ജാതിവ്യവസ്ഥക്കും ന്യായീകരണം
ജാതിവ്യവസ്ഥക്കും
ന്യായീകരണം
''ജാതിവ്യവസ്ഥ നല്ലതാണെന്നും സംസ്‌കാരത്തിന്റെ വികാസത്തിന് ഏറെ ഗുണം ചെയ്തതായും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷനായി മോദി സര്‍ക്കാര്‍ നിയോഗിച്ച യെല്ലപ്രഗദ സുദര്‍ശന റാവു. മുന്‍കാലങ്ങളില്‍ ജാതിവ്യവസ്ഥ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ഇതിനെതിരെ ഒരു ഭാഗത്തുനിന്നും പരാതികളില്ലായിരുന്നെന്നുമാണ് റാവുവിന്റെ പക്ഷം. നാഗരികതയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉത്തരമായാണ് ജാതിവ്യവസ്ഥ ഉരുത്തിരിഞ്ഞത്. എന്നാലിതൊരു ചൂഷണ സാമൂഹിക വ്യവസ്ഥയെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും റാവു വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതുകയും ഈയിടെയായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ബ്ലോഗ് ലേഖനത്തില്‍ പറയുന്നു. ജാതിവ്യവസ്ഥ സമൂഹത്തെ തരംതിരിച്ചപ്പോള്‍ വര്‍ണവ്യവസ്ഥ ഒരു വ്യക്തിയുടെ കര്‍മങ്ങളെ തരംതിരിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. വര്‍ണവ്യവസ്ഥ മനുഷ്യനു മോക്ഷം നല്‍കാനും ജാതി വ്യവസ്ഥ മാനവ വിഭവശേഷിയുടെ ശരിയായ വിനിയോഗത്തിനും സഹായിച്ചുവെന്നും റാവു വാദിക്കുന്നു'' (മാധ്യമം ദിനപത്രം, 16/07/2014). മുജീബിന്റെ പ്രതികരണം?
വി.എം റഹീം മസ്‌കത്ത്
ഏതൊരു കാര്യവും പ്രാചീനമോ പൗരാണികമോ ആണെങ്കില്‍ അതിനെ കണ്ണടച്ച് മഹത്വവത്കരിക്കുകയും ന്യായീകരിക്കുകയും ചെയ്യാനുള്ള ത്വര വംശീയവാദികളില്‍ പൊതുവേ കാണപ്പെടുന്നതാണ്. പൗരാണികമായതെല്ലാം നല്ലതോ ആധുനികമായതെല്ലാം ചീത്തയോ നേരെ തിരിച്ചോ അല്ല. സത്യത്തിനും നീതിക്കും മാനവികതക്കും നിരക്കാത്ത ആചാരം എത്ര പൗരാണികമാണെങ്കിലും നിരാകരിച്ചേ പറ്റൂ. ശിലാലിഖിതങ്ങളിലും താളിയോലകളിലും രേഖപ്പെടുത്തിവെച്ചു എന്നതുകൊണ്ട് മാത്രം ഒരു കാര്യവും മഹത്തരമാവുന്നില്ല. അനുഭവങ്ങളാണ് ഏത് സംഗതിയുടെയും ശരിയും തെറ്റും തീരുമാനിക്കാനുള്ള പ്രാഥമിക മാനദണ്ഡം. ഇന്ത്യയിലേക്ക് മെസപെട്ടോമിയയില്‍ നിന്ന് മധ്യേഷ്യ വഴി കടന്നുവന്ന ആര്യന്മാര്‍ നടപ്പാക്കിയ ജാതിവ്യവസ്ഥയും വര്‍ണാശ്രമ ധര്‍മവും അവര്‍ തന്നെ നിര്‍മിച്ച വേദങ്ങളില്‍ മത തത്ത്വങ്ങളായി രേഖപ്പെടുത്തി എന്നതുകൊണ്ട് മാത്രം ന്യായീകരിക്കാവതോ നീതീകരിക്കാവതോ അല്ല. കാരണം, ഇന്ത്യന്‍ ജനതക്ക് തീര്‍ത്താല്‍ തീരാത്ത ദുരിതങ്ങളും അസഹനീയമായ അസമത്വവും മനുഷ്യാവകാശ ധ്വംസനവുമാണത് സമ്മാനിച്ചത്. ഒരു പ്രത്യേക ജാതിയില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം ചിലര്‍ ശ്രേഷ്ഠരും ചില ജാതികളില്‍ ജനിച്ചവര്‍ എത്ര ഉത്കൃഷ്ട കര്‍മങ്ങള്‍ ചെയ്താലും നികൃഷ്ടരുമായി ഗണിക്കപ്പെടുക എന്ന വിശ്വാസം അയുക്തികവും മനുഷ്യത്വ വിരുദ്ധവുമാണെന്നതില്‍ സംശയമേ ഇല്ല. ജാതിവ്യവസ്ഥ നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും കാലഘട്ടം സുദര്‍ശന റാവുവിന് ചൂണ്ടിക്കാട്ടാനാവുമോ? സ്വാമി വിവേകാനന്ദന്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, ശ്രീനാരായണഗുരു തുടങ്ങിയ ഹൈന്ദവ നവോത്ഥാന നായകര്‍ പിന്നെ എന്തു കാരണത്താലാണ് ജാതീയതക്കെതിരെ പൊരുതിയത്? നൂറു ശതമാനവും ഹിന്ദുക്കള്‍ തന്നെയായിരുന്ന ഈ മഹാന്മാര്‍ക്ക് ജാതിവ്യവസ്ഥയുടെ മഹത്വം മനസ്സിലാവാത്തതുകൊണ്ടാവുമോ അതിനെതിരെ തിരിഞ്ഞത്? സംഘ്പരിവാര്‍ വാനോളം വാഴ്ത്തുന്ന വിവേകാനന്ദ സ്വാമികള്‍ ജാതിവ്യവസ്ഥയുടെ താണ്ഡവം കണ്ടിട്ട് കേരളം ഭ്രാന്താലയമാണെന്ന് പറയേണ്ടിവന്നത് അദ്ദേഹത്തിന് ഭ്രാന്തുള്ളത് കൊണ്ടായിരുന്നോ? അഥവാ നല്ലതായ ജാതിവ്യവസ്ഥയെ ചിലര്‍ ദുരുപയോഗപ്പെടുത്തിയതാണ് പ്രശ്‌നമെങ്കില്‍ യഥാര്‍ഥ ജാതിവ്യവസ്ഥയിലേക്ക് ഹൈന്ദവ സമൂഹത്തെ തിരിച്ചുകൊണ്ടുപോവാനായിരുന്നില്ലേ പരിഷ്‌കര്‍ത്താക്കള്‍ പണിയെടുക്കേണ്ടിയിരുന്നത്? എല്ലാം പോവട്ടെ, ഹിന്ദു രാഷ്ട്രവാദത്തിന്റെ ഉപജ്ഞാതാക്കളായ വി.ഡി സവര്‍ക്കറും ഗുരു ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസ് പ്രസ്ഥാനവും നാളിതുവരെ ശ്രമിച്ചിട്ടും ഉത്കൃഷ്ടമായ ജാതിവ്യവസ്ഥ എന്തുകൊണ്ട് സ്ഥാപിതമായില്ല?
വര്‍ണവ്യവസ്ഥയെ കൂടുതല്‍ കുത്സിതമായാണ് സുദര്‍ശന്‍ റാവു ന്യായീകരിച്ചിരിക്കുന്നത്. വര്‍ണവ്യവസ്ഥ ഒരു വ്യക്തിയുടെ കര്‍മങ്ങളെ വേര്‍തിരിക്കുക എന്ന ഉദ്ദേശത്തിലായിരുന്നുവത്രെ. അലക്ക് കുലത്തൊഴിലാക്കിയ ജാതിയില്‍ പിറന്നവന്‍ മരണം വരെ അലക്കു ജോലി മാത്രം ചെയ്യണമെന്നും, മലം ചുമക്കുന്നവന്റെ കുലത്തൊഴില്‍ അവന്‍ കൈയൊഴിയുന്നത് പാപമാണെന്നും, ചെത്തുകാരന്‍ ചെത്ത് തൊഴിലെടുത്ത് തന്നെ മരിക്കണമെന്നും ശഠിക്കുന്നതാണോ വ്യക്തിയുടെ കര്‍മങ്ങളെ വേര്‍തിരിക്കല്‍? ഇതിലൊക്കെ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതൊരിക്കലും ഹിന്ദുത്വ നവജാഗരണ പ്രസ്ഥാനത്തിന്റെ ശ്രമഫലമല്ല. ജാതീയതയെ പാടേ നിരാകരിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സ്വാധീനവും മതേതര വിദ്യാഭ്യാസത്തിന്റെ ഗുണഫലമായിട്ടുമാണെന്നത് അനിഷേധ്യമാണ്. മോദിരാജ് ഘടികാരത്തിന്റെ സൂചി പിറകോട്ട് തിരിച്ചാല്‍ ജാതീയതയുടെ തമോയുഗമാണ് ഇന്ത്യയില്‍ തിരിച്ചുവരിക.
മതരാഷ്ട്ര ബദലും
ശരീഅത്തും
''സാമ്രാജ്യത്വ വിരുദ്ധത വല്ലാതെ കേട്ടുതുടങ്ങിയിരിക്കുന്നു. മതനിഷ്ഠകളില്‍ കുരുക്കിടാന്‍ കഴിയാതെ വരുമ്പോള്‍ സാംസ്‌കാരിക അധിനിവേശത്തെക്കുറിച്ച് വാചാലരാവും. വംശീയ മതരാഷ്ട്ര സ്ഥാപനത്തിനായി ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സായുധ കലാപങ്ങളെ പുരോഗമന വിപ്ലവ ശ്രമങ്ങളായി വാഴ്ത്തും. ഈ ഒളിച്ചുകടത്തലുകളെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായി വിലയിരുത്താമെങ്കില്‍ ആ സാമ്രാജ്യത്വത്തിനു നിര്‍ദേശിക്കാനുള്ള ബദല്‍ ശരീഅത്ത് മത രാഷ്ട്രമാണോ?'' എന്റെ സുഹൃത്ത് സതീശന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആശങ്കയാണ് ഇത്. പ്രതികരണം....?
ഐ.കെ.ടി ഇസ്മാഈല്‍ ,തുണേരി, കോഴിക്കോട്
മനുഷ്യ സമൂഹം സഹസ്രാബ്ദങ്ങളായി വിശ്വസിക്കുകയും പരിരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സത്യം, നീതി, സാഹോദര്യം, സഹിഷ്ണുത, നിസ്വാര്‍ഥത, ലൈംഗിക സദാചാരം, ലഹരി മുക്തി, കൊടും ചൂഷണോപാധിയായ പലിശയുടെ തിരസ്‌കാരം, മാതാപിതാക്കളോടും ഗുരുവര്യന്മാരോടുമുള്ള ആദരം, കുടുംബസ്‌നേഹം തുടങ്ങിയ മൂല്യങ്ങളാണ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആധാരശിലകള്‍. സാമ്രാജ്യത്വമാകട്ടെ ഈ മൂല്യങ്ങളെയാസകലം നിരാകരിച്ച് തനി ലാഭേഛയിലും ഭൗതിക സുഖാഡംബര ഭ്രമത്തിലും സ്വാര്‍ഥത്തിലും ചൂഷണത്തിലും ഊന്നുന്ന ഒരു സംസ്‌കാരം ലോകത്തിനു മേല്‍ കെട്ടിയേല്‍പിക്കാനും ശ്രമിക്കുന്നു. ഇതിനെതിരെ ചെറുത്ത് നില്‍പ് സംഘടിപ്പിക്കുന്ന ധാര്‍മിക പ്രസ്ഥാനങ്ങളെയാണ് ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മതരാഷ്ട്ര കൂട്ടായ്മകളായി ചിത്രീകരിക്കുന്നതെങ്കില്‍ ആ കാഴ്ചപ്പാട് അബദ്ധ ജടിലമാണെന്ന് പറയാതെ വയ്യ. ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിന്റെ സ്വേഛാ ഭരണത്തിനെതിരെ ഗതിമുട്ടിയ ജനത നടത്തിയ ജനകീയ പ്രക്ഷോഭം എങ്ങനെയാണ് സായുധ കലാപവും അട്ടിമറിയുമാവുക? വീണ്ടും സയണിസ്റ്റ് സാമ്രാജ്യത്വ കുടുംബവാഴ്ചാ ശക്തികളുടെ പൂര്‍ണ പിന്തുണയോടെ പട്ടാള മേധാവി ജനറല്‍ അല്‍ സീസി നടത്തിയ രക്തരൂഷിത അട്ടിമറിയാണോ പിന്നെ ജനാധിപത്യപരം? മനുഷ്യപ്രകൃതിയുടെയും സ്വാഭാവിക നീതിയുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ജഗന്നിയന്താവ് പ്രവാചകന്മാരിലൂടെ പരിചയപ്പെടുത്തിയ ശരീഅത്ത് എന്തിന് നിരാകരിക്കപ്പെടണം? സ്ത്രീ-പുരുഷ ബന്ധം വിഹിതമായ വിവാഹത്തിലൂടെ വേണമെന്നും, പെണ്‍കുട്ടിയുടെ ഇഷ്ടം പരിഗണിക്കാതെ അവളെ വിവാഹം ചെയ്തു കൊടുക്കരുതെന്നും, ജനിച്ചു വീണ കുഞ്ഞിന് രണ്ട് വയസ്സുവരെ മാതാവ് മുലയൂട്ടണമെന്നും, മാതാപിതാക്കളെ വാര്‍ധക്യത്തില്‍ സ്‌നേഹപൂര്‍വം പരിചരിക്കണമെന്നും, കുടുംബബന്ധങ്ങളെ എന്ത് വിലകൊടുത്തും ഊട്ടിയുറപ്പിക്കണമെന്നും, അന്യായമായി ഒരു ജീവിയെ പോലും കൊല്ലരുതെന്നും, ഒരാളുടെയും സ്വത്ത് അപഹരിക്കുകയോ കൈക്കൂലി വാങ്ങുകയോ തട്ടിപ്പ് നടത്തുകയോ ചെയ്യരുതെന്നും, അയല്‍ക്കാരെ സ്‌നേഹിക്കുകയും സഹായിക്കുകയും വേണമെന്നും, തന്റെ ആവശ്യങ്ങളേക്കാള്‍ അന്യരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും, നീതിയുടെ തുലാസ് ഒരു വശത്തേക്ക് കനം തൂങ്ങരുതെന്നും, ജനങ്ങള്‍ വെറുക്കുന്ന ഭരണാധികാരിയെ ദൈവം തിരിഞ്ഞുനോക്കുകയില്ലെന്നും അനുശാസിക്കുന്ന ശരീഅത്തിനെ അപകടകരമായി ചിത്രീകരിക്കുന്നത് ഒന്നുകില്‍ വിവരക്കേടാണ്, അല്ലെങ്കില്‍ അരാജകത്വ മനസ്സാണ്. അതോടൊപ്പം ശരീഅത്തിനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അതിന്റെ വക്താക്കളുടെ തെറ്റായ മാതൃകക്കുള്ള പങ്കും നിഷേധിക്കാനാവില്ല.
ജറൂസലം ആരുടേത്?
... എന്നാല്‍, മുഹമ്മദ് നബിയുടെ കാലത്തിനു ശേഷം അധികാരത്തിലേറിയ ഖലീഫ ഉമര്‍ എ.ഡി 637-ല്‍ ജൂതരുടെയും ക്രൈസ്തവരുടെയും ആസ്ഥാനമായിരുന്ന ജറൂസലം പിടിച്ചടക്കി. ജൂതന്മാര്‍ ഈ ജന്മഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെട്ടു. ജറൂസലം അറബികള്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് ആരുടേതായിരുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ തര്‍ക്കത്തിലെ ന്യായാന്യായങ്ങള്‍ മാധ്യമ-ബുദ്ധിജീവികള്‍ നിഷ്പക്ഷമായി വേര്‍തിരിക്കേണ്ടത്.
ഈ ദേവാലയം സ്ഥിതിചെയ്യുന്ന ജറൂസലം ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഈ ജറൂസലം ആസ്ഥാനമാക്കിയുള്ള സ്വതന്ത്ര രാഷ്ട്ര രൂപവത്കരണമാണ് പി.എല്‍.ഒ പോരാളികള്‍, ഇസ്‌ലാമിക് ലിബറേഷന്‍ ഗ്രൂപ്പ് ഹമാസ് എന്നിവര്‍ ലക്ഷ്യമാക്കുന്നത്. എത്ര ശക്തമായ വാദത്തിന്റെ പിന്‍ബലത്തോടെയാണെങ്കിലും ഹിംസയെ ന്യായീകരിക്കാന്‍ സാധ്യമല്ല. എന്നാല്‍, ഇതിന് കാരണമായ ചരിത്ര സത്യങ്ങളെ നിഷ്പക്ഷതയോടെ ചികയുന്നതില്‍ മാധ്യമ ബുദ്ധിജീവികള്‍ ലാഭനഷ്ടം നോക്കാതെ തൂലിക ചലിപ്പിച്ചെങ്കില്‍ മാത്രമേ സത്യത്തിന്റെ തൂലിക മഷിയേറ്റ് ഗസ്സയിലെ തീ അണയുകയുള്ളൂ (ഇ.ഡി വെങ്കിടേശന്‍, മാതൃഭൂമി 31-7-2014). ഈ വരികളില്‍ സത്യത്തിന്റെ സുഗന്ധമോ, പക്ഷപാതത്തിന്റെ തീ ജ്വാലയോ?
അഹമ്മദ് ബാബു പാലത്ത്
മഹാനായ പ്രവാചകന്‍ ഇബ്‌റാഹീമിന്റെ മകന്‍ ഇസ്ഹാഖിന്റെ പുത്രന്‍ യാക്കൂബിന്റെ മറ്റൊരു പേരാണ് ഇസ്രയേല്‍. പുത്രന്‍ യൂസുഫിന്റെ ഭരണകാലത്ത് ഇസ്രയേലും സന്തതികളും ഈജിപ്തിലേക്ക് കുടിയേറി. അഞ്ച് നൂറ്റാണ്ടുകാലം അവരവിടെത്തന്നെയായിരുന്നു. പിന്നീട് ദൈവം നിയോഗിച്ച മോശയും അഹറോനും ഇസ്രാഈല്യരെ ഫറോവമാരുടെ പീഡനത്തില്‍ നിന്ന് മോചിപ്പിച്ച് ഫലസ്ത്വീനിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും ഭീരുത്വവും അനുസരണക്കേടും കാരണം പതിറ്റാണ്ടുകളോളം സീനായ് മരുഭൂമിയില്‍ അലയേണ്ടിവന്നു. ഒടുവില്‍ ത്വാലൂത്ത് രാജാവിന്റെ നേതൃത്വത്തില്‍ അവര്‍ക്ക് ഫലസ്ത്വീന്റെ ഒരു ഭാഗത്ത് പ്രവേശനം ലഭിച്ചു. ധീരനായ ദാവൂദ് അമാലീക്യരുടെ നായകന്‍ ഗോല്യത്തിനെ തോല്‍പിച്ചതോടെയാണത് സാധ്യമായത്. ക്രി. മു. 1004-ല്‍ ത്വാലൂത്ത് അന്തരിച്ചപ്പോള്‍ ദാവൂദ് രാജാവായി. അദ്ദേഹത്തിന്റെ പുത്രന്‍ സുലൈമാന്റെ കാലത്ത് സാമ്രാജ്യം വികസിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ദുര്‍ബലരായ മക്കളുടെ ഊഴം വന്നപ്പോള്‍ ഇസ്രാഈല്യരും അവരുടെ സാമ്രാജ്യവും ശിഥിലമായി. ക്രി. മു. 740-ല്‍ അസൂരികളും ക്രി. മു. 597-ല്‍ കല്‍ദായരും ഫലസ്ത്വീന്‍ കീഴടക്കി. 70000 യഹൂദരെ കല്‍ദായര്‍ തടവുകാരാക്കി. ക്രി. മു. 589-ല്‍ ബാബിലോണിയന്‍ ചക്രവര്‍ത്തി നബുഖദ് നസര്‍ ജറൂസലം കീഴടക്കി നഗരം തകര്‍ത്തു തരിപ്പണമാക്കി. 40000 പേരെ ബന്ധനസ്ഥരാക്കി. മറ്റുള്ളവരിലധികവും ഓടിപ്പോയി. സുലൈമാന്‍ നബി നിര്‍മിച്ച ദേവാലയം (ഹൈകല്‍ സുലൈമാനി) നിലംപരിശാക്കി (വിശുദ്ധ ഖുര്‍ആനിലെ ബനൂ ഇസ്രാഈല്‍ എന്ന അധ്യായത്തിന്റെ തുടക്കത്തില്‍ ഇതേക്കുറിച്ച് സൂചനകളുണ്ട്). ക്രി. മു 539-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസിന്റെ ബാലിലോണിയന്‍ അധിനിവേശത്തോടെയാണ് യഹൂദരുടെ പീഡനത്തിന് അറുതിവരുന്നതും ഫലസ്ത്വീനിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നതും. പക്ഷേ അവരിലധിക പേരും ബാബിലോണിയയില്‍ തങ്ങുകയാണുണ്ടായത്. പിന്നീടത് ഗ്രീക്കുകാരുടെ അധീനത്തില്‍ വന്നു. ക്രി. മു 63-ല്‍ റോമക്കാര്‍ ഗ്രീക്ക് കോളനികള്‍ പിടിച്ചെടുത്തതോടെ ഫലസ്ത്വീനും റോമന്‍ നിയന്ത്രണത്തിലായി. പിന്നീടാണ് ഈസായുടെ ജനനവും, പ്രവാചകത്വവും യഹൂദരുടെ കഠിനമായ എതിര്‍പ്പും, റോമാ ഗവര്‍ണറില്‍ സ്വാധീനം ചെലുത്തി അദ്ദേഹത്തെ കുരിശിലേറ്റാന്‍ വിധിക്കുന്നതുമായ സംഭവങ്ങളൊക്കെ നടക്കുന്നത്.
ക്രിസ്തുവര്‍ഷം 324-ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്‍ടൈന്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചതായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് ക്രിസ്തു മതം റോമയുടെ ഔദ്യോഗിക മതമായി മാറുകയും ചെയ്തു. ക്രി. 636 വരെയും ഇടവേളകളിലൊഴിച്ച് റോമാ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഫലസ്ത്വീന്‍. ആ വര്‍ഷം മുസ്‌ലിം സൈന്യം റോമക്കാരെ തോല്‍പിച്ച് അവരുടെ കോളനികളെ മോചിപ്പിച്ച കൂട്ടത്തില്‍ ഫലസ്ത്വീനും ഉള്‍പ്പെടുന്നു. ഖലീഫ ഉമര്‍ ജറൂസലമില്‍ നേരിട്ടെത്തി അവിടത്തെ ഭരണാധികാര ചുമതല വഹിച്ചിരുന്ന പാത്രിയാര്‍ക്കീസിന് എഴുതിക്കൊടുത്ത സമാധാന കരാര്‍ ചരിത്ര പ്രസിദ്ധമാണ്. ക്രൈസ്തവസഭയുടെ ആവശ്യപ്രകാരം, യഹൂദികളെ ജറൂസലമില്‍ പാര്‍പ്പിക്കരുതെന്നത് കരാറിലെ ഒരു വ്യവസ്ഥയായിരുന്നു. യേശുവിനെ കുരിശിലേറ്റാന്‍ കാരണക്കാരായ യഹൂദരോട് ക്രൈസ്തവര്‍ക്കുള്ള വിരോധം സ്വാഭാവികമാണല്ലോ. പിന്നീട് യൂറോപ്പിലെ കുരിശു യോദ്ധാക്കളുടെ പിടിയിലായിരുന്ന 88 വര്‍ഷമൊഴിച്ച് ബാക്കി കാലമത്രയും ഫലസ്ത്വീനും ജറൂസലമും ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1917-ലെ ബാല്‍ഫര്‍ പ്രഖ്യാപനമാണ് ഫലസ്ത്വീനെ ജൂതരാഷ്ട്രമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ നിര്‍ണായക വഴിത്തിരിവ്. തുടര്‍ന്ന് സയണിസ്റ്റുകളും അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ വന്‍ ശക്തികളും ചേര്‍ന്നു നടത്തിയ കരുനീക്കങ്ങളുടെ ഫലമായി 1947 നവംബര്‍ 29-ന് ഫലസ്ത്വീന്‍ ജൂതന്മാര്‍ക്കും അറബികള്‍ക്കുമായി വിഭജിക്കാന്‍ യു.എന്‍ അംഗീകാരം നല്‍കുകയും അടുത്ത വര്‍ഷം സ്വതന്ത്ര ഇസ്രയേല്‍ നിലവില്‍ വരികയും ചെയ്തു. അപ്പോഴും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ ജൂതന്മാരടക്കമുള്ള ഇസ്രയേല്‍ ജനസംഖ്യ 32 ശതമാനം മാത്രമായിരുന്നു. 1967-ലെ യുദ്ധത്തിലാണ് തൊട്ടടുത്ത അറബ് ഭൂപ്രദേശങ്ങള്‍ കൂടി പിടിച്ചെടുത്ത് ഇസ്രയേലിന്റെ ഭാഗമാക്കിയത്. ജോര്‍ദാന്റെ ഭാഗമായിരുന്ന ഖുദ്‌സ് അഥവാ ജറൂസലം ജൂത രാജ്യത്തോട് ചേര്‍ക്കപ്പെട്ടതും ആ യുദ്ധത്തില്‍ തന്നെ. ഇപ്പറഞ്ഞതില്‍ നിന്ന് വ്യക്തമാവുന്ന പ്രധാന വസ്തുതകള്‍:
1. ഫലസ്ത്വീന്‍ ഒരുകാലത്തും ഇസ്രാഈല്യരുടെ പൂര്‍ണ നിയന്ത്രണത്തിലോ അവര്‍ക്കവകാശപ്പെട്ടതോ ആയിരുന്നില്ല.
2. ഫലസ്ത്വീന്‍ മുസ്‌ലിം നിയന്ത്രണത്തിലായത് ജൂതന്മാരെ തോല്‍പിച്ചോ അവരില്‍ നിന്ന് പിടിച്ചെടുത്തിട്ടോ അല്ല. ക്രൈസ്തവ റോമില്‍ നിന്നാണ് മുസ്‌ലിംകള്‍ അതിനെ മോചിപ്പിച്ചത്. അപ്പോഴും തദ്ദേശീയരായ ക്രിസ്ത്യാനികള്‍ മുസ്‌ലിംസേനയോട് ഏറ്റുമുട്ടിയിരുന്നില്ല. വിമോചിത ഫലസ്ത്വീനില്‍ ക്രൈസ്തവര്‍ പൂര്‍ണ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്തിരുന്നു. ജൂതരെ ജറൂസലമില്‍ നിന്ന് പുറത്താക്കണമെന്നത് ക്രൈസ്തവരുടെ ആവശ്യമായിരുന്നു. ഖലീഫ ഉമര്‍ അവരെ ഏകപക്ഷീയമായി പുറത്താക്കിയതല്ല.
3. ഇസ്രയേല്‍ രാജ്യം സ്ഥാപിക്കാനുള്ള യു.എന്‍ പ്രമേയത്തിലും ജറൂസലം ആ രാജ്യത്തിന്റെ ഭാഗമോ തലസ്ഥാനമോ ആയി അംഗീകരിച്ചിരുന്നില്ല. അത് അറബികള്‍ക്ക് തന്നെ ഉറപ്പിക്കുകയാണ് യു.എന്‍ ചെയ്തത്.
4. 1967-ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത എല്ലാ അറബ് പ്രദേശങ്ങളും വിട്ടുകൊടുക്കണമെന്ന് നിരവധി പ്രമേയങ്ങളിലൂടെ യു.എന്‍ ആവശ്യപ്പെട്ടതാണ്.
ഈ പ്രമേയം ഇസ്രയേലിനെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് പ്രശ്‌ന പരിഹാരത്തിന്റെ ആദ്യ പടി. ജറൂസലമിലെ പുണ്യ സ്ഥലങ്ങളില്‍ ജൂതന്മാര്‍ക്കും ക്രൈസ്തവര്‍ക്കും കൂടി പ്രവേശനം അനുവദിക്കുന്ന കാര്യം ത്രികക്ഷി ചര്‍ച്ചകളിലൂടെ തീരുമാനിക്കാവുന്നതേയുള്ളൂ.
Comments