Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

കോര്‍പ്പറേറ്റ് കൊള്ളയും മാറുന്ന ഔഷധനയവും

ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന പോലെ പൗരന്മാരുടെ ആരോഗ്യ പരിപാലനവും ജനായത്ത ഭരണകൂടങ്ങളുടെ നിര്‍ബന്ധ ബാധ്യതയാണ്. ഈയടിസ്ഥാനത്തിലാണ് രാജ്യത്ത് ധര്‍മാശുപത്രികളും മറ്റു ആരോഗ്യ രക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതം ആദ്യം ആവിഷ്‌കരിച്ച സാമൂഹിക സാമ്പത്തിക നയങ്ങളും വികസന പദ്ധതികളും ദരിദ്ര കോടികളുടെ ജീവിതം മെച്ചപ്പെടുത്താനും ആരോഗ്യം സംരക്ഷിക്കാനുമുള്ളതുതന്നെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആ ലക്ഷ്യം പ്രാപിക്കാന്‍ നമുക്കായില്ല. എങ്കിലും ഇന്നല്ലെങ്കില്‍ നാളെ ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനിടയിലാണ് കുത്തക മുതലാളിത്തത്തിന്റെ ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യയില്‍ കാലൂന്നിയത്. അതോടെ രാജ്യപുരോഗതിയെന്നാല്‍ മൂലധനശക്തികളെ കൊഴുപ്പിക്കലാണെന്ന ഭ്രമത്തിലായി സര്‍ക്കാര്‍. സാമൂഹിക സാമ്പത്തിക നയപരിപാടികളെല്ലാം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുത്താന്‍ തുടങ്ങി. ഈ മാറ്റം ആരോഗ്യ രംഗത്തെയും ഗ്രസിച്ചു. ധര്‍മാശുപത്രികള്‍ പതിയെ വ്യാപാര ആശുപത്രികളാക്കി മാറ്റാനുള്ള നീക്കമാരംഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ജനക്ഷേമ പരിപാടികളില്‍ നിന്ന് സര്‍ക്കാര്‍ ക്രമേണ തലയൂരുക എന്നതാണ് പുതിയ നയം. സബ്‌സിഡിയും സൗജന്യവുമൊക്കെ ഭരണകൂടങ്ങള്‍ക്ക് അരോചകമായിരിക്കുന്നു. എല്ലാം ജനം പണം കൊടുത്ത് അനുഭവിച്ചുകൊള്ളണം. പണമില്ലാത്തവരോ? അര്‍ഹതയുള്ളവര്‍ അതിജീവിക്കും; അത്രതന്നെ. 1994-ല്‍ തന്നെ ആഗോളവത്കരണത്തിനനുരൂപമായ ഔഷധനയം അംഗീകരിക്കപ്പെട്ടു. ഇന്ത്യന്‍ ആരോഗ്യ മേഖലയുടെ താല്‍പര്യങ്ങള്‍ക്ക് തികച്ചും പ്രതികൂലമായിരുന്നു ആ മാറ്റം. 1979-ല്‍ വില നിയന്ത്രിത മരുന്നുകളുടെ എണ്ണം 348 ആയിരുന്നത് 2002-ല്‍ കേവലം 94 ആയി ചുരുങ്ങി. അതിനെതിരെ ഡ്രഗ്‌സ് ആക്ഷന്‍ നെറ്റ് വര്‍ക്ക് കോടതിയെ സമീപിച്ചു. 2011-ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ 384 അവശ്യ മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ടിവന്നു. ആ പട്ടികക്ക് പുറത്തും അവശ്യ മരുന്നുകള്‍ ഏറെയുണ്ട്. ലോകത്ത് പുതിയ പുതിയ മഹാ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഔഷധ ഗവേഷണം പുരോഗമിക്കുന്ന മുറക്ക് പാരമ്പര്യ രോഗങ്ങള്‍ക്കും പുതിയ രോഗങ്ങള്‍ക്കും പുതിയ പുതിയ ഔഷധങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. അക്കൂട്ടത്തില്‍ പെട്ട അവശ്യ ഔഷധങ്ങള്‍ കൂടി നിയന്ത്രണ വിധേയമാക്കണമെന്ന മുറവിളിയുടെ ഫലമായിരുന്നു കഴിഞ്ഞ മെയ് 29-ന് മരുന്നു വില നിയന്ത്രണ അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍. ഇതനുസരിച്ച് 108 മരുന്നുകള്‍ക്ക് കൂടി വില നിയന്ത്രണം ബാധകമായി. സെപ്റ്റംബര്‍ 19-ന് കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് ഒരു ഉത്തരവിലൂടെ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് വിമാനം കയറുന്നതിന് തൊട്ടു മുമ്പുണ്ടായ ഈ നടപടി ആ രാജ്യം അദ്ദേഹത്തിനു നേരെ കൊട്ടിയടച്ചിരുന്ന പടിവാതില്‍ ഈയിടെ തുറന്നുകൊടുത്തതിനുള്ള ഉപകാര സ്മരണ മാത്രമല്ല; അദ്ദേഹത്തിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലേക്ക് അമേരിക്കന്‍ വ്യവസായികള്‍ക്കുള്ള പ്രലോഭനവുമാണ്. മാഡിസണ്‍ സ്‌ക്വയറില്‍ 15 ലക്ഷം ഡോളര്‍ ചെലവില്‍ മോദിക്ക് ലഭിച്ച സ്വീകരണത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരില്‍ ബഹു രാഷ്ട്ര മരുന്നു വ്യവസായ കുത്തകകളുമുണ്ടായത് യാദൃഛികമല്ല. മോദി അമേരിക്കയിലായിരുന്നപ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ച ബില്‍ഗേറ്റ്‌സും ഭാര്യ മിലിന്ദയും തങ്ങളിനി കൂടുതല്‍ നിക്ഷേപം നടത്താന്‍ പോകുന്നത് ഔഷധ മേഖലയിലാണെന്ന് പ്രസ്താവിച്ചതും ശ്രദ്ധേയമാകുന്നു.
പുതിയ ഉത്തരവിലൂടെ അവശ്യ മരുന്നുകളുടെ വിലയിലുണ്ടാകുന്ന വര്‍ധന ഇരുപതോ മുപ്പതോ ശതമാനമല്ല; ഇരുനൂറും മുന്നൂറും അതിലധികവും ശതമാനമാണ്. കാന്‍സര്‍ മരുന്നായ ഗ്ലിക്കോവിന്റെ വില 8500-ല്‍നിന്ന് 108000 രൂപയിലേക്കാണ് ഉയരുന്നത്. 147 രൂപക്ക് ലഭിച്ചിരുന്ന ഫ്‌ളാവിക്‌സ് എന്ന ഹൃദ്രോഗ ഔഷധത്തിന് ഇനി 1615 രൂപ കൊടുക്കണം. പേ വിഷത്തിനുള്ള വെറോറാബിന്റെ വില 2600-ല്‍നിന്ന് 7500-ലേക്കാണ് കുതിക്കുന്നത്. വിലയേറുന്ന മരുന്നുകളില്‍ പലതും കാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി രോഗങ്ങള്‍, കരള്‍ രോഗം, പ്രമേഹം തുടങ്ങിയവക്കുള്ളതാണ്. ഈ രോഗികളെ കോര്‍പ്പറേറ്റ് കൊള്ളക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. 108 മരുന്നുകളുടെ വില നിയന്ത്രണമല്ലേ ഒഴിവാക്കിയിട്ടുള്ളൂ എന്ന് സമാധാനിക്കുന്നതില്‍ കാര്യമില്ല. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് ഇന്ത്യ-അമേരിക്ക ഉന്നത തല സമിതി രൂപീകരിക്കുമെന്ന്, മോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇറക്കിയ ഇന്ത്യാ-അമേരിക്ക സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്. നമ്മുടെ പാറ്റന്റ് നിയമം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതി ചെയ്യപ്പെടുമെന്നാണിതിന്റെ സൂചന. പിന്നെ ഇപ്പോള്‍ അവശേഷിക്കുന്ന വില നിയന്ത്രണപ്പട്ടിക പോലും നിലനിര്‍ത്താനാവില്ല.
1947 വരെ ലോകത്ത് അലോപ്പതി മരുന്നിന് ഏറ്റം വില കൂടിയ രാജ്യമായിരുന്നു ബ്രിട്ടീഷ് ഇന്ത്യ. സ്വാതന്ത്ര്യാനന്തര രാജ്യം കൈക്കൊണ്ട ആരോഗ്യ-ഔഷധ നയങ്ങള്‍ മിതമായ നിരക്കില്‍ ഔഷധം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റി. 1999-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് നേടിയ 'മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്‌സ്' എന്ന ആരോഗ്യ പ്രസ്ഥാനം 'വികസ്വര രാജ്യങ്ങളുടെ ഫാര്‍മസി' എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുകയുണ്ടായി. എന്‍.ഡി.എ ഗവണ്‍മെന്റ് ഇന്ത്യയെ മുതലാളിമാരുടെ മാത്രം ഫാര്‍മസിയാക്കി മാറ്റുകയാണ്. വില നിയന്ത്രണം ഒഴിവാക്കുമ്പോള്‍ പ്രതിവര്‍ഷം പതിനായിരം കോടിയുടെ അധിക ലാഭമാണ് ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ലാഭം വര്‍ധിക്കുന്നതനുസരിച്ച് കമ്പനികളുടെ ഷെയര്‍ മൂല്യം വര്‍ധിക്കുന്നതിലൂടെയുണ്ടാകുന്ന വന്‍ ലാഭം ഇതിനു പുറമെയാണ്. കാന്‍സറും ഹൃദ്രോഗവും കിഡ്‌നി രോഗങ്ങളും പ്രമേഹവും നാള്‍ക്കുനാള്‍ പെരുകിവരുന്ന കേരളം ഈ കൊള്ളയുടെ പ്രധാന ഇരയായിരിക്കും. ഇന്ത്യയിലെ മരുന്നു വില്‍പനയുടെ 17 ശതമാനത്തോളം കേരളത്തിലാണ്. നമ്മുടെ ചികിത്സാ ചെലവിന്റെ 80 ശതമാനവും മരുന്നുകള്‍ക്കു വേണ്ടിയാണെന്നു കൂടി ഓര്‍ക്കുക.
ആള്‍ ഇന്ത്യാ ഡ്രഗ്‌സ് ആക്ഷന്‍ നെറ്റ് വര്‍ക്ക്, ഐ.എം.എ, ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ ആരോഗ്യ സംഘടനകളും വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, മുസ്‌ലിം യൂത്ത് ലീഗ് മുതലായ രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളും സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ വേണ്ടത്ര സജീവമായി കാണുന്നില്ല. രാജ്യത്തിന്റെ ആരോഗ്യ മേഖലയെ ബഹു രാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെ ജാതി മത കക്ഷി ഭേദമെന്യേ എല്ലാ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം