Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 29

പുനരേകീകരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കുമോ?

എ.ആര്‍ /ലേഖനം

         പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഇടതുപക്ഷം നേരിട്ട കനത്ത  പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള തീവ്രശ്രമത്തിലാണിപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. സി.പി.എം കേന്ദ്ര കമ്മിറ്റി ന്യൂദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ സമ്മേളിച്ച്, ഘടകങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ നടത്തിയ അവലോകനത്തിനും വിശകലനത്തിനും ശേഷം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ ജനകീയാടിത്തറക്ക് സാരമായ ഉലച്ചില്‍ തട്ടിയതായി സമ്മതിക്കുകയുണ്ടായി. സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന പശ്ചിമബംഗാളില്‍ സമീപകാല ചരിത്രത്തിലൊരിക്കലുമില്ലാത്തവിധം രണ്ട് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് ജനങ്ങളില്‍ നിന്ന് പാര്‍ട്ടി തീര്‍ത്തും ഒറ്റപ്പെട്ടതിന്റെ തെളിവാണല്ലോ. തുടര്‍ന്ന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും തല്‍സ്ഥിതി ആവര്‍ത്തിച്ചു. രണ്ടാമത്തെ ശക്തികേന്ദ്രമായ കേരളത്തില്‍ 2009-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സീറ്റുകള്‍ ഇരട്ടിയായെന്നാശ്വസിക്കാമെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, കേരളത്തില്‍ പാര്‍ട്ടിയുടെ ജനകീയാടിത്തറ തകര്‍ന്നുവെന്ന അഭിപ്രായം ഇല്ല. അതേസമയം, മുമ്പൊരിക്കലും ഇല്ലാത്തവിധം ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിച്ചതും ഇടതുപക്ഷത്ത് നിന്നു പോലും തീവ്ര വലതുപക്ഷത്തേക്ക് വോട്ട് ചോര്‍ച്ച ആരംഭിച്ചതും സി.പി.എമ്മിനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ചരിത്രത്തിലാദ്യമായി ബി.ജെ.പി ഒറ്റക്ക് കേന്ദ്രഭരണം കൈയേല്‍ക്കാന്‍ മാത്രം ശക്തിയാര്‍ജിച്ചത് കടുത്ത വെല്ലുവിളിയായിത്തന്നെ സി.പി.എം വിലയിരുത്തിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യം ബംഗാളിലും കേരളത്തിലും ബി.ജെ.പിയിലേക്കുള്ള ഒഴുക്കിനെ ത്വരിതപ്പെടുത്തുമെന്ന ആശങ്ക തീര്‍ച്ചയായും പാര്‍ട്ടിക്കുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രം കഥാവശേഷമാവുകയും ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലനില്‍പ് പോലും കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്തപ്പോള്‍ ഒരുവിധം പിടിച്ചുനിന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്). അറുപതുകളിലെ പിളര്‍പ്പിനെ തുടര്‍ന്ന് വാസ്തവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമാവുകയല്ല ശക്തിപ്രാപിക്കുകയാണ് ചെയ്തത് എന്നും ചൂണ്ടിക്കാട്ടാം. പ്രത്യയശാസ്ത്രപരമായ സുബദ്ധതയോ നയപരമായ അപ്രമാദിത്വമോ നേതൃത്വത്തിന്റെ അസാമാന്യ പാടവമോ ഒന്നുമല്ല സി.പി.എമ്മിനെ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരമുറപ്പിക്കാനും പാര്‍ലമെന്റില്‍ അവഗണിക്കാനാവാത്ത ശക്തിയായി ഉയരാനും സഹായിച്ചത്. തീര്‍ച്ചയായും ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള ഒരു താത്ത്വികാചാര്യന്റെ മാര്‍ഗദര്‍ശനം പ്രതിസന്ധികളെ അതിജീവിക്കാനും ബഹുജനാടിത്തറ ഭദ്രമാക്കാനും പാര്‍ട്ടിക്ക് കരുത്തേകിയിരുന്നു എന്നംഗീകരിക്കണം. പശ്ചിമ ബംഗാളിലാകട്ടെ ജ്യോതിബസുവിന്റെ വ്യക്തിപ്രഭാവവും ഭരണകുത്തക പതിറ്റാണ്ടുകള്‍ നിലനിര്‍ത്താന്‍ സഹായകമായി. എന്നാല്‍, ഇന്ത്യയിലെ വലതുപക്ഷ ബൂര്‍ഷ്വാ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ജനദ്രോഹകരമായ നയപരിപാടികളും മതേതരത്വത്തോടുള്ള വിമുഖതയും സര്‍വോപരി ആഗോളീകരണ ഉദാരീകരണ സാമ്പത്തിക നയങ്ങളും ജനങ്ങളില്‍ നല്ലൊരു വിഭാഗത്തില്‍ ആശങ്ക വളര്‍ത്തിയതാണ്, അതിനെതിരെ താരതമ്യേന ഉറച്ച നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തെ പിന്തുണക്കണമെന്ന ബോധവും വികാരവും സജീവമാക്കിയത്. 1999-2004 കാലഘട്ടത്തില്‍ എന്‍.ഡി.എ ഇന്ത്യ ഭരിച്ചപ്പോള്‍ ഫാഷിസത്തിന്റെ വളര്‍ച്ചയില്‍ ചകിതരായ മതന്യൂനപക്ഷങ്ങളില്‍ നല്ലൊരു പങ്ക് മതേതരത്വത്തോടുള്ള പ്രതിബദ്ധതയില്‍ താരതമ്യേന ആത്മാര്‍ഥത പുലര്‍ത്തിയ ഇടതുപക്ഷത്തോടൊപ്പം നിന്നത് 2004-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ നേട്ടമാണ് സംഭാവന ചെയ്തത്. 62 എം.പിമാരുണ്ടായിരുന്ന ഇടതു മുന്നണിയുടെ പുറം സഹായത്തെ ആശ്രയിച്ച് ഭരണം നടത്തേണ്ട സ്ഥിതി യു.പി.എക്കുണ്ടായി. അതുകൊണ്ടുതന്നെ മന്‍മോഹന്‍ സര്‍ക്കാറിന്റെ പരിധിവിട്ട മുതലാളിത്ത-സാമ്രാജ്യത്വ വിധേയത്വത്തിന് തടയിടാനും ജനക്ഷേമ പരിപാടികള്‍ക്കതിനെ നിര്‍ബന്ധിക്കാനും സി.പി.എമ്മിനും സഹകക്ഷികള്‍ക്കും ഒരു പരിധിയോളം സാധിച്ചു. പക്ഷേ, യു.പി.എ സര്‍ക്കാറിന്റെ ഒന്നാമൂഴം അവസാനിക്കാനിരിക്കെ അമേരിക്കന്‍ ആണവക്കരാറിനെച്ചൊല്ലി ഇടതുപക്ഷം വഴിപിരിഞ്ഞതും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ മന്‍മോഹന്‍ സിംഗിന് പ്രതിസന്ധി അതിജീവിക്കാനായതും സി.പി.എമ്മിനും ഇടതു പാര്‍ട്ടികള്‍ക്കും കനത്ത തിരിച്ചടിയായി. 2009-ലെ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളെ എതിര്‍പക്ഷത്ത് നിര്‍ത്തിക്കൊണ്ട് തന്നെ യു.പി.എ അധികാരമുറപ്പിച്ചു എന്നു മാത്രമല്ല ഇടതിന്റെ മുഖ്യ ശക്തിസ്രോതസ്സുകളായ പശ്ചിമ ബംഗാളിലും കേരളത്തിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. തുടര്‍ന്നുവന്ന നിയമസഭ തെരഞ്ഞെടുപ്പിലാകട്ടെ മൂന്നര പതിറ്റാണ്ട് തുടര്‍ന്ന ബംഗാളിലെ സി.പി.എം മുന്നണി ഭരണം നഷ്ടമാവുകയും മുഖ്യപ്രതിയോഗി തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിന്റെ വെന്നിക്കൊടി പറപ്പിക്കുകയും ചെയ്തു. കേരളത്തിലും ഭരണത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് സാധിച്ചില്ല.

ഈ തിരിച്ചടിക്ക് കാരണമാക്കിയ ഘടകങ്ങളെ വസ്തുനിഷ്ഠമായി പഠിക്കാനോ വീഴ്ചകളും പാളിച്ചകളും പരിഹരിച്ച് നവജീവന്‍ ആര്‍ജിക്കാനോ കഴിയാതിരിക്കെയാണ് പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നണഞ്ഞത്. ഒരു വശത്ത് പരമാബദ്ധമായ നയപരിപാടികളും അഴിമതിയുടെ പാരമ്യത്തിലെ പ്രതിഛായ നഷ്ടവും അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ പിടിപ്പുകേടും മൂലം കോണ്‍ഗ്രസ് മുന്നണിക്ക് ഒരു തിരിച്ചുവരവ് അസാധ്യം തന്നെയെന്ന് വ്യക്തമായിരുന്നു. പ്രതിപക്ഷത്തിരിക്കാന്‍ സോണിയാ ഗാന്ധിയുടെ പാര്‍ട്ടി തീരുമാനിക്കുകയും ചെയ്തിരുന്നു. മറുവശത്ത് മന്‍മോഹന്‍ സര്‍ക്കാറിനെക്കൊണ്ടുള്ള പ്രയോജനം അവസാനിച്ചു എന്ന് തിരിച്ചറിഞ്ഞ വിദേശ മൂലധനശക്തികളും സ്വദേശ കോര്‍പ്പറേറ്റ് ഭീമന്മാരും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ദത്തെടുത്ത് പതിനായിരം കോടി രൂപ ചെലവിട്ട ഹൈടെക് പ്രചാരണത്തിലൂടെയും മീഡിയ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും കളിച്ച കളി സഫലമാവുന്ന സര്‍വ സൂചനകളും ലഭിച്ചുകൊണ്ടിരുന്നു. നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ തങ്ങളുടെ ചിരകാല അജണ്ട നടപ്പാക്കാന്‍ ഇതിനേക്കാള്‍ അനുകൂലമായ സുവര്‍ണാവസരം ഇനി ലഭിക്കാനില്ലെന്നുറപ്പിക്കുകയും ചെയ്തിരുന്നു. പ്രാദേശിക മതേതര കക്ഷികളെ കൂടെ കൂട്ടി കോണ്‍ഗ്രസ് വിരുദ്ധ ഫാഷിസ്റ്റ് വിരുദ്ധ വിശാല മൂന്നാം ബദലിന് രൂപം നല്‍കാന്‍ ഇടതുമുന്നണി മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമായിരുന്നു ഇത്. പക്ഷേ, സി.പി.എം ജനറല്‍ സെക്രട്ടറി, ഹര്‍കിഷന്‍ സിംഗിന്റെ പിന്‍ഗാമി പ്രകാശ് കാരാട്ടും പാര്‍ട്ടിയിലെ ദ്വിതീയ സ്ഥാനക്കാരന്‍ സീതാറാം യെച്ചൂരിയും സന്ദര്‍ഭത്തിനൊത്തുയരുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ ദല്‍ഹിയില്‍ പതിനൊന്ന് കക്ഷി നേതാക്കളെ അണിനിരത്തി സംഘടിപ്പിച്ച റോഡ്‌ഷോ തൂറ്റിപ്പോയ വെടിക്കെട്ടായി. അന്ന് അക്കൂട്ടത്തില്‍ മുഖം കാണിച്ച തെലുങ്കുദേശം പാര്‍ട്ടി സുപ്രീമോ ചന്ദ്രബാബു നായിഡു നേരെ ചെന്നുപറ്റിയത് കാവിപ്പടയിലാണ്. ഒഡീഷയിലെ ബിജു ജനതാ ദളും തമിഴ്‌നാട്ടിലെ ജയലളിതയും മൂന്നാം ബദലിനെ തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ സ്വന്തം വഴിയേ പോയി. ആ രണ്ട് പാര്‍ട്ടികളുമിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിലപേശുന്ന തിരക്കിലാണ്. ലോക്‌സഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഇതിനകം ജയലളിത തരപ്പെടുത്തിക്കഴിഞ്ഞു. മറ്റു മൗലികമായ ഭിന്നതകളൊന്നും ഈ പ്രാദേശിക കക്ഷികള്‍ക്ക് മോദി സര്‍ക്കാറുമായി ഇല്ല. രണ്ടു പേരും ന്യൂനപക്ഷ വോട്ട് ചോര്‍ച്ച ഭയപ്പെടുന്നുമില്ല.

ഒരേയവസരം ആര്‍.എസ്.എസ് നിയന്ത്രിത മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ ആഗോളീകരണ അജണ്ടയും ഹിന്ദുത്വ അജണ്ടയും ശീഘ്രഗതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കെ അതിനെ പ്രതിരോധിക്കാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ മതേതര കക്ഷികള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് ഒടുവിലത്തെ സ്ഥിതിവിശേഷം. മാത്രമല്ല, തെരഞ്ഞെടുപ്പിലെ ഭീമമായ തിരിച്ചടി മിക്ക പാര്‍ട്ടികളുടെയും മനോവീര്യം തകര്‍ക്കുകയും ദിശാബോധം നഷ്ടപ്പെടുത്തുകയും നേതാക്കളെ വനവാസത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അമ്മിക്കുമ്മായം മറിഞ്ഞാലും ഇന്ത്യയില്‍ മതേതര ജനാധിപത്യ വ്യവസ്ഥ കാലത്തെ അതിജീവിക്കുമെന്ന ശുഭാപ്തിയിലായിരുന്നു അവരെന്ന് തോന്നുന്നു. ആ വിശ്വാസത്തെയാണിപ്പോള്‍ ഫാഷിസം തകര്‍ത്തുകളഞ്ഞിരിക്കുന്നത്. നടേ സൂചിപ്പിച്ച പോലെ എന്തുകൊണ്ട് മതേതര പാര്‍ട്ടികള്‍ പൊതുവിലും ഇടതുപക്ഷം വിശേഷിച്ചും ഇവ്വിധമൊരു പതനത്തിലെത്തി എന്നതിനെക്കുറിച്ച് അന്വേഷണവും വിലയിരുത്തലും തിരുത്തല്‍ നടപടികളെക്കുറിച്ച ആലോചനകളും നടക്കാതെയല്ല. ഏറ്റവും പുതിയ സംഭവവികാസമാണ് സി.പി.എം-സി.പി.ഐ പുനരേകീകരണത്തെക്കുറിച്ച വീണ്ടുവിചാരം. രാഷ്ട്രാന്തരീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സോവിയറ്റ്-ചൈനീസ് ലൈനുകളുടെ വേര്‍പിരിവും ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ മതേതര സോഷ്യലിസ്റ്റ് ഭരണകൂടത്തോടുളള സമീപനവുമായിരുന്നല്ലോ 1964-ലെ പിളര്‍പ്പിലേക്ക് നയിച്ച പ്രധാന കാരണങ്ങള്‍. അതിരൂക്ഷമായ പരസ്പര ശത്രുതക്കും വിരുദ്ധ ചേരികളില്‍ നിലയുറപ്പിച്ചുള്ള പോരാട്ടത്തിനും ശേഷം മാറി മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളും സോവിയറ്റ് തിരോധാനവും മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ ആവിര്‍ഭാവവും എല്ലാം ചേര്‍ന്ന് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇടതുമുന്നണിയില്‍ ഒന്നിപ്പിച്ചതാണ് പിന്നീട് കണ്ടത്. അപ്പോഴൊക്കെ പുനരേകീകരണത്തെക്കുറിച്ച് സംസാരിക്കാറ് സി.പി.ഐയും അതിനുള്ള സാധ്യത പാടേ നിരാകരിക്കാറ് സി.പിഎമ്മും ആയിരുന്നു. പിളര്‍പ്പിലേക്ക് നയിച്ച കാരണങ്ങള്‍ ബാക്കി നില്‍ക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ട ന്യായീകരണം. ഇത്തവണ പക്ഷേ ചരിത്ര പരാജയത്തിനു ശേഷം ഇരു പാര്‍ട്ടികളിലും പുനരേകീകരണത്തെക്കുറിച്ച അഭിപ്രായ പ്രകടനങ്ങള്‍ സജീവമാണ്. സമയമായില്ലെന്ന് പറയുമ്പോഴും രണ്ട് പാര്‍ട്ടികളായി ഇനിയും തുടരുന്നതിന്റെ പ്രസക്തിയോ സാംഗത്യമോ ആരും ചൂണ്ടിക്കാട്ടുന്നില്ല. തികച്ചും പ്രാദേശികമായി ചിന്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ലാതെ സാര്‍വ ദേശീയ കമ്യൂണിസ്റ്റ് ധാരയെക്കുറിച്ചൊന്നും ആരും സഗൗരവം ചര്‍ച്ച ചെയ്യുന്നേയില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളും സര്‍ക്കാറുകളുമായുള്ള സമീപനവും ഇന്ന് വിവാദപരമല്ല. ബി.ജെ.പി ഒഴിച്ച് ഏതാണ്ടെല്ലാ പാര്‍ട്ടികളുമായും സിപി.ഐയും സി.പി.എമ്മും കൂട്ടുചേര്‍ന്നിട്ടുണ്ടെന്നതാണ് വസ്തുത. സാമ്രാജ്യത്വാനുകൂല നവലിബറല്‍ നയപരിപാടികളുമായി അധികാരത്തിലേറിയ യു.പി.എ സര്‍ക്കാറിനെ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുമടങ്ങിയ മുന്നണി പിന്തുണക്കുകയും ചെയ്തു. പിന്നെയെന്തിന് രണ്ട് പാര്‍ട്ടികളും വേര്‍പ്പെട്ടു കഴിയണം എന്ന  ചോദ്യത്തിന് തൃപ്തികരമായ മറുപടിയില്ല. വ്യക്തിതാല്‍പര്യങ്ങളും കുശുമ്പും കുന്നായ്മയുമൊക്കെയാണ് പുനരേകീകരണത്തിന് തടസ്സമെന്ന് കരുതുന്നവര്‍ ഏറെ.

പക്ഷേ, പ്രധാനപ്പെട്ട ചോദ്യം മറ്റൊന്നാണ്. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും പുനരേകീകരിക്കപ്പെട്ടതുകൊണ്ട് നേട്ടമെന്ത്, നിലവിലെ സ്ഥിതി തുടര്‍ന്നാലുള്ള കോട്ടമെന്ത്? പരസ്പരം വിരോധവും പോരും മാറ്റിവെച്ചു ഇടതുമുന്നണിയില്‍ സമരസപ്പെട്ടു കഴിയുന്ന രണ്ടു പാര്‍ട്ടികളും പുനരേകീകരിക്കപ്പെട്ടതുകൊണ്ട് മാത്രം പുതിയ ശക്തി സംഭരിക്കാനോ ബഹുജനാടിത്തറ വികസിപ്പിക്കാനോ തലമുറകളെ ആകര്‍ഷിക്കാനോ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാവില്ല എന്ന് വ്യക്തം. ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ജീര്‍ണതകളും മൂല്യശോഷണവും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ആഴത്തില്‍ പിടികൂടിയതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നിരിക്കെ ഏതാണ്ടൊരുപോലെ  കളങ്കിതരായ രണ്ടു പാര്‍ട്ടികളുടെ പുനസംയോജനമൊന്നും പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായകമാവാന്‍ സാധ്യത നന്നെ വിരളമാണ്. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം സി.പി.ഐയിലെ ഏറ്റവും പുകയുന്ന പ്രശ്‌നമായി പുറത്തേക്ക് വരികയും സി.പി.എം അര്‍ഥഗര്‍ഭമായ മൗനത്തിലഭയം തേടുകയും ചെയ്തിരിക്കെ, കമ്യൂണിസ്റ്റുകാര്‍ക്കവകാശപ്പെടാന്‍ കഴിയുമായിരുന്ന രാഷ്ട്രീയ സംശുദ്ധി വെറും കടങ്കഥയാവുകയാണ്. ഇതിന്റെ പേരില്‍ എത്ര തലകള്‍ ഉരുണ്ടാലും ശരി നഷ്ടപ്പെട്ട പ്രതിഛായയുടെ വീണ്ടെടുപ്പ് ക്ഷിപ്രസാധ്യമല്ല. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ തള്ളിപ്പറഞ്ഞ പരിസ്ഥിതി നശീകരണവാദികളോടൊപ്പം നില്‍ക്കുകയും സ്വന്തം സര്‍ക്കാര്‍ തുടങ്ങിവെച്ച മൂന്നാറിലെ ഭൂമികൈയേറ്റത്തിനെതിരെ കോടതിവിധി വന്നപ്പോള്‍ മൗനമവലംബിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടായി തുടര്‍ന്നാലും ഒന്നായി മാറിയാലും വിശേഷമൊന്നുമില്ലെന്നേ ജനങ്ങള്‍ പറയൂ. വിപ്ലവ വീര്യമുള്ള ജനപക്ഷ പ്രസ്ഥാനം എന്ന പ്രതിഛായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 <br>അല്‍അമ്പിയാഅ്
എ.വൈ.ആര്‍