Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 29

അദൃശ്യങ്ങള്‍ക്ക് രൂപങ്ങള്‍ സങ്കല്‍പ്പിച്ചാല്‍

അമീന്‍ വി. ചൂനൂര്‍ /ലേഖനം

         ഹിന്ദുമതത്തില്‍ 'മുപ്പത്തിമുക്കോടിദൈവങ്ങള്‍' എന്ന ഒരു പ്രയോഗമുണ്ടെങ്കിലും അതില്‍ നിന്നും എത്രയോ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളാണ് വേദ ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുന്നത്. 'മുപ്പത്തിമുക്കോടി ദൈവങ്ങള്‍' എന്ന് പറഞ്ഞിരുന്ന അവസ്ഥ ഇന്ന് ഏറക്കുറെ മാറി. വേദ ഉപനിഷത്തുകളെ കുറിച്ച് വിവരമില്ലാത്ത വിശ്വാസികള്‍ മാത്രമേ ഇന്ന് അങ്ങനെ പറയൂ. വേദങ്ങളും ഇതിഹാസങ്ങളും പറയുന്നത് ഏകദൈവ വിശ്വാസമാണ് എന്ന് ഹൈന്ദവ പണ്ഡിതര്‍ അഭിപ്രായ വ്യത്യാസമില്ലാതെ പറയും. എങ്കില്‍ പിന്നെ എന്തിനാണ് വ്യത്യസ്തങ്ങളായ ഈ വിഗ്രഹങ്ങളുടെ മുന്നില്‍ തലകുനിക്കുന്നത് എന്ന ചോദ്യം ഉയരാന്‍ സാധ്യതയുണ്ട്. അതിന് പണ്ഡിതര്‍ അടക്കമുള്ള ഹൈന്ദവ സഹോദരന്മാര്‍ പറയുക, ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിഗ്രഹങ്ങളെ ഉപയോഗിക്കുന്നത് എന്നാണ്.  

ഒരിക്കലും വിഗ്രഹങ്ങളെ തങ്ങള്‍ ആരാധിക്കുന്നില്ല; ഏകനായ, ഈ പ്രപഞ്ചം സൃഷ്ടിച്ച ഈശ്വരനെ തന്നെയാണ് തങ്ങള്‍ ആരാധിക്കുന്നത് എന്ന് അവര്‍ പറയും. ഓരോരുത്തരും അവരവര്‍ക്ക് താല്‍പര്യമുള്ള വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ ആത്മീയതയും മനസ്സിന് കേന്ദ്രീകരണവും കിട്ടും എന്നാണ് അവരുടെ അഭിപ്രായം. ഈ അഭിപ്രായത്തിനും അതിലൂടെ രൂപപ്പെടുന്ന കാഴ്ചപ്പാടിനും എത്രത്തോളം യുക്തിയുണ്ട് എന്ന പരിശോധനയാണ് ഈ ലേഖനത്തില്‍.

ദൈവത്തിന്റെ രൂപത്തെ കുറിച്ച് ഹൈന്ദവ ഗ്രന്ഥങ്ങള്‍ എന്തു പറയുന്നു എന്ന് നോക്കാം. കേനോപനിഷത്ത് പറയുന്നത് കാണുക: 

''യച്ചക്ഷുഷാ ന പഷ്യതി യേന ചക്ഷുംഷി പഷ്യതി  

തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ'' 

(യാതൊന്നിനെയാണോ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ സാധ്യമല്ലാത്തത്; യാതൊന്നിനാലാണോ കണ്ണുകള്‍ കാണാന്‍ ശക്തമാകുന്നത് അത് തന്നെയാണ് ബ്രഹ്മം എന്ന് നീ അറിയുക. ജനങ്ങളാല്‍ ഉപാസിക്കപ്പെടുന്നതല്ല ബ്രഹ്മം). 

''കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല; അവനോ കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു'' (6:103) എന്ന് ഖുര്‍ആന്‍ പറഞ്ഞതും ഇതുതന്നെ.

അതായത് അദൃശ്യനാണ് പ്രപഞ്ചം സൃഷ്ടിച്ചവനായ ഈശ്വരന്‍ എന്ന യാഥാര്‍ഥ്യമാണ് വിശുദ്ധ ഖുര്‍ആനിനെപ്പോലെ ഹൈന്ദവ വേദഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യന്റെ കണ്ണുകള്‍ക്ക് ഈശ്വരന്‍ തന്നെ ദര്‍ശിക്കാനുള്ള കഴിവ് നല്‍കിയില്ല എന്നര്‍ഥം. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍, തന്റെ സൃഷ്ടിയായ മനുഷ്യന്‍ തന്നെ കാണണം എന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല.  

ഇത് ഈശ്വരന്റെ കാര്യത്തില്‍ മാത്രമല്ല സംഭവിക്കുന്നത്. പ്രകൃതിയില്‍ തന്നെ നിരവധി വസ്തുക്കള്‍ ഈ രീതിയില്‍ മനുഷ്യനു അദൃശ്യമായി നിലനില്‍ക്കുന്നുണ്ട്. ഓക്‌സിജന്‍, ഹൈഡ്രജന്‍, അങ്ങനെ നമുക്ക് അറിയുന്നതും അറിയാത്തതുമായ നിരവധി വസ്തുക്കള്‍.

കേള്‍വിയുടെ കാര്യവും അങ്ങനെ തന്നെ. നിരവധി ശബ്ദങ്ങള്‍ മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്തതായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത് കേട്ടാല്‍ മനുഷ്യന്റെ ചെവി പൊട്ടിപ്പോകുമെന്നും ബോധരഹിതനായിപ്പോകുമെന്നുമൊക്കെ പഠനങ്ങളുണ്ട്. അതുപോലെ തന്നെയാണ് കാഴ്ചകളും. മൂസാ(അ) തന്റെ കണ്ണ് കൊണ്ട് ദര്‍ശിക്കാന്‍ സാധ്യമല്ലാത്ത ദൈവത്തെ കാണണം എന്ന് ദൈവത്തോട് ആഗ്രഹം പ്രകടിപ്പിക്കുന്നു. ആഗ്രഹപ്രകാരം മലയുടെ പിറകില്‍ ദൈവം പ്രത്യക്ഷപ്പെടുമ്പോഴൊക്കെ മൂസാ (അ) ബോധം കെടുകയാണ്. 

ഇവിടെ ഉയരുന്ന പ്രധാന പ്രശ്‌നം, പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന അദൃശ്യമായ ഏതൊരു പ്രതിഭാസത്തിന്റെ സ്വഭാവവും പ്രവര്‍ത്തനവും തിരിച്ചറിയാന്‍ ദൃശ്യമായ  മറ്റേതെങ്കിലും വസ്തുവിനെ ഉദാഹരണമായി എടുത്താല്‍ എന്തു സംഭവിക്കും എന്നതാണ്. 

ഉദാഹരണത്തിന്, വെള്ളം ഉണ്ടാകുന്നത് ഓക്‌സിജനും ഹൈഡ്രജനും കൂടിച്ചേര്‍ന്നു കൊണ്ടാണ്. ഓക്‌സിജനും ഹൈഡ്രജനും കൂടിച്ചേരുന്നത് നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുന്നില്ല. ഇത് കൃത്യമായി പഠിക്കാനും മനസ്സിലാക്കാനും കണ്ണ് കൊണ്ട് തന്നെ ഈ പ്രവര്‍ത്തനം കാണണം എന്ന് വാശിപിടിക്കുന്ന ഒരാള്‍ ഓക്‌സിജന് പകരം ഒരു ഉരുണ്ട കല്ല് എടുക്കുന്നു, ഹൈഡ്രജന് പകരം മറ്റൊരു സിമന്റ് കട്ടയും എടുക്കുന്നു. ഹൈഡ്രജനും ഓക്‌സിജനും കൂടിച്ചേരുന്നത് സങ്കല്‍പിച്ചു കൊണ്ട് രണ്ടും കൂടി കൂട്ടി ഒരൊറ്റയിടി. എന്തു സംഭവിക്കും? വെള്ളം പോയിട്ട് ഒരു ആവി പോലും ഉണ്ടാവുകയില്ല.

ഇതുപോലെയല്ലേ, പ്രപഞ്ചം സൃഷ്ടിച്ചവനായ, നഗ്നനേത്രങ്ങള്‍കൊണ്ട് പോലും ദര്‍ശിക്കാന്‍ കഴിയാത്ത അത്രക്ക് ശക്തനായ പ്രപഞ്ച സ്രഷ്ടാവിനെ ആരാധിക്കാന്‍ നിസ്സാരമായ കുറെ രൂപങ്ങളെ സങ്കല്‍പ്പിക്കുന്നതും? അതും മനുഷ്യന്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന വസ്തുക്കള്‍!

ഒരു ചെറിയ കുട്ടിയെ ശ്വസന പ്രക്രിയ പഠിപ്പിക്കുന്നു എന്ന് കരുതുക. കുട്ടിയോട് പറയുന്നു; ഓക്‌സിജനാണ് നമ്മള്‍ അകത്തുകയറ്റുന്നത്. പുറത്തേക്ക് വിടുന്നതാകട്ടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും. കുട്ടി സ്വാഭാവികമായും ചോദിക്കാം 'അമ്മേ, ഓക്‌സിജനെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെയും കാണിച്ചു തരാമോ?' എന്ത് പറയും? 'മോനേ അത് നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഒരു വസ്തുവാണ്' എന്ന് പറയും. മോന്‍ അത് വിശ്വസിക്കും. അവന്റെ മനസ്സില്‍ അങ്ങനെ ഒരു പ്രതിഭാസത്തെ രൂപപ്പെടുത്തും. അങ്ങനെ പറയാനുള്ള കാരണം, ഭൂമിയിലെ ദൃശ്യമായ ഏതെങ്കിലും ഒരു വസ്തു എടുത്ത് ഇതുപോലെയാണ് ഓക്‌സിജന്‍ എന്ന് പറഞ്ഞ് ആ കുട്ടിയെ പഠിപ്പിച്ചുകൊടുത്താല്‍ ആ കുട്ടിയുടെ കാഴ്ചപ്പാടുകള്‍ തകിടം മറിയുമെന്നതാണ്. അമ്പിളിമാമയെ ചൂണ്ടി ഇതാണ് ഓക്‌സിജന്‍ എന്നും സൂര്യനെ ചൂണ്ടി ഇതാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നും പറയുന്നു എന്ന് കരുതുക. ശ്വസനപ്രക്രിയയെ കുറിച്ചുള്ള കുട്ടിയുടെ കാഴ്ചപ്പാട് എത്ര തെറ്റായാണ് രൂപപ്പെടുക എന്നത് ഊഹിച്ചു നോക്കൂ.

ഭൂമിയിലെ ഏത് അദൃശ്യവസ്തുവുമായി ബന്ധപ്പെട്ട തത്ത്വത്തെയും ദര്‍ശനത്തെയും രൂപപ്പെടുത്തിയെടുക്കാന്‍ ഈ രീതിയില്‍ ഏത് ദൃശ്യമായ വസ്തുവിനെ പകരമായെടുത്ത് താരതമ്യം ചെയ്താലും തെറ്റായ കാഴ്ചപ്പാട് മാത്രമേ ലഭിക്കൂ എന്നത് ഒരു പ്രകൃതി സത്യമാണ്. മനുഷ്യന്റെ നേത്രങ്ങള്‍ക്ക് മുന്നില്‍ അദൃശ്യനാവാന്‍ സ്വയം തീരുമാനമെടുത്ത ദൈവത്തെ മനസ്സിലാക്കാനും അവനോടുള്ള സ്‌നേഹത്തെ ഹൃദയത്തില്‍ വരച്ചെടുക്കാനും അവനില്‍ കേന്ദ്രീകരിക്കാനും ഭൂമിയില്‍ ദൃശ്യമായ ഏത് വസ്തു എടുത്താലും അത് (ശ്വസനപ്രക്രിയ എന്ന കാഴ്ചപ്പാട് എങ്ങനെ തകിടം മറിയുന്നുവോ അതിനേക്കാള്‍ അതിഭീകരമായി) ദൈവത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുകളെ തകിടം മറിക്കും എന്നതില്‍ സംശയമില്ല. ദൈവം മനുഷ്യന്റെ നേത്രങ്ങള്‍ക്ക് മുന്നില്‍ ദൃശ്യനാവാന്‍ തീരുമാനിച്ചിട്ടില്ല എങ്കില്‍ പിന്നെ യാതൊരു തരത്തിലുള്ള താരതമ്യത്തിനും അര്‍ഹതയില്ലാത്ത വസ്തുക്കളെ മനുഷ്യന്‍ അവന്റെ രൂപ പ്രതിനിധാനമായി മനസ്സിലേക്ക് കയറ്റി വെക്കുന്നത് എന്തിനാണ്? അതിലൂടെ ദൈവ യുക്തിയെ മറികടക്കുന്നതെന്തിനാണ്? മനുഷ്യന്‍ തന്നെ കണ്ട് ആരാധിക്കട്ടെ എന്ന് ദൈവം ഉദ്ദേശിച്ചെങ്കില്‍ കാണാനാവശ്യമായ കണ്ണുകള്‍ മനുഷ്യന് നല്‍കാന്‍ കഴിവില്ലാത്തവനല്ലല്ലോ ദൈവം. 

അതുകൊണ്ടാണ് കേനോപനിഷത്ത് ഇങ്ങനെ പറയുന്നത്: 

യത്പ്രാണേന ന പ്രാണിതി യേന പ്രാണ: പ്രണീയതേ 

തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ 

(യാതൊന്നിനെയാണോ പ്രാണനെക്കൊണ്ട് ചിന്തിക്കാന്‍ സാധ്യമല്ലാത്തത്, യാതൊന്നിലാണോ മനസ്സ് ചിന്തിക്കാന്‍ ശക്തമാകുന്നത് അത് തന്നെയാണ് ബ്രഹ്മം എന്ന് നീ അറിയുക. ജനങ്ങളാല്‍ ഉപാസിക്കപ്പെടുന്നതല്ല ബ്രഹ്മം). പ്രാണനെക്കൊണ്ട് ചിന്തിക്കാന്‍ സാധ്യമല്ലാത്തതും മനസ്സ് ചിന്തിക്കാന്‍ ശക്തമാകുന്നതും എന്ന് പറഞ്ഞാല്‍ ജീവനുള്ള നമ്മുടെ ഇന്ദ്രിയങ്ങള്‍ (കണ്ണ്, കാത്, കൈ, കാല് പോലുള്ളവ) കൊണ്ട് തിരിച്ചറിയാന്‍ സാധിക്കാത്തതും എന്നാല്‍ മനസ്സിന് വ്യക്തമായി കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതുമായ ഒരു ശക്തി എന്നര്‍ഥം.

വിമാനയാത്രയും വിഗ്രഹാരാധനയും 

വിമാനയാത്രയും വിഗ്രഹാരാധനയും തമ്മില്‍ എന്ത് ബന്ധം എന്ന് അത്ഭുതം കൂറാന്‍ വരട്ടെ. വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച ഒരു ഉപമയാണ് ഇത്. വിമാന യാത്രക്ക് പകരം കപ്പല്‍ യാത്രയാണ് എന്ന് മാത്രം.  

ദൈവാരാധനക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിഗ്രഹങ്ങളുപയോഗിക്കുന്ന ഒരു മനുഷ്യന്‍ വിമാന യാത്രയില്‍ ആയിരിക്കുമ്പോള്‍ അപകടത്തില്‍ പെടുന്നു എന്ന് കരുതുക. ഏതാനും സമയത്തിനകം പൊട്ടിത്തെറിക്കാന്‍ പോകുന്ന വിമാനത്തില്‍ ഭയചകിതനായി പ്രാര്‍ഥനയില്‍ കഴിയുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരണത്തിന് വിഗ്രഹം വേണമെന്ന് അയാള്‍ പറയുമോ? ഒരിക്കലുമില്ല. സ്രഷ്ടാവായ ദൈവത്തെ ജീവിതത്തില്‍ ഏറ്റവും മനസ്സറിഞ്ഞ് ആരാധിക്കുന്ന ഒരു സന്ദര്‍ഭം ആയിരിക്കും അത്. 

''ഈ ജനം കപ്പലില്‍ സഞ്ചരിക്കുമ്പോള്‍ വിധേയത്വം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കുന്നു. അവനവരെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരതാ അവനു പങ്കാളികളെ കല്‍പിച്ചു തുടങ്ങുന്നു'' (അല്‍അന്‍കബൂത്ത് 65).

''മേഘക്കുടപോലെ തിരമാലകള്‍ ജനത്തെ മൂടാനിടയായാല്‍ വിധേയത്വം പൂര്‍ണമായും അല്ലാഹുവിനു മാത്രമാക്കി അവര്‍ അവനോട് പ്രാര്‍ഥിക്കുകയായി. എന്നിട്ട് നാമവരെ രക്ഷിച്ച് കരയിലെത്തിച്ചാലോ, അവരില്‍ ചിലയാളുകള്‍ മിതത്വം പാലിക്കുന്നു. വഞ്ചകരും നന്ദി കെട്ടവരുമല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല'' (ലുഖ്മാന്‍ 32).

''സമുദ്രത്തില്‍ ആപത്തണയുമ്പോള്‍ അവനെക്കൂടാതെ നിങ്ങള്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരൊക്കെയും നിങ്ങളെ കൈവിട്ട് അപ്രത്യക്ഷരാകുന്നു. എന്നാല്‍ അവന്‍ നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അപ്പോള്‍ നിങ്ങള്‍ അവനില്‍ നിന്ന് തിരിഞ്ഞു കളയുന്നു. വാസ്തവത്തില്‍ മനുഷ്യന്‍ മഹാ നന്ദി കെട്ടവന്‍ തന്നെ'' (ഇസ്‌റാഅ് 67).

വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളിലായി അല്ലാഹു ഈ ഉപമ ഉപയോഗിക്കുന്നു. മനുഷ്യന് ആപത്തണയുമ്പോഴാണ് അവന്‍ ഏറ്റവും കൂടുതല്‍ സ്രഷ്ടാവിലേക്ക് തിരിയുന്നത്. അവന്‍ തിരിയുന്ന സന്ദര്‍ഭത്തിലാകട്ടെ, ശ്രദ്ധ കേന്ദ്രീകരണത്തിന് വേണ്ടി മുന്‍പ് കൈകൂപ്പി നിന്ന ബിംബങ്ങള്‍ ഒന്നും തന്നെ കൂടെ ഉണ്ടാവണം എന്നില്ല. പ്രാര്‍ഥന ജീവിതത്തില്‍ എപ്പോഴൊക്കെ ആവശ്യം വരും എന്ന് നമുക്ക് പറയാനാവില്ല. ജീവിതത്തില്‍ ഏത് മേഖലയില്‍ ആയിരിക്കുമ്പോഴും പ്രാര്‍ഥിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരും. ഏത് സമയത്തും അപകടവും ദുരിതവും മനുഷ്യനെ പിടികൂടാം. അപ്പോഴൊക്കെ സ്ഥിരമായി കുമ്പിടുന്ന ആ വിഗ്രഹം കൈയില്‍ ഉണ്ടായിരിക്കുക അസാധ്യം. അപ്പോള്‍ അവന് ആകെയുള്ള വഴിയാകട്ടെ, എവിടെവെച്ച് എപ്പോള്‍ വിളിച്ചാലും കേള്‍ക്കാന്‍ കരുത്തനായ തന്റെ സ്രഷ്ടാവിനെ വിളിക്കുക എന്നത് മാത്രമാണ്. ആപത്ഘട്ടങ്ങളില്‍ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകാത്ത ശ്രദ്ധയോടും മനസ്സാന്നിധ്യത്തോടും കൂടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.  

'തദ്വനം' / 'അല്ലാഹു' 

'എല്ലാവരാലും ഭജിക്കപ്പെടേണ്ടത്' എന്നാണ് 'തദ്വനം' എന്ന പദത്തിനര്‍ഥം. ഈ പദത്തിലാണ് ബ്രഹ്മം അറിയപ്പെടുന്നത് എന്നാണ് കേനോപനിഷത്ത് പറയുന്നത്. അതായത് തദ്വനം എന്ന നാമത്തില്‍ ബ്രഹ്മത്തെ ഉപാസിക്കണം എന്ന്. 

''തദ്ധ തദ്വനം നാമ തദ്വനമിത്യുപാസിതവ്യം  

സ യ ഏതദേവം വേദാഭി ഹൈനം സര്‍വാണി ഭൂതാനി സംവാഞ്ച്ചന്തി''

(ബ്രഹ്മം 'തദ്വനം' എന്ന പേരിലറിയപ്പെടുന്നു. അത് തദ്വനമായി എല്ലാവരാലും ഉപാസിക്കപ്പെടേണ്ടതാണ്. ബ്രഹ്മത്തിനെ ഇപ്രകാരം അറിയുന്നവനെ സര്‍വ ജീവജാലങ്ങളും സ്‌നേഹിക്കുന്നു). 

'എല്ലാവരാലും ആരാധിക്കപ്പെടുന്നവന്‍' എന്നതാണ് അല്ലാഹു എന്ന പദത്തിന്റെയും വിവക്ഷ. അപ്പോള്‍ ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തി തന്ന അല്ലാഹു എന്ന നാമം ഏറെ കാലങ്ങള്‍ക്ക് മുന്നെയുള്ള കേനോപനിഷത്തില്‍ പറഞ്ഞ 'തദ്വനം' തന്നെയാവണം. ഇന്ന് ലോകത്തുള്ള മുഴുവന്‍ മതദര്‍ശനങ്ങളും എടുത്തു നോക്കുക. കേനോപനിഷത്തില്‍ പ്രയോഗിച്ച, 'എല്ലാവരാലും ഭജിക്കപ്പെടേണ്ടത്' എന്ന അര്‍ഥം വരുന്ന പദം ബ്രഹ്മത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത് ഇസ്‌ലാമില്‍ മാത്രമാണ്. ബ്രഹ്മം തദ്വനമെന്ന നാമത്തില്‍ എല്ലാവരാലും ഉപാസിക്കപ്പെടേണ്ടതാണ് എന്നു പറയുമ്പോള്‍ ഹൈന്ദവ സമൂഹത്തില്‍ അത് നിറവേറ്റപ്പെടുന്നുണ്ടോ എന്നും ആലോചിക്കേണ്ടതുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 <br>അല്‍അമ്പിയാഅ്
എ.വൈ.ആര്‍