ്ഥാനത്ത് നിന്ന് സ്വയം വിരമിച്ച ശേഷം ഒരിക്കലും യാതൊരു രാഷ്ട്രീയ പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്കറിയാവുന്നതാണ്. പക്ഷേ, എനിക്കെതിരെ മാധ്യമങ്ങളിലൂടെ ഭരണകൂടം കള്ളപ്രചാരണം നടത്തുന്നത് കാണുമ്പോള്‍ സത്യാവസ്ഥയെക്കുറിച്ച് ചിലത് പറയേണ്ടിവന്നിരിക്കുകയാണ്.'' അങ്ങനെയാണ് അറസ്റ്റിന് മുമ്പ് മുന്‍ചൊന്ന പ്രസ്താവന അദ്ദേഹം പ്രസിദ്ധീകരണത്തിന് നല്‍കിയത്.
മരിക്കുന്നതിന് മുമ്പ് രോഗം മൂര്‍ഛിച്ചപ്പോള്‍ പോലും ഒരു തവണയെങ്കിലും കുടുംബത്തോടൊത്ത് കഴിയാന്‍ അദ്ദേഹത്തിന് പരോള്‍ അനുവദിച്ചില്ല. സഹോദരന്‍ മരിച്ചപ്പോള്‍ ജനാസ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സമ്മതം നല്‍കിയില്ല. അറസ്റ്റിന് മുമ്പ് മകന്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അഅ്‌സമിനെ യാതൊരു കാരണവും കാണിക്കാതെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു. 2013 ജൂലൈ 15-ന് ട്രൈബ്യൂണല്‍ ശിക്ഷ വിധിച്ചപ്പോള്‍ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് പാര്‍ലമെന്റില്‍ ചെയ്ത പ്രസ്താവനയില്‍ പറഞ്ഞത് ഇങ്ങനെയാണ്: ''ഗുലാം അഅ്‌സമിന് ശിക്ഷ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ഭരണകാലയളവില്‍ തന്നെ ശിക്ഷ നടപ്പിലാക്കണമെന്നാണ് ആഗ്രഹം. ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ സമ്മര്‍ദങ്ങളെയും തള്ളിക്കളഞ്ഞ ന്യായാധിപന്മാരുടെ ധീരതയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത് നമ്മുടെ ഏറ്റവും വലിയൊരു ദേശീയ വിജയമാണ്.''
ട്രൈബ്യൂണല്‍ ദേശീയവും അന്തര്‍ദേശീയവുമായ സമ്മര്‍ദങ്ങളെ തള്ളിക്കളഞ്ഞു എന്ന് സമ്മതിക്കുന്ന ഹസീന സ്വന്തം നഗ്നതതന്നെയാണ് യഥാര്‍ഥത്തില്‍ സ്വയം തുറന്ന് കാട്ടുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ നിയമജ്ഞരും നിയമവേദികളും മനുഷ്യാവകാശ സംഘടനകളുമെല്ലാം ട്രൈബ്യൂണല്‍ വിധിയുടെ നിയമപരവും ധാര്‍മികവുമായ സാധുതയെ ചോദ്യം ചെയ്തിരുന്നു. 2009 ഡിസംബര്‍ 29-ന് ഇന്റര്‍നാഷ്‌നല്‍ ബാര്‍ അസോസിയേഷന്‍ (ഐ.ബി.എ) ട്രൈബ്യൂണല്‍ രൂപീകരണത്തെ തന്നെ എതിര്‍ക്കുകയുണ്ടായി. 2010 മെയ് 19-ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷ്‌നല്‍ ലോ (എ.എസ്.ഐ.എല്‍) ബംഗ്ലാദേശ് ഗവണ്‍മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടു. 2011 മാര്‍ച്ച് 15-ന് ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സിഷനല്‍ ജസ്റ്റിസ് (ഐ.സി.ടി.ജെ) ട്രൈബ്യൂണലിനെ തള്ളിക്കളഞ്ഞു. 2011 മാര്‍ച്ച് 21-ന് അമേരിക്കന്‍ അംബാസഡര്‍ സ്റ്റീഫന്‍ ജെറാപ് 'യുദ്ധക്കുറ്റങ്ങളെ' ചോദ്യം ചെയ്തു. 2011 മെയ് 18-ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) മുഴുവന്‍ നടപടിക്രമങ്ങളെയും വിമര്‍ശിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. 2011 ജൂണ്‍ 21-ന് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ (എ.ഐ) ട്രൈബ്യൂണലിന്റെ നിയമസാധുതയില്‍ ചോദ്യമുയര്‍ത്തി. 2012 ഫെബ്രുവരി 2-ന് യു.എന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിറ്ററി ഡീറ്റന്‍ഷന്‍ (യു.എന്‍ ഡബ്ല്യുജിഎഡി) ട്രൈബ്യൂണല്‍ പ്രഹസനത്തിനെതിരെ റിപ്പോര്‍ട്ടിറക്കി. യൂറോപ്പ്, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അഭിഭാഷക സംഘടനകളൊക്കെ ട്രൈബ്യൂണല്‍ നടപടിക്രമങ്ങളെ പരിഹാസ്യമായി തള്ളിയത് ഇതിനുപുറമെയാണ്. കുറ്റാരോപിതര്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ ലണ്ടനില്‍ നിന്നും തുര്‍ക്കിയില്‍നിന്നുമുള്ള അഭിഭാഷകര്‍ സന്നദ്ധരായെങ്കിലും ഹസീന സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായില്ല. എന്നിട്ടും ട്രൈബ്യൂണല്‍ വിധിയെ ഹസീന വിശേഷിപ്പിക്കുന്നത് ദേശീയ വിജയം എന്നാണ്. ഉന്മാദ ദേശീയ വിഗ്രഹത്തിന് വേണ്ടിയുള്ള ഭരണകൂട ഭീകരതയുടെ കുരുതി പൂജയായിരുന്നു ട്രൈബ്യൂണല്‍ വിധി. 1922-ല്‍ കല്‍ക്കത്തയിലെ ബ്രിട്ടീഷ് കോടതിയില്‍ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ട മൗലാനാ അബുല്‍ കലാം ആസാദ് പറയുകയുണ്ടായി: ''നിയമ കോടതിയുടെ ഹാളുകളില്‍ ഗുരുതരമായ അനീതികളാണ് നടക്കുന്നത്.'' ബംഗ്ലാദേശ് ട്രൈബ്യൂണല്‍ ആവര്‍ത്തിച്ചിരിക്കുന്നതും അതുതന്നെയാണ്. രാഷ്ട്രത്തിനെതിരെ പ്രസംഗിച്ചു എന്ന സി.ഐ.ഡി റിപ്പോര്‍ട്ടായിരുന്നു ആസാദിന്റെ കേസിനാസ്പദം. എന്നിട്ടും ബ്രിട്ടീഷ് കോടതി രണ്ടു വര്‍ഷത്തെ തടവ് മാത്രമാണ് ആസാദിനെതിരെ വിധിച്ചത്; ബംഗ്ലാദേശ് ട്രൈബ്യൂണല്‍ 90 വര്‍ഷത്തെ തടവും. രണ്ടും തമ്മിലുള്ള അന്തരം നോക്കുക.
കിഴക്കന്‍ ബംഗാള്‍ മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പാകിസ്താനോട് ചേര്‍ത്തത് യഥാര്‍ഥത്തില്‍ ഭൂമിശാസ്ത്രപരമായി ഒത്ത് പൊരുത്തമില്ലാത്ത, ചരിത്രത്തിന്റെ ഒരു കൈ തെറ്റായിരുന്നു. പാകിസ്താന്‍ പ്രസ്ഥാനം നടക്കുമ്പോള്‍ സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ശൈഖ് മുജീബുര്‍റഹ്മാന്‍ മറ്റൊരു ബംഗാളിയായ ഹുസൈന്‍ സുഹ്‌റവര്‍ദിക്കൊപ്പം ജിന്നയുടെ ദ്വിരാഷ്ട്രവാദത്തിന് വേണ്ടി ജയ് ഭേരി മുഴക്കുകയായിരുന്നു. അതേ മുജീബ് പില്‍ക്കാലത്ത് ത്രിരാഷ്ട്രവാദിയായി മാറിയത് ചരിത്രത്തിന്റെ മറ്റൊരു വൈരുധ്യം!
ഏകീകൃത പാകിസ്താനിലും പിന്നീട് ബംഗ്ലാദേശിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് പ്രഫ. ഗുലാം അഅ്‌സമിന്റേത്. 1922-ല്‍ ധാക്കയിലെ ലക്ഷ്മി ബസാറിലാണ് അദ്ദേഹത്തിന്റെ ജനനം. ധാക്കയിലെ വിദ്യാലയങ്ങളില്‍ നിന്ന് മെട്രിക്കുലേഷനും ഇന്റര്‍മീഡിയറ്റും പാസ്സായ ശേഷം ധാക്ക യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എയും രാഷ്ട്ര മീമാംസയില്‍ മാസ്റ്റര്‍ ബിരുദവും നേടി. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കെ തന്നെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1947-ലും '49-ലും രണ്ടു തവണ ധാക്ക യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1948-ല്‍ ബംഗാളി ഭാഷ കൂടി പാകിസ്താന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുക മാത്രമല്ല, അന്നത്തെ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന് ആ വിഷയകമായി നേരിട്ട് മെമ്മോറാണ്ടവും സമര്‍പ്പിക്കുകയുണ്ടായി. ഇതേ ഭാഷാ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്തിന്റെ പേരില്‍ 1952-ലും 1955-ലും അദ്ദേഹത്തെ സര്‍ക്കാര്‍ ജയിലിലിട്ടിരുന്നു. 1954-ലാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുന്നത്.
1955 മുതല്‍ 1971 വരെ ഏകീകൃത പാകിസ്താനില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ നടന്ന എല്ലാ പ്രക്ഷോഭങ്ങളിലും ഗുലാം അഅ്‌സമിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. കോമ്പൗണ്ട് ഒപോസിഷന്‍ പാര്‍ട്ടീസ് (സി.ഒ.പി), പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം), ഡെമോക്രാറ്റിക് ആക്ഷന്‍ കമ്മിറ്റി (ഡി.എ.സി) എന്നിവയിലൊക്കെ സജീവമായിരുന്നു പ്രഫ. ഗുലാം അഅ്‌സം. അറസ്റ്റിന് മുമ്പ് പുറത്തിറക്കിയ പത്ര പ്രസ്താവനയില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ അനുസ്മരിക്കുന്നുണ്ട്: ''1970-ലെ പൊതു തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ ശൈഖ് മുജീബുര്‍റഹ്മാനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അഭിനന്ദിച്ചുകൊണ്ട് ഞാന്‍ സന്ദേശമയക്കുകയുണ്ടായി. ഒപ്പം തന്നെ, ജയിച്ച പാര്‍ട്ടിക്ക് താമസംവിനാ അധികാരം കൈമാറണമെന്ന് പാക് പ്രസിഡന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം 1971 മാര്‍ച്ചില്‍ അനിശ്ചിതത്വം ഉണ്ടായി. പാക് പ്രസിഡന്റുമായി മുജീബ് സംഭാഷണം നടത്തി. അന്ന് മുജീബിന്റെ അടുത്ത കൂട്ടുകാരനും പാര്‍ട്ടിയുടെ മുഖ്യ നേതാക്കളുമായ സയ്യിദ് നസ്‌റുല്‍ ഇസ്‌ലാം, അബ്ദുസ്സമദ് ആസാദ് എന്നിവരുമായി ഞാന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പാക് പ്രസിഡന്റുമായുള്ള സംഭാഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വിഘടനത്തെക്കുറിച്ച് പേടിക്കേണ്ടതില്ലെന്നുമാണ് അവര്‍ എന്നോട് പറഞ്ഞത്.അബ്ദുസ്സമദ് ആസാദുമായി മാര്‍ച്ച് 25-നും ഞാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പാകിസ്താനുമായുള്ള ബന്ധത്തില്‍ നിന്ന് ഒരിഞ്ചും പിന്‍വാങ്ങുന്ന പ്രശ്‌നമില്ലെന്ന് അപ്പോഴും അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. പക്ഷേ, അന്ന് രാത്രി തന്നെ ധാക്കയില്‍ സൈനിക ഓപ്പറേഷന്‍ നടന്നതോടെ യഹ്‌യാഖാന്‍-മുജീബ് സംഭാഷണം പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് വ്യക്തമായി. സൈനിക ഓപ്പറേഷന്റെ ഫലമായി അവാമി ലീഗ് എം.പിമാരും നേതാക്കളും വലിയ തോതില്‍ ഭാരതത്തില്‍ അഭയം തേടി. പക്ഷേ, ശൈഖ് മുജീബുര്‍റഹ്മാന്‍ ഭാരതത്തിലേക്ക് കടന്നുകളയാന്‍ ശ്രമിച്ചില്ല. പ്രത്യുത സ്വമേധയാ പാക് സേനക്ക് കീഴടങ്ങുകയാണുണ്ടായത്. വേണമെങ്കില്‍ എളുപ്പം അദ്ദേഹത്തിന് ഭാരതത്തിലേക്ക് പോകാമായിരുന്നു. പക്ഷേ, അദ്ദേഹം പോയില്ല. എന്തുകൊണ്ട് പോയില്ല? അതിന് ഇന്നേവരെ വ്യക്തമായൊരു ഉത്തരം ലഭ്യമായിട്ടില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ച അവാമി ലീഗ് എം.പിമാര്‍ ഭാരതത്തിലേക്ക് പോയതോടെ രാജ്യത്ത് ഒരു ശൂന്യത സംജാതമായി. ബഹുജനങ്ങളില്‍ നിരാശയും നിസ്സഹായതയും പ്രകടമായി. അവര്‍ പ്രശ്‌നങ്ങളുമായി ഞങ്ങളുടെ അടുത്തേക്ക് വരാന്‍ തുടങ്ങി. ചില ഇടതുപക്ഷ പാര്‍ട്ടികളും മുഴുവന്‍ വലതുപക്ഷ പാര്‍ട്ടികളും സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ നൂറുല്‍ അമീന്റെ വസതിയില്‍ സമ്മേളിച്ചു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം ജനറല്‍ ടിക്കാഖാനുമായി കൂടിക്കാഴ്ച നടത്തി സൈനിക നടപടി നിര്‍ത്തിവെക്കുന്നതിന് ആവശ്യപ്പെടാന്‍ തീരുമാനമായി. പി.ഡി.പിയില്‍ നിന്ന് നൂറുല്‍ അമീന്‍, ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് ഈയുള്ളവന്‍, നിസാമെ ഇസ്‌ലാം പാര്‍ട്ടിയില്‍ നിന്ന് മൗലവി ഫരീദ് അഹ്മദ്, മുസ്‌ലിം ലീഗില്‍ നിന്ന് ഖോജ ഖൈറുദ്ദീന്‍, കിസാന്‍ മസ്ദൂര്‍ അവാമി പാര്‍ട്ടിയില്‍നിന്ന് എസ്.എം സുലൈമാന്‍ എന്നിവരടങ്ങുന്ന ഒരു നിവേദക സംഘം ടിക്കാഖാനെ കണ്ട് സൈനിക ഓപ്പറേഷനില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു. ഇന്ന് ആ ഫോട്ടോ ആയുധമാക്കിക്കൊണ്ടാണ് അവാമി ലീഗ് എനിക്കെതിരെ പ്രോപഗണ്ട നടത്തുന്നത്. അങ്ങനെയാണെങ്കില്‍ ശൈഖ് മുജീബുര്‍റഹ്മാനും മൗലാനാ മൗദൂദിയും ഞാനും ഒന്നിച്ചുള്ള യോഗത്തിന്റെ ഫോട്ടോയുമുണ്ട്. അന്ന് മുജീബുമായി നടന്ന സംഭാഷണം എന്തായിരുന്നുവെന്ന് ഇവര്‍ക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം.''
യുദ്ധക്കുറ്റങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും പ്രസ്താവനയില്‍ ഗുലാം അഅ്‌സം വിസ്തരിച്ചു വ്യക്തമാക്കുന്നുണ്ട്: ''ശൈഖ് മുജീബുര്‍റഹ്മാന്‍ തന്നെ പരിഹരിച്ചുകഴിഞ്ഞ ഒരു പ്രശ്‌നമാണ് ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നത്. മുജീബ് ഭരണകൂടം നിശിതമായ പരിശോധനയിലൂടെ ഓഫീസര്‍മാരടക്കം 195 പാക് സൈനികരെ യുദ്ധക്കുറ്റവാളികളായി പ്രഖ്യാപിച്ചിരുന്നു. അവരെ വിചാരണ ചെയ്യാന്‍ 1973 ജൂലൈ 19-ന് പാര്‍ലമെന്റ് ഇന്റര്‍നാഷ്‌നല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ആക്ട് പാസ്സാക്കുകയും ചെയ്തു. ശൈഖ് മുജീബ് ഒരിക്കലും ഒരു സിവിലിയനെയും യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ബംഗ്ലാദേശ് പ്രസ്ഥാനത്തില്‍ ചേരാതെ പാക് സേനയെ പിന്തുണച്ചവരെ ഒറ്റുകാരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇവിടെ ഒരു കാര്യം പറയേണ്ടതുണ്ട്. 1971-ല്‍ പാക് സേന തങ്ങളെ സഹായിക്കാനായി പ്രാദേശിക വാസികളെ ഉള്‍പ്പെടുത്തി അല്‍ ബദ്ര്‍, അശ്ശംസ് തുടങ്ങി ചില സൈനിക സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. അന്നത്തെ ഗവണ്‍മെന്റിന്റെ സമ്മതത്തോടെ രൂപീകരിച്ച ഈ സംഘങ്ങളില്‍ ആളുകള്‍ സ്വമേധയായാണ് ചേര്‍ന്നിരുന്നത്. ഇവരെയും മുജീബ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നത് ഒറ്റുകാരുടെ ഗണത്തിലാണ്. അവരെ വിചാരണ ചെയ്യാന്‍ 1972 ജനുവരി 24-ാം 'കൊളാബറേറ്റേര്‍സ് ഓര്‍ഡര്‍' പുറത്തിറക്കുകയുണ്ടായി. 37471 പേര്‍ക്കെതിരെയായിരുന്നു ഈ കുറ്റം ചുമത്തിയിരുന്നത്. ഇവരില്‍ 34623 പേരെ തെളിവില്ലാത്തതിന്റെ പേരില്‍ വിചാരണ ചെയ്യാന്‍ സാധിച്ചില്ല. അവസാനം 2847 പേരെ വിചാരണക്ക് വിധേയരാക്കി. അവരില്‍ 752 പേരെ കുറ്റം തെളിയിക്കപ്പെട്ടതിന്റെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കുകയും അവശേഷിക്കുന്നവരെ വിട്ടയക്കുകയും ചെയ്തു. അതിനു ശേഷം 1973 നവംബറില്‍ ഗവണ്‍മെന്റ് പൊതുമാപ്പ് പ്രഖ്യാപിക്കുകയും തദ്ഫലമായി ശിക്ഷിക്കപ്പെട്ടവരെയും കൂടി വിട്ടയക്കുകയും ചെയ്തു. കൊലപാതകം, മാനഭംഗം, കൊള്ള, തീവെപ്പ് എന്നിവ നടത്തിയവരെ മാത്രമായിരുന്നു ഇതില്‍ നിന്നൊഴിവാക്കിയത്. പൊതുമാപ്പിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇവരുടെ വിചാരണ നടക്കാത്തതിനാല്‍ ഇവരും വിട്ടയക്കപ്പെടുകയായിരുന്നു.''
ഹസീന സര്‍ക്കാര്‍ എന്തുകൊണ്ട് ജമാഅത്തിനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്നതും പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട് ഗുലാം അഅ്‌സം. 1980 ദശകത്തില്‍ ജനറല്‍ ഇര്‍ശാദിനെതിരെ ജനാധിപത്യ സ്ഥാപന പ്രക്ഷോഭം ജമാഅത്തും അവാമി ലീഗും ഒന്നിച്ചാണ് നടത്തിയിരുന്നതെന്ന വസ്തുതയിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടുന്നു. 1992-'94 കാലത്ത് ഖാലിദ സിയയുടെ ബി.എന്‍.പി സര്‍ക്കാറിനെതിരെയും ജമാഅത്തിന്റെ സഹകരണത്തോടെ അവാമി ലീഗ് ഇടക്കാല ഗവണ്‍മെന്റ് രൂപവത്കരിക്കാന്‍ ശ്രമിക്കുകയുണ്ടായി. സുതാര്യമായ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയായിരുന്നു ഈ സഹകരണം. ചെറുകിട പാര്‍ട്ടികളും ഈ സഖ്യത്തില്‍ ചേരുകയുണ്ടായി. ഈ പാര്‍ട്ടികളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കൂടിയാലോചനാ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ജമാഅത്തിന്റെയും അവാമി ലീഗിന്റെയും നേതാക്കള്‍ ഇക്കാലത്ത് ഒന്നിച്ചു വേദി പങ്കിടുകയുണ്ടായി. അന്ന് അവാമി ലീഗില്‍ ആര്‍ക്കും യുദ്ധക്കുറ്റവാളികളുടെകൂടെയാണ് തങ്ങള്‍ ഇരിക്കുന്നതെന്ന് തോന്നുകയുണ്ടായില്ല. 1991-ലെ തെരഞ്ഞെടുപ്പില്‍ അവാമി ലീഗിനോ ബി.എന്‍.പിക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം കിട്ടാതെ വന്ന പശ്ചാത്തലത്തില്‍ സഹകരണം തേടി അവാമി ലീഗ് ജമാഅത്തിനെ സമീപിക്കുകയുണ്ടായി. അവാമി ലീഗിന്റെ മുതിര്‍ന്ന നേതാവ് അമീര്‍ ഹുസൈന്‍ ആമു ജമാഅത്ത് സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദിനോട് പ്രഫ. ഗുലാം അഅ്‌സമിനെ മന്ത്രിയാക്കാന്‍ തങ്ങള്‍ തയാറാണെന്ന് പോലും പറയുകയുണ്ടായി. ഇതിനു ശേഷം അവാമി ലീഗ് സ്ഥാനാര്‍ഥിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ജസ്റ്റിസ് ബദ്‌റുല്‍ ഹൈദര്‍ ചൗധരി ജമാഅത്തിന്റെ പിന്തുണ തേടി പ്രഫ. ഗുലാം അഅ്‌സമിനെ സമീപിച്ചതും ഇവിടെ സ്മരണീയമാണ്. അന്നൊന്നും അവാമി ലീഗിന്റെ ദൃഷ്ടിയില്‍ ഗുലാം അഅ്‌സമും അദ്ദേഹത്തിന്റെ പാര്‍ട്ടിയും യുദ്ധക്കുറ്റവാളികളായിരുന്നില്ല.
2001-ല്‍ ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 300 സീറ്റുകളില്‍ ബി.എന്‍.പിക്ക് 197 സീറ്റും അവാമി ലീഗിന് 58 സീറ്റുമാണ് കിട്ടിയത്. ജമാഅത്തുമായും രണ്ട് ചെറുകിട പാര്‍ട്ടികളുമായുമുള്ള സഖ്യമായിരുന്നു ബി.എന്‍.പി വിജയത്തിന്റെ കാരണം. സഖ്യം മുഖേനെ ബി.എന്‍.പിക്ക് 20 ശതമാനം വോട്ട് കൂടി. അതോടെ അവാമി ലീഗ് അങ്കലാപ്പിലായി. ജമാഅത്തിനെ ഇങ്ങനെ വിട്ടാല്‍ ഭാവിയില്‍ തങ്ങള്‍ക്ക് അധികാരം സ്വപ്നം കാണാന്‍ കൂടി കഴിയില്ലെന്ന് അവാമി ലീഗിന് തോന്നാന്‍ തുടങ്ങി. അങ്ങനെയാണ് അവാമി ലീഗ്, 1971-ല്‍ പാക് സേനാ മേധാവികളെ വിചാരണ ചെയ്യാന്‍ നിര്‍മിച്ച നിയമം പുനരുജ്ജീവിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമിക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ പ്രയോഗിക്കാന്‍ തുടങ്ങിയത്. പക്ഷേ, പ്രതിപക്ഷം പൂര്‍ണമായും ബഹിഷ്‌കരിച്ച ഒരു തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ അധികാരത്തില്‍ വന്ന ഹസീനക്ക് ആരാച്ചാര്‍ വേഷത്തില്‍ എത്രകാലം തുടരാന്‍ സാധിക്കും? ചരിത്രം അവരെ തിരിഞ്ഞുകൊത്താതിരിക്കില്ല. അത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്.
Comments